ഡാനിയേൽ കെൽമാൻ, എം. മഞ്ജു.

ജനപ്രിയ കഥയുടെ
വിഭ്രമ യാഥാർത്ഥ്യങ്ങൾ

2025-ലെ വായനയിലെ ശ്രദ്ധേയ പുസ്തകമായി എം. മഞ്ജു തെരഞ്ഞെടുക്കുന്നു: ഡാനിയേൽ കെൽമാന്റെ (Daniel Kelhman) നോവൽ ‘യു ഷുഡ് ഹാവ് ലെഫ്റ്റ്’ (You should have left).

വാക്കുകൾക്ക് മൂർച്ച നഷ്ടപ്പെടുന്നതെപ്പോഴാണ്? ജീവിതത്തിന്റെ സന്ദിഗ്ദധതകളിൽ കുടുങ്ങിക്കിടന്നാൽ അവ അരങ്ങളൊതുങ്ങി വെള്ളാരങ്കല്ലുപോൽ മിനുത്തുപോകും. ആലങ്കാരികതയുടെ ദുർമേദസ്സു പേറി സ്വയം നഷ്ടപ്പെട്ട് കോമാളിത്തമായി മാറും. കഥയ്ക്കുവേണ്ടി കഥ മെനയുമ്പോൾ കാണുന്നതെല്ലാം കഥയിലേക്ക് തിരുകി വേണ്ടതും വേണ്ടാത്തതുമെല്ലാം കഥയിലെ കാഴ്ചകളാക്കി മാറ്റേണ്ടിവരും. കച്ചവട എഴുത്തിന്റെ സാധാരണത്വങ്ങളെ മറികടന്ന് എഴുത്തിനെ ഭ്രമാത്മകമായ ഒരു പ്രലോഭനമായി കണ്ടെടുക്കുമ്പോൾ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കേണ്ടിവരുന്ന ഒരുവന്റെ കഥയാണ് ജർമ്മൻ നോവലിസ്റ്റ് ഡാനിയേൽ കെൽമാന്റെ (Daniel Kelhman) ‘യു ഷുഡ് ഹാവ് ലെഫ്റ്റ്’ (You should have left)

ജനപ്രിയ തിരക്കഥാകൃത്താണ് കഥയിലെ നായകൻ. എല്ലാ ഭൗതിക സൗഭാഗ്യങ്ങളും എഴുത്തിൽ നിന്നയാൾക്കു കിട്ടുന്നുണ്ട്. മലമേലെയുളള അവധിക്കാല വസതിയിൽ താമസിച്ച് തന്റെ പുതിയ തിരക്കഥ പൂർത്തിയാക്കാനുള്ള തത്രപ്പാടിലാണയാൾ. ഭാര്യയും നാലു വയസ്സുകാരി മകളും അയാൾക്കൊപ്പമുണ്ട്. താമസിക്കാൻ തെരെഞ്ഞെടുത്തത് വിചിത്രമായ ഒരു വീടാണെന്ന് മലയടിവാരത്തിലെ പലചരക്കു കടക്കാരനിൽ നിന്നയാൾ അറിയുന്നു. അവിടെ താമസിക്കാനെത്തി പാറയിടുക്കുകളിൽ വീണു പോകുന്ന മനുഷ്യരെ ക്കുറിച്ചും, മുൻപ് അവിടെയുണ്ടായിരുന്ന പഴയ വീടിനെക്കുറിച്ചുമൊക്കെ അയാളോട് കച്ചവടക്കാരൻ പറയുന്നുണ്ട്. 'ഒഴിഞ്ഞുപോകൂ' എന്നാക്രോശിക്കുന്ന വിചിത്ര വേഷധാരിയായ ഒരു വൃദ്ധയെ വഴിയിൽ കാണുന്നുണ്ടായാൾ.

ചില ഘട്ടങ്ങളിൽ, ഖണ്ഡികകളും വാക്യങ്ങളും പെട്ടെന്ന് അവസാനിക്കുന്നു. വിവരണത്തിനുമദ്ധ്യേ, വിരാമ ചിഹ്നങ്ങളില്ലാതെ. മൂന്നു തവണയാണ് ബുക്കർ നാമനിർദ്ദേശ പട്ടികയിൽ കെൽമാൻ സ്ഥാനം പിടിച്ചത്.

ജീവിതത്തിലെ അസ്വാരസ്യങ്ങൾ എഴുത്തിന്റെ ഇഴമുറുക്കുമെന്നുപോലുമയാൾ കരുതുന്നുണ്ട്. അയാളുടെ എഴുത്തിന്റെ ജനപ്രിയത ജീവിതത്തെ ആഡംബര പൂർണ്ണമാക്കുന്നുണ്ടെങ്കിലും അത് കലയാണെന്നയാളുടെ ഭാര്യ അംഗീകരിക്കുന്നില്ല. തന്റെ മാത്രം വരുമാനത്തിൽ കുടുംബം പുലരുമ്പോഴും ഭാര്യ നടത്തുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങൾ അയാളെ പ്രകോപിപ്പിക്കുന്നുണ്ട്. എഴുതാനായി ഇരിക്കുന്ന ലിവിങ് റൂമിന്റെ ജനാലച്ചില്ലിൻമേൽ ആ മുറിയിലെ എല്ലാ സാധനങ്ങളും പ്രതിഫലിക്കുമ്പോഴും താൻ മാത്രമവിടെയില്ലെന്നയാൾ കാണുന്നു. അതുമൊരു സ്വപ്നമാണോയെന്നയാൾ സന്ദേഹിക്കുന്നുണ്ട്. വിചിത്രമായ സ്വപ്നങ്ങളും അനുഭവങ്ങളും അയാളുടെ മനസ്സാന്നിധ്യം നഷ്ടപ്പെടുത്തുന്നുണ്ട്. സ്വന്തം ജീവിതത്തിലെ അസംതൃപ്തികളും ഭാര്യയുമാ യുള്ള പൊരുത്തക്കേടുകളും വാഗ്വാദങ്ങളുo എന്തിന് അവളുടെ കാമുകനുമായുളള പ്രണയ സല്ലാപങ്ങൾ പോലും ഒരുവരി ചോർന്നു പോകാതെ അയാൾ തന്റെ കഥയില്ലാകഥയിൽ ചേർത്തുവെക്കുന്നുണ്ട്. ഭാര്യ ഉപേക്ഷിച്ചുപോയ വീടിന്റെ വൈചിത്ര്യങ്ങളിൽ നിന്ന് കുഞ്ഞുമായി രക്ഷപെടാൻ പലതവണ അയാൾ ശ്രമിക്കുന്നുണ്ട്. അപ്പോഴെല്ലാം അയാൾ ആ മുറിയുടെ അസന്ദിഗ്ധതയിലേക്ക് വീണ്ടും വീണ്ടും വലിച്ചെറിയപ്പെടുകയാണ്. യാഥാർത്ഥ്യമെന്നാൽ വെറും തീർപ്പുകളല്ലയെന്ന തിരിച്ചറിവിലേക്കയാൾ പതുക്കെപ്പതുക്കെ എത്തിച്ചേരുകയാണ്.

ഈ അന്വേഷണത്തിലൂടെ ഡാനിയേൽ കെൽമാൻ നമ്മളോടു ചോദിക്കുന്നു, യാഥാർത്ഥ്യം എന്താണ്? എന്തിനെയാണ് യാഥാർത്ഥ്യമായി പരക്കെ അംഗീകരിക്കപ്പെടുന്നത്? ഒരു അനുഭവം യാഥാർത്ഥ്യമായി കണക്കാക്കാൻ അത് സർവ്വസമ്മതമായിരിക്കേണ്ടത് ആവശ്യമാണോ? വിശ്വസനീയമായി തോന്നുന്നതെന്തും വിശദീകരിക്കാൻ കഴിയണോ? അങ്ങനെയെങ്കിൽ ഭ്രാന്ത്, അതിശയോക്തി, മൂഢവിശ്വാസങ്ങൾ എന്നിവയെല്ലാം യാഥാർത്ഥ്യത്തിന്റെ കളളികളിൽ ചേർത്തു വെയ്ക്കാനാവുമോ നമുക്ക് ഇതുവരെ ബോദ്ധ്യമാകാത്ത കാര്യങ്ങൾക്ക് ലിറ്റററി റിയാലിറ്റിയുടെ അതിർത്തികൾക്കുള്ളിൽ സ്ഥാനമുണ്ടോ?

കച്ചവട എഴുത്തിന്റെ സാധാരണത്വങ്ങളെ മറികടന്ന് എഴുത്തിനെ ഭ്രമാത്മകമായ ഒരു പ്രലോഭനമായി കണ്ടെടുക്കുമ്പോൾ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കേണ്ടിവരുന്ന ഒരുവന്റെ കഥയാണ് ജർമ്മൻ നോവലിസ്റ്റ് ഡാനിയേൽ കെൽമാന്റെ (Daniel Kelhman) ‘യു ഷുഡ് ഹാവ് ലെഫ്റ്റ്’ (You should have left)
കച്ചവട എഴുത്തിന്റെ സാധാരണത്വങ്ങളെ മറികടന്ന് എഴുത്തിനെ ഭ്രമാത്മകമായ ഒരു പ്രലോഭനമായി കണ്ടെടുക്കുമ്പോൾ പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കേണ്ടിവരുന്ന ഒരുവന്റെ കഥയാണ് ജർമ്മൻ നോവലിസ്റ്റ് ഡാനിയേൽ കെൽമാന്റെ (Daniel Kelhman) ‘യു ഷുഡ് ഹാവ് ലെഫ്റ്റ്’ (You should have left)

കുട്ടിക്കഥകളിലെ യുക്തിരാഹിത്യങ്ങളെപ്പോലും സഹിക്കാനാവാത്തയാളാണ് എഴുത്തുകാരനായ കഥാനായകൻ. മകളുടെ പ്രിയപ്പെട്ട കഥകളിലെ എലിക്കുഞ്ഞ് തിന്നിട്ടും തിന്നിട്ടും തീരാത്ത വെണ്ണക്കട്ടിയായ ചന്ദ്രനും, നിധികുംഭത്തിനു പിന്നാലെ പായാതെ നല്ല മനുഷ്യനാകാൻ ഉപദേശിക്കുന്ന കരടിക്കുട്ടനുമൊക്കെ അസംബന്ധമായി അയാൾക്കു തോന്നുന്നുണ്ട്. അടിവാരത്തിലെ കച്ചവടക്കാരൻ സമ്മാനിക്കുന്ന ട്രയാങ്കുലർ റൂളറിന്റെ (Triangular ruler) റൈറ്റ് ആംഗിളുകളുടെ (right angle) ആകെ തുക ഒരോ തവണ കണക്കാക്കുമ്പോഴും 90 ഡിഗ്രിക്കുമേലേയോ താഴെയോ ആയി നിൽക്കുന്നതു കണ്ട് എഴുത്തുകാരൻ പരിഭ്രാന്തനാവുന്നു. ചിലപ്പോളത് 80 കടക്കുന്നില്ല. മറ്റു ചിലപ്പോൾ 100-നു മേൽ. തിരോധാനങ്ങളുടെ ബ്ലാക് ഹോളുകൾ കൺമുന്നിലെ കാഴ്ചകൾക്കപ്പുറത്തെ ആഴവും പരപ്പുമാകാമെന്നും, തീർപ്പുകളിലല്ല, ആകസ്മികതകളിലാണ് റിയാലിറ്റി ചെന്നു ചേരുന്നതെന്നും ഇത്തരം അനുഭവങ്ങളിലൂടെ അയാൾക്ക് വ്യക്തമാകുന്നുണ്ട്.

ആരോ തെറ്റി അയച്ച സന്ദേശമെന്നു വിശ്വസിച്ച് ഭാര്യയുടെ ഫോണിന്റെ ചാറ്റ് ബോക്സ് തുറക്കുമ്പോൾ കാണുന്ന ശൃംഗാര സംഭാഷണങ്ങൾ എഴുത്തുകാരനെ വല്ലാതെ തളർത്തുന്നുണ്ട്. എന്നാലും അതിലെ സംഭാഷണങ്ങൾ ചോർന്നു പോകാതെ അയാൾ തന്റെ നോട്ടുബുക്കിൽ കച്ചവടക്കണ്ണോടെ പകർത്തി വെയ്ക്കുന്നുമുണ്ട്. പ്രായോഗികവാദിയായ അയാൾക്ക്, സാഹിത്യം ജീവിതത്തിന്റെ യാഥാർത്ഥ പരിസരങ്ങളോട് അടുത്തു നിൽക്കണമെന്ന കാഴ്ചപ്പാടാണുള്ളത്. രൂപകങ്ങളെ പലപ്പോഴുമയാൾ തള്ളിക്കളയുന്നുണ്ട്. “സൂര്യൻ മേഘങ്ങളെ പിൻതള്ളി മുന്നോട്ടു വന്നപ്പോൾ ആകാശം അസാധാരണവും വേദനാഭരിതവുമായ പ്രഭയാലുരുകി” എന്നെഴുതുകയും പിന്നീടതിലെ അലങ്കാരങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു. “കാറ്റാണ് മേഘങ്ങളെ നീക്കി സൂര്യനെ വെളിപ്പെടുത്തിയത്, അല്ലാതെ സൂര്യൻ മേഘത്തെ പിൻതള്ളിയതല്ല, ആകാശം ഉരുകുന്നുമില്ല” ഇങ്ങനെയാണ് അയാളതിനെ വിമർശിക്കുന്നത്.

എഴുതാൻ വേണ്ട പുസ്തകവും എഴുത്തു മേശയും, പുറത്തുകടക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടുമയാൾ ചെന്നുവീഴാറുള്ള ആ മുറിയും മാത്രമാണവിടെ അവസാനം അവശേഷിക്കുന്നത്- ഒരു പുതിയ തുടക്കത്തിന്റെ പ്രതീകം പോലെ.

സന്ദേഹിയായ എഴുത്തുകാരനാണയാൾ. എഴുതാൻ പരിശ്രമിക്കുമ്പോൾ വാടകവീട്ടിൽ നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളും അയാളുടെ യാഥാർത്ഥ്യ ബോധത്തിൽ വിള്ളലുണ്ടാക്കുന്നുണ്ട്. നോട്ട്ബുക്കിൽ അത്തരം കാര്യങ്ങൾ അയാൾ രേഖപ്പെടുത്തുന്നുമുണ്ട്, "ഇപ്പോൾ തന്നെ എന്തോ വിചിത്രമായി സംഭവിച്ചു..." പിന്നീട് ഭയങ്കരമായ സംശയത്തോടെ പ്രതികരിക്കുന്നു, "തെറ്റിദ്ധാര ണയാവാം... അങ്ങനെ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല."

കെൽമാന്റെ എഴുത്തിലെ വിചിത്രമായ വിവരണ രീതികൾക്ക് സമാന്തരമാണീ വിചിത്രസംഭവങ്ങളെന്നു തന്നെ പറയാം. ചില ഘട്ടങ്ങളിൽ, ഖണ്ഡികകളും വാക്യങ്ങളും പെട്ടെന്ന് അവസാനിക്കുന്നു. വിവരണത്തിനുമദ്ധ്യേ, വിരാമ ചിഹ്നങ്ങളില്ലാതെ. മൂന്നു തവണയാണ് ബുക്കർ നാമനിർദ്ദേശ പട്ടികയിൽ കെൽമാൻ സ്ഥാനംപിടിച്ചത്. മെഷറിങ് ദി വേൾഡ്, ടിൽ (TYLL) എന്നീ നോവലുകൾ അദ്ദേഹത്തിൻറെ ശ്രദ്ധേയമായ രചനകളാണ്.

താമസസ്ഥലത്തെ പഴയ വീടെങ്ങനെയാണ് ഇല്ലാതായത് എന്നതിനെക്കുറിച്ച് എഴുത്തുകാരന് ഉത്കണ്ഠയുണ്ട്. എഴുത്തുകാരന്റെ ഉത്കണ്ഠയ്ക്ക് ഇന്ദ്രജാലക്കാരൻ പണിത വീടിനെ ദൈവം തകർത്തതായിരിക്കാം, അതുമല്ലെങ്കിൽ ചെകുത്താൻ പണിതതിനെ ഒരു ഇന്ദ്രജാലക്കാരൻ ദൈവത്തിന്റെ സഹായത്തോടെ തകർത്തതായിരിക്കാം എന്നിങ്ങനെ ചില ആപേക്ഷികതകളാണ് പലചരക്കു കടക്കാരൻ മുന്നോട്ടുവെയ്ക്കുന്നത്. വില്ലേജ് ക്രോണിക്കിളിൽ അത് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് എഴുത്തുകാരനിലെ യഥാർത്ഥ്യവാദി തെരക്കുന്നുണ്ട്. ഉറുമ്പുകൾക്ക് പവർപ്ലാന്റുകളോ അഗ്നിപർവതങ്ങളോ എന്തെന്നറിയില്ല എന്ന തല തിരിഞ്ഞ ഒരുത്തരമാണ് അയാൾക്കു കിട്ടുന്നത്.

കെൽമാന്റെ എഴുത്തിലെ വിചിത്രമായ വിവരണ രീതികൾക്ക് സമാന്തരമാണീ വിചിത്രസംഭവങ്ങളെന്നു തന്നെ പറയാം. ചില ഘട്ടങ്ങളിൽ, ഖണ്ഡികകളും വാക്യങ്ങളും പെട്ടെന്ന് അവസാനിക്കുന്നു.
കെൽമാന്റെ എഴുത്തിലെ വിചിത്രമായ വിവരണ രീതികൾക്ക് സമാന്തരമാണീ വിചിത്രസംഭവങ്ങളെന്നു തന്നെ പറയാം. ചില ഘട്ടങ്ങളിൽ, ഖണ്ഡികകളും വാക്യങ്ങളും പെട്ടെന്ന് അവസാനിക്കുന്നു.

ആ പഴയ വീട് ഇല്ലാതായതു പോലെതന്നെ എഴുത്തിലും അടിമുടി ഒരു ഉടച്ചു വാർക്കലുണ്ടാകണം. ആ വീടും അതിന്റെ പരിസരവും ആ ഗ്രാമത്തിലെ വിചിത്രാനുഭവങ്ങളും അയാളെ ഇതുവരെ ഉള്ളതിനെയൊക്കെ നിഷേധിക്കാൻ പ്രേരിപ്പിക്കകയാണ്.

എന്നാൽ സാധാരണ ജീവിതത്തിന്റെ കംഫർട്ട് സോണിൽ നിന്നു കുതറിമാറാനുള്ള അയാളുടെ തത്രപ്പാടുകളാണ് മാനസിക വിഭ്രാന്തിയോളമെത്തിക്കുന്ന അനുഭവങ്ങളിലൂടെ കഥയിൽ തെളിഞ്ഞുവരുന്നത്. ഇനിയൊന്നും പഴയതു പോലെയാവില്ലയെന്നയാൾക്കറിയാം. എഴുതാൻ വേണ്ട പുസ്തകവും എഴുത്തു മേശയും, പുറത്തുകടക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടുമയാൾ ചെന്നു വീഴാറുള്ള ആ മുറിയും മാത്രമാണവിടെ അവസാനം അവശേഷിക്കുന്നത്- ഒരു പുതിയ തുടക്കത്തിന്റെ പ്രതീകം പോലെ. മുഴുകി ക്കാത്ത വാചകങ്ങൾ, രൂപകങ്ങൾ... എല്ലാം തന്നെ നോവലിന്റെ ഭാഷയെ പുതുക്കിപ്പണിയുന്നു. പിന്നെയും പിന്നെയും വായിക്കാനും വായനയിൽ പുതിയ അർത്ഥങ്ങൾ കണ്ടെത്താനും പ്രേരിപ്പിക്കുന്നു ഈ നോവൽ.


Summary: M Manju chooses Daniel Kelhman's novel You Should Have Left as her favorite book of the year 2025.


എം. മഞ്ജു

കഥാകാരി, നോവലിസ്റ്റ്. ലോത്തിൻ്റെ സന്തതി, ജലപ്പന്ത് (കഥ), ചുവന്ന പുണ്യാളൻ്റെ വിശുദ്ധസാക്ഷ്യങ്ങൾ (നോവൽ) എന്നിവ പ്രധാന പുസ്തകങ്ങൾ. കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സി.ഇ.ഒ.

Comments