പ്രകൃതി, മനുഷ്യന്‍: പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ കയ്യൊഴിഞ്ഞ മാര്‍ക്‌സിയന്‍ ബോധ്യങ്ങള്‍

കുഹൈ സെയ്‌തോയുടെ ‘മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ​ഗ്രോത്ത്​ കമ്യൂണിസം’ എന്ന പുസ്തകത്തിന്റെ വായന

കാള്‍ മാര്‍ക്‌സും കെ- റെയിലും -2

നുഷ്യ- പ്രകൃതി ബന്ധങ്ങളില്‍, പ്രകൃതിയെ വരുതിക്കുനിര്‍ത്തിയ മനുഷ്യന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന, പ്രകൃതിയുടെ പരിമിതികളെ സംബന്ധിച്ച പ്രശ്‌നം അവഗണിക്കുകയും അവയുടെ അനിയന്ത്രിതമായ കൈകാര്യകര്‍തൃത്തെ പ്രശംസിക്കുകയും ചെയ്യുന്ന മാര്‍ക്‌സ് എന്തുകൊണ്ട് കൂടുതലായി ആഘോഷിക്കപ്പെട്ടു എന്ന ചോദ്യം അഭിമുഖീകരിക്കാന്‍ കുഹൈ സെയ്‌തോ തന്റെ പുസ്​തകത്തിലൂടെ ശ്രമിക്കുന്നു. ‘സാങ്കേതികവിദ്യയിലൂടെ ഉയര്‍ന്നുവന്ന വ്യാവസായിക മുതലാളിത്തത്തെയും പ്രകൃതിയിന്മേലുള്ള മനുഷ്യാധിപത്യത്തെയും കുറിച്ച്​ വിമര്‍ശനങ്ങളുന്നയിക്കാത്ത, എല്ലായ്‌പോഴും പ്രോമിഥിയന്‍ മനോഭാവത്തെ ഉയര്‍ത്തിപ്പിടിക്കുന്ന’ മാര്‍ക്‌സിനെ അവതരിപ്പിക്കുന്നതില്‍ പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ എന്തുകൊണ്ട് തല്‍പ്പരരായി എന്ന ചോദ്യത്തിനുത്തരം കാണാനാണ് സെയ്‌തോയുടെ ശ്രമം.

മാര്‍ക്‌സിസത്തില്‍ അന്തര്‍ലീനമായ ആശയങ്ങള്‍ ‘സാങ്കേതിക നിര്‍ണ്ണയവാദം’ (technological determinsim) ആണെന്നും, അത് ‘പ്രകൃതിയുടെ ആധിപത്യത്തിനു’ വേണ്ടി ഉല്‍പ്പാദന ശകതികളുടെ രേഖീയ പുരോഗതിയെ (linear progression) ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നുമുള്ള വാദം ശക്തിപ്പെട്ടതിനുപിന്നില്‍ റഷ്യന്‍ വിപ്ലവത്തിന് ശേഷമുള്ള രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും പരമ്പരാഗത മാര്‍ക്‌സിസ്റ്റുകളുടെയും പങ്ക് ചെറുതല്ലെന്ന് സെയ്‌തോ ചൂണ്ടിക്കാണിക്കുന്നു.

കുഹൈ സെയ്‌തോ

സോവിയറ്റ് യൂനിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെ മുന്‍നിര്‍ത്തി മാര്‍ക്‌സിയന്‍ കാഴ്ചപ്പാടുകള്‍ പ്രകൃതിവിരുദ്ധ ഉത്പാദന പ്രക്രിയകളെ പിന്തുണക്കുന്നവയാണെന്ന പൊതുബോധം ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. വന്‍കിട- കേന്ദ്രീകൃത ഉത്പാദന സംവിധാനങ്ങളുടെ സഹായത്തോടെ ആഗോള വിപണിയിലേക്കുള്ള കുതിച്ചുകയറ്റം ലക്ഷ്യം വെച്ചുകൊണ്ടുള്ള സോവിയറ്റ്‌ചൈനീസ് സമ്പദ്​വ്യവസ്​ഥ മുതലാളിത്ത രാജ്യങ്ങളെപ്പോലെ തന്നെ വന്‍തോതിലുള്ള പാരിസ്ഥിതിക തകര്‍ച്ചകള്‍ക്കും അസമത്വങ്ങള്‍ക്കും കാരണമാകുന്നുവെന്നത് വസ്തുതയാണ്. ക്രമാതീതമായ ചരക്കുല്‍പാദനം, ഭൗതിക ഉപഭോഗം എന്നിവയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുതലാളിത്ത ഉത്പാദന ക്രമത്തില്‍നിന്ന് ഭിന്നമായ ഒന്നും തന്നെ മേല്‍പ്പറഞ്ഞ ‘സോഷ്യലിസ്റ്റ്’ പരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുകയുണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്നാല്‍, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ സംബന്ധിച്ച് മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും ചിന്തകള്‍ സുവ്യക്തങ്ങളായിരുന്നു. പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നേടിയ വിജയങ്ങളില്‍ മതിമറക്കേണ്ടതില്ലെന്ന് ഏംഗല്‍സ് തന്റെ രചനയിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നേടിയ വിജയത്തെക്കുറിച്ച് നമുക്ക് മതിമറന്ന് ആഹ്ലാദിക്കാതിരിക്കാം. ഓരോ വിജയത്തിനും പ്രകൃതി നമ്മുടെ മേല്‍ പ്രതികാരം തീര്‍ക്കും. ഓരോ വിജയത്തിലും ആദ്യഘട്ടത്തില്‍ നമ്മുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള ഫലം ലഭിക്കുമെന്നുള്ളത് സത്യമാണ്, പക്ഷേ, രണ്ടും മൂന്നും ഘട്ടത്തില്‍ അവ തികച്ചും വ്യത്യസ്തങ്ങളായിരിക്കും. പലപ്പോഴും ആദ്യത്തേതിനെ റദ്ദു ചെയ്യുന്ന, മുന്‍പ്രവചനം സാദ്ധ്യമല്ലാത്ത പ്രഭാവങ്ങള്‍ അവ സൃഷ്ടിച്ചേക്കാം.

മെസപ്പൊട്ടേമിയയിലെയും ഗ്രീസിലെയും ഏഷ്യാമെനറിലെയും ജനങ്ങള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി വനങ്ങള്‍ വെട്ടിത്തെളിച്ചതിന്റെ ഫലമായി സംഭവിച്ച പ്രകൃതി ദുരന്തങ്ങളെ ഉദാഹരിച്ചുകൊണ്ട് ഏംഗല്‍സ് തുടരുന്നു: ... അതുകൊണ്ടുതന്നെ ഓരോ ചുവടുവെപ്പിലും നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, പ്രകൃതിക്കുപുറത്തുള്ള ഒരാളെന്നപോലെ, വിദേശ ജനതക്കുമേല്‍ ഒരു ജേതാവിനെയെന്നപോലെ, ഒരു കാരണവശാലും പ്രകൃതിക്കുമേല്‍ ആധിപത്യം സ്ഥാപിക്കാതിരിക്കുക എന്നതാണ്. എന്നാല്‍ രകതവും മാംസവും മസ്തിഷ്‌കവുമുള്ള, പ്രകൃതിയുടെ കൂടെനില്‍ക്കുന്ന, പ്രകൃതിയുടെ നടുവില്‍ ജീവിക്കുന്ന, മറ്റ് ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിനിയമങ്ങള്‍ പഠിക്കുവാനുള്ള ശേഷി കൈവരിച്ച നാം അവ ശരിയായ രീതിയില്‍ പ്രയോഗിക്കുകയാണ് വേണ്ടത്.

മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കാലത്തെ ഏറ്റവും സുപ്രധാനമായ പാരിസ്ഥിതിക പ്രശ്‌നമെന്ന് പറയാവുന്നത് മേല്‍മണ്ണിന്റെ നാശമായിരുന്നു. മാര്‍ക്‌സിന്റെ തന്നെ ഭാഷയില്‍, എല്ലാ സമ്പത്തിന്റെയും കേന്ദ്ര ​സ്രോതസ്സായ മേല്‍മണ്ണിന്റെ നാശത്തെക്കുറിച്ച് അക്കാലത്ത് തന്നെ അദ്ദേഹം ഉത്കണ്ഠാകുലനായിരുന്നു. വ്യാവസായിക വികസനത്തിനുവേണ്ടി വന്‍തോതിലുള്ള വനനശീകരണം മുതലാളിത്തം നടത്തിക്കൊണ്ടിരുന്നു. മനുഷ്യനെയെന്നപോലെ പ്രകൃതിയെയും തങ്ങളുടെ ലാഭം പെരുപ്പിക്കാനുള്ള ഉപാധിയായി മുതലാളിത്തം കണ്ടെത്തുകയായിരുന്നു. വ്യാവസായിക മുതലാളിത്തം മനുഷ്യശേഷി ചൂഷണം ചെയ്യുന്നതിനെ ചോദ്യം ചെയ്യുകയും ബദല്‍ സമൂഹം കെട്ടിപ്പടുക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയുമായിരുന്നു മാര്‍ക്‌സ് തന്റെ രചനകളിലൂടെ ചെയ്തത്.

Photo: Pixabay

മുതലാളിത്ത ഉത്പാദനക്രമം പ്രകൃതി-മനുഷ്യബന്ധങ്ങളില്‍ സൃഷ്ടിച്ചേക്കാവുന്ന വിള്ളലുകളെ സംബന്ധിച്ച പൊതുവായ ഉത്കണ്ഠകള്‍ മാര്‍ക്‌സും ഏംഗല്‍സും പങ്കുവെക്കുന്നുണ്ടെങ്കിലും പ്രകൃതിയെ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ അവര്‍ തമ്മിലുള്ള അടിസ്ഥാനപരമായ സൂക്ഷ്മ ഭിന്നതകള്‍ വിശകലനം ചെയ്യാനും സെയ്‌തോ തന്റെ പുസ്​തകത്തിലൂടെ ശ്രമിക്കുന്നു. ‘പരിസ്ഥിതി ശാസ്ത്ര’ത്തെ സംബന്ധിച്ച മാര്‍ക്‌സിന്റെ ബോധ്യങ്ങളുടെ നിരാകരണത്തിന്റെ ഒരു കാരണം മാര്‍ക്‌സും ഏംഗല്‍സും തമ്മിലുള്ള ‘ബൗദ്ധിക ബന്ധത്തെ’ ചുറ്റിപ്പറ്റിയുള്ള ഒരു പഴയ പ്രശ്‌നത്തില്‍ നിന്ന്, അതായത് സോഷ്യലിസത്തിന്റെ രണ്ട് സ്ഥാപകരുടെ സാരൂപ്യവും ഭിന്നതകളും തമ്മിലുള്ള പ്രശ്‌നത്തില്‍ നിന്ന്, കണ്ടെത്താനാകു''മെന്ന് സെയ്‌തോ വിശദീകരിക്കുന്നു.

മാര്‍ക്‌സും ഏംഗല്‍സും തമ്മിലുള്ള ആശയപരമായ ഈയൊരു ഭിന്നതകളെ വ്യതിരിക്തതയോടെ മനസ്സിലാക്കുന്നതിനുപകരം പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ പ്രകൃതിശാസ്ത്രത്തെ സംബന്ധിച്ച മാര്‍ക്‌സിന്റെ ബോധ്യങ്ങളെ അവഗണിക്കുകയായിരുന്നുവെന്ന് സെയ്‌തോ ചൂണ്ടിക്കാട്ടുന്നു. ‘പ്രകൃതിശാസ്ത്ര’ത്തെ (ntaural science) ഏംഗല്‍സിന്റെ വൈദഗ്ധ്യത്തിന്റെ മേഖലയായി കണക്കാക്കുന്ന പാശ്ചാത്യ മാര്‍ക്‌സിസം ഈ മേഖലയിലെ മാര്‍ക്‌സിന്റെ വിപുലമായ ഗവേഷണത്തെ അവഗണിക്കുകയും അദ്ദേഹത്തിന്റെ ‘ഉപാപചയം’ (metabolsim) എന്ന കേന്ദ്ര സങ്കല്‍പ്പത്തെ പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു. മാര്‍ക്‌സിന്റെ സാമൂഹിക തത്ത്വചിന്ത സംബന്ധിച്ച തങ്ങളുടെ മുന്‍കാല വ്യാഖ്യാനം ഏകമുഖമാണെന്ന് അംഗീകരിക്കാതെ പാരിസ്ഥിതിക തകര്‍ച്ചയെക്കുറിച്ചുള്ള ഒരു മാര്‍ക്‌സിസ്റ്റ് വിമര്‍ശനം വികസിപ്പിക്കാന്‍ പാശ്ചാത്യ മാര്‍ക്‌സിസത്തിന് സാധിക്കുകയില്ല. ഇക്കാരണംകൊണ്ടുതന്നെ, അവര്‍ തങ്ങളുടെ സ്വന്തം സൈദ്ധാന്തിക സ്ഥിരതയെ പ്രതിരോധിക്കാന്‍ മാര്‍ക്‌സിസ്റ്റ് ഇക്കോളജിയുടെ സാധ്യതയെ നിഷേധിക്കുകയായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.

Photo: Wikimedia Commons

മാര്‍ക്‌സിന്റെ പാരിസ്ഥിതിക പാരമ്പര്യത്തെ അവഗണിക്കാനുള്ള ഒരു കാരണം മാര്‍ക്‌സിന്റെ മൂലധനത്തിന്റെ അപൂര്‍ണ സ്വഭാവമായിരുന്നുവെന്നും മാര്‍ക്‌സ് -ഏംഗല്‍സ് സമ്പൂര്‍ണ്ണ വാല്യങ്ങളുടെ (Marx- Engels-Gesamtausgabe- MEGA) കൈയെഴുത്തുപ്രതികളും നോട്ട്ബുക്കുകളും അടുത്തിടെ പ്രസിദ്ധീകരിക്കുന്നതുവരെ പണ്ഡിതന്മാര്‍ക്ക് പോലും അവയുടെ അസ്തിത്വത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സെയ്‌തോ വിശദീകരിക്കുന്നു. മോസ്കോയിലെ റഷ്യന്‍ സ്റ്റേറ്റ് ആര്‍ക്കൈവ് ഓഫ് സോഷ്യോ- പൊളിറ്റിക്കല്‍ ഹിസ്റ്ററി, ആംസ്റ്റര്‍ഡാമിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഹിസ്റ്ററി എന്നീ ആര്‍ക്കൈവുകളില്‍ പൊടിയില്‍ മൂടിക്കിടക്കുകയായിരുന്ന ഈ കയ്യെഴുത്തുപ്രതികളിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ പ്രകൃതി ശാസ്ത്രത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തില്‍ മുതലാളിത്ത ഉത്പാദന വ്യവസ്ഥ സൃഷ്ടിക്കുന്ന വിള്ളലുകളെയും സംബന്ധിച്ച മാര്‍ക്‌സിയന്‍ നിര്‍ദ്ധാരണങ്ങളുടെ വ്യാപ്തി കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്ന് സെയ്‌തോ ഉറപ്പിച്ചുപറയുന്നു.

മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ പാരിസ്ഥിതിക വിമര്‍ശത്തെ പാര്‍ശ്വവല്‍ക്കരിക്കാന്‍ കാരണമായ മറ്റൊരു ഘടകത്തെക്കൂടി മാര്‍ക്‌സിസ്റ്റ് പാരമ്പര്യത്തിനുള്ളില്‍ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു. അത്, ‘പരമ്പരാഗത മാര്‍ക്‌സിസം’ മാര്‍ക്‌സിന്റെ ചരിത്രപരമായ ഭൗതികവാദത്തെ (historical materialsim), മനുഷ്യചരിത്രത്തെയും പ്രകൃതിയെയും ഉള്‍ക്കൊള്ളുന്ന, പ്രപഞ്ചത്തിന്റെ സത്യം മനസ്സിലാക്കാന്‍ തൊഴിലാളിവര്‍ഗത്തെ പ്രാപ്തമാക്കുന്ന, ഒരു അടഞ്ഞ വൈരുദ്ധ്യാത്മക വ്യവസ്ഥയായി കണക്കാക്കുന്നു എന്നതാണ്.

Flickr

പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ മാര്‍ക്‌സിന്റെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട കയ്യെഴുത്തുപ്രതികളിലോ നോട്ട്ബുക്കുകളിലോ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന ആരോപണം സെയ്‌തോ മുന്നോട്ടുവെക്കുന്നുണ്ട്. ഈ കയ്യെഴുത്തുപ്രതികള്‍ മൂലധനത്തിന്റെ അപൂര്‍ണ സ്വഭാവത്തെ രേഖപ്പെടുത്തുമെന്ന് സമ്മതിക്കാന്‍ അവര്‍ ഭയപ്പെടുന്നുവെന്നതാണ് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പകരം, സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അനിവാര്യത പ്രകടമാക്കുന്ന മാര്‍ക്‌സിന്റെ രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥയുടെ സൈദ്ധാന്തിക അടിത്തറ എന്ന നിലയില്‍ ഏംഗല്‍സ് എഡിറ്റ് ചെയ്ത മൂലധനത്തിന്റെ പതിപ്പില്‍ അവര്‍ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രകൃതി- മനുഷ്യ ബന്ധങ്ങളെ സംബന്ധിച്ച മാര്‍ക്‌സിന്റെ രചനകളെ അദൃശ്യമാക്കി നിര്‍ത്താന്‍ പരമ്പരാഗത മാര്‍ക്‌സിസ്റ്റുകള്‍ ശ്രദ്ധ ചെലുത്തിയിരുന്നപ്പോഴും തങ്ങളുടെ ഭൗതികവാദ സിദ്ധാന്തം മുഴുവന്‍ പ്രപഞ്ചത്തിലേക്കും വ്യാപിപ്പിക്കുന്നതിനായി ഏംഗല്‍സിന്റെ ഡയലക്റ്റിക്‌സ് ഓഫ് നേച്ചറും ആന്റി- ഡൂറിംഗും ഉപയോഗപ്പെടുത്തി. മാര്‍ക്‌സും ഏംഗല്‍സും തമ്മിലുള്ള ഭിന്നതകളെ അവരുടെ ബൗദ്ധിക സഹകരണത്തെക്കുറിച്ചുള്ള അനുമാനത്താല്‍ മായ്ച്ചുകളയുകയായിരുന്നു അവര്‍ ചെയ്തത്.

മാര്‍ക്‌സിന്റെ പ്രകൃതി സങ്കല്‍പ്പത്തെ, ‘സമ്പൂര്‍ണത’ (totaltiy), ‘വൈരുദ്ധ്യം’ (contradiction), ‘ഉല്‍പാദനക്ഷമത’ (productivity), ‘അന്തര്‍ലീന നിഷേധം’ (Immanent negation) തുടങ്ങിയ വൈരുദ്ധ്യാത്മക നിര്‍ണ്ണയങ്ങള്‍ അതിഭൗതികവാദത്തിലേക്ക് വീണുപോകാതെ പ്രകൃതിക്കുമേൽ ആരോപിക്കാന്‍ സാധിക്കുമോ എന്ന് പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകള്‍ സംശയിച്ചു.

എംഗല്‍സിനെയും പ്രകൃതിയുടെ യാന്ത്രിക വൈരുദ്ധ്യാത്മകതയെയും അവരുടെ വിശകലനത്തില്‍ നിന്ന് എങ്ങനെ പുറത്തുനിര്‍ത്തിയോ അതേ രീതിയില്‍ അവര്‍ പ്രകൃതിയുടെയും പ്രകൃതിശാസ്ത്രത്തിന്റെയും മേഖലയെ മാര്‍ക്‌സിന്റെ സാമൂഹിക തത്ത്വചിന്തയില്‍ നിന്ന് സമ്പൂര്‍ണ്ണമായി മാറ്റിനിര്‍ത്തുകയായിരുന്നുവെന്ന് സെയ്‌തോ ആരോപിക്കുന്നു. പരിസ്ഥിതിയുടെ പ്രശ്‌നത്തെ അതിന്റെ വിശകലനത്തില്‍ സമന്വയിപ്പിക്കാന്‍ പാശ്ചാത്യ മാര്‍ക്‌സിസത്തിന് സാധിക്കാതെ വന്നതുകൊണ്ടുതന്നെ വര്‍ത്തമാനകാലം നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധികളോട് ഫലപ്രദമായി പ്രതികരിക്കാന്‍ അതിന് സാധിക്കാതെ വരികയും ചെയ്യുന്നു.

മാര്‍ക്‌സിനും ഏംഗല്‍സിനും പ്രകൃതിശാസ്ത്രത്തില്‍ശകതമായ താല്‍പ്പര്യമുണ്ടായിരുന്നുവെന്നത് നിഷേധിക്കാനാകാത്ത സംഗതിയാണ്. എന്നാല്‍ ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ക്കുപിന്നില്‍ തികച്ചും വ്യത്യസ്തമായ കാരണങ്ങളുണ്ടായിരുന്നു. പ്രകൃതിശാസ്ത്രവുമായി ബന്ധപ്പെട്ട മാര്‍ക്‌സിന്റെ അന്വേഷണങ്ങളെ മനസ്സിലാക്കുന്നതിനും ആവശ്യമായ പരിഗണനകള്‍ നല്‍കുന്നതിനും ഏംഗല്‍സിന് പിഴവ് പറ്റിയെന്ന് കുഹൈ സെയ്‌തോ വിവിധങ്ങളായ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്.

മുതലാളിത്ത ഉല്‍പ്പാദനത്തിന്റെ യുക്തിരാഹിത്യം പ്രകടമാക്കാന്‍ ‘കൃഷിയിലെ കൊള്ള’ (agricutlure robbery) യെക്കുറിച്ചുള്ള ലീബിഗിന്റെ (Augstusu Von Liebigs) വിമര്‍ശനത്തെ മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയതിലൂടെ മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ പാരിസ്ഥിതിക വിമര്‍ശനത്തിന്റെ അടിത്തറയെന്തെന്ന് തിരിച്ചറിയാന്‍ ഏഗല്‍സിന് സാധിച്ചുവെന്നത് വ്യകതമാണ്. എന്നിരുന്നാലും, മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ല്‍ നിന്ന് ‘ഉപാപചയം’ എന്ന ആശയവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ഭാഗം എംഗല്‍സ് മനഃപൂര്‍വ്വം എടുത്തുകളഞ്ഞതായി മാര്‍ക്‌സിന്റെ പില്‍ക്കാല നോട്ടുബുക്കുകളുടെ പരിശോധനയിലൂടെ വെളിപ്പെടുന്നുണ്ട്. മാര്‍ക്‌സ് തന്റെ കയ്യെഴുത്തുപ്രതിയില്‍ ഇങ്ങനെ എഴുതി: ‘‘ഈ രീതിയില്‍ (വലിയ തോതിലുള്ള ഭൂവുടമസ്ഥത) മണ്ണിന്റെ സ്വാഭാവിക നിയമങ്ങള്‍ ആവശ്യപ്പെടുന്ന സാമൂഹിക ഉപാപചയവും പ്രാകൃതിക ഉപാപചയവും തമ്മിലുള്ള പരസ്പരാശ്രിത പ്രക്രിയയില്‍ പരിഹരിക്കാനാകാത്ത വിള്ളലുണ്ടാക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമെന്നത് മണ്ണിന്റെ ചേതന ധൂര്‍ത്തടിക്കപ്പെടുകയും വ്യാപാരം വഴി നാശത്തെ രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു (ലീബിഗ്).’’ (MEGA II/4.2: 7523)

Photo: ecosocialist image archive

ലീബിഗിനെ പരാമര്‍ശിച്ച്​, ‘സാമൂഹിക ഉപാപചയവും’ (ലാഭത്തിനുവേണ്ടിയുള്ള മുതലാളിത്ത ഉല്‍പ്പാദനം, ചംക്രമണം, ഉപഭോഗം) പ്രകൃതിനിയമം (സസ്യവളര്‍ച്ചയും മണ്ണും) നിര്‍ദ്ദേശിക്കുന്ന ‘പ്രാകൃതിക ഉപാപചയവും’ തമ്മിലുള്ള പരസ്പരാശ്രിത പ്രക്രിയയില്‍ സൃഷ്ടിക്കപ്പെടുന്ന വിള്ളലുകള്‍ സംബന്ധിച്ച അപകടത്തെ മാര്‍ക്‌സ് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

മുതലാളിത്തത്തിന്റെ, ഹ്രസ്വദൃഷ്ടിയോടുകൂടിയുള്ള, ലാഭം പെരുപ്പിക്കാനുള്ള മനോഭാവത്തെ വിമര്‍ശന വിധേയമാക്കുന്നുണ്ടെങ്കിലും ഏംഗല്‍സിന്റെ പാരിസ്ഥിതിക ബോദ്ധ്യം പ്രകൃതിയുടെ ‘പ്രതികാര’ത്തെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നതെന്ന് സെയ്‌തോ ചൂണ്ടിക്കാട്ടുന്നു. ‘പ്രകൃതിയുടെ പ്രതികാര’ത്തെ സംബന്ധിച്ച തന്റെ ബോധ്യങ്ങള്‍ക്ക് അനുരൂപമായി മൂലധനത്തിലെ ‘ഉപാപചയ വിള്ളല്‍’ (Metabolic Rift) സംബന്ധിച്ച പ്രധാന ഖണ്ഡിക ഏംഗല്‍സ് പരിഷ്‌കരിച്ചു. പ്രകൃതി നിയമങ്ങളുടെ ലംഘനം മനുഷ്യനാഗരികതക്കുമേല്‍ മാരക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഏംഗല്‍സിന്റെ മൂലധനം എഡിഷന്‍ ഊന്നിപ്പറയുന്നു. അതേസമയം, സാമൂഹിക ഉപാപചയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന മൂല്യനിയമം എങ്ങനെയാണ് പ്രാകൃതിക ഉപാപചയത്തെ പരിഷ്‌ക്കരിക്കുകയും പരിഹരിക്കാനാകാത്ത വിള്ളലുകളുണ്ടാക്കുകയും ചെയ്യുന്നതെന്ന് അന്വേഷിക്കുന്ന മാര്‍ക്‌സിന്റെ ഉപാപചയ സിദ്ധാന്തത്തിന്റെ സവിശേഷവും രീതിശാസ്ത്രപരവുമായ സമീപനം അതില്‍ അദൃശ്യമാണെന്നും സെയ്‌തോ ചൂണ്ടിക്കാട്ടുന്നു.

Augstusu Von Liebigs

ലീബിഗിന്റെ വീക്ഷണങ്ങള്‍ ഏംഗല്‍സ് ഭാഗികമായി സ്വീകരിച്ചുവെങ്കിലും, മൂലധനത്തിലെ ‘ഉപാപചയ വിള്ളല്‍’ എന്ന ആശയം അദ്ദേഹം ഏറ്റെടുക്കുകയുണ്ടായില്ല.

പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയിലുള്ള ഏംഗല്‍സിന്റെ വ്യകതിപരമായ താല്‍പ്പര്യം, ലീബിഗിന്റെ ഉപാപചയ സിദ്ധാന്തത്തെ മാര്‍ക്‌സ് സ്വീകരിച്ചതിനു പിന്നിലെ സാമ്പത്തിക അര്‍ത്ഥത്തെ വിലമതിക്കുന്നതിന് വിഘാതമായി. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, 1850- കളിലും 1860- കളിലും മാര്‍ക്‌സ് വികസിപ്പിച്ചെടുത്ത രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥയെക്കുറിച്ചുള്ള വിമര്‍ശനത്തിന്റെ രീതിശാസ്ത്രപരമായ അടിസ്ഥാനം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ഏംഗല്‍സിന് കഴിഞ്ഞില്ല എന്നാണ് അദ്ദേഹത്തിന്റെ പരിഷ്‌ക്കരണം സൂചിപ്പിക്കുന്നത്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഉപാപചയപ്രക്രിയകള്‍ എങ്ങനെയാണ് മൂലധനത്തിന് കീഴിലുള്ള അധ്വാനത്തിന്റെ ഔപചാരികവും യഥാര്‍ത്ഥവുമായ ഉപസംയോജനത്തിലൂടെ പരിഷ്‌കരിക്കപ്പെടുകയും പുനഃസംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നത് എന്ന ഏറ്റവും സുപ്രധാനമായ വിശകലനത്തെ മനസ്സിലാക്കാന്‍ ഏംഗല്‍സിന് സാധിച്ചില്ല. രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥയുമായി ബന്ധപ്പെട്ട് മാര്‍ക്‌സും ഏംഗല്‍സും തമ്മിലുള്ള ഭിന്നതകള്‍ പരിസ്ഥിതിശാസ്ത്ര മേഖലയെ ബാധിക്കുന്നത് ഈ രീതിയിലാണെന്ന് സെയ്‌തോ വിശദീകരിക്കുന്നു.

മൂലധനവും പ്രകൃതിയും തമ്മിലുള്ള ചലനാത്മക ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു പില്‍ക്കാല മാര്‍ക്‌സിന്റെ പ്രധാന വിഷയം. ഈ ചലനാത്മകത മനസ്സിലാക്കുന്നതിനായി അദ്ദേഹത്തിന്റെ അന്വേഷണം ഭൂമിശാസ്ത്രം, കാര്‍ഷിക രസതന്ത്രം, ധാതുശാസ്ത്രം തുടങ്ങിയ മേഖലകളിലേക്ക് കൂടുതലായി വ്യാപിപ്പിക്കുകയുണ്ടായി. പ്രകൃതിശാസ്ത്രത്തെക്കുറിച്ച് പഠിക്കാനുള്ള മാര്‍ക്‌സിന്റെ താല്‍പര്യത്തിനുപിന്നില്‍ സാമൂഹികവും പ്രകൃതിദത്തവുമായ ഉപാപചയത്തിന്റെ പരസ്പരാശ്രിത ചരിത്ര പ്രക്രിയയില്‍ മൂലധനത്തിന്റെ വിസ്മയിപ്പിക്കുന്ന വഴക്കത്തിന്റെ ഉറവിടം മനസ്സിലാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നത് സുവ്യക്തമായിരുന്നു.

(തുടരും)


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments