ജോയ് മാത്യു ബോധി ബുക്സിൽ

നെല്ല്​ കത്തിച്ച സർ ചാത്തുവും
​പുസ്​തകം തൂക്കിവിറ്റ ജോയ്​ മാത്യുവും

ചില ‘ബോധി’ അനുഭവങ്ങൾ

​പുസ്​തകം തൂക്കിവിറ്റതോടെ എനിക്ക് പകുതി സംതൃപ്തിയായി. മുഴുവനും വിൽക്കാനൊന്നും പറ്റിയില്ല. പക്ഷെ ഇങ്ങനെയും പ്രസാധകർ എഴുത്തുകാരോട്​പക വീട്ടും എന്നത് കാണിച്ചുകൊടുക്കാനായി. എനിക്കൊരു സുഖം കിട്ടി, എന്റെ ലോകം മാറി അതോടെ എന്നുപറയാം.

നകീയ സാംസ്‌കാരികവേദി പ്രസ്ഥാനത്തിന്റെ പരാജയത്തിനുശേഷം കേരളത്തിലെ ഇടതുപക്ഷ ചിന്തകർ; സാംസ്‌കാരികവേദിയിലുള്ളവർ മാത്രമല്ല, പുരോഗമനപരമായി ചിന്തിക്കുന്ന മൈത്രേയനെയും ടി.കെ. രാമചന്ദ്രനെയും പോലുള്ളവരൊക്കെ ചേർന്ന് വിശാല ഇടതുപക്ഷം എന്ന നിലയിൽ ഒരു മൂവ്‌മെന്റിന്​ തുടക്കമിട്ടിരുന്നു. ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയററ്റിക്കൽ സ്റ്റഡീസ് എന്ന പേരിലാണ്​ ഇങ്ങനെയൊരു പഠനകേന്ദ്രം ആരംഭിച്ചത്. മൈത്രേയൻ, ഭാസുരേന്ദ്രബാബു തുടങ്ങിയവരുടെ മുൻകൈയിൽ കേന്ദ്രത്തിന് തുടക്കം കുറിച്ചു.

ആലപ്പുഴയിലെ ചീങ്ങോലിയിൽ, മൈത്രേയന്റെ ഉടമസ്​ഥതയിൽ ഒരു വീടും പുരയിടവുമുണ്ട്​, അവിടെയായിരുന്നു​ ഗ്രാംഷി ഇൻസ്​റ്റിറ്റ്യൂട്ട്​.​ അതിന്റെ ഭാഗമായി ഉത്തരം എന്ന ദ്വൈമാസിക പ്രസിദ്ധീകരണം ആരംഭിക്കാൻ തീരുമാനിക്കുന്നു, സച്ചിദാനന്ദൻ എഡിറ്ററാകുന്നു. ഞാൻ ഉൾപ്പെടെയുള്ള കുറച്ചുപേർ പത്രാധിപസമിതി അംഗങ്ങളായി. തിയററ്റിക്കലായി പ്രധാനപ്പെട്ട ഒരു ആളായതുകൊണ്ടല്ല, വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയ്ക്കാണ് എന്നെ ഉൾപ്പെടുത്തിയത്.

കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ബോധി പുസ്തകമേള. മധു മാസ്റ്റർ, മുഹമ്മദ്, യു. നന്ദകുമാർ, സുനിൽ അശോകപുരം, ജോയ് മാത്യു

നിലവിലുള്ള ചാരുമജൂംദാർ ലൈനോ അതുപോലെയുള്ള വരട്ട് സാധനങ്ങളോ കേരളത്തിൽ പ്രായോഗികമല്ലെന്ന തിരിച്ചറിവിൽ, കേരളത്തിൽ വിപ്ലവസാഹചര്യം ഒരുക്കാൻ കൂടുതൽ സൈദ്ധാന്തികമായ പഠനങ്ങളാണ് ആവശ്യം എന്ന ബോധ്യത്തിൽ ഒരു സെക്യുലർ മൂവ്​മെന്റും അന്നുണ്ടായിരുന്നു. ഇ.എം.എസ്.​ ആണ്​ അത്​ ഉദ്ഘാടനം ചെയ്തത്. സച്ചിദാനന്ദനാണ് പേപ്പർ അവതരിപ്പിച്ചത്. രണ്ടുമൂന്ന് സ്ഥലത്ത് അത്തരം മീറ്റിങ്ങുകളൊക്കെ നടത്തി.

‘​ബോധി’ തുടങ്ങുന്നു, പൂട്ടിക്കെട്ടുന്നു

ഉത്തരം മൂന്നോ നാലോ ലക്കങ്ങൾ ഇറങ്ങിയെന്നാണ് തോന്നുന്നത്. ആദ്യ ലക്കം തന്നെ വളരെ ആകർഷകമായിരുന്നു. സൈദ്ധാന്തിക പഠനങ്ങളായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ന്യൂ ലെഫ്​റ്റ്​ ചിന്തകരായ ​ഗ്രാംഷി, ലുകാച്ച് തുടങ്ങിയവരുടെ പുസ്തകങ്ങളുടെ പഠനങ്ങളുണ്ടായിരുന്നു. അതിന്റെ തുടർച്ച എന്ന രീതിയിലാണ് ‘ബോധി’ എന്ന പ്രസ്ഥാനത്തിന് മുൻകൈയെടുക്കുന്നത്. തുടക്കമെന്ന നിലയിൽ ലെൻഡിങ് ലൈബ്രറിയായിരുന്നു ആദ്യം. ഞാനും ടി.പി. യാക്കൂബും ചേർന്ന് ചെറിയ രീതിയിൽ കോഴിക്കോട് രണ്ടാം ഗേറ്റിനടുത്തുള്ള എന്റെ അച്ഛന്റെ പൂട്ടിക്കിടക്കുന്ന ഷോപ്പിലാണ് ലൈബ്രറി തുടങ്ങിയത്. ചെറിയ മുടക്കുമുതലേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പത്തുമാസം കൊണ്ട്, ഗർഭമലസിപ്പോയി എന്നു പറയുന്നതുപോലെ അത് പൂട്ടിപ്പോയി. കാരണം പുസ്തകമെടുത്ത പലരും തിരിച്ചുകൊണ്ടുവന്നില്ല. വലിയ വില കൊടുത്ത് വാങ്ങിയ പുസ്തകങ്ങളായിരുന്നു പലതും. അന്ന്​ കോഴിക്കോട്​ യൂണിവേഴ്​സിറ്റിയിൽ ജോലി ചെയ്​തിരുന്ന ഒരാൾ 1800 രൂപയുടെ പുസ്തകം കൊണ്ടുപോയിട്ട് തിരിച്ചുതന്നില്ല. അയാളെ പിന്നീട് പല വേദികളിലും കണ്ടിട്ടുണ്ട്. ഇപ്പോൾ റിട്ടയർ ചെയ്​തിട്ടുണ്ടാകും. എന്നെങ്കിലും ഒരു ദിവസം പിടിക്കാമെന്ന് വിചാരിച്ച് നിൽക്കുകയാണ്. ആളുടെ പേര്​ ഞാൻ പറയുന്നില്ല.

പ്രതീക്ഷകളില്ലാതായ ചെറുപ്പക്കാർ പരസ്പരം കാണാനും പുതിയ കാര്യങ്ങളെക്കുറിച്ച്​ ചിന്തിക്കാനുമൊക്കെ​ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്ര ചെയ്യുകയാണ്. ഈ യാത്രകളിൽ തങ്ങാനുള്ള ഒരു ഇടമായാണ് ‘ബോധി’ മാറിയത്.

പുസ്തകം കൂടാതെ കാശായിട്ടും ചിലർ വാങ്ങിക്കൊണ്ടുപോയിരുന്നു.
ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും മാനസികരോഗമാണെന്നുമൊക്കെ പറഞ്ഞാണ് കാശ് വാങ്ങുന്നത്. സാംസ്‌കാരികവേദി തകർന്നശേഷം ഒരുപാട് ചെറുപ്പക്കാർ വഴിയാധാരമായിപ്പോയല്ലോ. ഇവരെല്ലാം ആകെ ചിതറിപ്പോയി. ചിലരുടെ മാനസികനില തെറ്റി. ചിലർ ഉന്മാദികളായി മാറി. സനൽദാസിനെയും സുബ്രഹ്​മണ്യദാസിനെയും പോലുള്ളവർ ആത്മഹത്യചെയ്തു. ഒരു സ്വപ്‌നം തകർന്നതാണല്ലോ. പ്രതീക്ഷകളില്ലാതായ ചെറുപ്പക്കാർ പരസ്പരം കാണാനും പുതിയ കാര്യങ്ങളെക്കുറിച്ച്​ ചിന്തിക്കാനുമൊക്കെ​ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്ര ചെയ്യുകയാണ്. ഈ യാത്രകളിൽ തങ്ങാനുള്ള ഒരു ഇടമായാണ് ‘ബോധി’ മാറിയത്. അവർക്ക്​ തിരിച്ചുപോകാനുള്ള വണ്ടിക്കൂലിയും ഭക്ഷണവുമൊക്കെ കൊടുത്ത് പത്തുമാസം കൊണ്ട് ‘ബോധി’ പൂട്ടിക്കെട്ടി.

വീണ്ടും ‘ബോധി’

അതിനുശേഷം ഞാൻ ബോംബെയ്ക്കും പൂനെയ്ക്കുമൊക്കെ പോയി. തിരിച്ചുവന്ന്​ പല പത്രസ്ഥാപനങ്ങളിലും ജോലിയ്ക്ക് ശ്രമിച്ചു. രക്ഷയുണ്ടായില്ല. എന്റെ രാഷ്ട്രീയ പശ്ചാത്തലമൊക്കെ അക്കാലത്ത് വലിയ പ്രശ്‌നമായിരുന്നു. പഴയ നക്​സലൈറ്റാണ്​ എന്നത്​ ഇന്ന്​ വലിയ വിൽപ്പനയുള്ള ചരക്കാണെങ്കിലും അന്ന്​, എനിക്ക്​ ഒരു ജോലി തരുന്നതിൽ പല പത്രസ്​ഥാപനങ്ങളും വിമുഖത കാണിച്ചു. അങ്ങ​നെയാണ്​, ബോംബെയിൽ ജെയ്കോ ബുക്​സിൽ ജോലി ചെയ്​തതിന്റെ ബാക്ക്​ഗ്രൗണ്ടിൽ ‘ബോധി’ വീണ്ടും തുടങ്ങിയത്​. അതിന്റെ കൂടെ പബ്ലിക്കേഷനും തുടങ്ങുന്നു. അപ്പോഴേക്കും ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടൊക്കെ ഒരുവിധത്തിൽ നാമവശേഷമായിരുന്നു. ആളുകളിൽ പലരും സ്വകാര്യ താൽപര്യങ്ങളിലേക്ക്​ മാറിയിരുന്നു, അവർക്കിഷ്ടമുള്ള പാർട്ടികളിൽ ചുവടുറപ്പിക്കുന്നു, അവരുടെ ബേസ്​ ഒക്കെ ക്ലിയർ ചെയ്യുന്നു. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട വിപ്ലവകാരികളൊക്കെ വീണ്ടും ജോലിയിൽ തിരിച്ചുകയറുന്നു, സെറ്റാകുന്നു. ഞാൻ അപ്പോഴും വഴിയാധാരമായതുകൊണ്ട് വീട്ടിൽനിന്ന് കുറച്ച് കാശൊക്കെ വാങ്ങി, പലയിടത്തുനിന്നും കടവും വാങ്ങി പബ്ലിക്കേഷൻസ് തുടങ്ങുന്നു. അങ്ങനെ ‘ബോധി’ വീണ്ടും പ്രവർത്തനക്ഷമമാകുന്നു, ​പ്രധാനപ്പെട്ട പുസ്​തകങ്ങൾ ഇറക്കാൻ തുടങ്ങുന്നു.

എൻ.കെ. രവീ​ന്ദ്രൻ

മലയാളത്തിൽ തന്നെ, ഫെമിനിസവുമായി ബന്ധപ്പെട്ട്​ പ്രധാന പുസ്​തകങ്ങൾ വരുന്ന കാലം കൂടിയാണിത്​. 30 ഇന്ത്യൻ കവയത്രികൾ, സ്ത്രീചിന്തകൾ എന്നീ രണ്ടു പുസ്​തകങ്ങൾ സച്ചിദാനന്ദൻ എഡിറ്റുചെയ്​തിരുന്നു. പിന്നെയാണ്​ എൻ.കെ. രവീ​ന്ദ്രന്റെ പുസ്​തകം വരുന്നത്​. എൻ.കെ. രവീന്ദ്രന്റെ ആദ്യ പുസ്​തകം ‘ബോധി’ പബ്ലിഷ്​ ചെയ്യുന്നു, ‘ബോധി’യുടെ ആദ്യ പുസ്​തകമാണ്, എൻ.കെ. രവീന്ദ്രൻ വിവർത്തനം ചെയ്​ത​ നെൽസൺ മണ്ടേലയുടെ ‘നോ ഈസി വേ ടു ഫ്രീഡം’.

ഫെമിനിസ്റ്റ് പുസ്തകങ്ങൾ മാത്രമല്ല, പരിസ്ഥിതിയെക്കുറിച്ചുള്ള പുസ്തകങ്ങളും ‘ബോധി’ പ്രസിദ്ധീകരിച്ചു. ടി.പി. സുകുമാരന്റെ ‘പരിസ്ഥിതി സൗന്ദര്യശാസ്ത്രം’ ‘ബോധി’യാണ് പ്രസിദ്ധീകരിച്ചത്. രവീന്ദ്രന്റെ ‘സിനിമയും രാഷ്ട്രീയവും’ എന്ന പുസ്തകവും ‘ബോധി’യാണ് പ്രസിദ്ധീകരിച്ചത്. എം.എൻ. വിജയന്റെ പ്രഭാഷണങ്ങൾ എന്ന പുസ്​തകം ഇ.എം.എസാണ്​ പ്രകാശനം ചെയ്​തത്. അരവിന്ദന്റെ കല ‘ബോധി’യുടെ മറ്റൊരു പ്രധാന പുസ്തകമാണ്​.

ഞാൻ പഠിച്ച ഒരു കാര്യം, എന്ത്​ പ്രോഡക്​റ്റും നമുക്കുണ്ടാക്കാം, ഡിസ്​ട്രിബ്യൂഷൻ വലിയൊരു ഘടകമാണ്​ എന്നതാണ്. ഇതെങ്ങനെ ആളുകളിലേക്ക് എത്തിക്കും?

സാഹിത്യത്തിനായിരുന്നില്ല ‘ബോധി’ മുൻതൂക്കം കൊടുത്തിരുന്നത്​, വിവിധ മേഖലകളിലെ നവീനചിന്തകളായിരുന്നു ഞങ്ങളെ മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഞങ്ങൾ മുന്നോട്ടുവച്ച പുസ്തകങ്ങളുടെ വായനക്കാർ, രാഷ്ട്രീയ ചിന്താഗതി പുലർത്തുന്ന, സാമൂഹിക വിമർശനം ഇഷ്ടപ്പെടുന്ന, സമൂഹത്തിന് നന്മ വരണമെന്ന് ആഗ്രഹിക്കുന്ന- അവരിൽ കോൺഗ്രസുകാരും കമ്യൂണിസ്​റ്റുകാരും ആർ.എസ്​.എസുകാരു​മെല്ലാം ഉണ്ടാകാം- ചെറിയ സമൂഹമായിരുന്നു.

കെ.സി. നാരായണൻ എഡിറ്ററായിരുന്ന മാതൃഭൂമി ആഴ്​ചപ്പതിപ്പിലായിരുന്നു അക്കാലത്ത്​ കെ. വേണുവിന്റെയും ബി. രാജീവന്റെയുമൊക്കെ ലേഖനങ്ങൾ വന്നിരുന്നത്​. മാതൃഭൂമിയുടെ സർക്കുലേഷൻ കൂടിയ കാലമായിരുന്നു അത്​. കാരണം, ഇവരൊക്കെ രഹസ്യസ്വഭാവത്തിലാണ്​ അതുവരെ എഴുതിയിരുന്നത്​, അതും രണ്ടായിരമോ മൂവായിരമോ മാക്​സിമം അയ്യായിരമോ കോപ്പികളുണ്ടായിരുന്ന പ്രേരണ, കോമ്രേഡ്​ തുടങ്ങിയ മാസികകളിൽ. ആ ലേഖനങ്ങൾ മാതൃഭൂമിയിൽ വരുന്നു, വിപുലമായി ചർച്ച ചെയ്യപ്പെടുന്നു. ആ വായനക്കാരായിരുന്നു ഞങ്ങളുടെ ടാർഗെറ്റ്​.

കെ. വേണു, ബി. രാജീവൻ

വിതരണം അപ്പോഴും വലിയ പ്രശ്​നമായിരുന്നു​. ഞാൻ പഠിച്ച ഒരു കാര്യം, എന്ത്​ പ്രോഡക്​റ്റും നമുക്കുണ്ടാക്കാം, ഡിസ്​ട്രിബ്യൂഷൻ വലിയൊരു ഘടകമാണ്​ എന്നതാണ്. ഇതെങ്ങനെ ആളുകളിലേക്ക് എത്തിക്കും? കോഴിക്കോ​ട്ടെ ഒരു ‘ബോധി ബുക്‌സി’ലേക്ക്​ നൂറു രൂപയുടെ പുസ്​തകം വാങ്ങാൻ കാസർകോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ആളുവരില്ല. അങ്ങനെയുള്ളവർക്ക് വി.പി.പി. ആയി അയച്ചുകൊടുക്കും. അങ്ങനെ വാങ്ങുന്നവരുടെ മെയ്​ലിങ്​ ലിസ്​റ്റുണ്ടായിരുന്നു. ഇത് ഞങ്ങളേക്കാൾ നന്നായി കൈകാര്യം ചെയ്തിരുന്നത് ‘മൾബറി’യാണ്. ഡോർ ടു ഡോർ വിൽപനയിലാണ് ‘മൾബറി’ തുടങ്ങുന്നത്. ഷെൽവിയും മോഹൻദാസും കൂടി ‘ശിഖ’ പബ്ലിക്കേഷൻസ് നടത്തുമ്പോൾ ‘ബോധി’യിൽ വന്നിട്ടാണ് പകലൊക്കെ വിശ്രമിച്ചിരുന്നത്. ഞങ്ങൾക്കൊക്കെ ഡോർ ടു ഡോർ വിൽപന നടത്തുന്ന ഏജൻസി ഉണ്ടായിരുന്നു അന്ന്. പിന്നീട് വായനക്കാരുടെ എണ്ണം കുറഞ്ഞു. ഇനി ഇതൊന്നും വായിച്ചിട്ട് വലിയ കാര്യമില്ല, ഇവിടെ വിപ്ലവമൊന്നും വരാൻ പോകുന്നില്ല എന്ന് മനസ്സിലാക്കിയവർ ജോലിയിൽ ശ്രദ്ധിച്ച് വിവാഹം കഴിച്ച് കുട്ടികളുമൊക്കെയായി ഒതുങ്ങിജീവിക്കാമെന്ന രീതിയിൽ ആ തലമുറയങ്ങ് പോയി.

ഷെൽവിയുടെ സംഭാവനയാണ് മലയാള പുസ്തകപ്രസാധന രംഗത്തെ മാറ്റിമറിച്ചത്. ഒരു പുസ്​തകം കൈകൊണ്ട്​ എടുക്കാൻ തോന്നിപ്പിക്കുന്ന വിധത്തിലാക്കിയത്​ ഷെൽവിയാണ്​.

പുതിയ തലമുറയിലെ കുട്ടികൾക്കാണെങ്കിൽ അത്തരം വായനയിൽ ഒരു താൽപര്യവുമില്ല. ടെക്‌നോളജി ആകെ മാറി, വിതരണത്തിന്റെ ഈ ശൃംഖലയിൽ വിള്ളൽ വന്നു. അതായത് 1000 കോപ്പി അടിക്കുന്ന പുസ്തകം 300 കോപ്പിയെങ്കിലും പെട്ടെന്ന് വിറ്റുതീർന്നില്ലെങ്കിൽ നഷ്ടമാണ്. എന്നുവെച്ചാൽ ബാക്കി 700 കോപ്പി രണ്ടുവർഷം കൊണ്ടാണ് വിൽക്കുന്നതെങ്കിൽ അതിന്റെ മുതൽമുടക്കും ഇന്ററസ്റ്റും കണക്കാക്കിയാൽ നഷ്ടമാണ്. അങ്ങനെയാണ് ഞങ്ങൾ ഇറക്കിയിരുന്ന രീതിയിലുള്ള പുസ്തകങ്ങളുടെ വിൽപന മന്ദീഭവിച്ചത്. അപ്പോഴേക്കും ഡി.സി.യെപ്പോലെയുള്ള മറ്റു കുത്തകകൾ ഇത്തരം എഴുത്തുകാരെ ഉൾക്കൊള്ളുകയും പുസ്തകത്തിന്റെ നിർമിതി തന്നെ ആകർഷകമാക്കുകയും ചെയ്തു. അതിനൊക്കെ ഷെൽവിയാണ് മുൻകൈയെടുത്തത്. ഷെൽവിയുടെ സംഭാവനയാണ് മലയാള പുസ്തകപ്രസാധന രംഗത്തെ മാറ്റിമറിച്ചത്. ഒരു പുസ്​തകം കൈകൊണ്ട്​ എടുക്കാൻ തോന്നിപ്പിക്കുന്ന വിധത്തിലാക്കിയത്​ ഷെൽവിയാണ്​. നമ്മളൊക്കെ അതിന്റെ ചുവടുപിടിച്ച്​ പോയിരുന്നതേയുള്ളൂ. അങ്ങനെ പുസ്തക പ്രസാധനം ആർക്കും ചെയ്യാവുന്ന ഒരു കുടിൽ വ്യവസായം പോലെയായി കേരളത്തിൽ മാറി. ഇന്ന് ലോകത്ത്​ ഏറ്റവുമധികം പുസ്തക പ്രസാധകർ കേരളത്തിലായിരിക്കും.

ഷെൽവി

ഞാൻ പിന്നീട്​ വിപണിയെക്കുറിച്ച്​ പഠിക്കാൻ തുടങ്ങി. കൊണ്ടാടപ്പെടുന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ തന്നെ ആയിരമോ രണ്ടായിരമോ അയ്യായിരമോ കോപ്പിയാണ്​ അടിക്കുക. മൂന്നുകോടി ജനങ്ങളുള്ള കേരളത്തിൽ, എത്രയോ ചെറിയ എണ്ണമാണിത്​. ഒരു സാഹിത്യകൃതി ഒന്നോ രണ്ടോ മാസം കൊണ്ട്​ വിറ്റുതീർന്നില്ലെങ്കിൽ നഷ്​ടമാണ്​. അ​പ്പോൾ, എന്തുകൊണ്ടാണ് ഈ പുസ്തകങ്ങൾ ആളുകൾക്ക്​ വേണ്ടാത്തത്​ എന്ന ചിന്ത സ്വാഭാവികമായും ഉണ്ടായി. അതിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ മനസ്സിലായത്​, പുസ്തകങ്ങൾ ഒരു കമ്മോഡിറ്റിയല്ല, ലക്ഷ്വറിയാണ്​. ഭക്ഷണം പോലെയോ വസ്ത്രം പോലെയോ ഉള്ള അത്യാവശ്യമല്ല പുസ്​തകം. നിങ്ങൾക്ക്​ എക്​സസ്​ പണമുണ്ടെങ്കിലേ പുസ്​തകം വാങ്ങൂ, സിനിമയ്ക്കുപോകൂ, ഒരു വലിയ ഹോട്ടലിൽനിന്ന്​ ഭക്ഷണം കഴിക്കൂ.

ബോർഡ്​ ഓഫ്​ അവിഹിതം

പുസ്ത​കത്തിനെ എങ്ങനെ ഒരു കമ്മോഡിറ്റിയാക്കി മാറ്റാം എന്ന ചിന്തയിൽ നിന്നാണ് പാഠപുസ്​തകം എന്നൊരു സംഭവം വരുന്നത്​. പല പബ്ലിഷർമാരും പാഠപുസ്തകങ്ങളിലൂടെയാണ്​ ലക്ഷങ്ങൾ കൊയ്യുന്നത്. അതിന്​ കൂട്ടുനിൽക്കുന്ന കുറെ എഴുത്തുകാരുണ്ട്​, ബോർഡ് ഓഫ്​ സ്​റ്റഡീസ്​ പോലെയുള്ള അഴിമതി നിറഞ്ഞ തലങ്ങളുണ്ട്​. ഇത്തരമൊരു സാഹചര്യത്തിൽ, അഴിമതിക്കെതിരെ സമരം ചെയ്തിരുന്ന എനിക്ക് കൈക്കൂലി കൊടുത്ത്​ പാഠപുസ്​തകം ഇറക്കാൻ പറ്റാത്തതുകൊണ്ട്​, നല്ലൊരു പുസ്​തകം ഇറക്കിനോക്കാം എന്ന ചിന്തയിലാണ്​ ധൈര്യത്തോടെ ഒരു ചുവടുവച്ചത്​, അതാണ്​‘സ്‌പെക്​ട്രം ഓഫ് പോയംസ്​’ - ഡോ. എൻ. രാമചന്ദ്രൻ നായർ എന്ന പ്രഗൽഭനായ യൂണിവേഴ്‌സിറ്റി അധ്യാപകൻ എഡിറ്റ് ചെയ്ത ആന്തോളജി​.

മലയാളത്തിൽ ചില പ്രസാധകർക്കുമാത്രമേ പുസ്തകങ്ങൾ ടെക്​സ്​റ്റ്​ബുക്കാക്കി കിട്ടുകയുള്ളൂ. കാരണം, ബോർഡ്​ ഓഫ്​ സ്​റ്റഡീസ്​ മെമ്പർമാരും പ്രസാധകരും എഴുത്തുകാരുമൊക്കെ ചേർന്ന അവിഹിതതന്ത്രങ്ങൾ വ്യക്​തമായിരുന്നു

കോഴിക്കോട്ടെ ബോധി ബുക്സിന്റെ ഓഫിസ്

മലയാളത്തിൽ എന്തുകൊണ്ട്​ പുസ്​തകം കൊടുത്തില്ല എന്നു ചോദിച്ചാൽ എനിക്ക്​ പറയാൻ കഴിയും, മലയാളത്തിൽ ചില പ്രസാധകർക്കുമാത്രമേ പുസ്തകങ്ങൾ ടെക്​സ്​റ്റ്​ബുക്കാക്കി കിട്ടുകയുള്ളൂ. കാരണം, ബോർഡ്​ ഓഫ്​ സ്​റ്റഡീസ്​ മെമ്പർമാരും പ്രസാധകരും എഴുത്തുകാരുമൊക്കെ ചേർന്ന അവിഹിതതന്ത്രങ്ങൾ വ്യക്​തമായിരുന്നു. വിജയൻ മാഷുടെ പുസ്​തകം അടക്കം മലയാളത്തിൽ ഞാൻ രണ്ടോ മൂന്നോ തവണ പുസ്തകങ്ങൾ കൊടുത്തെങ്കിലും ബോർഡ് ഓഫ് സ്റ്റഡീസ് തള്ളിക്കളഞ്ഞു. അപ്പോൾ എനിക്കുതോന്നി, ഇംഗ്ലീഷിലാകുമ്പോൾ കേരളത്തിലൊരു പ്രസാധകനില്ല. ഇംഗ്ലീഷിൽ ഇവിടെയുള്ളത്​ ഭയങ്കര മോണോപോളിയായിട്ടുള്ള ഓറിയൻറ്​ ലോംഗ്​മാൻ, ഓക്‌സ്​ഫഡ്​ യൂണിവേഴ്‌സിറ്റി പ്രസ്, മാക്മില്ലൻ തുടങ്ങിയ ഇംഗ്ലീഷ് കമ്പനികളാണ് ഇവിടെ ഇംഗ്ലീഷ് ടെക്​സ്​റ്റ്​ബുക്കുകളിലൂടെ ലാഭം കൊയ്യുന്നത്. ഒരു പ്രീഡിഗ്രി പുസ്​തകം എന്നു പറഞ്ഞാൽ, ഒരുവർഷം ഒരുലക്ഷം കോപ്പിയാണ്​ ചെലവാകുക. 1989​- 90യിലെ കാര്യമാണ്​ പറയുന്നത്. അപ്പോൾ ഞാൻ ആലോചിച്ചു, എന്തുകൊണ്ട് ഇതുപോലെ വലുതായി ചിന്തിച്ചുകൂടാ? ഈയൊരു ചിന്തയിൽനിന്നാണ്​ ഞാൻ ഇംഗ്ലീഷ്​ പുസ്​തകം ഇറക്കാൻ ശ്രമിക്കുന്നത്. പക്ഷേ പലരും നിരുത്സാഹപ്പെടുത്തി, അവരുടെ കുത്തകയാണ്​ ​എന്നൊക്കെ പറഞ്ഞ്​. സംഗതി ശരിയാണ്​, ബോർഡ്​ ഓഫ്​ സ്​റ്റീഡീസിൽ ഇവരുടെ കൈകടത്തലുകളൊക്കെയുണ്ട്​. അത്​ വലി​യൊരു റാക്കറ്റാണ്. അതേക്കുറിച്ച്​ ഇവിടെ പറയുന്നില്ല.

ചുരുക്കത്തിൽ, ഇംഗ്ലീഷ് പുസ്തകം എഡിറ്റു ചെയ്​ത്​ അവസാന നിമിഷം ഞാൻ ബോർഡ് ഓഫ് സ്റ്റ​ഡീസിന് സമർപ്പിച്ചു. ബോർഡ് ഓഫ്​ സ്​റ്റഡീസിലെ അംഗങ്ങളെ കാണാൻ പോവുകയാണ് അടുത്തഘട്ടം. വാശിയേറിയ ചർച്ച നടന്നുവെങ്കിലും, എന്റെ ഭാഗ്യത്തി​നോ അക്കാദമികമായി നന്നായി ചിന്തിക്കുന്നവരുള്ളതുകൊണ്ടോ, ഒടുവിൽ എ​ന്റെ പുസ്​തകം പാഠപുസ്തകമായി അംഗീകരിച്ചു. 1,20,000 കോപ്പിയാണ് ആദ്യവർഷം അച്ചടിക്കേണ്ടത്. അത് അടിക്കാനുള്ള പണമുണ്ടാക്കാൻ കുറെ കഷ്ടപ്പെട്ടു, പെങ്ങളുടെ സ്വർണം വിൽക്കുന്നു, കുറെ ഓട്ടപ്പാച്ചിലുകൾ നടത്തുന്നു.

ബാബു ഭരദ്വാജ്

ബാബു ഭരദ്വാജിന്റെ പ്രസിലാണ് പുസ്തകം അച്ചടിച്ചത്. അടിച്ചുകഴിഞ്ഞപ്പോൾ പേപ്പർ റീൽ കുറേയെറേ ബാക്കിയായി. അപ്പോൾ ബാബു പറഞ്ഞു, രണ്ടുവർഷത്തേക്കല്ലേ കരാർ, എങ്കിൽ അടുത്തവർഷത്തേക്കുള്ളതുകൂടി അച്ചടിച്ചുവെക്കാമെന്ന്. അങ്ങനെ ഞങ്ങൾ രണ്ടുവർഷത്തേക്കുള്ള പുസ്തകം അടിച്ചുവെച്ചു. ഒരു കൊല്ലത്തെ പുസ്​തകത്തിന്റെ ലാഭം രണ്ടാംവർഷം പുസ്​തകം വിറ്റാലേ കിട്ടൂ എന്ന അവസ്​ഥയായി. അപ്പോഴാണ്​, രണ്ടാമത്തെ വർഷം മറ്റൊരു പ്രസാധകൻ ​‘ടെക്​സ്​റ്റ്​ വിത്ത്​ ​ഗൈഡ്​’ എന്നൊരു പുസ്​തകം ഇറക്കുന്നു. നമ്മുടെ ടെക്​സിറ്റിലെ മെറ്റീരിയലും ഗൈഡുമൊക്കെയായി. അങ്ങനെ ഞങ്ങളുടെ പുസ്തകം വിൽക്കാനാകാതെയായി. ഞാൻ കേസ് കൊടുത്തു. കേസിൽ വിധി പറഞ്ഞ ജഡ്ജി പറഞ്ഞത്, ഇങ്ങനെയും പുസ്തകം ആകാം, യൂണിവേഴ്‌സിറ്റി അംഗീകരിക്കണമെന്നില്ല എന്നാണ്. ഞാൻ പിന്നെ അതിനുപുറകേ പോകാൻ നിന്നില്ല, എന്റെ പുസ്തകങ്ങളെല്ലാം പടക്കകമ്പനിക്ക് തൂക്കിവിറ്റു. പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല, അടുത്ത കൊല്ലവും ഞാൻ പുസ്തകം കൊടുത്തു.

സർവകലാശാലകൾ അഴിമതിയുടെ വിളനിലങ്ങളാണ്​. യൂണിവേഴ്​സിറ്റികളിലെ പുസ്​തക പ്രസധാന രംഗമാക​ട്ടെ, അഴിമതിയുടെ ​അങ്ങേയറ്റവുമാണ്​.

അപ്പോൾ, യൂണിവേഴ്‌സിറ്റിയിലെ കുറച്ചാളുകൾ തീരുമാനിച്ചു, ‘ബോധി’യെപ്പോലുള്ളവർ വലിയ പ്രസാധകരാകേണ്ട, യൂണി​വേഴ്​സിറ്റിക്കു തന്നെ പുസ്തകം അച്ചടിക്കാം. അങ്ങനെ നമ്മൾ സബ്​മിറ്റ്​ ചെയ്ത്,​ സെലക്​റ്റ്​ ചെയ്യപ്പെടുന്ന ഇംഗ്ലീഷ്​ പുസ്​തകങ്ങൾ യൂണിവേഴ്​സിറ്റി പബ്ലിക്കേഷനിലൂടെ പബ്ലിഷ്​ ചെയ്യുകയും അവർ ചെറിയൊരു ശതമാനം നമുക്ക്​ തരികയും ചെയ്യുന്ന ഏർപ്പാട്​ വന്നു. അപ്പോൾ ഞാനാലോചിച്ചു, ഇംഗ്ലീഷ്​ എഴുത്തുകാർ നമുക്കുണ്ട്, അവരുടെ പുസ്​തകങ്ങളും ഇവിടെ ഇറങ്ങുന്നുണ്ട്, ഇതൊന്നും പുറത്തേക്ക്​ എത്തുന്നില്ലല്ലോ. ആ സമയത്ത്​ മാധവിക്കുട്ടിയുമായി അടുപ്പമുണ്ട്​. നിനക്ക്​ ഇംഗ്ലീഷ്​ പുസ്​തകം അച്ചടിച്ചുകൂടേ എന്ന്​ അവർ ​ചോദിച്ചു; ‘എന്റെ പുസ്​തകം നിനക്കുതരാം, ബെസ്​റ്റ്​ ഓഫ്​ കമലാദാസ്​, അത്​ ഇറക്കിക്കോ.’ അങ്ങനെ അവർ മുൻകൈ എടുത്താണ്​ ആ പുസ്​തകം എനിക്കുതരുന്നത്​. അതുകഴിഞ്ഞ്​ ‘ബെസ്റ്റ് ഓഫ് ജയന്ത മഹാപാത്ര’ ഇറക്കി. ‘ബെസ്റ്റ് ഓഫ് മീന അലക്‌സാണ്ടർ’ എഡിറ്റുചെയ്​തുവച്ചു, ഇറക്കാൻ പറ്റിയില്ല. അങ്ങനെ നാലഞ്ച് പുസ്തകങ്ങൾ ഇംഗ്ലീഷിൽ തന്നെ ഇറക്കിയിട്ടുണ്ട്​. പിന്നീട് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ അതങ്ങ് നിന്നുപോയി.

മാധവിക്കുട്ടി / Photo: Punalur Rajan

യൂണിവേഴ്​സിറ്റികളുമായി ബന്ധപ്പെട്ട്​ ഇ​പ്പോൾ ചാൻസലർ കൂടിയായ ഗവർണർ പറയുന്ന പ്രശ്​നങ്ങളുണ്ടല്ലോ. സർവകലാശാലകൾ അഴിമതിയുടെ വിളനിലങ്ങളാണ്​. യൂണിവേഴ്​സിറ്റികളിലെ പുസ്​തക പ്രസധാന രംഗമാക​ട്ടെ, അഴിമതിയുടെ ​അങ്ങേയറ്റവുമാണ്​.

എ. അയ്യപ്പന്റെ കളികൾ

എ. അയ്യപ്പൻ അദ്ദേഹത്തിന്റെ കവിതകളുടെ പ്രസിദ്ധീകരണത്തിനുള്ള അവകാശം എനിക്ക്​ എഴുതിത്തന്നിരുന്നു. ഇടയ്ക്കിടക്ക്​ അദ്ദേഹം വന്ന്​ നൂറ്​, അഞ്ഞൂറ്​, ആയിരം വാങ്ങിപ്പോകും. പിന്നെ, അയ്യപ്പനെ സഹിക്കുക എന്നു പറഞ്ഞാൽ അറിയാമല്ലോ. കലാനിരൂപകനായ ആർ. നന്ദകുമാർ​ അയ്യപ്പന്റെ പുസ്തകത്തിന് പഠനം എഴുതാമെന്ന്​ പറഞ്ഞപ്പോൾ ഞാൻ പുസ്​തകത്തിന്റെ മാനുസ്​ക്രിപ്​റ്റ്​ അദ്ദേഹത്തിനുകൊടുത്തു. കവർ വരെ ഡിസൈൻ ചെയ്​തുവച്ചു, ‘അയ്യപ്പന്റെ തെരഞ്ഞെടുത്ത കവിതകൾ’ എന്ന ടൈറ്റിലിൽ. എന്നാൽ, നന്ദകുമാർ നന്നായി ഉഴപ്പി, കൈയെഴുത്ത് പ്രതി കാണാനില്ലെന്നൊക്കെ പറഞ്ഞു.

എ. അയ്യപ്പൻ

അതിനിടയിൽ അയ്യപ്പൻ അതിലെ കുറെ കവിതകളെടുത്ത് ‘മൾബറി’ക്ക് കൊടുത്തു. അതിൽ ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്നൊരു കവിതയുണ്ടായിരുന്നു. മൾബറി സമാഹാരം ഇറക്കിയപ്പോൾ, ഷെൽവി പറഞ്ഞു, ഇതിന്റെ അവകാശം അവർക്ക് കൊടുത്തിട്ടുണ്ടെന്ന്​. ഞങ്ങൾ തമ്മിൽ പ്രൊഫഷണൽ മത്സരം മാത്രമെ ഉണ്ടായിരുന്നുള്ളൂ. വ്യക്തിപരമായി നല്ല സുഹൃത്തുക്കളായിരുന്നു.
പ്രസാധകരംഗത്തെ ശരിയായ ഒരു രക്തസാക്ഷി തന്നെയാണ് ഷെൽവി. ബിസിനസിൽ വഞ്ചിക്കപ്പെട്ട ഒരു മനുഷ്യനാണയാൾ.

കുഞ്ഞിക്ക തന്ന പണികൾ

എഴുത്തുകാർക്ക്​ അരാജകത്വം നല്ലതുതന്നെയാണ്​, എന്നാൽ അത്​ മറ്റുള്ളവരുടെ ജീവിതം തകർത്തിട്ടാകരുത്​ എന്നതാണ്​ ‘സ്​മാരകശിലകളു’മായുള്ള അനുഭവത്തിൽ നിന്ന്​ എനിക്ക്​ തോന്നുന്നത്​. ‘സ്മാരകശിലകൾ’ കേരള യൂണിവേഴ്‌സിറ്റിയിൽ പാഠപുസ്തകമാണെന്നും മാർക്കറ്റിൽ കിട്ടാനില്ലെന്നും അക്ബർ കക്കട്ടിലാണ് എന്നോട് പറയുന്നത്. ‘നീ കുഞ്ഞിക്കയെ പോയി കണ്ടാൽ ആ പുസ്​തകം കിട്ടും’ എന്നും കക്കട്ടിൽ പറഞ്ഞു. ‘സ്മാരകശിലകൾ’ ചെറുപ്പത്തിലേ അത്യാവേശപൂർവം വായിച്ച നോവലാണ്​, ആ കഥാപാത്രങ്ങളെല്ലാം മനസ്സിൽ പതിഞ്ഞുകിടക്കുകയുമാണ്​. ആ ആരാധനയോടെയാണ്​ കുഞ്ഞിക്കയെ പോയി കാണുന്നത്.
‘സന്തോഷം, നീ അച്ചടിച്ചോ’ എന്ന് കുഞ്ഞിക്ക പറയുന്നു. ഞാൻ 10,000 രൂപ​കൊടുക്കുന്നു. അദ്ദേഹത്തിന് സന്തോഷമായി. അതിൽനിന്ന്​ ആയിരം രൂപയെടുത്ത്​ കുപ്പിക്ക്​ ഓർഡർ ചെയ്യുന്നു. അങ്ങ​നെ അന്ന്​ മദ്യപാനവുമൊക്കെയായി പിരിയുന്നു.

പിന്നീട് എന്നെ ഫോൺ ചെയ്തിട്ട്, മകളുടെ കല്യാണമാണ് കുറച്ചുകൂടി പണം വേണമെന്ന് പറഞ്ഞു. അപ്പോൾ കുറച്ച് പണം കൂടി നൽകി. ഒരുവർഷം കഴിഞ്ഞിട്ടാണ് ടെക്‌സ്റ്റ് ബുക്ക് വിൽക്കാനാവുക. അടുത്ത വർഷം അടിച്ചാൽ മതി. അപ്പോൾ ഞാൻ അദ്ദേഹത്തോട്​ പറഞ്ഞു, ‘കുഞ്ഞിക്കാ, അടുത്ത വർഷത്തേയ്ക്കുള്ള പുസ്​തകമാണ്​, ഇനിയും പൈസ ചോദിച്ചാൽ ബുദ്ധിമുട്ടാകും’.
​അത്യാവശ്യമാണ്​ എ​ന്നൊക്കെ പറഞ്ഞ്​ പിന്നെയും വാങ്ങി. അങ്ങനെ 50,000 രൂപയോളം​ കൊടുത്തു. എനിക്ക്​ നല്ല ഓർമയുണ്ട്​, അവസാനം 15,000 രൂപ കൊടുത്തത്​ ഭാര്യയുടെ വളക​ൾ വിറ്റിട്ടാണ്​.

പുനത്തിൽ കുഞ്ഞബ്ദുള്ള / Photo: AJ Joji

അപ്പോഴാണ് ആരോ പറഞ്ഞത്​, കറൻസ്​ ബുക്​സ്​ ബുള്ളറ്റിനിൽ, സ്​മാരകശിലകൾ ഉടൻ പ്രസിദ്ധീകരിക്കുന്നു എന്ന അറിയിപ്പുണ്ട്​ എന്ന്​. എന്റെ ഉള്ളൊന്നു കാളി. അപ്പോൾ തന്നെ ഞാൻ അക്ബറിനെ വിളിച്ചു. അക്ബർ മെല്ലെ ഒഴിഞ്ഞുമാറി, കുഞ്ഞിക്കയുമായി നേരിട്ടൊരു ഏറ്റുമുട്ടൽ വേണ്ടന്ന രീതിയിലായിരിക്കും. എഗ്രിമെൻറിന്റെ കാര്യം പറയാനാണെന്ന് പറഞ്ഞപ്പോൾ നേരിട്ട് പറഞ്ഞാൽ മതി, കുഞ്ഞിക്കയ്ക്ക് മനസ്സിലാകുമെന്ന് അക്ബർ എന്നോട് പറഞ്ഞു.

ഞാനും അടുത്ത സുഹൃത്തും നാടകകൃത്തും അഭിഭാഷകനുമൊക്കെയായ ജയപ്രകാശ് കുളൂരും കൂടി കുഞ്ഞിക്കയുടെ അടുത്തുപോയി. പോകുമ്പോൾ എഗ്രിമെൻറിനുള്ള സ്​റ്റാമ്പ്​ പേപ്പറും കരുതി.
‘ഞാൻ കറൻറ്​ ബുക്​സിനൊന്നും പുസ്തകം കൊടുത്തിട്ടില്ല, നിന്നോട് കാശ് വാങ്ങിയിട്ട് ഞാനങ്ങനെ ചെയ്യുമോ, ഒന്നല്ലെങ്കിൽ നമ്മൾ കോഴിക്കോട്ടുകാരല്ലേ’ എന്നൊക്കെ കുഞ്ഞിക്ക പറഞ്ഞു. എന്നാലും ഒരു സമാധാനത്തിന് എഗ്രിമെൻറ്​ തന്നേക്കാൻ പറഞ്ഞു.
‘നമ്മളുതമ്മിലോ’ എന്ന്​ കുഞ്ഞിക്ക ചോദിച്ചു.
‘നമ്മളു തമ്മില്​ എഗ്രിമെൻറ്​ വേണ്ട എന്നാണ്​ ഞാൻ വിചാരിച്ചിരുന്നത്​, പക്ഷെ ഒരു എഗ്രിമെൻറ്​ ഉണ്ടാകുന്നതാണ്​ നല്ലത്​ എന്നാണ്​ തോന്നുന്നത്​, നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാലും കുഞ്ഞിക്കയ്ക്ക്​ ഒരു ​തെളിവ്​ വേണ്ടേ’ എന്ന്​ ഞാനും പറഞ്ഞു. അതിനെന്താ എന്നുപറഞ്ഞ് അപ്പോൾ തന്നെ എഗ്രിമെൻറ്​ ഒപ്പിട്ടുതന്നു.

പ്രതികാരങ്ങളൊക്കെ കൊണ്ടുനടക്കാനും വ്യത്യസ്​തങ്ങളായ പണികൾ കൊടുക്കാനുമൊക്കെ എനിക്ക്​ വലിയ ഇഷ്​ടമാണ്​. അതിലൊരു ഹരം കാണുന്നയാളാണ്​ ഞാൻ.

എ​ഗ്രിമെൻറ്​ കൈയിലുണ്ടല്ലോ, ഞാൻ ധൈര്യമായിട്ടിരുന്നു.
ആ സമയത്ത്​ വാതം വന്ന് ഒരു കൊല്ലത്തോളം ഞാൻ കിടപ്പിലായി. അപ്പോഴാണ് ഈ പുസ്തകം അടിക്കേണ്ടത്, കേരള യൂണിവേഴ്‌സിറ്റിയുടെ ബി.എ.യ്ക്കുവേണ്ടി. 10,000 കോപ്പി വേണം. പ്രസാധകരിൽ നിന്ന് പുസ്തകം വാങ്ങി യൂണിവേഴ്‌സിറ്റി കോ ഓപറേറ്റീവ് സ്റ്റോർ വഴിയാണ് വിൽപന. 7000 കോപ്പിക്ക്​ ഓർഡർ കിട്ടിയപ്പോൾ എനിക്ക്​ സമാധാനമായി. ലാഭം കിട്ടും, എല്ലാ പ്രശ്‌നങ്ങളും തീരും എന്നുറപ്പിച്ച് 10,000 കോപ്പി അച്ചടിച്ചു. എന്റെ ഭാര്യയും രാജേഷ് എന്ന മാനേജരും കൂടിയാണ് ഓ​ട്ടോറിക്ഷ പിടിച്ച്​ പുസ്​തകം ഗോഡൗണിൽ കൊണ്ടുപോകുന്നതും പാക്ക്​ചെയ്തതുമൊക്കെ. പുസ്തകം യൂണിവേഴ്‌സിറ്റിക്ക് അയച്ചു. അപ്പോഴുണ്ട് ഡി.സി. ബുക്‌സിന്റെ പുസ്തകം മാർക്കറ്റിൽ ഇറങ്ങിയിരിക്കുന്നു. അതിന് 30 രൂപ, ഞങ്ങളുടേതിന് 48 രൂപ. നിങ്ങളുടെ പുസ്തകത്തിന് വില കൂടുതലായതുകൊണ്ട് ഓർഡർ റദ്ദാക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നു. ഡി.സി.യിൽ വിളിച്ചപ്പോൾ, തിരക്കാണെന്നുപറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഞാൻ അവർക്ക് രജിസ്‌ട്രേഡ് കത്തയച്ചു. കിളിരൂർ രാധാകൃഷ്​ണൻ എന്നയാൾ, കുട്ടികളുടെ പുസ്​തകമെഴുതുന്നയാളാണ്​, ഡി.സിക്കുവേണ്ടി​ മറുപടിയെഴുതി, ഞങ്ങൾക്ക്​ പുനത്തിൽ കുഞ്ഞബ്​ദുള്ള എഗ്രിമെൻറ്​ തന്നിട്ടുണ്ട്​ എന്നു പറഞ്ഞ്​.

ഞാൻ പുനത്തിലിനെ ഫോണിൽ വിളിച്ചു.
""നിനക്ക് ഞാൻ തന്നത് പാഠപുസ്തകമാക്കാനാണ്. മറ്റേത് ലൈബ്രറിക്കുള്ളതാണ്, ലൈബ്രറി എഡിഷനാണ് ''- ഇതായിരുന്നു കുഞ്ഞിക്കയുടെ മറുപടി.
അതെങ്ങനെ, ഒരു പുസ്തകം ഒരേ സമയം രണ്ട് എഡിഷൻ കൊടുക്കുക എന്ന്​ചോദിച്ചപ്പോൾ, ‘അതൊന്നും എനിക്കറിയില്ല, ഞാൻ അത് അവർക്ക് കൊടുത്തുപോയി, ടെക്​സ്​റ്റ്​ ബുക്ക്​ നീ വിറ്റോ, അത്​ അവർ വിൽക്കില്ല എന്നു പറഞ്ഞിട്ടുണ്ട്​’ എന്നു പറഞ്ഞു.
‘അതെങ്ങനെ ശരിയാകും’, ഞാൻ ചോദിച്ചു.
‘എങ്കിൽ ഒരു കാര്യം​ ചെയ്യ്​’, കുഞ്ഞിക്ക പറഞ്ഞു. മലമുകളിലെ അബ്ദുള്ള, ദുഃഖിതർക്കൊരു പൂമരം... അങ്ങനെ നാലഞ്ച് പുസ്തകങ്ങളുടെ പേര് പറഞ്ഞിട്ട് ‘അത് നീയെടുത്തോ’ എന്നദ്ദേഹം പറഞ്ഞു. ‘എനിക്ക് ഇതൊന്നും വേണ്ട, നെറികേട്​ കാണിക്കാൻ പാടില്ല’ എന്ന്​ ഞാനും പറഞ്ഞു. ഒന്നും രണ്ടും പറഞ്ഞ് ഫോണിലൂടെ ഞങ്ങൾ തമ്മിൽ ചൂടായി. ഞാൻ കുറച്ച് വെല്ലുവിളി നടത്തി. അദ്ദേഹവും വെല്ലുവിളി നടത്തി. അത് കേട്ടുനിന്ന എന്റെ അച്ഛൻ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ള നമുക്കൊരു പണി തരുന്നുണ്ട് എന്ന് ഞാൻ പറഞ്ഞു. അച്ഛന് ടയർ ബിസിനസുമായൊക്കെ ബന്ധപ്പെട്ട് കുറച്ച് ബന്ധങ്ങളുണ്ട്; ‘ശക്തി ടയേഴ്‌സിന്റെ ഒരാളുണ്ട്, വേണമെങ്കിൽ അയാളോട്​ വിളിച്ചുപറയാം. അയാൾ കൈകാര്യം ചെയ്​തോളും’- അച്​ഛൻ പറഞ്ഞു.
ഞാൻ പറഞ്ഞു, വേണ്ട, കൈയും കാലുമൊക്കെ ഒടിച്ചാൽ നാണക്കേടല്ലേ. സാഹിത്യകാരന്റെ കൈയല്ലേ, നമ്മളത്​ ഒടിക്കാൻ പാടില്ലല്ലോ.

എന്നാൽ, ശരിക്കും കൈയും കാലും ഒടിക്കേണ്ട കേസായിരുന്നു അത്​. കാരണം, ഞാൻ കിടപ്പിലാണ്. ജപ്തി ഓർഡറായി കടിക്കുന്ന ബാങ്ക്​ കടങ്ങൾ ഏറെയുണ്ട്. പണിക്കാർക്ക് കൊടുക്കാൻ പണമില്ല. ഈ പുസ്തകം, 12,000 കോപ്പി സൂക്ഷിക്കാൻ പോലും സ്ഥലമില്ല. ഇതു മുഴുവൻ മൂലയ്​ക്ക്​ കെട്ടിക്കിടക്കുന്നു.

‘കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സാഹിത്യകാരന്റെ പുസ്തകം തൂക്കിവിൽക്കുന്നു, ഒരു കിലോ 17.50 രൂപ. അഞ്ച് കിലോ ഒരുമിച്ചെടുത്താൽ വൻ വിലക്കുറവ്’ എന്നൊക്കെ എഴുതി പോസ്റ്ററൊക്കെ വച്ചു.

കെ. സച്ചിദാനന്ദൻ

ഞാൻ, വൈദ്യമഠത്തിലെ ചികിത്സയൊക്കെ കഴിഞ്ഞ് എഴുന്നേറ്റ് നിൽക്കാമെന്ന അവസ്ഥയിലെത്തി. അങ്ങനെ വിട്ടാൽ ശരിയാവില്ലെന്ന് മനസ്സിലുണ്ട്. ഇങ്ങനെ, പ്രതികാരങ്ങളൊക്കെ കൊണ്ടുനടക്കാനും വ്യത്യസ്​തങ്ങളായ പണികൾ കൊടുക്കാനുമൊക്കെ എനിക്ക്​ വലിയ ഇഷ്​ടമാണ്​,​ കേ​ട്ടോ. അതിലൊരു ഹരം കാണുന്നയാളാണ്​ ഞാൻ. അത്​ പൊസിറ്റീവാണ്​, പ്രതികാരം ചെയ്യാൻ വേണ്ടി ജീവിക്കുമ്പോഴാണ്​ നമുക്ക്​ ജീവിക്കാൻ തോന്നുകയുള്ളൂ. ഒരു അമ്പത്​ ശതമാനം പ്രതികാരങ്ങൾ കഴിഞ്ഞു, ഇനി ഒരു അമ്പത്​ ബാക്കിയുണ്ട്​. എന്തുചെയ്യണമെന്ന്​ ഞാൻ ആലോചിച്ചു.

‘സ്​മാരകശിലകൾ’, അരക്കിലോ

അപ്പോഴാണ് കോഴിക്കോട് ഒരു വേൾഡ് ബുക്ക് ഫെയർ വരുന്നത്. എൻ.ബി.എസ്.​ ശ്രീധരനാണ്​ കൺവീനർ.
സ്​റ്റാളിടാൻ 1500 രൂപയാണ്​ എന്നദ്ദേഹം പറഞ്ഞു.
എനിക്ക്​ ഒരു സ്​റ്റാൾ മതി എന്നു പറഞ്ഞു.
ഡി.സി. 20 സ്​റ്റാളിടുന്നു, മറ്റുള്ളവർ ഇത്ര സ്​റ്റാളിടുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും എനിക്ക്​ ഒരു സ്​റ്റാൾ മതിയെന്നു പറഞ്ഞു.
ഡി.സി.യുടെ അടുത്തുതന്നെ ഒരു സ്റ്റാൾ കിട്ടുമോ എന്നു ചോദിച്ചു.
രണ്ട്​ റൂമുകളെടുത്താൽ കിട്ടും എന്ന്​ ശ്രീധരൻ പറഞ്ഞു.
ശരി, ഞാൻ സമ്മതിച്ചു. ഒരു കണ്ടീഷനുണ്ട്​.
‘എനിക്ക് ബോധിച്ചതുപോലെ എന്റെ പുസ്തകങ്ങൾ വിൽക്കു’മെന്ന് എഗ്രിമെൻറിൽ എഴുതിച്ചേർക്കണം. അപ്പോൾ ശ്രീധരൻ വിചാരിച്ചു, ഡിസ്​ക്കൗണ്ട്​ കൂടുതൽ കൊടുത്ത്​ വിൽക്കാനാണെന്ന്​. എത്ര ഡിസ്​ക്കൗണ്ട്​ വേണമെങ്കിലും കൊടുക്കാം, അത്​ നല്ലതല്ലേ എന്നു പറഞ്ഞ്​ ഞാൻ എഴുതിച്ചേർത്ത എഗ്രിമെൻറിനുതാഴെ അദ്ദേഹം ഒപ്പിട്ടുതരുകയും ചെയ്​തു.

വി.കെ.എൻ / Photo: Punalur Rajan

ഞാൻ മനസ്സിൽ പ്ലാൻ ചെയ്​തു, എന്തു​ ചെയ്യണം എന്ന്​.
വി.കെ.എന്നിന്റെ ‘പിതാമഹൻ’ വായിച്ച ഓർമയിൽ സർ ചാത്തുവൊക്കെ മനസ്സിൽ കിടക്കുകയാണ്​. ചാത്തു നെല്ല്​ കത്തിക്കാൻ ശ്രമിച്ച സംഭവമൊക്കെ ഓർമയുണ്ട്​. അങ്ങനെയാണല്ലോ ചാത്തുവിന്​ വിക്​ടോറിയ രാജ്​ഞി സർ പട്ടം കൊടുക്കുന്നത്. ഞാനിത്​ അവിടെ എഴുതിവച്ചു: വി.കെ.എൻ. ഇൻസ്​പയർ ചെയ്​തതിന്റെ അടിസ്​ഥാനത്തിൽ, നെല്ല്​ കത്തിച്ച സർ ചാത്തുവിനെ ഓർമിച്ചുകൊണ്ട്​, കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സാഹിത്യകാരന്റെ പുസ്തകം തൂക്കിവിൽക്കുന്നു, ഒരു കിലോ 17.50 രൂപ. അഞ്ച് കിലോ ഒരുമിച്ചെടുത്താൽ വൻ വിലക്കുറവ്’ എന്നൊക്കെ എഴുതി പോസ്റ്ററൊക്കെ വച്ചു. വീടിനടുത്ത്​ പ്രസാദിന്റെ ഒരു മസാലപ്പീടികയുണ്ട്​, അവിടെ ഉപയോഗിക്കാത്ത ഒരു തുലാസുണ്ടായിരുന്നു, അതും കട്ടിയും​ കൊണ്ടുവച്ച്​ എന്റെ ഭാര്യയും മാനേജർ രാജേഷും നിന്ന്​ തൂക്കി വിൽക്കുന്നു.

പുസ്​തകം തൂക്കിവിറ്റതോടെ എനിക്ക് പകുതി സംതൃപ്തിയായി. മുഴുവനും വിൽക്കാനൊന്നും പറ്റിയില്ല. പക്ഷെ ഇങ്ങനെയും പ്രസാധകർ എഴുത്തുകാരോട്​പക വീട്ടും എന്നത് കാണിച്ചുകൊടുക്കാനായി

ഇത് അന്ന് വലിയ വാർത്തയായി. പ​ത്രങ്ങളിൽ നാലുകോളം വാർത്തയല്ലേ. ഞാൻ നോക്കുമ്പോൾ, പരസ്യയിനത്തിൽ മാത്രം എന്റെ നഷ്ടങ്ങൾ നികന്നുകിട്ടി. അന്ന് ‘ഏഷ്യാനെറ്റ്​’ റിപ്പോർട്ടറായിരുന്ന ജയചന്ദ്രൻ ക്യാമറാമാൻ രമേശനോടൊപ്പം വന്ന് ഇന്റർവ്യൂ ഒക്കെയെടുത്തു. അരമണിക്കൂറിന്റെ വാർത്തയാക്കി സിംഗപ്പൂരിലേക്ക് അയച്ചു. പത്രങ്ങൾ വാർത്ത കൊടുത്തു, കേരള കൗമുദി ഒഴികെ. യു.കെ. കുമാരനാണ് കൗമുദിയുടെ ബ്യൂറോ ചീഫ്. നാളെ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിൽ ഞാനുമായി നല്ല ബന്ധം പുലർത്തുന്നവരായിരുന്നു ഇവരൊക്കെ. പ്രസിദ്ധീകരണം നിർത്തിയപ്പോൾ ആ ബന്ധങ്ങളും നിന്നു. പിന്നെ ഞാൻ സിനിമാക്കാരനായപ്പോൾ എല്ലാവരും വീണ്ടും വന്നു. നിങ്ങൾ മാത്രമെന്താ വാർത്ത കൊടുക്കാത്തതെന്ന് യു.കെ. കുമാരനെ വിളിച്ച് ചോദിച്ചപ്പോൾ, പോളിസിയുടെ പ്രശ്‌നമാണ്, കൊടുക്കാൻ പറ്റില്ല എന്നു പറഞ്ഞു. യു.കെ. കുമാരൻ വടകരക്കാരനാണല്ലോ, ചിലപ്പോൾ അതുകൊണ്ടായിരിക്കും.

സമദാനി, എം.കെ. മുനീർ തുടങ്ങിയവരൊക്കെ അന്ന് പുസ്തകം വാങ്ങുകയും ബില്ലില് അര കിലോ എന്നൊക്കെ എഴുതിവാങ്ങുകയും ചെയ്തു. നഷ്ടപരിഹാരം ചോദിച്ച്​ പുനത്തിൽ എനിക്ക് വക്കീൽ നോട്ടീസയച്ചു. എന്റെ വക്കീൽ പി.വി. ശിവശങ്കരൻ നായരായിരുന്നു. അദ്ദേഹം നോട്ടീസ് വായിച്ചുനോക്കി ഇതിന് മറുപടിയൊന്നും അയക്കേണ്ട എന്നുപറഞ്ഞു. ഞാൻ വാസുവേട്ടന്റെ (എം.ടി. വാസുദേവൻ നായർ) അടുത്ത് പോകുമായിരുന്നു, ആ സമയത്ത്​. അദ്ദേഹം പറഞ്ഞു; പോട്ടെ, വിട്ടേക്ക്, പുനത്തിൽ സാമ്പത്തിക കാര്യങ്ങളിൽ ഇങ്ങനെയൊക്കെയാണ്​ എന്ന്​.

എം.ടി. വാസുദേവനൻ നായർ / Photo: Punalur Rajan

ഞാൻ കേസിനൊന്നും പോയില്ല. നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ കേസ്​ കൊടുക്കാൻ, അതിന്റെ പത്തുശതമാനം കോടതിയിൽ കെട്ടിവെക്കണമെന്ന്​ എനിക്കറിയാം, അതിന്​ അയാളുടെ കൈയിൽ പൈസയുണ്ടാവില്ല.

പുസ്​തകം തൂക്കിവിറ്റതോടെ എനിക്ക് പകുതി സംതൃപ്തിയായി. മുഴുവനും വിൽക്കാനൊന്നും പറ്റിയില്ല. പക്ഷെ ഇങ്ങനെയും പ്രസാധകർ എഴുത്തുകാരോട്​പക വീട്ടും എന്നത് കാണിച്ചുകൊടുക്കാനായി. എനിക്കൊരു സുഖം കിട്ടി, എന്റെ ലോകം മാറി അതോടെ എന്നുപറയാം.

‘ബോധി’യിൽ സോപ്പും ചീപ്പും കണ്ണാടിയും

പുസ്തക പ്രസാധനം നിർത്തിയശേഷം ഞാൻ പലതും നടത്തി. ‘ബോധി’ സ്റ്റേഷനറി കട ഉൾപ്പെടെ പലതുമായി. ​സോപ്പ്​ ചീപ്പ്​ കണ്ണാടി വരെ വിറ്റിട്ടുണ്ട് ജീവിക്കാൻ. സാമ്പത്തികമായി തകർന്ന്​ എന്തും ചെയ്യുമെന്ന അവസ്ഥയായിരുന്നു. ആ സമയത്ത് യൂണിലിവറിനെതിരെ, അവരുടെ ഉൽപന്നങ്ങൾ ബഹിഷ്​കരിച്ച്​കേരളത്തിലെ വ്യാപാരികളുടെ സമരമുണ്ടായിരുന്നു. അപ്പോൾ, യൂണിലിവറുമായി ബന്ധമുള്ള ഒരാൾ എന്നെ ബന്ധപ്പെട്ട് യൂണിലിവറിന്റെ ഷോപ്പ് നടത്താൻ ധൈര്യമുണ്ടോയെന്ന് ചോദിച്ചു. ‘ഇറക്കിക്കോ’ എന്ന്​ ഞാൻ പറഞ്ഞു. പിറ്റേന്ന്​, ‘ബോധി’യിൽ സോപ്പ്​, ഷാമ്പൂ തുടങ്ങി യൂണിലിവറിന്റെ സാധനങ്ങൾ ഇറക്കി. അപ്പോൾ വ്യാപാരി വ്യവസായികളൊക്കെ മുദ്രാവാക്യം വിളിച്ചുവന്നു. അപ്പോഴാണ് പഴയ നക്‌സലൈറ്റായതിന്റെ ഗുണം കിട്ടിയത്. ഒരു വ്യാപാരിയോട് ഞാൻ ചെവിയിൽ പറഞ്ഞു: അറിയാലോ എന്റെ രാഷ്ട്രീയമൊക്ക. അതോടെ അവർ പിരിഞ്ഞുപോയി. അതുകഴിഞ്ഞ്​ ജ്യൂസ് കട നടത്തി.

ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി പോലെ എഴുത്തുകാർക്കുകൂടി പങ്കാളിത്തമുള്ള, പുതിയ ടെക്​നോളജി അനുസരിച്ചുള്ള, പരിസ്​ഥിതിസൗഹൃദമായ രീതിയിൽ ‘ബോധി’ തിരിച്ചുകൊണ്ടുവരണമെന്ന് ആലോചനയുണ്ട്. ഇ- ബുക്കുകളോ ഓഡിയോ ബുക്കുകളോ ഒക്കെയായിട്ടുള്ള പദ്ധതിയാണ് മനസ്സിലുണ്ടായിരുന്നത്​. പെരിഞ്ഞനത്തുള്ള, സുബ്രഹ്​മണ്യദാസിന്റെയൊക്കെ സുഹൃത്തായ ഹരിശ്രീ അശോകനുമായി ഇത് പങ്കുവെച്ചിട്ടുണ്ട്. അവർ ‘സായാഹ്ന’ എന്ന പേരിൽ ഓൺലൈൻ ബുക്കുകളൊക്കെ ചെയ്തിരുന്നു. ‘ബോധി’ പഴയ രൂപത്തിൽ എന്തായാലും ഇനി തുടങ്ങില്ല. പഴയതൊന്നും അതേപോലെ ആവർത്തിക്കുന്നത് എനിക്കിഷ്ടമല്ല.

കേരളത്തിൽ ഇപ്പോൾ കുടിൽ വ്യവസായം പോലെ തുടങ്ങാവുന്നതാണ് പുസ്തക പ്രസാധനം. നല്ല പ്രൂഫ് റീഡർമാരില്ലെന്നതാണ് ഇപ്പോഴത്തെ വലിയ പ്രശ്‌നം. പഴയ ആളുകൾക്കൊക്കെ വയസ്സായി. ചെറുപ്പക്കാർക്കൊന്നും പ്രൂഫ് റീഡിങ് അറിയുകയുമില്ല. ഇപ്പോൾ പല പുസ്തകങ്ങളിലും അക്ഷരത്തെറ്റും ഗ്രാമർ തെറ്റുകളുമാണ്.

മറ്റൊന്ന്​, ഇപ്പോൾ പ്രിന്റ്​ ഓൺ ഡിമാൻറ്​ ആണ്​. പണ്ട് മിനിമം 1000 കോപ്പി അടിക്കണമായിരുന്നു. 100 കോപ്പിയേ വിറ്റിട്ടുള്ളൂവെങ്കിൽ ബാക്കി 900 കെട്ടിക്കിടക്കും. എന്നാൽ ഇപ്പോൾ ആവശ്യത്തിന് മാത്രമാണ് പുസ്തകം അടിക്കുന്നത്. സാഹിത്യകാരനാവാൻ ഇപ്പോൾ ആർക്കും എളുപ്പമാണ്. കുറച്ച് പൈസ കൊടുത്തിട്ട് 100 കോപ്പി അടിച്ചാൽ മതി. ഇത്തരം അപകടങ്ങളുമുണ്ട്​. എനിക്ക്​ പറയാനുള്ളത്​, പ്രസാധനത്തിനിറങ്ങുന്നവർ വിൽക്കാനാണ് ആദ്യം പഠിക്കേണ്ടത്. ഏറ്റവും നല്ല രീതിയിൽ പെ​ട്ടെന്ന്​ എങ്ങനെ വിൽക്കാമെന്ന് പഠിച്ചുകഴിഞ്ഞാൽ ഏത് ഉത്പ്പന്നവും നിങ്ങൾക്ക് മാർക്കറ്റിൽ ഇറക്കാം.

പ്രസാധനത്തിലെ തിരിച്ചടികൾ നൽകിയ ഊർജം

തകർച്ചകളും തിരിച്ചടികളുമാണ് മുന്നോട്ടുപോകാനുള്ള ഊർജം നൽകുക, വിജയങ്ങളല്ല. ജീവിതത്തിലുണ്ടായ പ്രതിസന്ധികളും ദുരന്തങ്ങളുമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ചിലർ തിരിഞ്ഞോടും, ചിലർ നേരിടും. ഞാൻ എന്തും നേരിടാൻ തയ്യാറായ മനുഷ്യനാണ്. എന്ത് പ്രശ്‌നമുണ്ടായാലും നേരിടും, അതിജീവിക്കും. അല്ലാതെ, തിരിഞ്ഞോടുന്ന പ്രശ്​നമില്ല, ചാപ്​റ്റർ മടക്കിവെക്കുന്ന പ്രശ്​നമില്ല.

പുസ്തക പ്രസാധനത്തിൽ നേരിട്ട തിരിച്ചടികൾ സിനിമയിൽ അഭിനയിക്കാനും സിനിമാക്കാരോട്​ പിടിച്ചുനിൽക്കാനും എന്നെ വളരെ സഹായിച്ചിട്ടുണ്ട്​. വേറൊരു ലോകമാണിത്​. പ്രീതിപ്പെടുത്തിയും സോപ്പിട്ടുമൊക്കെയാണ്​ ഇവിടെ നിൽക്കുക.

ദുബായിൽ പോയി അവിടെ രണ്ടുമൂന്ന് മാഗസിനുകളുടെ എഡിറ്ററായി. ചാനലിൽ ജോലി ചെയ്തു. ‘അമ്മ അറിയാനി’ൽ പ്രവർത്തിക്കുമ്പോൾ മുതൽ സിനിമ എന്നത് വലിയ പാഷനായിരുന്നു. ആവിഷ്‌കാരത്തിന്റെ ഏറ്റവും ശക്തമായ രൂപം സിനിമയാണെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. ലോകം മുഴുവൻ ഒരു സന്ദേശമെത്തിക്കാൻ കഴിയുന്നത് സിനിമയിലൂടെ തന്നെയാണ്, നാടകത്തിലൂടെയും എഴുത്തിലൂടെയുമല്ല. ഒരു സിനിമയെടുക്കണമെന്നത്​ എന്റെ മോഹമായിരുന്നു. അങ്ങനെയാണ്​ സുഹൃത്തായ രഞ്ജിത്ത്​ ‘എടുക്കെടാ’ എന്ന്​ പ്രചോദനം നൽകിയത്. രഞ്​ജിത്തിനെപ്പോലൊരാളിന്റെ ബാക്കിങ്​ ഉണ്ടല്ലോ എന്നത്​ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ഞാൻ അവന്റെ പടത്തിൽ അഭിനയിക്കാൻ പോയിട്ടില്ല. ‘സ്​പിരിറ്റോ’ മറ്റോ ഷൂട്ട്​ ചെയ്യുമ്പോൾ എന്നോട്​ ചോദിച്ചതാണ്​, അഭിനയിക്കണോ എന്ന്​. ‘വേണ്ട’ എന്നു പറഞ്ഞ്​ ഞാൻ മാറുകയാണ്​ ചെയ്​തത്​. കാരണം, ആക്​റ്റിങ്ങിലേക്കാണ്​ വരിക എന്നത്​ എനിക്കന്ന്​ അറിയില്ലായിരുന്നു. കാരണം, ആ ഒരു പിരിയഡ്​ കഴിഞ്ഞല്ലോ.

'അമ്മ അറിയാനിൽ' ജോയ് മാത്യു

‘ഷട്ടർ’ കഴിഞ്ഞ് അടുത്ത സിനിമ പ്ലാൻ ചെയ്യുന്ന സമയത്താണ് രാജീവ്​ രവി​, രണ്ടുദിവസം വന്ന്​ ‘അന്നയും റസൂലി’ലും അഭിനയിച്ചൂടേ എന്ന്​ ചോദിച്ചത്. അഭിനയിക്കാൻ പോയ സമയത്ത്​, എന്റെ സിനിമയിൽ സൗണ്ട് ഡിസൈനിങ് ചെയ്യുന്ന രംഗനാഥ് രവി ‘ആമേനി’ന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ‘അമ്മ അറിയാനി’ൽ അഭിനയിച്ച ജോയ് മാത്യു തിരിച്ചുവന്നിട്ടുണ്ടെന്ന് പറഞ്ഞാണ് എന്നെ അതിലേക്ക് നിർദേശിച്ചത്. ‘ആമേനോ’ടെയാണ് അഭിനയത്തിൽ സജീവമാകുന്നത്. എട്ടുവർഷത്തിനിടെ നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

പുസ്തക പ്രസാധനത്തിൽ നേരിട്ട തിരിച്ചടികൾ സിനിമയിൽ അഭിനയിക്കാനും സിനിമാക്കാരോട്​ പിടിച്ചുനിൽക്കാനും എന്നെ വളരെ സഹായിച്ചിട്ടുണ്ട്​. വേറൊരു ലോകമാണിത്​. പ്രീതിപ്പെടുത്തിയും സോപ്പിട്ടുമൊക്കെയാണ്​ ഇവിടെ നിൽക്കുക. ഒരാളോട്​ അങ്ങോട്ടുപോയി ചാൻസ്​ ചോദിക്കാതെ എനിക്ക്​ നിൽക്കാൻ പറ്റിയത്​, പ്രസാധനത്തിലൂടെയും അതിനുമുമ്പ്​ രാഷ്​ട്രീയത്തിലൂടെയും നേടിയ അനുഭവസമ്പത്തും തിരിച്ചടികളെ നേരിടാനുള്ള കഴിവും മൂലമാണ്​. ഏത്​ കാരക്​റ്റർ ചെയ്യു​മ്പോഴും എനിക്ക്​ ഓർമ വരും, ജീവിതത്തിൽ ഇതേപോലൊരു സന്ദ​ർഭം കഴിഞ്ഞിട്ടുണ്ടല്ലോ... അതുകൊണ്ടായിരിക്കാം ആക്​റ്റിങ്​ നന്നായിപ്പോകുന്നത്​. അല്ലാതെ, ഇരുപതാം വയസ്സിലൊക്കെ നായകനായി പോയിരുന്നുവെങ്കിൽ ഞാനിപ്പോൾ വീട്ടിലിരിക്കുന്നുണ്ടാകുമായിരുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ജോയ് മാത്യു

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്​, സാംസ്‌കാരിക പ്രവർത്തകൻ. ബോധി ബുക്‌സ്​ എന്ന പ്രസാധന സ്​ഥാപനം നടത്തിയിരുന്നു.

Comments