പുസ്തകബന്ധത്തിലേയ്ക്ക് ഒരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി വൈകാരികമായി പ്രവേശിക്കപ്പെടുന്നുണ്ടോ? അതെങ്ങനെ എപ്പോൾ സംഭവിക്കുന്നുവെന്നതും അങ്ങനെ സംഭവിച്ചാൽ അതിെൻ്റ തീവ്രത എത്രത്തോളമാണെന്നതും തീർത്തും വൈയക്തികമാണ്.
ഓരോ പുസ്തകത്തിനു വേണ്ടിയും എഴുതുന്നയാൾ എടുക്കുന്ന പ്രമേയപരമായ ഔത്സുക്യങ്ങളും ജ്ഞാനസംബന്ധിയായ ശേഖരണവും അസംസ്കൃതങ്ങളുടെ കുടഞ്ഞെടുക്കലും പിന്നീട് നടത്തുന്ന നെയ്തെടുക്കലും അതുപോലെതന്നെ വ്യത്യസ്തതകളുടേതാണ്. അതിന്റെ സന്നിഗ്ദതകളിലേയ്ക്കുള്ള ആമഗ്നത എത്രത്തോളം സ്വാത്മീകരിക്കപ്പെടുന്നു എന്നതാണ് എഴുത്താളിനെ ബാധിക്കുന്ന ഏറ്റവും വലിയ അനുഭൂതിയും. ഒരുപക്ഷേ, കവിതയോ കഥയോ നോവലോ ഇത്തരം ആത്മതകളിലേയ്ക്ക് എളുപ്പം പ്രവേശിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എഴുത്തിൽ ഒരു സാക്ഷിയായി നില്ക്കേണ്ടിവരുന്ന ജീവചരിത്രരചനയിലും ഇത്തരം അവകാശങ്ങളുണ്ടെന്നതാണ് ‘സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളിൽ’ എനിക്കുനല്കിയ അനുഭവം.
സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ അടുത്തേയ്ക്ക് പണ്ടെന്നോ എത്തിയിരുന്നു. സാഹിത്യവായന എന്നതിനപ്പുറം വളർച്ചയുടെ ഒരു ഘട്ടത്തിൽ അവർ പറയുന്ന ആശയങ്ങളുടെ നൈതികമായ ഉണർന്നുപൊട്ടലുകളിൽ നിരുപാധികമായി ആകർഷിക്കപ്പെട്ടിരുന്നു. ഒപ്പം, അതിനെയൊക്കെ തള്ളിക്കളയുന്ന സാമൂഹികമായ ചില പ്രത്യക്ഷതകൾ വല്ലാതെ അലട്ടിയിരുന്നു. ആൺപര്യായങ്ങളുടെ കെട്ടുവലകളിൽനിന്ന് വേറിട്ടുനിർത്തി സ്വയം ഈർന്നെടുത്ത ഒരു സ്വത്വത്തെ മെല്ലെ അനുസരിക്കുമ്പോഴും ഒട്ടുദൂരെനിന്ന് മാടിവിളിക്കുന്ന അവരിലെ സാഹിത്യസ്ത്രീയെയും സാമൂഹ്യസ്ത്രീയെയും അമ്പരപ്പോടെ നോക്കിക്കാണുകയായിരുന്നു. അത്രയൊന്നും ഓടിയെത്താനാവാതെ, പിന്തുടരാൻ ത്രാണിയില്ലാതെ ഉള്ളിടങ്ങൾ കലമ്പിയതും അന്നിന്റെ പ്രത്യേകതകളാണ്. അതെല്ലാം കടന്നാണ് ‘സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളിൽ’ എന്ന ജീവചരിത്രത്തിന്റെ പണിപ്പുരയിലെത്തുന്നത്. വിസ്മയങ്ങളുടെ ഇന്ദ്രജാലം മുന്നിലിട്ടുതന്ന ഓടിപ്പുണരലായിരുന്നു പിന്നീട് സംഭവിച്ചത്.
സാറ ടീച്ചറെപ്പോലെ അന്യതയെ ഇത്രയേറെ വാരിയണക്കാൻ കഴിയുന്ന മറ്റൊരാളെയും ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ല. ജീവിതത്തിൽ സംഭവിച്ചതിനൊക്കെയും എന്തെങ്കിലും തുറന്നുവെയ്ക്കൽ ഇന്നോളം ഉണ്ടായിട്ടുണ്ടെങ്കിൽ അതിത്രയ്ക്ക് ചേർത്തുപിടിക്കുന്ന കൂട്ടുകാരിയായ ഈ അമ്മയുടെ മുന്നിൽ മാത്രമാണ്. ഇത് എന്റെ മാത്രം അനുഭവമാകണമെന്നില്ല. ഞാനെന്ന വ്യക്തി നിങ്ങളിലുമുണ്ട്, നിങ്ങളുടേതുകൂടിയാണ് ഞാൻ എന്ന് നിരന്തരം സമന്വയിപ്പിക്കുന്ന അമ്മയിടം. അത് എത്രത്തോളം വ്യാപിച്ചുപോയ സ്വകാര്യതയാണെന്ന് അറിയുന്നിടത്താണ് അവരുടെ ആത്മവിചാരങ്ങളെ ഞാൻ എന്റേതാക്കാൻ തുനിഞ്ഞത്. അതിലൂടെ അവരെ ചരിത്രപ്പെടുത്താൻ ശ്രമിച്ചത്. അതിനെത്രമാത്രം കഴിയുമെന്ന് നിശ്ചയമുണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു ചിത്രണം ആവശ്യമാണെന്ന് ഒരു പ്രത്യേക ഘട്ടത്തിൽ അറിയുകയായിരുന്നു.

ഈ ചരിത്രമെഴുത്തിന് നിർബ്ബന്ധിക്കപ്പെട്ട സംഭവം നടന്നത് 11 വർഷങ്ങൾക്കുമുമ്പുള്ള സെപ്തംബർ കാലത്താണ്. ഞാൻ ജോലി ചെയ്തിരുന്ന തൃശൂർ സബ്ട്രഷറിയിലെ തിരക്കേറിയ ഒരു ദിവസം. പാസ്സാക്കാനുള്ള ചെക്കുകളുടെയും ഡെപ്പോസിറ്റുകളുടെയും കൂമ്പാരത്തിനുമുന്നിൽ ഇരിക്കുമ്പോഴാണ് മാധ്യമം പത്രത്തിലെ റിപ്പോർട്ടറായിരുന്ന സുഹൃത്ത് കെ.പരമേശ്വരന്റെ ഫോൺ കോൾ വരുന്നത്. സാറ ടീച്ചറെ കുറെ സ്ത്രീകൾ സാഹിത്യഅക്കാദമിയിൽ വളഞ്ഞിട്ട് മുദ്രാവാക്യം വിളിച്ച് ആക്രമിക്കുന്നുവെന്നായിരുന്നു പരമേശ്വരൻ പറഞ്ഞത്. എന്തിനാണെന്ന് ചോദിച്ചപ്പോൾ, കൃത്യമായി അറിയില്ലെന്നും ഒരു പുസ്തക പ്രകാശനത്തോടനുബന്ധിച്ചാണ് അവിടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും പുസ്തകം എം. ടി. വാസുദേവൻ നായർ പ്രകാശനം ചെയ്യുന്നുവെന്നാണ് അറിഞ്ഞതെന്നും എന്നാൽ എം. ടി അക്കാദമിയിൽ എത്തിയിട്ടില്ലെന്നും പരമേശ്വരൻ പറഞ്ഞു.
അസ്വസ്ഥമാക്കിയ വിവരമായിരുന്നു അത്. ഞാൻ പാസ്സാക്കുന്നതിനുസരിച്ച് പണം വാങ്ങിക്കൊണ്ടുപോകാൻ വരിയിൽ നില്ക്കുന്ന പെൻഷൻകാരെ മുന്നിൽ കണ്ടപ്പോൾ തൊട്ടടുത്ത് തന്നെയുള്ള സാഹിത്യ അക്കാദമിയിലേയ്ക്ക് പോകുന്നതിനുള്ള ആഗ്രഹം അടക്കിനിർത്തേണ്ടിവന്നു. ഉച്ചയ്ക്ക് വിശ്രമസമയത്തായിരുന്നു സീറ്റിൽനിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞത്. പുറത്തേയ്ക്ക് കടന്നപ്പോൾ സാറ ടീച്ചറെയും മകൾ സംഗീതയെയും കണ്ടു. ടീച്ചർ അസ്വസ്ഥയായിരുന്നു. കാൻ്റീനിൽ പോയി ചായ കുടിച്ചശേഷം ഓഫീസ്മുറ്റത്ത് പാർക്ക്ചെയ്തിരുന്ന സംഗീതയുടെ കാറിലിരുന്ന് ഞങ്ങൾ സംസാരിച്ചു.
ഇടതുപക്ഷരാഷ്ട്രീയത്തോട് ചേർന്നുനില്ക്കുന്ന സ്ത്രീവാദികൾ പ്രതിഷേധവുമായി സാഹിത്യ അക്കാദമിയിലെത്തി. കാര്യങ്ങൾ അത്ര ശരിയല്ലെന്ന് മനസ്സിലാക്കിയ എം. ടി. വാസുദേവൻ നായർ പെട്ടെന്ന് കോഴിക്കോട്ടേയ്ക്ക് മടങ്ങി.
ശ്രീദേവി എസ്. കർത്ത എഴുതി കറൻ്റ് ബുക്സ് പ്രസിദ്ധീച്ച ‘കാലാതീതം’ എന്ന വിവർത്തനഗ്രന്ഥത്തിന്റെ പ്രകാശനകർമ്മമാണ് സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ചിരുന്നത്. അബ്ദുൽ കലാം ആസാദും അരുൺ തിവാരിയുമാണ് മൂലഗ്രന്ഥമായ ‘ട്രാൻസെൻഡൻസ്– എ സ്പിരിച്വൽ എക്സ്പിരിയൻസ് വിത്ത് പ്രമുഖ് സ്വാമിജി’ എഴുതിയത്. പ്രമുഖ് സ്വാമിജിയുടെ ആത്മീയപ്രസ്ഥാനത്തിൽനിന്നുള്ള ചില സ്വാമിമാർ പ്രസ്തുത ചടങ്ങിൽ സംബന്ധിക്കാൻ എത്തുന്നുണ്ടായിരുന്നു. അവരുടെ നിഷ്ഠകൾ പ്രകാരം സ്ത്രീകൾ ഇരിക്കുന്നതിനൊപ്പം സ്വാമികൾ ഇരിക്കാൻ തയ്യാറില്ലായിരുന്നു. മാത്രമല്ല, സദസ്സിലെ ആദ്യത്തെ മൂന്ന് വരികളിൽ സ്ത്രീകളെ ഇരുത്താൻ പാടില്ലെന്ന നിർദ്ദേശവും അവർ നല്കിയിരുന്നു. വിവർത്തകയായ ശ്രീദേവി എസ്. കർത്തയ്ക്ക് അതിനാൽ പ്രകാശനചടങ്ങിൽ സ്ഥാനമില്ലായിരുന്നു. എല്ലാം നടപ്പിലാക്കേണ്ടത് കറൻ്റ് ബുക്സിന്റെ ചുമതലയായിരുന്നു.
എന്തുകൊണ്ട് കറൻ്റ് ബുക്സിനെപ്പോലുള്ള ഒരു സാംസ്കാരികസ്ഥാപനം ഇതിന് വഴങ്ങി എന്നറിയില്ല. പുസ്തക രചയിതാവായ ശ്രീദേവി എസ്. കർത്ത ഇതറിഞ്ഞപ്പോൾ ഇത്തരമൊരു ജീവവിരുദ്ധമായ പ്രവൃത്തിയോട് യോജിക്കുന്നില്ലെന്നും അതുകൊണ്ട് പ്രകാശനത്തിന് വരുന്നില്ലെന്നും കറൻ്റ് ബുക്സിനെ അറിയിച്ചു. എന്നാൽ അന്നുരാവിലെ ഇതേക്കുറിച്ച് തയ്യാറാക്കിയ ഒരു കുറിപ്പ് അവർ ഫേസ്ബുക് വാളിൽ പോസ്റ്റുചെയ്തു.
ആരും പ്രതികരിക്കില്ലെന്നാണ് ശ്രീദേവി എസ്. കർത്ത കരുതിയത്. എന്നാൽ അന്നത്തെ പരിപാടി നടക്കാൻ സാധ്യതയില്ലാത്ത തരത്തിലുള്ള ചില നീക്കങ്ങളാണുണ്ടായത്. ഇടതുപക്ഷരാഷ്ട്രീയത്തോട് ചേർന്നുനില്ക്കുന്ന സ്ത്രീവാദികൾ പ്രതിഷേധവുമായി സാഹിത്യ അക്കാദമിയിലെത്തി. കാര്യങ്ങൾ അത്ര ശരിയല്ലെന്ന് മനസ്സിലാക്കിയ എം. ടി. വാസുദേവൻ നായർ പെട്ടെന്ന് കോഴിക്കോട്ടേയ്ക്ക് മടങ്ങി. പോകുന്നതിനുമുമ്പ് തനിക്ക് അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും അതിനാൽ കറൻ്റ് ബുക്സിന് വേണ്ടി നടത്തേണ്ട പ്രകാശനം ഏറ്റെടുക്കണമെന്നും സാറാ ജോസഫിനെ വിളിച്ച് പറയുകയും ചെയ്തു.

ടീച്ചറുടെ എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ച കറൻ്റ് ബുക്സിനെ ടീച്ചർക്ക് വിശ്വാസമായിരുന്നു. എം. ടിയെന്ന മഹാമേരുവിനെ ടീച്ചർക്ക് നിഷേധിക്കാനും കഴിയില്ലായിരുന്നു. ഒന്നും അറിയുകയും അന്വേഷിക്കാതെയുമാണ് ടീച്ചർ ഓടിവന്നത്. പക്ഷേ, മലയാളിയുടെ സ്ത്രീമുഖമായി ഉയർന്നുനിന്നിരുന്ന പോരാളിക്ക് അതിന്റെ പേരിൽ സഹിക്കേണ്ടിവന്ന അപമാനം ചെറുതായിരുന്നില്ല. അക്കാദമിയിൽ തടിച്ചുകൂടിയിരുന്ന സ്ത്രീകൾക്ക് നേരിടാൻ കിട്ടിയത് സാറാ ജോസഫിനെയായിരുന്നു. ‘ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി അവർ നേരിട്ടത് കേരളത്തിലെ സ്ത്രീസമൂഹത്തെ മുഴുവൻ തനിക്കൊപ്പം ചേർത്തുപിടിച്ച് മുന്നോട്ടുനടത്തിയ ചരിത്രനായികയെ ആയിരുന്നു. ഇന്ന് ഓരോ പെൺകുട്ടിയും അവളുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുന്നുണ്ടെങ്കിൽ അതിന് ധൈര്യം കൊടുത്തവരിൽ ഏറ്റവും പ്രധാനിയായ ഒരാൾക്കുമുന്നിലാണ് അവർ രോഷമഴിച്ചുവിട്ടത്. രാഷ്ട്രീയമായ ശരികൾക്കുവേണ്ടി നിരന്തരം പോർമുഖങ്ങൾ വെട്ടിത്തെളിച്ച ഒരാൾക്കുനേരെയാണ് അവർ മുറിപ്പെടുത്തുന്ന വാക്കുകൾ എറിഞ്ഞുകൊണ്ടിരുന്നത്. അങ്ങനെയൊരാളുടെ ചെവിക്കുള്ളിലേയ്ക്കാണ് അവരുടെ കൂവലുകൾ വീണുകൊണ്ടിരുന്നത്. അതിന്റെ ഉച്ചസ്ഥായിയിൽ ആർക്കും ഒന്നും പറയുന്നത് മനസ്സിലാവുന്നുണ്ടായിരുന്നില്ല. പുസ്തപ്രകാശനം അന്ന് നടക്കുകയുണ്ടായില്ല.
ആ പ്രതിഷേധം കൊണ്ട് ഒന്നും സംഭവിച്ചില്ല. സ്ത്രീപക്ഷ നിലപാടുകളിൽ എന്തെങ്കിലും മാറ്റമുണ്ടാകുന്ന വിധത്തിൽ സ്വാമിമാർ മാറിയില്ല. വ്യവസ്ഥാപിത സ്ത്രീവാദത്തോട് ചേർന്നുപോകുന്ന കുറെ സ്ത്രീകളുടെ മുദ്രാവാക്യവിളികൾ പിറ്റെന്നാളത്തെ പത്രങ്ങളിൽ വാർത്തയായി. വാർത്ത മലയാളികൾ അന്നേ മറന്നു. മുറിവേറ്റത് സാറാ ജോസഫ് എന്ന സമത്വവാദിക്കാണ്. കാരണം, സാറാ ജോസഫ് എന്ന സാഹിത്യകാരിയുടെ, ആക്ടിവിസ്റ്റിന്റെ സംഭാവനകളെ മുഴുവൻ തൃണവൽക്കരിച്ച്, അതുവരെ അവർ കൂട്ടിയെടുത്തതെല്ലാം റദ്ദു ചെയ്യുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു അക്കാദമിയിൽ മുഴങ്ങിയത്. സ്ത്രീവാദികളെന്ന നിലയിൽ പാഞ്ഞടുത്തവർക്കൊന്നും ടീച്ചറെ അറിയില്ല എന്ന യാഥാർത്ഥ്യമാണ് അവിടെ മുഴങ്ങിയത്.
എത്ര തമസ്കരിക്കാൻ ശ്രമിച്ചാലും തെളിഞ്ഞുകത്തുന്ന എത്രയെത്ര കനലുകൾകൊണ്ട് തീർത്തതാണ് ആ ജീവിതപുസ്തകമെന്ന് അവർക്കറിയില്ലായിരുന്നു. ആ അജ്ഞതയ്ക്കുമേൽ സാറാ ജോസഫിനെ വിട്ടുകൊടുക്കുന്നത് ഔചിത്യമല്ല എന്ന ബോധം എന്നെ പിന്തുടർന്നു. അവരെ തിരിച്ചറിയിക്കുക എന്നത് ബാധ്യതയായി എന്നിൽ കയറിക്കൂടി. അത് കേവലമൊരു സാഹിത്യവിഷയമാക്കാതെ, അവരുടെ ജീവിതത്തിന്റെ സമഗ്രതലങ്ങളെയും സ്പർശിക്കുന്ന ഭാഷാസാക്ഷ്യമാകണമെന്നും തീർച്ചപ്പെടുത്തി. സാറാ ജോസഫിന്റെ ജീവചരിത്രം എഴുതുന്നതിനുള്ള ബ്ലാസ്റ്റിംഗ് പോയിൻ്റ് അതാണെന്ന് പറയാം. ഈ സംഭവം ഞാൻ ജീവചരിത്രരചനയിൽ ഉൾപ്പെടുത്താതിരുന്നത് ബോധപൂർവ്വമാണ്. കാരണം, സാറാ ജോസഫിനെ നിസ്സാരവൽക്കരിക്കാൻ കേരളസമൂഹത്തിന് കഴിയില്ല എന്നത് തീർച്ചയായിരുന്നു.
സാറാ ജോസഫ് എന്ന സാഹിത്യകാരിയുടെ, ആക്ടിവിസ്റ്റിന്റെ സംഭാവനകളെ മുഴുവൻ തൃണവൽക്കരിച്ച്, അതുവരെ അവർ കൂട്ടിയെടുത്തതെല്ലാം റദ്ദു ചെയ്യുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു അക്കാദമിയിൽ മുഴങ്ങിയത്.
അനേകമൊരുവളിൽനിന്ന് വേറിട്ടവളെന്ന തലത്തിലേയ്ക്ക് ഈ പെൺനായിക സാഹിത്യത്തിലും സാമൂഹികതലത്തിലും തിളങ്ങിയെത്തിയത് എങ്ങനെയാണെന്ന അന്വേഷണമാണ് എന്റെ എഴുത്തിന്റെ കാതൽ. പതിനഞ്ചു വയസ്സിൽ സ്കൂൾ പഠനകാലത്ത് വിവാഹിതയായി കുടുംബവും സമൂഹവും കല്പിക്കുന്ന സുരക്ഷിതത്വത്തിലേയ്ക്ക് ഒതുങ്ങിയ പെൺകുട്ടിയെയാണ് ആദ്യം കണ്ടെത്താനായത്. അവളിൽനിന്ന് വാർന്നുപോകാവുന്ന മൂർച്ചകളൊക്കെയും സൗമ്യതയോടെ പിടിച്ചുനിർത്തുന്നതിന്റെ അൽഭുതപ്പെടുത്തുന്ന വഴികളിലേയ്ക്കായിരുന്നു ഞാനെത്തിച്ചേർന്നത്. ആർക്കും തട്ടിവീഴ്ത്താൻ വിട്ടുകൊടുക്കാതെ ഉള്ളിലെ വർണ്ണസ്ഫടികതകളൊക്കെയും ചേർത്തുപിടിച്ച് സമൂഹമനഃസ്സാക്ഷിയിലേയ്ക്ക് അതൊക്കെയും ലയിപ്പിച്ചുചേർക്കുന്നതിന്റെ സൗന്ദര്യാത്മകത മോഹിപ്പിക്കുന്നതായിരുന്നു.
ആ പ്രയാണകഥയ്ക്കിടയിൽ പലപ്പോഴും ഞാൻ വിതുമ്പിപ്പോയി. ഭാഷയെ കനെലിരിയുന്ന മൂശയിലിട്ട് വാർത്തെടുത്തിരുന്ന അവരുടെ സാഹിത്യത്തിന്റെ ശില്പഭദ്രതകളിൽ മുഴുകിയിറങ്ങി. എത്രയോ സ്വരൂപങ്ങളുടെ ആവാഹനത്തിനുശേഷമാണ് മറ്റുള്ളവർക്ക് അതിൽ ചിലതൊക്കെയും കാണാനും അറിയാനും വിട്ടുനല്കിയതെന്ന് ആദരപൂർവ്വം തിരിച്ചറിഞ്ഞു. സ്വയമെരിയുന്നതിന്റെ തീക്ഷ്ണതയിൽ അകവും പുറവും വറ്റിപ്പോകാതെ കാക്കുകയായിരുന്നു അങ്ങനെയൊരുവൾ. മകൾ, ഭാര്യ, മരുമകൾ, സഹോദരി, അമ്മ....പിന്നെയെല്ലാവരുടെയും സ്വന്തമായിത്തീർന്ന സാറ ടീച്ചർ എന്ന പെൺനായിക. ആരും കയറാത്ത അകമുറികളിലേയ്ക്കുള്ള രഹസ്യവാതിലുകൾ തുറന്നുചെന്ന് പല വിഗ്രഹങ്ങളുമെടുത്ത് പുറത്തേയ്ക്ക് കുടഞ്ഞിടുന്നതിെൻ്റ ധൈര്യം അവരെ അസാമാന്യയാക്കി. അതിനുവേണ്ടി അവർ തിരഞ്ഞെടുത്ത സാഹിത്യവഴികൾ, സാമൂഹികനോട്ടങ്ങൾ, രാഷ്ട്രീയചിന്തകൾ... എല്ലാം എന്റെ യത്നത്തിലേയ്ക്ക് വന്നുകൊണ്ടിരുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും ജീവചരിത്രമെഴുത്ത് എന്നിൽ പുതുമയുടേതായിരുന്നു. അതെങ്ങനെ എന്ന് ഒരു രൂപരേഖയുണ്ടാക്കിയ ശേഷമാകണം എഴുത്ത് എന്ന് ആദ്യമൊക്കെ നിശ്ചയിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു മാതൃക ആവശ്യമില്ലെന്ന അനുമാനത്തിലാണ് പിന്നീട് എത്തിച്ചേർന്നത്. അതിനാൽ ജീവചരിത്രങ്ങൾ തപ്പിപ്പിടിച്ച് വായിക്കാൻ ശ്രമിച്ചുമില്ല. തുടർന്നുള്ള മുന്നോട്ടുപോക്കിൽ എഴുതിവന്നപ്പോൾ എന്താണ് ജീവചരിത്രമെന്നത് തെളിഞ്ഞുവരികയായിരുന്നു. അത് ഉള്ളിൽനിന്നുതന്നെ ഉയിർക്കൊണ്ട ചരിത്രസംബോധനയായിരുന്നു. ആരെങ്കിലും പറഞ്ഞത് അക്കമിട്ട് നിരത്തിയാൽ, സംഭവിച്ചത് എന്തൊക്കെയെന്ന് വ്യകതതപ്പെടുത്തിയാൽ, വ്യക്തിപരിസരങ്ങളെ ചൂണ്ടിക്കാട്ടിയാൽ അത് ജീവചരിത്രമാകില്ലെന്ന് വിശ്വസിക്കുന്ന തരത്തിലാണ് മുന്നോട്ടുപോയത്. പ്രസ്തുത വ്യകതിയുടെ ആത്മബോധത്തെ ഉരുത്തിരിയിക്കുന്ന എല്ലാ മൂലകങ്ങളും അതിന്റെ ഹേതുക്കൾ ചൂണ്ടിക്കാട്ടി നിലനിർത്തുകയെന്നതാണ് ജീവചരിത്രമെന്ന സാഹിത്യസംഹിതയുടെ ധാർമ്മികബാധ്യതയെന്നത് ബോധ്യമായി. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവയെല്ലാം സമാഹരിച്ച്, ക്രോഡീകരിച്ച് ജീവിതകഥയെ അർത്ഥപൂർണ്ണമായി നിലനിർത്തുക എന്ന തത്വത്തിലേയ്ക്ക് പ്രവേശിച്ചു.
അങ്ങനെ വരുമ്പോൾ അതിനെ നിശ്ചയിച്ചെടുക്കുന്ന ഭാഷയ്ക്കുമുണ്ട് പ്രാധാന്യമുള്ള പങ്ക്. ജീവിതം തളിർത്തുവരുന്ന ഘട്ടത്തിൽ പ്രവേശംചെയ്ത പദവ്യൂഹങ്ങളല്ല നിരന്തരമായ പോരാട്ടങ്ങളിലൂടെ ഉച്ചസ്ഥായിയിലെത്തിക്കഴിഞ്ഞ വ്യക്തിസ്വരൂപത്തിന് ഇണങ്ങുന്നതെന്ന് തിരിച്ചറിഞ്ഞു. കേരളത്തിന്റെ സാഹിത്യ- സാമൂഹ്യരംഗത്ത് മുദ്രിതമായിക്കഴിഞ്ഞ ഒരു വ്യക്തിത്വത്തിന് അവരുടെ ആത്മഭാഷയ്ക്ക് ഇണങ്ങുന്ന വിനിമയസങ്കേത്തിലാണ് അസ്തിത്വമുണ്ടാവുകയെന്ന യാഥാർത്ഥ്യവുമായി പങ്കുചേർന്നു. ഘനവും മുറുക്കവും കൂടിവന്ന ജീവിതത്തിലേയ്ക്ക് ഭാഷയെയും അനുനയിപ്പിച്ചെടുത്തു.
ഇങ്ങനെയൊക്കെയുള്ള പരിണാമങ്ങൾക്ക് അനുസൃതമായാണ് സാറാ ജോസഫ് എന്ന അപൂർവ്വ വ്യക്തിത്വത്തിന്റെ കഥ പൂർത്തീകരിച്ചെടുത്തത്. അവരുടെ സാഹിത്യസമർപ്പണങ്ങൾ, സാമൂഹികവിപ്ലവങ്ങൾ, പരിസ്ഥിതിപ്രവർത്തനങ്ങൾ, രാഷ്ട്രീയബോധ്യങ്ങൾ തുടങ്ങിയവയെല്ലാം നിരീക്ഷിച്ച് ഒപ്പമൊരിടത്ത് തുടർന്നുകൊണ്ടിരുന്ന സ്വകാര്യജീവിതവുമായി സമരസപ്പെടുത്തിക്കൊണ്ട് അക്കഥയിലേയ്ക്ക് ഞാനെത്തി. അവരുടെ പെൺകേന്ദ്രീകൃതമായ ബോധദർശനങ്ങളും ലിംഗസമത്വത്തിന് വേണ്ടിയുള്ള ആഹ്വാനങ്ങളും അതെല്ലാം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ പതിപ്പിച്ചെടുക്കാൻ കാണിച്ച ഇച്ഛാശക്തിയും സാഹസികമായിരുന്നു. അതുവരെയുള്ളതിനെയെല്ലാം തകിടംമറിക്കുന്ന പുതുശരികൾ സമൂഹത്തിൽ എറിഞ്ഞുപിടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ പലതരം പ്രതിസന്ധികളും മുന്നിലെത്തി. അതൊക്കെയും സധൈര്യം നേരിടുന്നതിന്റെ പ്രതിബദ്ധതയെ സ്ഥാനപ്പെടുത്തുകയെന്ന ദൗത്യം കൂടി ഈ ചരിത്രമെഴുത്ത് ഏറ്റെടുത്തു. നേടിയെടുത്ത അനുഭവങ്ങൾ സാഹിത്യ ഭാവുകത്വ നിർമ്മിതികളിൽ ശാക്തീകരിക്കപ്പെട്ടതും വിഷയമായി.

സമത്വത്തിനുവേണ്ടിയുള്ള നൈതികമുന്നേറ്റങ്ങൾ ഉത്തമമായ പദചലനങ്ങളിലേയ്ക്ക് അണയ്ക്കുന്നതിന്റെ വീര്യം അനന്യമായിരുന്നു. ഒരു സാധാരണസ്ത്രീ തന്റെ ജീവിതമുഖത്ത് പണിത അസാധാരണമായ പ്രതിരോധങ്ങളുടെ തീയരങ്ങിനെയായിരുന്നു ഞാൻ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ബ്രാഹ്മണാധിപത്യത്തിനെതിരെയും പുരുഷമേധാവിത്വത്തിനെതിരെയും കലഹിച്ചുകൊണ്ടുള്ള മുന്നോട്ടുപോകൽ. കനലിൽ ചവിട്ടിയ താളംകൊള്ളൽ. പ്രതിഭയുടെ നിലയ്ക്കാത്ത പ്രവാഹം. അതീവ ശ്രദ്ധയോടെ മിനുക്കിയെടുക്കേണ്ട എരിഞ്ഞുനിവരൽ. കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ സ്ത്രീയെന്ന അടയാളമുണ്ടെങ്കിൽ അതിലേറ്റവും ഉജ്ജ്വലയായി നിൽക്കുന്ന ഒരാൾ റദ്ദു ചെയ്യപ്പെടില്ലെന്ന ഉറപ്പിച്ചെടുക്കൽ.
‘സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളിൽ’ എന്ന ജീവചരിത്രത്തിന്റെ ഇലസ്ട്രേഷനിൽ ഇതെല്ലാം ലയിച്ചുചേർന്നുവോ എന്ന് തീർച്ചപ്പെടുത്തേണ്ടത് വായനക്കാരാണ്.

