കരുണാകരൻ.

എന്തുകൊണ്ട്
'കോവർ മനുഷ്യൻ'?

2025-ലെ വായനയിലെ പ്രധാന പുസ്തകമായി കരുണാകരൻ തെരഞ്ഞെടുക്കുന്നു: സുരേഷ് പി. തോമസ് എഴുതിയ ‘കോവർ മനുഷ്യൻ’.

രപീഡനത്തിന്റെ സ്വസ്തിക എന്നും സ്വേച്ഛാധിപത്യത്തിന്റെ അനിയന്ത്രിതമായ ഗർവ്വ് എന്നും വിശേഷിപ്പിച്ചു കൊണ്ടാണ് 'ധർമ്മപുരാണ'ത്തെ കെ. പി. അപ്പൻ വായിക്കുന്നത്, ലൈംഗികതയിലൂടെ പരപീഡനത്തിന്റെ നീചമായ സംപ്തൃപ്തി അധികാര ദുഷിപ്പിന്റെതന്നെ കഥനമാകുന്നത് പറയുമ്പോൾ. അല്ലെങ്കിൽ, ചാവുന്ന സമൂഹത്തിന്റെ ഒരു അഭിമുഖീകരണം നോവലിസ്റ്റ് തന്റെ ഭാഷയിൽ അനുഭവിക്കുന്നതിനെപ്പറ്റിയാണ് അപ്പൻ സൂചിപ്പിക്കുന്നത്. വിജയനിൽ, പക്ഷേ, ഇതൊരു രാഷ്ട്രീയ സന്ദർഭത്തിന്റെ തീവ്രമായ ആവിഷ്കാര മാവുകയായിരുന്നു, 'ധർമ്മപുരാണം' എഴുതുമ്പോൾ.

‘‘സോവിയറ്റ് യൂണിയനെ മോചകനായും സഖാവായും അതുവരെ കണക്കാക്കിയ എന്നിൽ ഈ രോഷം രാഷ്ട്രീയ വിശകലനത്തിലുപരിയായി വൈകാരിക തീവ്രതയുടെ രൂപം കൊണ്ടു’’ എന്നാണ് വിജയൻ പറഞ്ഞത്. മറ്റൊരു വിധത്തിൽ, അതി തീവ്രതയോടെ തന്റെ രാഷ്ട്രീയ സന്നദ്ധത അറിയിയ്ക്കുകയായിരുന്നു തന്റെ ഈ നോവലിലൂടെ ഒ. വി. വിജയൻ.

ഒ.വി. വിജയൻ തന്റെ ബൗദ്ധികജീവിതത്തിലുടനീളം പുലർത്തിയ കമ്മ്യൂണിസ്റ്റ് വിമർശനം, അധികാര കേന്ദ്രീകരണത്തിലേക്ക് ഒരു പാർട്ടിയെ നയിക്കുന്നതിലെ ആശയശാസ്ത്രം എങ്ങനെ ഭീകരമായ ഒരു മർദ്ദനയന്ത്രമാകുന്നു എന്ന് സദാസമയവും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു.

‘കമ്മ്യൂണിസ്റ്റ് സ്വപ്നത്തകർച്ച' മാത്രമായിരുന്നില്ല വിജയന്റെ അധികാര സ്വേച്ഛാധിപത്യ വിമർശനത്തിന്റെ തുടക്കമെങ്കിലും ഇത് ഇവിടെ എടുത്ത് എഴുതാൻ പ്രത്യേക കാരണമുണ്ട്. അത്, 'ധർമ്മപുരാണ'ത്തെ വിജയന്റെ ‘അടിയന്തരാവസ്ഥാ വിമർശനം’ മാത്രമായി ചുരുക്കിയൊതുക്കാൻ കേരളത്തിലെ മാർക്സിസ്റ്റ് വിമർശകരും പിറകേ നിന്ന നല്ലൊരു വിഭാഗം എഴുത്തുകാരും അന്നും ഇന്നും കാണിക്കുന്നതിലെ സാംസ്കാരിക വഞ്ചന സൂചിപ്പിക്കാനാണ്.

മാത്രമല്ല, വിജയന്റെ മരണാനന്തരം, ‘പാർട്ടി’യ്‌ക്ക് ഒപ്പം നിന്ന് 'മുതിർന്ന' എഴുത്തുകാരും അവരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക സ്ഥാപനങ്ങളും വിജയന്റെ കലയിൽ അന്തർഹിതമായ അധികാര വിമർശനത്തെ ഉപരിപ്ലവമായ ഫാഷിസ്റ്റ് വിമർശനം മാത്രമാക്കി ചുരുക്കുന്നതിനെതിരെയും വിജയന്റെ ഈ പറച്ചിൽ നിൽക്കുന്നു. അതാകട്ടെ, ഒരിക്കൽ അടിയന്തരാവസ്ഥയ്‌ക്ക് എതിരെയും ഇപ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും മാത്രമെന്ന് വായിക്കാൻ കാണിക്കുന്ന കൊടിയ കൊതിയുമായി ഒതുക്കപ്പെടുന്നതിനെതിരെയും നീങ്ങുന്നു.

നോവലിസ്റ്റ് തന്റെ ഭാഷയിൽ അനുഭവിക്കുന്നതിനെപ്പറ്റിയാണ് അപ്പൻ സൂചിപ്പിക്കുന്നത്. വിജയനിൽ, പക്ഷേ, ഇതൊരു രാഷ്ട്രീയ സന്ദർഭത്തിന്റെ തീവ്രമായ ആവിഷ്കാര മാവുകയായിരുന്നു, 'ധർമ്മപുരാണം' എഴുതുമ്പോൾ.
നോവലിസ്റ്റ് തന്റെ ഭാഷയിൽ അനുഭവിക്കുന്നതിനെപ്പറ്റിയാണ് അപ്പൻ സൂചിപ്പിക്കുന്നത്. വിജയനിൽ, പക്ഷേ, ഇതൊരു രാഷ്ട്രീയ സന്ദർഭത്തിന്റെ തീവ്രമായ ആവിഷ്കാര മാവുകയായിരുന്നു, 'ധർമ്മപുരാണം' എഴുതുമ്പോൾ.

വിജയൻ തന്റെ ബൗദ്ധികജീവിതത്തിലുടനീളം പുലർത്തിയ കമ്മ്യൂണിസ്റ്റ് വിമർശനം, അധികാര കേന്ദ്രീകരണത്തിലേക്ക് ഒരു പാർട്ടിയെ നയിക്കുന്നതിലെ ആശയശാസ്ത്രം എങ്ങനെ ഭീകരമായ ഒരു മർദ്ദനയന്ത്രമാകുന്നു എന്ന് സദാ സമയവും രേഖപ്പെടുത്തിക്കൊണ്ടായിരുന്നു. വിജയന്റെ തന്നെ ഭാഷയിൽ സമൂഹത്തെ ബാധിക്കുന്ന "സർപ്പച്ചുരുളുകൾ’’ ആയിരുന്നു ആ മർദ്ദനയന്ത്രത്തിന്റെ ഓരോ പ്രവേശവും. സുരക്ഷിതനെന്ന് ഒരാളെ നേരിട്ട് ധരിപ്പിച്ച് പിറ്റേന്ന് അയാളെ അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സ്റ്റാലിനിസ്റ്റ് രീതിയെ വിജയൻ സൂചിപ്പിച്ചത് ഈ സർപ്പച്ചുരുൾ സങ്കൽപ്പത്തിലൂടെയാണ്.

ചുരുക്കിപ്പറഞ്ഞാൽ 'ധർമ്മപുരാണം', ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയോടുള്ള 'പ്രതികരണം', മാത്രമല്ല, സോവിയറ്റ് കമ്മ്യൂണിസത്തിന്റെ വിമർശനം കൂടിയാണ്. ആ അർത്ഥത്തിൽ ഇന്നും ആ കൃതി മലയാളത്തിൽ വായിക്കപ്പെടാതിരിക്കാൻ എല്ലാ സന്നദ്ധ സംഘങ്ങളും, വിജയന്റെ തലമുറയ്‌ക്ക് തൊട്ടു പിന്നെ വന്ന എഴുത്തുകാർ വിശേഷിച്ചും, അവരുടെ വായനാവൈദ്യവും ഇന്നും പുലർത്തുന്ന ജാഗ്രത അത്രയും സാഹിത്യവിരുദ്ധമായിക്കൂടി, anti literature, നിലനിൽക്കുന്നു - അതിലെ അധികാര ദാസ്യത്തിനുമൊപ്പം.

ഇത്രയും ആമുഖമായി സൂചിപ്പിച്ചത് 'ധർമ്മപുരാണ'ത്തിന്റെ ഒരു quantum jump നമ്മുടെ ഫിക്ഷനിൽ സംഭവിച്ചതിനെപ്പറ്റി പറയാനാണ്. സുരേഷ് പി. തോമസ് എഴുതിയ ‘കോവർ മനുഷ്യൻ’ (ഡി.സി ബുക്സ്) എന്ന മലയാളത്തിലെ അസാധാരണമായ നോവൽ നമ്മുടെ ഭാഷയിൽ അങ്ങനെയൊരു ഇടപെടലാണ്. പോയ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട മലയാള കൃതി, എനിക്ക്, ഈ നോവലാണ്.

ഫിക്ഷൻ അലസമായ കലയല്ലെന്നും അതിന്റെ ലക്ഷ്യം വിജയഭേരിയല്ലെന്നും വിചാരിക്കുകയാണെങ്കിൽ, നോവൽ, ഇന്നും മനുഷ്യഭാവനയുടെ ഒരു വലിയ കരയാണ്.

'ധർമ്മപുരാണ'ത്തിന്റെ തുടർച്ചയോ സ്വാധീനമോ അല്ല 'കോവർ മനുഷ്യ'നെങ്കിലും വിജയന്റെ നോവലിന്റെ ധാർമിക പരിസരം ഈ നോവലിന്റെ വായനക്കാരിയെ ഒരുക്കിയെടുത്തിരിക്കുന്നു. നമ്മുടെ വായനാസംസ്കാരത്തിലെ തീവ്രമായ ഒരു "ലാവണ്യ ബോധ"ത്തെ ഈ നോവൽ അസാധാരണമായ ശേഷിയോടെ, ഒരു ചാവേർ രീതിയോടെ, ആവിഷ്ക്കരിക്കുന്നു എന്നതുകൊണ്ടാണ് അത്. അതുകൊണ്ടാണ് അത് 'ധർമ്മപുരാണ'ത്തിന്റെ ഓർമ്മ കൊണ്ടുവരുന്നത്.

"പുറത്തു കടക്കാൻ അനുവദിക്കാത്ത ഒരു പേക്കിനാവിലോ യാഥാർഥ്യത്തെക്കാൾ യഥാർത്ഥമായ ഒരു വിഭ്രാന്തിയിലോ നമ്മെ അകപ്പെടുത്തുകയാണ്’’ ഈ നോവൽ എന്ന് മനോജ് കുറൂറും, ‘‘ഒരു ഫേബിളിന്റ ചട്ടക്കൂടിനുള്ളിൽ സ്വേച്ഛാധികാരപ്രമത്തമായ ഒരു ദേശത്തെ കാണുകയാണ്" ഈ നോവൽ എന്ന് അജയ് പി. മങ്ങാട്ടും, ‘കോവർമനുഷ്യ'നെ പരിചയപ്പെടുത്തുമ്പോൾ, മലയാള ഭാവനയുടെ രണ്ട് സാധ്യതകളെ - രാഷ്ട്രീയത്തെയും ഭാഷയേയും- കൂടി ഒന്നുകൂടി വീണ്ടെടുക്കുന്നു. ആ നിരീക്ഷണങ്ങൾ കൃത്യവുമാണ്.

നോവൽ എല്ലാംകൊണ്ടും നവീനമായ ഒരു കണ്ടുപിടിത്തമാണ്. മനുഷ്യവംശത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ എപ്പോഴോ അത് കണ്ടെത്തുന്നു.

'ധർമ്മപുരാണ'ത്തിന്റെ തുടർച്ചയോ സ്വാധീനമോ അല്ല 'കോവർ മനുഷ്യ'നെങ്കിലും വിജയന്റെ നോവലിന്റെ ധാർമിക പരിസരം ഈ നോവലിന്റെ വായനക്കാരിയെ ഒരുക്കിയെടുത്തിരിക്കുന്നു.
'ധർമ്മപുരാണ'ത്തിന്റെ തുടർച്ചയോ സ്വാധീനമോ അല്ല 'കോവർ മനുഷ്യ'നെങ്കിലും വിജയന്റെ നോവലിന്റെ ധാർമിക പരിസരം ഈ നോവലിന്റെ വായനക്കാരിയെ ഒരുക്കിയെടുത്തിരിക്കുന്നു.

"യുദ്ധാവസാനം യുദ്ധക്കളത്തിൽ നിന്ന് മടങ്ങിയെത്തിയ പുരുഷന്മാർ നിശ്ശബ്ദയിലേക്ക് ഏറെ പോയി; സമ്പന്നരായല്ല, മറിച്ച്, ആശയവിനിമയ പരിചയത്തിൽ ദരിദ്രരായി - എന്നത് ശ്രദ്ധേയമായിരുന്നില്ലേ?" എന്ന് വാൾട്ടർ ബെന്യാമീൻ വിശ്വപ്രസിദ്ധമായ തന്റെ പ്രബന്ധത്തിൽ കഥപറച്ചിലുകാരെ പറയുമ്പോൾ ഓർക്കുന്നു. എല്ലാ കാലത്തും അത്തരമൊരു സ്വപ്നത്തിലൂടെ, സമകാലീനമായ ഉദാസീനതകളെ മറികടക്കാൻ, നോവൽ അതിനെ പുതിയതായി അവതരിപ്പിക്കുന്നു. അപ്പോഴും, പ്രാചീനമായ ഒരു സർഗ്ഗവിശേഷത്തെ, കഥ പറച്ചിലിനെ, അത് സൂക്ഷിക്കുന്നു. സഹജമായ അനുഭവമാക്കുന്നു. സാഹിത്യത്തിന്റെയും ഭാവനയുടെയും ആവശ്യമായിരുന്നു അത്.

സുരേഷ് പി. തോമസ് തന്റെ കഥകളിലൂടെ, നോവലിലൂടെ ഇതേ ആവശ്യത്തിലേയ്ക്ക് എത്തിയിട്ടുമുണ്ട്. 'കോവർ മനുഷ്യൻ', ഇതിനുമപ്പുറം, കാലത്തിലേയ്ക്ക് കലരുന്ന ഭാവനയുടെ അസന്നിഗദ്ധമായ ഒരു പ്രത്യക്ഷത്തെ അവതരിപ്പിക്കുന്നു: ആത്മഭാഷണങ്ങളിൽ ഒരു ദുഃസ്വപ്നം വിവരയ്ക്കുന്നതുപോലെ.

ഫിക്ഷൻ അലസമായ കലയല്ലെന്നും അതിന്റെ ലക്ഷ്യം വിജയഭേരിയല്ലെന്നും വിചാരിക്കുകയാണെങ്കിൽ, നോവൽ, ഇന്നും മനുഷ്യ ഭാവനയുടെ ഒരു വലിയ കരയാണ്: മനുഷ്യനെ തന്നെ കണ്ടുമുട്ടുന്ന, വെല്ലുവിളിക്കുന്ന, അതേ ഭാവനയുടെ അഭിമുഖീകരണം ആ കരയിലെ ജീവിതവും കാഴ്ച്ചയുമാണ്. ‘കോവർ മനുഷ്യൻ' അങ്ങനെയൊരു കൃതിയാണ്. മലയാളത്തിലെ ഒരപൂർവ്വ ഇടപെടൽ.


Summary: Karunakaran chooses Malayalam novel Kovar Manushyan by Suresh P Thomas as his favourite book of the year 2025.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം, മേതിൽ Ars Longa Vita brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments