2025- ൽ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് എസ്. ഹരീഷ് എഴുതിയ നോവൽ പട്ടുനൂൽപ്പുഴു ആണ്. വ്യക്തിപരമായി ഏറ്റവും ചേർന്നുനിൽക്കുന്ന ആളാണ് അതിലെ സാംസ എന്നതായിരിക്കാം ആദ്യത്തെ കാരണം. ഒറ്റയ്ക്ക് നടക്കുന്ന കുട്ടി - മറ്റാരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് വേവലാതി കൊള്ളുന്ന കുട്ടി - വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ നിസ്സഹായതയോടെ നിൽക്കേണ്ടിവരുന്ന കുട്ടി- സാംസയെ വായനക്കാർക്ക് തങ്ങളുടെ കുട്ടിക്കാലവുമായി കണക്ട് ചെയ്യിക്കാൻ ഇത്രയും കാര്യങ്ങൾ ധാരാളമാണ്.
ഒരു ദിവസം രാവിലെ ഉണരുമ്പോൾ ഷഡ്പദമായി മാറിയ ഗ്രിഗർ സാംസയെ പട്ടുനൂൽപ്പുഴു വായിക്കുന്നതിനും മുന്നേ എനിക്കറിയാമായിരുന്നു. പട്ടുനൂൽപ്പുഴുവിലെ സാംസ പക്ഷേ ഒരു ദിവസം രാവിലെ താൻ കണ്ടുകൊണ്ടിരുന്ന സ്വപ്നം മറ്റൊരാളും കാണുന്നുണ്ടെന്ന തോന്നലിലേക്കാണ് ഉണരുന്നത്. മറ്റൊരാൾ കാണുന്ന സ്വപ്നത്തിലാവില്ലേ സാംസ ജീവിക്കുന്നതെന്നും, അല്ലെങ്കിൽ സാംസയുടെ സ്വപ്നമാവില്ലേ പിന്നീട് നോവലിൽ നടക്കുന്നതൊക്കെയുമെന്നും വായനക്കാർക്ക് സംശയിക്കാം. അതിനുള്ള അവസരവും സ്വാതന്ത്ര്യവും നോവലിസ്റ്റ് തരുന്നുമുണ്ട്.
"ഈ ലോകത്ത് എന്തും സംഭവിക്കാം, മരങ്ങൾ ഓടിമറയാം, സമയത്തിന് വേഗം കൂടാം, കുറയാം, നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാവുകയും മറക്കപ്പെടുകയും ചെയ്യാം. ഒരിടത്ത് നിൽക്കുമ്പോൾ മറ്റൊരിടത്തായിരിക്കാൻ സാംസയ്ക്കറിയാം. അവൻ നിൽക്കുന്ന സ്ഥലത്തല്ല, അകമേയുള്ള സ്ഥലത്താണ് സാംസയുള്ളത്. അതുകൊണ്ട് ഒരു സ്ഥലത്ത് എത്ര നേരം വേണമെങ്കിലും കാത്തു നിൽക്കാൻ അവന് പറ്റും"
സമയത്തിന് വേഗം കുറഞ്ഞ കാലത്തിലാണ് സാംസ ജീവിക്കുന്നത്. അതൊരുപക്ഷെ നമ്മുടെ ജീവിതത്തിൽ നിന്നും വളരെ വളരെ ദൂരത്താണ്. പുഴുക്കൾ ഇഴയുന്നത് എത്ര പതുക്കെയാണെന്ന് നമുക്കറിയാമല്ലോ. സാംസയുടെ സമയവും വളരെ വളരെ പതുക്കെയാണ്.
പട്ടുനൂൽപ്പുഴു എന്ന നോവൽ മുഴുവനായി ഈ വരികളിലേക്ക് ചേർത്തിട്ടാലും തെറ്റില്ല എന്ന് എന്റെ വായനയിൽ തോന്നിയിട്ടുണ്ട്. ഈ ലോകത്ത് എന്തും സംഭവിക്കാം എന്ന് മുതിർന്നവർക്കറിയാം. പക്ഷെ, കുട്ടികൾക്ക് അതത്ര നിശ്ചയമുണ്ടോ? ഇല്ലേയില്ല. അതുകൊണ്ടാണ് സാംസ ഓരോന്നിനെയും കൗതുകത്തോടെയും സംശയത്തോടെയും നിരീക്ഷിക്കുന്നത്. മരിച്ചുപോയ പെൺകുട്ടി ആണാണോ പെണ്ണാണോ, അവൾ ഏത് പ്രകാരമാണ് എന്ന് ആശങ്കപ്പെടാനും, ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർ എങ്ങനെയിരിക്കും എന്ന് കൗതുകം കൊള്ളാനും, അച്ഛനെ തിരക്കി പകലും രാത്രിയും നടക്കാനും, ഇലുവിന്റെ ചലനങ്ങൾ നിരീക്ഷിക്കാനുമൊക്കെ നോവലിലെ സാംസയ്ക്ക് ഇഷ്ടംപോലെ സമയമുണ്ട്. സമയത്തിന് വേഗം കുറഞ്ഞ കാലത്തിലാണ് അവൻ ജീവിക്കുന്നത്. അതൊരുപക്ഷെ നമ്മുടെ ജീവിതത്തിൽ നിന്നും വളരെ വളരെ ദൂരത്താണ്. പുഴുക്കൾ ഇഴയുന്നത് എത്ര പതുക്കെയാണെന്ന് നമുക്കറിയാമല്ലോ. സാംസയുടെ സമയവും വളരെ വളരെ പതുക്കെയാണ്.
എന്നാൽ നോവലിലെ മറ്റുള്ള കഥാപാത്രങ്ങളുടെ സമയം വളരെ കൂടുതലാണ്. കുട്ടിയും മുതിർന്നവരും തമ്മിലുള്ള ബന്ധം ഉലയാൻ ഈ സമയവ്യത്യാസം എപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ടാണ്, മുതിർന്നിട്ടും ഭ്രാന്തുള്ള സ്റ്റീഫനെ സാംസയ്ക്ക് അടുത്ത കൂട്ടുകാരനായി കിട്ടുന്നത്. അവരുടെ രണ്ടുപേരുടെയും ജീവിതത്തിൽ സമയത്തിന് ഒട്ടുമേ വേഗതയില്ലലോ. സമയത്തിന്റെ കൂടുതലും കുറവും ഈ നോവലിൽ ഉടനീളം വായിച്ചെടുക്കാൻ പറ്റുന്നുണ്ട്.

നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാവുകയും മരിക്കുകയും ചെയ്യാം എന്ന് നോവലിസ്റ്റ് പറയുന്നു. പട്ടുനൂൽപ്പുഴുവിലെ മരണങ്ങളൊക്കെ ആ വിധമാണ്. സ്റ്റീഫനും മാർക്ക് സാറും ഇലു എന്ന പട്ടിയുമൊക്കെ നിന്ന നിൽപ്പിലാണ് മരിച്ചു പോകുന്നതെന്ന് നമുക്ക് തോന്നുന്നുണ്ട്. പക്ഷേ ഇവരുടെയൊക്കെ പല ജീവിതങ്ങൾ കാണാൻ സാംസയ്ക്ക് കഴിയുന്നതെങ്ങനെ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഭ്രാന്തില്ലാത്ത സ്റ്റീഫനെയും, ഭ്രാന്ത് മൂക്കുന്ന സ്റ്റീഫനെയും ഏറ്റവും നന്നായി അറിയുന്നത് സാംസയ്ക്കാണ്, ലൈബ്രറിയിൽ പുസ്തകങ്ങൾക്കിടയിൽ ഇരിക്കുന്ന മാർക്ക് സാറിനെയും, വാഹനങ്ങളുടെ ഉൾഭാഗങ്ങൾ അഴിച്ചെടുത്ത് അത് ഓരോന്നും ഭ്രാന്തമായി നോക്കുന്ന മാർക്ക് സാറിനെയും കാണുന്നത് അവനാണ്. ഇലു എന്ന നായയുടെ പല ചലനങ്ങളും കണ്ടത് അവനാണ്. മരണത്തിലും ജീവിതത്തിലും അവരോടൊപ്പം കൗതുകത്തിൽ നടക്കാൻ അവന് മാത്രമാണ് കഴിയുന്നത്. എന്തിനേറെ, മരിക്കാൻ വേണ്ടി പട്ടണത്തിൽ വന്നിറങ്ങിയ ആട് ആദ്യം കാണുന്നത് സാംസയെയാണ്. ഈ സന്ദർഭങ്ങളിലൊക്കെ ചെറിയ സമയത്തിൽ ജീവിക്കുന്ന സാംസ വളരെ പെട്ടെന്ന് കാലങ്ങൾ താണ്ടുന്നത് ഞാൻ അത്ഭുതത്തോടെ വായിച്ചു.
നോവലിലെ മുതിർന്ന കഥാപാത്രങ്ങൾ വിജയനും ആനിയുമൊക്കെയാണ്. ഒന്നിലും വിജയിക്കാനാവാത്ത കഥാപാത്രത്തിനാണ് വിജയൻ എന്ന് പേര് നൽകിയിരിക്കുന്നത്. അടച്ചിട്ട കഥയിലെ ചാക്കുകൾക്കിടയിൽ ഇരിക്കുന്ന വിജയനെയും ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിൽ ഇരിക്കുന്ന സാംസയെയും കാണുമ്പോൾ സാംസയുടെ ഭാവികാലമാണോ വിജയൻ എന്ന് സംശയിക്കുന്നു. അവൻ അയാളുടെ രൂപത്തിലേക്ക് മാറുന്നു എന്ന് സാംസയെ ചൂണ്ടി മറ്റുള്ളവർ പറയുന്നുണ്ട്. ഇവിടെ സാംസയും വിജയനും തമ്മിലുള്ള യഥാർത്ഥ ബന്ധം എന്താണ്? ഇവരിൽ ആരാണ് യഥാർത്ഥ കാലത്ത് ജീവിക്കുന്നതെന്ന് എന്ന് സംശയം വായനക്കാർക്ക് ഉണ്ടാവാം. നേരത്തെ പറഞ്ഞ വാചകത്തിലെ സമയം കൊണ്ടുള്ള കളികൾ ഇവിടെയൊക്കെ നോവലിസ്റ്റ് മിടുക്കോടെ പ്രയോഗിക്കുന്നു.
സാംസ എന്ന മകൻ ആനി-വിജയൻ എന്ന ഒട്ടും പൊരുത്തമില്ലാത്ത ഭാര്യ- ഭർത്താവ്. ഈ വലയങ്ങളിൽ മാത്രം പട്ടുനൂൽപ്പുഴു വായിക്കുന്നവരുണ്ട്. എന്നാൽ അതിനൊക്കെ അപ്പുറം സമയം കൊണ്ടും കാലം കൊണ്ടും ചലനം കൊണ്ടും ജീവിതങ്ങളെ അടയാളപ്പെടുത്തിയ നോവലാണിത്.
ആനിയും നടാഷയുമാണ് നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങൾ. ആനി ജീവിച്ചിരിക്കുന്നവളും നടാഷ മരിച്ചവളും. ഇവരെ രണ്ടുപേരെയും അറിയുന്നതാകട്ടെ സാംസയ്ക്ക് മാത്രം. എന്നാൽ ഈ സമയം കൊണ്ടും കാലം കൊണ്ടുമുള്ള കളിയുടെ അവസാനത്തിൽ നോവൽ തീരുമ്പോൾ ആനി ആരാണ്? നടാഷ ആരാണ്? എന്ന ചോദ്യത്തിൽ ഞാൻ പെട്ടുപോയിട്ടുണ്ട്. സാംസ അന്ന് കണ്ട സ്വപ്നത്തിലേക്ക് ഞാനപ്പോൾ തിരിച്ചുവന്നു. ആ സ്വപ്നത്തിലേക്ക് വായനയിൽ നിന്ന് ഇറങ്ങി മാറിയപ്പോൾ ഉത്തരം ലഭിക്കുകയും ചെയ്തു. കാഫ്കയുടെ സാംസയുടെ അമ്മ മകന്റെ പരിവർത്തനത്തിൽ ആദ്യം ഞെട്ടുകയും പിന്നീട് അവന്റെ ലോകത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് പോലെ എസ്. ഹരീഷിന്റെ സാംസയുടെ അമ്മയും അവന്റെ ഉള്ളിലേക്ക് പ്രവേശിക്കാൻ അവസാനം ആഗ്രഹിക്കുന്നു, അല്ലെങ്കിൽ അത് അങ്ങനെ തന്നെയായിരുന്നല്ലോ എന്ന് തിരിച്ചറിയുന്നു.
സാംസ എന്ന മകൻ ആനി-വിജയൻ എന്ന ഒട്ടും പൊരുത്തമില്ലാത്ത ഭാര്യ- ഭർത്താവ്. ഈ വലയങ്ങളിൽ മാത്രം പട്ടുനൂൽപ്പുഴു വായിക്കുന്നവരുണ്ട്. എന്നാൽ അതിനൊക്കെ അപ്പുറം സമയം കൊണ്ടും കാലം കൊണ്ടും ചലനം കൊണ്ടും ജീവിതങ്ങളെ അടയാളപ്പെടുത്തിയ നോവലാണിത്. യഥാർത്ഥത്തിൽ കാലവും സമയവുമാണ് പട്ടുനൂൽപ്പുഴുവിന്റെ കഥാപാത്രങ്ങൾ. അതിസൂക്ഷ്മവായന ആവശ്യപ്പെടുന്ന നോവലാണ് ഇത്. മാർക്ക് സാർ വാഹനങ്ങളുടെ ഉള്ളറകൾ നിരീക്ഷിക്കുന്നതുപോലെ വളരെയധികം പൊളിച്ചു വായനകൾ ഡിമാൻഡ് ചെയ്യുന്ന നോവൽ.

മനുഷ്യന്റെ പരിണാമം മുന്നോട്ടും പിറകിലോട്ടും സംഭവിച്ചേക്കാമല്ലോ എന്ന് നോവലിന് ഒടുക്കം നമുക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട്. അനുനിമിഷം പരിണാമം സംഭവിക്കുന്ന ലോകത്തെയാണ് എസ്. ഹരീഷ് പട്ടുനൂൽപ്പുഴുവിൽ തിരഞ്ഞെടുത്തിരിക്കുന്നത്. അതിൽ മനുഷ്യന്റെ സമയം എവിടെയാണ്, ഇടം എവിടെയാണ്, ചിന്തകൾ എവിടെയാണ് തുടങ്ങിയ പലതിനെയും ചേർത്ത് വച്ചപ്പോൾ പട്ടുനൂൽപ്പുഴു പിറന്നു എന്നതാണ് വാസ്തവം.
നോവലിസ്റ്റ് തർക്കിച്ചാലും ഇല്ലെങ്കിലും ഇതൊരു സയൻസ് ഫിക്ഷൻ കൂടിയാണ് എന്ന രീതിയിലാണ് ഞാൻ വായിച്ചത്. അതെന്റെ വായനയെ ഒരിടത്തും തടസ്സപ്പെടുത്തിയിട്ടില്ല എന്നതാണ് അത്ഭുതം. ലളിതമായ ഭാഷയും അതിന് സഹായിച്ചു. കേവലം 2025- ലേക്ക് മാത്രമായല്ല, ഇന്നേവരെ വായിച്ചതിൽ ഇഷ്ടപ്പെട്ട നോവലുകളിൽ ഒന്നായും പട്ടുനൂൽപ്പുഴുവിനെ അടയാളപ്പെടുത്തുന്നു.
