ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി

രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു

ർമവെച്ച നാൾ മുതൽ ഗാന്ധിയെന്ന പേര് ഔദ്യോഗിക ഭരണസംവിധാനത്തിന്റെ ഭാഗമായി മാത്രം കേട്ടുവളർന്ന ഒരാളാണ് ഞാൻ. റേഡിയോ പ്രഭാഷണങ്ങളിൽ, നോട്ടുകളിൽ, സർക്കാർ കലണ്ടറുകളിൽ, ഔദ്യോഗിക ഒഴിവുദിനങ്ങളായി... അങ്ങിനെയങ്ങിനെ. ഗാന്ധിയെക്കുറിച്ച് കേൾക്കുന്ന, അറിഞ്ഞ ഓരോ വാക്കുകളിലും ഭരണശാസനങ്ങളോട് ചേർന്നുനിൽക്കാൻ നിർബന്ധിക്കുന്ന ചിലതുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വ്യവസ്ഥിതിയുടെ പ്രതിപുരുഷനെന്ന നിലയിലായിരുന്നു ചെറുപ്പത്തിൽ ഗാന്ധിയെ കണ്ടിരുന്നത്. ഗാന്ധി നിഷേധം സ്വാഭാവിക പരിണതിയെന്ന നിലയിൽ എന്നിലേക്ക് കടന്നുവരികയും ചെയ്തു. ‘ഗാന്ധി എന്താക്കി? ഇന്ത്യയെ മാന്തിപ്പുണ്ണാക്കി' എന്ന മുദ്രാവാക്യത്തോടായിരുന്നു അന്ന് കൂടുതൽ ആഭിമുഖ്യം.

തികച്ചും യാദൃച്ഛികമായി ഗാന്ധിയുമായി ഏറെ ബന്ധം പുലർത്തിയിരുന്ന ഒരുകൂട്ടം ആളുകളുടെ നടുവിലേക്ക് ഞാൻ എത്തിപ്പെട്ടു, തൊണ്ണൂറുകളുടെ തുടക്കത്തിൽ. ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകൻ നാരായൺ ദേസായിയുടെ അടുക്കൽ! രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ ‘ബാപ്പുവിന്റെ ബാബ്‌ല'യുടെ കൂടെ. പിന്നീടങ്ങോട്ട് ഗാന്ധിയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള നിരവധി ആളുകളെ പരിചയപ്പെടാനും സംസാരിക്കാനും പല അവസരങ്ങളും ലഭിച്ചു. അപ്പോഴും ‘ഔദ്യോഗിക ഗാന്ധി'യോടുള്ള വിമുഖത ഗാന്ധിയെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ നിന്ന് സ്വയം മാറ്റിനിർത്തി.

മഹാദേവ് ദേസായി ഗാന്ധിക്കൊപ്പം

1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തോട് നാരായൺ ദേസായി അടക്കമുള്ള ഒരു ചെറുകൂട്ടം ഗാന്ധിയന്മാർ സ്വീകരിച്ച നിലപാട്​ ‘ഗാന്ധിയന്മാരെ'ക്കുറിച്ചുള്ള മുൻധാരണകൾക്ക് ചെറിയ ഇളക്കം സൃഷ്ടിച്ചു എന്നത് വസ്തുതയാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ട ഡിസംബർ 6ന് നാരായൺ ദേസായി, ബാജി മുഹമ്മദ് എന്നീ ഗാന്ധിയന്മാരുടെ നേതൃത്വത്തിൽ അയോദ്ധ്യയിൽ രാമനാമവുമായി സത്യഗ്രഹം നടക്കുകയുണ്ടായി. താൽക്കാലികമായി കെട്ടിയുയർത്തിയ പന്തലിൽ നൂൽനൂറ്റ്​ ബാബറി മസ്ജിദ് തകർക്കുന്നതിനെതിരെ അവർ സത്യഗ്രഹമിരുന്നു. എഴുപത് വയസ്സു പിന്നിട്ട നാരായൺ ദേസായിയെയും ബാജി മുഹമ്മദിനെയും കുറുവടികൾ കൊണ്ട് നേരിടുകയായിരുന്നു മതവൈരം പൂണ്ട ബജ്​റംഗദൾ പ്രവർത്തകർ. അന്നേറ്റ മർദ്ദനത്തിന്റെ ശാരീരികാവശതകളുമായാണ് ദേസായി തിരിച്ചുവന്നത്.
തുടർന്നുള്ള നാളുകളിൽ ഗാന്ധിയുടെ രാമനും സംഘപരിവാർ രാമനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ശ്രമമായിരുന്നു.

ദേസായിയുമായുള്ള നിരന്തര സംഭാഷണങ്ങളിലൂടെ വേറൊരു ഗാന്ധി ചിത്രം രൂപപ്പെടാൻ തുടങ്ങിയിരുന്നു. ദൈർഘ്യമേറിയ ഈ സംഭാഷണത്തിൽ നിന്ന് ഒരു ശകലം ഇവിടെ കുറിക്കുന്നത് അനുചിതമാകില്ലെന്ന് തോന്നുന്നു. ഗാന്ധിയുടെ ഹിന്ദുവും സംഘപരിവാറിന്റെ ഹിന്ദുത്വവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? എന്ന ചോദ്യത്തിന് ദേസായിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘വലിയ വ്യത്യാസങ്ങളുണ്ട്. ചരിത്രം തന്നെ ഇതിന് വലിയ തെളിവുകൾ നൽകുന്നുണ്ട്. പലതരത്തിലുള്ള ഇന്റർപ്രറ്റേഷൻസ് ഉണ്ട്. അതിലൊന്ന്, ഭാരതത്തിന്റെ സംസ്‌കാരം സമന്വയത്തിന്റേതാണ് എന്നതാണ്. ആരെങ്കിലും ഇവിടെ വന്നാൽ അവരുടെ സംസ്‌കാരം സ്വാംശീകരിക്കാനും അവരെ തങ്ങളിലേക്ക് ചേർത്തുനിർത്താനും ഭാരതത്തിന് സാധിച്ചിരുന്നു. ഇവിടെ ‘അള്ളോപനിഷത്ത്' രചിക്കപ്പെട്ടിരുന്നു എന്നത് മനസ്സിലാക്കേണ്ടതുണ്ട്. അതായത്, ഇസ്‌ലാമിനെയും സ്വാംശീകരിക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. ബുദ്ധൻ ഈശ്വരനിൽ വിശ്വസിച്ചിരുന്നില്ല. അദ്ദേഹവും ഇവിടെ വന്നു. ഈശ്വരനിൽ വിശ്വസിക്കാത്ത ബുദ്ധനെ നാം മറ്റൊരു ഈശ്വരനാക്കിക്കൊണ്ടാണ് സ്വാംശീകരിച്ചത്.

ലേഖകൻ നാരായണൺ ദേസായിക്കൊപ്പം.

ഒരുതരത്തിൽ ഒരു സർവ സമാവേശ സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നത് വസ്തുതയാണ്. ഈ രാജ്യത്തിന്റെ സാമൂഹ്യജീവിതത്തെ പുഷ്ടിപ്പെടുത്തി, ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്ന സർവസമാവേശത്തിേന്റതായ ഒരു പ്രവാഹം ഇവിടെ നിന്നിരുന്നു എന്നുള്ളതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇതിന് നേർവിപരീതമായ നിലപാടാണ് സംഘപരിവാറിന്റേത് എന്നത് വ്യകതമാണ്. ഇവിടെ പ്രാചീനകാലം തൊട്ട് നിലനിന്നിരുന്നവരും ഇതിനെ പുണ്യഭൂമിയായി കരുതുന്നവരും മാത്രമേ ഹിന്ദു ആയിരിക്കുകയുള്ളൂ എന്നായിരുന്നു സവർക്കറുടെ വ്യാഖ്യാനം. സമന്വയമെന്ന വളരെ സുപ്രധാനമായൊരു ഗുണത്തെ അംഗീകരിക്കാൻ അവർ തയ്യാറായില്ല.

ഗാന്ധി താൻ സനാതന ഹിന്ദുവാണെന്ന് പറഞ്ഞ അതേ നിമിഷംതന്നെ താൻ മുസൽമാനാണ്, ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളെയും അതോടൊപ്പം ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു നല്ല ഹിന്ദു എന്നതിനർത്ഥം ഒരു നല്ല മുസൽമാൻ, ഒരു നല്ല ക്രിസ്ത്യാനിയോ ആണ് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗാന്ധിജി സനാതൻ ഹിന്ദുവാണ് താൻ എന്ന് പറഞ്ഞതിനെ നാം നമ്മുടേതായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. നിത്യനൂതനമായത് എന്നർത്ഥത്തിൽ സനാതനം എന്ന വാക്കാണ് ഗാന്ധി ഉപയോഗിച്ചിരുന്നത്. ഗാന്ധി ഉറച്ച ഹിന്ദുമത വിശ്വാസിയായിരുന്നു എന്നതിൽ ഒരു സംശയവുമില്ല. എന്നാൽ അദ്ദേഹത്തിന്റെ ഹിന്ദുത്വം ഇസ്‌ലാം വിരോധിയോ ക്രിസ്ത്യൻ വിരോധിയോ ആയിരുന്നില്ല. അദ്ദേഹം ഖുർആൻ, ബൈബിൾ എന്നിവ വളരെ ആഴത്തിൽ പഠിക്കുകയും ഇവയെല്ലാം അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്ന് പറയുകയുമുണ്ടായി.

ആചാരാനുഷ്ഠാനങ്ങളിലും നിയമങ്ങളിലും ചില വ്യത്യാസങ്ങൾ ഉണ്ടെന്നല്ലാതെ അടിസ്ഥാന സ്വഭാവത്തിൽ വലിയ മാറ്റങ്ങളൊന്നും കാണാൻ സാധിക്കില്ല. സമഭാവനയോടെ സർവ്വമതങ്ങളെയും കാണാനും സ്വാംശീകരിക്കുവാനുമുള്ള പ്രയത്‌നങ്ങളായിരുന്നു ഗാന്ധി ചെയ്തത്. വിനോബ ഇക്കാര്യത്തിൽ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഖുർആന് തന്റേതായ പരിഭാഷ്യം രചിക്കാൻ അദ്ദേഹം തയ്യാറായി. ബംഗ്ലാദേശിൽ ഇതിനെതിരായി ചില മുറുമുറുപ്പുയരുകയുണ്ടായി. വിനോബയുടെ ‘ഖുർആൻ സാരം' (The essense of Quran) എന്ന ഗ്രന്ഥം നിരോധിക്കണമെന്ന ആവശ്യമുയർന്നപ്പോൾ ബംഗ്ലാദേശ് പ്രസിഡണ്ട് അയൂബ്ഖാൻ മൗലവിമാരുടെ ഒരു കമ്മിറ്റിയെ നിയോഗിച്ച് ‘കാഫിർ തയ്യാറാക്കിയ ഈ ഗ്രന്ഥത്തെ വിലയിരുത്തി അഭിപ്രായം അറിയിക്കാൻ' ആവശ്യപ്പെടുകയുണ്ടായി. മൗലവിമാർ പറഞ്ഞത്, ഏതൊരു മുസൽമാനും തയ്യാറാക്കുന്നതിനേക്കാൾ ഭംഗിയായിട്ടാണ് വിനോബ ഇക്കാര്യം നിർവ്വഹിച്ചിരിക്കുന്നതെന്നാണ്! മനുഷ്യരെ വേർതിരിച്ചുനിർത്തുന്ന സംഘപരിവാറിന്റെ ഹിന്ദുത്വവും സർവ്വസമാവേശിയായ ഗാന്ധിയുടെ ഹിന്ദുത്വവും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്''.

തുടർന്നങ്ങോട്ടുള്ള ഗാന്ധി വായനകളിൽ നിന്ന്, ഭരണവ്യവസ്ഥയെ കേന്ദ്രസ്ഥാനമായി കരുതാത്ത, കൂടുതൽ വികേന്ദ്രീകൃതവും ‘സ്വയം ഭരണാത്​മകവുമായ' ഒരു അധികാര വ്യവസ്ഥ സ്വപ്നം കണ്ടിരുന്ന, എല്ലാ അധികാര ചിഹ്‌നങ്ങളെയും നിരന്തരമായി നിരസിച്ച, വ്യവസ്ഥിതിയോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്ന മറ്റൊരു ഗാന്ധിചിത്രം മനസ്സിൽ പതിയാൻ തുടങ്ങിയിരുന്നു. അപ്പോഴും ഇപ്പോഴും ഗാന്ധിയുടെ മതചിന്ത അസ്പഷ്ടമോ അപൂർണമോ ആണെന്ന ധാരണയാണ് എനിക്ക്​. മതത്തെ മാറ്റിനിർത്തിയാൽ പിന്നെ ഗാന്ധിയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടുമില്ല.

സാമൂഹ്യ മാറ്റങ്ങളെ വിശ്ലേഷണം ചെയ്യാനോ വിലയിരുത്താനോ ഉള്ള ഒരു ശാസ്ത്രീയ മാനദണ്ഡം വികസിപ്പിക്കുവാൻ ഗാന്ധിക്ക് സാധിച്ചിട്ടില്ല എന്നത് ഓരോ ഘട്ടത്തിലും ‘ഗാന്ധിസ'ത്തിന്റെ പോരായ്മയായി അനുഭവപ്പെട്ടിരുന്നു. എന്നാലതേ സമയം ഇരുപതാം നൂറ്റാണ്ടിന്റെ - ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടർന്നുകൊണ്ടിരിക്കുന്ന- സാമൂഹ്യ സമസ്യകൾക്കുള്ള പല ഉത്തരങ്ങളും ഗാന്ധി ചിന്തകളിൽ നിന്ന് കണ്ടെടുക്കാം എന്നത് ‘സത്യാന്വേഷണ'മെന്ന, നിത്യവികാസശീലമുള്ള, ഗാന്ധിയൻ ‘പ്രത്യയശാസ്ത്ര'ത്തിന്റെ മാത്രം പ്രത്യേകതയായി കാണാം.

കോൺഗ്രസ് ഭരണഘടന തയ്യാറാക്കുന്ന അവസരത്തിൽ ഗാന്ധി അതിൽ attaining independence through thruthful non-violent means എന്ന് എഴുതിച്ചേർക്കുകയുണ്ടായി. എന്നാൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അത് അംഗീകരിക്കുകയുണ്ടായില്ല. പകരം peaceful and legitimate means എന്ന് മാറ്റിയെഴുതുകയാണുണ്ടായത്. ‘സത്യനിഷ്ഠമായ അഹിംസാമാർഗം’ എന്നത് സംബന്ധിച്ച ഗാന്ധിയുടെ പരികൽപന മനസിലാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. അഹിംസയുടെയും സത്യഗ്രഹത്തിന്റെയും സാമൂഹ്യപ്രയോഗത്തെ സംബന്ധിച്ച ഗാന്ധിയുടെ ബോധ്യങ്ങൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പലർക്കും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. അധികാരം കയ്യിലെത്തുന്നതുവരെ മാത്രമേ അവർക്ക് ഗാന്ധിയെ ആവശ്യമുണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് തങ്ങൾക്ക് കൈവന്ന അധികാരം നിലനിർത്താനുള്ള ഉപാധിയായും അവർ ഗാന്ധിയെ ഉപയോഗിച്ചുപോന്നു.

നാരായൺ ദേസായി രചിച്ച മൂവായിരത്തിലധികം പേജുകളുള്ള, നാല് വാല്യം വരുന്ന, ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം ‘മാരു ജീവൻ ഏജ് മാരി വാണി' (എന്റെ ജീവിതം തന്നെ എന്റെ സന്ദേശം) മലയാളത്തിൽ പരിഭാഷപ്പെടുത്താൻ അവസരം കൈവന്നതിലൂടെയാണ് ഗാന്ധി എന്ന ‘മനുഷ്യനെ' കൂടുതൽ വ്യകതതയോടെ മനസ്സിലാക്കാൻ സാധിച്ചത്.
ഗാന്ധി ജീവചരിത്രത്തിലൂടെ നാരായൺ ദേസായി ചിത്രീകരിച്ച ഗാന്ധി, ആസക്തികൾക്കും അനാസക്തികൾക്കും ഇടയിൽ സംഘർഷമനുഭവിക്കുന്ന, സത്യാന്വേഷണങ്ങൾക്കിടയിൽ കാലിടറി വീഴുകയും ഉയിർത്തെഴുന്നേൽക്കാൻ നിരന്തരം ശ്രമിക്കുകയും ഉറച്ച കാൽവെപ്പുകളോടെ മുന്നോട്ടുനടക്കുകയും ചെയ്യുന്ന ഒരാളിയിരുന്നു. തന്റെ പരിമിതികൾ, ദൗർബല്യങ്ങൾ ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടിക്കാത്ത ഒരു വ്യക്തി, തനിക്ക് ശരിയെന്ന് തോന്നുന്നത് ഉറക്കെ വിളിച്ചുപറയാൻ ഒട്ടും സങ്കോചമനുഭവിക്കാത്ത ഒരു മനുഷ്യനെയായിരുന്നു ദേസായി തന്റെ ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ചത്.
ഇതോടൊപ്പം, ആധുനികതയോടൊപ്പം കടന്നുവന്ന വികസന സമ്പ്രദായങ്ങളുടെ ഇരകൾ ലോകമൊട്ടാകെയും ശബ്ദമുയർത്തിക്കൊണ്ടിരുന്ന ഒരു കാലത്ത് ഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങൾ ആധുനികതയോടുള്ള ഗാന്ധിയുടെ വിസമ്മതങ്ങളുടെ പൊരുൾ കൂടുതൽ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കേന്ദ്രീകൃത അധികാര സ്വരൂപങ്ങളും വൻ ഉൽപാദന സംവിധാനങ്ങളും അനിവാര്യമായ രീതിയിൽ മനുഷ്യ- പ്രകൃതി വിരുദ്ധങ്ങളായി മാറുമെന്ന ഗാന്ധിയൻ നിരീക്ഷണം വളരെ കൃത്യമായിരുന്നു. ഇവയൊന്നും ശാസ്ത്രീയ പഠനങ്ങളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലായിരുന്നില്ല ഗാന്ധി അവതരിപ്പിച്ചത്. മറിച്ച് അഹിംസ, സത്യാന്വേഷണം തുടങ്ങിയ ധാർമ്മിക മൂല്യങ്ങളുടെ അടിത്തറയിൽ നിന്നായിരുന്നു ഗാന്ധി തന്റെ ബോധ്യങ്ങൾ വികസിപ്പിച്ചെടുത്തത്.

അനുഭവതലങ്ങളെയും ധാർമിക മൂല്യങ്ങളെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കപ്പെടുന്ന ബോധ്യങ്ങളും ഉൾക്കാഴ്ചകളും സ്വാഭാവികമായും എത്തിപ്പെടുന്ന പരിമിതികളുണ്ട്. ഗാന്ധിക്കും ഈ പരിമിതി ബാധകമായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഉയർന്നുവന്ന ദളിത് മിലിട്ടൻസിയെ അതിന്റെ സത്തയിൽ മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്നത്. സനാതന ഹിന്ദുത്വത്തെ സംബന്ധിച്ച ഗാന്ധിയുടെ പരികൽപനകൾ എന്തുതന്നെയായാലും അന്നും ഇന്നും എന്നും ഇന്ത്യയിലെ ദളിത് വിഭാഗത്തെ സംബന്ധിച്ച് അത് വരേണ്യതയുടെ ആധിപത്യ സ്വഭാവം ഉറപ്പിച്ച് നിർത്തുന്ന ഒന്നായിരുന്നു. ഇത് മനസ്സിലാക്കാൻ ഗാന്ധിക്ക് കഴിഞ്ഞിരുന്നില്ല. സവർണ്ണ മേധാവിത്വത്തിന്റെ എല്ലാ പ്രിവിലേജുകളും അനുഭവിച്ച് വളർന്നുവന്ന ഒരു സമൂഹത്തോട് ദളിതരോടുള്ള അവരുടെ പ്രവൃത്തികളിൽ പ്രായശ്ചിത്തം ചെയ്യാനാണ് ഗാന്ധി ആവശ്യപ്പെട്ടത്. അതേസമയം നിയമപരവും ഭരണഘടനാപരവുമായ മാർഗ്ഗങ്ങളിലൂടെ ദളിത് ജീവിതാവസ്ഥകളെ മാറ്റിയെടുക്കാനായിരുന്നു അംബേദ്കർ ശ്രമിച്ചത്. ഇത് മനസ്സിലാക്കാൻ ഗാന്ധിക്ക് സാധിക്കാതിരുന്നത് സാമൂഹ്യാവസ്ഥകളെ വിലയിരുത്താനുള്ള പ്രത്യയശാസ്ത്ര മാനദണ്ഡങ്ങളുടെ അഭാവം തന്നെയാണെന്ന് പറയേണ്ടതുണ്ട്.
അപരനോടുള്ള കരുണയും കരുതലും അവരുടെ രക്ഷാകർതൃത്വം സ്വയം ഏറ്റെടുക്കുന്നതിലേക്കും പലപ്പോഴും അവരുടെ സ്വകർതൃത്വം നിഷേധിക്കുന്നതിലേക്കും ഗാന്ധിയെ കൊണ്ടുചെന്നെത്തിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. ദേശീയ പ്രക്ഷോഭങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ പങ്ക് കൂടുതൽ മനസ്സിലാക്കാനോ അവയെ അംഗീകരിക്കാനോ ഗാന്ധിക്കും സഹപ്രവർത്തകർക്കും സാധിച്ചിട്ടില്ലെന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദിവാസികളുടെ പങ്കിനെ സംബന്ധിച്ചുള്ള പഠനങ്ങളിലൂടെ എനിക്ക് ബോദ്ധ്യപ്പെട്ട കാര്യമാണ്. ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാളും കൂടുതൽ ശക്ത​മായി ഇടപെടാനുള്ള അവസരം ഗാന്ധിയൻ പ്രവർത്തകർക്ക് കൈവന്നിരുന്നുവെങ്കിലും ‘ദുർബലരും അശരണരുമായ' ആദിവാസികളോടുള്ള കരുണയിൽ നിന്ന് വളർന്നുവന്ന സന്നദ്ധപ്രവർത്തനങ്ങളായി മാറുകയായിരുന്നു അവയെല്ലാം. മോത്തിലാൽ തേജാവതിന്റെ നേതൃത്വത്തിൽ ഭീൽ ആദിവാസികൾ നടത്തിയിരുന്ന പ്രക്ഷോഭം തള്ളിപ്പറയാനും ഒരുഘട്ടത്തിൽ ഗാന്ധി തുനിയുന്നത് കാണാൻ സാധിക്കും (Danders of Mass Movement, M.K.Gandhi, Young India, 1922, February 10).

ഗാന്ധി എന്ന വ്യക്തി​യുടെ ഏറ്റവും സവിശേഷ ഗുണമെന്നത് സ്വന്തം തെറ്റ്​ബോദ്ധ്യമാകുന്ന മുറയ്ക്ക് അത് തുറന്നുപറയാനും തിരുത്താനും തയ്യാറാകുന്നു എന്നതാണ്. ഇത് ‘സത്യാന്വേഷണ'മെന്ന, ഒരുവേള അദ്ദേഹത്തിന് മാത്രം പ്രാപ്യമായ, ‘പ്രത്യയശാസ്ത്ര'ത്തിന്റെ സ്വയംവികാസശീലത്തിൽ നിന്ന് ഉറവെടുത്തതാകാം. അതുകൊണ്ടുതന്നെയാണ്​ ഗാന്ധിയെ ദൂരെനിന്ന് വീക്ഷിക്കുന്നവർക്ക് അദ്ദേഹം വൈരുദ്ധ്യങ്ങളുടെ ഒരു കൂടാരമായി അനുഭവപ്പെടുന്നതും. ഗാന്ധി ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്; ‘യുക്തികൊണ്ട് മനസിലാക്കാൻ സാധിക്കുന്നത്രയും യുക്തിയെ കൂട്ടുപിടിച്ചുകൊണ്ട് മുന്നേറണം. യുക്തി അവസാനിക്കുന്നിടത്ത് വിശ്വാസം മുറുകെ പിടിക്കുക എന്നതാണ് എന്റെ രീതി’.
ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഈ ഗാന്ധിയെ കണ്ടെത്താൻ കഴിയാത്തവർക്ക് എന്നും അപ്രാപ്യമായ ഒന്നുതന്നെയായിരിക്കും ഗാന്ധിയും ഗാന്ധിചിന്തയും.കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments