‘കേശവന്റെ വിലാപങ്ങൾ’:
ബോംബ് ഒളിപ്പിച്ചുവച്ച
മുകുന്ദന്റെ മാസ്റ്റർപീസ്
ഭാഗം ആറ്
നോവലിന്റെ മേൽ വെടിയുതിർത്തവർ നോവലിറങ്ങിയ കാലത്ത് അത് വായിച്ചവരിൽ പ്രമുഖരായ രണ്ടുപേർക്കൊഴികെ ആർക്കും തന്നെ ഈ പുസ്തകം ഇ.എം.എസ്സിനെ പ്രതിനായകനാക്കി എഴുതിയിട്ടുള്ളതാണെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. എന്നാൽ അത് തുറന്നുപറയാൻ പലർക്കും ധൈര്യം പോരായിരുന്നു. പറഞ്ഞവർ തന്നെ പിന്നീട് നിശ്ശബ്ദരായി. പ്രമുഖരായ ആ രണ്ടുപേർക്കാകട്ടെ, മുകുന്ദൻ ഇ.എം.എസ്സിനെ ആരാധിച്ചുകൊണ്ടെഴുതിയതാണെന്ന കാര്യത്തിൽ തകർക്കാർ പറ്റാത്ത വിശ്വാസമാണുണ്ടായിരുന്നത്.
നിങ്ങൾ ഇതിനകം ഊഹിച്ചിട്ടുണ്ടാകും, ആ രണ്ടുപേരിൽ ഒന്നാമൻ ഇ.കെ. നായനാരും രണ്ടാമൻ ഇ.എം.എസിന്റെ മകൻ ഇ.എം. ശ്രീധരനുമായിരുന്നു. നായനാരുടെ നിരൂപണത്തിന്റെ കാതൽ ഇതാണ്: ''ഏതൊരു കൃതി രചിക്കുമ്പോഴും അതിനൊരു പ്രചോദനമുണ്ടാകും. അതെന്താണ്? ആ ചോദ്യത്തിന് മുകുന്ദൻ ഈ നോവൽ വഴി നൽകുന്ന ഉത്തരം ഇ.എം.എസ്. എന്നാണ്. ഇ.എം.എസ്സിനെക്കുറിച്ച് അയഥാർത്ഥമായ ചിത്രീകരണം നടത്തിയ അരുന്ധതി റോയിയുടെ പാപത്തിനുള്ള മറുപടിയാണ് ഈ നോവൽ''
''അപ്പുക്കുട്ടനായി സ്വയം സങ്കൽപ്പിച്ചുകൊണ്ടാണ് (അതു ന്യായം) ഞാൻ ‘കേശവന്റെ വിലാപങ്ങൾ’ വായിച്ചത്. കലാപരമായ ഔന്നത്യം ഈ നോവൽ പുലർത്തുന്നു’’- ഇ.എം. ശ്രീധരന്റേതാണ് ഈ വാക്യം. (ബ്രായ്ക്കറ്റിലെ കമന്റ് ലേഖകന്റേത്).
നോവൽ സൃഷ്ടിച്ചേക്കാവുന്ന കൊടുങ്കാറ്റിനെ അടക്കാൻ മാർക്‌സിസ്റ്റു പാർട്ടി ബൗദ്ധികമായ എല്ലാ സന്നാഹങ്ങളുമായി രംഗത്തുവന്നു. മുകളിൽ പറഞ്ഞിട്ടുള്ളതുപോലെ നായനാരുടെ നേതൃത്വത്തിൽ നടന്ന ആധികാരികമായ വ്യാജവായനയും വിലയിരുത്തലുമായിരുന്നു പ്രധാന പ്രതിരോധതന്ത്രം എന്നതിൽ സംശയമില്ല.
ഇ.എം.എസ്. ആരാധകരായ പു.ക.സ സഖാക്കളുടെ ഉത്സാഹവും വീര്യവും നായനാരുടെ നിരൂപണവിധി വന്നതോടെ കെട്ടടങ്ങിപ്പോയി. കാരണം വിമർശനമല്ലെങ്കിൽ പിന്നെ എന്തിന് 'കേശവന്റെ വിലാപങ്ങൾ' വായിക്കണം? സഖാക്കൾ ഇ.എം.എസ്. വാഴ്ത്തുകൾ നിത്യവും കേൾക്കുന്നതും കേട്ടുമടുത്തതുമാണ്.
മറുവശത്ത്, ഇ.എം.എസ്.വിമർശനം കേൾക്കാൻ കൊതിച്ചിരിക്കുന്ന വലതുപക്ഷ നിരൂപകർക്കും വായനക്കാർക്കും ഉണ്ടായ വികാരം സഖാക്കൾക്കുണ്ടായതിനേക്കാൾ കടുത്ത നിരാശയായിരുന്നു.
മുകുന്ദന്റെ പുസ്തകത്തിന്റെ അവതാരലക്ഷ്യമറിഞ്ഞതോ പ്രാധാന്യം മനസ്സിലാക്കിയതോ ആയ നിരൂപണങ്ങൾ കാര്യമായി ഉണ്ടായില്ല എന്നത് ഗുരുതരമായ യാഥാർത്ഥ്യമാണ്.
വലതുപക്ഷ പത്രമാസികകളിൽ പോലും പ്രത്യക്ഷപ്പെടുന്ന ഇ.എം.എസ്. ചിരിയും വചനങ്ങളും കൊണ്ടുതന്നെ ചെകിടിച്ചിരിക്കുന്ന ഇക്കൂട്ടർ വിമർശനമല്ലാതെ മറ്റൊന്നും ഇ.എം.എസിനോടു ബന്ധപ്പെട്ടു കേൾക്കാൻ ഇഷ്ടപ്പെടുകയില്ല എന്നതു സ്വാഭാവികം മാത്രം. ഇത് പാർശ്വഫലങ്ങളിൽ ചിലതുമാത്രമാണ്. മുകുന്ദനോ അദ്ദേഹത്തോടടുത്തു നിൽക്കുന്ന സുഹൃത്തുക്കളായ നിരൂപകർ ഉൾപ്പെടെയുള്ള എഴുത്തുകാരിൽ ആരെങ്കിലുമോ നായനാരുടേതുപോലുള്ള, പരിഹാസ്യമായ വിമർശനങ്ങളെ പരസ്യമായി പ്രതിരോധിക്കാൻ തയ്യാറായില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
ഈ നിഗൂഢയാഥാർത്ഥ്യത്തെക്കുറിച്ച് എന്റെ വായനക്കാർ ചിന്തിക്കേണ്ടതാണ്. പാർട്ടിബുദ്ധിജീവികൾക്ക് നായനാർ വിധിച്ചതിനു വിരുദ്ധമാകാത്ത വിധമൊക്കെയേ എഴുതാൻ കഴിയൂ. എന്നാൽ 'ഭയം' സ്വന്തം നിഘണ്ടുവിൽപോലും വച്ചുപൊറുപ്പിക്കാത്ത സ്വതന്ത്ര ബുദ്ധിജീവികളായ ശൂരന്മാരെന്തെഴുതി? ധാരാളമെഴുതി. 'കേശവന്റെ വിലാപങ്ങളെ'ക്കുറിച്ചു പുസ്തകങ്ങൾ തന്നെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ, പതിവുനിരൂപണത്തിന്റെ അച്ചിലിട്ടഭാഷയ്ക്കും ഉപരിപ്ലവമായ രാഷ്ട്രീയത്തർക്കങ്ങൾക്കുമപ്പുറം ഉൾക്കാഴ്ചയും നിർഭയതയും ഉള്ള നിരൂപണങ്ങൾ ഉണ്ടായതായി അറിയില്ല.
മുകുന്ദന്റെ പുസ്തകത്തിന്റെ അവതാരലക്ഷ്യമറിഞ്ഞതോ പ്രാധാന്യം മനസ്സിലാക്കിയതോ ആയ നിരൂപണങ്ങൾ കാര്യമായി ഉണ്ടായില്ല എന്നത് ഗുരുതരമായ യാഥാർത്ഥ്യമാണ്. ഇതിനു രണ്ടുകാരണങ്ങളുണ്ടെന്നു തോന്നുന്നു.
ഒന്ന്, അപ്പുക്കുട്ടൻ എന്ന ബാലന്റെ ജീനിൽ എന്നതുപോലെ, സ്വതന്ത്രബുദ്ധിജീവികൾ എന്ന് അഭിമാനിക്കുന്ന മിക്കവരുടെയും ജീനിലും ഇ.എം.എസ് അഡിക്ഷന്റെ ഘടകം കയറിക്കൂടിയിട്ടുണ്ടാകണം.
രണ്ട്, എൽ.ഡി.എഫ്. ഭരിക്കാൻ വന്നാലും യു.ഡി.എഫ്. ഭരിക്കാൻ കയറിയാലും, അക്കാദമികളിലേക്കും മറ്റുമുള്ള രണ്ടു മുന്നണികളുടെയും പാനലിൽ ഒരേപോലെ പേരു വരുത്താൻ കഴിയണമെങ്കിൽ ആരെയും മുഷിപ്പിക്കാതെയും മുഖം ചുളിപ്പിക്കാതെയും എഴുതി ശീലിക്കണം.
ഈ രണ്ട് ലളിതമായ കാര്യങ്ങളുടെ പിന്നരങ്ങിൽ ഒരുപാട് കൈവഴികളുണ്ട്.
നോവലിസ്റ്റിന്റെ നിലപാട് എന്തായിരുന്നു? ഇടതുപക്ഷവേദികളിൽ, താനെഴുതിയത് ഇ.എം.എസിനെ പുകഴ്ത്തുന്ന പുസ്തകമാണെന്നു സമ്മതിക്കും. വലതുപക്ഷവേദികളിൽ, പുസ്തകത്തിൽ ഇ.എം.എസ്. വിമർശനമാണെന്ന അഭിപ്രായമുയരുമ്പോൾ അതും സമ്മതിക്കും.
നമ്മുടെ എഴുത്തുകാരും സാംസ്കാരിക നായകരും എത്ര തന്നെ ധീരരും പ്രബുദ്ധരും ജ്ഞാനികളും ആണെങ്കിലും ശരി, നായനാരുടെ നിശ്ചയങ്ങൾ അവർക്കന്ന് കല്ലിൽ പിളർക്കുന്നതു തന്നെയാണ്. രാഷ്ട്രീയത്തിലെന്നതുപോലെത്തന്നെ സാഹിത്യ- സാംസ്‌കാരിക വിഷയങ്ങളിലും ഇ.എമ്മിന്റെ കൈവയ്പ് കിട്ടിയിട്ടുള്ള ആളാണല്ലോ നായനാർ.
ഒരുപറ്റം മേൽപ്പട്ടക്കാരുടെ (മെത്രാന്മാർ) പ്രീതിക്കുവേണ്ടി മാത്രം, മുഖ്യമന്ത്രി ആയിരുന്ന നായനാർ പി.എം. ആന്റണിയുടെ നാടകത്തിന്റെ അവതരണം നിരോധിച്ചിരുന്നല്ലോ. അന്ന് നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യവാദികളായ ബുദ്ധിജീവികളുടെ ചെയ്തികൾ കണ്ടറിഞ്ഞ കുറേയാളുകളെങ്കിലും നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ട്. നാടകത്തിന് അനുകൂലമായും ആന്റണിക്കു പിന്തുണ പ്രഖ്യാപിച്ചും സച്ചിദാനന്ദന്റെ നേതൃത്വത്തിൽ കുറെ എഴുത്തുകാരും സാംസ്‌കാരിക നേതാക്കന്മാരും രംഗത്തുവരുകതന്നെയുണ്ടായി.
എന്തായാലും നിരോധിച്ചതു നിരോധിച്ചതു തന്നെ. മാത്രമല്ല എല്ലാം കഴിഞ്ഞിട്ടും ആന്റണിയുടെ പേരിലുണ്ടായ കേസ് ബാക്കി നിന്നു. കേസിൽ നിന്ന് രക്ഷപ്പെടുത്താൻ എഴുത്തുകാരോ ബുദ്ധിജീവികളോ കാര്യമായി ഒന്നും ചെയ്തില്ല എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഇസ്താക്കു സാറിന്റെ (പ്രൊഫ. ഐ. ഇസ്താക്ക്) മുൻകൈയിൽ ചിലർ ആന്റണിയെ കുറച്ചൊക്കെ സഹായിച്ചു എന്നുമാണ് എന്റെ അറിവ്.
പി.എം. ആന്റണി എന്ന കലാകാരന്റെ അകാല മരണത്തിനും അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടിനും ഈ നാടകനിരോധനവും കേസും ഏറെ സഹായിച്ചിട്ടുണ്ടാകണം. ഇതൊക്കെയാണെങ്കിലും നമ്മുടെ എഴുത്തുകാർക്കും സാംസ്‌കാരിക നായകന്മാർക്കും നായനാർ നിഷ്‌കളങ്കനും മുടിഞ്ഞ നർമ്മബോധം തികഞ്ഞവനുമായ ഒരു ജനകീയ നേതാവാണ്.
മയ്യഴിപ്പുഴയിൽനിന്ന് കരകയറാത്തവരാണ് മുകുന്ദന്റെ വായനക്കാരിലധികവും. രാഷ്ട്രീയത്തോടും സാമൂഹിക പ്രതിബദ്ധതയോടുമൊക്കെ എഴുത്തുകാരനായ മുകുന്ദൻ മുമ്പ് പലപ്പോഴും അലർജിയാണല്ലോ പ്രകടിപ്പിച്ചിട്ടുള്ളത്.
കളിയിലെ കൂന്തൻ
നിരൂപകവിഭാഗങ്ങളുടെ നിലപാട് നാം കണ്ടു. അതേസമയം, നോവലിസ്റ്റിന്റെ നിലപാട് എന്തായിരുന്നു? ഇടതുപക്ഷവേദികളിൽ, താനെഴുതിയത് ഇ.എം.എസിനെ പുകഴ്ത്തുന്ന പുസ്തകമാണെന്നു സമ്മതിക്കും. വലതുപക്ഷവേദികളിൽ, പുസ്തകത്തിൽ ഇ.എം.എസ്. വിമർശനമാണെന്ന അഭിപ്രായമുയരുമ്പോൾ അതും സമ്മതിക്കും.
എന്നാൽ സ്വകാര്യസംഭാഷണത്തിലും കത്തെഴുതുമ്പോഴും അദ്ദേഹം പറയും, ''ഈ നോവൽ വളരെ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കേണ്ടതാണ്. എങ്കിലേ അതിന്റെ ശരിയായ അർത്ഥവും ധ്വനികളും മനസ്സിലാകുകയുള്ളൂ'' എന്ന്, ‘ഒരു നോവലിസ്റ്റ് ഒരിക്കലും സ്വന്തം കൃതിയെക്കുറിച്ച് ഇങ്ങനെ പറയാൻ പാടില്ലാത്തതാണെങ്കിലും' എന്നൊരു ക്ലോസു കൂടി അദ്ദേഹം ചേർക്കും എന്നതാണ് രസം.
അവിടെയും നിൽക്കില്ല. നോവലിനുള്ളിലെ ഗൂഢാർത്ഥങ്ങളെയും നോവലിസ്റ്റു നടത്തുന്ന ഒഴിഞ്ഞുമാറ്റങ്ങളെയും സൂചിപ്പിച്ചാൽ 'താങ്കൾക്ക് അതൊക്കെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്' എന്നായിരിക്കും മുകുന്ദന്റെ മറുപടി. നോവലിന്റെ നേര്, അതായത് മുകുന്ദൻ കാണുന്ന ഇ.എം. എസിന്റെ നേരുകളെല്ലാം മറ്റുള്ളവർ, വായനക്കാരും നിരൂപകരും പറഞ്ഞ് സമൂഹത്തിലെങ്ങും അറിയപ്പെടണം എന്ന് മുകുന്ദന് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്ന് വ്യക്തമാണ്.
എന്തുകൊണ്ട് മാസ്റ്റർപീസ്
ഒരെഴുത്താൾ ഭാവുകത്വപരമായ കുതിച്ചുചാട്ടം നടത്തുമ്പോഴാണ് അവരുടെ മാസ്റ്റർപീസ് സൃഷ്ടിയുണ്ടാകുന്നത്. അവരുടെ വായനക്കാരിലും ഒരു മുന്നേറ്റം ആ സൃഷ്ടി ആവശ്യപ്പെടുന്നു. എന്നാൽ വായനക്കാർക്ക് ഭാവുകത്വപരമായ ഒരുയർച്ചയുണ്ടാകാതെ പോയതുകൊണ്ട് മുകുന്ദന്റെ പല വായനക്കാരും ഈ നോവലിനെ തിരിച്ചറിയാതെ പോയിട്ടുണ്ട്.
മയ്യഴിപ്പുഴയിൽനിന്ന് കരകയറാത്തവരാണ് മുകുന്ദന്റെ വായനക്കാരിലധികവും. രാഷ്ട്രീയത്തോടും സാമൂഹിക പ്രതിബദ്ധതയോടുമൊക്കെ എഴുത്തുകാരനായ മുകുന്ദൻ മുമ്പ് പലപ്പോഴും അലർജിയാണല്ലോ പ്രകടിപ്പിച്ചിട്ടുള്ളത്. മുകുന്ദന്റെ സ്വന്തം വായനക്കാർ മാത്രമല്ല കേരളത്തിലെ ഉന്നതനിലവാരമുള്ള പൊതു വായനാസമൂഹം തന്നെ ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയനോവൽ മുകുന്ദനിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല - ഒ.വി. വിജയനിൽ നിന്നോ ആനന്ദിൽനിന്നോ സക്കറിയയിൽനിന്നോ പ്രതീക്ഷിക്കാം. (വി.കെ. എന്നിന്റെ രാഷ്ട്രീയ നോവലുകൾ മറ്റൊരു ജനുസിൽപ്പെടുന്നവയാണല്ലോ).
ഇക്കാര്യം മുകുന്ദനുതന്നെ അറിയാമായിരുന്നു. അതിന്റെ വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. കേശവന്റെ പുതിയ നോവലായ 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ' വളരെ 'അൺ കേശവൻ' ആകുന്നുണ്ട് എന്ന് രാവുണ്ണിസംഘത്തെക്കൊണ്ട് മുകുന്ദൻ പറയിക്കുന്നു. (187)
വാസ്തവത്തിൽ, കേശവന്റെ വിലാപങ്ങൾ വളരെ 'അൺ മുകുന്ദൻ' ആണ്. എന്നദ്ദേഹംതന്നെ അറിയിക്കുകയാണിവിടെ.
ഒരു രാഷ്ട്രീയനോവലിന് ഇത്തരം തലങ്ങളും വ്യാപ്തിയും (റെയ്ഞ്ച്) ആകാമെന്ന് കേശവന്റെ വിലാപങ്ങളിലൂടെ മുകുന്ദൻ മലയാളികൾക്ക് കാണിച്ചുകൊടുത്തു. എന്നാൽ അപരിചിതമാതൃകകൾ സ്വീകരിക്കാൻ - മനസ്സിലാക്കാനും - ഇവർ ചിലപ്പോൾ വിസമ്മതിക്കാറുണ്ട്. 'ചിലപ്പോൾ’ എന്ന സൂചനയ്ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം പുതുമയ്ക്കും വ്യത്യസ്തതക്കും വേണ്ടി ആവേശം കാട്ടുന്നവർ തന്നെ മുന്നിലെത്തുന്ന പുതുമയ്ക്കുനേരെ മുഖം തിരിച്ചുനിൽക്കുന്ന വിചിത്രമായ സന്ദർഭങ്ങളും ധാരാളമായി ഉണ്ടാകാറുണ്ട്.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷങ്ങളും പരോക്ഷങ്ങളും ആവാഹിച്ചെടുത്ത, ലക്ഷണമൊത്തതും പൂർവ്വ മാതൃകകളെ മറികടക്കുന്നതും അതിപ്രസക്തവുമായ ഏക മലയാള രാഷ്ട്രീയ നോവൽ 'കേശവന്റെ വിലാപ'ങ്ങളാണെന്ന് പറയാം.
വാക്കിനും സാധാരണ ഭാഷയ്ക്കും വഴങ്ങാൻ കൂട്ടാക്കാത്ത അതീതരാഷ്ട്രീയാനുഭവങ്ങളുടെ സാഹിത്യാഖ്യാനം നടത്താൻ മലയാളത്തിൽ ഇതിനുമുമ്പ് ശ്രമിച്ചിട്ടുള്ളത് ഒ.വി. വിജയൻ മാത്രമാണെന്നു തോന്നുന്നു. 'ധർമ്മപുരാണം' അങ്ങനെയൊന്നായിരുന്നു. എന്നാൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷങ്ങളും പരോക്ഷങ്ങളും ആവാഹിച്ചെടുത്ത, ലക്ഷണമൊത്തതും പൂർവ്വ മാതൃകകളെ മറികടക്കുന്നതും അതിപ്രസക്തവുമായ ഏക മലയാള രാഷ്ട്രീയ നോവൽ 'കേശവന്റെ വിലാപ'ങ്ങളാണെന്ന് പറയാം - അധികംപേർ ഇതു തിരിച്ചറിഞ്ഞിട്ടില്ല, അറിഞ്ഞവർ പുറത്തുപറഞ്ഞതുമില്ല എങ്കിലും.
ധർമ്മപുരാണവും
കേശവന്റെ വിലാപങ്ങളും
'ധർമ്മപുരാണം' എഴുതുമ്പോൾ പുതിയ ഭാഷയ്ക്കും ശില്പത്തിനും വേണ്ടിയുള്ള വിജയന്റെ തപസ്സ് കലാശിച്ചത് ജുഗുപ്‌സയും ധാർമ്മികരോഷവും കൊടുമ്പിരികൊണ്ട് സമനില തെറ്റിയ ഭാഷാപദ്ധതിയിലാണ്. ഇതിന്റെ എതിർദിശയിലേക്കായിരുന്നു 'കേശവന്റെ വിലാപങ്ങൾ'ക്കുവേണ്ടിയുള്ള മുകുന്ദന്റെ ഭാഷാന്വേഷണം. പിരിമുറുക്കമോ ക്ഷോഭമോ ഇല്ലാത്ത, ഒറ്റനോട്ടത്തിൽ നിർഗുണമെന്നു തോന്നാവുന്ന ഭാഷാരീതിയാണ് അദ്ദേഹം കണ്ടെത്തിയത്. എന്നാൽ, വിരുദ്ധാർത്ഥങ്ങളുടെയും ന്യൂനോക്തിയുടെയും നിന്ദാസ്തുതിയുടെയുമെല്ലാം ഭാവുകത്വപരമായ ക്ഷമതകളെയെല്ലാം മുകുന്ദൻ ഈ നോവലിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു. വിജയൻ നടത്തിയ ഭാഷാപരമായ രണ്ട് യജ്ഞങ്ങളാണ് 'ധർമ്മപുരാണ'വും, 'ഖസാക്കിന്റെ ഇതിഹാസ'വും എന്നു പറയാം. ധർമ്മപുരാണത്തിൽ തോറ്റു. ഖസാക്കിൽ വൻവിജയം നേടി.
പേരിൽ എന്തോ ഉണ്ട്
നോവലിന്റെ പേര് 'കേശവന്റെ വിലാപങ്ങൾ' ആയത്- അപ്പുക്കുട്ടന്റെ വിലാപങ്ങൾ എന്നും- എന്തുകൊണ്ടാണെന്ന് എനിക്കു മനസിലാകുന്നില്ല. കേശവനോ അപ്പുക്കുട്ടനോ ഒരിക്കലും വിലപിക്കുന്നില്ല. ഉറച്ച മനസും വീക്ഷണവും ഉള്ളവരാണ് രണ്ടുപേരും-അടിയുറച്ചു മുന്നേറുന്നവർ; ലക്ഷ്യം പിടിച്ചടക്കുന്നവർ. എന്നിട്ടും 'വിലാപങ്ങളാ'യതിന്റെ കാരണം തീർത്തും ദുരൂഹമാണ്. നോവലിസ്റ്റിനു മാത്രം അറിയുന്ന കാര്യം.
മുകുന്ദന്റെ ക്രാഫ്റ്റും പ്രമേയദൗത്യവും
ഇ.എം.എസിന്റെ, ഉരുക്കിൽ വാർത്ത, വിഗ്രഹവൽക്കരിക്കപ്പെട്ട പ്രതിഛായയെ തകർത്തുകളയുക എന്നതാണ് പ്രമേയത്തിന്റെ കൊടുംസമസ്യ. കേരള ജനതയുടെ എല്ലാ ഭാഷാബോധങ്ങളെയും അതിലംഘിച്ചു നിൽക്കുന്നതാണ് ഇ.എം.എസ് എന്ന ആ മഹാബിംബത്തിന്റെ ഉരുക്കുറപ്പും വ്യാപ്തിയും. അതിനാൽത്തന്നെ കടിച്ചു പല്ലുകളയാതെ, നേരിട്ട് ഏറ്റുമുട്ടാതെ തന്ത്രപൂർവ്വമുള്ള ഒരു ആക്രമണമാണ് മുകുന്ദൻ നടത്തിയത്.
അതുകൊണ്ടാണ് ഗറില്ലാ യുദ്ധതന്ത്രമെന്ന് ഞാൻ പറഞ്ഞിട്ടുള്ളത്. ആ ഒളിയുദ്ധത്തിന്റെ മാരകായുധമാണ് കഥയ്ക്കുള്ളിലെ കഥ. നോവലിനുള്ളിലെ നോവൽ. എഴുത്തുകാരനെ സംബന്ധിച്ച്, സമൂഹമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്ന ഇ.എം.എസ് എന്ന ഗോപുരരൂപനെ തളയ്ക്കാൻ ഇത്രയ്ക്കു യോജിച്ച മറ്റൊരു വഴിയുമില്ലായിരുന്നു എന്നു തോന്നുന്നു. ഭാഷകൊണ്ടു സാധിക്കേണ്ട ഭാവപരമായ ഗതിമാറ്റങ്ങളും പരിണാമങ്ങളും ഘടനകൊണ്ട് പരിഹരിച്ചിരിക്കുകയാണിവിടെ.
തകിടം മറിച്ചിലും വൻകിട അട്ടിമറിയും നിറഞ്ഞ ജീവിതകഥകളുണ്ട് ഈ നോവലിൽ. വായനക്കാർ അവയിലൂടെ കടന്നുപോകുന്നത് അതൊന്നും തീവ്രമായി അറിയാതെയാണെന്നു പറയാം. കടുത്ത അനുഭവങ്ങളുടെ ആഘാതങ്ങളേൽപ്പിക്കാതെയാണ് അവരെ കഥയിലൂടെ കടത്തിവിടുന്നത്.
കുത്തിവച്ചു മരവിപ്പിച്ചു നടത്തുന്ന ഒരു സർജറി പോലെയാണത്. ഒരുദാഹരണം പറയട്ടെ. അനന്തകൃഷ്ണനും ശരവണനും മുൻ നക്സലൈറ്റുകളാണ്. കൊല ചെയ്യാനുള്ള മടി കൊണ്ടാണ് അനന്തകൃഷ്ണൻ പ്രസ്ഥാനം വിട്ടുപോന്നതെന്നു പറയുന്നുണ്ട്. എന്നാൽ രണ്ടുപേരുടെയും നക്‌സൽ കാലത്തെക്കുറിച്ച് ആ നോവലിൽ അധികമൊന്നും പറയുന്നില്ല. ശരവണന് നക്‌സൽ വ്യവസായങ്ങളോട് ഒരു മടുപ്പും ഉണ്ടായിരുന്നുമില്ല. വായന നൽകുന്ന അവബോധത്തെയും ഉണർച്ചയേയും കുറിച്ച് പിന്നീടാണവർക്കു ബോധ്യമുണ്ടാകുന്നത്. നോവലിന്റെ ആന്തരഘടനയുടെ ആവിഷ്‌കാരവിദ്യ കൊണ്ട് അതു സാധിച്ചിരിക്കുന്നു.
വിജയൻ നടത്തിയ ഭാഷാപരമായ രണ്ട് യജ്ഞങ്ങളാണ് 'ധർമ്മപുരാണ'വും, 'ഖസാക്കിന്റെ ഇതിഹാസ'വും എന്നു പറയാം. ധർമ്മപുരാണത്തിൽ തോറ്റു. ഖസാക്കിൽ വൻവിജയം നേടി.
കേശവന്റെ വിലാപങ്ങളിൽ അനുസ്യൂതമായി വികസിച്ചുപോകുന്ന ഒരു കഥയില്ല. വിഷയം ഇ.എം.എസ്. മാത്രമാണ്. തുടക്കത്തിലും ഒടുക്കത്തിലും ഇ.എം.എസ് തന്നെ. നോവലിലെ നായകൻ കൊല്ലപ്പെടുന്നു എന്ന ഒരു സംഭവം മാത്രമാണ് വേറിട്ടുള്ളത്. പ്രമേയത്തിലെ നിശ്ചലാവസ്ഥയെ ഒരുൾക്കഥയുണ്ടാക്കി നേരിടുകയാണിവിടെ മുകുന്ദൻ ചെയ്തത്.
രണ്ടു നോവലുകളിലെയും കാലങ്ങൾ സമാന്തരമായിട്ടല്ല സ്ഥിതി ചെയ്യുന്നത്- സംഭവിക്കുന്നത്. കാലത്തിനുള്ളിൽ മറ്റൊരുകാലം. ദൂരത്തിനുള്ളിൽ മറ്റൊരു ദൂരം. അതേസമയം ഈ കാലങ്ങൾ സ്വതന്ത്രമാണ്. ആപേക്ഷികമല്ല. ഇതിനാൽതന്നെ അപൂർവ്വവും ഹൃദ്യവുമായ ഒരു സങ്കീർണ്ണത, വിപുലത അനുഭവപ്പെടുന്നുണ്ട്.
കഥാഘടന ഇത്തരത്തിലായിരുന്നില്ലെങ്കിൽ, പ്രമേയത്തിന്റെ നിർദ്ധാരണത്തിന് ഭാഷാപരമായ വലിയ സാഹസങ്ങൾ, പുതിയ കണ്ടെത്തലുകൾ വേണ്ടിവരുമായിരുന്നു. ഭാഷാപരമായ ഒരു വൻസാഹസത്തിന് മുകുന്ദൻ തയ്യാറാകാതിരുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ചർച്ച വേണ്ടല്ലോ. 'ധർമ്മപുരാണം' നൽകുന്ന ഭാഷയുടെ പാഠം മുകുന്ദൻ ഉൾക്കൊണ്ടതാകാം. ആകാതിരിക്കാം.
കേസുണ്ടായാൽ മുകുന്ദൻ ശിക്ഷിക്കപ്പെടും
സ്റ്റാലിനെക്കാൾ നിഷ്ഠൂരനായ ഒരാളായിട്ടാണ് മുകുന്ദൻ ഇ.എം.എസ്സിനെ ചിത്രീകരിച്ചിട്ടുള്ളത്. നിസ്സാരനായ ഒരു എഴുത്തുകാരനെയാണ്, സ്റ്റാനിലിസ്റ്റും കമ്മ്യൂണിസ്റ്റ് ക്ലാസിക്കലും പിന്നെ കേരളത്തിന്റെ തനതുമായ ശൈലിയിൽ നോവലിസ്റ്റ് കൊല ചെയ്യിക്കുന്നത്.
അതിന്റെ ഉത്തരവാദിത്വമാണ് മുകുന്ദൻ ഇ.എം.എസിന്റെ മേൽ സ്ഥാപിച്ചിരിക്കുന്നത്. എന്ത് അവകാശത്തിന്റെ പേരിലാണ് മുകുന്ദൻ ഇങ്ങനെ ഒരു രചന നടത്തിയത്? ആവിഷ്കാരസ്വാതന്ത്ര്യം ഇത്രത്തോളം വരുമോ? അതു നിരുപാധികമാണോ? അല്ലെങ്കിൽ, ഉത്തമ ബോദ്ധ്യത്തിന്റെ പിൻബലത്തിലാണോ മുകുന്ദൻ ഇ.എം.എസിനെ അത്തരത്തിൽ ചിത്രീകരിച്ചിട്ടുള്ളത്?
സാധാരണ കാഴ്ചയ്ക്കും ധാരണയ്ക്കും അപ്പുറത്തുള്ള കണ്ടെത്തലും അറിയിക്കലുമാണ് എഴുത്തുകാരുടെ ധർമ്മം. ദർശനം, ഉൾക്കാഴ്ച എന്നൊക്കെപ്പറയുമ്പോൾ അർത്ഥമാക്കുന്നത് ഇതല്ലേ? ഇതിന്റെ പിൻബലത്തിലാണ് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടാകുന്നത്. ഉത്തമബോധ്യമില്ലെങ്കിൽ ഇ.എം.എസിന്റെയും പാർട്ടിയുടെയും മേൽ മുകുന്ദൻ നടത്തുന്ന ആക്രമണം മാപ്പർഹിക്കാത്ത കുറ്റമാണ്.
'മാസ് സൈക്കിയുടെ ഭാഗമായ' 'യുഗപുരുഷനായ', 'നാട്ടുകാര് മുഴുവൻ സ്‌നേഹിക്കുന്ന മഹാനായ' പ്രസ്ഥാനനേതാവിനെ ഇങ്ങനെ അക്ഷരപ്പെടുത്തിയതിന്റെ അടിസ്ഥാനമെന്താണെന്ന് ഒരാളും മുകുന്ദനോട് ചോദിക്കുകയുണ്ടായില്ല? ചോദിക്കാൻ ഏറ്റവും ബാധ്യതപ്പെട്ട മാർക്‌സിസ്റ്റുപാർട്ടി എന്തുകൊണ്ടോ ഒരു നിലപാടുമെടുത്തില്ല. ഈ 'എന്തുകൊണ്ടോ' എന്നതിന്റെ പൊരുൾ കേരളസമൂഹത്തിന്റെ വിചിത്രവും വിസ്മയിപ്പിക്കുന്നതുമായ വർത്തമാനാവസ്ഥയുടെ രഹസ്യകോഡുതന്നെയാണ്.
ചോദിക്കേണ്ടവർ ചോദിച്ചാൽ, പേരിനെങ്കിലും, മുകുന്ദന് പറയാൻ പറ്റുന്ന രണ്ട് ഒഴിവുകഴിവുകളാണുള്ളത്.
ഒന്ന്, ഞാൻ പറയുന്ന ഇ.എം.എസ്. വേറെയാണ്, കഥയിലെ ഇ.എം.എസ് യഥാർത്ഥ ഇ.എം.എസ്. അല്ല എന്ന് മുകുന്ദന് പറഞ്ഞു നോക്കാം. പക്ഷേ വെറുതെ പറയാമെന്നേയുള്ളൂ. കുടുംബവും തറവാടും അമ്മയും ഭാര്യയും സമൂഹത്തിലെ സ്ഥാനവും രൂപഭാവങ്ങളും പല്ലിന്റെ നിറംപോലും യഥാർത്ഥ ഇ.എം.എസിന്റേതാണ്. പിന്നെ എഴുത്തുകാരന് കാപ്പിറ്റൽ പണീഷ്‌മെന്റ് കൊടുക്കുന്ന ഇ.എം.എസ്. വേറെയാണെന്ന് എങ്ങനെ പറയാൻ കഴിയും?
സ്റ്റാലിനെക്കാൾ നിഷ്ഠൂരനായ ഒരാളായിട്ടാണ് മുകുന്ദൻ ഇ.എം.എസ്സിനെ ചിത്രീകരിച്ചിട്ടുള്ളത്. എന്ത് അവകാശത്തിന്റെ പേരിലാണ് മുകുന്ദൻ ഇങ്ങനെ ഒരു രചന നടത്തിയത്? ആവിഷ്കാരസ്വാതന്ത്ര്യം ഇത്രത്തോളം വരുമോ?
നോവലിന്റെ അന്ത്യത്തിലെ കടുംകൈ ചെയ്യിക്കുന്നത് ഇ.എം.എസ് ആണെന്ന് തെളിച്ചു പറഞ്ഞിട്ടില്ല എന്നതാണ് രണ്ടാമത്തെ വാദം. അതുമാത്രം മുകുന്ദൻ പറയാതിരുന്നത് എന്തിനാണെന്നറിയില്ല. കാരണം, അതുകൊണ്ട് വിശേഷിച്ച് ഒരു ഗുണവുമില്ല. അക്ഷരാഭ്യാസമുള്ള ആർക്കും മനസ്സിലാകുന്ന കാര്യമാണത്.
കേശവവധത്തിന്റെ ഉത്തരവാദിത്വം ഇ.എം.എസിന് അല്ല എന്ന് ആരെയെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്താൻ മുകുന്ദന് കഴിയില്ല. ഒരു കോടതിക്കേസുണ്ടായാൽ മുകുന്ദന് ശിക്ഷ കിട്ടുമെന്നുറപ്പാണ്. ഡസൻ കണക്കിന് തെളിവുകളാണ് മുകുന്ദൻ തനിക്കെതിരെ ഉണ്ടാക്കിവച്ചിട്ടുള്ളത്.
രചനയ്ക്കുള്ളിലെ ആഭിചാരം
ഈ നോവലിന്റെ പ്രമേയപരമായ അതിഭാരം അത്ഭുതപ്പെടുത്തുന്നതാണ്. ഒരു ജനതയുടെ വിശ്വാസത്തിന്റെയും തിരിച്ചറിവിന്റെയും ആവേശം നിറഞ്ഞ അംഗീകാരത്തിന്റെയും ആരാധനയുടെയും രാഷ്ട്രീയാധികാരസംസ്ഥാപനങ്ങളുടെയും മൊത്തം മൊമന്റത്തെ തടഞ്ഞു നിർത്തുക മാത്രമല്ല, തിരികെ ചലിപ്പിക്കുക എന്നുകൂടിയുള്ള, അസാധ്യമെന്നു തോന്നാവുന്ന ഒരു സാഹസമായിരുന്നു മുകുന്ദന്റെ ഈ രചനാദൗത്യം.
നോവലിന്റെ ശില്പത്തിന്റെമേലുള്ള പ്രയോഗത്തിനപ്പുറം ഇതിൽ സ്വീകരിച്ചിട്ടുള്ള ആ ഘടനാസംവിധാനം - നോവലിനുള്ളിൽ നോവൽ - പുസ്തകം ഇറങ്ങിക്കഴിഞ്ഞുള്ള ഭാവികാലത്തിന്റെ മേലുള്ള ഒരു തന്ത്രപ്രയോഗമായിക്കൂടി പരിണമിച്ചിരിക്കുന്നു. നോവൽ രചനയുടെ പേരിൽ എഴുത്തുകാരന്റെ ശത്രുക്കളായി മാറിയേക്കാവുന്ന ജനവിഭാഗത്തിന്റെ -സംഘടനയുടെ- കോപത്തിൽ നിന്നുള്ള രക്ഷാമാർഗ്ഗമായി അതുമാറുന്നു.
ലോകസാഹിത്യത്തിലെ അപൂർവ്വ പ്രതിഭാശാലികളായ എഴുത്തുകാരുടെ ഏതെങ്കിലും കൃതികളിലെങ്കിലും ഇങ്ങനെയൊരു വിജയകരമായ പരീക്ഷണമുണ്ടോ എന്നറിയില്ല. എഴുത്താൾ സ്വന്തം ജീവൻ രക്ഷിക്കുന്നതിനുള്ള ഉപാധിയായി സാഹിത്യകൃതിയിൽ സ്വീകരിക്കുന്ന രചനാസങ്കേതം. മഹാത്മാക്കളായ അനേകം എഴുത്തുകാർ സ്വന്തം ജീവന് ഭീഷണിയാകുന്നത്ര അപകടകരമായ സൃഷ്ടികൾ നടത്തിയിട്ടുണ്ട്. അവർ ശത്രുക്കളുടെ കോപത്തിനും ശിക്ഷയ്ക്കും ഇരയാകുകയോ, രാജ്യം വിട്ട് ഒളിച്ചോടി വിദേശത്ത് അഭയം തേടുകയുയോ ഒക്കെയാണ് ചെയ്തിട്ടുള്ളത്. സൽമാൻ റുഷ്ദി മുതലുള്ളവരുടെ കാര്യം ഇവിടെയോർമ്മിക്കാം.
എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് മുകുന്ദന്റെയും 'കേശവന്റെ വിലാപങ്ങളു'ടെയും കാര്യം. ഇവിടെ മുകുന്ദൻ തന്റെ സൃഷ്ടിയുടെ പേരിൽ സംഭവിക്കാവുന്ന പ്രതികാരത്തെക്കുറിച്ച്, നോവൽരചനയുടെ തുടക്കത്തിൽ തന്നെ- തനിക്കെതിരെയുണ്ടാകാവുന്ന ഫത്‍വയെക്കുറിച്ച് - നായകകഥാപാത്രത്തെക്കൊണ്ട് പറയിക്കുകയും അത് നടപ്പിലാക്കുന്നത് നോവലിന്റെ ഭാഗമാക്കി, ക്ലൈമാക്സാക്കി, മറയില്ലാതെ ചിത്രീകരിച്ച് അത്യുന്നതരും പ്രഭാവശാലികളുമായ നേതാക്കന്മാർ അണിഞ്ഞിരിക്കുന്ന ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മേൽക്കുപ്പായം ഉരിയുകയും ചെയ്തിരിക്കുന്നു.
അങ്ങനെ അവരെ സ്റ്റാലിനിസ്റ്റുകളായ ഉന്മൂലന രാഷ്ട്രീയക്കാരെന്ന് ആരോപിച്ച് അഭിമാനം കെടുത്തുകയും നിരായുധരാക്കുകയും ചെയ്യുന്നു. അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ, മാക്സിസ്റ്റുപാർട്ടിയുടെ സ്വത്വത്തെയാണ് ഈ എഴുത്തുകാരൻ കടന്നാക്രമിച്ചു ഛിന്നഭിന്നമാക്കിയിരിക്കുന്നത്. എന്നിട്ടും, മുകുന്ദന് ഒരു പിഴയും കെട്ടേണ്ടി വരുന്നില്ല. ഇത് ലോകൈക അത്ഭുതമാണ്. ഇവിടുത്തെ കമ്മ്യൂണിസ്റ്റുപാർട്ടിക്കുമാത്രം സൃഷ്ടിക്കാൻ കഴിയുന്ന അത്ഭുതങ്ങളുടെ ജനുസ്സിൽപ്പെട്ട ഒന്ന്.
അതേസമയം, നോവലിന്റെ ക്ലൈമാക്‌സ് ഈ രചനയുടെയും രചനാസംരംഭത്തിന്റെയും അപൂർവമായ സാഹസികതയാണ്. ബൗദ്ധികമായ സൗന്ദര്യമാണ്.
ജീവൻ കൈയിൽ പിടിച്ചുകൊണ്ടെഴുതപ്പെട്ട മറ്റൊരു സാഹിത്യ കൃതി മലയാളത്തിൽ കാണില്ല. എന്നാൽ 1999-ൽ ഈ പുസ്തകം ഇറങ്ങിയ ശേഷമുള്ള രണ്ടുപതിറ്റാണ്ടുകാലം മാന്ത്രികമായ ദുരൂഹതകളാൽ ഇത് മറയ്ക്കപ്പെട്ടിരിക്കുന്നു.
നോവലിസ്റ്റ് ‘രക്ഷ’ കെട്ടിയിരുന്നു?
'നോവലിനുള്ളിൽ നോവൽ' എന്ന രചനാരീതി തീർച്ചയായും ഒരു മറയായി നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ മറ്റൊരു രക്ഷ കൂടി മുകുന്ദൻ കെട്ടുന്നുണ്ട്. അത് ഇ.എം.എസിനെ പ്രതിനായകനാക്കി എഴുതിയിട്ടുള്ള പുസ്തകം 'മരിച്ചിട്ടും ജീവിക്കുന്ന ഇ.എം.എസിന്' സമർപ്പിച്ചുകൊണ്ടാണ്. ക്ഷേത്രവഴിപാടുകളിൽ വിശ്വാസമുണ്ടെങ്കിൽ തീർച്ചയായും അവയും ചെയ്യിച്ചിരിക്കും. പക്ഷെ, എന്തെല്ലാം പ്രതിവിധികൾ ചെയ്തിട്ടുണ്ടെങ്കിലും ആത്മബലിക്ക് ഒരുങ്ങിക്കൊണ്ടാണ് മുകുന്ദൻ 'കേശവന്റെ വിലാപങ്ങൾ' എഴുതാൻ തയ്യാറായത് എന്നു കരുതേണ്ടിയിരിക്കുന്നു. ഒരു എഴുത്താളിന്റെ പരമമായ ആവിഷ്‌ക്കാരചോദനയാണ്, ആത്യന്തികമായ ധാർമ്മികതയാണിത്. അതും ഈ നോവലിന് ഒരു ക്ലാസ്സിക്കൽ മാനം നൽകുന്നു.
എന്നാൽ മുകുന്ദന്റെ, നോവലിറങ്ങിയ ശേഷമുള്ള, പിൽക്കാല നിലപാടുകൾ നമ്മെ ചിന്താക്കുഴപ്പത്തിലാക്കുന്നു. അദ്ദേഹത്തിന്റെ കലാകാരവ്യക്തിത്വത്തിനുമേൽ നിഴൽ വീഴ്ത്തുന്നു.
അരുന്ധതി റോയി ചെയ്ത പാപത്തിനുള്ള മുകുന്ദന്റെ പ്രായശ്ചിത്തമാണ് 'കേശവന്റെ വിലാപങ്ങൾ' എന്നുള്ള ഏറ്റവും മോശമായ, സത്യവിരുദ്ധമായ ആക്ഷേപത്തെ പ്രതിരോധിക്കാൻ പോലും, അദ്ദേഹം തയ്യാറാകുന്നില്ല. 'കാഴ്ചയുടെ നൈർമല്യം' എന്ന രാവുണ്ണിയുടെ നിരൂപണത്തിന്റെ തലക്കെട്ടു വായിച്ചതേ ഛർദ്ദിക്കാൻ തോന്നിയ കേശവനായ മുകുന്ദൻ, നായനാരുടെ മേൽപറഞ്ഞ വാക്കുകളുടെ പേരിൽ നൂറുവട്ടം സ്വകാര്യമായി ഛർദിച്ചിട്ടുണ്ടാകും എന്നു ഞാൻ കരുതുന്നു. എങ്കിൽപോലും അദ്ദേഹം തന്റെ രചനയുടെ നേര് വെളിപ്പെടുത്തുന്നില്ല. ഇത് പരിഹാസ്യമായ ഭീരുത്വമല്ലാതെ മറ്റെന്താണ്? രചനയ്ക്കുമുമ്പുള്ള വീര്യവും രചനയ്ക്കുശേഷമുള്ള ഭീരുത്വവും! ഇതു തമ്മിൽ യാതൊരു പൊരുത്തവും കാണുന്നില്ല. ഒരെഴുത്താളിന് ഭീരുത്വം ഏതളവുവരെ ആകാം എന്ന കാര്യത്തിൽ ചില മാനദണ്ഡങ്ങൾ ഉണ്ടാക്കേണ്ടതല്ലേ?
ജീവൻ കൈയിൽ പിടിച്ചുകൊണ്ടെഴുതപ്പെട്ട മറ്റൊരു സാഹിത്യ കൃതി മലയാളത്തിൽ കാണില്ല. എന്നാൽ 1999-ൽ ഈ പുസ്തകം ഇറങ്ങിയ ശേഷമുള്ള രണ്ടുപതിറ്റാണ്ടുകാലം മാന്ത്രികമായ ദുരൂഹതകളാൽ ഇത് മറയ്ക്കപ്പെട്ടിരിക്കുന്നു. ഈ നോവൽ ഇപ്പോഴും അനുവാചകലോകത്തിന്റെ വിധി കാത്തുകിടക്കുന്നതേയുള്ളൂ എന്നാണ് കരുതേണ്ടത്.
മുകുന്ദൻ കുമ്പസാരിക്കണോ?
ഇന്നിപ്പോൾ, മേന്മയുടെ കാര്യത്തിൽ തന്റെ കൃതികളിൽ മൂന്നാമത്തേതോ നാലാമത്തേതോ ആയി അഭിമുഖങ്ങളിലും മറ്റും ചെറിയൊരു അപകർഷത്തോടെ ഈ നോവലിന്റെ പേരു പറയുന്ന മുകുന്ദൻ പക്ഷേ, ഇത് തന്റെ മാസ്റ്റർപീസാണെന്നു രഹസ്യമായി വിശ്വസിക്കുന്നുണ്ട് എന്നു ഞാൻ കരുതുന്നു. മാത്രമല്ല ഏതോ ദുരൂഹതയുടെ മാനംകെട്ട കാലാവധി പൂർത്തിയാക്കി ഈ നോവൽ തിരിച്ചുവരുമെന്നും മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ അതിനെ വരവേൽക്കുമെന്നും നോവലിസ്റ്റായ മുകുന്ദൻ വിശ്വസിക്കുന്നില്ലെങ്കിലും ഞാൻ വിശ്വസിക്കുന്നുണ്ട്. പൂർവമാതൃകകളില്ലാതെ എഴുതപ്പെട്ട അപൂർവ്വം മലയാള നോവലുകളിലൊന്നാണിത്.
അസാധാരണമാംവിധം അപകടംപിടിച്ച ഒരു ദൗത്യമായിരുന്നു മുകുന്ദന് 'കേശവന്റെ വിലാപങ്ങൾ'. കേശവൻ തന്റെ രചനയ്ക്കിടയിൽ അനുഭവിച്ചതായി പറയുന്ന വിവശതകളും ദുർഘടങ്ങളുമെല്ലാം അനേകമടങ്ങായി, ഈ നോവൽരചനയ്ക്കിടയിൽ മുകുന്ദൻ അനുഭവിച്ചിരുന്നു എന്നു ഞാൻ ന്യായമായും വിചാരിക്കുകയാണ്.
വർത്തമാനകാലത്തെ നേരിടാൻ കഴിയാതെ ചരിത്രത്തിലേക്കും ആത്മീയതയിലേക്കും ദേശസഞ്ചാരത്തിലേക്കും, 'തന്നെ നൊന്തുപ്രസവിച്ച' സ്വന്തം പ്രദേശത്തിന്റെ മാഹാത്മ്യവിവരണത്തിലേയ്ക്കും എഴുത്തുകാർ കൂട്ടത്തോടെ പലായനം ചെയ്യുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഭീഷണമായ ഒരു വർത്തമാനകാല രാഷ്ട്രീയ യാഥാർത്ഥ്യത്തെക്കുറിച്ച് ആപൽക്കരമായ രീതിയിൽ എഴുതപ്പെട്ട ഈ നോവലിനെ സംബന്ധിച്ച ഓർമ്മകൾ പോലും ചിതലെടുത്തുപോയിരിക്കുന്നു. അനേകം ചരിത്രപരമായ സന്ദേഹങ്ങൾ മലയാളിയുടെ മനസ്സിൽ കല്ലിച്ചു കിടപ്പുണ്ട്. അത് സമൂഹത്തിന്റെ മാനസികാരോഗ്യത്തെയും വ്യവഹാരങ്ങളെയും അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
കമ്മ്യൂണിസ്റ്റാചാര്യനെയും പാർട്ടിയെയും വിമർശിച്ച് എഴുതിയാൽ തനിക്ക് നേരിടേണ്ടിവരുമെന്ന് മുകുന്ദൻ ഭയന്നിരുന്ന വധശിക്ഷ, നോവലിലെ നായകനായ കേശവന് വാങ്ങിക്കൊടുത്തിട്ടും ശമിക്കാത്ത ഊരുപേടി മുകുന്ദനുണ്ടായിരുന്നു എന്നു കാണാം. രണ്ടാമതൊരു ഒഴിവുനോട്ടമായിട്ടാണ് പുസ്തകം 'മരിച്ചിട്ടും മരിക്കാത്ത ഇ.എം.എസിനു' സമർപ്പിച്ചത്. ഇത് മുമ്പേ സൂചിപ്പിച്ചതാണ്. ഇക്കാര്യങ്ങളിലൊക്കെ മുകുന്ദൻ ആരുടെയെങ്കിലും ഉപദേശം തേടിയിരുന്നോ എന്നു സംശയം തോന്നാം. ഏതെങ്കിലും ക്യാമ്പിൽ നിന്ന് ആരെങ്കിലുമൊക്കെ അദ്ദേഹത്തെ ധൈര്യപ്പെടുത്തുകയുണ്ടായോ എന്നും നമുക്കറിയില്ല. അതുമല്ലെങ്കിൽ ഈ നോവലിന്റെ ആശയം തന്നെ ആരെങ്കിലും എറിഞ്ഞു കൊടുത്തതാണോ എന്ന്. പിൽക്കാലത്ത് പാർട്ടി മുകുന്ദനോടു ചെയ്ത 'പ്രതികാര'ത്തെ മുൻനിർത്തിയാൽ അതും ഒരു സാധ്യതയാണ്.
അസാധാരണമാംവിധം അപകടംപിടിച്ച ഒരു ദൗത്യമായിരുന്നു മുകുന്ദന് 'കേശവന്റെ വിലാപങ്ങൾ'. കേശവൻ തന്റെ രചനയ്ക്കിടയിൽ അനുഭവിച്ചതായി പറയുന്ന വിവശതകളും ദുർഘടങ്ങളുമെല്ലാം അനേകമടങ്ങായി, ഈ നോവൽരചനയ്ക്കിടയിൽ മുകുന്ദൻ അനുഭവിച്ചിരുന്നു എന്നു ഞാൻ ന്യായമായും വിചാരിക്കുകയാണ്. പുസ്തകത്തിൽ അതിനുള്ള വ്യക്തമായ സൂചനകളുണ്ട്. രണ്ടുവർഷമോ അതിലധികമോ രചന മുടങ്ങിക്കിടന്നു എന്നു പറയുന്നത് വസ്തുതയോ ഭാവനയോ എന്നതല്ല പ്രധാനം. ഒരു പക്ഷേ വയോധികനായ ഇ.എം.എസ്സിന്റെ മനസ്സിനെ അലോസരപ്പെടുത്തേണ്ടാ എന്നു കരുതി നോവൽ മനഃപൂർവ്വം താമസിപ്പിച്ചിട്ടുണ്ടാകാം.
ഈ പുസ്തകത്തിനു പിന്നിലുള്ള ഇത്തരം ചരിത്രവസ്തുത കളറിയാൻ മലയാളി സഹൃദയർക്ക് കൗതുകം തോന്നുന്നത് സ്വാഭാവികമാണല്ലോ. പരിഷ്‌കൃതസമൂഹത്തിൽ ഈ കൗതുകം വായനക്കാരുടെ അവകാശമായി മാറുന്നുണ്ട്. തന്റെ അനുവാചകസമൂഹവുമായി മുകുന്ദൻ അത് പങ്കുവയ്ക്കണമെന്ന് ഞാനാശിക്കുന്നു, അതിനുള്ള ധീരതയും സഹൃദയത്വവും കാട്ടണമെന്ന്.
''...... ഒരു കഥയുണ്ടാവുക. ആ കഥ ലളിതമായി പറയുക'' എന്ന ഒരൊറ്റ ചിന്ത മാത്രമാണ് മുകുന്ദനെപ്പോലുള്ള ഒരെഴുത്തുകാരന്റെ സാക്ഷാത്കാരസാഫല്യം എന്നു കരുതാൻ വയ്യാ, അങ്ങനെയായിരിക്കുന്നത് അക്ഷന്തവ്യവുമാണ്- മുകുന്ദൻ ഏതാണ്ട് ആ അർത്ഥത്തിൽ പറഞ്ഞിട്ടുണ്ടെ ങ്കിൽപോലും (മാതൃഭൂമി ആഴ്ചപ്പതിപ്പ് - 2015 ഏപ്രിൽ 12-18; വരുൺ രമേഷുമായി നടത്തിയ സംഭാഷണം). കഥയിലെ ആശയ, നിലപാടുകളുടെ സൂക്ഷ്മാംശങ്ങൾപോലും വലിയ എഴുത്തുകാർ അവരുടെ മൊത്തം ജീവിതത്തിനു തുല്യം പ്രാധാന്യമുള്ളതാണെന്നു ഏറ്റുപറയുന്ന കാലമാണല്ലോ ഇത്.
പിൻകുറിപ്പ്: അനന്തരം
ഇ.എം.നെക്കുറിച്ചു നോവലെഴുതിയാൽ നിങ്ങളെനിക്കു ഫത്‍വ നൽകുമോ, എന്റെ തലയ്ക്കു വിലപറയുമോ എന്നു ചോദിച്ച് നോവലെഴുതിയ കേശവന് ശിക്ഷ കിട്ടുകതന്നെയുണ്ടായി. അദ്ദേഹത്തിനു തല നഷ്ടപ്പെട്ടു. എന്നൽ കേശവനെക്കൊണ്ടു നോവലെഴുതിച്ച മുകുന്ദനു കിട്ടിയ ശിക്ഷ കേരളസാഹിത്യ അക്കാദമിയുടെ പ്രസിഡന്റു സ്ഥാനമാണ്. ഇതു നമ്മുടെ സമൂഹത്തിന്റെയുള്ളിൽ പതിറ്റാണ്ടുകഴിഞ്ഞിട്ടും കല്ലിച്ചു കിടക്കുന്ന കാര്യമാണ് എന്നൊരു വാക്യം എന്റെ കുറിപ്പിൽ നേരത്തെ ഒരിടത്ത് എഴുതിയിട്ടുണ്ട്. പക്ഷേ സമൂഹത്തിലെ ചുരുക്കം ചിലയാളുകൾക്ക് എല്ലാം മനസിലായിട്ടുണ്ട്. ദഹിച്ചിട്ടുമുണ്ട്.
നോവലിന്റെ പ്രമേയത്തിലെ കേന്ദ്രബിന്ദുവായ അഭിവന്ദ്യവ്യക്തിയോട് നേരിട്ടുബന്ധമുള്ള രാഷ്ട്രീയപാർട്ടിക്ക് മുകുന്ദനോട് പരസ്യമായ ആശയവിനിമയം ആവശ്യപ്പെടാമല്ലോ. അതിനുള്ള അവകാശവും ഉത്തരവാദിത്വം തന്നെയും ഉണ്ട്.
നോവൽവിവാദം അടങ്ങിയതോടെ, കമ്മ്യൂണിസ്റ്റുപാർട്ടിയെക്കുറിച്ച് നല്ലതുപോലെ അറിയുന്ന മുകുന്ദൻ അവരിൽനിന്ന് ഇനി എന്ത് എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ, ഉദ്യോഗത്തിൽ പ്രവേശിക്കൂ എന്ന നിയമനോത്തരവാണ് കിട്ടുന്നത്. ഇങ്ങനെയാണ് ഒരു വിഭാഗമാളുകൾ മനസിലാക്കുന്നത്. അക്കാദമി പ്രസിഡന്റുസ്ഥാനത്തിന്റെ കാഠിന്യമറിഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.
കാലാവധിതീർന്നതേ കിട്ടിയ അടുത്ത ഉദ്യോഗമാകട്ടെ കുറേക്കൂടി വിപുലമായതാണ്. ഇടതുഭാഗത്തുള്ള ബുദ്ധിജീവികളെയെല്ലാം 'പ്രബുദ്ധരാ'ക്കുന്നതോടൊപ്പം പുറത്തു നില്ക്കുന്ന മുഴുവൻ പേരെയും ഈ ശീതികൃത മേഖലയിലേക്ക് ആകർഷിച്ചുകൊണ്ടുവരുക എന്ന ചുമതലയിൽ അദ്ദേഹത്തിനു പ്രവേശിക്കേണ്ടിവന്നു. തനിക്കു റിട്ടയർമെന്റില്ലെന്നും തന്റെ ഉദ്യോഗം ജീവപര്യന്തമുള്ളതാണെന്നും മുകുന്ദനു മനസ്സിലായി. രക്തം ചൊരിയാത്ത ക്യാപിറ്റൽ പണീഷ്‌മെന്റ്. വിരലിലെണ്ണാവുന്നവർ ഒഴികെയുള്ള മലയാളി ബുദ്ധിജീവികളെല്ലാം മുകുന്ദന്റെ ബോധവല്ക്കരണത്തെ മാനിക്കുന്നു. ഈ രംഗത്ത് അദ്ദേഹത്തിനു മുകളിൽ ആരുമില്ല. ഉദ്യോഗത്തിന്റെ ഭാഗമായി പല കടുംകൈകളും അദ്ദേഹത്തിനു ചെയ്യേണ്ടിവരുന്നു.
'ഹിറ്റ്‌ലർ കൊന്നതിലേറെ മനുഷ്യരെ സ്റ്റാലിൻ കൊന്നൊടുക്കി' എന്ന് ശരവണനെക്കൊണ്ടു പറയിച്ച മുകുന്ദൻ, സ്റ്റാലിൽ ഒരിക്കലും ഫാഷിസ്റ്റല്ല, അദ്ദേഹത്തെ നമ്മൾ വെറുതെ കുറ്റപ്പെടുത്തുകയായിരുന്നു' എന്നെഴുതാൻ ('തന്മ മാസിക, മാർച്ച് 2018) കഴിയുന്ന മുകുന്ദൻ ഒരിക്കലും ഒരു എം.എൻ. വിജയൻ ആകില്ല എന്ന് നമുക്ക് ആശിക്കാം.
ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും, ഇക്കാലമത്രയും മൗനം പാലിച്ച മുകുന്ദന് ഇനിയെങ്കിലും ഒരു തുറന്നുപറച്ചിൽ നടത്താം. നോവലിന്റെ പ്രമേയത്തിലെ കേന്ദ്രബിന്ദുവായ അഭിവന്ദ്യവ്യക്തിയോട് നേരിട്ടുബന്ധമുള്ള രാഷ്ട്രീയപാർട്ടിക്ക് മുകുന്ദനോട് പരസ്യമായ ആശയവിനിമയം ആവശ്യപ്പെടാമല്ലോ. അതിനുള്ള അവകാശവും ഉത്തരവാദിത്വം തന്നെയും ഉണ്ട്. ആഗോള സാഹിത്യ, കലാരംഗത്ത് ഇത്തരം വിനിമയങ്ങൾ നടക്കാറുണ്ടല്ലോ. ഇല്ലെങ്കിൽതന്നെ എന്ത്? അന്യായമായ സാക്ഷരതാശതമാനമുള്ള, പുസ്തകത്തിന്റെയും വായനയുടെയും നിത്യവസന്തം നിലനില്ക്കുന്ന സമൂഹം എന്ന നിലയിൽനമുക്കങ്ങനെ തുടങ്ങി വയ്ക്കാമല്ലോ.
മഹത്തായ മറ്റൊരു കേരള മോഡൽ. ഇനിയുമുണ്ട് അതിലേക്കു നയിക്കാവുന്ന സാധ്യതകൾ. ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മാറിമാറിവരുമ്പോൾ തീർച്ചയായും ഇത്തരം കാര്യങ്ങളിലുള്ള മുൻനിലപാടുകളും മാറിവരാവുന്നതേയുള്ളൂ. അതുകൊണ്ട് ഇതൊരു അടഞ്ഞ അദ്ധ്യായമെന്നു കരുതേണ്ടതില്ല. അങ്ങനെ ആക്കേണ്ടതില്ല.
(അവസാനിച്ചു)