നവോത്ഥാനത്തിന്റെ തുടർച്ചയിൽ തളിർത്ത മലയാളത്തിന്റെ മഹാവിസ്മയമാണ് യു. കലാനാഥനെന്ന് ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ കെ.ഇ.എൻ. യുക്തിവാദി നേതാവും അധ്യാപകനുമായിരുന്ന കലാനാഥന്റെ ജീവിതത്തെ ആസ്പദമാക്കി മാധ്യമപ്രവർത്തകൻ എം.കെ. രാമദാസ് എഴുതി റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'നാസ്തികം-യു. കലാനാഥന്റെ ജീവിതം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാനാഥന്റെ ജീവിതപങ്കാളി എം.കെ. ശോഭനയ്ക്ക് ആദ്യ കോപ്പി കൈമാറി. പുസ്തകങ്ങളുടെ പ്രകാശനം, തുടർസംവാദങ്ങൾക്കുള്ള പ്രചോദനമായി മാറേണ്ടതുണ്ടെന്നും കെ.ഇ.എൻ പറഞ്ഞു.
വള്ളിക്കുന്ന് പഞ്ചായത്തിന്റെ സമഗ്രവികസനത്തിനും ജനകീയാസൂത്രണ പദ്ധതിയുടെ നടത്തിപ്പിനും കലാനാഥൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ ശോഭന പങ്കുവച്ചു. എം.കെ. രാമദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ പി.ജെ. മാത്യു, വിജേഷ് വള്ളിക്കുന്ന്, കലാനാഥന്റെ മകൻ ഷമീർ തുടങ്ങിയവർ സംസാരിച്ചു.
