‘കേശവന്റെ വിലാപങ്ങൾ’:
ബോംബ് ഒളിപ്പിച്ചുവച്ച
മുകുന്ദന്റെ മാസ്റ്റർപീസ്
ഭാഗം അഞ്ച്
പുസ്തകങ്ങളുടെ മേൽ കാർക്കിച്ചു തുപ്പുന്നവർ.
പുസ്തകത്തിന്റെ നേരെ കാമാസക്തരാകുന്നവർ.
തോക്കെടുത്ത കൈകളിൽ നേർച്ചപ്പെട്ടിയേന്തുന്നവൻ.
ഇങ്ങനെ കേരളീയ സമൂഹത്തിന്റെ വിചിത്രമായ അനേകം പ്രത്യക്ഷങ്ങൾ മുകുന്ദൻ കാട്ടിത്തരുന്നുണ്ട്.
മുകുന്ദന്റെ ആത്മവിമർശം
പേജ് 86- ൽ തുടങ്ങുന്ന 14-ാം അദ്ധ്യായം ലക്ഷ്മി ടീച്ചർക്കുവേണ്ടി മാറ്റി വച്ചിട്ടുള്ളതാണ്. ടീച്ചർ നടത്തുന്ന ഞെട്ടിപ്പിക്കുന്ന ചില അനാവരണങ്ങളാണ് ഈ അദ്ധ്യായം.
കേശവൻ ഇതുവരെ എഴുതിയിട്ടുള്ള നോവലുകൾ എങ്ങനെ വായനക്കാർ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച് മറ്റൊരിടത്തും മുകുന്ദൻ കാര്യമായി ഒന്നും പറയുന്നില്ല. പ്രായ, ലിംഗഭേദമില്ലാതെ, വ്യാപകമായി വായനക്കാർ നെഞ്ചത്തുവച്ചുകൊണ്ട് ഉറങ്ങുന്ന പുസ്തകങ്ങളാണ് കേശവൻ എഴുതിയിട്ടുള്ളത് എന്ന് ടീച്ചറുടെ സാക്ഷ്യത്തിലൂടെയാണ് മുകുന്ദൻ നമ്മെ അറിയിക്കുന്നത്. കേശവന്റെ ചിത്രത്തിന്റെ നെറ്റിയിൽ കുമാരിമാർ സ്വന്തം ആർത്തവരക്തം കൊണ്ട് പൊട്ടുതൊടുവിച്ചു പോകുന്ന രചനകൾ.
ആളുകൾ നെഞ്ചത്തു വച്ച് ഉറങ്ങുന്ന, ആർത്തവരക്തം കൊണ്ട് തിലകം ചാർത്തുന്ന പുസ്തകത്തിലുള്ളത് എന്തുതരം സാഹിത്യമായിരിക്കുമെന്ന ചോദ്യം തീർച്ചയായും ഇവിടെ ഉയർന്നുവരുന്നുണ്ട്. അത്തരം പുസ്തകങ്ങൾക്ക് പൊതുവായി പറഞ്ഞു വരുന്ന ഒരു പേരുണ്ട്. അത് എന്താണെന്ന് നിങ്ങൾക്ക് അറിയുകയും ചെയ്യാം. കേശവന്റെ മേൽപ്പറഞ്ഞ തരം പുസ്തകങ്ങൾക്ക് അക്കാദമി അവാർഡും വയലാർ അവാർഡും കിട്ടിയിട്ടുണ്ട് എന്ന അറിവ് നമ്മളെ അല്പമൊന്ന് അമ്പരപ്പിച്ചേക്കാമെങ്കിലും അതിൽ അമ്പരക്കാനൊന്നുമില്ലല്ലോ എന്ന് അടുത്ത ക്ഷണത്തിൽ നമ്മൾ ഓർത്തുപോകും.
ഇവിടുത്ത പ്രശ്‌നം മറ്റൊന്നാണ്. കേശവൻ വെറുമൊരു കേശവനല്ല.
കേശവനെ മുകുന്ദൻ തന്റെ പ്രതിരൂപമായിട്ടാണ് നോവലിൽ അവതരിപ്പിച്ചിട്ടുള്ളത്. നോവലിലുടനീളം തന്റെ ആശയാദർശങ്ങൾ അണിയിച്ച് കേശവനെ മുകുന്ദൻ പരിചരിക്കുന്നു. തന്റെ രചനാ രീതികൾക്കു വിരുദ്ധമായിപ്പോലും കേശവനെ സദാചാരനിഷ്ഠയുള്ളവനാക്കാൻ നോവലിൽ ഉദ്യമിക്കുന്നുണ്ട്.
ദൂരെ ഒരു കല്യാണം കൂടാൻ പോകുന്ന കേശവനെ വണ്ടിയിൽ വച്ച് ഒരു സ്ത്രീ തെറ്റി ധരിപ്പിച്ച് അവരുടെ വീട്ടിൽ കൊണ്ടുപോകുകയും ലൈംഗികവേഴ്ചയാണ് തന്റെ ഉദ്ദേശ്യം എന്നു ധരിപ്പിക്കുകയും ചെയ്തു. ആ നിമിഷം കേശവൻ ഇറങ്ങി ഓടുകയാണ്. കേശവന്റെ ഈ ചാരിത്ര്യനിഷ്ഠ വായനക്കാരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് വിരസമായ ആ അദ്ധ്യായം പടച്ചുചേർത്തിട്ടുള്ളത്.
ഇടതുപക്ഷക്കാർ പ്രത്യേകിച്ച്, കമ്മ്യൂണിസ്റ്റുകൾ, മുകുന്ദന്റെ സാഹിത്യം അരാഷ്ട്രീയതയും മദ്യലഹരിയും നിറഞ്ഞതാണെന്ന് ഒരു കാലത്ത് ആക്ഷേപിച്ചിരുന്നപ്പോൾ, പ്രബുദ്ധരായ മറ്റു കുറേ വായനക്കാർ മുകുന്ദന്റെ പ്രധാനപ്പെട്ട പല രചനകളും സെമി പൈങ്കിളിയാണെന്ന് ആരോപിച്ചിരുന്നു.
കലാശാലയിലെ കേശവന്റെ പ്രഭാഷണത്തിലുടനീളം കേശവൻ എഴുത്തുകാരൻ അഥവാ ബുദ്ധിജീവി എന്ന നിലയിൽ പാലിച്ചുവരുന്ന ചില നിഷ്ഠകളെ ഏറെ അഭിമാനപൂർവ്വം ആവർത്തിച്ചും വിവരിച്ചും പറയുന്നതുകാണാം. താൻ ഒരു അരാഷ്ട്രീയനെന്നു തെറ്റിദ്ധരിച്ചേക്കാമെങ്കിലും തന്റെ മനസു നിറയെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണുള്ളത് എന്ന് ആണയിടുന്നുമുണ്ട്.
ഇത്, മുൻകാലത്ത് എന്നതുപോലെ ഇന്നും മുകുന്ദൻ കൊണ്ടുനടക്കുന്ന അതേ കാര്യങ്ങളാണ്. (ആളുകൾ, പ്രത്യേകിച്ച് ഇടതുപക്ഷക്കാർ, മുകുന്ദനെ അരാഷ്ട്രീയൻ, അരാജകവാദി എന്നെല്ലാം മുൻകാലത്ത് ആക്ഷേപിച്ചിരുന്നതുമാണ്.) മുകുന്ദന്റെ രീതികളിൽ - നല്ല പിരിധിവരെ എഴുത്തിലും - അതെല്ലാം തുടരുന്നുണ്ടെങ്കിലും ഇടതുപക്ഷം ഇപ്പോൾ മുകുന്ദനെ അക്കാര്യം പറഞ്ഞ് ആക്ഷേപിക്കാറില്ല. ഇതിനെല്ലാം പുറമെ കേശവന്റെ വിലാപങ്ങൾ എന്ന നോവലിന്റെ പ്രമേയത്തെ സാക്ഷാത്കരിക്കാൻ മുകുന്ദൻ ചുമതലപ്പെടുത്തിയിരിക്കുന്നത് കേശവൻ എന്ന നായകകഥാപാത്രത്തെയാണ്. കേശവൻ അതു പൂർത്തീകരിക്കുന്നത് അപ്പുക്കുട്ടന്റെ വിലാപങ്ങൾ എന്ന നോവലിലൂടെയാണ്.
അവസാനമായി, തന്റെ രചനയുടെ പേരിലുണ്ടായേക്കാവുന്ന വൻഭവിഷ്യത്തിനെ നേരിടാൻ, ഏറ്റുവാങ്ങാൻ, മുകുന്ദൻ മുന്നിൽ നിർത്തിയിരിക്കുന്ന തന്റെ ഡമ്മി കൂടിയാണ് കേശവൻ.
ഇനി ഒരു 'അവസാനമായി' കൂടിയുണ്ട്. കേശവന് മുകുന്ദൻ നൽകിയിരിക്കുന്നത് തന്റെ സ്വന്തം പേരുതന്നെയാണ്. കേശവനും, മുകുന്ദനും ഒരേ ശ്രീകൃഷ്ണന്റെ പര്യായങ്ങളാണല്ലോ. ഇത് യാദൃച്ഛികമായി സംഭവിച്ചതാണെന്നു കരുതാൻ ഒരു ന്യായവുമില്ല.
ഇങ്ങനെയെല്ലാമുള്ള കേശവന്റെ മുൻകാല രചനകൾ വായനക്കാരായ ആണും പെണ്ണും നെഞ്ചത്തുവച്ചുകൊണ്ട് ഉറങ്ങിയിരുന്ന ടൈപ്പാണെന്നും എന്നാൽ പുതിയ നോവൽ വളരെ 'അൺ കേശവൻ' ആണെന്നും മുകുന്ദൻ പറയുന്നുണ്ട്. കേശവന് അയാളുടെ സാഹിത്യകാരസത്തയിൽ ഒരു വൻ ഉണർവും ഉയർച്ചയും ഉണ്ടായി എന്ന് പലയിടത്തും മുകുന്ദൻ സൂചിപ്പിക്കുന്നുണ്ട്. ഇതെല്ലാം തന്റെ കാര്യത്തിലും ശരിയാണെന്ന് മുകുന്ദൻ സമ്മതിക്കുകയാണ്, എന്നു തന്നെ ഞാൻ കരുതുന്നു.
ഇടതുപക്ഷക്കാർ പ്രത്യേകിച്ച്, കമ്മ്യൂണിസ്റ്റുകൾ, മുകുന്ദന്റെ സാഹിത്യം അരാഷ്ട്രീയതയും മദ്യലഹരിയും നിറഞ്ഞതാണെന്ന് ഒരു കാലത്ത് ആക്ഷേപിച്ചിരുന്നപ്പോൾ, പ്രബുദ്ധരായ മറ്റു കുറേ വായനക്കാർ മുകുന്ദന്റെ പ്രധാനപ്പെട്ട പല രചനകളും സെമി പൈങ്കിളിയാണെന്ന് ആരോപിച്ചിരുന്നു. സിനിമയിലെ പ്രേംനസീറിനോടാണ് സാഹിത്യത്തിലെ എം. മുകുന്ദനെ പ്രശസ്ത കഥാകാരനായ ടി.ആർ പണ്ടു ഉപമിച്ചിട്ടുള്ളത്.
മുകുന്ദൻ അറിഞ്ഞോ അറിയാതെയോ ഒരു ആത്മവിമർശനമാണ് ഇവിടെ, പതിനാലാം അദ്ധ്യായത്തിൽ നടത്തുന്നത് എന്ന് വായനക്കാർക്കു തോന്നിയാൽ അതു ന്യായവും യുക്തിയും അല്ലേ?
ചിരിയുടെ തമ്പുരാൻമാർ
നമ്മുടെ രാഷ്ട്രീയക്കാരിൽ ചിരിയില്ലാത്തവരില്ല. വ്യക്തിയുടെ മുഖം തിരിച്ചറിയും മുമ്പേ ചിരിയാണ് - പടത്തിലും നേരിട്ടും - നാം അനുഭവിക്കുന്നത്. നേരു പറഞ്ഞാൽ നമ്മുടെ രാഷ്ട്രീയക്കാർക്ക് ചിരി പാടില്ലാത്തതാണ്. അവരുടെ വിഷയം സമൂഹമാണ്, ജനങ്ങളാണ്. ഇവിടത്തെ ജനങ്ങൾ ജീവിതത്തിൽ ചിരിക്കുന്നില്ല. അവർക്കു ചിരിക്കാവുന്ന സ്ഥിതി ഉണ്ടാക്കേണ്ടവരാണ് രാഷ്ട്രീയക്കാർ.
മുകുന്ദൻ ഇ.എം.എസിന്റെ ചിരിയെക്കുറിച്ച് നോവലിൽ ഇത്രയേറെ എഴുതുമ്പോൾ, അതു രാഷ്ട്രീയക്കാരുടെ ചിരിയെ പ്രശ്നവൽക്കരിക്കുകയാണെന്ന് വായിക്കേണ്ടതാണ്. നോവലിൽ സാധാരണ ജനങ്ങളോ കൂലിവേലക്കാരോ ഒരിക്കലും ചിരിക്കുന്നില്ല. തൊഴിലാളികൾക്ക് മദ്യഷാപ്പിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ പോലും ചിരിക്കാൻ കഴിയാത്തത്ര കഷ്ടപ്പാടും ദുഃഖവും നിറഞ്ഞതാണ് അവരുടെ ദൈനംദിന ജീവിതം.
നമ്മുടെ സിനിമാക്കാർക്കുപോലും രാഷ്ട്രീയക്കാരുടെയത്രയും ചിരിയില്ലല്ലോ എന്ന് നാം ആലോചിക്കാറില്ല. സിനിമാക്കാർക്ക് വാസ്തവത്തിൽ കൂടുതൽ ചിരിക്കാവുന്നതാണ്. അവർ കലയുടെ ആളുകളാണ്. രാഷ്ട്രീയക്കാരെപ്പോലെ ഭാരിച്ച ഉത്തരവാദിത്വമുള്ളവരല്ല സിനിമാക്കാർ. അവർ സൗന്ദര്യം സൃഷ്ടിക്കുന്നു. ജനങ്ങളെ സന്തോഷിപ്പിക്കുന്നു. എന്നിട്ടും രാഷ്ട്രീയക്കാരോളം അവർ ചിരിക്കുന്നില്ല. കാരണമെന്താ? സാധാരണക്കാരുടെ ജീവിതമാണവർ അവതരിപ്പിക്കുന്നത്. അവിടെ ചിരി തീരെക്കുറവാണല്ലോ. സിനിമാക്കാരെ രാഷ്ട്രീയക്കാരുടെയത്ര സീരിയസ്സായി സമൂഹം എടുത്തിട്ടുമില്ല. അതുകൊണ്ടാണ് ഏതു സൂപ്പർ താരവും രാഷ്ട്രീയത്തിൽ വന്നാൽ വലിയ വിലയില്ലാത്തത്.
നമ്മുടെ സിനിമാക്കാർക്കുപോലും രാഷ്ട്രീയക്കാരുടെയത്രയും ചിരിയില്ലല്ലോ എന്ന് നാം ആലോചിക്കാറില്ല. സിനിമാക്കാർക്ക് വാസ്തവത്തിൽ കൂടുതൽ ചിരിക്കാവുന്നതാണ്. അവർ കലയുടെ ആളുകളാണ്. രാഷ്ട്രീയക്കാരെപ്പോലെ ഭാരിച്ച ഉത്തരവാദിത്വമുള്ളവരല്ല സിനിമാക്കാർ.
ഇത് രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. അപ്പോഴാണ് ഇ.എം.എസ്. പോലും സദാ 'കുട്ടിച്ചിരി' ചിരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കാരുടെ ചിരിയുടെ സ്ഥാപകൻ ഇ.എം.എസാണെന്നു തോന്നുന്നു.
മുൻകാലത്ത്, 1957-ലെ ഭരണത്തിൽ വരുന്ന സമയത്തൊക്കെ ഗൗരവപൂർവ്വമുള്ള ചിരി അല്ലെങ്കിൽ മന്ദഹാസം നിറഞ്ഞ ഇ.എം.എസ്. ചിത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ സമശീർഷരും സഹപ്രവർത്തകരുമായ നേതാക്കന്മാരും ഒന്നും ചിരി ഐച്ഛികമായി എടുത്തവരായിരുന്നില്ല. ചിരിക്കുന്ന രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല, അവരിൽ പ്രതീക്ഷ വയ്ക്കാനാകില്ല, ഇങ്ങനെയൊക്കെ എല്ലാവരും വിമർശിക്കുമെങ്കിലും അവരുടെ ചിരിയെ സാഹിത്യസൃഷ്ടിയിലൂടെ വിചാരണ ചെയ്യുന്നത് പുതിയ കാര്യമാണെന്നു തോന്നുന്നു. മുകുന്ദനാണ്, തന്റെ എഴുത്തിന്റെ നല്ല കാലത്തൊക്കെ രാഷ്ട്രീയവിരക്തി പ്രകടിപ്പിച്ച എഴുത്തുകാരനാണ്, അവരുടെ ചിരിയെ 'കഥയിലെടുത്ത'ത്. രാഷ്ട്രീയക്കാർ സ്വന്തം സൗഭാഗ്യങ്ങളോർത്ത് ചിരിച്ചുപോകുന്നതാവും. നമ്മളെ കളിയാക്കുന്നതാണെന്നൊന്നും കരുതേണ്ടതില്ല.
ചിരിക്കാത്ത ജനതയും
ചിരിയോടുചിരിയൻമാരായ
രാഷ്ട്രീയക്കാരും
നമ്മുടെ ജനസമൂഹം ചിരി പാടേ മറന്നു. അവരുടെ യഥാർത്ഥ ജീവിതം അവരെ ഉപേക്ഷിച്ചു. ഇപ്പോൾ കൃത്രിമമായി ചിരിച്ച് സ്വയം അന്യവൽക്കരിച്ച് അപരനായി, മിമിക്രിയിലൂടെ തന്നിൽ നിന്നു രക്ഷപെട്ടുപോകുകയാണ് ഓരോരുത്തരും.
കേരളം മിമിക്രിയുടെ ലോകതലസ്ഥാനമായത് എന്തുകൊണ്ട് എന്ന് അത്ഭുതപ്പെടേണ്ട. സ്വന്തം സ്വത്വമുപേക്ഷിച്ച് സിനിമാതാരമോ, ഏതെങ്കിലും വി.ഐ.പി.യോ ആയി സ്ഥിരവാസം നടത്താനാണ് പാവം കേരളീയർ, അവരുടെ അബോധമനസ്സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ രാഷ്ട്രീയ പ്രതീക്ഷ പാടേ അസ്തമിച്ചിട്ട് കാലങ്ങളായി.
അപ്പുക്കുട്ടൻ എന്ന ബാലനെ അടുത്തു നിരീക്ഷിച്ചാൽ നമുക്കു പേടി തോന്നും, അവനെയോർത്തും നമ്മെ, അതായത് നമ്മുടെ സമൂഹത്തെയോർത്തും. തൊട്ടിൽപ്രായത്തിലും ഇ.എം.എസിന്റെ ചിത്രം കണ്ടാൽ മാത്രം കരച്ചിൽ നിർത്തുന്ന ശിശു എന്ന വിശേഷസ്വഭാവത്തിൽ കൗതുകമല്ലാതെ ഒരപകടവും ആരും കാണുന്നില്ല. കഥയിലുമില്ല. പുസ്തകം വായിച്ചവരിലുമില്ല. ഇടതുപക്ഷക്കാർക്കു ഭൂരിപക്ഷമുണ്ടെന്നു കരുതപ്പെടുന്ന നമ്മുടെ സമൂഹത്തിൽ ഇതൊരു അഭിമാനമായും ഇടതുപക്ഷ വിജയമായിപ്പോലും പൊതുവെ ആളുകൾ കണക്കാക്കി. എന്നാൽ അപ്പുക്കട്ടന്റെ സ്വഭാവത്തിൽ കൗതുകത്തിനപ്പുറം മുകുന്ദൻ തീർച്ചയായും പലതും കരുതിവച്ചിട്ടുണ്ടെന്ന് ന്യായമായും പ്രതീക്ഷിക്കണം.
അവന്റെ വിശേഷസ്വഭാവം നൽകുന്ന ഒരു സൂചന, ഒരു ധ്വനി ഇ.എം.എസിന്റെ അഡിക്ഷൻ അവന്റെ ജീനിൽ - സമൂഹത്തിലെ ഒരുപാടു പേരുടെ കാര്യത്തിലെന്നപോലെ - കടന്നുകൂടിയിട്ടുണ്ട് എന്നാണ്. അവൻ വളർന്നുവരുമ്പോൾ ഇതു കൂടുതൽ പ്രകടമാകുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞ കാര്യം തന്നെയാണ്.
ഇനി, ഇതിനും ഉപരിയായുള്ള ഒരു അർത്ഥസൂചനയാണ് ഇവിടെ പറയുന്നത്. അപ്പുക്കുട്ടൻ കരയാതിരിക്കാൻ ഇ.എം.എസിന്റെ ചിത്രം കാണുംവിധം തൊട്ടിൽ തിരിച്ചിട്ടുകൊടുത്തിരുന്ന അവന്റെ അച്ഛൻ അനന്തകൃഷ്ണൻ പിൽക്കാലത്തു നടത്തുന്ന ഒരാത്മഗതം നോക്കുക; തൊട്ടിലിൽ കൈകാലുകൾ ഇളക്കിക്കളിക്കുമ്പോഴും പാൽക്കുപ്പി വായിൽ വച്ചു കിടക്കുമ്പോഴും ഇളംചുണ്ടുകളിൽ പാൽനുരയുമായി കിടന്നു മയങ്ങുമ്പോഴും ഇ.എം.എസ്. അപ്പുക്കുട്ടനിലേക്ക് അരിച്ചിറങ്ങുകയായിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണത്.
‘അരിച്ചിറങ്ങുക’ എന്ന വാക്ക് അലസമായി മുകുന്ദൻ പ്രയോഗിച്ചതാകാൻ സാധ്യതയില്ല. ഒരു മനുഷ്യേതരശക്തിയുടെ ബാധ എന്ന പ്രതീതിയുണ്ടാകും വിധമാണ് മുകുന്ദൻ എഴുതിയിരിക്കുന്നത്. അപ്പുക്കുട്ടൻ എന്ന കുട്ടി ഇ.എം.എസിനെ കാണുകയായിരുന്നില്ല. ചുവരിലെ ചിത്രത്തിൽ നിന്ന് ഇ.എം.എസ്. ഇറങ്ങിവന്ന് അവനിൽ ആവേശനം നടത്തുകയായിരുന്നു എന്നാണ് നോവലിസ്റ്റിന്റെ ഭാഷ്യം.
'മുഖത്തെയും നെഞ്ചത്തെയും ഇളംപേശികൾ മുറുകിപൊട്ടിപ്പോകുന്ന മട്ടിൽ', 'ഒരു തുള്ളിക്കണ്ണീർ പോലും വീഴ്ത്താതെ'യുള്ള കരച്ചിൽ. അനന്തകൃഷ്ണൻ ഉച്ചയ്ക്ക് ഉണ്ണാൻ വന്നപ്പോൾ ഇ.എം.എസിന്റെ ചിത്രം കാണുംവിധം തൊട്ടിൽ തിരിച്ചിടുംവരെ ഈ കരച്ചിൽ നീണ്ടു.
അപ്പുക്കുട്ടന്റെ ഒരു ദിവസത്തെ കരച്ചിൽ വർണ്ണിച്ചിരിക്കുന്നിടത്തും ചില അസ്വാഭാവികതകൾ ചേർത്തിട്ടുള്ളതായി കാണാം. 'മുഖത്തെയും നെഞ്ചത്തെയും ഇളംപേശികൾ മുറുകിപൊട്ടിപ്പോകുന്ന മട്ടിൽ', 'ഒരു തുള്ളിക്കണ്ണീർ പോലും വീഴ്ത്താതെ'യുള്ള കരച്ചിൽ. അനന്തകൃഷ്ണൻ ഉച്ചയ്ക്ക് ഉണ്ണാൻ വന്നപ്പോൾ ഇ.എം.എസിന്റെ ചിത്രം കാണുംവിധം തൊട്ടിൽ തിരിച്ചിടുംവരെ ഈ കരച്ചിൽ നീണ്ടു. അമ്മ കൊടുക്കുന്ന മുലയോ, ഗ്രെയ്പ്പ് വാട്ടറോ ഒന്നും അവനു സ്വീകാര്യമല്ലായിരുന്നു.
അപ്പുക്കുട്ടനെ വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് അനേകം വർഷങ്ങൾക്കു മുമ്പു വായിച്ച എം.പി. നാരായണപിള്ളയുടെ 'പരിണാമം' നോവലിലെ പൂയില്യനെയാണ്. എന്തൊക്കെയോ നിഗൂഢതകൾ പൊതിഞ്ഞ, ചില ജനിതക സവിശേഷതകൾ ഉള്ള ഒരു കൗമാരക്കാരനാണ് പൂയില്യൻ. അവനും സാധാരണ കുട്ടികളുടേതായ നിഷ്‌കളങ്ക സ്വഭാവങ്ങളൊന്നുമില്ല. പൂയില്യന്റെ ഏക കൗതുകം നായകളെ കഴുത്തു ഞെരിച്ചു കൊല്ലുകയാണ്. അവന്റെ കൈപ്പത്തികൾ മാത്രം ക്രമത്തിലധികം വലുപ്പവും കരുത്തുമുള്ളതാണ്. ഒരു പൂച്ചയെപ്പോലും മുതിർന്ന ഒരാൾ വിചാരിച്ചാൽത്തന്നെ കഴുത്തു ഞെരിച്ചു കൊല്ലാൻ കഴിയില്ല. അപ്പോഴാണ് പൂയില്യൻ എന്ന പയ്യൻ ഏതു വമ്പൻ നായയെയും ഒറ്റയ്ക്ക് വകവരുത്തുന്നത്.
അപ്പുക്കുട്ടൻ ശരവണന്റെ കഴുത്തു ഞെരിച്ചു കൊല്ലുന്ന ഭാഗം വായിക്കും മുൻപുതന്നെ എനിക്ക് പൂയില്യനെ ഓർമ വന്നു. അപ്പുക്കുട്ടനും കൊല്ലുന്നതിനായി കഴുത്തുഞെരിക്കൽ മാർഗ്ഗം തിരഞ്ഞെടുത്തതും, കമ്പോ വടിയോ ഒന്നും പ്രയോഗിക്കാതിരുന്നതും യാദൃച്ഛികമാകാം. ശരവണൻ ദുർബലനായ ഒരാളെന്ന ന്യായവുമുണ്ട്. അതേസമയം മറ്റു രണ്ടുപേരുടെ കൂടെ നിൽക്കുന്ന ശരവണനെയാണ് അപ്രകാരം കൊന്നത്. അപ്പുക്കുട്ടന്റെ കൈപ്പത്തിക്ക് വലുപ്പക്കൂടുതലോ സവിശേഷതകളെന്തെങ്കിലുമോ ഇല്ല. 'ചെറിയ കൈ' എന്നാണ് പറഞ്ഞിട്ടുള്ളത്. 'ഉച്ചവെയിൽ നാളങ്ങളിലൂടെ രണ്ടു ചെറിയ കൈകൾ അയാളുടെ നേരെ നീണ്ടുവരികയും അയാളുടെ കഴുത്തിൽ മുറുക്കുകയും അയാളെ അടിമുടി പിടിച്ചുലക്കുകയും ചെയ്തു. അങ്ങനെ അയാളെ നിശ്ശബ്ദനാക്കി'.
മുകുന്ദൻ ഒരു പക്ഷേ പൂയില്യനെ അറിയുകയുമില്ലായിരിക്കും. എങ്കിലും ഈ നോവലിസ്റ്റുകളുടെ, നാരായണപിള്ളയുടെയും മുകുന്ദന്റെയും രണ്ടു 'കൊച്ചുമക്കളു'ടെ പ്രകൃതത്തിലെ അസ്വാഭാവികതകൾ നമ്മുടെ ഉള്ളിൽ ഭീതി സൃഷ്ടിക്കുന്നു.
വളരെ അടുത്ത വർഷങ്ങളിൽ എഴുതപ്പെട്ടതല്ലെങ്കിൽ തന്നെ മുകളിൽ പറഞ്ഞ രണ്ടു നോവലുകളും ഒരേകാലത്തിന്റെ രചനകളായി കണക്കാക്കാം. ഈ നോവലിസ്റ്റുകളുടെ മൂന്നാംതലമുറകഥാപാത്രങ്ങൾ ആയിട്ടാണ് പൂയില്യനെയും അപ്പുക്കുട്ടനെയും ഞാൻ കാണുന്നത്. ഈ രണ്ടു കഥാപാത്രങ്ങളും കാലഘട്ടത്തിന്റേതായ പരുക്കുകളോടെ ജനിച്ചവരാണ്. അപമാനവികമായ ഭൗതിക, ഭൗതികേതര സാഹചര്യങ്ങളിലാണ് ഇവരുടെ ജന്മം ഉണ്ടായിരിക്കുന്നത്. മാനസികമോ ശാരീരികമോ ആയി ഇവർ ഭിന്നശേഷിക്കാരാണ്. കാലഘട്ടത്തിന്റെ ഇരകളാണിവർ. പുതിയ കാലത്തിന്റെ മനുഷ്യത്വരഹിതമായ സ്വഭാവത്തെ ഈ രണ്ടെഴുത്തുകാരും മനസിലാക്കുകയും ആഖ്യാനം ചെയ്ത് വായനക്കാരുടെ - സമൂഹത്തിന്റെ - മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്.
നാരായണപിള്ളയുടെ 'പേരക്കിടാ'വായ പൂയില്യന്റെ കാര്യത്തിൽ ജൈവസവിശേഷതയുടെ കാരണം തികച്ചും ദുരൂഹവും ജ്യോതിഷ രഹസ്യങ്ങളുടെ പിന്നിൽ മറഞ്ഞിരിക്കുന്നതുമാണ്. എന്നാൽ മുകുന്ദന്റെ കഥാപാത്രത്തിന്റെ ഭാഗേധയത്തെ നിർണയിച്ചത് സാമൂഹികമായ കാരണങ്ങളാണെന്നു വ്യക്തമാണ്. സാമൂഹിക വ്യവഹാരങ്ങളിലെ നിർണായകശക്തിയായ രാഷ്ട്രീയമാണ് അതെന്നും മുകുന്ദൻ കൃത്യമായി പറയുന്നു. ഏറ്റവും വിശ്വാസ്യതയും ജനസമ്മതിയുമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് തന്റെ കഥാപാത്രമായ അപ്പുക്കുട്ടന്റെ തലേവര കുറിച്ചത് എന്നു കൂടി മുകുന്ദൻ അറിയിക്കുന്നു.
മുകുന്ദന്റെ നിരീക്ഷണവും കണ്ടെത്തലുകളും സാഹിത്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ രക്തബന്ധത്തെയും ഉത്തരവാദിത്വത്തെയും ആദരിച്ചുകൊണ്ടുള്ളതാണ്. ഈ കണ്ടെത്തലിന്റെ ധൈര്യം മലയാള സാഹിത്യത്തിൽ ആഘോഷിക്കപ്പെടേണ്ടതാണ്. ഭയരഹിതമായ ഈ നേരെഴുത്തിന്റെ അനിവാര്യതയും മുന്നേറ്റവും വായനക്കാരുടെയും സമാനമനസ്‌കരായ മറ്റ് എഴുത്തുകാരുടെയും തിരിച്ചറിവിലേക്ക് വേണ്ടിയാണെന്ന് കരുതണം.
ഈ നോവലിലെ മുകുന്ദന്റെ രാഷ്ട്രീയ നിഗമനങ്ങളോട് വിയോജിപ്പുള്ള എഴുത്തുകാരും വായനക്കാരും ഉണ്ടാകാം. അത് മറ്റൊരു കാര്യമാണ്. സമൂഹമനസ്സിൽ ഇടിമുഴക്കം സൃഷ്ടിക്കുന്ന ഈ പുസ്തകത്തിലെ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെയാണ് ഞാൻ ഉദ്ദേശിച്ചത്. ഒരു പൊതുവിശ്വാസത്തിന്റെ അടിസ്ഥാനം ദ്രവിച്ചതായിക്കണ്ടാൽ, തായ്‌വേരു ചീഞ്ഞു കഴിഞ്ഞാൽ അതു പിഴുതുകളഞ്ഞ് പുതിയ ഒന്ന് നട്ടുപിടിപ്പിക്കുകയാണു വേണ്ടത്. അന്ധമായ ഗൃഹാതുരത്വം വലിയ അപകടം സൃഷ്ടിക്കും. പ്രത്യേകിച്ചും രാഷ്ട്രീയരംഗത്ത്.
എഴുത്തിലെ കുട്ടിത്തം
33 അദ്ധ്യായവും 206 പേജുമുള്ള 'കേശവന്റെ വിലാപങ്ങ'ളിൽ 28 അദ്ധ്യായവും 173 പേജും സ്ലോമോഷനിൽ ഇഴഞ്ഞുനീങ്ങുന്നു. അതിനുശേഷം ശബ്ദാതീതവേഗത്തിൽ കഥ-നോവൽ-പായുന്നു. ഒരു ഉൽക്കക്കഷണം ആകാശത്ത് കത്തി എരിഞ്ഞു തീരുംപോലെ - 33 പേജിനുള്ളിലാണ് അപ്പുക്കുട്ടന്റെ വിലാപങ്ങൾ എന്ന നോവലും ഒപ്പം 'കേശവന്റെ വിലാപങ്ങളും' ഓടിത്തീരുന്നത്. ഏതോ ഒരു ധൃതി, അടിയന്തരത്തം മുകുന്ദനെയും എഴുത്തിനെയും ഈ ഭാഗങ്ങളെഴുതുമ്പോൾ ബാധിച്ചു എന്നു ആദ്യം സംശയിച്ചുപോയേക്കും. എന്നാൽ അവസാനത്തെ ആ കുതിപ്പ് കൃതിയുടെ മാനം ഉയർത്തിയിട്ടുണ്ട്. ഒരു ഞെട്ടൽ സൃഷ്ടിച്ചുകൊണ്ട്, അവസാന നിമിഷം വായനക്കാരെ വിരസതയിൽ നിന്നു മോചിപ്പിച്ച് നോവൽ അവസാനിക്കുന്നു.
28 അദ്ധ്യായവും 173 പേജും വരുന്ന പൂർവ്വഭാഗത്തിൽ പകുതിപോലും മുഷിപ്പിൽ നിന്നു മുക്തമല്ല. അതിനു ന്യായീകരണവുമില്ല. നല്ല പോഷകഭക്ഷണത്തോടൊപ്പം റഫേജ് ആയി പോഷകാംശങ്ങളൊന്നുമില്ലാത്ത ഫൈബർ വസ്തുക്കൾ കൂടി കഴിക്കാറുള്ളതുപോലെയാണ് മേൽപ്പറഞ്ഞ നോവൽ ഭാഗങ്ങൾ. റഫേജു കഴിക്കുന്നത് ശരിയായ കാര്യമാണെങ്കിലും ഭക്ഷണത്തിന്റെ മുക്കാൽഭാഗവും റഫേജും അതുകൊണ്ടു തന്നെ പോഷകഭക്ഷണം തീരെ കുറച്ചും ആകുന്നതുപോലെയാണ് ഇവിടത്തെ കാര്യം. അനാവശ്യമായ വിശദാംശങ്ങളും വഴിയിൽ കാണുന്നവരെയെല്ലാം അവതരിപ്പിക്കലും വായനക്കാർക്കു വളരെ അസഹ്യമായിട്ടുണ്ടാകണം.
''ഇനിയും നൂറു നൂറ്റമ്പതു പേജു കൂടി എഴുതേണ്ടിയിരിക്കുന്നു...'' എന്ന് കളിപറയും പോലെ കേശവനെക്കൊണ്ടു പറയിച്ചതിലൂടെ ഒരു മുൻകൂർ ജാമ്യമെടുക്കുകയായിരുന്നു എന്ന് പല ചാപ്റ്ററുകളും വായനക്കാരെ ഓർമ്മിപ്പിക്കുന്നു. നാലാം അദ്ധ്യായത്തെക്കുറിച്ച് നേരത്തെ പറഞ്ഞു കഴിഞ്ഞു. അപ്പുക്കുട്ടനെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി മുടിവെട്ടിക്കുന്ന സംഭവമാണ് ഏഴുപേജിൽ വിസ്തരിച്ചു പറഞ്ഞിട്ടുള്ളത്.
'71-ാം പേജിൽ ഇങ്ങനെ കാണുന്നു: 'ചില കാര്യങ്ങൾ ആലോചിക്കുവാൻ വേണ്ടിയാണ് കേശവൻ ഇന്ന് അവധിയെടുത്തത്.
'അപ്പുക്കുട്ടനെ കേശവൻ എന്തു വിളിക്കും. അച്ഛൻ അപ്പുവെന്നും അമ്മ കുട്ടനെന്നും വിളിച്ചു. നാട്ടുകാർ അപ്പുക്കുട്ടനെന്നും. താൻ അവനെ അപ്പുക്കുട്ടനെന്നു വിളിക്കുമ്പോൾ താൻ നാട്ടുകാരുടെ ഭാഗം ചേരുകയല്ലേ ചെയ്യുന്നത്? അങ്ങനെ ആരുടെയെങ്കിലും ഭാഗം ചേരാൻ കേശവൻ ഇഷ്ടപ്പെടുന്നില്ല'.
ഇങ്ങനെ പോകുന്നു വായനക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന വിവരണങ്ങൾ. ഇത് ഒരു സാമ്പിൾ മാത്രം.
കേശവന്റെ അയൽക്കാരനായി മഠത്തിലെ മൂസത് എന്നൊരു കഥാപാത്രമുണ്ട്. അയാളാണ് നാട്ടിലെ ഏറ്റവും പൊക്കമുള്ള ആൾ. ഇതു മാത്രമാണ് മൂസതിന്റെ പ്രാധാന്യം. അയാളുടെ ഭാര്യ വിശാലാക്ഷിയമ്മയ്ക്ക് തീരെ പൊക്കം കുറവാണ്. ഈ സവിശേഷതയുണ്ട് എന്നല്ലാതെ ഇവർ രണ്ടുപേർക്കും നോവലിൽ യാതൊരുവിധ കർതൃത്വവുമില്ല. പക്ഷേ മൂസതിനെക്കുറിച്ച് അനേകം തവണ പരാമർശമുണ്ട്. വിശാലാക്ഷി എഴുത്തമ്മയുടെ ഉയരം മൂസത് കട്ടെടുത്തു എന്നാണ് മുകുന്ദൻ പലയാവർത്തി പറയുന്നത്. മൂസതിനെയും വിശാലാക്ഷി എഴുത്തമ്മയെയും പ്‌രാകാത്ത വായനക്കാർ കാണില്ല. ഭാവുകത്വപരമായും വായനക്കാരുടെ ക്ഷമയെ സംബന്ധിച്ചുമുള്ള മുകുന്ദന്റെ തെറ്റായ വിശ്വാസമോ തഴക്കദോഷമോ ആണ് ഇവിടത്തെ പ്രശ്‌നം എന്നു തോന്നുന്നു.
മലയാളത്തിലെ എഴുത്തുകാരിൽവച്ച് ഏറ്റവും ബുദ്ധിയുള്ളയാൾ - തന്ത്രശാലി - താനാണെന്ന് മുകുന്ദൻ തെളിയിച്ചിരിക്കുകയാണ്. പുസ്തകമിറങ്ങിയ കാലത്ത് മുകുന്ദനെതിരെ ജനരോഷമുണ്ടാകാതിരുന്നത്, പ്രത്യേകിച്ച് സാധാരണ സഖാക്കളുടെ ചോര തിളയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കുമറിയില്ല എന്നതാണ് സത്യം.
കേശവന്റെ സദാചാര നിഷ്ഠയെ സ്ഥാപിച്ചെടുക്കാനായി മുകുന്ദൻ ഒരദ്ധ്യായം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
ദൂരെ ഒരു കല്യാണത്തിനു പോകാനൊരുങ്ങി നിൽക്കുന്ന കേശവൻ: 'കുളിച്ചു മുടി ചീകി ഇസ്തിരിയിട്ട വെള്ളമുണ്ടും ഷർട്ടും ധരിച്ചു നിൽക്കുന്ന കേശവൻ, സേതുമാധവൻ സംവിധാനം ചെയ്ത ഏതോ ഒരു പഴയ ബ്ലാക് ആന്റ് വൈറ്റ് ചലച്ചിത്രത്തിലെ നായകന്റെ മട്ടുണ്ടായിരുന്നു'. (58)
വളരെ പഴകിപ്പോയ രചനാപരമായ ഒരു സാങ്കേതിക സൂത്രമാണിത്.
വളരുന്ന അപ്പുക്കുട്ടന്റെ രതിബാധ്യതയിൽ നിന്ന് ഒരു വിധത്തിലും ഒഴിഞ്ഞുനിൽക്കാൻ പറ്റില്ലെന്ന് ഏതോ ഇംഗ്ലീഷ് നിരൂപകരെ മനസിൽ ഉദ്ധരിച്ചുകൊണ്ട് കേശവൻ ഓർമ്മിച്ചു. അതിനെക്കുറിച്ച് ഒന്നു രണ്ടു പേജ് ചിന്തിക്കുന്നുമുണ്ട്. പക്ഷേ അവസാനം 'രതിയെപ്പറ്റി എഴുതുവാൻ ആഗ്രഹമില്ലാത്ത കേശവൻ വിമ്മിഷ്ടത്തോടെ അവിടെ അങ്ങനെ ഇരുന്നു' എന്നാണ് മുകുന്ദൻ അറിയിക്കുന്നത്.
ഇങ്ങനെ 'അന്തസുള്ള' കേശവന്റെ മുൻകാല നോവലുകൾ വായനക്കാർ നെഞ്ചത്തു വച്ചുകൊണ്ട് ഉറങ്ങുന്നതും യുവതികൾ ആർത്തവരക്തം കൊണ്ടു പൊട്ടുതൊടുവിക്കുന്നതുമായിരുന്നു എന്നു ലക്ഷ്മി ടീച്ചറിലൂടെ മുകുന്ദൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതു മുകുന്ദൻ മറന്നുപോയാലും വായനക്കാർക്ക് വല്ലാത്ത വൈരുദ്ധ്യമായി തോന്നും. ഒരു പള്ളീലച്ചൻ വേദപാഠം പഠിക്കുന്ന കുട്ടിയെ കാത്തുസൂക്ഷിക്കുന്നതുപോലെ മുകുന്ദൻ കേശവനെ സദാചാരനിഷ്ഠയുള്ളവനായി സംരക്ഷിക്കുന്നതു കാണാം.
മസാല, ജങ്ക് അഥവാ പൾപ് അധികമായി കൂട്ടിച്ചേർത്ത്, മുകുന്ദൻ ഈ നോവലിന്റെ നിറം കെടുത്തിയിട്ടുണ്ട്. മറ്റെല്ലാ നിലയിലും മലയാളത്തിലെ ഒന്നാംകിട നോവലായ, മുകുന്ദന്റെ മാസ്റ്റർപീസായ 'കേശവന്റെ വിലാപങ്ങളു'ടെ ഒരു പരിമിതി തന്നെയാണത്.
എഴുത്തിലെ 'കുട്ടിത്തം' എന്ന വാക്കുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഇതൊക്കെയാണ്. മുകുന്ദനെപ്പോലൊരു എഴുത്തുകാരന്റെ കാര്യത്തിൽ കുട്ടിത്തം എന്നു പ്രയോഗിക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എങ്കിലും പകരം മറ്റൊരു വാക്ക് കണ്ടുപിടിക്കാനായില്ല. ഇ.എം.എസിന്റെ കാര്യത്തിൽ 'കുട്ടിച്ചിരി' എന്നൊക്കെ മുകുന്ദൻ പ്രയോഗിച്ചിട്ടുമുണ്ടല്ലോ.
എന്തുകൊണ്ട് ആരുടെയും
ചോര തിളച്ചില്ല?
സ്റ്റാലിന്റെ കാലത്തെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അതിന്റെ ശിക്ഷാരീതിയെയും അനുസ്മരിപ്പിക്കുന്ന വിധത്തിൽ കേരളത്തിലെ സി.പി.എമ്മിനെ ചിത്രീകരിച്ചിട്ടും പാർട്ടിയുടെ പിതൃവിഗ്രഹത്തെ അടിച്ചുതകർത്തിട്ടും മുകുന്ദന്റെ കഥാനായകനായ കേശവനുനേരെയെന്നതുപോലെ, ഒരു വാക്ശരം പോലും മുകുന്ദനുനേരെ ഉയരുകയുണ്ടായില്ല എന്നത് ദുരൂഹമാണ്. ഇ.എം.എസ്സ് വിമർശനത്തിന്റെ പേരിൽ തന്റെ കഥാനായകനായ കേശവന് പാർട്ടിയിൽനിന്ന് വധശിക്ഷ വാങ്ങിക്കൊടുത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബുദ്ധികേന്ദ്രങ്ങളെ മുകുന്ദൻ വെട്ടിലാക്കുകയായിരുന്നോ?
മലയാളത്തിലെ എഴുത്തുകാരിൽവച്ച് ഏറ്റവും ബുദ്ധിയുള്ളയാൾ - തന്ത്രശാലി - താനാണെന്ന് മുകുന്ദൻ തെളിയിച്ചിരിക്കുകയാണ്. പുസ്തകമിറങ്ങിയ കാലത്ത് മുകുന്ദനെതിരെ ജനരോഷമുണ്ടാകാതിരുന്നത്, പ്രത്യേകിച്ച് സാധാരണ സഖാക്കളുടെ ചോര തിളയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കുമറിയില്ല എന്നതാണ് സത്യം. അത് കേരളത്തിൽ മാത്രം സംഭവിക്കുന്ന അത്ഭുതം തന്നെയാണെന്ന് ആ പുസ്തകം മനസ്സിരുത്തി വായിച്ച ആരും സമ്മതിക്കും. ഇതിനെക്കാൾ എത്രയോ ചെറിയ വിമർശനങ്ങൾക്ക് ഇവിടെ കവികളും ഇടതുസഹയാത്രികരും സഖാക്കൾ തന്നെയും പീഡിപ്പിക്കപ്പെടുകയും ഭ്രഷ്ടരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രഭാഷകന്മാർ സ്‌പോട്ടിൽ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
(തുടരും)