സ്വയം വിമർശനത്തിന്റെയും
സംവാദത്തിന്റെയും മാർക്സ്

‘‘വലതുപക്ഷത്തിനുള്ള മറുപടി, ഇടതുപക്ഷ സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന ഐക്യങ്ങളും സൈദ്ധാന്തിക മുന്നേറ്റങ്ങളുമാണ്. അതുപോലെതന്നെ ഒരു വരട്ടുവാദമാണ് എല്ലാം പ്രശ്‌നങ്ങൾക്കും മാർക്‌സിസത്തിൽ പരിഹാരമുണ്ട് എന്നതും മാർക്‌സിസം, പോസിറ്റിവിസ്റ്റ് സ്വഭാവമുള്ള ശാസ്ത്രമാണ് എന്ന് കരുതുന്നതും.’’ ടി.ടി. ശ്രീകുമാർ എഴുതിയ ‘നരവംശശാസ്ത്ര കുറിപ്പുകളിലെ കാൾ മാർക്സ്’ എന്ന പുസ്തകത്തിന്റെ ആമുഖലേഖനം.

മാർക്‌സിസം കാലഹരണപ്പെട്ടു എന്നത് ഒരു വലതുപക്ഷവാദമാണ്. മാർക്‌സിസത്തോളം പഴക്കമുള്ള വിമർശനമാണ് അത്. അതിപ്പോഴും പല രൂപത്തിൽ ആവർത്തിക്കപ്പെടാറുണ്ട്. ആ വാദവുമായി സംവാദം ആവശ്യമില്ല. ഒരു പക്ഷെ സംവാദം സാധ്യമല്ല എന്നുതന്നെ പറയണം. മാർക്‌സിസം ഇടതുപക്ഷത്തിനുള്ളിലും, ജനാധിപത്യപ്രക്ഷോഭങ്ങൾക്കിടയിലുമുള്ള ആശയസംവാദമാണ്. വലതുപക്ഷത്തിനുള്ള മറുപടി, ഇടതുപക്ഷ സംവാദങ്ങളിലൂടെ ഉരുത്തിരിയുന്ന ഐക്യങ്ങളും സൈദ്ധാന്തിക മുന്നേറ്റങ്ങളുമാണ്. അതുപോലെതന്നെ ഒരു വരട്ടുവാദമാണ് എല്ലാം പ്രശ്‌നങ്ങൾക്കും മാർക്‌സിസത്തിൽ പരിഹാരമുണ്ട് എന്നതും മാർക്‌സിസം, പോസിറ്റിവിസ്റ്റ് സ്വഭാവമുള്ള ശാസ്ത്രമാണ് എന്ന് കരുതുന്നതും. മാർക്‌സിസത്തിൽ തീർച്ചയായും പരാധീനതകളും പരിമിതികളുമുണ്ട്. അവയെ അഭിമുഖീകരിക്കുകയും മാർക്‌സിസത്തിനു പുറത്തുള്ള ജ്ഞാനാനുഭവ മേഖലകളുമായി, സൈദ്ധാന്തിക സംവർഗ്ഗങ്ങളുമായി, ജനാധിപത്യപരമായി സംവദിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്.

ഫൂക്കോ മാർക്‌സിസത്തെ ക്ലാസിക്കൽ ജ്ഞാനവ്യവസ്ഥയുടെ (eptsieme) ഭാഗമായി മാത്രം കണ്ടതും (Foucault, 2001), ബുദ്രിയാർ മുതലാളിത്തഉൽപ്പാദനത്തിന്റെ കണ്ണാടിയായി വിമർശിച്ചതും (Baudrillard, 1975) പൂർണ്ണമായും തള്ളിക്കളയാനാവില്ല. നവോത്ഥാന യൂറോപ്പിന്റെ യുക്തിശാഠ്യങ്ങൾകൊണ്ട് കലുഷിതമായ ഒരു അധോതലം മാർക്‌സിസത്തിനുമുണ്ട്. ഒരു പക്ഷെ ഇതേക്കുറിച്ച് ആദ്യം ബോധ്യമായവരിൽ ഒരാൾ മാർക്‌സ് തന്നെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ അവസാനകാല പഠനങ്ങളും സ്വയം വിമർശനപരമായ നിരീക്ഷണങ്ങളും. എന്നാൽ കേരളത്തിലെ മാർക്‌സിസ്റ്റ് വിമർശകരിൽ പലരും മറന്നുപോവുന്ന ഒരു വസ്തുത, ഫൂക്കോയുടെയും ബുദ്രിയാറിന്റെയും മാർക്‌സിസ്റ്റ് വിമർശകരായ പല ആധുനിക - ഉത്തരാധുനിക ചിന്തകരുടെയും വിമർശനപശ്ചാത്തലം മാർക്‌സിസം ഉഴുതുമറിച്ചിട്ട സൈദ്ധാന്തികഭൂമിക തന്നെയാണ് എന്നതാണ്. മാർക്‌സിസത്തിന്റെ തുടർച്ചയായാണ് അവർ അവരുടെ മാർക്‌സിസ്റ്റ് വിമർശനത്തെപ്പോലും കാണുന്നത്.

ഫൂക്കോ മാർക്‌സിസത്തെ ക്ലാസിക്കൽ ജ്ഞാനവ്യവസ്ഥയുടെ ഭാഗമായി മാത്രം കണ്ടതും ബുദ്രിയാർ മുതലാളിത്തഉൽപ്പാദനത്തിന്റെ കണ്ണാടിയായി വിമർശിച്ചതും പൂർണ്ണമായും തള്ളിക്കളയാനാവില്ല.

ഈ പുസ്തകം, സ്വന്തം ഭൂതകാലത്തിന്റെ തടവുകാരനാവാതിരിക്കാൻ പരിശ്രമിച്ച ഒരു മാർക്‌സിനെയും അദ്ദേഹത്തിന്റെ അത്തരം ആത്മവിമർശനങ്ങളുടെ രാഷ്ട്രീയധ്വനികളെയും കൂടുതൽ വിശാലമായ ഒരു സൈദ്ധാന്തിക - ദാർശനിക പശ്ചാത്തലത്തിൽ മനസ്സിലാക്കാനുള്ള ശ്രമമാണ്. പരമ്പരാഗത മാർക്‌സിസ്റ്റ് വിമർശകർക്കും ക്ലാസിക്കൽ മാർക്സിസ്റ്റുകൾക്കും ഇതിൽ പരിഗണനീയമായതൊന്നുമില്ലെന്ന മുൻ തീരുമാനം തുടരാവുന്നതാണ്. പക്ഷെ നവസാമൂഹിക പ്രസ്ഥാനങ്ങളുമായി ചേർന്നുനിൽക്കുകയും, ആഗോളമുതലാളിത്തത്തിന്റെ മൂലധനതന്ത്രങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ പഠിക്കാൻ ശ്രമിക്കുകയും, ഇന്ത്യയിലെതന്നെ നവഹിന്ദുത്വവാദ ഫാസിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ മുന്നണിയെക്കുറിച്ച് ആശങ്കകളും പ്രതീക്ഷകളും പുലർത്തുകയും ചെയ്യുന്ന ഒരാളെന്നനിലക്ക് എന്നെ സംബന്ധിച്ചിടത്തോളം മാർക്‌സിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമർശനവും ഈ ആത്മവിമർശനങ്ങളും അതിന്റെ ഭാഗമായി അദ്ദേഹം മുന്നോട്ടുവച്ച വ്യത്യസ്തമായ നിരീക്ഷണങ്ങളും ഭാവിജനാധിപത്യസമൂഹത്തെക്കുറിച്ചുള്ള പ്രത്യാശകൾക്ക് ആഴം കൂട്ടുകയാണ് ചെയ്യുന്നത്. അതുമാത്രമാണ് ഈ പുസ്തകരചനക്ക് എനിക്കുള്ള നീതീകരണം. എന്നാൽ, കേവലം കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള എതിർപ്പിന്റെ പേരിൽ അത്തരം വിമർശനങ്ങൾ ഉയർത്തുന്നവരുമുണ്ട്. അവരുടെ പ്രശ്‌നം പാർട്ടികളാണ്, മാർക്‌സിസമല്ല. അവർ അഭയം കണ്ടെത്തുക വലതുപക്ഷത്തിന്റെ ഈ മാർക്‌സിസ്റ്റ് വിരുദ്ധതയിലാണ് എന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് സംഭവിക്കുന്നത്.

എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളെയും അവയുടെ നിലപാടുകളെയും പിന്തുണച്ചുകൊണ്ടല്ല മാർക്‌സിസ്റ്റ് സൈദ്ധാന്തിക സമുച്ചയം രൂപപ്പെട്ടിട്ടുള്ളത്. അവയെ ഇടതുപക്ഷത്തുനിന്നു രൂക്ഷമായി വിമർശിച്ചുകൊണ്ട് കൂടിയാണ്. 1875-ൽ ‘ഗോതപരിപാടിയുടെ വിമർശനം’ എന്ന കുറിപ്പിലൂടെ മാർക്‌സ് തന്നെയാണ് മാർക്‌സിനും ഏംഗൽസിനും അടുത്ത ബന്ധമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ (Social Democratic Workers' Patry of Germany, SDAP), നിലപാടുകളെ നിർദ്ദയം വിമർശിച്ചുകൊണ്ട് ഇതിനു മാതൃക നൽകിയതെന്ന് പലരും മറന്നുപോവുന്നുണ്ട് (Marx1875). കമ്യൂണിസ്റ്റ് പാർട്ടികളേയും അവയുടെ നിലപാടുകളെയും കുറിച്ച് ആലോചിക്കുമ്പോൾ അമേരിക്കയുടെ അധിനിവേശസമയത്ത് ലോകത്തിലെ പുരോഗമനവാദികൾ മുഴുവൻ അമേരിക്കയെ വിമർശിച്ചപ്പോൾ അവിടുത്തെ ഔദ്യോഗിക കമ്യൂണിസ്റ്റ് പാർട്ടി അമേരിക്കയെ സ്വാഗതം ചെയ്യുകയായിരുന്നു എന്നുപറയുന്നത് എന്നെ എപ്പോഴും കൗതുകപ്പെടുത്തിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്നത് ഇത്തരം നിരവധി ഒറ്റപ്പെട്ട സംഭവങ്ങളെ നമ്മുടെ ഓർമ്മയിൽ എത്തിക്കുന്നു. അതുകൊണ്ടുതന്നെ, പാർട്ടികളുടെ അപ്രമാദിത്വമല്ല, അവയുടെ സൈദ്ധാന്തികമായ ക്ഷതസാധ്യതകളാണ് എന്നെ ചിന്തിപ്പിക്കുന്നത്. ഈ ലോകത്ത് കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലനിൽപ്പിന് സാധുത നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. മറിച്ച്, മാർക്‌സിസത്തിന്റെ വികസ്വര സാധ്യതകൾ കണ്ടെത്തി ആഗോളതലത്തിൽ ഉയരുന്ന ജനാധിപത്യധാരകളോടൊപ്പം സമഗ്രാധിപത്യ മോഹങ്ങൾ ഉപേക്ഷിച്ച് അണിചേരുന്ന പാർട്ടികൾ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നാണ് ഞാൻ കരുതുന്നത്. കേന്ദ്രീകൃത ജനാധിപത്യം പോലെ, തികഞ്ഞ മാർക്‌സിസ്റ്റായിരുന്ന റോസാ ലക്‌സംബർഗിനെപ്പോലുള്ളവർ തുടക്കം മുതൽ തന്നെ സൈദ്ധാന്തികമായി തള്ളിക്കളഞ്ഞ ചട്ടക്കൂടുകൾ ജീർണ്ണിച്ചു പഴകി എന്നും അവ തിരുത്താനും മാറ്റാനും പാർട്ടികൾക്ക് ബാധ്യതയുണ്ടെന്നും ഞാൻ വിശ്വസിക്കുന്നുണ്ട്. 

കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് പ്രതിമകൾ

അത്തരമൊരു മാർക്‌സിസ്റ്റ് സ്വയംവിമർശനധാരയ്ക്കും, തുടർന്നുള്ള മാർക്‌സിസ്റ്റ് സംവാദങ്ങളുടെ വളർച്ചക്കും, സിവിൽ സമൂഹ രാഷ്ട്രീയത്തിനും കരുത്തുപകരുന്നതാണ് പുസ്തകരൂപത്തിൽ മാർക്‌സ് പൂർത്തിയാക്കിയവയും അദ്ദേഹത്തിന്റെ മരണത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ടവയുമായ മാർക്‌സിന്റെ അപ്രകാശിതമായിരുന്ന പല രചനകളുമെന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. എന്നാൽ അതുപോലെതന്നെ പ്രധാനമാണ് അദ്ദേഹത്തിന്റെ അപ്രകാശിതമായിരുന്ന കുറിപ്പുകളിലും നോട്ടുപുസ്തകങ്ങളിലും കാണുന്ന നിരീക്ഷണങ്ങളും നിഗമനങ്ങളും എന്ന വസ്തുത പൊതുവിൽഅംഗീകരിക്കപ്പെട്ടു വരുന്നതേയുള്ളു.

ഈ പുസ്തകത്തിലെ ആദ്യഭാഗത്തിൽ ചർച്ചചെയ്യുന്നത് ഇത്തരം കുറിപ്പുകൾക്ക്, മാർക്‌സിസത്തിനുള്ളിലും വിമോചന സംരംഭങ്ങളുടെ നിലപാടുകളിലുമുള്ള രാഷ്ട്രീയ-ദാർശനിക സാംഗത്യത്തെക്കുറിച്ചാണ്. വായനക്കാർ അതിലൂടെ കടന്നുപോകുമെന്നു ഞാൻ വിനീതമായി പ്രതീക്ഷിക്കുന്നു. തുടർന്ന് രണ്ടാംഭാഗത്തിൽ മാർക്‌സിന്റെ നരവംശശാസ്ത്രക്കുറിപ്പുകൾ ഏഴ് അധ്യായങ്ങളിലായി ചർച്ചചെയ്യുന്നു. ഇതുവരെ ഒരിടത്തും ചർച്ചചെയ്തിട്ടില്ലാത്ത മാർക്‌സിന്റെ ബ്രാഹ്മണ്യ വിമർശനവും, പൊതുവിൽ പാശ്ചാത്യചിന്തകരുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടിട്ടുള്ള മറ്റു വിമർശന സാധ്യതകളുമടക്കം കുറച്ചൊക്കെ സമഗ്രമായി ഈ വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. മൂന്നാം ഭാഗത്ത് ചേർത്തിട്ടുള്ളത് മാർക്‌സിന്റെ കമ്മോഡിറ്റി ഫെറ്റിഷിസത്തെക്കുറിച്ചുള്ള ചില പോസ്റ്റ്ഹ്യുമൻ നിരീക്ഷണങ്ങളാണ്. അധികം ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത വിഷയമാണിത് എന്നതിനാലും നരവംശശാസ്ത്ര കൈയെഴുത്തുപ്രതികൾപോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മുതലാളിത്തത്തെയും ജനാധിപത്യ മുന്നേറ്റങ്ങളെയും മനസ്സിലാക്കുന്നതിന് മാർക്‌സിന്റെ കൂടുതൽ പ്രസക്തമായി വരുന്ന ചില അന്വേഷണങ്ങളാണ് അത്തരമൊരു പഠനത്തിന്റെ പ്രേരകശക്തി എന്നതിനാലുമാണ് അത് ഈ പുസ്തകത്തിന്റെ ഭാഗമായി ചേർത്തിട്ടുള്ളത്. ഈ പുസ്തകത്തിന്റെ ഘടനയും ഉള്ളടക്കവും ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിൽ എത്തുന്നുണ്ടോ എന്നത് വായനക്കാരുടെ തീരുമാനമാണ് എന്നതിനാൽ അതേക്കുറിച്ചു പ്രതിപാദിക്കുന്നില്ല.

റോസാ ലക്‌സംബർഗ്

സ്വാഭാവികമായും ഈ പുസ്തകത്തിന്റെ താളുകളിൽ വായനക്കാർ കണ്ടെത്തുക മാർക്‌സിസ്റ്റ് സൈദ്ധാന്തിക യാത്രയുടെ അത്രയ്ക്ക് പരിചിതമല്ലാത്ത ഒരു ചിന്താസരണിയിലെ വ്യത്യസ്തനായ ഒരു മാർക്‌സിനെയാണ്. മാർക്‌സിസം എന്ന ചിന്താമാതൃകയുടെ സങ്കീർണമായ പരിണാമത്തിൽ, വളർച്ചയിൽ, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയ കണ്ണികളാണ് ഈ പുസ്തകത്തിലെ പ്രമേയം. എന്റെ പല മുൻപുസ്തകങ്ങളെയും പോലെ ഒരു അധ്യാപകനെന്ന നിലയിലുള്ള അനുഭവങ്ങളിൽനിന്നും കേരളത്തിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും ഇന്ത്യക്കു പുറത്തുമുള്ള വിവിധ നവസാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള ബന്ധത്തിൽ നിന്നുമാണ് ഈ പുസ്തകത്തിന്റെയും ഉത്ഭവം. കാൾ മാർക്സിന്റെ എത് നോളജിക്കൽ നോട്ട്ബുക്കുകളുമായും അദ്ദേഹത്തിന്റെ മറ്റു രചനകളുമായുമുള്ള നിരന്തരമുള്ള ഇടപഴകലിൽ നിന്നും അതിലെ പ്രായോഗിക രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യത്തിൽ നിന്നും ജനിച്ച താൽപ്പര്യമാണ് ഇങ്ങനെ ഒരു പുസ്തകം തയ്യാറാക്കാം എന്ന തീരുമാനത്തിലേക്ക് നയിച്ചത്. ഇത്തരമൊരു പുസ്തകം എഴുതാൻ ബൗദ്ധികമായി സജ്ജനാണ് എന്ന തീർപ്പിൽ നിന്നല്ല, മറിച്ച് ഇതിലെ ആശയങ്ങളോടും അവയുടെ രാഷ്ട്രീയത്തോടുമുള്ള വ്യക്തിപരവും ബൗദ്ധികവുമായ ആഭിമുഖ്യത്തിൽനിന്നാണ് ഈ പുസ്തകം ഉയർന്നുവന്നത്. മാർക്‌സ് എന്ന ചിന്തകന്റെ ഇതുവരെ അധികം ചർച്ചചെയ്യപ്പെടാത്ത ഈ രചനകൾക്കുള്ളിലെ പരിവർത്തന സാധ്യതകൾ അന്വേഷിക്കാൻ പ്രേരിപ്പിച്ച രാഷ്ട്രീയാഭിനിവേശങ്ങളുടെയും ധൈഷണിക ജിജ്ഞാസകളുടെയും സംയോജനത്തിൽ നിന്നാണ് ഈ പുസ്തകത്തിലേക്ക് എത്തിച്ചേരുന്നത്. വളരെ വ്യക്തിപരമായ ഒരു വായനയാണ് ഇതെന്നതിനാൽ അന്താരാഷ്ട്രതലത്തിൽ ഇത് വായിക്കപ്പെടുന്ന രീതിയിൽനിന്ന് കുറച്ചു വ്യത്യസ്തമായാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. 

ഒരു മുൻകാല ആക്ടിവിസ്റ്റ് എന്ന നിലയിലും അധ്യാപകനെന്ന നിലയിലും, ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ രൂപപ്പെടുത്തുന്നതിനും സാമൂഹികമാറ്റത്തിന് ഉത്തേജനം നൽകുന്നതിനുമുള്ള ആശയങ്ങളുടെ ശക്തിയിലേക്ക് ഞാൻ എപ്പോഴും ആകർഷിക്കപ്പെട്ടിട്ടുണ്ട്. ക്ലാസ്റൂം അനുഭവങ്ങൾ, സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സങ്കീർണമായ പരസ്പരബന്ധത്തിലേക്ക് പല വാതായനങ്ങളും തുറന്നുതന്നിട്ടുണ്ട്. നമ്മുടെ സമകാലിക ജനാധിപത്യ സമ്പ്രദായങ്ങളെ സമ്പന്നമാക്കാൻ കഴിയുന്ന ഉൾക്കാഴ്ചകൾക്കായുള്ള നിരന്തരമായ അന്വേഷണത്തിന് അധ്യാപനം നൽകുന്ന ഉത്തേജനം ചെറുതല്ല. വിദ്യാർഥികൾ പലപ്പോഴും നവീനമായ ആശയങ്ങളിലൂടെയും അന്വേഷണത്വരയിലൂടെയും ധൈഷണികമായി ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നവരാണ്. ജനാധിപത്യപരമായ അന്വേഷണങ്ങൾക്കുള്ള തുറന്ന മനസ്സ് അദ്ധ്യാപകർക്കുണ്ടെങ്കിൽ ക്ലാസ്മുറികൾ സാർത്ഥകമായ സംവാദവേദികളായി മാറും എന്നത് എന്റെ ഏറ്റവും തീവ്രമായ അനുഭവങ്ങളിൽ ഒന്നാണ്. നവസാമൂഹിക പ്രസ്ഥാനങ്ങൾ നൽകുന്ന ഊഷ്മാവും അധ്യാപനം നൽകുന്ന ധൈഷണികോർജ്ജവുമാണ് എനിക്ക് എപ്പോഴും പ്രചോദനമാവുന്നത്. 

മാർക്‌സിസത്തെക്കുറിച്ചുള്ള എന്റെ ആദ്യ പുസ്തകമല്ല ഇതെന്നത് ചില വായനക്കാർക്കെങ്കിലും അറിയാമെന്നു ഞാൻ കരുതുന്നു. ‘പുനർവായനകളിലെ മാർക്‌സിസം’ എന്ന മുൻ പുസ്തകം മലയാളത്തിലെ മറ്റു മാർക്‌സിസ്റ്റ് പഠനങ്ങളിൽനിന്ന് വ്യത്യസ്തമാക്കാൻ ഞാൻ ശ്രമിച്ചത്, സമ്പദ്ശാസ്ത്രപരമായ മാർക്‌സിസ്റ്റ് ആശയങ്ങൾക്കുകൂടി അതിൽ പ്രാമുഖ്യം നൽകാൻ ശ്രമിച്ചുകൊണ്ടായിരുന്നു. കാൽപനികവൽക്കരിക്കപ്പെട്ട ഒരു മാർക്‌സിനെ ഞാൻ കാണുന്നില്ല. രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമർശകനായ മാർക്‌സിനെയും ആ മാർക്‌സിന്റെ മുതലാളിത്ത വിമർശനത്തിൽ അധിഷ്ഠിതമായ സ്വാതന്ത്ര്യ സങ്കൽപ്പത്തേയും നൈതികവീക്ഷണത്തെയും വിമോചന രാഷ്ട്രീയത്തെയുമാണ് പ്രസ്തുത പുസ്തകത്തിൽ വിശദീകരിക്കാൻ ശ്രമിച്ചത്. അതിന്റെ വിനീതമായ തുടർച്ചയായാണ് ഈ പുസ്തകവും. ഇവിടെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമർശനത്തിൽനിന്ന് നരവംശശാസ്ത്ര വിമർശനത്തിലേക്കു നീങ്ങിയപ്പോൾ മാർക്‌സിയൻ വിചാരമാതൃക എങ്ങനെയൊക്കെ നവീകരിക്കപ്പെട്ടു എന്നാണ് ഞാൻ പരിശോധിക്കാൻ ശ്രമിക്കുന്നത്. അതിനാൽ മാർക്സിന്റെ കാനോനിക്കൽ ഗ്രന്ഥങ്ങളല്ല, പകരം അദ്ദേഹത്തിന്റെ എത്നോളജിക്കൽ നോട്ട്ബുക്കുകളാണ് ഈ പുസ്തകത്തിന്റെ കേന്ദ്രപ്രമേയം.

എന്നാൽ പലരും ചെയ്യാറുള്ളതുപോലെ മാർക്‌സിന്റെ മറ്റു ഗ്രന്ഥങ്ങളെ അപ്രസക്തമാക്കുന്നുണ്ട് ഈ കുറിപ്പുകൾ എന്ന സാഹസിക ലിബറൽ വാദമല്ല ഞാൻ ഉയർത്താൻ ശ്രമിക്കുന്നത്. അവക്കിടയിലുള്ള സംയോജനത്തിന്റെയും സമന്വയത്തിന്റെയും ധാരകൾകൂടി കണ്ടെത്തേണ്ടതുണ്ട് എന്ന നിലപാടാണ് എനിക്കുള്ളത്. ഈ നോട്ട്ബുക്കുകളിലേക്ക് എന്നെ ആകർഷിച്ചത് അവയുടെ വിമോചനസാധ്യതയാണ് - മാർക്‌സിന്റെ ഔദ്യോഗിക ചിന്താസമ്പ്രദായത്തെ കൂടുതൽ സമരസന്നദ്ധമാക്കാനും വിപുലീകരിക്കാനുമുള്ള ശേഷി ഇവയ്ക്കുണ്ട് എന്ന തിരിച്ചറിവാണ് ഞാൻ വായനക്കാരുമായി പങ്കുവെക്കാൻ ശ്രമിക്കുന്നത്. ഇവിടെ, മാർക്സിന്റെ ചിന്ത തന്റെ സമയത്തിന്റെയും സ്ഥലത്തിന്റെയും അതിരുകൾ മറികടന്നുകൊണ്ട്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമ്മർദ്ദകരമായ രാഷ്ട്രീയദാർശനിക വെല്ലുവിളികൾക്ക് അതിശയകരമാം വിധം പ്രസക്തമായ ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു എന്നത് എന്റെ വായനയാണ്. ഈ നോട്ടുബുക്കുകളിൽ, പോസ്റ്റ്ഹ്യുമൻ യുഗത്തിലേക്കുള്ള മാർക്സിസത്തിന്റെ, അതിന്റെ ജനാധിപത്യ പ്രയോഗത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മാർക്‌സിസത്തിന്റെ, സാധ്യതകളാണ് തെളിയുന്നത്.

പ്രൊഫ. ഇ.വി. രാമകൃഷ്ണൻ, അനീഷ് താഴയിൽ

ഈ പുസ്തകം മാർക്സിന്റെ, എത്നോളജിക്കൽ നോട്ട്ബുക്കുകളുടെയും അവയുടെ ആശയങ്ങളുടെയും ബൗദ്ധിക ഭൂമികയിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന വിനീതമായ തുടക്കം മാത്രമാണ്. സമകാലിക ജനാധിപത്യ സിദ്ധാന്തത്തിനും പ്രയോഗത്തിനും വേണ്ടിയുള്ള മാർക്സിന്റെ ഉൾക്കാഴ്ചകളുടെ പ്രസക്തി വെളിപ്പെടുത്തിക്കൊണ്ട് നീതിപൂർവകവും പങ്കാളിത്തപരവുമായ ജനാധിപത്യത്തിലേക്ക് നമ്മെ നയിക്കുന്ന പാതകൾ ഇപ്പോഴും പൂർണ്ണമായും അടക്കപ്പെട്ടിട്ടില്ല എന്ന് ഇതിലൂടെ ഞാൻ പറയാൻ ശ്രമിക്കുന്നു. ഈ യാത്ര ആരംഭിക്കുമ്പോൾ, തുറന്ന മനസ്സോടെയും വിമർശനാത്മക മനോഭാവത്തോടെയും ഈ പേജുകളെ സമീപിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇതൊരു പിടിവാശിയുള്ള ഗ്രന്ഥമല്ല, ഒരു സംഭാഷണമാണ് - ഇടപെടാനും ചോദ്യംചെയ്യാനും വിയോജിക്കാനുമുള്ള ക്ഷണം. ഇവിടെ അടങ്ങിയിരിക്കുന്ന ആശയങ്ങൾനിർണ്ണയവാദപരമല്ല, മറിച്ച് പുതിയ അന്വേഷണങ്ങൾ, പുതിയ സംവാദങ്ങൾ, ജനാധിപത്യ നവീകരണത്തിനുള്ള പുതിയ സാധ്യതകൾ എന്നിവയ്ക്ക് പ്രചോദനം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നവയാണ്. അതിന്റെ 'വിജയശതമാന'ത്തെക്കുറിച്ചു ഞാൻവ്യാകുലപ്പെടുന്നില്ല. വായനക്കാർ പ്രത്യുൽപ്പന്നമതികളാണ്. മാർക്‌സിസത്തോട് വായനാഭിമുഖ്യമുള്ളവർ ഏറെയുണ്ട്. അവർക്ക് ഈ പുസ്തകത്തിന്റെ പ്രാധാന്യം വ്യക്തമാവുമെന്നു ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു.

ഗുലാബ്

ഇതിലെ ചില പ്രധാന അധ്യായങ്ങൾ പുസ്തകമെന്ന ആശയം മനസ്സിൽവച്ചുകൊണ്ട് എഴുതിത്തുടങ്ങിയവയാണെങ്കിലും ലേഖനരൂപത്തിൽത്തന്നെ ചില ഭാഗങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 'അന്യോന്യം, 'WTP ഓൺലൈൻ' എന്നീ പ്രസിദ്ധീകരണങ്ങളാണ് അതിനുള്ള താൽപ്പര്യം കാണിച്ചത്. അതിന്റെ പത്രാധിപന്മാരായ എന്റെ പ്രിയ സുഹൃത്തുക്കൾ പ്രൊഫ. ഇ.വി. രാമകൃഷ്ണൻ, അനീഷ് താഴയിൽ എന്നിവർക്ക് ഞാൻ നന്ദിപറയുന്നു. ഇതിലെ ചില അദ്ധ്യായങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, എന്റെ മനസ്സു കണ്ടിട്ടെന്നപോലെ,''ഇത് പുസ്തകമാക്കിയാലോ?'' എന്ന് ചോദിക്കുകയും തുടർന്ന് ''മാഷെ, പുസ്തകത്തിന്റെ കാര്യം മറക്കരുതേ'' എന്ന് സ്‌നേഹപൂർവ്വം ഓർമ്മിപ്പിക്കുകയും ചെയ്ത പ്രോഗ്രസ് ബുക്‌സ് എന്ന പ്രസാധക സംരംഭത്തിന്റെ അണിയം പിടിക്കുന്ന പ്രിയ സുഹൃത്ത് ഗുലാബിനും ഞാൻ നന്ദി പറയുന്നു. പ്രോഗ്രസ് ബുക്‌സ് പുറത്തിറക്കുന്ന ഈ പുസ്തകം അതിന്റെ  എല്ലാ ധൈഷണികവും രചനാപരവുമായ കുറവുകളും ക്ഷമിക്കണമെന്ന അഭ്യർത്ഥനയോടെ വായനക്കാർക്ക് സമർപ്പിക്കുന്നു. 


ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments