എന്റെ പഞ്ചാര ഓറഞ്ച്മരം

ബ്രസീലുകാരനായ ഹോസെ മൗരോ ദേ വാസ്‌കോൺസെലോസ് എഴുതിയ My Sweet Orange Tree എന്ന നോവൽ ‘എന്റെ പഞ്ചാര ഓറഞ്ച് മരം’ എന്ന പേരിൽ മലയാളത്തിലിറങ്ങുകയാണ്​. 1968ലാണ് ആത്മകഥാംശമുളള ഈ നോവൽ ഇറങ്ങുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അതൊരു ക്ലാസിക്ക് ആയി. നിരവധി ലോക ഭാഷകളിൽ പരിഭാഷകൾ, ടി.വി. സീരിയലുകൾ, സിനിമ. ബ്രസീലിലെ സ്‌കൂളുകളിൽ പാഠപുസ്തകമായ നോവൽ. കവി കൂടിയായ വി.എം. ഗിരിജയാണ്​ മലയാളത്തിലേക്ക്​ വിവർത്തനം ചെയ്​തത്​. അവർ എഴുതിയ ആമുഖക്കുറിപ്പും നോവൽ ഭാഗങ്ങളും വായിക്കാം.

ന്റെ പഞ്ചാര ഓറഞ്ച്മരം എന്ന നോവലിന് അതെഴുതിയ ഹോസെ മൗരോ ദേ വാസ്‌കോൺസെലോസ് ഒരു ചെറിയ അർഥനീട്ട്, വാൽക്കഷണം വെച്ചു കൊടുത്തപ്പോൾ ‘വേദന കണ്ടുപിടിച്ച ഒരു ചെറിയ ആൺകുട്ടിയുടെ കഥ'എന്നായിരുന്നു അത്.

അതേ, വായനക്കാർക്കും വേദനയുടെ നുറുങ്ങുന്ന വഴികൾ പഠിക്കാം ഇതിലൂടെ.

വാസ്‌കോ ഡ ഗാമ ആദ്യം കോഴിക്കോട്ടുവന്ന്, പലപല സംഭവങ്ങൾ കഴിഞ്ഞു പോർച്ചുഗലിലേക്ക് തിരിച്ചുപോയത് അവിടെ ഉൽസവം പോലെ കൊണ്ടാടപ്പെട്ടു. പെദ്രോ അൽവാരിസ് കബ്രാൾ കമാണ്ടറായി അടുത്ത പട ഒരുങ്ങി -33 കപ്പലുകൾ, 1500 സൈനികർ. കൂടെ ബർത്തലോമിയോ ഡയസ്, നിക്കോളാസ് കൊയ്‌ലോ. അറബികളെ ഒഴിവാക്കി മുഴുവൻ കച്ചവടവും പോർച്ചുഗീസുകാർക്ക് എന്ന്​ സാമൂതിരിയെ നിർബന്ധിക്കണം എന്നായിരുന്നു ദൗത്യം. പക്ഷേ ആ യാത്ര ആദ്യം എത്തിപ്പെട്ടത് ബ്രസീലിൽ. ചെന്നു, കണ്ടു, കീഴടക്കി. വെറും ആറ് കപ്പലുകളുമായാണ് കബ്രാൾ പിന്നെ കോഴിക്കോട്ടേക്ക് പോയത്. പറഞ്ഞു വന്നത് ബ്രസീലിൽ പോർച്ചുഗീസ് ഭാഷ പരന്നതിന്റെ കഥ. അങ്ങനെയാണ് 1500 മുതൽ 1822 വരെ ബ്രസീൽ പോർച്ചുഗീസിന്റെ കോളനിയായത്.

ബ്രസീലുകാരനായ ഹോസെ മൗരോ ദേ വാസ്‌കോൺസെലോസ് പ്രശസ്തമായ തന്റെ നോവൽ, എന്റെ പഞ്ചാര ഓറഞ്ച് മരം (My Sweet Orange Tree/ Portuguese Original Title: Meu Pé de Laranja Lima) പോർച്ചുഗീസ് ഭാഷയിലാണ്​ എഴുതിയത്. 1968ലാണ് ആത്മകഥാംശമുളള ഈ നോവൽ ഇറങ്ങുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അതൊരു ക്ലാസിക്ക് ആയി എന്നു പറയാം. എത്രയോ ലോക ഭാഷകളിൽ പരിഭാഷകൾ, ടി.വി. സീരിയലുകൾ, സിനിമ. ബ്രസീലിലെ സ്‌കൂളുകളിൽ പാഠപുസ്തകമായ നോവൽ.

റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിലാണ് കഥ നടക്കുന്നത്. അഞ്ചു വയസു കഴിഞ്ഞ സെസേയാണ് കഥാനായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ, അനിയൻ ലൂയീസിനെ അവൻ കിങ് ലൂയിസ് എന്നു വിളിക്കുന്നു. ചേച്ചിമാരിൽ ഗ്ലോ എന്നു വിളിക്കുന്ന ഗ്ലോറിയയാണ് അവനെ എപ്പോഴും അടികളിൽ നിന്ന്​ രക്ഷിക്കുക. ചേട്ടൻ ടോട്ടോക്കയും മറ്റ് സഹോദരിമാരും അപ്പനും അമ്മയും... പക്ഷേ അപ്പന്റെ ജോലി പോയതിൽ പിന്നെ കഷ്ടപ്പാടും വിശപ്പും തന്നെ. എഡ്മുണ്ടോ മാമൻ, അമ്മാമ്മ എന്നിവർ തൊട്ടപ്പുറത്തുണ്ട്.

കഥയുടെ ഒരു പ്രധാന തിരിവ് ക്രിസ്​മസ്​ കാലത്താണ് നടക്കുന്നത്. ബൻഗുവിലെ കാസിനോവിന്റെ മുമ്പിൽ വെച്ച് പാവപ്പെട്ട പിള്ളേർക്ക് സമ്മാന വിതരണമുണ്ട്. സെസേ കുഞ്ഞനിയനെയും നടത്തി അതുവരെ പോകുന്നു. ചെറിയവന് കാല് വേദനിക്കുന്നു, സെസേക്ക് തന്നെ ആറ് വയസ്സായിട്ടില്ല. പിന്നല്ലേ. പക്ഷേ ഒന്നും കിട്ടിയില്ല. അതിനു പകരം, അനിയനോടുള്ള സ്‌നേഹം മൂലം തന്റെ മരക്കുതിര പുതുതാക്കി അവൻ അനിയന് കൊടുക്കും.
""ടോട്ടോക്ക?''
""എന്താടാ''.
""ക്രിസ്​മസ്​ അപ്പൂപ്പന്റെ കയ്യിൽ നിന്ന്​ നമുക്ക് യാതൊന്നും കിട്ടില്ലേ?''
""കിട്ടുംന്ന് തോന്നുന്നില്ല''.
""ടോട്ടോക്ക, എന്നോട് സത്യം പറ. എല്ലാവരും പറയും പോലെ ഞാൻ വികൃതിയും ചീത്തയുമാണോ''.
""അത്ര ചീത്തച്ചീത്തയൊന്നുമല്ല. നിന്റെ ചോരയിൽ സാത്താനുണ്ട് എന്ന് മാത്രം.''
""ക്രിസ്തുമസ് വരുമ്പോഴെങ്കിലും അത് ഇല്ലാതായാ മതിയായിരുന്നു. മരിക്കുംമുമ്പ്, ഏറ്റവും കുറഞ്ഞത് ഒരിക്കലെങ്കിലും സാത്താൻ കുട്ടിയല്ലാതെ ഉണ്ണിയേശു എന്റെ ഹൃദയത്തിൽ ജനിക്കണം എന്നാ എന്റെ ആശ''

മുതിർന്നവർ ചീത്ത പറഞ്ഞു തകർത്ത ഹൃദയമുള്ള, മിടുക്കനും വികൃതിയുമായ ആ കൊച്ചു കുഞ്ഞിന്റെ വേദന നമ്മെ അലിയിക്കും. ക്രിസ്​മസ്​ ദിവസം അവർക്ക് മാത്രം വേദന: അവൻ സമ്മാനത്തിന് വേണ്ടി വെച്ച ഷൂ നോക്കാൻ ഓടുകയാണ്.

""ഉണർന്ന ഉടനേ ഞാൻ ടോട്ടോക്കയെ വിളിച്ചു.’’
""വാടാ പോവാം. എന്തെങ്കിലും ഉണ്ടെങ്കിലോ.''
""ഞാനില്ല.''
""ശരി. ഞാൻ പോവാം''.

ഞാൻ കിടപ്പുമുറിയുടെ വാതിൽ തുറന്നു, എന്തൊരു നിരാശ... ഷൂസ് ശൂന്യമായിരുന്നു. കണ്ണുതിരുമ്മിക്കൊണ്ട് ടോട്ടോക്കയും വന്നു.
""ഞാൻ പറഞ്ഞതല്ലേ.''
എന്റെ ആത്മാവിൽ എല്ലാം കൂടി കലങ്ങിമറിഞ്ഞ്​ പൊന്തിവന്നു. വെറുപ്പ്, ദേഷ്യം, ദുഃഖം. ഉള്ളിൽ ഒതുക്കാൻ പറ്റാതെ ഞാൻ പൊട്ടിത്തെറിച്ചു.
""പണമില്ലാത്ത അപ്പനുണ്ടാകുന്നത് ഭയങ്കരം തന്നെ.''

‘‘എന്റെ ഷൂസിൽ നിന്ന്, എന്റെ കണ്ണുകൾ അവിടെയിട്ടിരുന്ന ഒരു ജോഡി ചെരിപ്പിലേക്ക് തെന്നി. അപ്പൻ ഞങ്ങളെ നോക്കി. അതാ അവിടെ നിൽക്കുന്നു. ദുഃഖം കൊണ്ട് വളരെ വലുതായി അപ്പന്റെ കണ്ണുകൾ. അപ്പന്റെ കണ്ണുകൾ വളരെ വളരെ വലുതായി- ബംഗു സിനിമാ തിയേറ്ററിന്റെ സ്‌ക്രീനിന്റെ അത്രയും വലുതായി. കരയാൻ തോന്നിയാലും കരയാൻ പറ്റാത്തത്രയും വേദനയും മുറിവും അപ്പന്റെ കണ്ണുകളിൽ കണ്ടു. ഒരിക്കലും അവസാനിക്കാത്തത് എന്നുതോന്നിയ ഒരു മിനിട്ട് നേരം, അദ്ദേഹം ഞങ്ങളെ നോക്കി നിന്നു, പിന്നെ ഒന്നും ഒന്നും മിണ്ടാനാവാതെ, അവിടെ തരിച്ചുനിന്നു. അലമാരിയിൽ നിന്ന് തൊപ്പിയെടുത്ത് അപ്പൻ വീട്ടിൽ നിന്നു പുറത്തിറങ്ങിപ്പോയി.''

അവൻ അപ്പനെ വേദനിപ്പിച്ചതിൽ സ്വയം മുറിയുന്നുണ്ട്. ഷൂ പോളിഷ് ചെയ്ത് കാശുണ്ടാക്കി അപ്പന് വില പിടിച്ച സിഗരറ്റ്​ വാങ്ങിക്കൊടുക്കുന്നുണ്ട്. പക്ഷേ അവനെ ആരും മനസ്സിലാക്കുന്നില്ല. വേദനയുടെ ലോകത്തിൽ കരുണ അസ്തമിക്കുമോ?

എഴുത്തുകാരൻ ഹോസെ മൗരോ ദേ വാസ്‌കോൺസെലോസ്

ആ ഇടയ്ക്കാണ് പോർച്ചുഗ എന്ന മാനുവൽ വാലഡാരിസിന്റെ സൗഹൃദം അവനെ തളിർപ്പിക്കുന്നത്. സ്വന്തം അപ്പനിൽ നിന്ന്​ തന്നെ വിലക്കുവാങ്ങിക്കോളാൻ അവൻ പറയുന്നത് ഹൃദയം പൊട്ടിയേ വായിക്കാൻ പറ്റൂ. ആരോടും പറയാതെ സൂക്ഷിച്ച ആ വിലപ്പെട്ട കൂട്ട് അവന് ഒരു ശാന്തി പേടകമായിരുന്നു, പാട്ടും സ്‌നേഹവുമാണ് സെസേ ആഗ്രഹിക്കുന്ന രണ്ട് ഉറവുകൾ. സഹജമായ ദാഹം ഒരു പാട്ടുകാരന്റെ സഹായിയായി അലയാനും പ്രേരകമാവുന്നു. പിങ്കി എന്ന ചെറിയ പഞ്ചാര ഓറഞ്ച് മരമാണ് അവനെ സ്‌നേഹം കൊണ്ട് ജീവിപ്പിക്കുന്ന മറ്റൊന്ന്. അവന്റെ ഉള്ളിൽ അതിനു ജീവനുണ്ട്, ഏറ്റവും വലിയ കൂട്ടുകാരനാണ്. കുഞ്ഞായിരുന്നപ്പോൾ തന്നെ ഉള്ളിൽ ഒരു കുഞ്ഞിക്കുരുവി പാടിയിരുന്നു എന്നും അവന് തോന്നിയിട്ടുണ്ട്.

അത്ര ചെറുപ്പത്തിൽ, പിഞ്ചു കുട്ടിയായിരിക്കുമ്പോൾ അപ്പന്റെ കയ്യിൽ നിന്നു ചാട്ട കൊണ്ട് അടിയേറ്റ സെസേ പിങ്കിയോട് പറയുന്ന ഈ വാക്കുകൾ കണ്ണീര് കൊണ്ട് എഴുതിയവയാണ്: ""നീ കണ്ടോ പിങ്കീ. എനിക്ക് പന്ത്രണ്ട് മക്കൾ വേണം; പിന്നെ വേറെ പന്ത്രണ്ട്. ആദ്യത്തെ പന്ത്രണ്ടെണ്ണം എന്നും കുഞ്ഞുങ്ങളായിരിക്കും, ആരും ഒരു തരിമണ്ണുപോലും അവരുടെ മേലിടില്ല. മറ്റേ പന്ത്രണ്ട് പേർ വളരും, വളർന്ന് വലുതാവും. ഞാൻ പോയി ഓരോരുത്തരോടും ചോദിക്കും, നിനക്കെന്താവണം മകനേ?
ഒരു വിറകുവെട്ടുകാരനോ... കൊള്ളാം ഇന്നാ പിടിച്ചോ ഒരു മഴുവും ഈ കള്ളിഷർട്ടും.
നിനക്ക് സിംഹത്തിനെ മെരുക്കണോ?
ഇന്നാ ചാട്ടവാറും യൂണിഫോമും.''

""അപ്പോ ക്രിസ്​മസോ? ഇത്രയധികം കുട്ടികളെക്കൊണ്ട് എന്തു ചെയ്യും?''

""ക്രിസ്​മസിന്​ എനിക്ക് ഒരുപാട് പണമുണ്ടാവും. ഒരു ട്രക്ക് നിറയെ ചെസ്റ്റ്നട്ടും ബദാം പരിപ്പും വാൾനട്ടും അത്തിപ്പഴവും ഉണക്കമുന്തിരിയും കൊണ്ടുവരും. ഒരുപാട് കളിപ്പാട്ടങ്ങൾ കൊടുക്കും... അത് അയൽപക്കത്തെ ഇല്ലാത്ത കുട്ടികൾക്കൊക്കെ കടംകൊടുക്കാലോ...
ഞാൻ ഭയങ്കര ധനികനാവും, ഒരു പൂത്തപണക്കാരൻ, ശരിക്കും പണക്കാരൻ. ഞാൻ ലോട്ടറി അടിക്ക്യേം ചെയ്യും.''

എന്നിട്ട് ഞാൻ ധിക്കാരപൂർവം പിങ്കിയെ നോക്കി, ഈ ഇടയ്ക്കുകയറി തടസ്സപ്പെടുത്തിയത് ഇഷ്ടമായില്ല എന്നറിയിക്കാൻ.

""ഞാൻ പറഞ്ഞുവന്നത് ഒന്നു മുഴുമിപ്പിക്കട്ടെ പിങ്കീ. ഇനിയും എത്ര പിള്ളേരുണ്ട്.
അപ്പോ, മോനേ, നിനക്ക് കൗബോയ് ആവണോ? ഇതാ, നിന്റെ ജീനിയും മൂക്കുകയറും. നിനക്ക് മാംഗോറാജിബ ഓടിക്കണോ? ഇതാ നിന്റെ തൊപ്പിയും പീപ്പിയും?''

കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണമെന്ന് ഒരാറുവയസ്സുകാരന് പറയാൻ പറ്റുമോ! പക്ഷേ സെസേയ്ക്ക് അത് അറിയാം. രക്ഷിതാക്കൾ, മുതിർന്നവർ, അച്ഛനമ്മമാർ, അധ്യാപകർ എല്ലാം, സഹജമായ സ്‌നേഹം, അലിവ്, വാൽസല്യം ഒക്കെ നശിപ്പിച്ച്, സദാചാരം മാത്രം കണക്കിലെടുത്ത് വളർത്തുമ്പോൾ പിഞ്ചു പൈതങ്ങൾ അനുഭവിക്കുന്ന വേദന തീവ്രമാണ്. അതിലേക്കുള്ള ഒരു കണ്ണു തുറപ്പിക്കൽ കൂടിയാണീ പുസ്തകം. വളരെ വളരെ വഴികളും അടരുകളും കൊണ്ട് സമ്പന്നം.

പ്രിയരേ, മുൻപ് എടുത്തു ചേർത്ത ഭാഗത്തെ മാംഗോറാജിബ എന്തെന്ന് അറിയണം അല്ലേ. അതിനുമപ്പുറം പിഞ്ചുകുഞ്ഞുങ്ങളുടെ ഹൃദയത്തിന്റെ സംവേദനത്തിന്റെ ആഴം അറിയാൻ ഓരോ മനുഷ്യനും/ത്തിയും വായിക്കേണ്ടതാണ് ഈ ക്ലാസിക് കൃതി എന്നു തോന്നുന്നു.
പുസ്തകത്തിന്റെ ആദ്യ പുറത്ത് കൊടുത്ത, എഴുത്തുകാരന്റെ ഈ സമർപ്പണവാചകം ആത്മാംശം പുരണ്ടത്, അത് വായിക്കാം.

""എന്റെ അനിയൻ ലൂയിസിന്റെയും (കിംഗ് ലൂയിസ്) എന്റെ ചേച്ചി ഗ്ലോറിയയുടെയും സ്നേഹം നിറഞ്ഞ ഓർമ്മകൾക്ക്. ലൂയിസ് ഇരുപതാം വയസ്സിലും ഗ്ലോറിയ ഇരുപത്തിനാലിലും, ജീവിതം ജീവിതയോഗ്യമല്ല എന്ന് കണ്ട് അതു ഉപേക്ഷിച്ചു. അത്രതന്നെ വിലയുറ്റതാണ് എന്റെ ആറാം വയസ്സിൽ അലിവ് എന്തെന്ന് എന്നെ പഠിപ്പിച്ച മാനുവൽ വലാഡേറസിന്റെ ഓർമ. എല്ലാവരും സമാധാനത്തിൽ വിശ്രമിക്കട്ടെ!''

എന്റെ പഞ്ചാര ഓറഞ്ച്മരം
നോവൽ ഭാഗം

അധ്യായം രണ്ട്

മ്മയുടേതായിരുന്നു ആശയം.

"ഇന്ന് നമുക്കെല്ലാവർക്കും വീടു കാണാൻ പോകാം.'

ടോട്ടോക്ക എന്നെ ഒരു വശത്തേക്ക് കൊണ്ടുപോയി ചെവിയിൽ മന്ത്രിച്ചു; "നമ്മള് ഇതിനു മുൻപേ അവിടെ പോയിട്ടുണ്ടെന്ന് നീ ആരോടെങ്കിലും പറഞ്ഞാൽ, തിരിച്ച് വന്നിട്ട് കാട്ടി ത്തരാം.'

ഞാനതിനെപ്പറ്റി ആലോചിച്ചിട്ടു കൂടിയില്ലായിരുന്നു. ഞങ്ങളൊരു ജനക്കൂട്ടം, തെരുവിലേക്കിറങ്ങി. ഗ്ലോറിയ തന്റെ കൺമുമ്പീന്ന് ഒരു നിമിഷം പോലും മാറരുത് എന്ന് ശാസിച്ച് എന്റെ കൈപിടിച്ചു. ഞാൻ ലൂയിസിന്റെ കൈപിടിച്ചു.
"നമ്മളെപ്പഴാ അങ്ങോട്ടു പോവ്വ; അമ്മ?' ഗ്ലോറിയ ചോദിച്ചു.
"ക്രിസ്​മസ്​ കഴിഞ്ഞ് രണ്ടു ദിവസാവട്ടെ, നമുക്ക് പാക്കിംഗ് തുടങ്ങാം' അമ്മ കുറച്ചു വേദനയോടെ പറഞ്ഞു.

അമ്മ വളരെ ക്ഷീണിച്ച പോലെ തോന്നി. എനിക്ക് ശരിക്കും അമ്മയോട് പാവം തോന്നി. ജീവിതം മുഴുവനും അമ്മ അധ്വാനിക്കുകയായിരുന്നു. ആ ഫാക്ടറി നിർമ്മിച്ചത് അമ്മയുടെ ആറാം വയസ്സിലായിരുന്നു, അന്നുമുതൽ പണി തന്നെ പണി. ആറാം വയസ്സിൽ ഫാക്ടറിയിൽ, അമ്മയെ ഒരു ടേബിളിൽ ഇരുത്തും. ഉണങ്ങിയ ഉപകരണങ്ങൾ വൃത്തിയാക്കലാണ് പണി. താഴേക്കിറങ്ങാൻ പറ്റാത്ത കാരണം, അമ്മ മേശയിലിരുന്നുതന്നെ മൂത്രമൊഴിക്കും. അതുകൊണ്ടാണവർ ഒരിക്കലും സ്കൂളിൽ പോവാതിരുന്നത്; വായനയും എഴുത്തും പഠിക്കാതിരുന്നത്. അവരിതു പറഞ്ഞപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി. "ഞാൻ വലുതായി ബുദ്ധിമാനും കവിയും ആവുമ്പോൾ എന്റെ കവിതകളെല്ലാം അമ്മയ്ക്ക് വായിച്ചു തരാം.' ഞാൻ വാക്കു കൊടുത്തു.

ഷോപ്പുകളിലും സ്റ്റോറുകളിലും ക്രിസ്തുമസ്സിന്റെ അടയാളങ്ങൾ നിരന്നുതുടങ്ങി. എല്ലാ ചില്ലുപാളിയിലും ക്രിസ്തുമസ്സപ്പൂപ്പന്റെ പടം വരച്ചു. ക്രിസ്തുമസ്സടുത്താൽ തിരക്കാവും എന്നോർത്ത് ആളുകൾ കാർഡുകൾ നേരത്തേ വാങ്ങിത്തു
ടങ്ങി. ഇത്തവണ, ഉണ്ണീശോ എന്റെ ഹൃദയത്തിൽ ജനിക്കും എന്നെനിക്ക് അവ്യക്തമായ ഒരു പ്രതീക്ഷയുണ്ടായി. എന്തായാലും, "വിവേക'മുണ്ടാവുന്ന പ്രായമെത്തിയാൽ ഞാൻ ഇത്തിരിയെങ്കിലും മെച്ചപ്പെടുമായിരിക്കും.
ഇതാണ് അത്.

എല്ലാവർക്കും ഇഷ്ടായി. പഴയ വീടിനേക്കാൾ അല്പം ചെറുതായിരുന്നു പുതിയ വീട്. ടോട്ടോക്കയുടെ സഹായത്തോടെ ഗേറ്റ് പൂട്ടിയ കമ്പി അമ്മ സ്വല്പം അഴിച്ചെടുത്തു. പിന്നെ ഒരു കുതിച്ചോട്ടമായിരുന്നു. ഗ്ലോറിയ എന്റെ കൈയിലെ പിടിവിട്ടു; താൻ ഒരു ചെറു മാന്യ യുവതിയാവുകയാണെന്നും മറന്നു ഒരു മാവിന്റെ അടുത്തേക്ക് കുതിച്ചോടി അതിനെ കെട്ടിപ്പിടിച്ചു.
"ഈ മാവ് എന്റെയാ; ഞാനാ ആദ്യം തൊട്ടത്.’
പുളിമരം ടോട്ടോക്കയും സ്വന്തമാക്കി.
എനിക്കൊന്നും ബാക്കിയുണ്ടായില്ല; കരഞ്ഞു കരഞ്ഞില്ല എന്ന മട്ടിൽ ഞാൻ ഗ്ലോറിയയെ നോക്കി.
"അപ്പോ എനിക്കോ ഗ്ലോ?"
"പിറകിലേക്ക് ഓടു മണ്ടാ... അവിടെ മരങ്ങളുണ്ടാകും.’
ഞാനോടി. പക്ഷേ, അവിടെ നീണ്ട പുല്ലും മുള്ളുള്ള ഒരു കൂട്ടം നാരകങ്ങളും മാത്രമേ കണ്ടുള്ളൂ. ചാലിന്റെ അടുത്ത് ഒരു ചെറിയ ഓറഞ്ച്മരം നിന്നിരുന്നു.
എനിക്ക് നിരാശതോന്നി. വീട്ടിനുള്ളിൽ എല്ലാവരും സ്വന്തം കിടപ്പുമുറി തിരഞ്ഞെടുക്കുന്ന തിരക്കായിരുന്നു. ഞാൻ ഗ്ലോറിയയുടെ പാവാട പിടിച്ചു വലിച്ചു.
"അവിടെ ഒന്നൂല്യ."
"നിനക്ക് ശരിക്ക് നോക്കാൻ അറിഞ്ഞൂടാ."
"ഒരുമിനിട്ടേ... ഞാൻ നിനക്കൊരു മരം കണ്ടുപിടിച്ചുതരാം."
ഗ്ലോറിയ എന്റെയൊപ്പം വന്നു. അവൾ എല്ലാ ഓറഞ്ചു മരങ്ങളും നോക്കി.
"ഇതിഷ്ടമായില്ല്യേ? ഒരസ്സൽ മരം."
എനിക്ക് അതും ഇതും ഒന്നും ഇഷ്ടപ്പെട്ടില്ല. അവയ്ക്കൊക്കെ ഒരുപാട് മുള്ളുകളുണ്ടായിരുന്നു.
"ഈ വൃത്തികെട്ട മരങ്ങളേക്കാൾ എനിക്ക് ആ പഞ്ചാര ഓറഞ്ച്മരമാ ഇഷ്ടം."
"എവിടെ?"
ഞാനവളെ അതു കാണിക്കാൻ കൊണ്ടുപോയി.
"ആയ്... എന്തു നല്ല കുഞ്ഞു നാരകം! ഒരൊറ്റ മുള്ളു പോലുമില്ല. അതിനേ കണ്ടാലേ ദൂരേന്നുതന്നെ മനസ്സിലാവും അതൊരു പഞ്ചാരച്ചക്കുടു നാരകമാണെന്ന്, എന്തൊരു അന്തസ്സാ. ഞാൻ നിന്റെ അത്രേം ആയിരുന്നെങ്കിൽ മറ്റൊന്നും ആഗ്രഹിക്കില്ലായിരുന്നു."
"പക്ഷേ, എനിക്ക് ഒരു വല്യമരം വേണം."
"ഇതാലോചിച്ച് നോക്ക് സെസെ. ഇതിപ്പോഴും ഇളയതാ - അത് വലുതാവൂലോ. നിങ്ങൾ രണ്ടാളും ഒരുമിച്ച് വളരും. സഹോദരന്മാരേപ്പോലെ പരസ്പരം മനസ്സിലാക്കും. ഇതു മാത്രമേയുള്ളൂ, ശരിയാണ്, പക്ഷേ, ദേ നോക്ക് നിനക്കു മാത്രമുണ്ടാക്കിയ ഒരു കുതിരയേപ്പോലെ.’

എനിക്കാകെ ഒരു കുരുക്കിൽപെട്ട പോലെ തോന്നി. മാലാഖമാരുടെ ചിത്രമുള്ള ഒരു സ്കോച്ച് കുപ്പി എനിക്കോർമ്മ വന്നു. അതു കണ്ടപ്പോൾ തന്നെ ലാല പറഞ്ഞു. 'ഇതെന്റെയാ' ഗ്ലോറിയയും ടോട്ടോക്കയും ഓരോന്നു എടുത്തു. അപ്പോ എനിക്കോ? ചിറകൊന്നുമില്ലാതെ, ഒരു കുഞ്ഞിത്തല മാത്രമുള്ള, എല്ലാറ്റിന്റേയും പിന്നിലുള്ള ഒരു ചെറുതേ എനിക്ക് കിട്ടിയുള്ളൂ. നാലാമത്തെ സ്കോട്ടീഷ് മാലാഖ, ഒരു മുഴുവൻ മാലാഖ പോലുമായിരുന്നില്ല.

ഞാൻ വലുതാവട്ടെ, കാണിച്ചു കൊടുക്കാം. ഞാനൊരു ആമസോൺ മഴക്കാട് വാങ്ങിക്കും. മാനം മുട്ടുന്ന മരങ്ങളെല്ലാം എന്റേതാവും. മാലാഖമാരുടെ ചിത്രങ്ങൾ കൊണ്ട് പൊതിഞ്ഞ കുപ്പികളുള്ള ഒരു സ്റ്റോറും ഞാൻ വാങ്ങിക്കും. ഒരു ചിറകിന്റെ തുമ്പുപോലും ഞാനിവർക്കാർക്കും കൊടുക്കില്ല.
മുഖം വീർപ്പിച്ചുകൊണ്ട് ഞാൻ മണ്ണിലിരുന്നു, എന്റെ ദേഷ്യം കുഞ്ഞു നാരകത്തിൽച്ചാരി! പുഞ്ചിരിച്ചുകൊണ്ട് ഗ്ലോറിയ നടന്നുപോയി.
"നിന്റെയീ ദേഷ്യം പെട്ടെന്നു മാറും, സെസെ. ഞാൻ പറഞ്ഞതാ ശരിയെന്നു നിനക്കപ്പോ മനസ്സിലാവും.’

ഞാൻ ഒരു കോലുകൊണ്ട് നിലത്ത് മാന്തി, എന്റെ ചിണുങ്ങൽ നിർത്താൻ പോവുകയായിരുന്നു; പെട്ടെന്ന് എവിടെ നിന്നാന്നറിയില്ല, എന്റെ ഹൃദയത്തിന്റെ അടുത്തുനിന്ന്, ആരോ പറയുന്നതുകേട്ടു.
"നിന്റെ ചേച്ചി പറഞ്ഞതാ ശരി എന്നെനിക്ക് തോന്നുന്നു.’
"എല്ലാവരും എപ്പോഴും ശരിയാണ്; ഞാൻ മാത്രം ശരിയല്ല.’
"ഈ പറഞ്ഞത് സത്യമല്ല; നീ എന്നെ ഒന്നു സൂക്ഷിച്ചു നോക്ക്യേ; അപ്പോ മനസ്സിലാവും.’

ഞെട്ടിത്തരിച്ച് പെട്ടെന്നെണീറ്റ് ആ കൊച്ചു മരത്തെ ഞാൻ തുറിച്ചു നോക്കി.
എനിക്കത് വിചിത്രമായിത്തോന്നി. ഞാനെപ്പോഴും എല്ലാത്തിനോടും സംസാരിക്കാറുണ്ട്. മറുപടി പറയുന്നത് എന്റെയുള്ളിലെ കുഞ്ഞിക്കുരുവിയാണെന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്.
"ഏയ്.... നീ ശരിക്കും സംസാരിക്ക്വോ!’
"നിനക്ക് കേൾക്കാനില്ലേ.’

എനിക്കൊരു ചെറുചിരി വന്നുമുട്ടി. നിലവിളിച്ചോടാൻ തുടങ്ങിയതാണ്. പക്ഷേ, ജിജ്ഞാസ എന്നെ അവിടെ പിടിച്ചിരുത്തി.
"നീയെങ്ങന്യാ മിണ്ട്വ? നാവുണ്ടോ?’
"മരങ്ങൾ എല്ലാം കൊണ്ടും സംസാരിക്കും. എലകൾ, ചില്ലകൾ, വേരുകൾ.. കാണണോ? എന്റെ തടിയിൽ നിന്റെ ചെവിയമർത്തി നോക്ക്, എന്റെ ഹൃദയം മിടിക്കുന്നത് കേൾക്കാം.’

ഞാനൊന്നു മടിച്ചു; എന്നാലും ചെറുതല്ലേ, എന്റെ പേടി ഉരുകിപ്പോയി ഞാനതിന്റെ തടിയിൽ എന്റെ ചെവിവച്ചപ്പോൾ ദൂരെ നിന്ന് ടിക്ക്... ടിക്ക്... എന്ന് കേട്ടു....
"കണ്ടോ.’
"എന്നോട് എന്തേലും പറ. നിനക്ക് സംസാരിക്കാൻ പറ്റുമെന്ന് മാറ്റാർക്കെങ്കിലും അറിയ്വോ?’
"ഇല്ല, നിനക്ക് മാത്രം.’
"ശരിക്കും?’
"ഞാൻ സത്യം ചെയ്യാം. ഒരു ദേവത എന്നോട് പറഞ്ഞു, ഒരു ചെറിയ ആങ്കുട്ടി എന്നോട് കൂട്ടാവും, അപ്പോ ഞാൻ സംസാരിച്ചു തുടങ്ങും എന്ന്... പിന്നെ എനിക്ക് വല്യ സന്തോഷമായിരിക്കും എന്ന്.’
"നീ കാത്തിരിക്ക്വോ?’
"എന്ത്?’
"ഞാനിങ്ങോട്ട് വരുംവരെ...ഒരാഴ്ച കഴിയും ഞങ്ങൾ ഇവിടെ വരാൻ. അപ്പോഴേക്കും നീ മിണ്ടാൻ മറക്കുമോ?’
"ഒരിക്കലുമില്ല. നിന്നോട് മാത്രമേ ഞാൻ മിണ്ടൂ. നിനക്ക് എന്നെ കുതിരയാക്കണോ? നല്ല പതുപതുപ്പാ.’
"അത് എങ്ങനെ?’
"ദേ, ഈ കൊമ്പിലിരിക്ക്.’
ഞാൻ അനുസരിച്ചു.
"ഇനി മുന്നോട്ടും പിന്നോട്ടും ആട്..കണ്ണടയ്ക്ക്.’
എന്നോട് പറഞ്ഞപോലെ ഞാൻ ചെയ്തു.
"എങ്ങനേണ്ട്? ഇതിനേക്കാളും നല്ല കുതിര നിനക്കുണ്ടോ?’
"ഏയ്, ഇല്ല. എന്തു രസാ. എന്റെ കുതിരയില്ല്യേ സിൽവർ കിംഗ്? അതിനെ ഞാൻ എൻറനിയനു കൊടുക്കും. നിനക്ക് എന്റെ അനിയനെ ശരിക്കും ഇഷ്ടപ്പെടും.’
എന്റെ പഞ്ചാരഓറഞ്ചുമരത്തോടുള്ള സ്നേഹത്താൽ ഹൃദയം വിങ്ങി, ഞാൻ താഴെയിറങ്ങി.
"നോക്ക്, ഞാനൊരു കാര്യം ചെയ്യാൻ പോവാ. ഇങ്ങോട്ട് വീടുമാറും മുമ്പ് തന്നെ, പറ്റുമ്പോഴൊക്കെ വന്നു ഞാൻ നിന്നോട് സംസാരിക്കാം. ഇപ്പോ ഞാൻ പോട്ടെ? എല്ലാവരും വീടിന്റെ മുന്നിലെത്തി, തിരിച്ചുപോവാൻ നോക്ക്വാ.’
"പക്ഷേ, കൂട്ടുകാർ ഇങ്ങനെയല്ല യാത്ര പറയുക.’
"ശ്ശ്! ദാ, എന്റെ ചേച്ചി വരുണൂ.’
ഞാൻ ഓറഞ്ച് മരം കെട്ടിപ്പിടിക്കുമ്പോഴാണ് ഗ്ലോറിയ വന്നത്.
"കൂട്ടുകാരാ, ഗുഡ്ബൈ. നീയാണ് ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ വസ്തു.’
"അപ്പൊഴേ ഞാൻ പറഞ്ഞില്ലേ?’
"പറഞ്ഞു. ഇനിയിപ്പോ ഇതിനുപകരം മാവോ പുളിയോ എനിക്ക് നിങ്ങളു തന്നാപ്പോലും എനിക്ക് വേണ്ട.’
അവൾ എന്റെ തലമുടി അലിവോടെ തലോടി.
"സെസേ.. സെസേ.’
ഞങ്ങൾ കൈപിടിച്ച് തിരിച്ചുപോയി.
"ഗ്ലോ, നിന്റെ ആ മാവ് കുറച്ച് ഒരു മന്തനാ, അല്ലേ.’
"ഇത്രവേഗം അത് പറയാറായില്ല; നമുക്ക് നോക്കാം. ആണെന്ന് തോന്നുന്നു.’
"ടോട്ടോക്കയുടെ പുളിമരമോ?’
"അത് ഇത്തിരി തലതിരിഞ്ഞതാ, അല്ലേ; എന്താടാ.’
"നിന്നോട് പറയാമോ എന്നു എനിക്കറിഞ്ഞൂടാ. എന്നാലും ഗ്ലോ, ഒരു ദിവസം നിന്നോട് ഞാനൊരു നിഗൂഢാത്ഭുതത്തെപ്പറ്റി പറയും.’

അധ്യായം മൂന്ന്
ദാരിദ്ര്യത്തിന്റെ മെലിഞ്ഞ വിരലുകൾ

‘ലൂയിസേ, വേഗം’, ഗ്ലോറിയ ബ്രെഡ്ഡ് വാങ്ങാൻ പോയിരിക്കുന്നു. ജെഞ്ചീര ആട്ടുകസേലയിലിരുന്ന് വായിക്കുന്നു. ഇടനാഴിയിലൂടെ ഞങ്ങൾ ടോയ്​ലറ്റിലേക്ക് ഇഴഞ്ഞുപോയി. മൂത്രമൊഴിക്കാൻ ഞാൻ അവനെ സഹായിച്ചു.
"നല്ലപോലെ മൂത്രം ഒഴിച്ചോ - പകല്, റോട്ടുവക്കത്ത് നിന്നൊന്നും മൂത്രം ഒഴിക്കാൻ സമ്മതിക്കില്ല ട്ടോ.’

പിന്നെ അലക്കുതൊട്ടിയിൽ നിറച്ച വെള്ളം കൊണ്ട് അവന്റെ മുഖം കഴുകിക്കൊടുത്തു; എന്റെ മുഖത്തും വെള്ളം ഒഴിച്ചു. പിന്നെ ഞങ്ങൾ ബെഡ്റൂമിൽ പോയി. ഒരു ശബ്ദവും ഇല്ലാതെ ഞാനവനെ ഒരുക്കി. ഷൂസ് ഇടീപ്പിച്ചു. ഈ നശിച്ച സോക്സുകളാണ് വിഷമം. പണ്ടാരടങ്ങാൻ, അത് എല്ലാം മുടക്കുകയേ ഉള്ളൂ. ഞാൻ അവന്റെ കുഞ്ഞു നീല സൂട്ട് ബട്ടനിട്ടു; ഒരു ചീർപ്പിന് വേണ്ടി പരതി. പക്ഷേ, അവന്റെ മുടി ഒതുങ്ങുകയേ ഇല്ല. എന്തെങ്കിലും ഒന്നു ചെയ്തേ തീരു. എണ്ണയോ ബ്രിൽക്രീമോ ഒന്നും എവിടേയുമില്ല. ഞാൻ അടുക്കളയിൽപ്പോയി അല്പം കൊഴുപ്പ് വിരലിലാക്കി ഓടിവന്നു; ഞാനത് ഉള്ളംകൈയിൽ പുരട്ടി മണത്തു നോക്കി. ഏയ് ഒരു മണോം ഇല്ല.
എന്നിട്ട് ഞാനത് ലൂയിസിന്റെ മുടിയിൽ കൈകൊണ്ട് കൊട്ടിക്കൊട്ടിപ്പിടിപ്പിച്ചു; എന്നിട്ട് ചീകാൻ തുടങ്ങി. നിറയേ ചുരുൾമുടിയുള്ള അവന്റെ തല കാണാൻ നല്ല ഭംഗിയാണ്. ആട്ടിൻകുട്ടിയെ ചുമന്നു നിൽക്കുന്ന യോഹന്നാൻ പുണ്യവാളനെപ്പോലെയിരുന്നു അവൻ.

"ഇനി നീ അവിടെ അനങ്ങാതെ നില്ക്ക്; ഡ്രസ്സ് ചുളിക്കല്ലേ. ഞാൻ ഉടുപ്പിടട്ടെ.’
ട്രൗസറും വലിച്ചുകേറ്റി വെള്ള ഷർട്ടും ഇട്ട് കഴിഞ്ഞപ്പോൾ ഞാനെന്റെ അനിയനെ നോക്കി.

എന്തൊരു സുന്ദരൻ കുട്ടി. ഈ ബംഗുവിൽ മുഴുവൻ തിരഞ്ഞു നോക്കിയാലും ഇവനേക്കാൾ അഴക് ആർക്കുമില്ല.

(Bang- റിയോ ഡി ജനീറയുടെ അടുത്തുള്ള ഒരു പട്ടണം. ബ്രസീലിന്റെ പടിഞ്ഞാറൻ മേഖലയിൽപ്പെടുന്ന ഇത് ഗ്രന്ഥകാരന്റെ നാടാണ്.)

ഞാനെന്റെ ടെന്നീസ് ഷൂസ് വലിച്ചുകേറ്റി. സ്കൂളിൽ അടുത്തകൊല്ലംകൂടി ഇട്ടു നടക്കേണ്ട ഷൂസാണ്. ഞാൻ ലൂയിസിനെ തന്നെ ഉറ്റുനോക്കി.
ഈ അഴകും വൃത്തിയും കണ്ടാൽ, അല്പം മുതിർന്ന ഉണ്ണീശോ ആണെന്ന് കാണുന്നവർ തെറ്റിദ്ധരിച്ചേക്കും. ഇവന് ഒരുപാട് സമ്മാനങ്ങൾ കിട്ടുമെന്ന് എനിക്കുറപ്പായിരുന്നു. അവർ അവനെ കണ്ടുകഴിഞ്ഞാൽ പിന്നെ...

ഞാൻ വിറച്ചു. ഗ്ലോറിയ തിരിച്ചുവന്നേ ഉള്ളൂ; മേശപ്പുറത്ത് റൊട്ടി നിരത്തുകയാണ്. കടലാസ് സഞ്ചി കിരുകിരുക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
ഞങ്ങൾ കൈകോർത്തു പിടിച്ച് ഗ്ലോറിയയുടെ മുൻപിൽ പോയി.
"അവനെ കാണാൻ നല്ല ചന്തംണ്ട്ല്ല്യേ ഗ്ലോ? ഞാനാ അവനെ ഒരുക്കിയത്.’
ദേഷ്യപ്പെടുന്നതിന് പകരം, അവൾ വാതിലിൽ ചാരിനിന്നു തലപൊന്തിച്ച് നോക്കി. എന്നിട്ട് തലതാഴ്ത്തിയപ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു.
"നിന്നെ കാണാനും ഭംഗീണ്ട്, എന്റെ സെസേ’, അവൾ മുട്ടുകുത്തിനിന്ന്​ എന്റെ തല അവളുടെ മാറിലമർത്തി.

"നല്ലവനായ ദൈവമേ! എന്താണ് ചിലരുടെ ജീവിതം മാത്രം ഇങ്ങനെ കഠിനമാകുന്നത്?’ അവൾ എണീറ്റു; ഞങ്ങളുടെ ഉടുപ്പ് ശരിയാക്കാൻ തുടങ്ങി.
"എനിക്ക് നിങ്ങളെ കൊണ്ടുപോകാൻ പറ്റില്ല. എനിക്ക്
സത്യമായും പറ്റില്ല, സെസേ. എനിക്കത്രയ്ക്ക് ജോലിയുണ്ട്. നമുക്ക് പ്രാതൽ കഴിച്ചുകൊണ്ട് ആലോചിക്കാം. ഇനിയിപ്പോ കൊണ്ടു പോകാമെന്ന് വച്ചാലും ഒരുങ്ങാനുള്ള സമയല്യ.’
അവൾ കാപ്പി ഒഴിച്ചു തന്നു, ബ്രെഡ് മുറിച്ചുതന്നു. നിരാശ നിറഞ്ഞ കണ്ണുകളോടെ അവൾ ഞങ്ങളെ നോക്കിക്കൊണ്ടേ യിരുന്നു.
"ഓരോ, ചപ്ലാച്ചി കളിപ്പാട്ടത്തിന് ഇത്രയ്ക്കും കഷ്ടപ്പാട്. ഒരു
പക്ഷേ, എല്ലാവർക്കും നല്ല കളിപ്പാട്ടങ്ങൾ കൊടുക്കാൻ പറ്റാത്തത്ര ദരിദ്രന്മാർ ഉള്ളതുകൊണ്ടാവും.’
അവൾ ഒന്നു നിർത്തി, എന്നിട്ട് തുടർന്നു, "ഇതായിരിക്കും നിങ്ങടെ ഒരേ ഒരു ചാൻസ്. നിങ്ങളെ ഞാൻ തടയില്ല. പക്ഷേ, ദൈവമേ നിങ്ങളെത്ര ചെറുതാ...’
"ഞാനവനെ ഒരു കേടും പറ്റാതെ കൊണ്ടുപോകാം. ഞാൻ മുഴുവൻ സമയവും അവന്റെ കൈ പിടിക്കാം, ഗ്ലോ - ഹൈവേ മുറിച്ചു കടക്കുക പോലും വേണ്ടല്ലോ.’
"എന്നാലും അത് അപകടമാ’.
‘‘അല്ല, അല്ലെന്നേ. ഞാനെന്റെ ‘യാത്രാപഥം' കണ്ടെത്താൻ മിടുക്കനാ.’’
സങ്കടത്തിലൂടെ അവൾ പൊട്ടിച്ചിരിച്ചു.
"ഇതാപ്പോ, ഇതാരാ നിന്നെ പഠിപ്പിച്ചേ?’
"എഡ്മുണ്ടോ മാമ. അദ്ദേഹം പറഞ്ഞു ലൂസിയാനോ അതിൽ മിടുക്കനാണ്! ലൂസിയാനോ എന്നേക്കാൾ ചെറുതല്ലേ, അപ്പോ ഞാൻ കുറേക്കൂടി നന്നായി ചെയ്യില്ലേ.’
"ഞാൻ ജെഞ്ചീരയോട് സംസാരിക്കാം.’
‘‘എന്തിന്? അവൾ ‘ശരി' ന്ന് പറയും. ജെഞ്ചീര ആകെ
ക്കൂടെ ചെയ്യുന്നത് നോവലു വായിക്കലും ബോയ് ഫ്രൻഡ്സിനെപ്പറ്റി ആലോചിക്കലുമാണ്. അവൾക്കൊരു താൽപര്യ
വുമില്ല.’’
"ഒരു കാര്യം ചെയ്യാം. പ്രാതല് കഴിഞ്ഞാ നമുക്ക് ഗേറ്റിൻറവിടെ പോയി നില്ക്കാം. അങ്ങോട്ട് പോകുന്ന ആരേലും കണ്ടാൽ നിങ്ങളെ അവരുടെ കൈയിലേല്പിക്കാം.’
ഞാൻ റൊട്ടി തിന്നാൻ പോലും നിന്നില്ല; സമയം കളയാനില്ല. ഞങ്ങൾ ഗേറ്റിന്നരികെ ചെന്നു.

സമയമല്ലാതെ മറ്റൊന്നും കടന്നുപോയില്ല. അതും പോവു
ന്നത് നിർത്തി. പോസ്റ്റ് മേൻ സിയു പൈഷാവോ അതിലേവന്നു. അയാൾ ഗ്ലോറിയയെക്കണ്ട് കൈവീശി തൊപ്പിയൂരി. ഞങ്ങളെ കൂടെകൂട്ടാം എന്ന് സമ്മതിച്ചു.

ഗ്ലോറിയ ലൂയിസിനേം എന്നേം ഉമ്മവച്ചു. എന്നിട്ട് കണ്ണീരിലൂടെ പുഞ്ചിരിച്ചു ചോദിച്ചു, ‘അപ്പോ പട്ടാളക്കാരന്റേം ബൂട്ട്സിന്റേം കാര്യം?'
"അത് സത്യല്ല. ഞാനത് ഉദ്ദേശിച്ചിട്ടേ ഇല്ല. നീ കല്യാണം കഴിക്കാൻ പോവുന്നത് തോളത്ത് ഒരു കൂട്ടം നക്ഷത്രങ്ങളുള്ള ഏറോപ്ലേൻ മേജറെയായിരിക്കും.’
"നീയെന്താ ടോട്ടോക്കയുടെ കൂടെ പോവാഞ്ഞ്?’
‘‘ഞാൻ പോണില്ല്യാന്നവൻ പറഞ്ഞു. മാത്രമല്ല ഈ ‘മാറാപ്പും' പേറി നടക്കാനുള്ള മൂഡിലുമായിരുന്നില്ല.’’

ഞങ്ങൾ പുറപ്പെട്ടു. സിയു പൈഷാവോ ഞങ്ങളോട് മുൻപേ നടന്നു കൊള്ളാൻ പറഞ്ഞു; എന്നിട്ടയാൾ വീടുകളിൽ കത്തു കൊടുത്തുകൊണ്ടിരുന്നു. എന്നിട്ട് വേഗം കൂട്ടി ഞങ്ങടെ ഒപ്പം എത്തും. അദ്ദേഹം അത് പിന്നേം പിന്നേം ചെയ്തു. ഹൈവേയിലെത്തിയപ്പോൾ സിയു പൈഷാവോ പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു, ‘മക്കളേ, എനിക്കിനി സ്പീഡ് കൂട്ടണം. നിങ്ങള് കാരണം എന്റെ പണി നടക്കുന്നില്ല. ദാ, അതിലേപ്പൊക്കോ. ഒരു പ്രശ്നോം ഇല്ല അവിടെ.'
ഞാൻ ദേഷ്യത്തോടെ വിചാരിച്ചു; ‘പേടിത്തൊണ്ടൻ! ഗ്ലോറിയയോട് ഏറ്റതിനുശേഷം രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ഹൈവേയിൽ ഉപേക്ഷിക്കുന്നു!'
ഞാൻ ലൂയിസിന്റെ കൊച്ചുകൈ ഒന്നുകൂടെ മുറുക്കെപ്പിടിച്ചു, എന്നിട്ട് നടത്തം തുടർന്നു. അവന് ക്ഷീണായിത്തുടങ്ങി. കാല് വെയ്ക്കുന്ന അകലം ചുരുങ്ങിച്ചുരുങ്ങി വന്നു.
"വാ ലൂയിസേ. ഇപ്പോ എത്തും. ഒരുപാട് കളിപ്പാട്ടങ്ങളുണ്ടാകും.’
അപ്പോളവൻ ഇത്തിരികൂടി വേഗത്തിൽ നടക്കും; പിന്നേയും പതുക്കെയാവും.
"സെസേ, എനിക്ക് വയ്യ.’
"ഞാൻ നിന്നെ എടുക്കാംട്ടോ.’
അവൻ കൈനീട്ടി. ഞാൻ ഇത്തിരി നേരം അവനെ എടുത്തു. അമ്മേ, അവന് നല്ല കനംണ്ടായിരുന്നു, ഈയത്തിന്റെ പോലെ. റുവാ ദോ പ്രോഗ്രസ്സോവിലെത്തിയപ്പോൾ ഞാൻ കിതയ്ക്കാൻ തുടങ്ങി.
"ഇനി നീ അല്പം നടക്ക്.’
പള്ളിമണി എട്ടടിച്ചു. ദൈവേ ഏഴരയ്ക്ക് എത്തണ്ടതായിരുന്നു. പക്ഷേ, സാരല്യ. ഒരു ട്രക്ക് നിറയെ ഇണ്ടലോ, ഒരുപാട് ആളുകളും നെറയെ കളിപ്പാട്ടങ്ങളും ഉണ്ടാവും.
"സെസേ, എന്റെ കാല് വേദനിക്കുന്നു.’ ഞാൻ മുട്ടുകുത്തി ഇരുന്നു.
"നിന്റെ ഷൂലേസ് അല്പം അയച്ചുകെട്ടാം; അപ്പോ വേദന കൊറയും.’

ഞങ്ങളുടെ നടത്തം പതുക്കപ്പതുക്കെയായി. ഒരിക്കലും മാർക്കറ്റിൽ എത്തില്ല എന്നെനിക്കു തോന്നി. സ്കൂളും കടന്നു വലത്തോട്ടു തിരിഞ്ഞാലേ ബംഗു കാസിനോവിൽ എത്തൂ. മനഃപൂർവം എന്ന പോലെ സമയം പറന്നുപോകുന്നു, അതാണേറ്റവും പ്രശ്നം.

ഞങ്ങൾ എത്തി, കാല് മരവിച്ചിരുന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. കളിപ്പാട്ടങ്ങൾ വിതരണം ചെയ്തിരുന്നു എന്നതുപോലും തോന്നിയില്ല. പക്ഷേ, ഉണ്ട്, തെരുവിൽ മുഴുവനും ഒഴിഞ്ഞ ടിഷ്യൂ പേപ്പറുകൾ ചിതറിക്കിടക്കുന്നുണ്ട്. കീറിയ വർണ്ണക്കടലാസുകളും അവിടെ മുഴുവൻ വിതറീട്ടുണ്ട്.
എന്റെ കരളും ഉറക്കെ മിടിക്കാൻ തുടങ്ങി.
ഞങ്ങൾ കാസിനോവിലേക്ക് പോയി, സിയു കോക്വിഞ്ഞോ വാതിലടയ്ക്കുകയായിരുന്നു.

"സിയു കോക്വിഞ്ഞോ, ഒക്കെ കഴിഞ്ഞോ?’ ഞാൻ പരിഭ്രമത്തോടെ ചോദിച്ചു.
"ഉവ്വ് സെസേ, നീ വൈകിപ്പോയി. അതാ കുഴപ്പം.’
വാതിലിന്റെ ഒരു പാളിയടച്ച് അയാൾ കനിവോടെ പുഞ്ചിരിച്ചു.
"ഒന്നും ബാക്കീല്യ... എന്റെ മരുമക്കൾക്ക് കൊടുക്കാൻ പോലും.’
മറ്റേ പാളിയും അടച്ച് അയാൾ തെരുവിലേക്കിറങ്ങി.
"ഉറക്കം തൂങ്ങികളേ... അടുത്ത കൊല്ലം കൊറേക്കൂടി നേരത്തേ വരണം.’
"ഓ... ശരി’, ഒന്നും ശരിയായില്ലായിരുന്നു. അങ്ങനെ സംഭവിച്ചതിലും ഭേദം മരിക്കുന്നതായിരുന്നു. എനിക്കത്രയധികം ദുഃഖവും നിരാശയും വന്നു.
"നമുക്കിവിടെ ഇത്തിരി ഇരിക്കാം; അല്പം റെസ്റ്റെടുക്കാം.’
"എനിക്ക് ദാഹിക്കുന്നൂ സെസേ.’
"ആ പേസ്ട്രീക്കടയുടെ മുന്നിലെത്തിയാൽ സിയു റോസെംബർഗഗിനോട് ഒരു ഗ്ലാസ് വെള്ളം ചോദിക്കാം; ഇന്നിനി അതേ നമുക്കുള്ളൂ.’

അപ്പോ മാത്രമേ ലൂയിസിന് ആ ദുരന്തം മനസ്സിലായുള്ളൂ. അവൻ ഒന്നും മിണ്ടിയില്ല, കീഴ്ചുണ്ടും പിളുത്തി, കണ്ണു നിറഞ്ഞ് എന്നെ നോക്കുക മാത്രം ചെയ്തു.
"വെഷമിക്കണ്ട ലൂയിസേ. നിനക്ക് ഞാനെന്റെ കുതിരക്കുട്ടിയെ -സിൽവർ കിംഗിനെ തരാം. പോരേ. ഞാൻ അതിന്റെ ദണ്ഡ് മാറ്റി ക്രിസ്തുമസിന് അത് നിനക്ക് തരാൻ ടോട്ടോക്കയോട് പറയാനിരിക്ക്യാ.’
അവൻ മൂക്കുചീറ്റി.
"അയ്യേ... അത് പാടില്ല. നീയൊരു രാജാവാ. അച്ഛൻ നിനക്ക് ലൂയിസ് എന്നു പേരിട്ടതേ, അതൊരു രാജാവിന്റെ പേരായിട്ടാ. ഒരു രാജാവ് റോട്ടിമ്മൽ നിന്നോ, ആളുകളുടെ മുന്നിൽ നിന്നോ കരയാൻ പാടില്ല.’

ഞാനവന്റെ തല എന്റെ നെഞ്ചിൽ ചായ്ച്ചു; അവന്റെ ചുരുൾമുടി തലോടി.
"ഞാൻ വലുതായാ മാനുവൽ വാലഡാരിസിന്റെ പോലെയുള്ള ഒരു ഭംഗീള്ള കാറ് വാങ്ങും. നമ്മള് മാംഗൊറാജിബ എക്സ്പ്രസ് കാണാൻ, കൈവീശാൻ പോയപ്പോ ഒരു ദിവസം തീവണ്ടി സ്റ്റേഷന്റെ അടുത്ത് നമ്മളെ കടന്നുപോയ അയാളേ ഓർമ്മയില്ലേ? അങ്ങനത്തെ വലിയ, ചന്തമുള്ള കാറിൽ മുഴുവനും നിനക്ക് മാത്രമുള്ള സമ്മാനങ്ങളുമായി ഞാൻ വരും.... പക്ഷേ, കരയാൻ പാടില്ല... കാരണം രാജാക്കന്മാര് കരയില്ലല്ലോ.’

എന്റെ നെഞ്ച് വേദനകൊണ്ട് പൊട്ടിത്തെറിച്ചു.
"ഞാൻ പ്രതിജ്ഞ ചെയ്യുന്നു, ഞാനത്തരം ഒന്നു വാങ്ങും... കൊന്നിട്ടായാലും മോട്ടിച്ചിട്ടായാലും.’
എന്റെ ഉള്ളിലുള്ള കുഞ്ഞിക്കുരുവിയല്ല അത് പറഞ്ഞത്. അത് എന്റെ ഹൃദയമായിരിക്കും.

അതുമാത്രമേ വഴിയുള്ളു. എന്താണ് യേശുക്രിസ്തു എന്നെ സ്നേഹിക്കാത്തത്?
തൊഴുത്തിലെ കാളയെയും കഴുതയെയും വരെ അദ്ദേഹം ഇഷ്ടപ്പെട്ടു. പക്ഷേ, എന്നെ ഇല്ല. പിശാചിന്റെ പീലാസ്​മോനായതുകൊണ്ട് എന്നെ ശിക്ഷിക്കയായിരിക്കും. (Godson - തലതൊട്ടപ്പൻ. തല തൊട്ട ആ മകനെ കൊച്ചി ഭാഗത്തെങ്കിലും വിളിക്കുന്നത് പീലാസ് മകൻ എന്നാണ്.)

എന്റെ അനിയന് ഒരു കളിപ്പാട്ടം കൊടുക്കാതെ എന്നെ ശിക്ഷിക്കയായിരിക്കും. പക്ഷേ, ലൂയിസിനോടത് ചെയ്തത് ശരിയായില്ല; അവൻ ഒരു മാലാഖയാണ്. അവനേക്കാളും കൂടുതൽ നല്ല ഒരു മാലാഖ സ്വർഗത്തിൽപ്പോലും ഉണ്ടാവാൻ വഴിയില്ല.

എന്റെ മുഖത്തിലൂടെ, ഭീരുവിന്റെ കണ്ണുനീർ താഴേക്കൊഴുകാൻ തുടങ്ങി.
"സെസേ... നീ എന്താ കരയുന്നേ."
"അത് ഇപ്പോ മാറും. പിന്നെ, ഞാൻ നിന്നേപ്പോലെ രാജാവല്ലല്ലോ....
"ഒന്നിനും കൊള്ളാത്ത ഒരുവൻ, ഞാൻ ഒരു വികൃതി ചെക്കനാ, ശരിക്കും വികൃതി. അതന്നെ".

‘ടോട്ടോക്ക ... പുത്യേ വീട്ടിലേക്ക് പോയിരുന്നോ?’
"ഇല്ല... നീയോ.’
"ഞാൻ സമയം കിട്ടുമ്പോഴൊക്കെ അവിടെച്ചെന്നു എത്തിനോക്കും.’
"അതെന്തിനാടാ?!’
"പിങ്കിക്ക് സുഖമാണോ എന്നറിയാൻ.’
"ഏത് പൊല്ലാപ്പാണീ പിങ്കി.’
"അവൻ എന്റെ ഓറഞ്ചുമരമാ.’
"അവനു നല്ല പോലെ ചേരുന്ന പേരാണല്ലോ! ഓരോന്ന് കണ്ടുപിടിക്കാൻ നീ മിടുക്കനാ!’
ടോട്ടോക്ക ചിരിച്ചുകൊണ്ട് സിൽവർ കിംഗിനെ ചെത്തിമിനുക്കിക്കൊണ്ടിരുന്നു.
"എന്നിട്ട്, എന്താ അവന്റെ വിശേഷം?’
"അവൻ വളർന്നിട്ടേ ഇല്ലന്നേ.’
"നീ നോക്കിക്കൊണ്ടേയിരുന്നാൽ വളരൂല്ല. നീയെന്താ വിചാരിച്ചേ?
"ഇങ്ങനെയാണോ ഇതിന്റെ ദണ്ഡ് നീ ഉദ്ദേശിച്ചത്?’
"അതേ. ടോട്ടോക്ക, ടോട്ടോക്കയ്ക്ക് എങ്ങനെയാണ് എല്ലാ കാര്യവും ചെയ്യാൻ അറിയുന്നേ? കൂടുകൾ, കോഴിക്കൂടുകൾ, വേലികൾ, ഗേറ്റുകൾ... എല്ലാം.’
"എല്ലാവരും ബോ ടൈ കെട്ടുന്ന കവിയാകാൻ ജനിച്ചവരല്ല സെസേ... നിനക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കിൽ ഇതൊക്കെ പഠിക്കാവുന്നതേ ഉള്ളൂ.’
‘‘ഏയ്... അതൊന്ന്വല്ല. ഇതൊക്കെ ചെയ്യാൻ ഒരു ‘പ്രവണത' വേണം.’

ടോട്ടോക്ക ഒരു നിമിഷം പകുതി ചിരിച്ചുംകൊണ്ടും, എഡ്മുണ്ടോ മാമ പഠിപ്പിച്ചിരിക്കാൻ സാധ്യതയുള്ള പുതിയ വാക്കിനോടുള്ള വിസമ്മതം രേഖപ്പെടുത്തിക്കൊണ്ടും എന്നെ നോക്കി; പണിയും ഒരു നിമിഷം നിർത്തി.
അമ്മമ്മ വന്നിട്ടുണ്ട് വീട്ടിൽ; അടുക്കളയിൽ ക്രിസ്​മസ്​ തലേന്നത്തെ അത്താഴം ഒരുക്കുന്നു- വൈനിൽ കുതിർത്തിയ ഫ്രഞ്ച് ടോസ്റ്റ്. അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞാൻ ടോട്ടോക്കയോടു പറഞ്ഞു, "ചില ആളുകൾക്ക് ഇത്രയും കൂടി ഇല്ല്യാലോ. ഈ വൈനിനും നാളത്തെ ഫ്രൂട്ട് സലാഡിനുള്ള സാധനം വാങ്ങാനുമൊക്കെ എഡ്മുണ്ടോ മാമനാ നമുക്ക് പണം തന്നത്.’

ബംഗു കാസിനോയിലെ സംഭവം അറിഞ്ഞതുകൊണ്ട് പുതിയ ദണ്ഡ് സൗജന്യമായി ഉണ്ടാക്കിത്തരികയായിരുന്നു ടോട്ടോക്ക. ഒന്നൂല്ല്യെങ്കിലും, ലൂയിസിനു ഒരു സമ്മാനം കിട്ടും. പഴയതും ഉപയോഗിച്ചതുമാണെങ്കിലും നല്ല ഭംഗിയുള്ള ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്ന്.

"ടോട്ടോക്ക?’
"എന്താടാ.’
"ക്രിസ്മസപ്പൂപ്പന്റെ കൈയിൽ നിന്നു നമുക്ക് യാതൊന്നും കിട്ടില്ലേ?’
"കിട്ടുംന്ന് തോന്നുന്നില്ല.’
"ടോട്ടോക്ക, എന്നോട് സത്യം പറ. എല്ലാവരും പറയും പോലെ ഞാൻ വികൃതിയും ചീത്തയുമാണോ.’
"അത്ര ചീത്തച്ചീത്തയൊന്നുമല്ല. നിന്റെ ചോരയിൽ സാത്താനുണ്ട് എന്ന് മാത്രം.’
"ക്രിസ്​മസ്​ വരുമ്പോഴെങ്കിലും അത് ഇല്ലാതായാ മതിയായിരുന്നു. മരിക്കുംമുമ്പ്, ഏറ്റവും കുറഞ്ഞത് ഒരിക്കലെങ്കിലും സാത്താൻ കുട്ടിയല്ലാതെ ഉണ്ണിയേശു എന്റെ ഹൃദയത്തിൽ ജനിക്കണം എന്നാ എന്റെ ആശ.’
"ഒരുപക്ഷേ, അടുത്ത കൊല്ലം... നീ എന്താ എന്നെ കണ്ടു പഠിക്കാത്തേ? ഞാൻ ചെയ്തതു ചെയ്യാത്തത്?’
"നീയെന്താ ചെയ്യുന്നേ?’
"ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. അപ്പോ എനിക്ക് നിരാശയുമില്ല. യേശു എല്ലാവരും പറയുന്നപോലെ, പള്ളീലച്ചനും പള്ളീലെ ക്ലാസും പറയുംപോലെ അത്ര നല്ലവനൊന്നുമല്ല...’

തുടരണോ എന്ന് ശങ്കിച്ച് ടോട്ടോക്ക നിർത്തി.
"അവര് എന്താ പറയുന്നു?’
"പോട്ടെ.. നീ വികൃതികാട്ടി നടന്നു, തല്ലുകൊള്ളിയായി നിനക്ക് ഒന്നും തന്നില്ലാ എന്ന് വയ്ക്കുക. അപ്പോ ലൂയിസോ.’
"അവൻ ഒരു മാലാഖയാ.’
"ഗ്ലോറിയയോ?’
"അവളുമതേ.’
"ഞാനോ?’
"നീ... ചെലപ്പോ.. എന്റെ സാധനങ്ങളൊക്കെ എടുക്കാറുണ്ട്; പക്ഷേ, നല്ലവനാ.’
"ലാല?’
"എന്തടിയാ ലാല അടിക്കാറ്. എന്നാലും നല്ലവളാ. എനി
ക്കൊരു ബോ ടൈ ഒരൂസം തയ്ച്ച് തരും.’
"ജെഞ്ചീര?’
"ജെഞ്ചീര ജെഞ്ചീരയാണ്.. എന്നാലും ചീത്തയൊന്നുമല്ല.’
"അമ്മ?’
"അമ്മ വളരെ നല്ലവളാ. എന്നെ അടിക്കുമ്പോ പോലും എന്നോട് പാവം തോന്നി അടിച്ചു എന്ന് തോന്നിപ്പിക്കുകയേ ഉള്ളൂ.’
"അച്ഛനോ.’
"ഉം ഉം... എനിക്ക് ഉറപ്പില്ല. അച്ഛന് ഒരിക്കലും ഭാഗ്യമില്ല. അച്ഛൻ എന്നേപ്പോലെ ആയിരുന്നിരിക്കണം... കുടുംബത്തിലെ ചീത്തക്കൂട്ടി.’
"അപ്പോപ്പിന്നെ.. നമ്മുടെ കുടുംബത്തിലെ എല്ലാവരും നല്ലതാണ്. പിന്നെ യേശു നമ്മൾക്ക് നന്മ ചെയ്യാത്തത് എന്താ? ഡോക്ടർ ഫോൾഹാബറുടെ വീട് നോക്കൂ.... മേശയുടെ വലുപ്പം... അതിന്റെ മുകളിൽ കൂമ്പാരം കൂട്ടിയ തീറ്റസ്സാധനങ്ങൾ. വില്ലാസ് ബൊവേടെ വീട്ടിലും സ്ഥിതി ഇതുതന്നെ. ഡോ. ഡൗക്റ്റോലൂസിന്റെ വീട്ടിലും... എന്തൊക്കൊണ്ടൊന്നും പറയിപ്പിക്കണ്ട.’

ടോട്ടോക്ക കരച്ചിലിന്റെ വക്കത്തെത്തിയത് ഞാനാദ്യമായി കണ്ടു.
‘‘അതാണ് വെറും ‘ഷോയ്ക്ക്' വേണ്ടിയാണ് ഉണ്ണിയേശു ദരിദ്രനായി ജനിച്ചത് എന്ന് ഞാൻ വിചാരിക്കുന്നേ... അതിനുശേഷം പണക്കാരാ നല്ലവര് എന്നായി ചിന്ത. എന്നേക്കൊണ്ട് ഇനിയൊന്നും പറയിപ്പിക്കണ്ട. ഞാൻ പറഞ്ഞതേ വലിയ പാപം ആയിരിക്കും.’’

താൻ പണി ചെയ്യുന്ന കുതിരയുടെ മെയ്യിൽനിന്ന് ടോട്ടോക്ക കണ്ണെടുത്തില്ല, അത്രയ്ക്കും നിരാശനായിരുന്നു അവൻ.

ക്രിസ്​മസ്​തലേന്നത്തെ അത്താഴം അത്രയും സങ്കടകരമായിരുന്നു, എനിക്കതിനേക്കുറിച്ച് ആലോചിക്കാനും കൂടി ഇഷ്ടല്യ. എല്ലാവരും ഒന്നുംമിണ്ടാതെ ഇരുന്നു കഴിച്ചു; ആ ഫ്രഞ്ച് ടോസ്റ്റിന്റെ ഒരിത്തിരിയേ അപ്പൻ സ്വാദ് നോക്കിയുള്ളൂ. അപ്പൻ ഷേവ് ചെയ്തിരുന്നില്ല, ഒരുങ്ങിയിരുന്നേ ഇല്ല. ആരും കുർബാനയ്ക്ക് പള്ളിയിൽ പോയതുമില്ല. ഏറ്റവും വിഷമകരമായ ചീത്തക്കാര്യം ആരും പരസ്പരം മിണ്ടിയില്ല എന്നാണ്. ഉണ്ണീശോവിന്റെ പിറന്നാൾ അല്ല മരണച്ചടങ്ങാണ് നടക്കുന്നത് എന്ന് തോന്നി!

പിന്നെ അപ്പൻ തൊപ്പിയെടുത്ത് പുറത്തേക്ക് പോയി. ആരോടും ഹാപ്പി ക്രിസ്​മസോ ഗുഡ്ബൈയോ ഒന്നും പറയാതെ ഷൂസിടാതെയാണ് പോയത്. അമ്മമ്മ തൂവാലകൊണ്ട് കണ്ണൊപ്പി, തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ എഡ്മുണ്ടോ മാമനോട് പറഞ്ഞു. എഡ്മുണ്ടോ മാമൻ എനിക്കും ടോട്ടോക്കയ്ക്കും അഞ്ചു ടോസ്റ്റോ (Tostoes - ബ്രസീലിലെ നാണയം) തന്നു. കുറച്ചുകൂടി തരണം എന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കൈയിൽ അത്രയ്ക്കും പണമില്ല എന്ന് തോന്നി. ഞങ്ങൾക്ക് തരുന്നതിന് പകരം, പട്ടണത്തിലുള്ള സ്വന്തം മക്കൾക്ക് അത് കൊടുക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കും. അതുകൊണ്ട് ഞാനദ്ദേഹത്തെ കെട്ടിപ്പിടിച്ചു. അതുമാത്രമാണ് ആ വൈകുന്നേരത്തെ ഒരേ ഒരു ആലിംഗനം എന്ന് എനിക്ക് തോന്നുന്നു. ആരും പരസ്പരം കെട്ടിപ്പിടിച്ചില്ല, നല്ല വാക്കുകൾ പറഞ്ഞില്ല. അമ്മ സ്വന്തം മുറിയിലേക്ക് പോയി. ആരും കാണാതെ കരയാനായിരുന്നു അതെന്ന് എനിക്കുറപ്പുണ്ട്. എല്ലാവർക്കും അതുതന്നെയാണ് തോന്നിയത്. ലാല അമ്മമ്മയേയും മാമനേയും യാത്രയാക്കാൻ പടിവരെ പോയി; അവർ അത്രയ്ക്കും പതുക്കെ താങ്ങിത്തൂങ്ങി നടന്നതിനാൽ ലാല പറഞ്ഞു, "ജീവിച്ചിരിക്കാൻ പാടില്ലാത്തത്രയും വയസ്സായ പോലെയും എല്ലാം മടുത്തവരേപ്പോലെയുമാണ് അവരെ കണ്ടാൽ തോന്നുക.’

ഏറ്റവും സങ്കടം എന്താന്നോ? പള്ളിമണികൾ രാത്രിയെ ആഹ്ലാദം തുളുമ്പുന്ന ശബ്ദങ്ങൾ കൊണ്ടുനിറച്ചു. ‘എന്തൊരു ആഹ്ലാദമാണിവിടെ മനുഷ്യർക്ക്' എന്ന് ദൈവത്തെക്കാണിക്കാൻ എന്നപോലെ ആകാശത്തേക്ക് അമിട്ടുകൾ പൊട്ടി യുയർന്നു.

ഞാൻ അകത്തേക്ക് പോയപ്പോൾ ഗ്ലോറിയയും ജെഞ്ചീരയും പാത്രം കഴുകി വെയ്ക്കുകയായിരുന്നു. ഹൃദയം പൊട്ടി ക്കരഞ്ഞപോലെ ഗ്ലോറിയയുടെ കണ്ണുകൾ ചെമന്നിരുന്നു.

അത് മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഗ്ലോറിയ ഞങ്ങളോട് പറഞ്ഞു, ‘കുട്ടികൾക്ക് ഉറങ്ങാനുള്ള സമയമായി.'

അത് പറയുമ്പോൾ അവൾ ഞങ്ങളെ നോക്കി. അവിടെ കുട്ടികൾ ആരുമില്ലെന്ന് അവൾക്കറിയാമായിരുന്നു. ഞങ്ങളൊക്കെ വലുതായി - വലിയവരും ദുഃഖിതരും കീറിപ്പൊളിഞ്ഞ അതേ ദുഃഖത്തിന്റെ അത്താഴം കഴിക്കുന്നവരും!
പവർകമ്പനി കറൻറ് കട്ട് ചെയ്തതുകൊണ്ട് ഒരു മങ്ങിയ വിളക്കിന്റെ വെളിച്ചമേ വീട്ടിലുണ്ടായിരുന്നുള്ളു. ഒരുപക്ഷേ, അതാവാം എല്ലാം മങ്ങിയതായി തോന്നിയത്...

വായിൽ വിരലുമിട്ട് സുഖമായി കിടന്നുറങ്ങുന്ന ഞങ്ങളുടെ ‘കുഞ്ഞുരാജാവ്' മാത്രം സന്തുഷ്ടനായി കാണപ്പെട്ടു. അവന്റെ കിടക്കയ്ക്കരികിൽ ഞാനാ കുഞ്ഞിക്കുതിര വച്ചു. അവന്റെ മുടി തടവാതിരിക്കാൻ എനിക്കായില്ല. എൻറെ ശബ്ദം അലിവിന്റെ ഒരു വലിയ പുഴയായി മാറി.
"പീക്കിരി.’
വീട് മുഴുവൻ ഇരുട്ടിലാണ്ടപ്പോൾ ഞാൻ ടോട്ടോക്കയോട് പതുക്കെ ചോദിച്ചു. "ആ ഫ്രഞ്ച് ടോസ്റ്റിന് എന്തു സ്വാദായിരുന്നു, അല്ലേ.’
"എനിക്കറിയില്ല, ഞാൻ കഴിച്ചില്ല.’
"അതെന്താ?’
"എനിക്ക് തൊണ്ടയിൽ എന്തോ കുരുങ്ങിയതുപോലെ തോന്നി, ഒന്നും താഴേക്ക് ഇറങ്ങാത്ത പോലെ. നമുക്ക് ഉറങ്ങാം സെസേ. ഉറക്കം എല്ലാം മറക്കാൻ സഹായിക്കും.’
ഞാനെണീറ്റപ്പോൾ ടോട്ടോക്ക ആ ശബ്ദം കേട്ട് ചോദിച്ചു. "നീയെങ്ങടാ പോണേ സെസേ.’
"ഷൂസ് വാതിലിന്റെ മുമ്പിൽവയ്ക്കാൻ.’
"വേണ്ട, വെയ്ക്കാത്തതാ നല്ലത്​.’
"ഞാൻ വെയ്ക്കും. നമുക്കറിയില്ലല്ലോ, വല്ല അത്ഭുതോം നടന്നാലോ. ടോട്ടോക്ക, നിനക്കറിയില്ലേ, ഒരു സമ്മാനം കിട്ടാൻ എനിക്ക് കൊതിയാ. ഒറ്റ ഒന്ന് മതി. പക്ഷേ, എനിക്ക് മാത്രം ആയി, ഒരു പുതിയത്.’
ടോട്ടോക്ക തിരിഞ്ഞുകിടന്ന്, തല തലയിണയുടെ താഴെ പൂഴ്ത്തി.

ഉണർന്ന ഉടനേ ഞാൻ ടോട്ടോക്കയെ വിളിച്ചു, "വാടാ പോവാം. എന്തെങ്കിലും ഉണ്ടെങ്കിലോ.’
"ഞാനില്ല.’
"ശരി. ഞാൻ പോവാം.’
ഞാൻ കിടപ്പുമുറിയുടെ വാതിൽ തുറന്നു, എന്തൊരു നിരാശ.. ഷൂസ് ശൂന്യമായിരുന്നു. കണ്ണുതിരുമ്മിക്കൊണ്ട് ടോട്ടോക്കയും വന്നു.
"ഞാൻ പറഞ്ഞതല്ലേ.’

എന്റെ ആത്മാവിൽ എല്ലാം കൂടി കലങ്ങിമറിഞ്ഞു പൊന്തിവന്നു. വെറുപ്പ്, ദേഷ്യം, ദുഃഖം. ഉള്ളിൽ ഒതുക്കാൻ പറ്റാതെ ഞാൻ പൊട്ടിത്തെറിച്ചു.
"പണമില്ലാത്ത അപ്പനുണ്ടാകുന്നത് ഭയങ്കരം തന്നെ.’
എന്റെ ഷൂസിൽനിന്ന്​ എന്റെ കണ്ണുകൾ അവിടെ ഇട്ടിരുന്ന ഒരു ജോഡി ചെരിപ്പിലേക്ക് തെന്നി. അപ്പൻ ഞങ്ങളെ നോക്കി അതാ അവിടെ നിൽക്കുന്നു. ദുഃഖം കൊണ്ട് വളരെ വലുതായി അപ്പന്റെ കണ്ണുകൾ. അപ്പന്റെ കണ്ണുകൾ വളരെ വളരെ വലുതായി--ബംഗു സിനിമാ തിയേറ്ററിന്റെ സ്ക്രീനിന്റെ അത്രയും വലുതായി. കരയാൻ തോന്നിയാലും കരയാൻ പറ്റാത്തത്രയും വേദനയും മുറിവും അപ്പന്റെ കണ്ണുകളിൽ കണ്ടു. ഒരിക്കലും അവസാനിക്കാത്തത് എന്ന് തോന്നിയ ഒരു മിനിട്ട് നേരം, അദ്ദേഹം ഞങ്ങളെ നോക്കി നിന്നു, പിന്നെ ഒന്നും മിണ്ടാനാവാതെ, അവിടെ തരിച്ചു നിന്നു. അലമാരിയിൽ നിന്ന് തൊപ്പിയെടുത്ത് അപ്പൻ വീട്ടിൽ നിന്നു പുറത്തിറങ്ങിപ്പോയി. അപ്പോൾ ടോട്ടോക്ക എന്റെ കൈയിൽ തൊട്ടു.

"നീ ചെറ്റയാണ് സെസേ.. ഒരു പാമ്പിന്റെ പോലെ വെറും ചെറ്റ. അതല്ലേ നീ...’
"ഞാനപ്പൻ അവിടെ നിക്കണത് കണ്ടില്ല.’
"ചെറ്റ, ഹൃദയശൂന്യൻ, എത്രയോ കാലായിട്ട് അപ്പന് ജോലിയില്ലെന്ന് നിനക്ക് അറിഞ്ഞൂടേ. അപ്പന്റെ മുഖം കണ്ടിട്ടാ ഇന്നലെ എനിക്ക് ഒന്നും കഴിക്കാൻ പറ്റാതിരുന്നത്. ഒരിക്കൽ നീയും അപ്പനാകും, അന്ന് നിനക്ക് മനസ്സിലാകും ഇത്തരം അവസ്ഥ വരുമ്പോൾ എത്ര മാത്രം വേദനിക്കും എന്ന്.’
അല്പംകൂടി ആയാൽ ഞാൻ കരയും.
"പ..പക്ഷേ ഞാൻ കണ്ടില്ലാ അച്ഛനെ, ടോട്ടോക്കാ... ഞാൻ കണ്ടില്ല.’
"എൻറടുത്ത്ന്ന് പോ... നീയൊന്നിനും കൊള്ളാത്തവനാ. പോടാ.’

റോട്ടിലൂടെ ഓടിപ്പോയി അപ്പന്റെ കാല് കെട്ടിപ്പിടിച്ച്കരയാൻ എനിക്കാഗ്രഹം തോന്നി. ‘ഞാൻ ഈ പറഞ്ഞത് മോശമായിപ്പോയി - ശരിക്കും ശരിക്കും ചെറ്റത്തരം’ എന്നപ്പനോട് പറയാൻ ആഗ്രഹിച്ചു. പക്ഷേ, ഞാനങ്ങനെ അവിടെനിന്നു, എന്തുചെയ്യണം എന്നറിയാത്ത പോലെ. ഞാൻ കിടക്കയിലിരുന്നു. അതേ മൂലയിൽ, ശൂന്യമായി, ഒന്നുമില്ലാതെ ഇരിക്കുന്ന എന്റെ ഷൂ നോക്കിക്കൊണ്ട് നിയന്ത്രണമില്ലാതെ ആടിയുലയുന്ന എന്റെ മനസ്സുപോലെ ശൂന്യമായി...

എന്റെ നല്ലവനായ ദൈവമേ, ഞാൻ എന്തിനാണത് ചെയ്തത്? അതും ഈ ദിവസം. എല്ലാം ദുഃഖമയമായിരുന്നിട്ടും ഞാനത് കുറേക്കൂടെ തരംതാഴ്ത്തിയത് എന്തിന്? ഉച്ചഭക്ഷണസമയത്ത് ഞാനെങ്ങനെ അപ്പന്റെ മുഖത്ത് നോക്കും? ഫ്രൂട്ട് സലാഡ് വിഴുങ്ങാൻ പോലും എനിക്കാവില്ല.

എന്റെ മനസ്സിൽ, സിനിമാസ്ക്രീൻ പോലെ വലുപ്പമുള്ള വലിയ തുറിച്ചുനോക്കുന്ന കണ്ണുകൾ ഒട്ടിപ്പിടിച്ചു നിന്നു. ഞാൻ കണ്ണടച്ചു, എന്നാലും വലിയ, വലിയ കണ്ണുകൾ കണ്ടു...

ഷൂമിനുക്കുന്ന പെട്ടിയെ ഞാനെന്റെ മടമ്പുകൊണ്ട് ഒന്നു തോണ്ടി; അപ്പോ എനിക്കൊരു സൂത്രം തോന്നി. ഇത്രയും തരംതാഴ്ന്ന എന്റെ പെരുമാറ്റത്തിന് മാപ്പു തരാൻ അപ്പനെ പ്രേരിപ്പിക്കാൻ, എനിക്ക് ഒരുപക്ഷേ, പറ്റും.

ഞാൻ ടോട്ടോക്കയുടെ പെട്ടിയിൽനിന്ന് കറുത്ത ഷൂ പോളീഷ് കടം വാങ്ങി. എന്റേത് തീരാറായിരുന്നു. ഞാനാരോടും ഒരു വാക്കും മിണ്ടിയില്ല. പെട്ടിയുടെ ഭാരം തെല്ലും അറിയാതെ, ദുഃഖത്തോടെ, ഞാൻ തെരുവിലൂടെ നടന്നു. അപ്പന്റെ കണ്ണുകളിൽ ചവിട്ടി നടക്കുംപോലെ എനിക്ക് തോന്നി. അപ്പന്റെ കണ്ണുകൾക്കകം മുറിവേല്പിച്ച് വേദനിപ്പിച്ചു കൊണ്ട്. തലേന്നത്തെ പാതിരാക്കുർബാനയും അത്താഴവും കാരണമായിരിക്കാം, മുതിർന്നവരൊക്കെ ഉറങ്ങുക തന്നെയാണെന്നു തോന്നുന്നു, നേരം പുലർന്നു വരുന്നേ ഉള്ളൂ. തെരുവ് തങ്ങൾക്ക് കിട്ടിയ സമ്മാനങ്ങൾ പരസ്പരം കാണിച്ച് കൊടുക്കുന്ന കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് എന്നേ ഒന്നുകൂടി വഷളാക്കി. അവരൊക്കെ നല്ല കുട്ടികൾ. അവരാരും ഞാൻ ചെയ്ത തെറ്റ് ഒരിക്കലും ചെയ്യാനിടയില്ല.

‘കഷ്ടപ്പാടും വിശപ്പും' എന്ന ബാറിന്റെ അടുത്തു ഞാൻ നിന്നു, ഒരാളെ കിട്ടുമായിരിക്കാം ഇവിടെ. ക്രിസ്​മസിനുപോലും അത് തുറന്നിരിക്കുന്നു. ആ ബാറിന് ഈ കുറ്റപ്പേര് കിട്ടിയതിലത്ഭുതമില്ല. പൈജാമയിട്ട് വെറും സ്ലിപ്പറുകളും ചെരുപ്പുകളുമിട്ട ആളുകളാണ് പുറത്തേക്ക് വരുന്നത്. ഒരു യഥാർഥ ഷൂ ആർക്കുമില്ല, ഒരുവനും.

ഞാൻ പ്രാതൽ കഴിച്ചിട്ടുണ്ടായിരുന്നില്ല, പക്ഷേ, ഒട്ടും വിശന്നേയില്ല. എന്റെ വിശപ്പിനേക്കാൾ വലുതായിരുന്നു എന്റെ വേദന. ഞാൻ റുവാ ദോ പ്രോഗ്രസ്സോവിലേക്ക് നടന്നു. ചന്ത മുഴുവൻ കറങ്ങി. സിയു റോസെംബർഗിന്റെ പേസ്ട്രി കടയ്ക്ക് മുന്നിലുള്ള റോട്ടിൽ ഞാനിരുന്നു... ഒന്നും ഇല്ല!

മണിക്കൂറുകൾ ഒന്നൊന്നായി കടന്നുപോയി; ഒരു ചെറിയ ടൊസ്റ്റാവോ പോലും എനിക്ക് കിട്ടിയില്ല. പക്ഷേ, കിട്ടണം, എനിക്കത് വേണം; കിട്ടിയേ തീരു.ചൂട് കൂടിക്കൂടിവന്നു, പോളീഷ് പെട്ടിയുടെ സ്ട്രാപ്പ് എന്റെ തോളിൽ മുറുകി വേദനിക്കുന്നതിനാൽ ഞാനത് ഇടയ്ക്കിടെ സ്ഥാനം മാറ്റിക്കൊണ്ടിരുന്നു.. എനിക്ക് നാവുവരണ്ടു; മാർക്കറ്റിലെ ജലധാരയിൽ നിന്നു വെള്ളം കുടിക്കുകപോലും ചെയ്തു.

ഞാനുടൻ തന്നെ പോവേണ്ടി വരാനിടയുള്ള സ്കൂളിന്റെ മുൻവശത്തെ പടിയിലിരുന്നു. പെട്ടി താഴെവെച്ചു, ധൈര്യം വാർന്നൊഴുകിപ്പോയ പോലെ. ക്ഷീണിച്ച് തളർന്ന്, തല മുട്ടിന്മേൽ തിരുകി ഒരു പാവപോലെ ഞാനവിടെയിരുന്നു.

പിന്നെ മുഖം കാൽ മുട്ടുകൾകൊണ്ട് മറച്ച്, കൈകൊണ്ട് മൂടി ഇരുന്നു. ഞാനാഗ്രഹിച്ച കാര്യം സാധിക്കാതെ വീട്ടിൽ പോവുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ്.
എന്റെ പോളീഷ് പെട്ടിയിൽ ഒരു ഷൂ തട്ടി, പരിചയവും ചങ്ങാത്തവും ഉള്ള ഒരു ശബ്ദം കേട്ടു.
"ഏയ് ഷൂ മിനുക്കീ; ഇങ്ങനെ ഇരുന്നുറങ്ങിയാൽ ഒരു കാശും കിട്ടൂലാ കേട്ടോ.’
വിശ്വസിക്കാനാവാതെ ഞാൻ തലയുയർത്തി നോക്കി. സിയു കോക്വിഞ്ഞോ ആയിരുന്നു അത്, കാസിനോവിന്റെ വാതിൽക്കാവൽക്കാരൻ. ഒരു ഷൂ അയാൾ ആദ്യം ഊരി പെട്ടിപ്പുറത്തുവെച്ചു; കീറത്തുണി കൊണ്ട് തുടച്ചതിനുശേഷം നനഞ്ഞ തുണി കൊണ്ട് നനവുണ്ടാക്കി അത് തുടച്ചു. പിന്നെ വളരെ ശ്രദ്ധാപൂർവം ഷൂപോളീഷ് ഉരയ്ക്കാൻ തുടങ്ങി.
"ആ ട്രൗസറിന്റെ തുമ്പ് ഒന്നുയർത്താമോ സാർ?’
ഞാൻ പറഞ്ഞപോലെ അയാൾ ചെയ്തു.
"ഇന്നു ജോലി ചെയ്യുകയാണോ സെസേ.’
"ഇത്രയധികം ആവശ്യം മറ്റൊരു ദിവസവും ഉണ്ടായില്ല.’
"ക്രിസ്​മസ്​ - എങ്ങനെയായിരുന്നു?’
"ഓകെ ആരുന്നു.’

ഞാൻ പെട്ടിയിൽ ബ്രഷ് കൊണ്ട് മുട്ടി; അയാൾ കാല് മാറ്റി. പഴയ പോലെ എല്ലാം ചെയ്ത് ഞാൻ ഷൂ പോളീഷ് ചെയ്യാൻ തുടങ്ങി. പണി കഴിഞ്ഞപ്പോൾ ഞാൻ പോളീഷ് പെട്ടിയിൽ തട്ടി. അയാൾ ഷൂ തിരിച്ചെടുത്തു.
"എത്ര വേണം, സെസേ.’
"രണ്ടു ടോസ്റ്റോ.’
"രണ്ടോ? എല്ലാവരും നാല് മേടിക്കുന്നുണ്ടല്ലോ?’
"ഞാൻ ശരിക്കും നല്ല ഷൂ പോളീഷ്കാരൻ ആയാലേ എനിക്കത് വാങ്ങിക്കാനാവൂ; ഇപ്പോ പറ്റില്ല.’
അയാൾ എനിക്ക് അഞ്ച് ടോസ്റ്റോ തന്നു.
"ക്രിസ്തുമസ്സല്ലേ, ബാക്കി വെച്ചോ. പിന്നെ കാണാം.’
"മെറി ക്രിസ്തുമസ്, സിയു കോക്വിഞ്ഞോ.ദ

മൂന്നു ദിവസം മുൻപേ നടന്ന ആ സംഭവം കാരണമായിരിക്കാം, ഒരുപക്ഷേ, അയാൾ ഷൂ പോളീഷ് ചെയ്യാൻ വന്നത്...

കുപ്പായക്കീശയിലെ കാശ് എന്റെ ഉത്സാഹം അല്പം കൂട്ടി. പക്ഷേ, അത് നീണ്ടുനിന്നില്ല. രണ്ടു മണി കഴിഞ്ഞിരിക്കുന്നു, ആളുകൾ വന്നുംപോയുമിരിക്കുന്നു. പക്ഷേ, ഒരൊറ്റ ആളെ എനിക്ക് കിട്ടിയില്ല. ഷൂ പൊടി തുടയ്ക്കാൻ പോലും (അതിന് വെറും ഒരു ടൊസ്റ്റോ മതി) ആരും വന്നില്ല.
ഹൈവേയിലെ വിളക്കുകാലിനടത്തുനിന്ന് ഇടയ്ക്കിടയ്ക്ക് ഞാൻ തൊള്ള പൊളിച്ചു. "ഷൂ പോളീഷ് സർ, ഷൂ മിന്നിക്കാം സാർ, ഒന്ന് ഷൂപോളീഷ് ചെയ്യൂ, ക്രിസ്തുമസ്സിന് പാവങ്ങളെ സഹായിക്കൂ.’

ഒരു പണക്കാരന്റെ കാർ അടുത്തു വന്നു നിർത്തി. വലിയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും കൂടുതൽ ഉച്ചത്തിൽ ഞാൻ വിളിച്ചുപറഞ്ഞു, "ഒന്ന് സഹായിക്കാമോ സാർ? ക്രിസ്തുമസിന് പാവങ്ങൾക്ക് ഒരു കൈ സഹായം.’

കാറിന്റെ പിൻസീറ്റിലെ അണിഞ്ഞൊരുങ്ങിയ സ്ത്രീയും കുട്ടികളും എന്നെത്തന്നെ ഉറ്റുനോക്കി അവിടെയിരുന്നു. ആ സ്ത്രീക്ക് എന്നോട് കരുണ തോന്നി.
"പാവം കുഞ്ഞ് എത്ര ചെറുതാ, എന്തൊരു ദാരിദ്ര്യം. അവന് വല്ലതും കൊടുക്കൂ ആർതർ.’

പക്ഷേ, ആ പുരുഷൻ എന്നെ സംശയദൃഷ്ടിയോടെ നോക്കി.
"അവനൊരു കൊച്ചു കുറ്റവാളിയാന്ന് തോന്നുന്നു. തിരുമാലി.’
"അവൻ അവന്റെ വലുപ്പമില്ലായ്മയും ഈ ദിവസവും മുതലെടുക്കുകയാ’, അയാൾ പറഞ്ഞു.
"അയ്ക്കോട്ടേ... ഞാനവന് എന്തേലും കൊടുക്കും. വാ മോനേ.’
ആ സ്ത്രീ ഹാൻഡ് ബാഗു തുറന്നു, കൈ കാറിന്റെ ജനാലയിലൂടെ പുറത്തിട്ടു.
"വേണ്ട മാം, നന്ദി. ഞാൻ കള്ളം പറഞ്ഞതല്ല. അത്രയും അത്യാവശ്യക്കാരേ ക്രിസ്​മസിന്​ പണിയെടുക്കൂ.’
എന്നിട്ട് എന്റെ പെട്ടിയെടുത്ത് തോളത്തിട്ട് ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. ദേഷ്യപ്പെടാനുള്ള ഊർജം പോലും എനിക്കുണ്ടായിരുന്നില്ല.

പക്ഷേ, കാറിന്റെ വാതിൽ തുറന്ന്, ഒരു ചെറിയ ആൺകുട്ടി ഓടി എന്റെ അടുത്തുവന്നു.
"ഇതാ, ഇത് വേച്ചേക്കൂ. അമ്മ പറഞ്ഞു നീ നുണയനാന്ന് ഞങ്ങൾ വിചാരിച്ചിട്ടേ ഇല്ലാന്ന്.’
അഞ്ചു ടോസ്റ്റോ എന്റെ പോക്കറ്റിൽ കുത്തിത്തിരുകി അവൻ തിരിച്ചോടി, എന്റെ നന്ദി കേൾക്കാൻ പോലും നിന്നില്ല.. എഞ്ചിൻ സ്റ്റാർട്ടായി കാർ മുന്നോട്ടു പോവുന്ന ശബ്ദം മാത്രമേ ഞാൻ കേട്ടുള്ളൂ.

നാലു മണിക്കൂറ് കഴിഞ്ഞിരിക്കുന്നു, അച്ഛന്റെ കണ്ണുകൾ ഇപ്പോഴും എന്നെ പീഡിപ്പിച്ചിരിക്കുന്നു.

ഞാൻ വീട്ടിലേക്ക് തിരിച്ചുപോവാൻ തുടങ്ങി. ഈ പത്ത് ടോസ്റ്റോ കൊണ്ട് ഒന്നുമാവില്ല, പക്ഷേ, ‘കഷ്ടപ്പാടും വിശപ്പും' എനിക്ക് അത് തരുവായിരിക്കും; ബാക്കി മറ്റൊരു ദിവസം കൊടുക്കാം എന്ന് പറഞ്ഞാൽ സമ്മതിക്കുമായിരിക്കും.
വേലിയുടെ മൂലയ്ക്ക് എന്തോ കിടക്കുന്നത് ഞാൻ കണ്ടു. അത് സ്ത്രീകളണിയുന്ന ഒരു കീറിപ്പറഞ്ഞ സ്റ്റോക്കിംഗ്സ് ആയിരുന്നു. ഞാനത് കുനിഞ്ഞെടുത്തു. കൈയിലേക്ക് വലിച്ചു കേറ്റി, തീരെ കനം കുറഞ്ഞ തുണി. ഒരസ്സൽ പാമ്പ് ആകും ഇതെന്ന് വിചാരിച്ച് ആ തുണി ഞാൻ പെട്ടിയിലിട്ടു. എന്നിട്ട് സ്വയം വാദിച്ചു വിശ്വസിപ്പിച്ചു, ‘മറ്റൊരു ദിവസം. ഇന്നു വേണ്ട, ഒരിക്കലും ഇല്ല..'

വില്ലാസ്-ബോവസ് തറവാട്ട് വീട്ടിൽ ഞാനെത്തി. സിമൻറിട്ട വലിയ മുറ്റമുണ്ട് ആ വീടിന്. പൂച്ചെടിത്തടങ്ങൾക്ക് ചുറ്റും സെർജിഞ്ഞോ ഒരു ഭംഗിയുള്ള 18ബൈക്ക് ഓടിക്കുന്നതു കണ്ടു. അതു കാണാൻ ഞാൻ വേലിയിൽ മുഖമമർത്തിനിന്നു.
മഞ്ഞയും നീലയും വരകളുള്ള ഒരു ചെമന്ന ബൈക്കായിരുന്നു അത്.. അതിന്റെ മെറ്റൽ ഭാഗം വെട്ടിത്തിളങ്ങി. സെർജിഞ്ഞോ ഞാൻ നോക്കുന്നത് കണ്ടു ഗമ കാട്ടാൻ തുടങ്ങി. വേഗം ഓടിച്ച് മൂലകളിലൂടെ അതിവേഗം തിരിച്ച്. ശക്തിയായി ബ്രേക്കിട്ട കാരണം ചക്രങ്ങൾ ‘ക്റീ' എന്ന ഒച്ചയുണ്ടാക്കി. എന്നിട്ട് ഇങ്ങോട്ട് വന്നു.
"ഇഷ്ടായോ.’
"ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ബൈക്കാണത്.’
"ഗേറ്റിലേക്ക് വാ - നിനക്ക് നന്നായി കാണാമ്പറ്റും.’

സെർജിഞ്ഞോ ടോട്ടോക്കയുടെ ഒപ്പമാണ്, ഒരേ ക്ലാസ്, ഒരേ വയസ്സ്. എനിക്ക് എന്റെ ഒന്നുമിടാത്ത കാലുകളേക്കുറിച്ച് നാണം തോന്നി. അവൻ തിളങ്ങുന്ന ഷൂസും, വെള്ള സോക്സ്സും ചെമപ്പ് ബെൽറ്റും ഇട്ടിരിക്കുന്നു. ഷൂസിന്റെ തിളക്കം കാരണം എല്ലാം അതിൽ കണ്ണാടി പോലെ തെളിഞ്ഞുകാണാം. എന്റെ അച്ഛന്റെ കണ്ണുകൾപോലും ആ മിന്നുന്ന ഷൂസിലിരുന്ന് എന്നെ നോക്കി. ഞാൻ ഉമിനീരിറക്കി.
"എന്താടാ സെസേ... എന്തുപറ്റി?’
"ഒന്നൂല്യ. തൊട്ടടുത്ത് നിന്ന് കാണുമ്പോ കൂടുതൽ ഭംഗി. ക്രിസ്​മസിന്​ കിട്ടിയതാ?’
"ആ...’
അവൻ, സൈക്കിളിൽനിന്ന് ഇറങ്ങി, വാതിൽ തുറന്നു.
"എനിക്ക് കൊറേ സാധനം കിട്ടി. ഒരു ഗ്രാമഫോൺ, മൂന്നു സൂട്ട്, കൊറേ കഥാപുസ്തകങ്ങൾ, കളർപെൻസിലിന്റെ വലിയ പെട്ടി. കുറേ കളിസാധനങ്ങളുള്ള ഒരു പെട്ടി, തിരിയുന്ന പ്രൊപ്പല്ലർ ഉള്ള ഒരു വിമാനം. വെള്ളപ്പായകൾ കെട്ടിയ രണ്ടു ബോട്ടുകൾ...’
ഞാൻ തല കുനിച്ചു, ടോട്ടോക്ക പറഞ്ഞതുപോലെ ഉണ്ണീശോവിനു പൈസക്കാരേ മാത്രേ ഇഷ്ടള്ളൂ.
"എന്തു പറ്റി സെസേ.’
"ഒന്നൂല്യ.’
"നിനക്കോ? നിനക്ക് കൊറേ സാധനം കിട്ടിയോ.’
ഞാൻ മിണ്ടാൻ പറ്റാതെ തലയാട്ടി.
"ഒന്നും? ഒന്നും കിട്ടിയില്ലേ.’
"ഞങ്ങൾക്കിക്കൊല്ലം ക്രിസ്​മസില്ല. അപ്പന് ഇപ്പോഴും ജോലിയില്ല.’
"ഇങ്ങനെ സംഭവിക്കുമോ? നട്സും വൈനും ഒന്നും ഉണ്ടായില്ലേ?’
"അമ്മമ്മ ഉണ്ടാക്കിയ ഫ്രഞ്ച് ടോസ്റ്റും കോഫിയും മാത്രം.’
സെർജിഞ്ഞോ ആലോചനയിൽ മുഴുകിനിന്നു.
"സെസേ, ഞാൻ വിളിച്ചാ നീ വീട്ടിലേക്ക് വരുമോ.’

അതെന്തിനാണെന്ന് എനിക്ക് മനസ്സിലായി. വെറും വയറാ യിരുന്നെങ്കിലും എനിക്ക് അതിന് സമ്മതം തോന്നിയില്ല.
‘നമക്ക് വീട്ടീപ്പോകാം. അമ്മ നിനക്ക് വിളമ്പിത്തരും. ഞങ്ങക്ക് കൊറേ ഫുഡ്ണ്ട്. മധുര പലഹാരങ്ങൾ എത്രയാ ണെന്നോ.’
എനിക്ക് ആ റിസ്ക്കെടുക്കാൻ തോന്നിയില്ല കഴിഞ്ഞ ചില ദിവസങ്ങളായി ഞാൻ ബുദ്ധിമുട്ടിലായിരുന്നു. ആരോ പറഞ്ഞത് ഞാൻ ഒന്നുരണ്ടു പ്രാവശ്യം കേട്ടിരുന്നു.

"കണ്ട തെരുവു പിള്ളാരെയെല്ലാം വീട്ടിലേക്ക് വലിച്ചു കൊണ്ടുവരരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ’ എന്ന്.
"വേണ്ട. വളരെ വളരെ നന്ദി.’
"ന്നാ ശരി. നിന്റെ അനിയനു കൊടുക്കാൻ മിഠായീം നട്സുമൊക്കെ പൊതിഞ്ഞു തരട്ടെ. അതു മേടിക്കുമോ?’
"വേണ്ട... ആദ്യം എന്റെ ജോലി തീർക്കട്ടെ.’
അപ്പോൾ മാത്രമേ സെർജിഞ്ഞോ എന്റെ കൈയിലിരിക്കുന്ന ഷൂപോളീഷ്പെട്ടി കണ്ടുള്ളൂ.

"പക്ഷേ, ആരും ക്രിസ്തുമസ്സിൻറന്ന് ഷൂ പോളീഷ് ചെയ്യില്ല.’
"ഞാൻ ദിവസം മുഴുവൻ കാത്തുകെട്ടി നിന്നിട്ടും എനിക്ക് പത്ത് ടോസ്റ്റോ മാത്രമേ കിട്ടിയുള്ളൂ. പകുതി സഹതാപം കൊണ്ട് കിട്ടിയതാ. എനിക്കിനിയും രണ്ട് ടോസ്റ്റോ കൂടി വേണം; അതിനാ വീണ്ടും പണിക്ക് പോണേ.’
"അതെന്തിനാ സെസേ.'
"പറയാൻ പറ്റില്ല; പക്ഷേ, വളരെ അത്യാവശ്യമാ.’
നല്ല കാരുണ്യമുള്ള ആശയം തലയിലുദിച്ച്, അവൻ പുഞ്ചിരിച്ചു.
"നീയെന്റെ ഷൂ പോളീഷ് ചെയ്യ്.. ഞാൻ പത്ത് ടോസ്റ്റോ തരാം.’
"പറ്റില്ല.... പറ്റില്ല. ഫ്രൻഡ്സിന്റേന്ന് കൂലി വാങ്ങാൻ പാടില്ല.’
"എന്നാ ഞാൻ നിനക്ക്. കടം തരാം - നീ വാങ്ങുമോ?’
"കടം വീട്ടാൻ നീണ്ട അവധി തരുമോ.’
"നിന്റെ ഇഷ്ടംപോലെ. നീ അതിനു പകരം ഗോട്ടി തന്നാലും മതി.’
"ആണോ! എന്നാ ശരി.’

അവൻ പോക്കറ്റിൽ കൈയിട്ട് എനിക്ക് പണം തന്നു.
"അതിനേക്കുറിച്ച് ബേജാറാവണ്ട. എന്റെ സമ്പാദ്യപ്പെട്ടി നിറഞ്ഞു... ആളുകളു എനിക്ക് ഇഷ്ടംപോലെ പണം തരും.’
ഞാൻ ബൈക്കിന്റെ ചക്രത്തിൽ വിരലോടിച്ചു. "ശരിക്കും എന്തു ഭംഗ്യാ.’
"നീ കൊറേം കൂടി വലുതായി, ബൈക്ക് ചവിട്ടാൻ പഠിച്ചാൽ, നിനക്ക് ഞാൻ ഒന്ന് കറങ്ങി വരാൻ ഇത് തരാംട്ടോ.’
"ഒ.കെ.’

ഞാൻ ‘കഷ്ടപ്പാടും വിശപ്പും' നോക്കി കുതിച്ചു. എന്റെ ഷൂപോളീഷ്​പെട്ടി കിലുങ്ങി.
ഒരു കൊടുങ്കാറ്റിൽപ്പെട്ടപോലെ ഞാൻ പാഞ്ഞു, കട അടച്ചു പോയാലോ.
"ആ നല്ല വിലയുള്ള സിഗററ്റ് ഇപ്പോഴും ഉണ്ടോ.’
എന്റെ കൈയിലെ പൈസ കണ്ട് കടക്കാരൻ രണ്ട് പാക്കറ്റ് എടുത്തു.
"സെസേ, ഇത് നിനക്കല്ലല്ലോ.’
അയാളുടെ പിന്നിൽനിന്ന് ഒരു ശബ്ദം കേട്ടു.
"നെനക്കെന്താ വട്ടാ? ഇത്ര ചെറിയ കുഞ്ഞിനോ.’
തിരിഞ്ഞുനോക്കാതെ അയാൾ പറഞ്ഞു. "ഈ കസ്റ്റമറി
നെപ്പറ്റി അറിയാഞ്ഞിട്ടാ... ഇവൻ ഒരു താന്തോന്നിയാ. എന്തും ചെയ്യും.’
"ഇതപ്പന് വേണ്ടിയാ’, ഞാൻ പറഞ്ഞു.
എന്റെ കൈകളിൽ ആ സിഗററ്റ് പാക്കറ്റ് ഇട്ടു തിരിച്ചപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി.
"ഇതോ, അതോ’, ഞാൻ ചോദിച്ചു.
"അതു നീ പറ.’
"ഞാനിന്നു മുഴുവൻ പണിയെടുത്തു, അപ്പന് ഈ ക്രിസ്തുമസ്സ് സമ്മാനം കൊടുക്കാൻ.’
"ആണോ സെസേ? അപ്പൻ നിനക്കെന്താ തന്നത്?’
"ഒന്നുംതന്നില്ല. പാവം അപ്പന് പണിയില്ല എന്നറിയി​ല്ലേ?’
അയാളുടെ മനസ്സലിഞ്ഞു. ബാറിലെ ആരും ഒന്നും മിണ്ടിയില്ല.
"നിങ്ങളാണെങ്കി ഏതു സിഗററ്റാ വാങ്ങിക്ക്യാ." ഞാൻ ചോദിച്ചു.
"രണ്ടും നല്ലതുതന്നെ. എന്നാലും ഇത് കിട്ടിയാ ഏതപ്പച്ചനും സന്തോഷിക്കും.’
"അത് സമ്മാനക്കടലാസിൽ പൊതിഞ്ഞു തര്വോ?’
അയാളത് പൊതിഞ്ഞു തന്നു, എനിക്കത് തരുമ്പോൾ അയാൾ എന്നെ വിചിത്രമായി നോക്കി. എന്തോ പറയാൻ തുടങ്ങും പോലെ. പക്ഷേ, അയാൾക്കതിനു കഴിഞ്ഞില്ല. പൈസ കൊടുത്ത് ഞാൻ പുഞ്ചിരിച്ചു.
"നന്ദി, സെസേ.’
"സാർ, മെറി ക്രിസ്​മസ്​.’

എന്നിട്ട് ഞാൻ വീട്ടിലേക്കോടി. ഇരുൾ വീണ്കഴിഞ്ഞു. അടുക്കള റാന്തൽ മാത്രമേ കത്തുന്നുള്ളൂ. എല്ലാവരും പുറത്തു പോയിരിക്കുന്നു. അച്ഛൻ മാത്രം കൈമുട്ടു മേശയിലൂന്നി, കൈക്കുമ്പിളിൽ താടി താങ്ങി ശൂന്യമിഴികളോടെ ചുവരിലേക്ക് നോക്കി ഇരിക്കയായിരുന്നു.
"അപ്പാ.’
"എന്താ മോനേ.’
വെറുപ്പിന്റെ ഒരു തരിപോലും അപ്പന്റെ ശബ്ദത്തിലുണ്ടായിരുന്നില്ല.
"നീയെവിട്യായിരുന്നു പകൽ മുഴുവൻ?’
ഞാൻ ഷൂപോളീഷ് പെട്ടി തൊട്ടുകാട്ടി. എന്നിട്ടത് നിലത്തു
വെച്ച് എന്റെ പോക്കറ്റിൽ നിന്ന് സമ്മാനപ്പൊതി എടുത്തു നീട്ടി.
"അപ്പാ നോക്ക്യേ. അപ്പന് ഞാനൊരു നല്ല സാധനം കൊണ്ടന്നിട്ടുണ്ട്.’
അതിനു എത്ര വില കൊടുത്തു എന്ന് അറിയാവുന്ന അപ്പൻ പുഞ്ചിരിച്ചു.
"ഇഷ്ടായോ? അവിടെ ഉണ്ടായിരുന്നേല് വെച്ച് ഏറ്റവും നല്ലതാ.’
അപ്പൻ പാക്കറ്റ് തുറന്നു സിഗററ്റുകൾ ഒന്ന് മണത്തുനോക്കി, പുഞ്ചിരിച്ചു. ഒരുവാക്കും പറയാൻ പറ്റിയില്ല.

ഞാൻ അടുപ്പിൻറടുക്കെ നിന്ന്​ തീപ്പെട്ടി കൊണ്ടുവന്നു. അതുരച്ച് കത്തിച്ച് അപ്പന്റെ ചുണ്ടിന്നിടയിലെ സിഗററ്റിന്റെ തൊട്ടടുത്തുപിടിച്ചു.

ആദ്യത്തെ വലി എടുക്കുന്നത് കാണാൻ ഞാൻ പിന്നാക്കം നീങ്ങിനിന്നു. എന്തോ എന്റെയുള്ളിൽ തിങ്ങിവിങ്ങിവന്നു. എരിഞ്ഞ തീപ്പെട്ടിക്കൊള്ളി ഞാൻ തറയിലെറിഞ്ഞു, ഞാനിപ്പോ പൊട്ടിത്തെറിക്കും എന്ന് തോന്നി. ഉള്ളിൽ നിന്നൊരു സ്ഫോടനം. ഈ ദിവസം മുഴുവൻ വിങ്ങിപ്പൊട്ടിത്തകർക്കും എന്നു ഭീഷണിപ്പെടുത്തിയ ആ വലിയ വേദന.

ഞാനച്ഛനെ നോക്കി. ഷേവു ചെയ്യാത്ത മുഖം, കണ്ണുകൾ.
അപ്പാ... അപ്പാ... എന്ന് മാത്രമേ കണ്ണുനീരിനും ഏങ്ങലുകൾക്കുമിടയിൽ എനിക്ക് പറയാൻ കഴിഞ്ഞുള്ളൂ, ശബ്ദം പുറത്തുവന്നില്ല.

അപ്പൻ കൈകൾ വിടർത്തി എന്നെ അലിവോടെ കെട്ടിപ്പിടിച്ചു.
"കരയല്ലേ മോനേ. നീയിങ്ങനെ വികാരജീവിയായാൽ നിനക്ക് ഈ ജീവിതത്തിൽ ഒരുപാട് കരയണ്ടിവരും.’
"അപ്പാ... ഞാനത് ഉദ്ദേശിച്ചേയില്ല...
അത്, അങ്ങനെ പറയാൻ ഉദ്ദേശിച്ചില്ല.’
"എനിക്കറിയാം, എനിക്കറിയാം. എനിക്ക് വിഷമം ഒന്നൂല്ല. ശരിക്കും ചൂഴ്ന്ന് ആലോചിച്ചാൽ നീ പറഞ്ഞത് വാസ്തവമാണ്.’
അദ്ദേഹം എന്നെ കുറച്ചുകൂടി നേരം കൈകളിലിട്ട് ആട്ടി. എന്റെ മുഖംപൊക്കി, അടുത്തു കിടന്ന തൂവാലകൊണ്ട് എന്റെ മുഖംതുടച്ചു.
"ഇപ്പോ ശര്യായി.’

ഞാൻ എന്റെ കൈകളുയർത്തി അച്ഛന്റെ മുഖം തലോടി. അച്ഛന്റെ കണ്ണുകൾക്കു മുകളിൽ പതുക്കെ, മൃദുവായി തലോടി. വലിയ സിനിമാ സ്ക്രീനിനെക്കാൾ ചെറുതാക്കി സാധാരണപോലാക്കി ആ കണ്ണുകൾ അവിടെ തിരിച്ചുവെയ്ക്കാൻ ഞാനാഗ്രഹിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ ബാക്കി ജീവിതം മുഴുവൻ ആ കണ്ണുകൾ എന്നെ വേട്ടയാടുമെന്നു ഞാൻ പേടിച്ചു.
"ഞാനീ സിഗററ്റ് വലിച്ചുതീർക്കട്ടെ.’
അപ്പോഴും ശ്വാസം മുട്ടി, ഞാൻ പൊട്ടിത്തെറിച്ചു.
"അപ്പാ, അപ്പനറിയാലോ ഇനി എന്നെ തല്ലിയാൽ ഞാൻ പരാതി പറയുകയേ ഇല്ല... അപ്പൻ എന്നെ അങ്ങു തല്ലിയാ മതി.’
"ഹേ, ഹേയ് സെസേ.’

എന്നെയും എന്റെ വിങ്ങിക്കരച്ചലുകളെയും താഴെ വച്ച് അച്ഛൻ കബോഡിൽ നിന്നു ഒരു പ്ലേറ്റെടുത്തു.
"ഗ്ലോറിയ നിനക്ക് അല്പം ഫ്രൂട്ട് സലാഡ് വെച്ചിട്ടുണ്ട്.’
എനിക്കത് ഇറക്കാൻ പറ്റിയില്ല. അപ്പൻ താഴെയിരുന്ന് അത് സ്പൂണിൽ കുറേശ്ശ കുറേശ്ശ കോരിത്തന്നു.
"ഇപ്പോ എല്ലാം ശരിയായില്ലേ, പൊന്നു മോനേ.’

ഞാൻ തലകുലുക്കി, ആദ്യത്തെ ഒന്നുരണ്ടു സ്പൂണിൽ ഉപ്പുചുവച്ചു. ഇനിയും കുറേകാലം വിടാതെ എന്നെ പിന്തുടർന്ന, എന്റെ ചില അവസാനക്കരച്ചിലുകളിൽ ഒന്നായിരുന്നു ആ കണ്ണീർ.

(എന്റെ പഞ്ചാര ഓറഞ്ച്മരം (നോവൽ), ഹോസെ മൗരോ ദേ വാസ്‌കോൺസെലോസ്, വിവർത്തനം: വി. എം. ഗിരിജ, പ്രസാധകർ : വീ സീ തോമസ് എഡിഷൻസ്)

Comments