കാള്‍ മാര്‍ക്സും കെ-റെയിലും: ‘ഡീഗ്രോത്ത്​ കമ്യൂണിസം’ പാരിസ്​ഥിതിക പ്രതിസന്ധിയോടുള്ള മാർക്​സിസ്​റ്റ്​ ദർശനമായി മാറുമോ?

കാള്‍ മാര്‍ക്സ് 21-ാം നൂറ്റാണ്ടില്‍ ജീവിക്കുകയായിരുന്നെങ്കില്‍ കെ- റെയില്‍ പോലുള്ള മെഗാ നിര്‍മിതികള്‍ക്കെതിരെ, പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ ഭാഗമായിനിന്ന്, സൈദ്ധാന്തിക സംഭാവനകള്‍ നല്‍കുമായിരുന്നുവോ?

ഒന്ന്​

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ച കാള്‍ മാര്‍ക്‌സ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുകയായിരുന്നെങ്കില്‍ കെ-റെയില്‍ പോലുള്ള മെഗാ നിര്‍മ്മിതികള്‍ക്കെതിരെ, പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ ഭാഗമായി നിന്ന്, സൈദ്ധാന്തിക സംഭാവനകള്‍ നല്‍കുമായിരുന്നുവോ?

നരവംശകേന്ദ്രിതവും ഉല്‍പ്പാദന സോഷ്യലിസത്തെ അടിസ്ഥാനപ്പെടുത്തിയതുമായ രാഷ്ട്രീയ വീക്ഷണത്തിന്റെ പേരില്‍ പാരിസ്ഥിതിക സംവാദങ്ങളില്‍ നിന്ന് വലിയതോതില്‍ അകറ്റിനിര്‍ത്തപ്പെട്ട മാര്‍ക്‌സിയന്‍ ചിന്തകളില്‍ വളര്‍ച്ചാ പരിമിതി(limits to growth)യെ സംബന്ധിച്ച സൈദ്ധാന്തിക പിന്തുണ പ്രതീക്ഷിക്കാമോ? ലളിതമായ ചോദ്യം, ഒരു അപവളര്‍ച്ചാ കമ്യൂണിസം (degrowth communism) എന്നത് പാരിസ്ഥിതിക പ്രതിസന്ധികളോടുള്ള മാര്‍ക്‌സിസ്റ്റ് ദര്‍ശനമായി വളര്‍ന്നുവരുമോ?

ജാപ്പനീസ് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ കുഹൈ സെയ്‌തോ (Kohei Saito) അത്തരമൊരു സൈദ്ധാന്തിക സാധ്യതകളിലേക്കാണ് 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവാര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീഗ്രോത്ത് കമ്മ്യൂണിസം' (Marx in the Anthropocene: Towards the Idea of Degrowth Communism, Cambridge University Press, 2022) എന്ന തന്റെ ഏറ്റവും പുതിയ ഗ്രന്ഥത്തിലൂടെ നമ്മെ കൂട്ടിക്കൊണ്ടുചെല്ലുന്നത്. കുഹൈ സൈതോ ടോക്യോ യൂണിവേര്‍സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും മാര്‍ക്‌സിയന്‍ പഠനത്തില്‍ അഗ്രഗണ്യനുമാണ്. 2020ല്‍ പ്രസിദ്ധീകരിച്ച 'ക്യാപിറ്റല്‍ ഇന്‍ ദ ആന്ദ്രപോസീന്‍' എന്ന സൈതോയുടെ ഗ്രന്ഥം അഞ്ച് ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.

കുഹൈ സൈതോ

കുഹൈ സെയ്‌തോയുടെ 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍' എന്ന പുസ്തകത്തിന്റെ വിശദവായനയാണ് ഈ ലേഖനപരമ്പരയുടെ ഉള്ളടക്കം.

മാര്‍ക്‌സിന്റെ ഏറെ പരിചിതമല്ലാത്തതും, പില്‍ക്കാലത്ത് മാത്രം കണ്ടെടുക്കപ്പെട്ടതുമായ രചനകളെ അടിസ്ഥാനപ്പെടുത്തിയാണ് സെയ്‌തോ തന്റെ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. മാര്‍ക്‌സ്-എംഗല്‍സ് സമ്പൂര്‍ണ്ണ പതിപ്പ് (Marx-Engels-Gesamtausgabe MEGA) പാരിസ്ഥിതിക തകര്‍ച്ചകളും വിഭവ പ്രതിസന്ധികളും നേരിടുന്ന 'നവമാനവയുഗ'-(Anthropocene)ത്തിന് പുതിയ ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കാന്‍ ഈ ഗ്രന്ഥത്തിന് സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

അമിതോല്‍പ്പാദനം (Over production) എന്ന മുതലാളിത്തത്തിന്റെ പ്രഥമ വൈരുദ്ധ്യ (First Contradiction of Capitalism)ത്തെക്കുറിച്ച് മാര്‍ക്‌സ് തന്റെ രചനകളില്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. ലാഭം പെരുപ്പിക്കുവാനുള്ള നിരന്തര ശ്രമങ്ങള്‍ക്കിടയില്‍ ചരക്കുല്‍പ്പാദനത്തിന്റെയും അവയുടെ വിപണി വിപുലീകരണത്തിന്റെയും തോത് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും അതുവഴി അമിതോല്‍പ്പാദനമെന്ന അനിവാര്യമായ പ്രതിസന്ധിയിലേക്ക് അത് നയിക്കപ്പെടുമെന്നും മാര്‍ക്‌സ് ഇതേക്കുറിച്ച് വിലയിരുത്തുന്നു. സ്വാഭാവികമായും സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇത് മുതലാളിത്ത സമ്പദ് വ്യവസ്ഥയെ കൊണ്ടുചെന്നെത്തിക്കുന്നു.

അമിതോല്‍പ്പാദനം എന്ന പ്രഥമ വൈരുദ്ധ്യത്തെ മറികടക്കാന്‍ പലഘട്ടങ്ങളിലും മുതലാളിത്തത്തിന്് സാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ വ്യാവസായികോത്തര (post-indutstrial) കാലം നേരിടുന്ന സുപ്രധാന വെല്ലുവിളി ഉത്പാദന തകര്‍ച്ച (Underproduction)യാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പ്രമുഖ മാര്‍ക്‌സിസ്റ്റ് ഇക്കോളജിസ്റ്റായ ജെയിംസ് ഓ കോണര്‍ (James O Connor) 'മുതലാളിത്തത്തിന്റെ രണ്ടാം വൈരുദ്ധ്യ' (Second Contradiction of Capitalism)മെന്ന് വിശേഷിപ്പിക്കുന്ന 'ഉത്പാദന തകര്‍ച്ച', മുതലാളിത്ത ഉത്പാദന സംവിധാനങ്ങളുടെയും വികസന കാഴ്ചപ്പാടുകളുടെയും സന്തതിയാണ്. ലാഭം പെരുപ്പിക്കുവാനുള്ള അമിതോല്‍സാഹത്തിനിടയില്‍ ഉല്‍പാദനോപാധികളുടെ സമ്പൂര്‍ണ്ണനാശത്തിന് സ്വയം കാരണമാകുക എന്ന അവസ്ഥയാണ് മുതലാളിത്തത്തിന്റെ രണ്ടാം വൈരുദ്ധ്യത്തിന്റെ അടിസ്ഥാനം. ഇത് വ്യാവസായികോല്‍പ്പാദനത്തിന്റെ അടിസ്ഥാനോപാധികളായ പ്രകൃതി വിഭവങ്ങള്‍ ദൗര്‍ലഭ്യ(scarcity)ത്തിലേക്കും അല്ലെങ്കില്‍ അവ ലഭ്യമാക്കുന്നതിനായി വന്‍തോതില്‍ വില നല്‍കപ്പെടുന്നതിലേക്കും ചെന്നെത്തുന്നു. ഇത് ചരക്കുല്‍പാദനത്തില്‍ ഗണ്യമായ കുറവുകള്‍ വരുത്തുന്നു.

പ്രകൃതി വിഭവങ്ങളുടെ അമിതോപഭോഗം വിഭവ ദൗര്‍ലഭ്യം എന്നതില്‍ മാത്രമായി ഒതുങ്ങില്ലെന്നും എല്ലാ ജീവജാലങ്ങള്‍ക്കും സൗജന്യമായി ലഭ്യമായിരുന്ന ഒട്ടനവധി പ്രാകൃതിക സേവനങ്ങള്‍ നഷ്ടമാകുന്നതിലേക്ക് കൂടി അത് ചെന്നെത്തുന്നുണ്ടെന്നതും ഇന്ന് നമുക്കറിയാം. പ്രപഞ്ചാതിരുകള്‍ ലംഘിക്കുന്ന 'നവമാനവയുഗ' (Anthropocene)ത്തില്‍ മാര്‍ക്‌സിയന്‍ ചിന്തകളുടെ പ്രസക്തിയെന്തെന്ന് തിരയുകയാണ് സെയ്‌തോ.

മുതലാളിത്താനന്തരകാല(post-capitalist)ത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ പില്‍ക്കാല ബോധ്യം പാരിസ്ഥിതിക സോഷ്യലിസത്തിനും അതീതമായ ഒന്നാണെന്നും അതിനെ കൂടുതല്‍ ഉചിതമായ രീതിയില്‍ 'ഡീഗ്രോത്ത് കമ്മ്യൂണിസം' എന്ന് വിശേഷിപ്പിക്കാമെന്നും ആമുഖക്കുറിപ്പില്‍ സെയ്‌തോ സൂചിപ്പിക്കുന്നു.

ജെയിംസ് ഓ കോണര്‍

മാര്‍ക്‌സിയന്‍ പദാവലികളില്‍ മുമ്പ് സ്ഥാനം നേടിയിട്ടില്ലാത്ത 'അപവളര്‍ച്ച' (degrowth) എന്ന ആശയം 'കാപിറ്റലിസ്റ്റ് റിയലിസത്തെ' മറികടക്കാനാവശ്യമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്നതില്‍ തര്‍ക്കമില്ല. പ്രകൃതി-മനുഷ്യ ബന്ധങ്ങളെ സംബന്ധിച്ച് സമഗ്ര കാഴ്ചപ്പാട് സ്വീകരിക്കുന്നതില്‍ ഇന്ന് താല്‍പ്പര്യം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും, വര്‍ത്തമാനകാല മുതലാളിത്തത്തിനെതിരെ ഒരു പാരിസ്ഥിതിക വിമര്‍ശം വളര്‍ത്തിയെടുക്കുന്നതിലേക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും മാര്‍ക്സിന്റെ തന്നെ കൃതികളിലേക്ക് തിരികെ പോകുന്നതിലൂടെ മാത്രമേ ഒരു ഭാവി സമൂഹത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും സെയ്‌തോ കരുതുന്നു.

സാങ്കേതിക വികസനത്തെ സംബന്ധിച്ച തന്റെ മുന്‍ധാരണകളുടെ നിരാകരണം മാര്‍ക്സിന് പുതിയ പല തടസ്സങ്ങളുടെയും പരമ്പര തന്നെ സൃഷ്ടിച്ചുവെന്നും മുതലാളിത്തത്തിന്‍ കീഴിലുള്ള ഉല്‍പ്പാദന ശക്തികളുടെ പുരോഗമനപരമായ പങ്കിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ചരിത്രത്തെക്കുറിച്ചുള്ള തന്റെ മുന്‍കാല പുരോഗമന വീക്ഷണത്തെ വെല്ലുവിളിക്കാന്‍ അദ്ദേഹം സ്വയം നിര്‍ബന്ധിതനായെന്നും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. മൂലധനത്തിന്റെ തുടര്‍ വാല്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, മാര്‍ക്സിന് നേരിടേണ്ടിവന്ന സൈദ്ധാന്തിക പ്രതിസന്ധിയിലേക്ക് ശ്രദ്ധ ചെലുത്തുന്നതിലൂടെ മാത്രമേ പ്രകൃതിശാസ്ത്രത്തെയും മുതലാളിത്ത പൂര്‍വ്വ സമൂഹങ്ങളെയും അദ്ദേഹത്തിന് ഒരേസമയം പഠിക്കേണ്ടിവന്നതെന്തുകൊണ്ടെന്ന കാര്യം വ്യക്തമാകൂ.

അപവളര്‍ച്ചയുടെ സൈദ്ധാന്തിക മാനങ്ങളെ സംബന്ധിച്ച് 2014ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ മുഖലേഖനത്തിന്റെ കവര്‍.

ഈ സൈദ്ധാന്തിക മേഖലകളെ ആഴത്തില്‍ പഠിച്ചതിലൂടെ, 1868ന് ശേഷം മാര്‍ക്സിന് മറ്റൊരു മാതൃകാ മാറ്റ(paradigm shift)ത്തിലൂടെ കടന്നുപോകേണ്ടിവന്നു. ഈ വീക്ഷണകോണില്‍ നിന്നാണ് 1881-ല്‍ വെരാ സാസുലിഷ്(Vera Zasulich)ന് മാര്‍ക്സ് അയച്ച കത്ത്, ഉല്‍പാദനപരമോ യൂറോകേന്ദ്രീകൃതമോ അല്ലാത്ത (non-productivist & non-Eurocentric) അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ തെളിമയായി കാണാമെന്നും ഭാവി സമൂഹം, അതിനെ 'അപവളര്‍ച്ചാ കമ്മ്യൂണിസം' (degrowth communism) എന്ന് വിശേഷിപ്പിക്കുമെന്നും കുഹൈ സെയ്‌തോ വിശദീകരിക്കുന്നു.

വെരാ സാസുലിഷ്

സെയ്‌തോയുടെ നിഗമനം പലരിലും ആശ്ചര്യമുളവാക്കിയേക്കാം. കാരണം, മുതലാളിത്താനന്തര കാലത്തെ സംബന്ധിച്ച മാര്‍ക്സിന്റെ ഈയൊരു ബോധ്യം മുമ്പ് ആരും പരിഗണിച്ചിട്ടില്ല. കൂടാതെ, അപവളര്‍ച്ചാ സമ്പദ്ശാസ്ത്രവും (degrowth economics) പരമ്പരാഗത മാര്‍ക്സിസ്റ്റ് വീക്ഷണങ്ങളും തമ്മില്‍ രഞ്ജിപ്പിന്റേതായ തലം കണ്ടെത്താന്‍ പ്രയാസമാണ് താനും. എന്നിരുന്നാലും, സമതയിലും സുസ്ഥിരതയിലും അടിസ്ഥാനപ്പെടുത്തിയ ഒരു സമൂഹ നിര്‍മ്മിതിക്കായി ദൃഢ-സ്ഥിത സമ്പദ്വ്യവസ്ഥ (steady-state economy) എന്ന ആശയം പില്‍ക്കാല മാര്‍ക്സിസ്റ്റ് വീക്ഷണങ്ങളില്‍ കണ്ടെടുക്കാന്‍ സാധിച്ചാല്‍, അവര്‍ക്കിടയില്‍ സംഭാഷണത്തിന്റെ ഒരു പുതിയ ഇടം രൂപപ്പെടുമെന്ന് ഇന്ന് ന്യൂലെഫ്റ്റുകള്‍ എന്നറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ പ്രത്യാശിക്കുന്നു. ഇത്തരമൊരു സംവാദം ഫലപ്രദമായി ആരംഭിക്കുന്നതിന്, കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയുടെ വീക്ഷണകോണില്‍ നിന്നുള്ള പുനര്‍വായന ആവശ്യമായി വരുമെന്ന് സെയ്‌തോ കരുതുന്നു. ചുരുക്കിപ്പറഞ്ഞാല്‍, മൂലധനത്തിന്റെ പുനര്‍വ്യാഖ്യാനം മൂലധനത്തിനപ്പുറം പോകാനുള്ള ശ്രമം കൂടിയായിട്ടാണ് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്.

ഉല്‍പ്പാദനപരതയ്ക്കുള്ള അംഗീകാരമായി അവതരിപ്പിക്കപ്പെടുന്ന ചില പ്രധാന ഭാഗങ്ങളുടെ ഒരു പുതിയ വായന ഇത് സാധ്യമാക്കുന്നു. ഏറ്റവും ശ്രദ്ധേയമെന്നത്, 'ഗോഥ പരിപാടിയുടെ വിമര്‍ശ'(critique of the Gotha Programme)ത്തില്‍ 'പൊതു സമ്പത്തിന്റെ' വിനിയോഗം സംബന്ധിച്ച പരാമര്‍ശങ്ങള്‍, 'നവമാനവയുഗ'(Anthropocene)ത്തിലെ പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ആഗോളതലത്തില്‍ സുരക്ഷിതവും നീതിയുക്തവുമായ ഒരു സമൂഹത്തെ സാക്ഷാത്കരിക്കുന്ന വിഭവ ദൗര്‍ലഭ്യാനന്തര (post-scarcity) സമ്പദ്വ്യവസ്ഥയിലെ ഉപഭോഗികത അടിസ്ഥാനപ്പെടുത്തിയല്ലാത്ത ജീവിതരീതിയെ പ്രതിനിധാനം ചെയ്യുന്നതായി കാണാം.

ആഗോള പാരിസ്ഥിതിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, ഒരു പാരിസ്ഥിതിക മാര്‍ക്‌സിസത്തിന് സൈദ്ധാന്തിക പിന്തുണ നല്‍കുന്ന മാര്‍ക്‌സിന്റേതായ സംഭാവനകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനമായി കടന്നുവരുന്നത്, മാര്‍ക്‌സിന് വളരെയൊന്നും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ലാത്തതും എന്നാല്‍ മനുഷ്യ-പ്രകൃതി ബന്ധങ്ങളില്‍ മൂലധനം സൃഷ്ടിക്കാവുന്ന 'പരിഹരിക്കാനാകാത്ത വിള്ളല്‍' സംബന്ധിച്ച മുന്നറിയിപ്പാണ്.

ആധുനിക കൃഷി രീതികള്‍ മണ്ണിന്റെ ഉര്‍വ്വരതയില്‍ സൃഷ്ടിക്കുന്ന തകര്‍ച്ചയാണ് മാര്‍ക്‌സ് പലപ്പോഴും ഉപാപചയ വിള്ളലിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. / Photo: Wikimedia Commons

ഉപാപചയ വിള്ളല്‍ (metabolic rift)

മുതലാളിത്ത ഉത്പാദന വ്യവസ്ഥ, മറ്റെന്തിനെയുമെന്നപോലെ, പ്രകൃതിയെയും ലാഭം പെരുപ്പിക്കാനുള്ള ഉപാധിയായി മാത്രം പരിഗണിച്ചതിനെ സംബന്ധിച്ച്, മാര്‍ക്‌സ് ബോധവാനായിരുന്നു എന്നത്, ഉപാപചയ വിള്ളല്‍ (metabolic rift) സംബന്ധിച്ച അദ്ദേഹത്തിന്റെ പില്‍ക്കാല എഴുത്തുകള്‍ കൂടുതല്‍ തെളിമ നല്‍കുന്നുണ്ട്. മുതലാളിത്തത്തിന് കീഴിലുള്ള അസമത്വ വിനിമയ(unequal exchange)ത്തെ സംബന്ധിച്ച വിശകലനത്തിലും 'ഉപാചയ വിള്ളല്‍' എന്ന മാര്‍ക്‌സിന്റെ ആശയം പ്രധാന പങ്കുവഹിക്കുന്നുണ്ട്.

എന്താണ് മാര്‍ക്‌സ് വിശദീകരിക്കുന്ന ഉപാപചയ വിള്ളല്‍ എന്ന് മനസ്സിലാക്കേണ്ടത് ഇവിടെ പ്രധാനമാണ്. ഇതര പ്രകൃതിയുമായുള്ള മനുഷ്യന്റെ ജൈവപാരസ്പര്യമാണ് ജീവിതത്തിന്റെ അടിസ്ഥാനമെന്നും, എന്നാല്‍ ആവാസവ്യവസ്ഥകളുമായുള്ള മനുഷ്യ ഇടപെടലുകള്‍ മുതലാളിത്ത ഉത്പാദന സംവിധാനങ്ങളില്‍ അനിവാര്യമായ വിള്ളലുകള്‍ (rift) സൃഷ്ടിക്കുകയും മനുഷ്യരുടെയും മനുഷ്യേതര ജീവികളുടെയും നിലനില്‍പ്പിന് ഭീഷണിയാവുകയും ചെയ്യുന്നു എന്നാണ് ഉപാപചയ വിള്ളല്‍ എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്.

മാര്‍ക്സിന്റെ അഭിപ്രായത്തില്‍, ഉപാപചയ വിള്ളല്‍ മൂന്ന് വ്യത്യസ്ത തലങ്ങളിലും രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നു. ഏറ്റവും അടിസ്ഥാനപരമായി, ഉപാപചയ വിള്ളല്‍ എന്നത് മുതലാളിത്ത ഉത്പാദന വ്യവസ്ഥ സ്വാഭാവിക രാസവിനിമയത്തിലെ ചാക്രിക പ്രക്രിയകളിന്മേല്‍ സൃഷ്ടിക്കുന്ന തടസ്സമാണ്. ആധുനിക കൃഷി രീതികള്‍ മണ്ണിന്റെ ഉര്‍വ്വരതയില്‍ സൃഷ്ടിക്കുന്ന തകര്‍ച്ചയാണ് മാര്‍ക്‌സ് പലപ്പോഴും ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ആധൂനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടപ്പിലാക്കപ്പെടുന്ന വ്യാവസായിക കൃഷി, ഒരു പ്രദേശത്തിന്റെ മണ്ണിലെ പോഷകാംശങ്ങള്‍ കൂടുതല്‍ വേഗത്തിലും സൂക്ഷ്മതയിലും ആഗിരണം ചെയ്യുകയും വിദൂര സ്ഥലങ്ങളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നു. ലാഭവിഹിതം കൂട്ടാനുള്ള ഈ പ്രക്രിയയ്ക്കിടയില്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലേക്ക് ഒരിക്കലും ജൈവാംശങ്ങള്‍ തിരിച്ചുചെല്ലുന്നില്ല എന്നത് ഉപാപചയ വിള്ളലിന്റെ പ്രാഥമിക ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ജര്‍മ്മന്‍ രസതന്ത്രജ്ഞനായ ജസ്റ്റസ് വോണ്‍ ലീബിഗി(Justus Frieherr Von Liebig)ന്റെ അഗ്രികള്‍ച്ചറല്‍ കെമിസ്ട്രിയും (1862) അദ്ദേഹത്തിന്റെ ഉപാപചയ സിദ്ധാന്തവുമാണ് കൃഷിയിലെ ഈ 'കൊള്ള' സമ്പ്രദായത്തെ മൂലധനവുമായി സമന്വയിപ്പിക്കാന്‍ മാര്‍ക്സിനെ പ്രേരിപ്പിച്ചത്.

Photo: Unsplash.com

''മുതലാളിത്ത ഉല്‍പ്പാദനം..... നഗര ജനസംഖ്യ അനുദിനം വളരുന്നതിന് കാരണമാകുന്നു. (തല്‍ഫലമായി, ഇത്) മനുഷ്യനും ഭൂമിയും തമ്മിലുള്ള ഉപാപചയ ഇടപെടലിനെ തടസ്സപ്പെടുത്തുന്നു, അതായത് ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും രൂപത്തില്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മണ്ണിലേക്ക് തിരികെച്ചെല്ലുന്നതിന് ഇവ തടസ്സം സൃഷ്ടിക്കുന്നു; അതുകൊണ്ടുതന്നെ ഇത് മണ്ണിന്റെ ശാശ്വതമായ ഫലഭൂയിഷ്ഠതയ്ക്കുള്ള സ്വാഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. അങ്ങനെ അത് ഒരേസമയം നഗര തൊഴിലാളിയുടെ ശാരീരിക ആരോഗ്യത്തെയും ഗ്രാമീണ തൊഴിലാളിയുടെ ബൗദ്ധിക ജീവിതത്തെയും നശിപ്പിക്കുന്നു. ഒരു നിശ്ചിത സമയത്തേക്ക് മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ദ്ധിപ്പിക്കുന്നതിലൂടെ എല്ലാ പുരോഗതിയും ആ ഫലഭൂയിഷ്ഠതയ്ക്ക് കാരണമാകുന്ന ദീര്‍ഘകാല സ്രോതസ്സുകളെ നശിപ്പിക്കുന്നതിലേക്കുള്ള പുരോഗതിയായി മാറുന്നു. മുതലാളിത്ത ഉല്‍പ്പാദനം, ഉല്‍പാദനത്തിന്റെ സാമൂഹിക പ്രക്രിയയുടെ സാങ്കേതികതകളും സംയോജനത്തിലെ അളവും മാത്രമേ വികസിപ്പിക്കുകയുള്ളൂ. ഒരേസമയം എല്ലാ സമ്പത്തിന്റെയും യഥാര്‍ത്ഥ സ്രോതസ്സുകളെ - മണ്ണിനെയും തൊഴിലാളിയെയും- അവ ഇല്ലാതാക്കുന്നു.'' (Capital, Vol-1, 637).

''ഈ രീതിയില്‍ (വലിയ തോതിലുള്ള ഭൂവുടമസ്ഥത) മണ്ണിന്റെ സ്വാഭാവിക നിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന സാമൂഹിക ഉപാപചയവും സ്വാഭാവിക രാസവിനിമയവും തമ്മിലുള്ള പരസ്പരാശ്രിത പ്രക്രിയയില്‍ പരിഹരിക്കാനാകാത്ത വിള്ളലുണ്ടാക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കുന്നു. മണ്ണിന്റെ ചൈതന്യം നശിപ്പിക്കുന്നതാണ് ഇതിന്റെ ഫലം, വ്യാപാരം ഈ നാശത്തെ ഒരു രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുന്നു.'' (ലീബിഗ്.) (MEGA II/4.2: 752-3).

'തൊഴില്‍ ശക്തി' (labour force), 'പ്രാകൃതിക ശക്തി' (natural force) എന്നീ രണ്ട് അടിസ്ഥാന ഉല്‍പ്പാദന ഘടകങ്ങളുടെ മുതലാളിത്ത ദുര്‍വിനിയോഗത്തെ മാര്‍ക്സ് നിരന്തരമായി പ്രശ്‌നവല്‍ക്കരിച്ചിരുന്നു. അധ്വാനത്തിന്റെയും പ്രകൃതിയുടെയും അന്യവല്‍ക്കരണം പരസ്പര പൂരകമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മൂലധനം അധ്വാനശക്തിയെ ചൂഷണം ചെയ്യുക മാത്രമല്ല ലോകത്തെ മുഴുവന്‍ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു, ഇത് 'സ്ഥലം (സ്‌കെയില്‍)', 'സമയം (നിരക്ക്)' എന്നിവയെ സാരമായി ബാധിക്കുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും ത്വരിതഗതിയിലുള്ളതുമായ സമ്പദ്വ്യവസ്ഥയുടെ വലുപ്പത്തി(scale)ല്‍, മൂലധനം അഭൂതപൂര്‍വമായ തലത്തില്‍ സ്ഥല-കാല (spatio-temporal) പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നുവെന്ന് മാര്‍ക്‌സ് വിലയിരുത്തുന്നു.

(തുടരും)


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments