2024-ൽ വായിച്ചതിൽ ഏറ്റവും ആകർഷിച്ച പുസ്തകം തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ സംശയലേശമെന്യേ പറയുന്ന ഒന്നായിരിക്കും, ട്രെബോർ ഷോൾസിന്റെ ‘Own This!: How Platform Cooperatives Help Workers Build a Democratic Internet’ . വർത്തമാനകാലം നേരിടുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കൃത്യതതയോടെ വരച്ചുകാട്ടുന്ന ഒട്ടനവധി ഗ്രന്ഥങ്ങൾ ഈ വർഷം വായിച്ചിട്ടുണ്ട്. അതേസമയം പ്രതിസന്ധികൾക്ക് കാരണമാകുന്ന ഘടകത്തെ കൂടുതൽ അവധാനതയോടെയും സൂക്ഷ്മതയോടെയും ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ അത് പുതിയൊരു വികേന്ദ്രീകൃത രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും അധികാരബന്ധങ്ങൾക്കും ഉള്ള സാധ്യത എത്രത്തോളം ഉയർത്തുമെന്ന് വിശദീകരിക്കുന്ന പുസ്തകമെന്ന നിലയിൽ ട്രെബോർ ഷോൾസിന്റെ ഈ പുസ്തകം മറ്റുള്ളവയിൽ നിന്ന് വ്യതിരിക്തമായി നിൽക്കുന്നു.
വർത്തമാനലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ വളർച്ച, വൻകിട ടെക് കമ്പനികളുടെ സർവ്വാധിപത്യം, സാമ്പത്തിക അസമത്വം, തൊഴിൽ അവകാശ നിഷേധം, കാലാവസ്ഥാ പ്രതിസന്ധി എന്നിവയുൾപ്പെടെ വിശകലനം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങൾ ഇക്കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തെ, സഹകരണ മനുഷ്യൻ (Homo Reciprocan) എന്ന നിലയിലുള്ള അവരുടെ സഹജാവബോധത്തെ, ഉയർത്തിപ്പിടിച്ച് സാങ്കേതിക വികാസത്തെ ജനാധിപത്യപരവും സുസ്ഥിരവുമായ വഴികളിലൂടെ എങ്ങനെ വികസിപ്പിക്കാമെന്ന് ഷോൾസിന്റെ പുസ്തകം പറഞ്ഞുതരുന്നു.

ഡിജിറ്റൽ സമ്പദ് വ്യവസ്ഥ എന്നത് ആഗോളതലത്തിൽ തന്നെ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. സാമൂഹിക സഹകരണത്തെ മൂലധന കേന്ദ്രീകരണത്തിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുന്ന വൻകിട ടെക് കോർപ്പറേറ്റുകളാണ് ഇന്ന് ഡിജിറ്റൽ മേഖലയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക സഹകരണത്തെ (Social Co-operation) യെന്നപോലെ തൊഴിൽ, സേവനം എന്നിവയെക്കൂടി ആധുനിക ടെക് കോർപ്പറേറ്റുകൾ തങ്ങളുടെ മൂലധനം പെരുപ്പിക്കാനുള്ള വഴികളായി മാറ്റിയിട്ടുണ്ടെന്നതും യാഥാർത്ഥ്യമാണ്. തിരിച്ചുപോക്ക് അസാധ്യമാക്കുംവിധം സാമൂഹിക-സാമ്പത്തിക ഘടനയിലേക്ക് കൂടുതൽ ആഴത്തിൽ വേരൂന്നുന്ന ഡിജിറ്റൽ സമ്പദ് വ്യവസ്ഥയ്ക്ക് മാനുഷിക മുഖം നൽകാൻ എങ്ങനെ സാധിക്കും എന്നതാണ് ഈ പുസ്തകം അന്വേഷിക്കുന്നത്. തീർച്ചയായും ഇത്തരമൊരാശയം മുന്നോട്ടുവെക്കുന്നതിൽ ഷോൾസ് തനിച്ചല്ലെന്നും നമുക്കറിയാം.
ഡിജിറ്റൽ യുഗത്തിലെ പ്ലാറ്റ്ഫോം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷോൾസ്, പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ്സ് എന്ന ആശയത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സാധ്യതകളിലേക്ക് തന്റെ ഗവേഷണം വികസിപ്പിക്കുന്നു. സഹകരണ പ്രസ്ഥാനങ്ങളുടെ ദീർഘചരിത്രത്തെ പുതിയ സാങ്കേതികവിദ്യകളിലേക്ക് വിളക്കിച്ചേർക്കാൻ അദ്ദേഹം ശ്രമിക്കുന്നു.
''ആരോഗ്യം, ഭക്ഷ്യ വിതരണം, ഗതാഗത സംവിധാനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ നമ്മുടെ ജീവിതത്തിന്റെ സുപ്രധാന വശങ്ങളുടെ നിയന്ത്രണം ഒരുപിടി കോർപ്പറേഷനുകൾക്ക് നൽകുന്നതിനെ നാം അംഗീകരിക്കുന്നുണ്ടോ?'' എന്ന അടിസ്ഥാന ചോദ്യമാണ് 'ഓൺ ദിസ്' എന്ന ഗ്രന്ഥം മുന്നോട്ടുവെക്കുന്നത്.
പുതുതായി ഉദയം ചെയ്ത 'പ്ലാറ്റ്ഫോം സമ്പദ്‌വ്യവസ്ഥ'യിൽ തൊഴിലാളികളെ 'പങ്കാളികൾ' (Partners) എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നതെങ്കിലും ആധുനിക വ്യവസായ യുഗത്തിൽ തൊഴിലാളികൾക്ക് ലഭിച്ചിരുന്ന മിക്ക അവകാശാധികാരങ്ങളും തുടച്ചുമാറ്റിക്കൊണ്ടാണ് അവ വളർന്നുവികസിക്കുന്നതെന്ന് കാണാം. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ തൊഴിലാളികൾക്ക് പൂർണ്ണമോ, ഭാഗികമോ ആയ ഉടമസ്ഥത സാധ്യമാക്കുന്ന 'സഹകരണ മാതൃക' എന്ന നിലയിലാണ് ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലെ പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവുകളെ ഷോൾസ് അടക്കമുള്ളവർ മുന്നോട്ടുവെക്കുന്നത്. ലോകമെമ്പാടുമായി പരീക്ഷിച്ചുവരുന്ന ഒട്ടനവധി പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും ഈ ഗ്രന്ഥത്തിൽ വിശദമായുണ്ട്.
ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലെ ആപ്പുകൾ, പ്ലാറ്റ്ഫോമുകൾ, പ്രോട്ടോക്കോളുകൾ എന്നിവയുടെ ഉടമസ്ഥതയിലൂടെ ആളുകൾക്ക് കൂടുതൽ നിയന്ത്രണമുള്ള ഒരു ഭാവി ഇത്തരം സഹകരണ പ്രസ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ടാക്സി ഡ്രൈവർമാർ ഉൾക്കൊള്ളുന്ന റൈഡ് ഹെയ്ലിംഗ് (Ride Hailing) പ്ലാറ്റ്ഫോമിലൂടെ ഇത്തരത്തിലുള്ള സഹകരണ സംഘങ്ങളുടെ സാധ്യതകളെ സംബന്ധിച്ചുള്ള പ്രായോഗിക കാഴ്ചപ്പാടുകൾ നമ്മിലേക്ക് എത്തിക്കാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനായി രൂപീകരിക്കപ്പെട്ട സഹകരണ മേഖലയിലെ ഹൈസ്പീഡ് ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചറുകൾ, സാമൂഹിക പരിപാലനം എന്നിങ്ങനെ നിരവധി സാധ്യതകളിലേക്ക് പുസ്തകം വിരൽചൂണ്ടുന്നു.
തൊഴിൽ പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയയും വെബ് ഇൻഫ്രാസ്ട്രക്ചറും അടങ്ങുന്ന പ്ലാറ്റ്ഫോം കോ-ഓപ്പുകളുടേതായ ഒരു ആഗോള ആവാസവ്യവസ്ഥയ്ക്ക് സമന്വയത്തിന്റേതായ ഒരു ശൈലി വികസിപ്പിച്ചെടുക്കാൻ എളുപ്പം സാധിക്കുമെന്ന് ഗ്രന്ഥകാരൻ വാദിക്കുന്നു. ''ലേബർ പ്ലാറ്റ്ഫോമുകൾ ജനറേറ്ററായും, സോഷ്യൽ മീഡിയ മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവ സർക്യൂട്ടുകളായും പ്രവർത്തിക്കുന്ന, സഹകരണതത്വങ്ങളാൽ നയിക്കപ്പെടുന്ന, കൂടുതൽ നീതിയിലധിഷ്ഠിതവും ജനാധിപത്യപരവുമായ ഒരു ഡിജിറ്റൽ ലോകത്തെ അത് പ്രതിനിധാനം ചെയ്യുന്നു'' - ഷോൾസ് വിശദീകരിക്കുന്നു.

ജനാധിപത്യപരവും വികേന്ദ്രീകൃതവുമായ ഒരു ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്ക് എത്തുന്നതിനായി നവീന സാങ്കേതിക വിദ്യകളെത്തന്നെ കൂട്ടുപിടിക്കാൻ അദ്ദേഹം ഉപദേശിക്കുന്നു. ബ്ലോക്ക്ചെയിനുകൾ, ക്രിപ്റ്റോ, വെബ് 3, വികേന്ദ്രീകൃത സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ പരമ്പരാഗത സഹകരണ സംഘങ്ങളെയും സാങ്കേതിക സ്റ്റാർട്ടപ്പുകളുടെ പ്രവർത്തന രീതിയെയും പുനഃസംഘടിപ്പിക്കുന്നതിനുള്ള വഴികൾ എന്ന നിലയിൽ നിർദ്ദേശിക്കുന്നു.
വിജയകരമായ സാമ്പ്രദായിക സഹകരണ മാതൃകകളെ ഷോൾസ് തന്റെ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ SEWA, സ്പെയിനിലെ മോൺഡ്രാഗൺ (Mondragon) തുടങ്ങിയ സഹകരണ സംഘങ്ങളുടെ ഫെഡറേഷനുകളുടെ ഉദാഹരണത്തിലൂടെ, പ്ലാറ്റ്ഫോം സഹകരണത്തിലേക്ക് എത്താനുള്ള വഴികൾ ചൂണ്ടിക്കാട്ടുന്നു. കേരള നിയമസഭയെ അഭിസംബോധന ചെയ്ത് ഡിജിറ്റൽ പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ്സുകളെക്കുറിച്ച് സംസാരിക്കാൻ 2019-ൽ കേരളത്തിലെത്തിയ ഷോൾസ് ദിനേശ് ബീഡി, ഊരാളുങ്കൽ സൊസൈറ്റി തുടങ്ങിയ സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിച്ചതായി പുസ്തകം സൂചന നൽകുന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് ഷോൾസ് വളരെ ആവേശപൂർവ്വം പരാമർശിക്കുന്നുണ്ട്.
ആമസോൺ പോലുള്ള അതിബൃഹത്തായ രീതിയിലുള്ള സഹകരണസംഘങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് കൂടുതൽ യാഥാർത്ഥ്യത്തോടുകൂടിയതും അംഗത്വ നിയന്ത്രണത്തിന് സഹായകമാകുന്ന വിധത്തിലുള്ളതുമായ പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ്സുകളുടെ ഫെഡറേഷനുകളെയാണ് ഷോൾസ് ഉയർത്തിക്കാട്ടുന്നതെന്നത് പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ആഗോളതലത്തിൽ ഇവയെ കോർത്തിണക്കുന്നതിനായുള്ള ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) പോലുള്ള ശ്രമങ്ങളെയും ഷോൾസ് സകാരാത്മക ഇടപെടലുകളായി ചൂണ്ടിക്കാട്ടുന്നു.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിന്മേലുള്ള കോർപ്പറേറ്റ് നിയന്ത്രണങ്ങളോടുള്ള ചെറുത്തുനിൽപ്പെന്ന നിലയിൽ പ്ലാറ്റ്ഫോം കോ- ഓപ്പറേറ്റീവുകൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനാകും
“സാങ്കേതിക പരിവർത്തനത്തെ ധൈര്യത്തോടെ സ്വീകരിക്കാനും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ സഹകരണ സംഘങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ സജീവമായി പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന് കഴിയുമെന്ന്’’ അദ്ദേഹം പറയുന്നു. ‘ഡാറ്റാ കോമൺസി’നായുള്ള ആഗോള സഹകരണത്തെയും ഡാറ്റാ മാനദണ്ഡങ്ങളെയും സംബന്ധിച്ച ചർച്ചകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ഗ്രന്ഥകാരൻ ഊന്നിപ്പറയുന്നു. ആരോഗ്യം, ഭക്ഷ്യവിതരണം, ഗതാഗത സംവിധാനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ നമ്മുടെ ജീവിതത്തിന്റെ സുപ്രധാന വശങ്ങളുടെ നിയന്ത്രണം ഒരുപിടി കോർപ്പറേറ്റുകൾക്ക് നൽകുന്നതിനെ നാം അംഗീകരിക്കുന്നുണ്ടോ? എന്ന അടിസ്ഥാന ചോദ്യമാണ് 'ഓൺ ദിസ്' എന്ന ഗ്രന്ഥം മുന്നോട്ടുവെക്കുന്നത്.
തീർച്ചയായും, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിന്മേലുള്ള കോർപ്പറേറ്റ് നിയന്ത്രണങ്ങളോടുള്ള ചെറുത്തുനിൽപ്പെന്ന നിലയിൽ പ്ലാറ്റ്ഫോം കോ- ഓപ്പറേറ്റീവുകൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനാകും. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് ഏറ്റവും നല്ല പ്രായോഗിക രൂപമായി എളുപ്പം മാറാൻ കഴിയുന്ന മേഖലയാണിതെന്നും പുസ്തകം ഉറപ്പിച്ചുപറയുന്നു. ന്യൂയോർക്ക് ആസ്ഥാനമായ പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് കൺസോർഷ്യത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോ-ഓപ്പറേറ്റീവ് ഡിജിറ്റൽ ഇക്കണോമിയുടെയും സ്ഥാപക ഡയറക്ടറാണ് ആക്ടിവിസ്റ്റും സ്കോളറുമായ ട്രെബോർ ഷോൾസ്.
(How Platform Cooperatives Help Workers Build a Democratic Internet, R.Trebor Scholz, Verso Publication / 2023).