കെ. വേണുവിന്റെ ആത്മകഥയായ ‘ഒരന്വേഷണത്തിന്റെ കഥ' അടുത്ത കാലത്തിറങ്ങിയ ശ്രദ്ധേയമായ ഒരു പുസ്തകമാണ്. വേണുവിനെപ്പോലൊരാളുടെ ജീവിതവും അതിനുള്ളില്‍ നടന്ന ആശയപരിണാമങ്ങളും അറിയാനാഗ്രഹിക്കുന്നവര്‍ക്കുമാത്രമല്ല ഈ പുസ്തകം പ്രസക്തമാവുന്നത്. കേരളത്തിന്റെ ഒരു നീണ്ടകാലത്തെ പ്രക്ഷുബ്ധവും സങ്കീര്‍ണവുമായ രാഷ്ട്രീയചരിത്രം, ഇന്ത്യയിലെ തീവ്രഇടതുപക്ഷത്തിന്റെ ഉദയപതനങ്ങള്‍, സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ ആഗോള ചരിത്രത്തിലൂടെയുള്ള വിശകലനാത്മകസഞ്ചാരങ്ങള്‍, ശാസ്ത്രവും മാര്‍ക്‌സിസവും കമ്യൂണിസവും ജനാധിപത്യവും പോലുള്ള വിവിധ വിഷയങ്ങളിലുള്ള ചിന്തോദ്ദീപകമായ നിരീക്ഷണങ്ങളും വാദവിവാദങ്ങളും, നീണ്ട ജയില്‍ ജീവിതത്തിന്റെയും ഒളിവുകാലത്തിന്റെയും ജയിലിലെത്താന്‍ തിടുക്കം കൂട്ടി ചെയ്തുകൂട്ടിയ സോദ്ദേശ്യപ്രവൃത്തികളുടെയും സരസവും സ്വപ്രത്യയസ്ഥൈര്യം സ്ഫുരിക്കുന്നതുമായ വിവരണങ്ങള്‍ - ഇങ്ങനെ വൈവിധ്യമാര്‍ന്ന സംഗതികളുടെ ഒഴുക്കാണ് 700 ലേറെ പുറങ്ങളുള്ള ഇപ്പുസ്തകത്തിന്റെ ഉള്ളടക്കം.
ഇത്രയും വലിയൊരു പുസ്തകം വായിക്കുക സാധാരണഗതിയില്‍ മടുപ്പുളവാക്കും. പക്ഷെ, ‘ഒരന്വേഷണത്തിന്റെ കഥ' രചനയുടെ ലാളിത്യവും എഴുതുന്നയാളുടെ സത്യസന്ധതയുടെ (നിഷ്‌കളങ്കത എന്നാണ് പറയേണ്ടത്) അപ്രതിരോധ്യമായ സാന്നിധ്യവും മൂലം അങ്ങേയറ്റം പാരായണക്ഷമമാണ്. ഹൃദയത്തിനും മനസ്സിനും ആവിഷ്‌കാരത്തിനുമിടയില്‍ കാപട്യത്തിന്റെയോ ആത്മരതിയുടെയോ സ്വമഹത്വപ്രകടനത്തിന്റെയോ ഒരിഞ്ചു വിടവുപോലുമവശേഷിപ്പിക്കാത്ത ഒരാള്‍ക്കുമാത്രം എഴുതാനാവുന്ന ഒരു പുസ്തകം.
അഗാധ ചിന്തയും കൗമാര കാല്പനികതയും
വാസ്തവത്തില്‍ ഈ പുസ്തകത്തെ, മധ്യവയസ്സുവരെ കൗമാരസഹജമായ രോഷഭരിതകാല്പനികതയില്‍ അഭിരമിച്ച ഒരു മനുഷ്യന്റെ ജീവിതകഥയായി വായിക്കാം; അങ്ങനെയല്ല തന്റെ ജീവിതമെന്ന് വേണു പറയുന്നുണ്ടെങ്കിലും. തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ക്കുവേണ്ടി ധീരമായും പ്രത്യാഘാത വിചിന്തനമില്ലാതെയും സ്വന്തം ജീവിതത്തെ സമര്‍പ്പിച്ച ഒരു വലിയ മനുഷ്യന്റെ, ഒരു ചിന്തകന്റെ, ഒരു മനുഷ്യസ്‌നേഹിയുടെ, പ്രയോഗവഴിയിലേക്ക് ചാഞ്ഞുനിന്ന ഒരു സൈദ്ധാന്തികന്റെ സംഭവബഹുലമായ ജീവിതാഖ്യാനമായും ഇതിനെ കാണാം. രണ്ടും ചേര്‍ന്ന ഒന്നാണ് വേണുവിന്റെ ആത്മകഥ എന്നാണ് എനിക്ക് തോന്നിയത്. ഒരിക്കലും മാറാത്ത കൗമാര കാല്പനിക ചാപല്യങ്ങളും അഗാധതലസ്പര്‍ശിയായ ധൈഷണിക രാഷ്ട്രീയബോധ്യങ്ങളും സമ്മിശ്രമായി സ്വാധീനം ചെലുത്തുന്ന, മുന്‍പിന്‍ ആലോചന തുലോം കുറഞ്ഞ ഒരു ജീവിതം. ഇതാണ് ഇപ്പുസ്തകത്തില്‍ നാം കാണുന്ന - അല്ല അനുഭവിക്കുന്ന - വേണുവിന്റെ ജീവിതം. ഓരോ ജീവിതവും ഓരോ വിധിയാണെന്ന് വിശ്വസിക്കുന്നതിനാല്‍ വിധിയെഴുതാന്‍ ഞാനാളല്ല.
കെ. വേണുവിന്റെ ധൈഷണികതയുടെ ഏറ്റവും പ്രധാനസവിശേഷത, അത് ‘സാഹിത്യശൂന്യ'മാണെന്നതാണ്. അതൊരു നല്ല കാര്യമാണ്.
കെ. വേണുവിന്റെ ധൈഷണികതയുടെ ഏറ്റവും പ്രധാനസവിശേഷത, അത് ‘സാഹിത്യശൂന്യ'മാണെന്നതാണ്. അതൊരു നല്ല കാര്യമാണ്. ഏതു ഗഹനവിഷയത്തിന്റെയും നടുവിലേക്ക് സാഹിത്യം കൊണ്ടുവരുന്ന വിചിത്രമായ ബൗദ്ധികസംസ്‌കാരമാണ് മലയാളിയുടേത്. ചെറുപ്പം മുതല്‍ സാഹിത്യകുതുകിയല്ലാത്തതിനാല്‍ വേണുവിന്റെ ആലോചനകള്‍ക്കും ആശയാവിഷ്‌കാരത്തിനും നല്ല വ്യക്തതയുണ്ട്. ആദിമധ്യാന്തഘടനയുണ്ട്. തരളകാല്പനിക വാചാടോപത്തില്‍ അഭിരമിക്കുന്ന ധൈഷണിക രചനകളുടെ ആധിക്യമുള്ള മലയാളത്തില്‍ ഈ ‘അസാഹിതീയത' വേണുവിനെ അന്യാദൃശനാക്കുന്നു. ശാസ്ത്രം, തത്വചിന്ത, രാഷ്ട്രമീമാംസ എന്നീ മൂന്നു മണ്ഡലങ്ങളില്‍ ആഴത്തില്‍ മുങ്ങിത്തപ്പി ആശയരൂപീകരണം നടത്തുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. ഇതാകട്ടെ ശുദ്ധധൈഷണികതയുടെ തലത്തിലല്ല, പരിവര്‍ത്തന വാഞ്ഛയിലൂന്നിയ രാഷ്ട്രീയബോധത്തിന്റെ തലത്തിലാണ് നടക്കുന്നത്.
ഇന്റര്‍നെറ്റും ഗൂഗിളുമില്ലാത്ത, ഇന്നത്തെ പോലെ ലോകത്തെ അറിയാന്‍ വഴികളൊന്നുമില്ലാത്ത ഒരു കാലത്താണ് അദ്ദേഹം തന്റെ അന്വേഷണങ്ങള്‍ നടത്തിയതെന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഈ പരിമിതികളെല്ലാമുണ്ടായിട്ടും സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്, ചൈന പോലുള്ള രാജ്യങ്ങളില്‍ വരാന്‍ പോകുന്ന ഭൂകമ്പമാറ്റങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ വേണുവിന് പറ്റിയെന്ന വസ്തുത മതിപ്പുളവാക്കുന്ന സംഗതിയാണ്. മാറ്റങ്ങളൊക്കെ നടന്നുകഴിഞ്ഞിട്ടും ഇ.എം.എസ് അടക്കമുള്ള ആളുകള്‍ കണ്ണടച്ചിരുട്ടാക്കിക്കൊണ്ടിരുന്ന ഒരു കമ്യൂണിസ്റ്റ് മുഖ്യധാര സജീവമായ കേരളത്തിലാണിത് സംഭവിച്ചത് എന്നുകൂടി പരിഗണിക്കുമ്പോഴാണ് വേണുവിന്റെ ബൗദ്ധികനേട്ടങ്ങളുടെ ആഴവും പരപ്പും ശരിക്ക് മനസ്സിലാവുക.
ഇതിനര്‍ത്ഥം വേണുവിന്റെ ആശയങ്ങളോട് മുഴുവന്‍ യോജിക്കണമെന്നല്ല. വിയോജിക്കേണ്ടതായ എത്രയോ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ രചനകളിലുണ്ട്. പക്ഷെ ഗൂഡ നിക്ഷിപ്ത താല്പര്യങ്ങളൊന്നുമില്ലാതെ, നിസ്വാര്‍ത്ഥ സപര്യ പോലെ സത്യസന്ധമായും പ്രതിബദ്ധതയോടെയും വൈജ്ഞാനിക, രാഷ്ട്രീയ, സാമൂഹിക അന്വേഷണങ്ങള്‍ നിരന്തരമായി നടത്തുകയും താനെത്തിച്ചേര്‍ന്ന നിഗമനങ്ങളും ശരികളും ലളിതമായി ആവിഷ്‌കരിക്കുകയും അതോടൊപ്പം സജീവമായി രാഷ്ട്രീയത്തിലും സമൂഹത്തിലും ഇടപെട്ട് ജീവിക്കുകയും ചെയ്ത ഒരു മനുഷ്യന്റെ ഉശിരും ഓജസ്സും മൗലികതയും ഇപ്പുസ്തകത്തില്‍ അനുഭവവേദ്യമാവുന്നുണ്ട്. ആ ആഹ്ളാദം പങ്കിടണമെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പെഴുതാന്‍ തീരുമാനിച്ചത്.
നൈതിക ദശ, പ്രത്യയശാസ്ത്ര ദശ
വേണുവിന്റെ ധൈഷണിക ജീവിതത്തെ രണ്ടായിത്തിരിക്കാം; നക്‌സലൈറ്റ് ആവുന്നതിനുമുമ്പുള്ള കാലവും നക്‌സലിസം വിട്ടതിനുശേഷമുള്ള കാലവും ചേര്‍ന്നതാണ് ഇവയിലൊരു ഘട്ടം. നക്‌സലൈറ്റ് കാലമാണ് രണ്ടാം ഘട്ടം. ഇതൊരു വിചിത്രമായ തരം തിരിക്കലായി തോന്നാം. യുവാവായിരുന്ന വേണുവും മധ്യവയസ്സ് പിന്നിട്ട ശേഷമുള്ള വേണുവും ഒന്നാം ഘട്ടത്തില്‍. ആകസ്മികമായ കാരണങ്ങള്‍ മൂലം തീവ്രഇടതുപക്ഷത്തിന്റെ ഭാഗമാവുകയും പിന്നീട് അതിന്റെ ദേശീയ നേതൃത്വത്തില്‍ വരുകയും ചെയ്ത കാലമാണ് രണ്ടാം ഘട്ടം. എന്തിനാണിങ്ങനെ സങ്കീര്‍ണമായ ഒരു തരംതിരിക്കല്‍ എന്നുതോന്നാം. ഒന്നാം ഘട്ടത്തില്‍, നൈതികപരതയും സ്വതന്ത്രചിന്തയുമാണ് വേണുവിന്റെ അന്വേഷണങ്ങളുടെ മര്‍മം. രണ്ടാം ഘട്ടത്തില്‍ പ്രത്യയശാസ്ത്രപരതയും മതപരത എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ‘വിശ്വാസപര'മായ ആന്ധ്യവും. ഒരല്പം കുസൃതിയോടെ പറയുകയാണെങ്കില്‍, ഒന്നാംഘട്ടത്തില്‍ വേണു നിര്‍മതനാണ്, രണ്ടാം ഘട്ടത്തിലോ തികഞ്ഞ മതമൗലികവാദിയും. ദൈവമില്ലാത്ത മതമാണെങ്കിലും അടിസ്ഥാനപരമായി മതാത്മകം തന്നെയാണ് രണ്ടാം ഘട്ടത്തിലെ അവസ്ഥ.
തന്റെ മതത്തിന്റെ പുണ്യഭൂമികളിലെ നിസ്സാരചലനങ്ങള്‍ പോലും അതിസൂക്ഷമായി ശ്രദ്ധിക്കുകയും ചിലപ്പോള്‍ ആവേശത്തോടെയും മറ്റു ചിലപ്പോള്‍ നിരാശയോടെയും വിലയിരുത്തുകയും ചെയ്യുന്ന, അതേസമയം അത് തന്റെ നൈതികസ്വത്വത്തില്‍ സൃഷ്ടിക്കുന്ന അലോസരപ്പെടുത്തുന്ന അനുരണനങ്ങളെ ആത്മബോധത്തോടെയോ പലപ്പോഴും ആത്മനിന്ദയോടെയോ അനുധാവനം ചെയ്യുന്ന, ബാഹ്യമായി വിശ്വാസിയായിരിക്കുമ്പോള്‍ തന്നെ ആന്തരികമായി സന്ദേഹിയാവുന്ന, നൈതികമായ ഉള്‍ക്കാമ്പ് ഒരു ഭാഗത്തും പ്രത്യയശാസ്ത്രപരമായ പൊതുസ്വത്വം മറുഭാഗത്തുമായി ഉള്ളില്‍ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന അന്തസ്സംഘര്‍ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വേപഥു കൊള്ളുന്ന, ഒരു മനുഷ്യന്റെ അനുഭവസാകല്യമാണ് നക്‌സലൈറ്റ് കാലത്തിന്റെ ആഖ്യാനത്തില്‍ നാം അറിയുന്നത്. അറിയുന്നതെന്ന് പറയുന്നത് ശരിയാവില്ല. വരികള്‍ക്കിടയിലൂടെ വായനക്കാരുടെ ജാഗ്രമനസ്സിലേക്ക് തുളഞ്ഞുകയറുന്നത് അത്തരമൊരു ചിത്രമാണ് എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം.
ഗാന്ധിജി വേണുവിനെ അഗാധമായി സ്വാധീനിച്ചിരുന്നുവെന്നതും പിന്നീട് തന്റെ രാഷ്ട്രീയ- ദാര്‍ശനികാന്വേഷണങ്ങളുടെ വിവിധ ദശകളില്‍ ഗാന്ധിജിയുടെ സംഭാവനകളെ അദ്ദേഹം അങ്ങേയറ്റത്തെ മതിപ്പോടെ വിലയിരുത്തിയെന്നതും അദ്ദേഹത്തിന്റെ ഹിംസാത്മകമായ രാഷ്ട്രീയജീവിതവുമായി ചേര്‍ത്തുവക്കുമ്പോള്‍ രസകരമായി തോന്നാം.
കെ. വേണുവിന്റെ രചനയില്‍ പ്രകടമാവുന്ന സ്വത്വഭാവമല്ല, ഒരു വായനക്കാരന്റെ അതിരുകടന്ന സ്വതന്ത്രവായനയാണ് ഇത്. ഈ അതിരുകടന്ന വായനയില്‍ നക്‌സലൈറ്റ് കാലത്തുപോലും വേണുവിന്റെ നൈതികസ്വത്വം എന്തുമാത്രം അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നുവെന്ന് നാമറിയുകയാണ്, വേണു പറയാതെ തന്നെ. എഴുതാനേ അദ്ദേഹത്തിനാവൂ; ആ എഴുത്തിന്റെ അര്‍ത്ഥതലങ്ങള്‍ കുടികൊള്ളുന്നത് വായനക്കാരുടെ സ്വാതന്ത്ര്യത്തിലാണ്. ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വേണുവിന്റെ മനസ്സിലേക്ക് ഇങ്ങനെയൊരു സ്വതന്ത്രമായ കടന്നുകയറ്റത്തിന് എന്നെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ നൈതികബോധം എങ്ങനെയോ എന്റെ സഹജാവബോധത്തില്‍ ഒരു വസ്തുനിഷ്ഠയാഥാര്‍ഥ്യമായി അനുഭവപ്പെടുന്നതുകൊണ്ടാണ്.
വേണു ഒരു നല്ല ശാസ്ത്രവിദ്യാര്‍ത്ഥിയും ശാസ്ത്രകുതുകിയുമായിരുന്നു ചെറുപ്പത്തില്‍. സാധാരണ ശാസ്ത്രവിദ്യാര്‍ഥികളില്‍ നിന്ന് വ്യത്യസ്തനായി താന്‍ പഠിക്കുന്ന ശാസ്ത്രത്തെ ജീവിതവുമായും ലോകവുമായും ഇഴചേര്‍ക്കാനുള്ള, അല്ലെങ്കില്‍ ശാസ്ത്രത്തെ ഉപയോഗിച്ച് ലോകത്തെ വ്യാഖ്യാനിക്കാനും ഗ്രഹിക്കാനുമുള്ള വ്യഗ്രത യൗവനത്തിലേ അദ്ദേഹത്തിലുണ്ട്. അതിന്റെ ഫലമായാണ് ‘പ്രപഞ്ചവും മനുഷ്യനും' എന്ന ആദ്യ പുസ്തകം പുറത്ത്വരുന്നത്. വേണു സാഹിത്യവിമുഖനായി വളര്‍ന്നുവരുമ്പോള്‍ അതേ കുടുംബത്തില്‍ സാഹിത്യനിമഗ്‌നനായി സച്ചിദാനന്ദനും വളര്‍ന്നുവരുന്നു ണ്ടായിരുന്നുവെന്നത് രസകരമായ ആകസ്മികതയാണ്. (അനിവാര്യതയും ആകസ്മികതയും ഇപ്പുസ്തകത്തിന്റെ ഒരു മര്‍മബിന്ദുവാണ്). മാത്രവുമല്ല, അവരുടെ രണ്ടുപേരുടെയും പൊതുജീവിതങ്ങള്‍ പലപ്പോഴും സംഗമിക്കുകയും ചിലപ്പോള്‍ സമാന്തരരേഖകളായി ഇഴപിരിഞ്ഞു പോകുകയും ചെയ്യുന്നുണ്ട്. സച്ചിദാനന്ദനും സിവിക് ചന്ദ്രനുമൊക്കെയാണ് ഈ സാഹിത്യവിമുഖനെ ചിലപ്പോഴെങ്കിലും സാഹിത്യതല്പരനാക്കുന്നത് - അതുതന്നെ സാഹിത്യം തന്റെ രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്ന ഘട്ടത്തില്‍ മാത്രം.
ചെറുപ്പത്തിലേ ഗാന്ധിജി വേണുവിനെ അഗാധമായി സ്വാധീനിച്ചിരുന്നുവെന്നതും പിന്നീട് തന്റെ രാഷ്ട്രീയ- ദാര്‍ശനികാന്വേഷണങ്ങളുടെ വിവിധ ദശകളില്‍ ഗാന്ധിജിയുടെ സംഭാവനകളെ അദ്ദേഹം അങ്ങേയറ്റത്തെ മതിപ്പോടെ വിലയിരുത്തിയെന്നതും അദ്ദേഹത്തിന്റെ ഹിംസാത്മകമായ രാഷ്ട്രീയജീവിതവുമായി ചേര്‍ത്തുവക്കുമ്പോള്‍ രസകരമായി തോന്നാം. സച്ചിദാനന്ദനും ഒരു പക്ഷെ വേണുവിനേക്കാള്‍ ആഴത്തിലും സര്‍ഗാത്മകമായും ഗാന്ധിയേയും വേണുവിന്റെ അത്ര ആഴത്തിലല്ലെങ്കിലും മാര്‍ക്‌സിനെയും ലെനിനേയും പുല്‍കുന്നത് അവരുടെ ജീവിതത്തില്‍ നമുക്ക് കാണാനാവും. മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ വര്‍ജ്ജിക്കാനാണ്, ഹിംസ വേണ്ടെന്നുവക്കാനല്ല ഗാന്ധിസ്വാധീനം വേണുവിനുപകരിച്ചത്. ശാസ്ത്രജ്ഞനാകാന്‍ മോഹിച്ച് മാവോയിസ്റ്റ് വിപ്ലവകാരിയും പിന്നീട് മുതലാളിത്തത്തിന്റെ ശക്തനായ വക്താവുമായി മാറുന്ന വേണുവിന്റെ ജീവിതത്തില്‍ വൈരുധ്യങ്ങളേറെയുണ്ട്; പക്ഷെ അദ്ദേഹത്തിന്റെ നൈതികശുദ്ധി ഈ വൈരുധ്യങ്ങള്‍ക്കെല്ലാമപ്പുറം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നിരന്തരപരിവര്‍ത്തിയായ ബോധ്യങ്ങളെയും ബഹുമാനിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയാനുഭവങ്ങളിലൂടെ വിവേചനവിധേയമായ സ്‌ത്രൈണാനുഭവങ്ങളെ അനുതാപത്തോടെ തിരിച്ചറിയുകയും സ്ത്രീവാദനിലപാടുകളോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്ന വേണു 730-ാമത്തെ പേജില്‍ പുസ്തകമവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: ‘കേരളത്തില്‍ എല്ലായിടത്തും ഇന്ത്യയിലെ അനവധി സംസ്ഥാനങ്ങളിലുമായി നൂറുകണക്കിന് വ്യത്യസ്തതരം കുടുംബങ്ങളുമായി എനിക്കുണ്ടായിരുന്ന ബന്ധത്തില്‍നിന്ന് ഞാന്‍ എത്തിച്ചേര്‍ന്നിരുന്ന ഒരു നിഗമനം സ്വന്തം കുടുംബത്തിലെ ഈ അനുഭവത്തോടെ ദൃഢീകരിക്കുകയും ചെയ്തു. സമൂഹത്തില്‍ പൊതുവില്‍ പുരുഷമേധാവിത്തം തന്നെയാണ് ശക്തമായി നിലനില്‍ക്കുന്നതെങ്കിലും ഗണ്യമായ വിഭാഗം കുടുംബങ്ങള്‍ക്കുള്ളിലും സ്ത്രീമേധാവിത്തമാണ് നിലനില്‍ക്കുന്നതെന്നായിരുന്നു ആ നിഗമനം.'
‘ഒരന്വേഷണത്തിന്റെ കഥയുടെ' ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്, പൂര്‍വ്വകാലസംഭവങ്ങള്‍ വിവരിക്കുമ്പോള്‍ തന്റെ പില്‍ക്കാല ചിന്താമാറ്റങ്ങള്‍ വേണു അവയില്‍ സന്നിവേശിപ്പിക്കുന്നില്ല എന്നതാണ്.
ഇത്രയേറെ സാധുവും നിരുപദ്രവിയുമായ ഒരു മനുഷ്യന്‍ ഉന്മൂലനസിദ്ധാന്തം നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിക്കുകയും കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തത് അതുപോലൊരു വൈരുധ്യമാണ്. അതദ്ദേഹം തന്നെ പറയുന്നുണ്ട്: ‘‘ഞാന്‍ ആദ്യമായിട്ടാണ് ഇതുപോലൊരു ആക്ഷനില്‍ പങ്കെടുക്കുന്നത്. ചെറിയ അടിപിടിയില്‍ പോലും നേരത്തെ പങ്കാളിയായിട്ടില്ലാത്ത പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നത്. പക്ഷേ ആ രീതിയിലുള്ള ഭയാശങ്കകളൊന്നും അന്ന് ഉണ്ടായിരുന്നില്ലെന്നത് അന്നത്തെ പ്രത്യയശാസ്ത്രപരമായ സന്നദ്ധതയുടെ ഗുണംതന്നെയായിരുന്നു.’’
സ്റ്റേഷനിലെത്തിയപ്പോഴുള്ള പോലീസുകാരുടെ പ്രതികരണം രസാവഹമാണ്: ‘‘സ്റ്റേഷന്റെ മുറ്റത്ത്, പൂമുഖത്തുനിന്ന് എട്ടുപത്തടി അകലെ ഞങ്ങള്‍ എത്തിയപ്പോള്‍ ‘ആരെടാ' എന്നുചോദിച്ചുകൊണ്ട് സെന്ററികള്‍ എഴുന്നേറ്റു. ഉടനെ ഞാനും കൃഷ്‌ണേട്ടനും മുന്നോട്ടുവന്ന് ഞങ്ങള്‍ നക്‌സലൈറ്റുകളാണെന്നും അവരെ ഉപദ്രവിക്കാന്‍ ഉദ്ദേശ്യമില്ലെന്നും കീഴടങ്ങിയാല്‍ മതിയെന്നും പറഞ്ഞു. നക്‌സലൈറ്റുകളാണെന്ന് കേട്ടതോടെ പോലീസുകാര്‍ ‘ഞങ്ങളെ കൊല്ലുന്നേ, ഓടിവരണേ രക്ഷിക്കണേ’ എന്നെല്ലാം അലമുറയിടാന്‍ തുടങ്ങി. തടിമാടന്മാരായ ആ പോലീസുകാരുടെ ദയനീയമായ ഈ നിലവിളി കൗതുകകരമായിരുന്നു. അവരുടെ ഭീരുത്വം പൂര്‍ണമായി മറനീക്കി പുറത്തുവരുന്നത് കാണാമായിരുന്നു.’’
താരതമ്യം ചെയ്യുന്നത് ശരിയല്ലെങ്കിലും സാധുവായ വേണുവും സ്റ്റേഷന്‍ ആക്രമിക്കുന്ന വേണുവും ഓര്‍മപ്പെടുത്തിയത് ചങ്ങമ്പുഴ പി.കെ. ബാലകൃഷ്ണനെഴുതിയ കത്തിലെ വരികളാണ്: ‘‘ഒരു തികഞ്ഞ സാഡിസ്റ്റും ഹ്യൂമനിസ്റ്റും എന്നില്‍ അടങ്ങിയിട്ടുണ്ട്... ഒരു ചിത്രശലഭം ചിറകുകൊഴിഞ്ഞു പിടയ്ക്കുന്നതുകാണുമ്പോള്‍ കണ്ണുനീര്‍വരുന്ന എനിക്കുതന്നെയാണ് സ്വകാന്തയുടെ ഹൃദയരക്തം കുടിക്കുന്നതില്‍ മദാന്ധമായ പൊട്ടിച്ചിരി പൊട്ടിപ്പുറപ്പെടുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല.’’ (ചങ്ങമ്പുഴ കൃഷ്ണപിള്ള: ‘നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’, എം. കെ. സാനു, പേജ് 15).
‘ഒരന്വേഷണത്തിന്റെ കഥയുടെ' ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്, പൂര്‍വ്വകാലസംഭവങ്ങള്‍ വിവരിക്കുമ്പോള്‍ തന്റെ പില്‍ക്കാല ചിന്താമാറ്റങ്ങള്‍ വേണു അവയില്‍ സന്നിവേശിപ്പിക്കുന്നില്ല എന്നതാണ്. നക്‌സലൈറ്റ് കാലം വിവരിക്കുമ്പോള്‍ അന്നത്തെ തന്റെ മനസികഭാവമാണ് അദ്ദേഹം പ്രതിഫലിപ്പിക്കുന്നത്. അങ്ങനെ ആയിരുന്നില്ലെങ്കില്‍ ഈ കഥാകഥനം വിരസവും പ്രവചനീയവുമായിപ്പോയേനേ. ഇപ്പുസ്തകത്തില്‍ തെളിഞ്ഞുവരുന്ന വ്യക്തിചിത്രങ്ങള്‍ മിഴിവാര്‍ന്നതും കേരള ധൈഷണികതയുടെയും രാഷ്ട്രീയതയുടെയും ഒരുകാലത്തെക്കുറിച്ച് വളരെ ധനാത്മകമായ ധാരണകള്‍ പകരുന്നതുമാണ്. പി. ഗോവിന്ദപ്പിള്ളയും ബി. രാജീവനുമാണ് എന്റെ മനസ്സില്‍ വലിയ ആദരവുണ്ടാക്കിയ രണ്ടു പേർ. അതുപോലെ പി. ജിയുടെ ഭാര്യ രാജമ്മച്ചേച്ചിയും. എല്ലാ പ്രതിസന്ധികളിലും കൂടെനിന്ന വേണുവിന്റെ ചേട്ടന്‍ രാജനും വലിയ വ്യക്തിത്വങ്ങളായി അനുഭവപ്പെട്ടു.
സാംസ്‌കാരികവേദി നമ്മുടെ പൊതുമണ്ഡലത്തിലുണ്ടാക്കിയ ഉല്‍ക്കര്‍ഷവും സര്‍ഗധന്യതയുമാണ് നക്‌സലൈറ്റ് കാലത്തിന്റെ കാലഭേദിയായ ഒരേയൊരു സംഭാവന എന്നാണ് എനിക്കു തോന്നുന്നത്.
നക്‌സലിസത്തിന്റെ ചരിത്രത്തിലൂടെ ഒരിക്കല്‍ കൂടി ഈ പുസ്തകം മൂലം കടന്നുപോയപ്പോള്‍ മുമ്പുണ്ടായിരുന്ന അതേ നിലപാട് ഒന്നുകൂടി ബലപ്പെട്ടു. സോദ്ദേശ്യഭോഷ്‌ക് എന്നുമാത്രം വിശേഷിപ്പിക്കാവുന്ന ഒരു സാഹസം. കുറച്ച് പോലീസ് സ്റ്റേഷനുകള്‍ ആക്രമിക്കുകയും കുറെ ഗ്രാമീണ ജന്മിമാരെ കൊല്ലുകയും ചെയ്ത് ഇന്ത്യന്‍ സ്റ്റേറ്റിനെ പിടിച്ചെടുക്കാമെന്നു വിശ്വസിച്ച നിഷ്‌കളങ്കത അപാരം തന്നെ! ഇത്രയേറെ അഗാധതല സ്പര്‍ശികളായ പുസ്തകങ്ങള്‍ വായിക്കുകയും എമണ്ടന്‍ ആശയങ്ങള്‍ തലനാരിഴകീറി പരിശോധിക്കുകയും ചെയ്യുന്ന ആളുകള്‍ എങ്ങനെ ഇത്രയേറെ സരളമനസ്‌കരും നിസ്വന്മാരുമായി ഒരേ സമയം വര്‍ത്തിച്ചുവെന്നത് പ്രഹേളിക തന്നെയാണ്. സാംസ്‌കാരികവേദി നമ്മുടെ പൊതുമണ്ഡലത്തിലുണ്ടാക്കിയ ഉല്‍ക്കര്‍ഷവും സര്‍ഗധന്യതയുമാണ് നക്‌സലൈറ്റ് കാലത്തിന്റെ കാലഭേദിയായ ഒരേയൊരു സംഭാവന എന്നാണ് എനിക്കു തോന്നുന്നത്.
ഇനിയുമൊരുപാട് പറയാനുണ്ട് ഈ സുപ്രധാന രചനയെപ്പറ്റി. ലേഖനം വല്ലാതെ നീണ്ടുപോയേക്കുമെന്നതിനാല്‍ ചുരുക്കുന്നു. ചില അലോസരമുളവാക്കുന്ന കാര്യങ്ങളും ചൂണ്ടിക്കാണിക്കാതെ വയ്യ. ‘നീഗ്രോ' എന്ന വാക്ക് വേണു രണ്ടുതവണ ഈ പുസ്തകത്തില്‍ ഉപയോഗിച്ചത് ഞെട്ടിപ്പിച്ചു. പുസ്തകങ്ങളിലൂടെ മാത്രം ലോകത്തെ അറിയുന്ന പ്രാദേശിക ധൈഷണികരുടെ പരിമിതിയായി അതിനെ കാണാമെങ്കിലും അത് മാപ്പര്‍ഹിക്കാത്ത ശ്രദ്ധക്കുറവാണ്. ആദ്യമായി പാരീസില്‍ പോയപ്പോള്‍ ഇമ്മിഗ്രേഷന്‍ കൗണ്ടറില്‍ ഒരു ‘നീഗ്രോ' ഉദ്യോഗസ്ഥനാണ് ഉണ്ടായിരുന്നതെന്ന് വേണു എഴുതുമ്പോള്‍ ഈ വാക്കിന്റെ രാഷ്ട്രീയപരമായ അനൗചിത്യം അദ്ദേഹത്തെപ്പോലൊരു വ്യക്തിക്ക് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. 1950- കള്‍ മുതല്‍ ഈ വാക്കിന്റെ ഉപയോഗം പുരോഗമനവൃത്തങ്ങളില്‍ ഒഴിവാക്കാറുണ്ട്. മാത്രവുമല്ല, അതുമായി ബന്ധപ്പെട്ട എത്രയോ ചര്‍ച്ചകള്‍ ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ളതുമാണ്. റോസാ ലക്‌സം ബര്‍ഗ് മുതല്‍ മിലോവന്‍ ജിലാസ് വരെ പലരുടേയും പേരുകള്‍ പരാമര്‍ശവിധേയമാവാത്തതും അത്ഭുതപ്പെടുത്തി.
മലയാളത്തില്‍ അടുത്തകാലത്ത് പുറത്തവന്ന ഏറ്റവും ശ്രദ്ധേയമായ ഒരു പുസ്തകമാണ് കെ. വേണുവിന്റെ ആത്മകഥ. രാഷ്ട്രീയകുതുകികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു വിശിഷ്ട ഗ്രന്ഥം.