മുകുന്ദൻ എന്ന ചാവേറി​ന്റെ ഗറില്ലാ യുദ്ധങ്ങൾ

ഗറില്ലായുദ്ധത്തോടു സമാനതയുള്ള രചനാരീതിയാണ് 'കേശവന്റെ വിലാപങ്ങളിൽ' മുകുന്ദൻ സ്വീകരിച്ചിരിക്കുന്നത്. ന്യൂനോക്തിയുടെയും സർവ്വസാധാരണത്വത്തിന്റെയും മുഷിപ്പൻ കാമഫ്ലാഷിട്ട്, ചാവേറായി നുഴഞ്ഞുകയറി ദൗത്യം നിർവഹിക്കുകയാണദ്ദേഹം. എം. മുകുന്ദൻ എഴുതിയ ‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവലിനെക്കുറിച്ച് ജോണി ജെ. ​പ്ലാത്തോട്ടം എഴുതുന്ന വിമർശനപഠനം തുടരുന്നു.

‘കേശവന്റെ വിലാപങ്ങൾ’:
ബോംബ് ഒളിപ്പിച്ചുവച്ച
മുകുന്ദന്റെ മാസ്റ്റര്‍പീസ്

ഭാഗം നാല്

'അപ്പുക്കുട്ടന്റെ വിലാപങ്ങൾ' എന്ന നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചയുടനെ കേശവൻ ഭാര്യയുടെ നിർബന്ധപ്രകാരം കുറച്ചുദിവസത്തെ മലമ്പുഴവാസത്തിന് സകുടുംബം പോയി- (192). തിരിച്ചുവരുമ്പോഴേക്കും കമ്യൂണിസ്റ്റ് പാർട്ടി തന്റെ നോവലിന്റെ നേര് തിരിച്ചറിയുമെന്നും തനിക്ക് പാർട്ടിയുടെ എക്‌സിക്യൂഷണർമാർ വധശിക്ഷ വിധിച്ചിരിക്കുമെന്നും കേശവൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. നോവലിന്റെ തുടക്കത്തിൽ തന്നെ കേശവൻ ഫത്‍വയെക്കുറിച്ചു പറയുന്നുണ്ടല്ലോ.

എന്നാൽ തിരിച്ചുവന്നയുടനെ 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ'ക്ക് രാവുണ്ണിയെഴുതിയ പഠനലേഖനം അച്ചടിച്ചുവന്ന മാസികയാണ് കേശവന്റെ കൈയ്യിൽ കിട്ടുന്നത്. അതു കേശവനു കൊടുക്കുവാൻ വേണ്ടിത്തന്നെയാണ് ഇപ്രാവശ്യത്തെ രാവുണ്ണിസംഘത്തിന്റെ സന്ദർശനവും.

അയാൾ ഒന്നേ നോക്കിയുള്ളൂ. 'കാഴ്ചയുടെ നൈർമ്മല്യം' എന്ന തലക്കെട്ടു വായിച്ച് മാസിക തിരികെ കൊടുത്തു. കൂടുതൽ വായിച്ചാൽ കേശവൻ ഛർദ്ദിക്കുമായിരുന്നു എന്നാണ് നോവലിൽ പറയുന്നത്. മാത്രമല്ല, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യമായി കേശവനും മദ്യപാനത്തിൽ പങ്കുചേർന്നു.
ഇവിടെ, നിരൂപണ ലേഖനമെഴുതിയ രാവുണ്ണിക്ക് എല്ലാം അറിയാം. സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതും.

'മൂന്നാഴ്ച്ചയ്ക്കുള്ളിൽ രണ്ടാം പതിപ്പിറങ്ങിയ' കേശവന്റെ പുതിയ നോവലിനെ വിലയിരുത്തിയുള്ള ആ നീണ്ടലേഖനം - കാഴ്ചയുടെ നൈർമ്മല്യം - ഒരു ചരമപ്രസംഗത്തിന്റെ സ്വരത്തിലുള്ളതാണ്. കേശവന്റെ മേൽ അയാൾ വിശ്വസിക്കുന്ന പാർട്ടി മുൻകൂറായി വയ്ക്കുന്ന ഒരു റീത്താണത്.

നിരൂപണലേഖനത്തിലെ വാക്യങ്ങൾക്കെല്ലാം ഇരട്ട മുഖമാണുള്ളത്. പാർട്ടിയുടെ വക്താവായ രാവുണ്ണി തന്റെ ആത്മസുഹൃത്തായ കേശവനും സഹൃദയരായ പൊതുജനത്തിനും അങ്ങേയറ്റം ഹിതവും അഭിമാനവും തോന്നുന്ന വിധത്തിലാണ് അത് എഴുതിയിട്ടുള്ളത്. എന്നാൽ അതേ ടെക്സ്റ്റു കൊണ്ട്, തന്റെ പാർട്ടിയിലെ യജമാനന്മാരെ, ഉന്നതാധികാര കേന്ദ്രത്തെ പൂർണ്ണമായും തൃപ്തിപ്പെടുത്തേണ്ടതുമുണ്ട്. വരികൾക്കിടയിലെ വായനകൊണ്ട്, ഇരുതലമൂർച്ച കൊണ്ട്, ലേഖനത്തിന്റെ മൊത്തത്തിലുള്ള പടപ്പിൽതല്ലു സ്വഭാവം കൊണ്ട് ഒക്കെയാണ് രാമുണ്ണി അതു നിറവേറ്റുന്നത്. അങ്ങനെ അതും രാവുണ്ണി സാധിച്ചെടുക്കുന്നു.
നിരൂപകഭാഷയുടെയും തത്വങ്ങളുടെയും മാക്‌സിയൻ വേർഷനുപയോഗിച്ചു വലിയൊരു പ്രകടനമാണ് രാവുണ്ണി ഇവിടെ നടത്തിയിരിക്കുന്നത്.
കേശവനുള്ള ഊഷ്മളമായ സ്‌നേഹോപഹാരവും ബഹുമതിപത്രവുമാണ് 'കാഴ്ചയുടെ നൈർമല്യം'. അതേസമയം തന്റെ മേലധികാരികളുടെ മുന്നിൽ കേശവനെതിരെയുള്ള കറതീർന്ന ഒരു കുറ്റപത്രം.

പാർട്ടിയുടെ ആസ്ഥാന നിരൂപകനായ രാവുണ്ണി എഴുതിയ 'കാഴ്ചയുടെ നൈർമല്യം' വായിച്ചതോടെ, ഇ.എം. എസ്സിനെ പ്രതിനായകനാക്കി താൻ ചെയ്ത നോവൽ ഒരു പാഴ്‌വേലയായി എന്ന തോന്നൽ കേശവനെ തകർത്തു കളഞ്ഞു.

ആമൻസാറിനെപ്പോലെ മനുഷ്യത്വമില്ലാത്തയാളല്ല രാവുണ്ണി. കേശവന്റെ നിലപാടുകൾ തുടക്കം മുതലെ രാവുണ്ണിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. കേശവനെ തിരുത്താനും വഴിതിരിച്ചു വിടാനും അയാൾ ഒരുപാട് ശ്രമം നടത്തി നോക്കിയതാണ്. എല്ലാം വിഫലമായി എന്ന് രാവുണ്ണി ദുഃഖത്തോടെ തിരിച്ചറിയുകയും ചെയ്തു. ഗത്യന്തരമില്ലാതെയാണ്, തന്റെ നിലനിൽപോർത്തു മാത്രം, കേശവനുവേണ്ടി ഈ അന്ത്യോപഹാരം നിർമ്മിച്ചത്.
ഇത് പാർട്ടിയുടെ ഔപചാരികമായ ഒരു ചടങ്ങാണ്.

കേശവനെ സംബന്ധിച്ച് ആത്മസാക്ഷാത്ക്കാരമാണ് താനെഴുതിയ 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ' എന്ന നോവൽ. പാർട്ടിയുടെ ആസ്ഥാന നിരൂപകനായ രാവുണ്ണി എഴുതിയ 'കാഴ്ചയുടെ നൈർമല്യം' വായിച്ചതോടെ, ഇ.എം. എസ്സിനെ പ്രതിനായകനാക്കി താൻ ചെയ്ത നോവൽ ഒരു പാഴ്‌വേലയായി എന്ന തോന്നൽ കേശവനെ തകർത്തു കളഞ്ഞു. ഒരിക്കലും മദ്യപിക്കാത്ത അയാൾ കടുത്ത മദ്യപാനിയായി മാറിയത് അങ്ങനെയാണ്. എങ്കിലും, പാർട്ടി തന്റെ നോവലിനെ മനസ്സിലാക്കിയില്ല എന്ന് പുറമേയ്ക്കു ഭാവിക്കുന്നതാണെന്നും തനിക്കുള്ള ശിക്ഷ വരുമെന്നും ഉള്ള ഒരു പ്രതീക്ഷ കേശവനുണ്ടായിരുന്നതായി കാണാം.

കഥയിലേക്കു തിരിച്ചുവരാം:
പൊടുന്നനെയാണ് ‘കേശവന്റെ വിലാപങ്ങൾ’ എന്ന ഈ നോവൽ അതിന്റെ അന്ത്യത്തിലേക്കടുക്കുന്നത്.
രാവുണ്ണി സംഘവുമൊത്ത് ആദ്യമായി മദ്യപിച്ചതിനുശേഷം തൊട്ടടുത്ത അദ്ധ്യായത്തിൽ കേശവനെ കണ്ടുമുട്ടുന്നത് മദ്യഷാപ്പിൽ വച്ചാണ്. ഇതിനിടയിൽ അയാൾ മുക്കുടിയനായി മാറിക്കഴിഞ്ഞിരിക്കുന്നു. മുഴുവൻ സമയവും മദ്യഷാപ്പിലാണ്. പക്ഷേ, അതിനെക്കുറിച്ച് മുകുന്ദൻ ഒരു പരാമർശവും നടത്തുന്നില്ല. വായനക്കാർ നിരൂപിച്ചെടുക്കേണ്ട കാര്യമാണത്.

'ഒരു പകൽ മുഴുവൻ ഷാപ്പിലിരുന്നു കുടിച്ചശേഷം' മടങ്ങിവരുമ്പോൾ കേശവന്റെ വീട്ടിൽ ഇ.എം.എസ്സും പരിവാരവും എത്തിയിരിക്കുന്നതായി അത്ഭുതത്തോടെ അയാൾ കണ്ടു. (203)
''വായിച്ചു... ഇഷ്ടായി'' എന്ന് തന്റെ നോവലിനെക്കുറിച്ച് ഇ.എം.എസ്സ് കേശവനോട് പറഞ്ഞു. അതോടെ അയാൾ കൂടുതൽ നിരാശനായി. വീണ്ടും ഷാപ്പിലേക്കാണയാൾ പോയത്. മദ്യപിച്ച് ലക്കുകെട്ട് കേശവൻ രാത്രി തനിയെ തിരിച്ചുവരുന്നു. വീടിനടുത്തെത്തിയപ്പോൾ കയ്യാലയുടെ മുകളിൽ നിന്ന് ആരൊക്കെയോ ചാടിയിറങ്ങി വന്നു. ഒരു കോടാലി കേശവന്റെ കഴുത്തിനു നേർക്കുയർന്നു. അതുകണ്ട് കേശവൻ ആത്മാർത്ഥമായ ഒരു ചിരി ചിരിച്ചു. തന്റെ മാസ്റ്റർപീസായ നോവൽ അറിയേണ്ടവർ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന് കേശവനു മനസ്സിലായി. കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള തന്റെ വിശ്വാസവും ബോദ്ധ്യങ്ങളും എത്രയും ശരിയായിരുന്നു എന്ന അറിവും.
ഇങ്ങനെ രണ്ടു നിർവൃതികൾ അനുഭവിച്ചുകൊണ്ടാണ് ഒരു നിമിഷാർദ്ധനേരത്തേക്ക് കേശവൻ ചിരിച്ചത്.

അയാളുടെ കഴുത്ത് ഛേദിക്കുംമുമ്പ്, ആ ചിരി ഒട്ടും പ്രതീക്ഷിക്കാത്ത കോടാലി അരനിമിഷം അന്തരീക്ഷത്തിൽ നിശ്ചലമായി നിന്നുവെന്നും മുകുന്ദൻ എഴുതുന്നു. ഇവിടെ നോവൽ അവസാനിച്ചു. കേശവൻ പ്രതീക്ഷിച്ചതുപോലെതന്നെ എല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നു. ഇ.എം.എസ്സിന്റെ കൂടെത്തന്നെ ഈ കിങ്കരന്മാരും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാകുന്നത്.

വീട്ടിൽ വന്നപ്പോൾ കേശവന്റെ ഭാര്യയെ തലയിൽ കൈവെച്ച് ഇ.എം.എസ്. അനുഗ്രഹിച്ചതും കേശവനെ അനുഗ്രഹിക്കാൻ ഭാവിച്ചെങ്കിലും അനുഗ്രഹിക്കാതിരുന്നതും വ്യക്തമായി നോവലിസ്റ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടു പേരോടുമുള്ള വ്യത്യസ്തമായ മനോഭാവമാണ് ഇ എം. കാട്ടിയത്. ഇത് ഇ.എം. ആർക്കോ കൊടുത്ത അടയാളമായിരുന്നു എന്നും ഇതിനർത്ഥമുണ്ടല്ലോ.

ശരവണന്റെ കലുങ്കിലെ പ്രസംഗത്തിൽ ട്രോട്സ്കിയെ പരാമർശിക്കുന്നത് യാദൃച്ഛികമല്ല. ട്രോട്ട്സ്കിയെക്കൊന്ന ആയുധവും കോടാലിയാണല്ലോ. ഈ പുതിയ കാലത്ത്, വെട്ടുകത്തിയോ കൊടുവാളോ നാടൻ ബോംബോ കേശവനുനേരെ പ്രയോഗിക്കാതെ കോടാലി തന്നെ തെരഞ്ഞെടുക്കുകയാണ്. ഇതിലൂടെ, ഇവിടുത്തെ കമ്യൂണിസ്റ്റുപാർട്ടിയുടെ സ്റ്റാലിനിസ്റ്റുതന്മ ഹൈലൈറ്റു ചെയ്തു കാട്ടാൻ മുകുന്ദൻ കാര്യമായി ശ്രമിക്കുന്നതും കാണാം.

നോവലിൽ മുകുന്ദൻ ചിത്രീകരിക്കുന്ന കേരള സമൂഹം മാരകമാംവിധം രോഗാതുരമാണ്. ഇവിടുത്തെയാളുകൾ സന്തുലിതമായ വ്യക്തിത്വവളർച്ചയില്ലാത്തവരാണ്. ഇ.എം.എസ് ഭക്തി ഒരു ബാലനെ മാത്രമല്ല, സമൂഹത്തെ മുഴുവനുമാണ് ബാധിച്ചിരിക്കുന്നത്.

മുകുന്ദൻ നടത്തുന്ന ഒളിപ്പോര്

ഗറില്ലായുദ്ധത്തോടു സമാനതയുള്ള രചനാരീതിയാണ് 'കേശവന്റെ വിലാപങ്ങളിൽ' മുകുന്ദൻ സ്വീകരിച്ചിരിക്കുന്നത്. ന്യൂനോക്തിയുടെയും സർവ്വസാധാരണത്വത്തിന്റെയും മുഷിപ്പൻ കാമഫ്ലാഷിട്ട്, ചാവേറായി നുഴഞ്ഞുകയറി ദൗത്യം നിർവഹിക്കുകയാണദ്ദേഹം.
മൂന്നു പോർമുഖങ്ങളിലൂടെയാണ് ഇ.എം.എസ് എന്ന ആൾദൈവത്തിനെതിരെ മുകുന്ദൻ ആക്രമണം നടത്തുന്നത്. പൊതുസമൂഹം, പാർട്ടിസമൂഹം, വ്യക്തിസ്വത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പടനിലങ്ങൾ.

പൊതുസമൂഹം: നോവലിൽ മുകുന്ദൻ ചിത്രീകരിക്കുന്ന കേരള സമൂഹം മാരകമാംവിധം രോഗാതുരമാണ്. ഇവിടുത്തെയാളുകൾ സന്തുലിതമായ വ്യക്തിത്വവളർച്ചയില്ലാത്തവരാണ്. ഇ.എം.എസ് ഭക്തി ഒരു ബാലനെ മാത്രമല്ല, സമൂഹത്തെ മുഴുവനുമാണ് ബാധിച്ചിരിക്കുന്നത്. അത് പുതിയ തലമുറയുടെ ജീനിലേക്ക്, പാരമ്പര്യമായി കയറിക്കൂടുന്നു എന്ന അപായസൂചനയാണ് മുകുന്ദൻ നൽകുന്നത്. നോവലിന്റെ പ്രധാന പ്രമേയമാണിത്.

തൊട്ടിലിൽ കിടന്നു കരയുമ്പോൾ ഇ.എം.എസിന്റെ ചിത്രം കണ്ടാൽ മാത്രം കരച്ചിൽ നിർത്തുന്ന അപ്പുക്കുട്ടൻ എന്ന ബാലനെ അവതരിപ്പിക്കുന്നത് മുകുന്ദന്റെ വെറും കൗതുകമായിട്ടല്ല.

ഇ.എം.എസ്. അഡിക്ഷൻ മലയാളിയുടെ ജീനിലേക്ക്:
ആമൻസാറും അപ്പുക്കുട്ടനും തമ്മിലുള്ള ഒരു സംഭാഷണം പരിശോധിക്കാം:
‘കണ്ണട വയ്‌ക്കേണ്ടിവരുമെന്ന് അയാൾ പറഞ്ഞപ്പോൾ അപ്പുക്കുട്ടന് സന്തോഷം തോന്നി. ഇ.എം.എസ്. കണ്ണട വയ്ക്കുന്നുണ്ടല്ലോ’. (148)
‘ഇയെമ്മസ് എത്ര വയസ്സിലാ കണ്ണട വെച്ചത്?’
‘അത്...’
‘കുട്ടിയാകുമ്പളേ വച്ചിരുന്നോ?’
അപ്പുക്കുട്ടന്റെ ചോദ്യത്തിന് ആമൻസാറിന് മറുപടി പറയുവാൻ കഴിഞ്ഞില്ല. കമ്യൂണിസ്റ്റു പാർട്ടിയുടെയും കർഷക സമരങ്ങളുടെയും ചരിത്രം അയാൾക്കു മനഃപാഠമാണ്. പാർട്ടിനേതാക്കളുടെ ജീവചരിത്രവും അയാൾക്ക് നന്നായി അറിയാം. എന്നിട്ടും ഇ.എം.എസ്. എത്ര വയസ്സിലാ കണ്ണട വച്ചത് എന്ന ചോദ്യത്തിന് അയാൾക്ക് മറുപടിയില്ല. എല്ലാ അറിവുകളും അപൂർണ്ണമാണ് എന്ന് അയാൾ സ്വയം പറഞ്ഞു.
‘ആമൻ സാറിന് അറീല്ലേ?’
‘ഇല്ല’
‘ഈയെമ്മസ് ഇരുപത്തിയൊന്നു വയസ്സിലാ കണ്ണട വച്ചത്.’
‘അപ്പൂട്ടന് എങ്ങനെ മനസ്സിലായി.’
‘അപ്പുക്കുട്ടന് മറുപടി പറയാൻ കഴിഞ്ഞില്ല. ചില അറിവുകൾ ആരും പകർന്നു തരുന്നതല്ല, സ്വയം ഉണ്ടാകുന്നതാണ്. ഈ അറിവ് ഈ നിമിഷം അപ്പുക്കുട്ടനിൽ സ്വയംഭൂവായതാണ്.’

സമൂഹത്തിലെ ഇ.എം.എസ്. അഡിക്റ്റുകളെ മുകുന്ദൻ രണ്ടായി തിരിച്ചിരിക്കുന്നതായി കാണാം. അപ്പുക്കുട്ടനെപ്പോലെ ജന്മനാ അഡിക്റ്റുകളായവരുടെ പുതുമുറക്കാർ അവരിൽ ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗം, ബോധപൂർവ്വം ഇ.എം.എസിനു പഠിച്ച് പാസായവർ. അവരിൽ ഡിഗ്രിയും ഡോക്ടറേറ്റും നേടിയവരുമുണ്ട്.

ആമനും അപ്പുക്കുട്ടനുമായുള്ള ഈ സംഭാഷണം കൊണ്ട് രണ്ടു കാര്യങ്ങളാണ് മുകുന്ദൻ ഉദ്ദേശിച്ചിട്ടുള്ളത്.
ഒന്ന്: ഇവർ രണ്ടു പേരുടെയും ഇ.എം.എസ് ആരാധനയുടെ പരിഹാസ്യത. ഇ.എം.എസ്. എത്ര വയസ്സിലാ കണ്ണട വച്ചതെന്നുള്ള അറിവില്ലാത്തയാൾക്ക്, മറ്റെന്തെല്ലാം അറിവുകളുണ്ടായിട്ടെന്താ, എന്ന് ആമൻ എന്ന സ്‌കൂൾമാഷ് വിഷാദിക്കുന്നു. ഇതിലും വലിയ പരിഹാസമെന്ത്?
രണ്ടാമത്തെ കാര്യം: കേരളീയ സമൂഹത്തിന് ജീവൽ പ്രധാനമായ ഒന്നാണ്. അപ്പുക്കുട്ടന്റെ രക്തത്തിൽ തന്നെയാണ് - ജനിതകഘടനയിൽ - ഇ.എം.എസ് ഉള്ളത്. വായിച്ചോ ആരെങ്കിലും പറഞ്ഞോ ഉള്ള അറിവല്ല ഇ.എം.എസിനെക്കുറിച്ച് അപ്പുവിനുള്ളത്. ജന്മനാ, സ്വയംഭൂവായുള്ളത്.
‘... ഈ അറിവ് ഈ നിമിഷം അപ്പുക്കുട്ടനിൽ സ്വയംഭൂവായതാണ്.’ ഇങ്ങനെയാകുന്നു മുകുന്ദൻ എഴുതിയിട്ടുള്ളത്. (149)

ജീനിൽ എന്നുള്ളത് അക്ഷരാർത്ഥത്തിൽ എടുക്കേണ്ട. പക്ഷേ, അബോധമനസ്സിലുള്ള കാര്യമാണ്. അതെക്കുറിച്ച് നമുക്കറിയില്ല. നമുക്ക് അതിന്റെമേൽ നിയന്ത്രണവുമില്ല. ഫലത്തിൽ ജീനിൽ, ജനിതകഘടനയിൽ ഉള്ളതുപോലെ തന്നെ.

നമ്മുടെ സമൂഹത്തിലെ നല്ലപങ്കും ഇ.എമ്മിന്റെ അഡിക്ടുകളാണ്. ഒരു അഡിക്ടിന് സ്വന്തം ചിന്തയോ തീരുമാനങ്ങളോ ഇല്ലല്ലോ. അവർ സ്വത്വം നഷ്ടപ്പെട്ടവർ, അതിനാൽത്തന്നെ വ്യക്തിത്വം ഇല്ലാത്തവരുമാണ്. കേരള ജനതയെ സംബന്ധിച്ച് തികച്ചും സംഭ്രമജനകമായ ഒരു കാര്യമാണിത്. ഇതിന്റെ അപകടം വായനക്കാർ -സമൂഹം- തിരിച്ചറിയണം. ഈ സന്ദേശമാണ് കേശവനെക്കൊണ്ട് മുകുന്ദൻ എഴുതിക്കുന്നത്.

സമൂഹത്തിലെ ഇ.എം.എസ്. അഡിക്റ്റുകളെ മുകുന്ദൻ രണ്ടായി തിരിച്ചിരിക്കുന്നതായി കാണാം. അപ്പുക്കുട്ടനെപ്പോലെ ജന്മനാ അഡിക്റ്റുകളായവരുടെ പുതുമുറക്കാർ അവരിൽ ഒരു വിഭാഗം. രണ്ടാമത്തെ വിഭാഗം, ബോധപൂർവ്വം ഇ.എം.എസിനു പഠിച്ച് പാസായവർ. അവരിൽ ഡിഗ്രിയും ഡോക്ടറേറ്റും നേടിയവരുമുണ്ട്.

ആമൻ സാറിനെപ്പോലുള്ളവരുടെ ബോധമനസ്സിലാണ് ജീനിലല്ല ഇ.എം.എസിന്റെ ആവേശിക്കൽ നടന്നിട്ടുള്ളത്. ഇ.എം.എസിനെക്കുറിച്ചുള്ള കാര്യങ്ങൾ ആവേശത്തോടെ തേടിപ്പിടിച്ചെടുക്കാൻ അവർ പ്രേരിതരാകുന്നു - അതിനായി ജീവിതം ചെലവഴിക്കുന്നു. ആമൻ സാറിന്റെ ജനുസിൽപ്പെട്ടവരുടെ രണ്ടോ മൂന്നോ തലമുറ കേരളത്തിൽ ജീവിച്ചു കടന്നുപോയിരിക്കുന്നു. ‘സമ്പൂർണ്ണ സാക്ഷരതയും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള’ നമ്മുടെ നാട്ടിൽ പക്ഷേ അന്ധമായ ആരാധനയും അഡിക്ഷനും കുറയുകയല്ല, കൂടുകയാണുണ്ടായത്. ആമൻമാരും രാവുണ്ണിമാരും ഉണ്ടായതുതന്നെ അങ്ങനെയാണ്.

കേശവൻ, അപ്പുക്കുട്ടൻ, ആമൻ സാർ, രാവുണ്ണി, ജട്ടിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, തൊഴിൽരഹിതനായ അരവിന്ദൻ, ലക്ഷ്മി ടീച്ചർ അനന്തകൃഷ്ണൻ, മൂന്നു കുടിയന്മാർ- ഇവരിലൂടെയെല്ലാം മുകുന്ദൻ പറയുന്നത് സമൂഹത്തിന്റെ അപകടാവസ്ഥയെക്കുറിച്ചാണ്. ധാർമ്മികബോധമോ, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളോ ആരെയും അലട്ടുന്നില്ല. അപവാദമായിട്ടുള്ളത് നോവലിലെ നോവലിസ്റ്റായ കേശവനും അയാളുടെ നോവലിലെ കഥാപാത്രമായ ശരവണനുമാണ്. രണ്ടുപേരും കൊല്ലപ്പെടുകയും ചെയ്യുന്നു.
ശരവണൻ കൊല്ലപ്പെടുമ്പോൾ പൊതുവെയുണ്ടാകുന്ന പ്രതികരണം ‘നാടുശുദ്ധായി’ എന്നാണ്, എന്നതും നാം ശ്രദ്ധിച്ചു. നോവലിലെ സവിശേഷ ഭാഷയുടെ ശ്രദ്ധേയമായ മാതൃകയാണ് ഈ രണ്ട് വാക്കുകൾ. ഈ വാക്കുകളുടെ ധ്വനിയും പ്രതിധ്വനിയും നോവലിൽ അവസാനംവരെ മുഴങ്ങി നിൽക്കുന്നുണ്ട്.

കമ്മ്യൂണിസം പ്രചരിപ്പിക്കുക എന്നാൽ, ഇ.എം.എസിനു പഠിപ്പിക്കുക എന്നാണ് ആമൻസാറിന്റെയും രാവുണ്ണിയുടെയും അർത്ഥം.

പാർട്ടിസമൂഹം; വ്യക്തിസ്വത്വം

വിവേകം നശിച്ച ഭക്തിക്കൂട്ടമായിട്ടാണ് പാർട്ടിയെ മുകുന്ദൻ അവതരിപ്പിക്കുന്നത്. അതിനാൽതന്നെ അരാഷ്ട്രീയത കൊടിനാട്ടിയ മേഖലയാണ് പാർട്ടി. പേരു കേട്ടാലുടൻ ഭക്തർ ഉറഞ്ഞുതുള്ളുന്ന ആരാധനാമൂർത്തിയാണ് നോവലിൽ ഇ.എം.എസ്. വ്യക്തിപൂജ അതിന്റെ സാച്ചുറേഷൻ പോയ്ന്റിൽ എത്തിയ ഒരു ഭൂഭാഗമാണ് ‘കേശവന്റെ വിലാപങ്ങളി’ലെ കമ്മ്യൂണിസ്റ്റു പാർട്ടി.
‘‘ഇ.എം.എസ്. എന്നു കേട്ടപ്പോൾ മദ്യപിക്കുന്ന തൊഴിലാളികളുടെ തലകൾ കേശവന്റെ നേരെ തിരിഞ്ഞു. ഒരു തൊഴിലാളി കൈചുരുട്ടി മുകളിലേയ്‌ക്കെറിഞ്ഞ് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ഇംക്വിലാബ് സിന്ദാബാദ്; രക്തസാക്ഷികൾ സിന്ദാബാദ്’’ (200)
ഈ തൊഴിലാളികളുടെ ജീവിതം ശാപം നിറഞ്ഞതാണ്. അവർക്കിടയിൽ ചതിയും വഞ്ചനയും ദുരിതവും മാത്രമേയുള്ളൂ. ഷാപ്പിൽ മദ്യപിച്ചിരിക്കുമ്പോൾ ഇതൊക്കെയാണവർ പരസ്പരം പറഞ്ഞ് വിലപിക്കുന്നത്.

എന്നാൽ ഇവരൊക്കെ കൂടിയാണ് നാട്ടിൽ കമ്യൂണിസ്റ്റു പാർട്ടി കെട്ടിപ്പടുത്തത്! നേതാക്കൾ നേതാക്കളായത് ഇവരിലൂടെയാണ്. ഇക്കൂട്ടരുടെ കുറേ ചതിക്കഥകൾ 33-ാംഅദ്ധ്യായത്തിൽ പറയുന്നുണ്ട്. മഠപ്പുര മുത്തപ്പനെയും സായിബാബയെയുംപോലെ ഇ.എം.എസ് ഇവർക്ക് മറ്റൊരു ദൈവമാണ്. ആൾ ദൈവമാണ്. ആൾ ദൈവം മാത്രമാണ്.

കമ്മ്യൂണിസം പ്രചരിപ്പിക്കുക എന്നാൽ, ഇ.എം.എസിനു പഠിപ്പിക്കുക എന്നാണ് ആമൻസാറിന്റെയും രാവുണ്ണിയുടെയും അർത്ഥം.

അദ്ധ്യാപകനും, ദേശാഭിമാനിയിൽ ലേഖനം എഴുതുന്നയാളും, സെക്രട്ടറിക്കൊപ്പം ഓഫീസിലും പുറത്തും സഞ്ചരിക്കുന്ന ഉന്നതനുമാണ് ആമൻ സാർ. രാവുണ്ണി പാർട്ടിയുടെ ആസ്ഥാന നിരൂപകനും, ഇ.എം.എസിനെ അദ്ദേഹത്തിന്റെ കാറിൽ അനുയാത്ര ചെയ്യാൻ മാത്രം പ്രാധാന്യമുള്ള ആളുമാണ്.

ബാലനായ അപ്പുക്കുട്ടൻ കമ്മ്യൂണിസ്റ്റാകുന്നത് അജ്ഞാതമായ ഒരു ലഹരികൊണ്ടാണ്. നിഗൂഢമായ ആന്തരസന്ദേശങ്ങൾക്കു വിധേയമായിട്ടാണ്. യഥാർത്ഥത്തിൽ അപ്പുക്കുട്ടൻ കമ്യൂണിസ്റ്റാകുകയല്ല, ഇ.എം.എസ്. ആകുകയാണ് ചെയ്യുന്നത്. ഇ.എം.എസ് യഥാർത്ഥത്തിൽ കമ്യൂണിസ്റ്റാണോ എന്ന ‘നീട്ടും’ ഇവിടെ വായനക്കാർക്കു നേരെ വരുന്നുണ്ട്.

ആമൻസാർ അപ്പുവിനെ പുകവലിക്കാൻ പ്രേരിപ്പിക്കുകയും അവന്റെ മുന്നിൽ സദാ പുകവലിച്ചു നില്ക്കുകയും ചെയ്യും. പുകവലിക്കാത്തവരെ പുച്ഛമാണ് സാറിന്. ആമൻസാറും സുഹൃത്തായ ഡോക്ടറും നോവലിലെ സകല കമ്മ്യൂണിസ്റ്റുകാരും അനുഭാവികളും സ്വന്തം ചുമതലപോലെ പുകവലിക്കുന്നു. അല്ലെങ്കിൽ മദ്യപിക്കുന്നു. പലരും രണ്ടുംകൂടി ചെയ്യുന്നു. പാർട്ടിയാഫീസിലും വീട്ടിലും മദ്യഷാപ്പിലും എല്ലാം ഇതുണ്ട്. രാവുണ്ണിയുടെ സഞ്ചിയിൽ സദാ മദ്യക്കുപ്പി ഉണ്ടായിരിക്കും. മുകുന്ദന്റെ അത്യന്താധുനികതയുടെ കാലത്തെ രചനകളിൽ നിറയെ ചരസും മദ്യവുമാണെന്ന് പണ്ട് കമ്മ്യൂണിസ്റ്റുകാർ ആക്ഷേപിച്ചതിനു പകരംവീട്ടിയതാണോ മുകുന്ദൻ എന്നു സംശയിച്ചു പോകും. പക്ഷേ, ഇത് അങ്ങനെയല്ലെന്നു മനസ്സിലാക്കാൻ കഴിയും. കേരളത്തിലെ മദ്യവില്പനയുടെ കണക്ക് ഓർമിക്കുക. ധ്യാനകേന്ദ്രങ്ങളുടെയും രോഗശാന്തിയും അതിശയാനന്ദവും നൽകുന്ന ഇടങ്ങളുടെയും കാര്യം ഓർമ്മിക്കുക. ഇടുക്കി ഗോൾഡിന്റെ കാര്യവും മറക്കേണ്ട.

കേരളത്തിലെ ജനങ്ങളിൽ അധികംപേരും ഭക്തിയുടെ അല്ലെങ്കിൽ മദ്യത്തിന്റെയും പുകയുടെയും ലഹരിയിൽ സ്വയം അമർന്ന് ജീവിക്കാനാണിഷ്ടപ്പെടുന്നത്. അത്രയുംതന്നെ വീര്യമുള്ള മറ്റൊരു ലഹരിസാധനമാണ് കേരളീയർക്ക് രാഷ്ട്രീയം. അവരുടെ വർത്തമാനവും ഭാവിയും ഒരുപോലെ പ്രതീക്ഷയറ്റുപോയതാണ് അതിനു കാരണം. രാഷ്ട്രീയത്തിൽ മുങ്ങിച്ചത്തവരാണ് കേരളീയർ, കേരളത്തിലെ ഇടത്തരക്കാരും പാവപ്പെട്ടവരും. രാഷ്ട്രീയത്തിൽ വാഗ്ദാനങ്ങളുടെ ഉന്മാദലഹരിയുണ്ട്. നിരാശയുടെയും, ആത്മനിന്ദയുടെയും അമ്ലലഹരികളുണ്ട്. ആക്രമണോത്സുകതയുടെ ചാവേർ ലഹരിയുണ്ട്.

കേരളസമൂഹത്തിന്റെ ആന്തരസത്യങ്ങൾ എടുത്തു നിരത്തിവയ്ക്കുകയാണ് കേശവന്റെ വിലാപങ്ങളിൽ മുകുന്ദൻ ചെയ്യുന്നത്. ഇവിടെ എടുത്തുപറയാത്തവ ഇനിയുമുണ്ട് കുറേയേറെ. പക്ഷേ മുകുന്ദൻ ഇതെല്ലാം എഴുതുന്നത് നേരെ വിളിച്ചുപറഞ്ഞുകൊണ്ടല്ല. പലപ്പോഴും ധ്വന്യാത്മകമായും പ്രതീകങ്ങൾ ഉപയോഗിച്ചുമാണ്. അതുകൊണ്ടെന്താണെന്ന് ചോദിച്ചേക്കാം. മാർകേസിന്റെ മാജിക്കൽ റിയലിസം വരെ ഹൃദിസ്ഥമാക്കിയവരാണെങ്കിലും നമ്മുടെ വായനക്കാരിൽ അധികം പേർക്കും ഇത്രയും ലളിതമായ കാര്യങ്ങൾ പലപ്പോഴും പിടികിട്ടാതെ പോകുന്നു. പിടികിട്ടാത്തതാണോ ബോധപൂർവ്വം പിടിക്കാതെ വിടുന്നതാണോ എന്ന് എനിക്കു സംശയമുണ്ട്. അത് നാം, കേരളീയരുടെ സവിശേഷതയാണ്. കേരളീയരുടെ സാംസ്‌കാരിക യാഥാർത്ഥ്യം അഥവാ നിലവാരം അമ്പരിപ്പിക്കുംവിധം അധഃപതിച്ചതാണ്. അഭ്യസ്തവിദ്യരടക്കം എല്ലാവരും ഒരുപോലെ. ഇങ്ങനെയാണു മുകുന്ദൻ സ്ഥാപിക്കുന്നത്. ഇതുപക്ഷേ നമ്മുടെ പൊതുധാരണയ്ക്കും ഈഗോയ്ക്കും വീമ്പുപറച്ചിലിനും നേർവിരുദ്ധമാണല്ലോ?

കലയെയും കലാകാരരെയും ആഴത്തിൽ അറിയുന്നവർ ഒരിക്കലും അവരുടെ ആരാധകരായിരിക്കില്ല. ഏറ്റവും ഉദാത്തമായ കലാസൃഷ്ടിയെപ്പോലും ആരാധനയോടെ ആയിരിക്കില്ല സമീപിക്കുന്നത്. മുകുന്ദൻ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും ഇതു തന്നെയാണെന്ന് ഞാൻ കരുതുന്നു.

നോവലിലെ രാഷ്ട്രീയത്തിനു വെളിയിൽ, പാർട്ടിപ്രദേശങ്ങൾക്കും ഭൂമികയ്ക്കും അപ്പുറമുള്ള മുഖ്യധാരാ ജനങ്ങളുടെ ചിത്രം കൂടി മുകുന്ദൻനിഷ്‌കർഷയോടെ വരച്ചിട്ടുണ്ട്. അതിലൊന്നാണ് ലക്ഷ്മി ടീച്ചറുടെ അവതരണം. കേശവന്റെ ആരാധികയായ ലക്ഷ്മി ടീച്ചർ ഒരു പ്രതിനിധാനമാണ്. അറിവിലും സംസ്‌കാരത്തിലും സമൂഹത്തിലെ ഉന്നതശ്രേണിയിൽ പെട്ട ഒരാളാണവർ. റിട്ടയേർഡ് കോളേജ് പ്രിൻസിപ്പലായ ലക്ഷ്മിടീച്ചർ കേശവൻ എന്ന എഴുത്തുകാരനെ കാണാൻ വീട്ടിൽ വന്നപ്പോൾ കേശവന്റെ ഭാര്യ സുജാത പറഞ്ഞു, ‘കേശവേട്ടന്റെ പുസ്തകങ്ങളുടെമേൽ തുപ്പുന്നോരുണ്ട്. ഇന്നാളും ഒരു കാർന്നവര് ഈ മുറ്റത്ത് വന്നുനിന്ന് കാർക്കിച്ചുതുപ്പി…’

കേശവൻ എന്ന ഈ എഴുത്തുകാരനെ ആരാധിക്കുന്നവരുടെ കാര്യവും ഒട്ടും മെച്ചമല്ല. ലക്ഷ്മി ടീച്ചറുടെ, എം.എക്ക് പഠിക്കുന്ന ഒരു ശിഷ്യയുടെ നിലവാരം ഇതാ: ടീച്ചർ പറയുന്നു; ‘പുസ്തകത്തിന്റെ ബേക്കിലെ കവറിമ്മെലെ കേശവന്റെ ഫോട്ടോയില്, ന്ന്ച്ചാല് നെറ്റീമ്മെല്, ഒരു ചോന്ന പൊട്ട്, ചോര കൊണ്ട്. സാധാരണ ചോരയായിരുന്നില്ല അത്. മറ്റു പെങ്കുട്ട്യോള് പറഞ്ഞിട്ടാ ഞാനത് അറിഞ്ഞത്’

ടീച്ചറിന്റെ ഈ വെളിപ്പെടുത്തലിലൂടെ മുകുന്ദൻ വായനക്കാർക്കു നൽകുന്ന അനുഭവം കൗതുകത്തോടൊപ്പം ജുഗുപ്‌സ ജനിപ്പിക്കുന്നതാണ്. ‘രസകരം’ എന്ന വിഭാഗത്തിൽപ്പെടുന്ന ഒന്നു കൂടിയാണ് ഈ വെളിപ്പെടുത്തൽ. പക്ഷേ അതിന്റെ കൗതുകസ്വഭാവത്തിനപ്പുറമുള്ള നിലവാരം അഥവാ മൂല്യമാണല്ലോ നമ്മൾ പരിഗണിക്കേണ്ടത്.

റിട്ടയേർഡ് പ്രിൻസിപ്പൽ ലക്ഷ്മി സ്വയം വെളിപ്പെടുത്തുന്നത് ഇതിലപ്പുറം വായനക്കാരെ ഞെട്ടിക്കാൻ പോന്ന കാര്യങ്ങളാണ്. ആ ഞെട്ടിക്കലും ജുഗുപ്‌സ നിറഞ്ഞതാണ്. ഏഴു പേജു നീണ്ടുനിൽക്കുന്ന ടീച്ചറിന്റെ സംസാരത്തിൽ നിന്നുള്ള രണ്ടുമൂന്നു വാക്യങ്ങൾ:
‘എന്നെപ്പോലെ പലരും ഇവിടെ വരുന്നുണ്ടാകും അല്ലേ? പ്രശസ്തന്റെ ഭാര്യയാകുമ്പം അങ്ങനെയാ. ന്നാലും സുജാത ഭാഗ്യവതിയാ. ഒരീസം പുലർച്ചയ്ക്ക് ഞാൻ മോനേ പുതപ്പിക്കാൻ ചെന്നപ്പോ ഉറങ്ങുന്ന അവന്റെ നെഞ്ചത്ത് ഒരു പുസ്തകം കിടക്കുന്നു. വായിച്ച് വായിച്ച് ഉറങ്ങിപ്പോയതാ. കേശവന്റെ പുസ്തകമായിരുന്നു അത്. സുജാതേ, ആരെല്ലാം ഇങ്ങനെ നിന്റെ ഭർത്താവിന്റെ പുസ്തകം നെഞ്ചത്ത് വച്ച് ഉറങ്ങുന്നുണ്ടാകും... എനിക്ക് നിന്നോട് അസൂയ തോന്നുന്നു.’

ഇതെല്ലാം പ്രബുദ്ധതയാർന്ന നമ്മുടെ ജനതയുടെ നേർക്ക് ചൊരിയുന്ന പരിഹാസമാണെന്നുള്ള വസ്തുത വായനക്കാർ സ്വയം തിരിച്ചറിയണമെന്നാണ് നോവലിസ്റ്റ് ഉദ്ദേശിക്കുന്നത്.

‘ടീച്ചറും അങ്ങനെ ഉറങ്ങാറുണ്ടോ? കേശവേട്ടന്റെ പുസ്തകം നെഞ്ചത്തുവച്ച്?’- ആ ചോദ്യംകേട്ട് ലക്ഷ്മി ടീച്ചർ വല്ലാതായി. ഉടനെ സൗന്ദര്യമുള്ള ഒരു ചിരി ചിരിച്ച് ടീച്ചർ തുടർന്നു: ‘സുജാത ഭാഗ്യവതിയാന്നേ ഞാൻ പറഞ്ഞുള്ളു...’ (88)
ടീച്ചർ തുടരുന്നു. സംസാരത്തിനിടെ തന്റെ ഭർത്താവിനെക്കുറിച്ചു പറഞ്ഞു: ‘റിട്ടയറായ ശേഷം കുറേശ്ശേ എസ്.എൻ.ഡി.പി പ്രവർത്തനോം ആയി കഴീർന്നു. ന്നേക്കാളും പതിനഞ്ചു വയസ്സ് കൂടുതലാ മൂപ്പർക്ക്. എനിക്ക് ജീവിച്ചു മത്യായിട്ടില്ല. അതിനുമുമ്പ് മൂപ്പർ പടുകിഴവനായി. ന്റീശ്വരാ ന്തൊക്കെയാ ഞാൻ പറയുന്നത്. സുജാത ഒന്നും വിചാരിക്കരുത്’.
അവർ തുടരുന്നു: ‘മൂപ്പർക്ക് എപ്പഴും നാരായണഗുരുസ്വാമീടെ വിചാരമാ - നാരായണ ഗുരുവിന്റെ ചെറുപ്പത്തിലുള്ള ഫോട്ടോ നീ കണ്ടിട്ടുണ്ടോ സുജാതേ? കണ്ടാല് ഏതൊരു പെണ്ണിനും ഗുരുവിനെ പ്രേമിക്കാൻ തോന്നും’.

നമ്മുടെ സമൂഹത്തിന് മനോനിലയുടെ ആരോഗ്യകരമായ മധ്യമാർഗ്ഗങ്ങളില്ല. ആരാധനയും വിധേയത്വവും അല്ലെങ്കിൽ വിദ്വേഷവും വിപ്രതിപത്തിയും. അമിതാസക്തി അല്ലെങ്കിൽ അടച്ചുപൂട്ടിയ വിരക്തി.

അസംതൃപ്തമായ കാമം ഒന്നു മാത്രമാണ് ലക്ഷ്മി ടീച്ചറിനെ ഇങ്ങോട്ടു നയിച്ചത്. നിയന്ത്രണമുക്തമായ രത്യാനുഭവങ്ങളാണല്ലോ സാഹിത്യപുസ്തകങ്ങളിലുള്ളത്. അതെഴുതുന്ന എഴുത്തുകാരും സദാ അത്തരം ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വക്താക്കളായിരിക്കും എന്നാണ് ടീച്ചർ കരുതുന്നത്. സാഹിത്യത്തോടും സാഹിത്യകാരരോടും ലക്ഷ്മി ടീച്ചർക്കും എം.എ.യ്ക്കു പഠിക്കുന്ന അവരുടെ ശിഷ്യയ്ക്കുമുള്ളത് ഈയൊരു ആകർഷണം തന്നെയാണ്. സാഹിത്യത്തിന്റെ യഥാർത്ഥ മൂല്യം ഇവർക്കറിയില്ല. അറിയാൻ ശ്രമിക്കുന്നുമില്ല.

കലയോടും കലാകാരരോടും ആരാധന കാട്ടുന്നവരെക്കൊണ്ട് നിറഞ്ഞതാണ് ഇന്നത്തെ സമൂഹം. അതൊരു ഫാഷൻ പോലുമാണ്. അവരുടെ ആരാധനയുടെ രഹസ്യമാണ് മുകളിൽ പറഞ്ഞത്. അതു പറഞ്ഞത് ഞാനല്ല, മുകുന്ദനാണ്. ശരിയായ കാലാസ്വാദനം നടത്തുന്നവർ, കലയെയും കലാകാരരെയും ആഴത്തിൽ അറിയുന്നവർ ഒരിക്കലും അവരുടെ ആരാധകരായിരിക്കില്ല. ഏറ്റവും ഉദാത്തമായ കലാസൃഷ്ടിയെപ്പോലും ആരാധനയോടെ ആയിരിക്കില്ല സമീപിക്കുന്നത്. മുകുന്ദൻ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതും ഇതു തന്നെയാണെന്ന് ഞാൻ കരുതുന്നു. അതല്ലെങ്കിൽ മേൽപ്പറഞ്ഞ അദ്ധ്യായവും അതിലെ വിവരണങ്ങളും വെറും പൈങ്കിളിയെന്നോ നീലപ്പുസ്തക സാഹിത്യമെന്നോ വിളിക്കപ്പെടേണ്ടതാണ്.

‘സുജാതയ്ക്ക് പണീണ്ട്ന്ന് എനിക്കറിയാം. നിയ്യ് അടുക്കളേലോട്ട് പോയിക്കോളൂ. ഞാൻ ഇദാ ഇവിടെ ഇങ്ങനെ ഇരുന്നോളാം... കേശവനെ ഒന്നു കണ്ടിട്ട്, പെന്ന് പിടിക്കുന്ന ആ കൈയ്യൊന്ന് തൊട്ടിട്ട് ഞാൻ പോയിക്കോളാം.’
ഇവിടെ അവസാനിക്കുന്ന ഈ അദ്ധ്യായത്തിന് ഒരു നിയുക്തിയുണ്ട്. അതു തീർച്ചയായും നിറവേറുന്നുമുണ്ട്.

നമ്മുടെ സമൂഹത്തിന് മനോനിലയുടെ ആരോഗ്യകരമായ മധ്യമാർഗ്ഗങ്ങളില്ല. ആരാധനയും വിധേയത്വവും അല്ലെങ്കിൽ വിദ്വേഷവും വിപ്രതിപത്തിയും. അമിതാസക്തി അല്ലെങ്കിൽ അടച്ചുപൂട്ടിയ വിരക്തി.

(തുടരും)


Summary: Kesavante Vilapangal, Malayalam Novel by M Mukundan is a forgotten masterpiece, Says Johny J Plathottam. He says how EMS is satirically represented in the novel.


ജോണി ജെ. പ്ലാത്തോട്ടം

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കുറ്റവാളികള്‍ സൂക്ഷിക്കുക ദൈവം ചോദിക്കും, വ്യാധി, ചരിത്രനിര്‍മിതിയുടെ നസ്രാണിവഴികള്‍, ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല, നിരീശ്വരകൃപയാല്‍ എന്നിവ പ്രധാന പുസ്തകങ്ങള്‍.

Comments