‘‘ഓപ്പറേഷൻ വിജയമായിരുന്നു. പക്ഷേ, രോഗി ജീവിച്ചില്ല’’.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർജന്മാർ ആവർത്തിച്ചു പറഞ്ഞ പല്ലവിയായിരുന്നു ഇത്. 1860ൽ ‘‘ശസ്ത്രക്രിയാമേശമേൽ എത്തിയിരുന്ന രോഗികൾക്ക് ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത വാട്ടർലൂ യുദ്ധഭൂമിയിലെ ബ്രിട്ടീഷ് സൈനികരുടേതിലും അധികമായിരുന്നു" എന്നാണ് ശസ്ത്രക്രിയാ വിദഗ്‌ധനും പ്രസൂതിതന്ത്രത്തിൽ അധ്യാപകനുമായ പ്രൊഫസർ സർ ജെയിംസ് യങ് സിംസൺ എഴുതിയത്. എന്നാൽ, അണുവിമുക്ത ശസ്ത്രക്രിയാരീതികളിൽ ഡോ. ജോസഫ് ലിസ്റ്റർ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമായി 1910-ൽ എത്തിയപ്പോഴേക്കും ഗുരുതരമായ ശസ്ത്രക്രിയകളിലെ മരണനിരക്ക് നൂറിന് നാല്പതിൽനിന്ന് കേവലം മൂന്നായി കുറഞ്ഞിരുന്നു.
1877 മുതൽ 1893 വരെ ലണ്ടനിലെ കിങ്സ് കോളജിൽ ശസ്ത്രക്രിയയുടെ പ്രൊഫസറായിരുന്ന കാലത്താണ് ജോസഫ്ലിസ്റ്റർ അണുവിമുക്തീകരണത്തിലുള്ള തന്റെ പരിഷ്കാരങ്ങളിൽ ഏറെയും നടപ്പാക്കിയത്. ഇനി നമുക്ക് 2022-ലേക്ക് വരാം. അതേ കിങ്സ് കോളേജിൽനിന്ന് ഏറെ ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ (GOSH), യു സി എൽ ഗ്രേറ്റ് ഓർമൺ സ്ട്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് (UCL GOS ICH) എന്നീ സ്ഥാപനങ്ങൾ ഇപ്പോൾ മറ്റൊരു ചികിത്സയും ഫലിക്കാത്ത രക്താർബുദം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്നതിന് ക്രിസ്പർ (CRISPR/Cas9) സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ദാതാക്കളിൽനിന്നു ശേഖരിച്ച ടി- കോശങ്ങൾ ജനിതകമാറ്റം വരുത്തി ചികിത്സയ്ക്ക് ഉപയോഗിക്കാനുള്ള ശേഷിയാണ് ക്രിസ്പർ നമുക്ക് നൽകിയിരിക്കുന്നത്.

ഈ ഒന്നര നൂറ്റാണ്ടുകാലം കൊണ്ട് അപാരമായ പുരോഗതിയാണ് ശാസ്ത്രീയ വിജ്ഞാനത്തിലും അതിന്റെ പ്രയോഗത്തിലും നാം കൈവരിച്ചിരിക്കുന്നത്.
സൂക്ഷ്മാണുക്കളെക്കുറിച്ചും ആൻ്റിബയോട്ടിക്കുകളെക്കുറിച്ചും അറിയാതെ, ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ മരിക്കുന്നതെന്തുകൊണ്ട് എന്ന് അന്വേഷിച്ചു കുഴങ്ങിയിരുന്ന അവസ്ഥയിൽനിന്ന് മാരകരോഗങ്ങളിൽനിന്ന് കുട്ടികളെ രക്ഷിക്കുന്നതിനായി ജനിതകത്തിരുത്തുകൾ വരുത്താൻ കഴിയുന്ന നിലയിലേക്ക് നമ്മൾ മുന്നേറിയിരിക്കുന്നു. മനുഷ്യസംസ്കാരത്തിന്റെ മൊത്തം ചരിത്രമെടുത്താൻ തുലോം ഹ്രസ്വമെന്നു പറയാവുന്ന ഏതാനും നൂറ്റാണ്ടുകൾ കൊണ്ടാണ് നാം ഇന്ന് സാധാരണമെന്നു കരുതിപ്പോരുന്ന ശാസ്ത്രീയനേട്ടങ്ങളിൽ ഭൂരിപക്ഷവും കൈവരിച്ചിരിക്കുന്നത്.
ശാസ്ത്രപുരോഗതിയുടെ വേഗതയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടുകളിൽ സംഭവിച്ച ഈ ഇരട്ടിപ്പുകൾക്ക് കാരണങ്ങൾ അനവധിയാണ്. അവയിലേക്ക് വിശദമായി കടക്കാതെതന്നെ നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒന്നുണ്ട്: വർധിച്ചു കൊണ്ടേയിരിക്കുന്ന ഈ വേഗതയോടെ ഭാവിയിൽ ശാസ്ത്രം ഏർപ്പെടാൻ പോകുന്ന അന്വേഷണങ്ങളും കണ്ടെത്താൻ പോകുന്ന ഉത്തരങ്ങളും അത്ഭുതകരമായിരിക്കും.

ആ ഭാവിയുടെ സാധ്യതകളിലേക്ക് ചില മിന്നലാട്ടങ്ങൾ കാട്ടിത്തരാനാണ് ഈ പുസ്തകത്തിന്റെ ശ്രമം. ആരോഗ്യരക്ഷയുടെയും ശാസ്ത്രഗവേഷ ണത്തിന്റെയും മേഖലകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഇന്ന് പുത്തൻ വാതായനങ്ങൾ തുറന്നുതന്നിരിക്കുന്നു. അവയിൽ ഏറ്റവും ആവേശകരമായ ചില സാധ്യതകളെപ്പറ്റിയുള്ള സൂചന ഈ ലേഖനങ്ങളിലുണ്ട്. കോവിഡ് കാലത്തിൽ ശ്രദ്ധേയമായിത്തീർന്ന ആർ.എൻ.എ. വാക്സിനുകളെക്കുറിച്ചാ യാലും ഓട്ടിസത്തിൽ ദഹനേന്ദ്രിയ ബാക്റ്റീരിയയുടെ പങ്കിനെക്കുറിച്ചായാലും ചികിത്സാശാസ്ത്രത്തിൽ മനുഷ്യഭാഷാമാതൃകകളുടെ (Large Language Models) പ്രയോഗത്തെക്കുറിച്ചായാലും ഏറെ ആവേശകരമായ പുത്തൻ ശാസ്ത്രസാധ്യതകളെ പൊതുവായനാസമൂഹത്തിനു പരിചയപ്പെടുത്താനുള്ള ആദ്യ പരിശ്രമമാണ് ഈ പുസ്തകം നടത്തുന്നത്.
നാം ആരാണ്? നമ്മൾ പരിസരങ്ങളെപ്പറ്റി അറിവ് ആർജിക്കുന്നത് എങ്ങനെ? തീരുമാനങ്ങളെടുക്കുന്നത് എങ്ങനെ? ബോധജ്ഞാനം എന്നാൽ എന്ത്? സ്വതന്ത്രമായ ഇച്ഛാശക്തി എന്നൊന്നുണ്ടോ? ഭക്ഷണശീലങ്ങൾ നമ്മുടെ മാനസികാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു? കോവിഡ് വാക്സീനുകളുടെ പ്രവർത്തനം എങ്ങനെയാണ്? ആശുപത്രി ചികിത്സയിൽ നിർമിതബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്താം? ഇങ്ങനെ അനേകം കാര്യ ങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ ഈ പുസ്തകം നിങ്ങളെ പ്രേരി പ്പിക്കുന്നു. ഇത്തരം വിഷയങ്ങളിൽ തെല്ലെങ്കിലും താല്പര്യമുള്ള ആർക്കും പുത്തൻ ചിന്തകളും ഉൾക്കാഴ്ചകളും പകരാതിരിക്കില്ല ഈ ലേഖനങ്ങൾ.

മസ്തിഷ്കശാസ്ത്രത്തിലെ പുരോഗതി ഒന്നുമാത്രം ജീവനെക്കുറിച്ചുള്ള നമ്മുടെ തത്വചിന്താപരമായ പരികല്പനകളെ ഉടച്ചുവാർക്കുകയാണ് ഇന്ന്. നമ്മെക്കു റിച്ചുതന്നെയും നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചും നമ്മുടെ പൂർവികർ വെച്ചുപുലർ ത്തിയിരുന്ന അറിവുകൾ ഏറെ വിപുലീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തമ്മിൽ കലരാതെ വേറിട്ടുനിന്നിരുന്ന വിജ്ഞാനശാഖകൾ എന്ന നിലയിൽനിന്ന് ശാസ്ത്രം സമ്മിശ്രവിജ്ഞാനീയത്തിലേക്ക് പുരോഗമിച്ചിരിക്കുന്നു. നാഡീശാസ്ത്ര വിദഗ്ധന്മാർ സംഗീതജ്ഞന്മാരുടെ സഹായത്തോടെ ബോധജ്ഞാന ത്തെപ്പറ്റി പഠിക്കുകയും പകർച്ചവ്യാധിവിദഗ്‌ധന്മാരുടെ സഹായത്തോടെ മഹാമാരികളോട് പൊരുതുകയും ചെയ്യുന്ന കാലം ഇങ്ങെത്തിക്കഴിഞ്ഞു. ലോകത്തെ മികച്ച ആശുപത്രികളിൽ ഇപ്പോൾ ഡിജിറ്റൽ ഗവേഷണ കേന്ദ്രങ്ങളുണ്ട്. അവിടെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാർ ചികിത്സാവിദഗ്‌ധന്മാരോടൊപ്പം പഠനഗവേഷണങ്ങളിൽ ഏർപ്പെടുന്നു. ഈ ഗവേഷണഫലങ്ങളിൽ മിക്കതും ചുരുങ്ങിയ ചെലവിൽ ലഭ്യമാണ് എന്നതാണ് ഇൻഡ്യ പോലുള്ള വികസ്വ രരാഷ്ട്രങ്ങൾക്ക് ഏറെ സഹായകമായ ഒരു വസ്തുത.
പ്രായത്തിന്റെയും പ്രവൃത്തിപരിചയത്തിന്റെയും പരിമിതികളില്ലാതെ ആർക്കും കടന്നുചെല്ലാവുന്ന ഒരു പുസ്തകമാണിത്. വിദ്യാർഥികളിൽ ജിജ്ഞാസയും സർഗപരതയും ഉണർത്തുന്നതിനും സ്വന്തം മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് മറ്റു മേഖലകളെപ്പറ്റി അറിവുനേടുന്നതിനും അവയുമായി സഹകരിച്ച് ശാസ്ത്രീയാന്വേഷണങ്ങളിൽ ഏർപ്പെടുന്നതിനും സഹായിക്കുന്ന ഒരു പ്രവേശികയാകാൻ ഇതിനു കഴിയും.

ഏറെ വായന നടക്കുന്ന നാടാണ് കേരളം. എന്നാൽ, ഇവിടെ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന കൃതികളിൽ നിസ്സാരമായ ഒരു പങ്കുമാത്ര മാണ് ശാസ്ത്രത്തെ വിഷയമാക്കുന്നത്. ഇത് ഒരു ജനതയുടെ ശാസ്ത്രീയാവബോ ധത്തെ മാത്രമല്ല, മറ്റു പല മേഖലകളിലെ അറിവുകളെയും പരോക്ഷമായി ബാധിക്കുന്ന ഒരു ന്യൂനതയാണ്. സാധാരണക്കാരന് പ്രാപ്യമായ രീതിയിൽ ശാസ്ത്രസാഹിത്യം പ്രചരിപ്പിക്കുന്നത് രാഷ്ട്രീയമായ മാനങ്ങളുള്ള ഒരു പ്രവൃത്തിയാണ്. ആ അർഥത്തിൽ ഈ ലേഖകൻ ചെയ്യുന്നത് സുപ്രധാനമായ ഒരു സംഗതിയാണ്: ഭാഷാപരമായ തടസ്സങ്ങൾ നീക്കി അദ്ദേഹം വിജ്ഞാ നസമ്പാദനപ്രക്രിയയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുന്നു.
ശാസ്ത്രീയമായ വിഷയങ്ങളെക്കുറിച്ച് മലയാളഭാഷയിൽ ആശയവിനിമയം നടക്കാതെപോകുന്നതുകൊണ്ട് ഉണ്ടാകുന്ന മറ്റൊരു പരിമിതി ഭാഷയുടെ വളർച്ചയിൽത്തന്നെ സംഭവിക്കുന്ന മുരടിപ്പാണ്. സങ്കീർണ്ണമായ ശാസ്ത്രപ രികല്പനകളെക്കുറിച്ച് സംവാദം നടത്തുന്നതിന് ആവശ്യമായ പദാവലിയും സമീപനങ്ങളും മലയാളത്തിന് അന്യമായി നിൽക്കുകയാണ് ഇന്ന്. അവസാനത്തെ മൂന്നു ലേഖനങ്ങളിൽ ഈ ബുദ്ധിമുട്ട് വ്യക്തമാണ്. ജർമ്മനിയും ജപ്പാനുംപോലെ സ്വന്തം ഭാഷ ഉപയോഗിച്ചുതന്നെ ഗുണമേന്മയുള്ള ശാസ്ത്ര നിർമ്മിതി നടക്കുന്ന രാജ്യങ്ങൾ ലോകത്തുണ്ടെന്ന് നാം മറക്കരുത്. ശാസ്ത്രം ഇംഗ്ലീഷിന്റെ കുത്തകയല്ല. എന്നാൽ, ആ മേഖലയിലേക്ക് മറ്റു ഭാഷകൾക്ക് കടന്നുകയറാൻ കഴിയണമെങ്കിൽ കൂടുതൽ കൂടുതൽ കൃതികൾ രചിക്കപ്പെ ടുക എന്ന ഒരു പോംവഴിയേയുള്ളൂ. ശാസ്ത്രീയവിജ്ഞാനത്തെ അതിന്റെ സൗന്ദര്യം ചോർന്നുപോകാതെ മലയാളത്തിൽ വിശദീകരിക്കാനുള്ള കഴിവിന് ഗ്രന്ഥകാരൻ പ്രത്യേകമായ അഭിനന്ദനം അർഹിക്കുന്നു. ഏറ്റവും പുതിയതും സങ്കീർണ്ണവുമായ ശാസ്ത്രവിഷയങ്ങളെപ്പറ്റി എഴുതുമ്പോഴും കൃത്യത കൈവിട്ടുപോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ലോകത്തെ ഒന്നാംകിട പ്രസിദ്ധീകരണങ്ങളിൽനിന്നുള്ള ഉദ്ധരണികൾ നൽകിക്കൊണ്ട് ശാസ്ത്രസമൂഹത്തിനു പുറത്തുനിൽക്കുന്ന സാധാരണക്കാരിലേക്കുകൂടി ആ അറിവുകൾ എത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അദ്ദേഹം പരിചയ പ്പെടുത്തുന്ന വിഷയങ്ങളുടെ വൈപുല്യവും ഭാവിസാധ്യതകളും പരിഗണിക്കു മ്പോൾ വരാനിരിക്കുന്ന ഏറെക്കാലത്തേക്ക് പ്രസക്തി നഷ്ടപ്പെടാത്ത ഒരു പുസ്തകമായിരിക്കും ഇതെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

ശാസ്ത്രാന്വേഷണത്തിന്റെയും അധ്യാപനത്തിന്റെയും മേഖലകളിൽ എതിരൻ കതിരവൻ നൽകിപ്പോരുന്ന സംഭാവനകളിൽ പ്രചോദനം കണ്ടെത്തുന്ന ഒരുവൻ എന്ന നിലയിൽ ഈ ഗ്രന്ഥത്തെ വായനക്കാർക്കു മുമ്പിൽ അവതരിപ്പിക്കുന്നതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. ശാസ്ത്രസാ ഹിത്യത്തിന്റെ ധർമ്മങ്ങളിൽ ഏറ്റവും പ്രമുഖമായ ഒന്ന് പ്രചോദനമാണ് എന്നാണ് എന്റെ അനുഭവം. ശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പ്രചോദനം അനേകം വായനക്കാരിലേക്ക് എത്തിക്കുന്നതിലും അതുവഴി ശാസ്ത്രജ്ഞന്മാരുടെ ഒരു പുത്തൻ നിരയെ വാർത്തെടുക്കുന്നതിലും പങ്കുവഹിക്കാൻ ഈ പുസ്തകത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എതിരൻ കതിരവൻ എഴുതിയ 'കാമേന്ദ്രിയങ്ങൾ ത്രസിക്കുന്നത്' തപാൽ സൗജന്യത്തിൽ ഓർഡർ ചെയ്യൂ...