“ഞാൻ ചൊല്ലിയ കവിതയും, പിന്നാലെ പാട്ടായി പാടിയ ഇസൈപ്പാവും ഞങ്ങളുടെ മണ്ണിന്റെ സ്വത്വത്തിൽ വേരൂന്നി നിൽക്കുന്നു. വേരുകൾ അറുത്ത് പലായനം ചെയ്യേണ്ടിവന്ന അനേകം മനുഷ്യരുടെ സ്വപ്‍നങ്ങൾ ഈ കവിതയിലും പാട്ടിലും കാണാം. അഭയാർത്ഥികളായി മറ്റൊരു ദേശത്ത് ജീവിതം തുടരുമ്പോഴും തായ്നാട്ടിലെ സൂര്യവെളിച്ചവും,നിലാവെട്ടവും ഞങ്ങൾ ഓർമ്മകളിൽ തിരയുന്നു, അത്തരം തിരച്ചിലുകൾ കവിതയായി,പാട്ടായി പുകയുന്നു, അകമേ എരിയുന്നു.”
2000-ന്റെ മധ്യത്തിൽ പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന കവിയരങ്ങിൽ ഈഴതമിഴ് കവി വിൽവരത്നം ജീവിതത്തെ അടയാളപ്പെടുത്തിയത് ഓർമ്മകൾ തേടിയുള്ള കവിതാന്വേഷണമായാണ്. 50 വയസ്സ് തികയുന്ന തന്റെ ജീവിതത്തിലെ 25 കൊല്ലവും ആഭ്യന്തരയുദ്ധത്തിൽ അകപ്പെട്ട് പോയതിന്റെ വേദനകളും, മുറിവുകളും കവിതയായ് അകമേ എരിയുന്നതിനെപ്പറ്റി അദ്ദേഹം വാചാലനായി. ബാല്യവും കൗമാരവും യുദ്ധം ചവച്ചു തുപ്പിയപ്പോൾ, യൗവനം നാടുവിട്ട് നാട് തേടുന്ന അഭയാർത്ഥിയുടേതായി മാറി.
അകമേ എരിയുന്ന തീ കവിതയായും, പാട്ടായും ഉയർന്നപ്പോൾ ഈഴ തമിഴ് കവികളിൽ ഏറ്റവും പ്രശസ്തനായി വിൽവരത്നം അറിയപ്പെട്ടു. ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊണ്ട കാലങ്ങളിൽ തമിഴ് ദേശീയതാവാദം പ്രകീർത്തിക്കുന്ന അനേകം കവികൾ വളർന്നു വന്നിരുന്നുവെങ്കിലും, കേവലം പോർവിളികൾക്ക് അപ്പുറത്തേയ്ക്ക് അവർക്കാർക്കും ഉയരുവാൻ സാധിച്ചിരുന്നില്ല. സ്വത്വരാഷ്ട്രീയം പറയുമ്പോഴും സങ്കുചിത ദേശയീതാവാദങ്ങളിൽ നിന്നും അപരവിദ്വേഷത്തിൽ നിന്നുമെല്ലാം പാലിക്കേണ്ട അകലം വ്യക്തമായി തിരിച്ചറിയുന്നതിൽ വിൽവരത്നം വിജയിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കവിതകൾക്ക് ധാരാളം അർത്ഥതലങ്ങൾ വന്നുചേരുന്നു.
യുദ്ധകാലത്തും സമാധാനകാലത്തും ഒരേ തീവ്രതയിൽ വായിക്കേണ്ട കവിതകൾ. സ്വന്തം സ്വത്വം സംരക്ഷിക്കപ്പെടുമ്പോഴും മനുഷ്യർ കൂട്ടായി ജീവിക്കുന്നതിലെ കാവ്യഭംഗി തേടുന്ന കവിതകൾ. കവിത സംഗീതാത്മകമാകണം എന്ന ഭാരതിയാർ വാദത്തിൽ ഉറച്ചുനിൽക്കുന്ന വിൽവരത്നം സംഗീതം പോലെ തന്നെ സാർവ്വലൗകികമായ ഒരു ഭാഷയായി കവിതയെ കണ്ടെത്തി. ആ ഭാഷയുടെ പ്രചാരകനായി മാറി. അൻപ് (സ്നേഹം), അറിവ് (ജ്ഞാനം), ഉൺമൈ (സത്യം) എന്നീ മൂന്ന് കാര്യങ്ങളെ ദൈവമായി കണ്ട്, പ്രപഞ്ചത്തെ ആരാധനാലയമായി കണ്ട്, സ്വന്തം ജീവിതം ഒരു പ്രാർത്ഥനയായി മാറട്ടെ എന്ന് ആശിക്കുന്ന കവിയാണ് വിൽവരത്‌നം. വംശീയ വേർതിരിവുകൾക്ക് നടുവിൽ നിന്ന് സാർവലൗകികതയെ കുറിച്ച് സംസാരിക്കാൻ ചുരുക്കം എഴുത്തുകാർക്ക് മാത്രമേ സാധിക്കുകയുള്ളൂ. വിൽവരത്നത്തിന് അത് സാധിച്ചിരുന്നു.
ചരിത്രവും ഓർമ്മയും തീക്ഷ്ണമായ അനുഭവങ്ങളും ചേർന്ന് തീർക്കുന്ന വിൽവരത്നത്തിന്റെ കവിതാപ്രപഞ്ചത്തെ 2025-ന്റെ മധ്യത്തിലാണ് ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് സാമൂഹിക ശാസ്ത്ര വകുപ്പ് സമാഹരിച്ച് ‘കാലവെയിൽ’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത്. സ്വത്വം തേടിയുള്ള അന്വേഷണമായും ഓർമ്മകളെയും സംസ്ക്കാരത്തെയും പരിരക്ഷിക്കുന്ന ചരിത്രമായും അദ്ദേഹത്തിന്റെ കവിതകളെ അടയാളപ്പെടുത്താം.
ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയവും യുദ്ധവും ആൾക്കൂട്ട ഭീകരതയും ഹിംസയും ഒഴിയാതെ നിൽക്കുന്ന ലോകത്ത് വിൽവരത്നത്തിന്റെ കവിതകൾക്ക് പുതിയ വായനകൾ സാധ്യമാകുന്നുണ്ട്. 2025-ലെ പ്രധാനപ്പെട്ട പുസ്തകമായി ‘കാലവെയിലി’നെ തിരഞ്ഞെടുക്കുന്നതും അത് കൊണ്ട് തന്നെ. തമിഴിലുള്ള കവിതകളോടൊപ്പം, ഇംഗ്ലീഷ്, ഫ്രഞ്ച് പരിഭാഷകളും സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രകൃതിയോട് ചേർന്ന് നിന്ന് ജീവിക്കുവാൻ ആഗ്രഹിച്ചിരുന്ന കവി വെയിലിനും, മഴയ്ക്കും, നിലാവെട്ടത്തിനും കവിതകളിൽ നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണ്.

തായ്നാട്ടിലെ സൂര്യവെളിച്ചവും, കാറ്റും, നിലാവെട്ടവും, രാത്രിയും, പകലുമെല്ലാം ഓർമകളിൽ നിന്നാണ് കവിതകളിലേക്ക് ഒഴുകി ഇറങ്ങുന്നത്. ‘കാലവെയിൽ’ എന്ന തമിഴ് വാക്കിന് ഉദയസൂര്യന്റെ ആദ്യ കിരണങ്ങളായും, യൗവനാരംഭത്തെ കുറിക്കുന്നതായും, സ്നേഹത്തിന്റെ ആദ്യ താപമായും, മൃദുവായി അനുഭവപ്പെടുന്ന വേദനയായും നമുക്ക് വായിച്ചെടുക്കാം. യുദ്ധാനുഭവങ്ങളെ കവിതയിലേക്ക് കൊണ്ടുവരുമ്പോൾ പോലും വിൽവരത്നം ജീവിതത്തെക്കുറിച്ച് പ്രതീക്ഷകൾ വെച്ച് പുലർത്തിയിരുന്നു. ആ പ്രതീക്ഷയിലും തന്റെ ഓർമ്മയിൽ നിന്നും ഇല്ലാതാകുന്ന സ്വത്വത്തെ കുറിച്ചുള്ള വിഷമങ്ങളും വേദനകളും നമ്മെ അനുഭവപ്പെടുത്തുന്നു.
ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യകളുടെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പൂങ്കുടുദ്വീപിൽ 1950-ൽ ജനിച്ച വിൽവരത്നം, 1970-കളിലാണ് കവിതയിലൂടെ സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. ഈഴത്തിൽ ആധുനിക സാഹിത്യം പരിചയപ്പെടുത്തിയ പൂരണി പോലുള്ള മാസികകളുമായി അദ്ദേഹം സഹകരിച്ചിരുന്നു. ആധുനിക കവിത എഴുതുമ്പോഴും തമിഴ് സംഘകാല കൃതികളെ അവയിൽ ഉൾച്ചേർക്കുന്നതിലും, പ്രമേയ അവതരണത്തിൽ തമിഴ് ക്ലാസിക്കൽ കൃതികളുടെ സ്വാധീനം നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. തമിഴ് സംസ്ക്കാരം അതിഭീകരമായ സിംഹള അടിച്ചമർത്തലിന് വിധേയമാകുന്ന കാലഘട്ടമാണിത്. തമിഴ് സംസ്ക്കാരത്തെ പൂർണമായും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാഴ്പ്പാണം പബ്ലിക് ലൈബ്രറി (ജാഫ്‌ന പബ്ലിക് ലൈബ്രറി) സിംഹള ആൾക്കൂട്ടം അഗ്നിക്ക് ഇരയാക്കുന്നത് 1985- ലാണ്. വംശീയ ഉന്മൂലത്തിന് മുൻപായി ഭാഷയേയും, സംസ്‌കാരത്തേയും ഉന്മൂലനം ചെയ്യുന്ന തീവ്രവലതുപക്ഷ ഭൂരിപക്ഷ ബോധ്യം കരുത്താർജ്ജിച്ച് നിൽക്കുന്ന നേരം ലങ്ക പൂർണമായും ആഭ്യന്തര യുദ്ധത്തിലേക്ക് വഴി മാറി. വിടുതലൈ പുലികൾ ലോകത്തിലെ ഏറ്റവും ശക്തമായ സായുധസംഘമായി വളരുമ്പോഴും തമിഴ് ജനത പലവിധ കഷ്ടതകൾ അനുഭവിച്ചു.
‘‘നേതാക്കളും ഭരണകൂടങ്ങളും സാധാരണ ജനങ്ങളുടെ ജീവൻ വെച്ച് യുദ്ധമെന്ന കളി കളിച്ച് തീർത്ത കാല”മായി വിൽവരത്‌നം യുദ്ധകാലത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നു. നേതാക്കളാലും, ഭരണകൂടങ്ങളാലും ചതിക്കപ്പെട്ട ജനതയെന്ന് ഈഴ തമിഴ് ജനതയെ ആദ്യമായി അടയാളപ്പെടുത്തുന്നതും വിൽവരത്നമാണ്.
‘‘നേതാക്കളും ഭരണകൂടങ്ങളും സാധാരണ ജനങ്ങളുടെ ജീവൻ വെച്ച് യുദ്ധമെന്ന കളി കളിച്ച് തീർത്ത കാല”മായി വിൽവരത്‌നം യുദ്ധകാലത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നു. നേതാക്കളാലും, ഭരണകൂടങ്ങളാലും ചതിക്കപ്പെട്ട ജനതയെന്ന് ഈഴ തമിഴ് ജനതയെ ആദ്യമായി അടയാളപ്പെടുത്തുന്നതും വിൽവരത്നമാണ്. യുഗത്തിൻ പാടൽ, കാട്രൂവഴി ഗ്രാമം, കാലത്തുയിർ എന്നീ കവിതകൾ യുദ്ധക്കെടുതികളെ കുറിച്ചും, മനുഷ്യരില്ലാത്ത ഗ്രാമങ്ങളെ കുറിച്ചും വർണ്ണനകൾ നൽകുന്നു. യുഗത്തിൻ പാടലിൽ വേലുപ്പിള്ള പ്രഭാകരനെന്ന് സൂചിപ്പിക്കുന്ന വരികളിൽ തമിഴ് സംസ്ക്കാരവും, പാരമ്പര്യവും ഒരേ പോലെ ആധുനിക കവിതയിലേക്ക് ചേക്കേറുന്നത് കാണാം. “ആയുധമേന്തിയ ഇലങ്കൈ വള്ളുവൻ സീറുടൈ അണിന്ത തമിഴ് ഭാരതി”യായി മാറുന്നത് ദൃശ്യം സമയകാല ദേശസീമകളെ തകർത്തെറിയുന്ന കാവ്യലോകം തീർക്കുന്നു.
പൂങ്കുടുദ്വീപിൽ നിന്ന് യാഴ്പാണത്തിലേക്കുള്ള (ജാഫ്‌ന) യാത്ര നൽകിയ അനുഭവങ്ങൾ വിൽവരത്നത്തെ സാധാരണ മനുഷ്യരുമായി ചേർത്ത് നിർത്താവുന്ന കവിയാക്കി മാറ്റി. സദാ നേരവും സിംഹള പട്ടാളത്തിന്റെ റോന്ത് ഉണ്ടാകുമ്പോഴും ഒറ്റപെട്ടു കിടക്കുന്ന തമിഴ് ഗ്രാമങ്ങളിലേക്ക് സാധനസാമഗ്രികൾ എത്തിക്കുവാനും കത്തുകൾ എത്തിക്കുവാനും മറ്റും വിൽവരത്നം ലങ്കയുടെ പല ഭാഗങ്ങളിലായി യാത്ര ചെയ്തു. പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ചും ആകാശത്തുനിന്ന് പതിക്കുന്ന ഷെല്ലുകളിൽ നിന്ന് രക്ഷപ്പെട്ടും നടത്തിയ പലായന അനുഭവങ്ങൾ അദ്ദേഹത്തെ സാഹിത്യകാരൻ എന്ന നിലയിലും മനുഷ്യസ്‌നേഹി എന്ന നിലയിലും വളർത്തി.
വിൽവരത്നത്തിന്റെ കവിതകളിൽ വാക്കുകൾ ദൃശ്യങ്ങളാകുന്നു; വാക്കുകൾക്കിടയിൽ നിശ്ശബ്ദത നിലനിൽക്കുന്നു; ഓരോ കവിതയും ഭാഷയ്ക്ക് പുതിയൊരു സാധ്യത സൃഷ്ടിക്കുന്നു. എസ്രാ പൗണ്ട് ആധുനിക കവിതയെ നവീനമായ ഒരു ഭാഷാസാധ്യതയായി അവതരിപ്പിച്ചതിൽ നിന്ന് ഒരു പടി കൂടെ കടന്ന് ആധുനികതയെ പ്രാചീന തമിഴ് സംസ്കാരത്തോടും, പാരമ്പര്യത്തോടും ബന്ധപ്പെടുത്തുന്നതിലാണ് വിൽവരത്‌നം ശ്രദ്ധ ഊന്നി.

‘ഉയിർത്തെഴുക്കും കാലത്തിർക്കാക’ എന്ന കാവ്യസഞ്ചയത്തിൽ കടൽ എന്ന കവിത ഒരു ഉദാഹരണമാണ്.
“തീരത്ത് വന്നണയുന്ന തിരമാലകൾ
എന്റെ കാൽപ്പാടുകൾ മായ്ച്ചുകളയുന്നു.
എന്റെ കാൽപ്പാടുകൾക്ക് അവയുടെ
അസ്തിത്വം നഷ്ടമായിരിക്കുന്നു.
കാൽപ്പാടുകൾ മായ്ച്ച തിരമാലകൾ
തൽസ്ഥാനത്ത് മറ്റെന്തോ എഴുതുന്നതായി കാണാം.
പക്ഷെ അവ വായിക്കുക സാധ്യമല്ല.
എനിക്ക് മുൻപേ ഇല്ലാതായ അനേകം പാദമുദ്രകളെ വായിലാക്കി
കടൽ വീണ്ടും വീണ്ടും എഴുത്ത് തുടരുന്നു.
എന്റെ കാൽപ്പാട് ബലിയായി നൽകിയിട്ടും
കടൽ എഴുതുന്നത് എനിക്ക് വായിക്കുവാൻ സാധിച്ചില്ല.
വീശിയെറിഞ്ഞ വലയോടും,
പ്രകോപനമാരായ എന്റെ വാക്കുകളോടും
പ്രതികരിക്കാത്ത കടലിനെ മുഴുവനായി വിഴുങ്ങി
ഞാൻ എന്റെ നടത്തം തുടർന്നു.
അഗസ്ത്യരെ പോലെ.
എന്റെ കമണ്ഡലുവിൽ നിന്ന് തുള്ളികളായി ഇറ്റുവീഴുന്ന ജലം
കാലത്തിന്റെ നദിയായി പരന്നൊഴുകി.
ആ നദി ഭൂമിയ്ക്കുമേൽ ഒരു രേഖ വരച്ചു,
മുന്നോട്ട് കുതിച്ചൊഴുകുവാൻ വേണ്ടി’’.
വിടുതലൈ പുലികളുടെ സമരത്തെ ചില കവിതകളിൽ പുകഴ്ത്തുകയും എന്നാൽ അവരുടെ ഭീകരപ്രവർത്തനങ്ങളിൽ മനം നൊന്ത് ലേഖനങ്ങൾ എഴുതുകയും ചെയ്തു വിൽവരത്നം.
യുദ്ധത്തിനിടയിൽ, വംശീയ അക്രമങ്ങൾക്കിടയിൽ അസ്തിത്വം തേടി ഇറങ്ങുന്ന മനുഷ്യമനസായി വിൽവരത്നം കവിതയെ കാണുന്നു. മരണത്തിലും ജീവിനുണ്ടായിരുന്ന ഗ്രാമങ്ങൾ ഇന്ന് ജീവനില്ലാതെ കാണപ്പെടുമ്പോൾ വിഷമിക്കുന്ന കാറ്റും, ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്ന ഭൂമിയും, നീചമായി പിഴുതെറിയപ്പെട്ട സൂര്യകാന്തി പൂവും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ്. വിടുതലൈ പുലികളുടെ സമരത്തെ ചില കവിതകളിൽ പുകഴ്ത്തുകയും എന്നാൽ അവരുടെ ഭീകരപ്രവർത്തനങ്ങളിൽ മനം നൊന്ത് ലേഖനങ്ങൾ എഴുതുകയും ചെയ്തു വിൽവരത്നം. തമിഴ് പുലികൾ തമിഴ് മുസ്ലീങ്ങളെ ചാരപ്രവർത്തകരായി മുദ്ര കുത്തി വേട്ടയാടുന്നതിനെതിരെ ആദ്യം തുറന്ന വിമർശനം നടത്തുന്നതും വിൽവരത്നമായിരുന്നു. മുറിവുകൾ എന്ന കവിതയിൽ അദ്ദേഹം നടത്തുന്ന നീരീക്ഷണം ശ്രദ്ധിക്കുക
“മർദിതരുടെ രക്തം നിലവിളിച്ചു
എവിടെ നിന്നാണീ കല്ല്?.
യേശുവിന്റെ വാക്കുകേട്ട്
എറിയാൻ മടിച്ച കല്ലുകളാണിവ”
2025-ലും യുദ്ധത്തിനും, പലായനത്തിനും, വംശീയ ഉന്മൂലനങ്ങൾക്കും അറുതിയില്ലാതെ തുടർച്ചകൾ കാണുമ്പോൾ ചരിത്രവും, ഓർമയും, മുറിവുകളും ചാക്രികമായി അനുഭവപ്പെടുന്നു. മനുഷ്യർ അനുഭവിക്കുന്ന വേദനകൾക്ക് അറുതിയില്ല, തുടർച്ചകൾ മാത്രമാണുള്ളത്. പലസ്തീൻ, സുഡാൻ, ബംഗ്ലാദേശ് എന്നിങ്ങനെ മുറിവുകളുടെ എണ്ണം കൂടുന്നു. വിൽവരത്‌നം ചരിത്രം ചാക്രികമായി മനസിലാക്കുന്നു. മുറിവുകളും വേദനകളും ആവർത്തിക്കപ്പെടുന്നു. ചരിത്രം ആവർത്തിക്കപ്പെടുന്നു.
