സർഗ്ഗശക്തിയുടെ
ഭാസുരത

നല്ല കഥകൾ രചിക്കാൻ എല്ലാവർക്കും കഴിയുമെന്ന മൂഢധാരണയുടെ വേരറുക്കാൻ ചെറുകഥയുടെ വികാസം ശക്തമായിട്ടുണ്ട് എന്ന് എഴുതുന്നു എം. ലീലാവതി. റാണി നാരായണന്റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘ഗുലാൻ പെരിശ്’ എന്ന കഥാസമാഹാരത്തിന് എഴുതിയ അവതാരിക.

ചെറുകഥ എന്ന സാഹിത്യശാഖയ്ക്ക് ഇന്ത്യൻ സാഹിത്യത്തിൽ പഴയ കാലത്തുതന്നെ പ്രതിഷ്ഠ കിട്ടിയിരുന്നെങ്കിലും (പഞ്ചതന്ത്രകഥകൾ പോലെ) അവയിലേറെയും ബാല്യഘട്ടത്തെ അഭിസംബോധന ചെയ്യുന്നവയായിരുന്നു. ആ അവസ്​ഥ പോയി ഏറ്റവും ഗൗരവപ്പെട്ട ശാഖയായി വളർന്നത് സമീപകാലത്താണ്. മലയാളത്തിൽ ഒരമ്പതു കൊല്ലത്തിനുള്ളിൽ ഈ ശാഖയ്ക്കുണ്ടായ വികാസം ഒരു ത്രിവിക്രമാവതാരം പോലെ അൽഭുതകരമാണ്. അതിന്ന് മനുഷ്യജീവിതത്തെ ശിവോന്മുഖമായി പരിണമിപ്പിക്കുന്നതിന് വാങ്മയകലയുടെ മറ്റേതു ശാഖയ്ക്കുമുള്ള ശക്തിയുണ്ടായിക്കഴിഞ്ഞിരിക്കുന്നു. നല്ല കഥകൾ രചിക്കാൻ എല്ലാവർക്കും കഴിയുമെന്ന മൂഢധാരണയുടെ വേരറുക്കാനും ചെറുകഥയുടെ വികാസം ശക്തമായിട്ടുണ്ട്.

റാണി നാരായണന്റെ കഥാസമുച്ചയം ആ വിഭാഗത്തിലുൾപ്പെടുന്നു. വിഷയങ്ങൾ, കഥാപാത്രങ്ങൾ, അവരുടെ ഭാഷണശൈലികൾ, വിഷയങ്ങൾക്കാസ്​പദമായ സ്​ഥല- കാലങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളിലുള്ള വൈചിത്ര്യങ്ങളും അതിനാലംബമായ വിജ്ഞാന വൈപുല്യവും ഈ കഥാസഞ്ചികയ്ക്കു തനതായ ഗാംഭീര്യമുണ്ടാക്കിയിരിക്കുന്നു.

‘റൂൾ ഓഫ് തേർഡ്സ്​’ എന്ന കഥയിൽ മനഃശാസ്​ത്രമെന്ന ഘടകത്തിന് ഒരു വൃക്ഷത്തിന്റെ അസ്​തിത്വത്തിൽ നാരായവേരിനെന്ന പോലെയുള്ള പ്രസക്തിയുണ്ട്.

ഹിന്ദുസ്​ഥാനി സംഗീതം പഠിച്ച അച്ഛൻ ഇട്ട ‘ദ്രുപദ’ എന്ന പേരുള്ള അതിസുന്ദരിയെ അവളുടെ കടമ്പഴിപ്പുറത്തുള്ള വീട്ടിൽ പാലക്കാട് നഗരത്തിൽ പഴമയെ വെടിഞ്ഞ് നാഗരിക സംസ്​ക്കാരത്തിൽ വളർന്ന കാർത്തി (കാർത്തികേയെൻ്റ പാതി) പെണ്ണു കാണാനെത്തി. ആ അഭൗമമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന സൗന്ദര്യത്തിൽ കണ്ണു തള്ളിപ്പോയി, പരിണയം നടന്നു. പത്തുകൊല്ലത്തിനുശേഷമുള്ള പരിണാമ വൈചിത്ര്യങ്ങളാണ് കഥയിലെ വിഷയം. അവളുടെ പോർട്രെയ്റ്റ് വരയ്ക്കാൻ മെഹ്റൂഫ് എന്ന ചിത്രകാരൻ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ദ്രുപദയുടെ പിറന്നാളിനുമുമ്പ് ചിത്രം മുഴുമിച്ചാൽ നന്നെന്നാണ് വ്യവസ്​ഥ. കണ്ണിന്റെ തിളക്കം രൂപത്തിൽ തെളിയിക്കലാണ് ഏറ്റവും ഒടുവിലേക്കു നീക്കിവെച്ച കൃത്യം. അത് അയാൾ പരമവിജയമാക്കി. ചിത്രത്തിന്റെ ‘തിരനീക്കൽ’ ക്രിയയുടെ അന്നു തന്നെ പരിണാമഗുപ്തിയുടെ അനാവരണവും നടക്കുന്നതിന്റെ വിചിത്രത ത്രിവിക്രമാവതാരം മഹാബലിയുടെ ശിരസ്സിൽ കാൽവെച്ച് താഴ്ത്തുന്നതു പോലെ വിസ്​മയകരമാക്കിയിരിക്കുന്നു. പത്തുകൊല്ലത്തിനിടയിലുള്ള സംഭവഗതികളുടെ ആസൂത്രണത്തിലാണ് മനഃശാസ്​ത്രത്തിനുള്ള പ്രസക്തി.

റാണി നാരായണൻ
റാണി നാരായണൻ

അച്ഛന്റെ നിര്യാണത്തിനുശേഷം കമ്പനിയുടമയായിത്തീർന്ന സമ്പന്നനാണ് കാർത്തി. അമ്മയും അനിയനുമുണ്ട്. അമ്മയുടെ പൂർണ്ണസമ്മതത്തോടെ ദ്രുപദയേയും കമ്പനിയുടെ നടത്തിപ്പിൽ പങ്കാളിയാക്കി. അവൾക്ക് സൗന്ദര്യം മാത്രമല്ല നിയതി നല്കിയിരുന്നത്, അസാമാന്യമായ ബുദ്ധിശക്തിയും കൂടിയാണ്. അവൾ കമ്പനിയുടെ ചുമതലകൾ മുഴുവനുമായി കൈയടക്കാൻ അധികകാലമെടുത്തില്ല. എല്ലാം കമ്പനിയുടെ അടിക്കടിയുള്ള വളർച്ചയ്ക്കാണുതകുന്നതെന്നു കണ്ട അമ്മ അവൾക്കനുകൂലമായിരുന്നു. താൻ ആരുമല്ലാതായി മാറുകയാണെന്ന അപകർഷതാബോധം ഒരു രോഗമായി കാർത്തിയെ ബാധിച്ചു. ഒബ്സഷനൽ ന്യൂറോസിസ്​ എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മനോരോഗം. അവൾ അതും ഗ്രഹിച്ചിരുന്നു. ഒരച്ഛനാവാൻ ഏതു പുരുഷനും ഉണ്ടാകാവുന്ന ഇച്ഛയെ പത്തുകൊല്ലം ഗുളികപ്രയോഗം കൊണ്ട് വിഫലമാക്കിയ അവളെ, വിശ്വസുന്ദരിയായിട്ടും, പരിത്യജിക്കയല്ലാതെ തനിക്ക് മനഃശാന്തി കിട്ടാൻ വഴിയില്ലെന്ന തീരുമാനത്തിലെത്തിയ അയാൾ, ഒടുവിലൊരു കടുത്ത നിശ്ചയമെടുക്കുന്നു. ഈ നീരാളിപിടുത്തത്തിൽ നിന്ന് സ്വതന്ത്രനാവണം.

ചിത്രത്തിന്റെ ഉദ്ഘാടനവും പിറന്നാളും മേളിക്കുന്ന നാളിൽത്തന്നെ അവളുടെ മുഖത്തേക്ക് വെടി യുണ്ടയുതിർക്കും പോലെ ഉതിർക്കുവാനുള്ള വാക്കുകൾ അയാളുരുവിട്ടുവെച്ചിരുന്നു. വിവിാഹമോചനത്തിനുള്ള തീരുമാനം ചങ്ങമ്പുഴക്കവിതയിലെ (മോഹിനി) ‘അത്യ നഘമാമീമുഹൂർത്തത്തിലുത്തമേ! നീ മരിക്കണം’ എന്ന നിശ്ചയം പോലുള്ള ഒന്നായി തന്റെ പ്രഖ്യാപനം അവളെ ഇടിവെട്ടുപോലെ ബാധിക്കുന്ന ദൃശ്യം ഉൾക്കണ്ണിൽ അയാൾ തെളിഞ്ഞുകണ്ടിരുന്നു. ആ പ്രഖ്യാപനത്തിനു മുമ്പുണ്ടായ അവളുടെ പ്രഖ്യാപനം അയാളെ അസ്​തപ്രജ്ഞനാക്കി. ‘കാർത്തിയുടെ പണ്ടത്തെ ആഗ്രഹം പോലെ കാർത്തി ഒരച്ഛനാകാൻ പോകുന്നു. കഴിഞ്ഞ മാസം മുതൽ ഞാൻ പിൽസ്​ എടുത്തിരുന്നില്ല’- ഒടുവിൽ അതിലും അവൾ തന്നെയാണ് വിജയപ്പെരുമ്പറയടിയ്ക്കുന്നത്. കഥയുടെ പരിണാമ വൈരുദ്ധ്യം മാത്രമല്ല, അത് വിശ്വസനീയമാക്കിത്തീർക്കുന്ന ആഖ്യാന ചാതുരിയാണ് കഥയ്ക്കു തനിമയുടെ ഇനിമയരുളുന്നത്.

നിഷ്ഠൂരപുരുഷന്മാർ കുട്ടികളേയും ചെറുകന്യമാരേയും ബലാത്സംഗം ചെയ്യുന്ന കഥകൾ നാം നിരന്തരം കേട്ടുകൊണ്ടിരി ക്കുന്നു. അതിലുൾപ്പെട്ട അക്രമിയും ഇരയും മാത്രമേ പ്രായേണ കൊടുംകഥയിലെ കഥാപാത്രങ്ങളാകാറുള്ളൂ. കഥാപുരുഷന്റെ ജീവിതപങ്കാളിയുടെ പ്രതികരണമെന്തെന്ന് ആരുമേതും ആരാഞ്ഞുകാണാറില്ല.

തൈമൂർ എന്ന കഥയിലെ പരിണാമവൈരുധ്യവും അസാമാന്യമാണ്. ‘കോഴിപ്പോര്’ എന്ന ക്രൂരലീലയെപ്പറ്റി അറിവും അടുത്ത പരിചയവുമുണ്ടെങ്കിലേ അതുപോലൊരു കഥ കെട്ടിപ്പടുക്കാൻ കഴിയൂ. നിഷ്ഠൂരപുരുഷന്മാർ കുട്ടികളേയും ചെറുകന്യമാരേയും ബലാത്സംഗം ചെയ്യുന്ന കഥകൾ നാം നിരന്തരം കേട്ടുകൊണ്ടിരി ക്കുന്നു. അതിലുൾപ്പെട്ട അക്രമിയും ഇരയും മാത്രമേ പ്രായേണ കൊടുംകഥയിലെ കഥാപാത്രങ്ങളാകാറുള്ളൂ. കഥാപുരുഷന്റെ ജീവിതപങ്കാളിയുടെ പ്രതികരണമെന്തെന്ന് ആരുമേതും ആരാഞ്ഞുകാണാറില്ല. ‘തൈമൂർ’ എന്ന കഥയിൽ അതാണ് വിഷയം.

ചിത്രയെന്ന പെൺകുട്ടി ഡിഗ്രിക്കു പഠിക്കുമ്പോൾ അതും സ്വന്തം വീടുവിട്ട് ഗിരിയുടെ കൂടെ ഇറങ്ങിപ്പോയത് പ്രേമം അസ്​ഥികളിലും തലച്ചോറിലും പടർന്നുപിടിച്ചതു കൊണ്ടായിരിക്കണം. ആ ‘ചോറ്’ അന്നവൾ വേണ്ടുംപോലെ ഉപയോഗിച്ചില്ല. തൃശ്ശൂരിൽ ഗിരിയുടെ വീടിനടുത്തു നടത്തിയ കോഴിഫാം നഷ്ടത്തിലായി. ഡിഗ്രിയെടുത്തിരുന്നെങ്കിൽ വല്ല പണിയും കിട്ടിയേനേ എന്ന വിജ്ഞാനം വന്നെത്തുമ്പോഴേക്ക് ഏറെ വൈകിക്കഴിഞ്ഞിരുന്നു. തമിഴ്നാട്ടിലെ പോത്തുഫാമിലും മറ്റും പോയ കണവൻ തിരിച്ചെത്തിയത് പോരുകോഴികളെ വളർത്താനുള്ള തീരുമാനത്തോടെയാണ്. അവളേയും കൂട്ടി വേലന്താവളത്തിന്നടുത്തുള്ള ഒഴലപ്പതിയിലെത്തി. ‘ചുടുകാടു പോലൊരിടം’. കാക്കി ദേഗ, മയിൽ ഇനം, കാക്കിനേമാളി ഇങ്ങനെയുള്ള ഇനങ്ങളെ ആന്ധ്രയിൽ നിന്നും, അസീലുകളെ തമിഴ്നാട്ടിൽ നിന്നും വാങ്ങി വളർത്തി. പോരുകോഴികളെ വീരശൂരന്മാരാക്കി വളർത്തുന്നതിന്റെ തന്ത്രങ്ങളെല്ലാം ചിത്രയും പഠിച്ചു. നാലുകൊല്ലത്തിനുള്ളിൽ പോരുകോഴികളുടെ കണ്ണിലെ ക്രൂരത ഗിരിയുടെ കണ്ണുകളിലും അവൾ കണ്ടു. കോഴിക്കോട്ടുള്ള ഒരാൾക്ക് ദേഗക്കോഴിയെ വിൽക്കുന്നതിനെന്നും, രണ്ടുനാൾ കഴിഞ്ഞുവരുമെന്നും പറഞ്ഞുപോയ അയാൾ പിറ്റേന്നുതന്നെ തിരിച്ചെത്തി. ഒരാഴ്ചയ്ക്കുശേഷം വീട്ടിന്നു മുന്നിൽ വന്നുനിന്നത് ഒരു പോലീസ്​ ജീപ്പ്. ഗിരിയെ അവർ പിടിച്ചുകൊണ്ടു പോയി. പിറ്റേന്നു പത്രത്തിൽ നിന്നാണ് വാർത്തയറിഞ്ഞത്. 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് മൃതപ്രായയാക്കി കുറ്റിക്കാട്ടിൽ തള്ളിയ കേസിലാണ് ഗിരി പ്രതിയായത്.

തൈമൂർ എന്ന കഥയിലെ പരിണാമവൈരുധ്യവും അസാമാന്യമാണ്. ‘കോഴിപ്പോര്’ എന്ന ക്രൂരലീലയെപ്പറ്റി അറിവും അടുത്ത പരിചയവുമുണ്ടെങ്കിലേ അതുപോലൊരു കഥ കെട്ടിപ്പടുക്കാൻ കഴിയൂ.
തൈമൂർ എന്ന കഥയിലെ പരിണാമവൈരുധ്യവും അസാമാന്യമാണ്. ‘കോഴിപ്പോര്’ എന്ന ക്രൂരലീലയെപ്പറ്റി അറിവും അടുത്ത പരിചയവുമുണ്ടെങ്കിലേ അതുപോലൊരു കഥ കെട്ടിപ്പടുക്കാൻ കഴിയൂ.

പോരുകോഴികളെ കാലിൽ ചെറിയ കത്തിയോ അള്ളെന്നു പേരുള്ള ആയുധമോ പിടിപ്പിക്കുന്ന വിദ്യ അവൾ പഠിച്ചിരുന്നു. ‘തൈമൂർ’ എന്ന ശൂരനെ അവൾ വളർത്തിയെടുത്തു. കേസു നടത്താൻ വേണ്ട പണമുണ്ടാക്കാൻ കോഴികളെ വളർത്തി വിറ്റു. പണം അയാളുടെ ജ്യേഷ്ഠനെ ഏല്പിക്കയല്ലാതെ അവൾ അയാളെ കാണാൻ ജയിലിൽ പോയില്ല. ആറുമാസത്തിന്നുശേഷം, നിർണ്ണായകമായ തെളിവില്ലെന്നതിൻ പേരിൽ ജയിലിൽ നിന്നു വിട്ട അയാളെ കൂട്ടാൻ അവൾ പോയില്ല. മറ്റെങ്ങും പോകാനില്ലാത്ത അയാൾ വീട്ടിലെത്തി. അവൾ അകന്നു നിന്നു. അയാൾ ബലപ്രയോഗത്തി നെത്തിയപ്പോൾ അലറിയത് ‘അടങ്ങിക്കിടക്ക്, നീയേ വെറും പെണ്ണാ’ എന്നാണ്.

വെറും പെണ്ണിന്റെ വീര്യം അയാൾ കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ– കത്തി കാലിൽ വെച്ചുകെട്ടിയിരുന്ന ശൂരൻ തൈമൂർ അതു കാട്ടിക്കൊടുക്കുന്നതിനുള്ള ഒരു ഉപകര ണമായി. വെറും പെണ്ണായിരുന്ന അവളെ അയാൾ ബലാൽസംഗം ചെയ്തപ്പോൾ ആ കുറ്റം അയാൾ ചെയ്തതു തന്നെയോ എന്ന ചോദ്യത്തിന്ന് അവൾക്ക് ഉത്തരം കിട്ടി.– ‘സംഗം’ കഴിഞ്ഞു തളർന്നു കിടക്കുന്ന അയാളുടെ ദേഹത്തിലേക്ക് കോഴിത്തീറ്റയിട്ട്, തൈമൂറിന്റെ കാലിൽ കത്തികെട്ടി വേണ്ടിടത്തു മുളകുപൊടിയും തേച്ച് അവന്റെ മേനിയിലേക്കു പറത്തിവിട്ടു. കോഴിപ്പോരിൽ, മനുഷ്യന്റെ കഴുത്തിലെ മുറിവുകളിൽ നിന്ന് ചോര ചീറ്റി... ഒരു വെറും പെണ്ണിന്ന് പേശീബലമുള്ള ആണിനെ പോരിൽ തോല്പിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന വീരചരിതമാണ് തൈമൂർ.

പഴയ കേരളചരിത്രം, ചുമരിൽ തൂക്കിയ ചിത്രങ്ങളിൽ നിന്ന് ഇറങ്ങിവന്ന കഥാപാത്രങ്ങൾ പറയുന്നു. ആ മാജിക്കൽ റിയാലിസമാണ് ‘തനിയാവർത്തനം’.

നെൽസൺ എന്ന കുട്ടി ചെല്ലിയും, പഴുതാരയും തേളും പോലുള്ള ജീവികളെ പിടിച്ച് സഞ്ചിയിലാക്കിക്കൊണ്ടുവന്ന് തന്നെ പരിഹസിക്കുന്നവരുടെ നേരെ പുറത്തുവിടുന്ന കളി യിലേർപ്പെടുക പതിവായിരുന്നു. അവന് പാമ്പുകളെ പിടിക്കാനുള്ള വിദ്യകളും അറിയാമായിരുന്നു. എങ്കിലും ഒമ്പതാം ക്ലാസ്സിലെത്തിയപ്പോഴേയ്ക്ക് അവന്റെ സാഡിസം കുറഞ്ഞു. പഠിപ്പിൽ മനസ്സുവെച്ചു തുടങ്ങി. ഒമ്പതാം ക്ലാസ്സിലെ അവസാന മാസത്തിലൊരുനാൾ ക്ലാസ്സിൽ സംസാരിച്ചതിൻ പേരിൽ സാർ അവനും കൂട്ടുകാരനും നല്ല അടി കൊടുത്തു. പിറ്റേന്ന് സാറിന്റെ ഉച്ചഭക്ഷണം വെച്ച സഞ്ചിയിൽ ഒരു നീർക്കോലി, അത് നെൽസൺ വെച്ചതുതന്നെ എന്നതിലാർക്കും സംശയമില്ല. അവനെ ടി.സി. കൊടുത്തു ഇറക്കിവിട്ടു അധികൃതർ. പിന്നെ അവനെവിടെപ്പോയി എന്നാർക്കും അറിവില്ല. അയാൾ ബാഗ്ലൂരിൽ ഒരു ബന്ധുവീട്ടിൽ താമസിച്ചു പഠിച്ചു. സ്​കോളർഷിപ്പു കിട്ടി വിദേശത്തുപോയി പഠിച്ചുയർന്നു. ഡാർവിനോടുള്ള ആദരം കൊണ്ട് ചാൾസ്​ നെൽസനെന്നു പേരും മാറ്റി. ധ്രുവപ്രദേശത്തു കണ്ടെത്തിയ പുതിയ സ്​പീഷീസിന്നു മലയാളി ശാസ്ത്രജ്ഞന്റെ പേരിട്ട വാർത്ത ചില്ലിട്ടു വെച്ചിരിക്കുന്ന വീട്ടിൽ എത്തിയ പഴയ കൂട്ടുകാരൻ കണ്ടെത്തുന്നു, ഡോക്ടർ ചാൾസ്​ നെൽസൺ തന്റെ പഴയ സുഹൃത്തല്ലാതെ മറ്റാരുമല്ലെന്ന്. സാറിന്റെ സഞ്ചിയിൽ പാമ്പിനെ വെച്ചത് താനല്ലായിരുന്നുവെന്ന സത്യം കൂട്ടുകാരൻ കേൾക്കുന്നു.

അന്യോന്യം ബന്ധമില്ലാത്ത മേഖലകൾ, ഫസ്റ്റ്– ഹാൻ്റ്– ഇൻഫർമേഷനാണോ, ഇൻ്റർനെറ്റു പോലുള്ള വിജ്ഞാനശേഖരങ്ങളിൽ നിന്ന് ശേഖരിക്കുന്നവയാണോ എന്നത് ‘കഥാരസനിഷേവണ’ത്തെ ബാധിക്കുന്ന വസ്​തുതയല്ല

വനം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ മകളായിപ്പിറന്ന നീലിമയ്ക്ക് വനനീലിമയോടുണ്ടായിരുന്നത് അതിഗാഢമായ ആത്മീയപ്രണയമാണ്. പത്തിൽ പഠിക്കുമ്പോൾ അച്ഛൻ നിര്യാതനായി. അവളുടെ ജീവിതം വനപരിസരങ്ങളിൽ നിന്നും നഗരത്തിലേക്കു പറിച്ചു നട്ടു. പക്ഷേ ‘പഴകിയ തരുവല്ലി’ ബന്ധവും പുഴയൊഴുകുംവഴിയും വേറെയാക്കാമെങ്കിലും മനസ്വിമാരുടെ മനസ്സ് ഒന്നിലൂന്നിയാൽ പറിച്ചു നടാവതല്ലെന്നു കവി പാടിയിട്ടുള്ളതു സത്യം തന്നെ (ലീല– ആശാൻ). വനസാന്നിധ്യത്തിനായി അവളുടെ അന്തശ്ചേതന കേണുകൊണ്ടിരുന്നു. ആദിവാസി വർഗ്ഗത്തിൽപ്പെട്ട കാശിയെന്ന പയ്യൻ മരങ്ങളുടെ പേരുകളും വിശേഷങ്ങളും പറഞ്ഞുകൊടുത്ത് അവളെ പ്രബുദ്ധയാക്കിയിരുന്നു. അവൾ പഠിച്ചുകഴിഞ്ഞ് വിവാഹം ചെയ്തു വർഷങ്ങൾ പിന്നിട്ടിട്ടും കാടിന്റെ വിളി അവളെ അലട്ടിക്കൊണ്ടിരുന്നു. സ്​നേഹവാനായ ഭർത്താവിനോട് അവൾ ആവശ്യപ്പെട്ടത് നഗരത്തിൽ നിന്നകലെ ഒരു തരിശുഭൂമി വാങ്ങണമെന്നാണ്. അവിടെ ഒരു കാടു വളർത്തണം. ദല്ലാളുകൾ കാട്ടിക്കൊടുത്ത പല സ്​ഥലങ്ങളും അവൾക്കു ബോധിച്ചില്ല. ഒടുവിൽ തൂതപ്പുഴയുടെ തീരത്ത് ഒരു മൂന്നേക്കർ സ്​ഥലം കണ്ടെത്തി. അവൾക്കിഷ്ടമായി. വനേപ്രമം മുഴുത്ത മറ്റൊരാൾ അതിനടുത്തു വസിക്കുന്നുണ്ടായിരുന്നു. അയാളും വനം വെച്ചുപിടിപ്പിച്ചിരുന്നു. ഏജൻ്റ് അയാളെ പരി ചയപ്പെടുത്തി. പഴയ കാശിയാണ് അയാളെന്ന് ഒറ്റനോട്ടത്തിൽ അവൾ തിരിച്ചറിഞ്ഞു. വളർന്നു കഴിഞ്ഞിരുന്ന പഴയ നീലിമയെ അയാൾ തിരിച്ചറിഞ്ഞില്ല. ‘പാരമിഷ്ടജനരൂപമോരുവാൻ /നാരിമാർക്കുനയനം സുസൂക്ഷ്മമാം’ എന്നു കവി പാടിയതിന്റെ അനുരണനം കൂടി വനാതുരതയിൽ കേൾക്കാം (നളിനി–ആശാൻ).

പാറക്കോടൻ ലാസർ, കുടിയും പെൺപിടിയുമായി ഒരു കാളക്കൂറ്റനെപ്പോലെ മദിച്ചു നടന്നവൻ. ആറടിപ്പൊക്കവും കരുത്തുമുള്ള അവന് പല പെണ്ണുങ്ങളിലുമായി പൊക്കമുള്ള മക്കളുമുണ്ടായി. ‘തന്തപ്പിടിയാൻ’ എന്ന് അയാളെ വിളിക്കുന്നവനും കുടിയനുമായ കൂമൻ ബെന്നി ഉയരം കുറഞ്ഞവൻ, അഞ്ചടിക്കാരൻ. അയാൾ കോരയെന്നു വിളിപ്പേരുള്ള അരുൺ ഗംഗാധരൻ, പറക്കോടന്റെ സന്തതിയാണെന്ന് വിളിച്ചു പറഞ്ഞതും, താൻ ഇഷ്ടപ്പെട്ട പെണ്ണിനെ വളച്ചെടുത്തതും കോരയ്ക്ക് അഥവാ ഗംഗാധരപുത്രന് അവനോടേറ്റുമുട്ടാൻ കാരണമായി. കഠിനമർദ്ദനമേറ്റ് തുറിച്ച കണ്ണോടെ, കാറ്റുപോയെന്ന മട്ടിൽ കിടന്ന ‘ഇര’ എഴുന്നേറ്റ് ‘തള്ളയോടുടക്കാൻ നിക്കണ്ട; വേറാരോടും പറഞ്ഞിട്ടില്ല’ എന്നു വിളിച്ചുപറഞ്ഞെങ്കിലും കോര നാടു വിട്ടു. വളരെ ദൂരെ ഒരിടത്തു ഹോട്ടൽ കച്ചവടവുമായിക്കഴിയുമ്പോൾ പഴയ കൂമൻ ഒരുനാൾ എത്തുന്നു. പ്രതികാരത്തിനൊന്നുമല്ല. സൗഹൃദത്തോടെ പറയുന്നു, ‘പറക്കോടൻ ലാസർ മരിച്ചു, ശാരദാമ്മേം ഗംഗാധരൻ മാഷേം കൂട്ടി ഒരിക്കെ വാ’.
പരിണാമരമണീയത!

എല്ലാ കഥകളുടേയും ഉള്ളടക്കം എന്തെന്ന് കഥ വായിച്ചുതന്നെ അറിയുക. വിഷയങ്ങളുടെ വൈവിധ്യവും പരിണാമ വൈചിത്ര്യങ്ങളും സൂചിപ്പിക്കാനാണ് ചിലതിന്റെ കാതലിലേക്ക് ചൂണ്ടിയത്. കഥകളുടെ ഹൃദയംഗമതയ്ക്കു കാരണം ഇതിവൃത്തങ്ങൾ മാത്രമല്ല. വിഷയത്തോടു തികച്ചും ചേർന്നുപോകുന്ന ഭാഷാശൈലി; കഥാപാത്രങ്ങളുടെ ഭാഷണശൈലി എന്നിവയ്ക്കുള്ള വ്യത്യസ്​തതയും സ്വാഭാവികതയും കൂടിയാണ്.

പോരുകോഴികളെ വീരശൂരന്മാരാക്കി വളർത്തുന്നതിന്റെ തന്ത്രങ്ങളെല്ലാം ചിത്രയും പഠിച്ചു. നാലുകൊല്ലത്തിനുള്ളിൽ പോരുകോഴികളുടെ കണ്ണിലെ ക്രൂരത ഗിരിയുടെ കണ്ണുകളിലും അവൾ കണ്ടു.

മനുഷ്യരുടെ മനസ്സുകൾക്കുള്ള അൽഭുതാവഹഗതിവിഗതികളുടെ രഹസ്യങ്ങളിലേക്കും പോരുകോഴികളെ വളർത്തുന്നതും വിപണനം ചെയ്യുന്നതും പോലെ അത്യസാധാരണമായ, കുറച്ചൊക്കെ അകേരളീയമായ ജീവിതമണ്ഡലങ്ങളിലേക്കും, കാട്ടിലെ മരങ്ങളുടെ രഹസ്യങ്ങളിലേക്കും, തെമ്മാടികളും കുടിയന്മാരുമായ കുറെ താണതരം മനുഷ്യരുടെ കെട്ട ജീവിതങ്ങളുടെ ദുർഗന്ധങ്ങളിലേക്കും, കേരളത്തിലെ ചില ഭൂപ്രദേശങ്ങളുടെ ചരിത്രം, അവിടെ പാർത്തിരുന്നവരുടെ ജീവിതശൈലികൾ എന്നിവയിലേക്കും, മെച്ചുക, ഗുവാഹതി, അരുണാചൽ മുതലായ വിദൂരദേശങ്ങളിലെ സവി ശേഷതകളിലേക്കും, ഒപ്ടോജെനറ്റിക്സ്​ പോലുള്ള സാങ്കേതികജ്ഞാനം ആവശ്യമുള്ള വിഷയങ്ങളിലേക്കും സങ്കല്പവായുവിമാനത്തിലേറി സഞ്ചരിക്കാനുള്ള കഴിവ് കഥാകൃത്തിന്റെ വിപുലമായ വൈജ്ഞാനിക സജ്ജീകരണത്തിനു തെളിവുതരുന്നു.

അന്യോന്യം ബന്ധമില്ലാത്ത മേഖലകൾ, ഫസ്റ്റ്– ഹാൻ്റ്– ഇൻഫർമേഷനാണോ, ഇൻ്റർനെറ്റു പോലുള്ള വിജ്ഞാനശേഖരങ്ങളിൽ നിന്ന് ശേഖരിക്കുന്നവയാണോ എന്നത് ‘കഥാരസനിഷേവണ’ത്തെ ബാധിക്കുന്ന വസ്​തുതയല്ല. അറിവുകളെ അപ്രകാരം മറിമായങ്ങളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞെന്നു വരാം. എന്നാൽ കഥാപാത്രങ്ങളുടെ മനോലോകങ്ങളെയോ അവരുടെ പശ്ചാത്തലാനുസൃതമായ ഭാഷണശൈലിയേയോ അപ്രകാരം അടിച്ചെടുക്കാനാവില്ല. അത് സർജനശകക്തിയെന്ന അന്തരംഗസിദ്ധിതന്നെ യായേ മതിയാവൂ. അതുപോലെതന്നെയാണ് സംഭവങ്ങളെ പരിണാമ വൈചിത്ര്യ- വൈരുദ്ധ്യ–രമണീയതകളോടെ സംവിധാനം ചെയ്യുന്ന ഭാവനാ സിദ്ധിയും. ഭാവനയുടേയും, ഭാഷണശൈലിയുടേയും ഭാഷാവൈദഗ്ധ്യത്തിന്റെയും ഭാസുരതയുടെ പേരിൽ കഥാകൃത്തിന്റെ നാമധേയം അന്വർത്ഥമായിരിക്കുന്നതിൽ അഭിനന്ദനങ്ങളോടെ…

(ലോഗോസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന റാണി നാരായണന്റെ ‘ഗുലാൻ പെരിശ്’ എന്ന കഥാസമാഹാരത്തിന് എഴുതിയ അവതാരിക. ഈ സമാഹാരത്തിലെ മൂന്ന് കഥകൾ ​ട്രൂകോപ്പി വെബ്സീനിൽ പ്രസിദ്ധീകരിച്ചവയാണ്).


Summary: Introduction by M. Leelavathi to Rani Narayanan's collection of stories 'Gulan Perish', published by Logos Books.


എം. ലീലാവതി

അധ്യാപിക, സാഹിത്യ നിരൂപക, പ്രഭാഷക. ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ- ഒരു പഠനം, മലയാള കവിതാ സാഹിത്യ ചരിത്രം, കവിതയും ശാസ്ത്രവും, ജി.യുടെ കാവ്യജീവിതം, ഭാരതസ്ത്രീ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments