മൈന ​ഉമൈബാൻ, ഇ. സന്തോഷ്കുമാർ.

മൗനം കുറിച്ച
ഗൂഢലിപികൾ

2025-ലെ വായനയിലെ ശ്രദ്ധേയ പുസ്തകമായി മൈന ഉമൈബാൻ തെരഞ്ഞെടുക്കുന്നു: ഇ. സന്തോഷ് കുമാറിന്റെ നോവൽ 'തപോമയിയുടെ അച്ഛൻ'.

വർഷം വായിച്ച പുസ്തകങ്ങളിൽ മനസ്സിനെ ഏറ്റവും കൂടുതൽ പിടിച്ചുലച്ച കൃതി ഇ. സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' ആണ്. ഇതിവൃത്തം കൊണ്ടും ശില്പചാരുത കൊണ്ടും ഭാഷാപരമായ സൗന്ദര്യം കൊണ്ടും ഈ നോവൽ എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു.

'ഹാപ്പി ന്യൂ ഇയർ' - തപോമയി ബറുവ ആഖ്യാതാവിന് അയച്ച രജിസ്റ്റേർഡ് കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു.

സന്തോഷകരമായ പുതുവർഷം നേർന്നുകൊണ്ടുള്ള ആ കാർഡ് തികച്ചും വിചിത്രമായിരുന്നു. ഭംഗിയുള്ള ഒരു കവറിലിട്ട്, ആദ്യം പശകൊണ്ടും അതിനുമീതെ ഇൻസുലേഷൻ ടേപ്പ് കൊണ്ടും വരിഞ്ഞുമുറുക്കി ഒട്ടിച്ചാണ് ആ കാർഡ് അയച്ചിരിക്കുന്നത്. പുറംലോകത്ത് നിന്ന് ഒളിപ്പിക്കാൻ മാത്രം എന്ത് രഹസ്യമാണ് ആ കാർഡിലുള്ളത്? കാർഡിലെ വരികളായിരുന്നു അതിലും അസാധാരണം; അതൊരു നിഗൂഢലിപിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. തപോമയി എങ്ങനെ ഈ രഹസ്യഭാഷ പഠിച്ചു എന്നതായിരുന്നു ആഖ്യാതാവിനെ അമ്പരപ്പിച്ചത്.

തന്റെ മകൻ ഈ നിഗൂഢലിപി ഒരിക്കലും മനസ്സിലാക്കരുത് എന്നായിരുന്നു തപോമയിയുടെ അച്ഛൻ ഗോപാൽ ബറുവ ആഗ്രഹിച്ചിരുന്നത്. എന്നാൽ ആ ലിപികൾക്കുള്ളിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് അഭയാർത്ഥികൾക്ക് വേണ്ടി ജീവിക്കുന്ന പച്ചയായ മനുഷ്യനാണ് തപോമയി. 'തെണ്ടിത്തിരിഞ്ഞു വന്ന കുറെ ഏഴകൾക്ക് വക്കാലത്തുമായി നടക്കുന്നു' എന്നാണ് പോലീസുകാർ അയാളെ പരിഹസിക്കുന്നത്. അവർ കള്ളം പറയുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന തപോമയിക്ക് നിയമത്തിന്റെ എല്ലാ വശങ്ങളും അറിയാമായിരുന്നു. ലോക്കപ്പിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയും അവർക്ക് വേണ്ടി സ്വന്തം പേരിൽ ജാമ്യം നിൽക്കുകയും ചെയ്യുന്ന തപോമയിയോട് ഒരിക്കൽ പോലീസ് ഓഫീസർ ചോദിച്ചു: *'എന്താണ് നിങ്ങൾക്ക് ഇതിലുള്ള താല്പര്യം?'*

ചിരിച്ചുകൊണ്ട് തപോമയി നൽകിയ മറുപടി നോവലിന്റെ ഉൾക്കനം വെളിപ്പെടുത്തുന്നതായിരുന്നു: 'മനുഷ്യരോടുള്ള താല്പര്യം തന്നെ, സർ.'

'നിങ്ങളൊരു ബുദ്ധിസ്റ്റല്ലേ, പക്ഷേ ഇവരാരെങ്കിലും നിങ്ങളുടെ ആളുകളാണോ?' എന്ന പോലീസുകാരന്റെ ചോദ്യത്തിന്, 'വകുപ്പു നോക്കിയാലും അവർ എന്റെ ആളുകളാണ്, അവർ സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവരാണ്' എന്ന് അദ്ദേഹം മറുപടി നൽകുന്നു. ലോകത്ത് ബുദ്ധിമാന്മാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ 'മടയന്മാരുടെ' ഒരു സൈന്യം തന്നെ ആവശ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു - 'ബറ്റാലിയൻ ഓഫ് ഇഡിയറ്റ്സ്'. ലാഭനഷ്ടങ്ങൾ നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്നവരെ ലോകം മടയന്മാരെന്ന് വിളിച്ചേക്കാം, എന്നാൽ അഭയാർത്ഥികളെയും തെരുവിൽ കഴിയുന്നവരെയും സ്വന്തം ആളുകളായി കാണാൻ വലിയ ബുദ്ധിയല്ല, മറിച്ച് വലിയൊരു ഹൃദയമാണ് വേണ്ടതെന്ന് തപോമയി ഓർമ്മിപ്പിക്കുന്നു.

ഇതിവൃത്തം കൊണ്ടും ശില്പചാരുത കൊണ്ടും ഭാഷാപരമായ സൗന്ദര്യം കൊണ്ടും 'തപോമയിയുടെ അച്ഛൻ' എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു.
ഇതിവൃത്തം കൊണ്ടും ശില്പചാരുത കൊണ്ടും ഭാഷാപരമായ സൗന്ദര്യം കൊണ്ടും 'തപോമയിയുടെ അച്ഛൻ' എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു.

ആഖ്യാതാവ് ഗോപാൽ ബറുവയെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: അതീവശാന്തനായ ഒരു മനുഷ്യൻ. ഉപയോഗിച്ചു തേഞ്ഞുപോയ ഒരു ഉപമ കടമെടുത്താൽ ബുദ്ധനെപ്പോലെ ശാന്തൻ. മനസ്സിനുള്ളിലെ തിരയിളക്കങ്ങളെ നിസ്സംഗമായ മുഖഭാവം കൊണ്ട് മറച്ചുപിടിക്കാൻ കെൽപ്പുള്ളയാൾ. ചോർന്നൊലിക്കുന്ന വരാന്തയിലെ പഴയ മരക്കസേരയിലിരുന്ന് മഴ നോക്കുന്ന ഗോപാൽ ബറുവയുടെ ദൃശ്യം ആഖ്യാതാവിന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. കുപ്പായത്തിൽ വീഴുന്ന മഴത്തുള്ളികൾ നനവുള്ള ഭൂപടങ്ങൾ സൃഷ്ടിക്കുമ്പോഴും അദ്ദേഹം അത് ശ്രദ്ധിച്ചില്ല. 'ഈ പെയ്യുന്ന മഴയല്ല; പകരം പഴയ, പ്രാചീനമായൊരു മഴയാണ് ഞാൻ കാണുന്നത്' എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ വാക്കുകളുടെ പൊരുൾ ആഖ്യാതാവിന് മനസ്സിലാകുന്നത്.

ശരിക്കും അതൊരു പഴയ മഴതന്നെയായിരുന്നില്ലേ? മനസ്സിൽ നിന്നും ഒരിക്കലും തോർന്നുപോകാത്ത, കാലം ചെല്ലുന്തോറും കനത്തുകനത്തുവരുന്ന അശാന്തമായ മഴ. നൂറു കുട ചൂടിയാലും അതിൽ ഒരാൾക്കു ചോർന്നൊലിക്കാതെ വയ്യ...എന്ന് ആഖ്യാതാവ് പറയുന്നുണ്ട്.

അത്രയെളുപ്പം പിടികൊടുക്കാത്ത, നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ഒരു മനുഷ്യനാണ് ഗോപാൽ ബറുവ. ആർത്തലച്ചു പെയ്യുന്ന തോരാമഴയ്ക്കും തണുപ്പിക്കാനാവാത്ത ഒരു കനൽ അയാളുടെ ഉള്ളിൽ എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. തന്റെയും മകന്റെയും ഭൂതകാലം തങ്ങളെ പിന്തുടരുമോ എന്ന ഭയം ആ അച്ഛനെ എപ്പോഴും വേട്ടയാടുന്നു. ആ സത്യങ്ങളെ ലോകത്തിൽ നിന്നും, പ്രധാനമായും സ്വന്തം മകനിൽ നിന്നും ഒളിപ്പിച്ചുവെക്കാനുള്ള വെമ്പലായിരുന്നു ഗോപാൽ ബറുവ തന്റെ ഡയറിയിൽ പകർത്തിയ ആ നിഗൂഢ ലിപികൾ. ഏകാന്തതയെയും വിരസതയെയും മറികടക്കാൻ കണ്ടെത്തിയ മാർഗ്ഗമെന്ന് തോന്നിപ്പിക്കുമെങ്കിലും, യഥാർത്ഥത്തിൽ അത് അങ്ങനെയല്ലായിരുന്നു.

ലിപികളുടെ രഹസ്യങ്ങളിലേക്കല്ല, മറിച്ച് ഒരു മനുഷ്യമനസ്സിന്റെ ആഴമേറിയ ഉള്ളറകളിലേക്കാണ് ഈ നോവൽ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.

ബംഗാൾ വിഭജനത്തിനിടയിൽ വേരറ്റുപോയ ഒരു അഭയാർത്ഥി കുടുംബത്തിൽ നിന്നുള്ളയാളാണ് ഗോപാൽ ബറുവ. സ്‌നേഹവും അനുകമ്പയും ഉള്ളിലുണ്ടെങ്കിലും, ഭൂതകാലത്ത് ചെയ്ത ചില തെറ്റുകളുടെ കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുന്നുണ്ടായിരുന്നു. അയാൾക്ക് പ്രണയമുണ്ടായിരുന്നു, നഷ്ടപ്പെടലുണ്ടായിരുന്നു അതിനേക്കാളേറെ കുററബോധവുമുണ്ടായിരുന്നു.

ലിപികളുടെ രഹസ്യങ്ങളിലേക്കല്ല, മറിച്ച് ഒരു മനുഷ്യമനസ്സിന്റെ ആഴമേറിയ ഉള്ളറകളിലേക്കാണ് ഈ നോവൽ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. തന്റെ അച്ഛനും അമ്മയും ഒരിക്കൽ അഭയാർത്ഥികളായിരുന്നു എന്ന തിരിച്ചറിവ് തപോമയിയുടെ ജീവിതത്തിന്റെ ദിശ മാറ്റിവരയ്ക്കുന്നു. 'ഷെൽട്ടർ' എന്ന സന്നദ്ധ സംഘടനയിലൂടെ അയാൾ അഭയാർത്ഥികളുടെ അത്താണിയാകുന്നത് ആ വലിയ ബോധ്യത്തിൽ നിന്നാണ്. രേഖകളില്ലാത്ത മനുഷ്യൻ ഈ ലോകത്ത് കേവലം ഒരു പാഴ് വസ്തുവായി മാറുന്ന ക്രൂരമായ കാഴ്ച തപോമയിയെ പൊള്ളിക്കുന്നു. അതുകൊണ്ടുതന്നെയാണ്, അപരന്റെ വേദന സ്വന്തം വേദനയായി കണ്ട്, ഒരു ബറ്റാലിയൻ ഓഫ് ഇഡിയറ്റ്‌സിനെ സ്വപ്നം കണ്ട് അയാൾ ആ പാവപ്പെട്ടവർക്ക് താങ്ങും തണലുമായി മാറുന്നത്.

സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരാൾക്ക്, അവന്റെ കയ്യിൽ ആ രാജ്യത്തെ രേഖകളില്ലെങ്കിൽ അയാൾക്ക് ശ്വസിക്കാൻ പോലും അവകാശമില്ലാത്ത അവസ്ഥ വരുന്നു.

ആധുനിക കാലത്ത് മനുഷ്യനെ ജീവിപ്പിക്കുന്നത് അവന്റെ ശ്വാസവായുവല്ല, മറിച്ച് കൈവശമുള്ള ചില കടലാസ് കഷ്ണങ്ങളാണെന്ന്. ഐഡന്റിറ്റി കാർഡുകളും പൗരത്വ രേഖകളുമാകുന്ന ആ കടലാസുകളെ മുറുകെ പിടിച്ചുകൊണ്ടാണ് മനുഷ്യർ ഇന്ന് ശ്വസിക്കുന്നതും ആഹാരം കഴിക്കുന്നതും യാത്ര ചെയ്യുന്നതും. അവ നഷ്ടപ്പെട്ടാൽ, പിന്നെ അവശേഷിക്കുന്നത് വെറുമൊരു അസ്തിത്വമില്ലാത്ത ശരീരം മാത്രമാണ്. ഒരു പാഴ് വസ്തുവിനെപ്പോലെ എവിടെയും വലിച്ചെറിയപ്പെടാവുന്ന ഒന്ന്.

 ഇ. സന്തോഷ് കുമാർ
ഇ. സന്തോഷ് കുമാർ

മനുഷ്യർ തങ്ങളുടെ ജീവിതകാലത്ത് നിർബന്ധമായും സന്ദർശിക്കേണ്ട ചില ഇടങ്ങളെക്കുറിച്ച് തപോമയി നടത്തുന്ന നിരീക്ഷണം ദാർശനികമായ ആഴമുള്ളതാണ്. ജയിൽ, മാനസികാശുപത്രി, മാറാരോഗികളുടെ വാർഡ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് മനുഷ്യന്റെ അഹന്തയെ ഇല്ലാതാക്കുമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ, സമകാലിക ലോകത്ത് ഈ പട്ടികയിലേക്ക് 'അഭയാർത്ഥി ക്യാമ്പുകൾ' കൂടി ചേർക്കണമെന്നാണ് തപോമയിയുടെ പക്ഷം.

കുടിയേറ്റക്കാർ അഭയാർത്ഥികൾ എന്നൊക്കെ വെറുതെ ഒഴുക്കിന് പറയുന്നതാണ്. ഈ പ്രയോഗങ്ങൾക്ക് ഒക്കെ സൂക്ഷ്മമായ അർത്ഥവ്യത്യാസങ്ങളുണ്ട് എന്ന് തപോമയി ആഖ്യാതാവിനോട് പറയുന്നുണ്ട്.

തന്റെ മാതാപിതാക്കൾ ഒരിക്കൽ അഭയാർത്ഥികളായിരുന്നു എന്ന തിരിച്ചറിവാണ് തപോമയിയെ 'ഷെൽട്ടർ' എന്ന സംഘടനയിലേക്ക് നയിക്കുന്നത്. പൗരത്വം എന്നത് കേവലം വൈകാരിക ബന്ധമല്ല, മറിച്ച് നിയമപരമായ അംഗീകാരമാണെന്ന് ഇവിടത്തെ മനുഷ്യർ അനുഭവങ്ങളിലൂടെ പഠിക്കുന്നു. അതിർത്തി കടന്നുവരുന്നവരെ ഭയത്തോടെയും ശത്രുതയോടെയും കാണുന്ന 'അപരവൽക്കരണം' വലിയൊരു പ്രതിസന്ധിയാണ്. പങ്കിടുന്ന മതമോ ഭാഷയോ പോലും പലപ്പോഴും ഒരു അഭയാർത്ഥിയെ രക്ഷിക്കില്ല എന്ന തിരിച്ചറിവ് മാനവികത നേരിടുന്ന പരാജയമാണ്.

ഇ. സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' സമകാലിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായ അഭയാർത്ഥിത്വത്തിന്റെ ആഴമേറിയ ദാർശനിക ആവിഷ്‌കാരമാണ്.

ഗോപാൽദായുടെ ഡയറിക്കുറിപ്പിലെ ഒരു നിരീക്ഷണമുണ്ട്- കടുവയും മനുഷ്യനും തമ്മിലുള്ള താരതമ്യമാണത്. ചില വളർത്തുമൃഗങ്ങളേയും അപൂർവ്വം ചിലപ്പോൾ മനുഷ്യരേയും കടുവ കൊണ്ടുപോയി. എന്നാലും ഒന്നുണ്ട്; വിശക്കുമ്പോഴേ കടുവ വന്നുള്ളൂ. ഭക്ഷണത്തിനു വേണ്ടിയേ കൊന്നുള്ളൂ. വിട്ടുപോന്നിടങ്ങളിൽ അങ്ങനെയായിരുന്നില്ല, വിശപ്പില്ലാത്ത മനുഷ്യരായിരുന്നു സഹജീവികളെ കൊന്നിരുന്നത്. കൊല്ലുകമാത്രം. മൃതദേഹങ്ങളെ അവർ വഴിയിൽ ഉപേക്ഷിച്ചു. വിശപ്പുതീർക്കാനല്ലാതുള്ള കൊലകളാണ് കൂടുതൽ ഭീതിദം.

തന്റെ മാതാപിതാക്കളുടെ വ്യത്യസ്തമായ ലോകങ്ങളെക്കുറിച്ച് തപോമയി പറയുന്നത് ഇങ്ങനെയാണ്: 'അച്ഛൻ പഴയ നൂറ്റാണ്ടുകളിലേക്കും ചരിത്രത്തിന്റെ ആഴങ്ങളിലേക്കും സഞ്ചരിച്ചു. എന്നാൽ അമ്മ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി. അച്ഛൻ നിഗൂഢലിപികളുടെ കെട്ടഴിക്കാൻ പണിപ്പെട്ടപ്പോൾ, അമ്മ സ്വന്തം മകന് പോലും വായിച്ചെടുക്കാൻ കഴിയാത്ത ആദിമമായ ഒരു ഭാഷയായി സ്വയം മാറുകയായിരുന്നു.'

സുമന, ശ്യാമൾദാ, പർവീണ, ജഹാൻ, ഡോ. സന്താനം - നോവലിലെ ഓരോ കഥാപാത്രത്തിനും പറയാൻ ഒരുപാട് സങ്കടങ്ങളുണ്ട്. അവരുടെ മൗനം എന്നത് സംസാരമില്ലായ്മയല്ല, മറിച്ച് അഗാധമായ ദുഃഖത്തിന്റെയും ഭയത്തിന്റെയും പരിണതഫലമാണ്. സ്വന്തം സ്വത്വത്തെക്കുറിച്ച് പറയുമ്പോൾ നഷ്ടങ്ങൾ മാത്രം പറയേണ്ടി വരുന്നവരുടെ ഗതികേടാണ് അവരെ മൗനത്തിലേക്ക് നയിക്കുന്നത്.

ഇ. സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛൻ' സമകാലിക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയായ അഭയാർത്ഥിത്വത്തിന്റെ ആഴമേറിയ ദാർശനിക ആവിഷ്‌കാരമാണ്. വർത്തമാനകാലത്തെ അതിർത്തി തർക്കങ്ങളുടെയും പൗരത്വ രേഖകളുടെയും രാഷ്ട്രീയത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആധുനിക ലോകത്ത് മനുഷ്യന്റെ നിലനിൽപ്പ് നിർണ്ണയിക്കുന്നത് അവന്റെ ശ്വാസവായുവല്ല, മറിച്ച് കൈവശമുള്ള ചില കടലാസ് കഷ്ണങ്ങളാണെന്ന പൊള്ളുന്ന തിരിച്ചറിവ് അസ്വസ്ഥത പടർത്തുന്നു. ഐഡന്റിറ്റി കാർഡുകൾക്കും പാസ്പോർട്ടുകൾക്കും മനുഷ്യത്വത്തേക്കാൾ വില ലഭിക്കുന്ന ഈ കാലഘട്ടത്തിൽ, സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന മനുഷ്യൻ ഒരു പാഴ് വസ്തുവായി മാറുന്ന ക്രൂരമായ യാഥാർത്ഥ്യത്തെ നോവലിസ്റ്റ് കാണിച്ചു തരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും തുടരുന്ന യുദ്ധങ്ങളും വംശഹത്യകളും സൃഷ്ടിക്കുന്ന അഭയാർത്ഥി പ്രവാഹങ്ങളുടെ പശ്ചാത്തലത്തിൽ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് വലിയൊരു ആഗോള പ്രസക്തിയുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും തുടരുന്ന യുദ്ധങ്ങളും വംശഹത്യകളും സൃഷ്ടിക്കുന്ന അഭയാർത്ഥി പ്രവാഹങ്ങളുടെ പശ്ചാത്തലത്തിൽ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് വലിയൊരു ആഗോള പ്രസക്തിയുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും തുടരുന്ന യുദ്ധങ്ങളും വംശഹത്യകളും സൃഷ്ടിക്കുന്ന അഭയാർത്ഥി പ്രവാഹങ്ങളുടെ പശ്ചാത്തലത്തിൽ ഈ നോവലിന് വലിയൊരു ആഗോള പ്രസക്തിയുണ്ട് എന്ന് കരുതുന്നു. രാഷ്ട്രീയ തന്ത്രജ്ഞരും 'ബുദ്ധിമാന്മാരായ' ഭരണാധികാരികളും ചേർന്ന് പടുത്തുയർത്തുന്ന വിഭജനത്തിന്റെ മതിലുകളെ തകർക്കാൻ തപോമയി വിഭാവനം ചെയ്യുന്ന 'ബറ്റാലിയൻ ഓഫ് ഇഡിയറ്റ്‌സ്' എന്ന സങ്കല്പം ഇക്കാലത്ത് ഏറെ ദീർഘവീക്ഷണമുള്ള ഒന്നാണ്. ലാഭനഷ്ടങ്ങൾ നോക്കാതെ അപരന്റെ വേദനയിൽ പങ്കുചേരുന്ന ആ 'മഠയത്തം' മാത്രമാണ് ഇന്ന് മാനവികതയെ വീണ്ടെടുക്കാനുള്ള ഏക വഴി എന്ന് നോവൽ സമർത്ഥിക്കുന്നു. എന്നാൽ, അഭയാർത്ഥി പ്രശ്‌നം മാത്രമല്ല ഈ കൃതി ചർച്ച ചെയ്യുന്നത്. പ്രണയവും വിരഹവും കാത്തിരിപ്പും പ്രാചീന ലിപികളിലേക്കുള്ള നിഗൂഢമായ സഞ്ചാരവും ചില നഷ്ടപ്പെടലുകളുടെ ആഴവും ചേർന്നതാണ് ഇതിന്റെ ഇതിവൃത്തം. ഗൂഢലിപിയിലൂടെയും അർത്ഥവത്തായ മൗനത്തിലൂടെയും പകർന്നുതരുന്ന ഈ ആഖ്യാനം, കുറ്റബോധത്തെയും അതിജീവനത്തിനായുള്ള പ്രത്യാശയെയും ഒരേപോലെ അടയാളപ്പെടുത്തുന്നു.

അഭയാർത്ഥി ക്യാമ്പുകളെ ആഖ്യാനഭൂമികയാക്കുന്ന ഈ നോവൽ പദവികളോ രേഖകളോ ഇല്ലാത്ത മനുഷ്യൻ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയെയും ശൂന്യതയെയും അതിശക്തമായി അവതരിപ്പിക്കുന്നു. സവിശേഷമായ ശില്പചാരുതയോടെ രചിക്കപ്പെട്ട ഈ നോവൽ, അധികാരത്തിന്റെയും അതിരുകളുടെയും ലോകത്ത് സ്‌നേഹത്തിന്റെയും കരുണയുടെയും ഒരു നിശബ്ദ സംഗീതമായി അവശേഷിക്കുന്നു. മലയാള നോവൽ സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കൃതികളിൽ ഒന്നായ 'തപോമയിയുടെ അച്ഛൻ', വായനക്കാരെ സംബന്ധിച്ചിടത്തോളം മനുഷ്യത്വത്തിന്റെ പുതിയൊരു പാഠപുസ്തകമാണ്. അരക്ഷിതമായ ഈ വർത്തമാനകാലത്തും തപോമയിയെപ്പോലുള്ള മനുഷ്യർ എവിടെയൊക്കെയോ ബാക്കിയുണ്ട് എന്ന തിരിച്ചറിവ് മനുഷ്യത്വത്തിലുള്ള നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുകയും ഭാവിയെക്കുറിച്ച് പ്രത്യാശ നൽകുകയും ചെയ്യുന്നു.


Summary: Myna Umaiban chooses Malayalam novel ‘Tapomayiyude Achan’ by E Santhosh Kumar as her book of the year 2025.


മൈന ഉമൈബാൻ

കഥാകൃത്ത്, നോവലിസ്റ്റ്, എഴുത്തുകാരി. മമ്പാട് എം. ഇ.എസ് കോളേജിൽ മലയാള വിഭാഗം മേധാവി. ചന്ദനഗ്രാമം, വിഷചികിത്സ, ആത്മദംശനം, പെൺനോട്ടങ്ങൾ, ഒരുത്തി, ഹൈറേഞ്ച് തീവണ്ടി എന്നിവ പ്രധാന പുസ്തകങ്ങൾ

Comments