അറിവിൻെറയും ചിന്തയുടേയും ലോകത്തെ തിരുത്തലുകളും മുന്നേറ്റങ്ങളും തൻെറ നിശിത വിലയിരുത്തലിന് വിധേയമാക്കി മലയാളിയുടെ ചിന്താപരിസരത്തെ സജീവവും ചലനാത്മകവുമായി നിലനിർത്തുന്ന രാഷ്ട്രീയ സാംസ്ക്കാരിക ചിന്തകനാണ് ടി. ടി. ശ്രീകുമാർ. അദ്ദേഹത്തിൻെറ ഏറ്റവും പുതിയ പുസ്തകം, പരികല്പനകളുടെ സാംസ്കാരിക രാഷ്ട്രീയം, ലേഖന സമാഹാരമാണ്. “ഭാഷ, ചിഹ്നം, സാഹിത്യം” എന്ന ആദ്യ ഭാഗവും “സ്ഥലം, സമൂഹം, ദർശനം” എന്ന രണ്ടാം ഭാഗവുമുള്ള ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തിൽ ഒമ്പതു പഠനങ്ങളും രണ്ടാം ഭാഗത്തിൽ എട്ടു പഠനങ്ങളുമാണുള്ളത്. ഗ്രന്ഥകർത്താവു തന്നെ എഴുതിയ വിശദമായ ആമുഖം പുസ്തകത്തിൻെറ ഉള്ളടക്കത്തിലേയ്ക്ക് ഗുണകരമായ പ്രവേശകമായാണ് അനുഭവപ്പെട്ടത്.
ഗാന്ധിയൻ ചിഹ്നവ്യവസ്ഥയുടെ പാഠങ്ങൾ എന്ന ആദ്യ ലേഖനം ഗാന്ധിയെ കുറിച്ചുളള നൂറുകണക്കിന് പഠനങ്ങൾക്കിടയിലും വ്യത്യസ്ത സ്വരം കേൾപ്പിക്കുന്നു, ഇന്നത്തെ സാഹചര്യത്തിൽ മഹാത്മജിയുടെ വാക്കുകളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നു. അന്തോണിയോ ഗ്രാംഷിയുടെ ക്രിട്ടിക്കിനെ മുൻനിർത്തി, ഗാന്ധി ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രതിരോധസമരമാണ് സ്വീകരിച്ചത് എന്നും, അതുവഴി ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ബ്രിട്ടന്റേതിൽനിന്ന് വ്യത്യസ്തമായ ഇന്ത്യൻ അഭിപ്രായം ലോകത്തെ കേൾപ്പിക്കാൻ സാധിച്ചു എന്നും ശ്രീകുമാർ നിരീക്ഷിക്കുന്നു.
ബ്രിട്ടൻെറ ജനാധിപത്യ- സിവിൽ അവകാശ കോഡുകളുടെ വിചാരമാതൃക അപ്പാടെ തള്ളി, വെളളക്കാരുടേതിനേക്കാൾ ഉയർന്ന നൈതിക സംസ്കൃതിയാണ് ഇന്ത്യയുടേത് എന്ന നിലപാട് ഉയർത്തിപ്പിടിച്ചാണ് ഗാന്ധി തൻെറ പ്രതിരോധം തീർത്തത് എന്നതാണ് അതിൻെറ കാതൽ. ഈ നിലപാടാണ് എതിരാളിയുടെ ആത്മവീര്യം ചോർത്തതും സ്വയംവിമർശനത്തിന് അവരെ നിർബ്ബന്ധിച്ചതും. ഈ പ്രതിരോധ അടിത്തറ ഉറപ്പിച്ച് അതിനുമേലാണ് ഉപ്പുസത്യഗ്രഹം പോലുള്ള war of manoeuvre-ന് ആഹ്വാനം നൽകുന്നത്.
ഭഗവദ്ഗീതയുടെ ഗാന്ധിയൻ വ്യാഖ്യാനവും ശ്രീകുമാർ ചർച്ച ചെയ്യുന്നു. ഒന്നാമത്തെ കാര്യം അനാസക്തിയോഗം എന്ന ഗാന്ധിയൻ ഗീതാഭാഷ്യം ചാതുർവർണ്യത്തിന് അകത്ത് നിൽക്കുന്നവർക്കു വേണ്ടിയുള്ളതാണ്. ഗീതയിലെ കർമ്മസിദ്ധാന്തത്തെ, താൻ രൂപം കൊടുത്ത ചിഹ്നവ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ഗാന്ധി. കർമ്മഫലത്യാഗം ചെയ്യുന്നവർക്ക് അസത്യവും ഹിംസയും പ്രലോഭനമാവില്ല, ആകയാൽ അഹിംസയാണ് ഗീതയുടെ പരമമായ സന്ദേശം എന്നാണ് വാദം. ശത്രുക്കളെ ഫലേച്ഛയില്ലാതെ കൊന്നൊടുക്കിയാൽ അത് അഹിംസാലംഘനമാവില്ല എന്ന് അർജ്ജുനനെ ബോധ്യപ്പെടുത്താൻ, ശരീരഭിന്നവും നാശമില്ലാത്തതുമായ ആത്മാവ് എന്ന പരികല്പനയെ കൂട്ടുപിടിക്കേണ്ടിവരുന്നു എന്നതും പ്രസ്താവ്യമാണ്. നെഹ്റുവിന്റെയും അംബേദ് കറുടേയും വീക്ഷണം ചാതുർവർണ്യത്തെ നിരാകരിക്കുന്നതും അതിനാൽതന്നെ ഗാന്ധിയൻ പ്രത്യയശാസ്ത്രവുമായി ഒരു വിധത്തിലും സമന്വയിക്കാൻ പറ്റാത്തതുമാണെന്ന സത്യത്തിന് അടിവരയിടുന്നു ഈ പഠനം.
ഇന്ത്യൻ രാജാധികാരവും ചാതുർവർണ്യവും പിതുരധകാര ഫ്യൂഡൽ വ്യവസ്ഥയുമെല്ലാം സംസ്കൃതത്തിൻെറ മാധ്യസ്ഥതയിലാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.
സംസ്കൃതഭാഷാചരിത്രത്തിൻെറ രാഷ്ട്രീയഭാവനകൾ എന്ന നിബന്ധം വളരെ കാലികപ്രസക്തിയുള്ള പഠനമാണ്. സംസ്കൃതം നൂറ്റാണ്ടുകളിലൂടെ എങ്ങനെ വളർന്നു എന്നതിൻെറ ചരിത്രവീക്ഷണത്തിലൂടെ വേണം അതിനെ മനസ്സിലാക്കാൻ. സ്വന്തമായി ലിപി വികസിപ്പിക്കുന്നതിനുമുമ്പു തന്നെ അമൂർത്തവും സങ്കീർണ്ണവുമായ ആശയലോകങ്ങൾ സൃഷ്ടിച്ചുകൊണ്ട് നൂറ്റാണ്ടുകൾ നിന്ന ഭാഷയാണ് സംസ്കൃതം.
“വരമൊഴിസാഹിത്യം പിറവിയെടുക്കുന്ന ദൈർഘ്യമേറിയ ഈ അന്തരാള കാലഘട്ടത്തിൽ സംസ്കൃതം അതിൻെറ വേദകാലരൂപത്തിൽ നിന്ന് ഏറെ മാറിപ്പോവുന്നുണ്ട്. ക്രമേണ ഉപരിവർഗ്ഗത്തിൻെറ ഉദ്ഗ്രഥനഭാഷയായി, ഭരണകൂടഭാഷയല്ലെങ്കിൽ പോലും അധൃഷ്യമായ അധികാരഭാഷയായി, ദൈവശാസ്ത്രസംസ്കൃതം മാറുന്നുണ്ട്. … ഈ ദൈവശാസ്ത്രഭാഷയുടെ കുത്തക നിലനിർത്തിക്കൊണ്ടു തന്നെ വരേണ്യവിഭാഗങ്ങൾ (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ വിഭാഗങ്ങൾ) ജാതിവ്യവസ്ഥയ്ക്കും ഇന്ത്യൻ പിതുരാധിപത്യവ്യവസ്ഥയ്ക്കും ശക്തമായ അടിത്തറ സൃഷ്ടിയ്ക്കുകയും ചെയ്യുന്നു’’ (പേജ് 55).

വൈദിക സംസ്കാരത്തിൻെറ ഭാഗമായി രൂപം കൊണ്ട ബ്രാഹ്മണമതവും ചാതുർവർണ്യവും പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും കാലത്ത് രൂഢമൂലമാവുകയും പിന്നീടുവന്ന സംസ്കൃത സാഹിത്യത്തിൻെറ കാലത്ത് അതിൻെറ ആശയലോകത്തിലേയ്ക്ക് സ്വാംശീകരിക്കപ്പെടുകയും ചെയ്തു.
ഷെൽഡൺ പോളക്കിൻെറ The Language of Gods in the Land of Men എന്ന കൃതിയുടെ പ്രാധാന്യം ശ്രീകുമാർ എടുത്തുപറയുന്നുണ്ട്. യൂറോപ്യൻ ഇൻഡോളജിസ്റ്റുകളിൽ നിന്ന് വ്യത്യസ്തനാണ് പോളക്. അധീശത്വഭാഷ എന്ന നിലയിൽ സംസ്കൃതം ഇന്ത്യൻ സാമൂഹികചരിത്രത്തിൽ ചെലുത്തിയ സ്വാധീനം പരിശോധിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. ഇന്ത്യൻ രാജാധികാരവും ചാതുർവർണ്യവും പിതുരധകാര ഫ്യൂഡൽ വ്യവസ്ഥയുമെല്ലാം സംസ്കൃതത്തിൻെറ മാധ്യസ്ഥതയിലാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. സംസ്കൃതം നിറവേറ്റിയിരുന്ന ചില വരേണ്യധർമ്മങ്ങൾ പ്രാദേശികഭാഷകൾ ഏറ്റെടുത്ത് മധ്യകാല ഇന്ത്യയുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതും അദ്ദേഹം ഉപദർശിക്കുന്നുണ്ട്. ഇന്ത്യൻ സംസ്ക്കാരം എന്നൊന്ന് ഏകശിലാരൂപമായി നിലനിന്നിരുന്നു എന്ന ഹിന്ദുത്വവാദികളുടെ നിലപാടിനെ അദ്ദേഹം ഖണ്ഡിക്കുന്നു. ഇതിനെതിരെയാണ് വലതുപക്ഷ സൈദ്ധാന്തികനായ രാജീവ് മൽഹോത്ര The Battle for Sanskrit എന്ന പുസ്തകം രചിച്ചത്. ആ പുസ്തകത്തിൽ അമേരിക്കൻ പൗരസ്ത്യവാദത്തിൻെറ വക്താവ് എന്ന നിലയിലേയ്ക്ക് പോളക്കിനെ ചുരുക്കുക എന്ന ദൗത്യം നടപ്പിൽ വരുത്താനാണ് ശ്രമം.
അമേരിക്കൻ പൗരസ്ത്യവാദികൾ സംസ്കൃതത്തെ മതവിമുക്തമാക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. ആ ആരോപണത്തിൻെറ പരിഹാസ്യത തുറന്നുകാട്ടുന്നുണ്ട് ശ്രീകുമാർ.
“സംസ്കൃതത്തിൻെറ കുത്തകാവകാശം സവർണ്ണർക്കു മാത്രമായി പരിരക്ഷിച്ചു സൂക്ഷിക്കാൻ ഇനി മേൽ സാധ്യമല്ല. മൽഹോത്രയ്ക്കും മറ്റു ഹിന്ദുത്വവിമർശകർക്കും ഇന്ത്യാ ചരിത്രത്തിൻെറ വിവിധ സന്ദർഭങ്ങളിൽ ഉയർന്നു വന്നിട്ടുള്ള വിമർശനങ്ങളെ അവഗണിക്കാനല്ലാതെ അദൃശ്യമാക്കാൻ കഴിയുകയില്ല. ശ്രമണപാരമ്പര്യങ്ങളിൽ, പൗരസ്ത്യ നാസ്തിക പദ്ധതികളിൽ, കീഴാളസമീപനങ്ങളിൽ, എന്തിന്, കാളിദാസൻെറേതടക്കമുള്ള സംസ്കൃതസാഹിത്യ പാരമ്പര്യത്തിൽ തന്നെയും വർണ്ണവ്യവസ്ഥ പ്രതിനിധാനം ചെയ്യുന്ന അധീശത്വഘടനകളുടെ പരോക്ഷവും പ്രത്യക്ഷവുമായ വിമർശനങ്ങൾ കാണുവാൻ കഴിയും.” (പേജ് 67).
ഇന്ത്യൻ വലതുപക്ഷത്തിൻെറ വിപണനായുധമായി സംസ്കൃതത്തിനെ മാറ്റാനുള്ള ശ്രമം ചെറുക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ശ്രീകുമാർ ഈ ലേഖനം ഉപസംഹരിക്കുന്നത്.
ലകാൻെറ സൈക്കോ അനാലിസിസ്സിനെതിരെ ഫെലിസ് ഗത്താരിയും ഗില്ലെസ് ദേല്യൂസ്സും തങ്ങളുടെ ആൻ്റി ഈഡിപ്പസ് എന്ന ഗ്രന്ഥത്തിലൂടെ നടത്തിയ ആക്രമണത്തെയും, പിന്നീട് ലകാനെ സമ്പൂർണ്ണമായി അനുകൂലിച്ചു കൊണ്ട് സിസേക് ഉയർത്തിയ പ്രത്യാക്രമണത്തേയും സാമാന്യം വിശദമായി ശ്രീകുമാർ പ്രതിപാദിക്കുന്നുണ്ട്.
ലകാനിയൻ ആശയങ്ങൾ സാഹിത്യപഠനത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ. അതിൻെറ ചരിത്രം അന്വേഷിക്കുന്ന പഠനം ഈ മുൻനിര ചിന്തകൻെറ വായനയുടെ ആഴവും പരപ്പും കൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കും. അത്യന്തം ഗഹനമായ ആശയലോകങ്ങളിൽ സ്വൈരവിഹാരം നടത്തുന്ന മേധാശക്തി പ്രസരിപ്പിക്കുന്ന വെളിച്ചം അന്യാദൃശമാണ്. ലകാൻ ഭൂതകാലത്തിൻെറ അർഥം എന്ന ലഘുലേഖനം താൻ വളരെ ചെറുപ്പത്തിൽ (1992-ൽ) ജയകേരളത്തിൽ എഴുതിയത് അനുസ്മരിച്ച്, അന്ന് ലകാൻെറ കൃതികളുടെ ലഭ്യത തുലോം കുറവായിരുന്നുവെങ്കിലും ഉളളവ തേടിപ്പിടിച്ച് വായിക്കാൻ നടത്തിയ പരിശ്രമങ്ങളും പറയുന്നുണ്ട്.
“എന്നാൽ അദ്ദേഹത്തിൻെറ മൗലികനിരീക്ഷണങ്ങൾ അടങ്ങിയ സെമിനാറുകളുടെ എട്ടു വാല്യങ്ങൾ ലഭ്യമായിരുന്നതിനാൽ ഞാൻ അവയിൽ വായന കേന്ദ്രീകരിക്കുകയുണ്ടായി. കൂടാതെ അലൻ ഷെറിഡൻ വിവർത്തനം നിർവ്വഹിച്ച എക്രിട്ടിക്സ് സമാഹാരവും ലഭ്യമായിരുന്നു.” (പേജ് 166).
നോക്കുക, ലേഖകൻെറ വിജ്ഞാനദാഹം. തെരേസ ബ്രണ്ണന്റെ വിഖ്യാതമായ Lacan after History എന്ന കൃതി പ്രസിദ്ധീകൃതമാവുന്നതിൻെറ ഒരു കൊല്ലം മുമ്പാണ്, വിഷയിയും കാലവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ലകാൻ നടത്തിയിട്ടുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഹെയ് ദഗർ, മാർക്സ് എന്നിവരെ ലകാനുമായി ചേർത്തു വെയ്ക്കുന്ന തൻെറ കുറിപ്പ് അദ്ദേഹം എഴുതിയത്.
ലകാൻെറ സൈക്കോ അനാലിസിസ്സിനെതിരെ ഫെലിസ് ഗത്താരിയും ഗില്ലെസ് ദേല്യൂസ്സും തങ്ങളുടെ ആൻ്റി ഈഡിപ്പസ് എന്ന ഗ്രന്ഥത്തിലൂടെ നടത്തിയ ആക്രമണത്തെയും, പിന്നീട് ലകാനെ സമ്പൂർണ്ണമായി അനുകൂലിച്ചു കൊണ്ട് സിസേക് ഉയർത്തിയ പ്രത്യാക്രമണത്തേയും സാമാന്യം വിശദമായി ശ്രീകുമാർ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, ദേല്യൂസ് തുടക്കത്തിൽ ലകാനിയൻ ആയിരുന്നു എന്നും ഗത്താരിയുടെ ദു:സ്വാധീനത്താലാണ് ലകാനെതിരായി തിരിഞ്ഞത് എന്ന സിസേകിൻെറ പ്രസ്താവവും പ്രാധാന്യത്തോടെ വിലയിരുത്തുന്നുണ്ട്.

“ഭൂതകാലത്തിൻെറ അർഥങ്ങളെ ഭൗതികവാദപരമായി മനോവിശകലന സമീപനത്തിലൂടെ വിഗ്രഹിക്കുന്ന ലകാനിയൻ സമീപനം ഇന്നും പ്രസക്തമായ മാതൃകയാവുന്നു” എന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. “ചരിത്രപരമായ ഭൗതികവാദം കേവലം ചില നിയമങ്ങളുടെ ആകത്തുകയാണ് എന്ന സങ്കുചിതസമീപനം കൈവെടിയുകയാണെങ്കിൽ എങ്ങനെയാണ് ചരിത്രസംക്രമണങ്ങൾ ഉണ്ടാവുന്നത് എന്നതിനെ കുറിച്ച് സുവ്യക്തമായ കാഴ്ച്ചപ്പാടുകൾ രൂപീകരിക്കാൻ കഴിയും”. ഇത്രയും പറഞ്ഞശേഷം, ലകാനേയും ദേല്യൂസിനേയും വിരുദ്ധധ്രുവങ്ങളായി കാണേണ്ടതില്ല എന്നും ഓർമ്മിപ്പിക്കുന്നു.
“ചരിത്രത്തിൽ വർഗ്ഗങ്ങളും ജാതികളും ലിംഗപരമായ വേർതിരിവുകളും രൂപം കൊളുളുന്നതും അവ തമ്മിലുള്ള സംഘർഷങ്ങൾ ദേശരാഷ്ട്രങ്ങൾക്കുള്ളിലും പുറത്തും സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളും മനസ്സിലാക്കുന്നതിന് ലകാൻെറ മനോവിശകലനവും ദേല്യൂസിൻെറ മനോവിശകലന-വിരുദ്ധ മാനസികാപഗ്രഥനവും നമ്മെ സഹായിക്കുന്നുണ്ട്. യഥാർഥത്തിൽ ലകാൻ ചിന്തകളും അവയ്ക്ക് വിരുദ്ധമായ ദേലൂസ്യൻ വീക്ഷണങ്ങളും വ്യത്യസ്തവും എന്നാൽ പാരസ്പര്യം പുലർത്തുന്നതുമായ രണ്ടു മാതൃകകളാണ് നൽകിയിട്ടുള്ളത്.” (പേജ് 176)
എം.ടി., തിരുനല്ലൂർ, എസ്. ഹരീഷ്
സാഹിത്യസംബന്ധിയായ മൂന്നു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. എം ടിയുടെ കൃതികളിലൂടെയുള്ള പര്യടനമാണ് ഒന്ന്. വേറൊന്ന് തിരുനല്ലൂർ കവിതയിലെ പ്രതീകവിന്യാസം എന്ന ശീർഷകത്തിലാണ്. തിരുനല്ലൂരിനെ കോളേജ് പഠനകാലം മുതൽ നേരിട്ടറിയാമായിരുന്നതും അദ്ദേഹത്തിൻെറ മക്കൾ സതീർഥ്യരായിരുന്നു എന്നതും ഈ ലേഖനത്തിൻെറ പിറവിയ്ക്ക് നിദാനമായിരുന്നിരിയാക്കാം. കവിയുടെ കൃത്യമായ രാഷ്ട്രീയനിലപാടുകൾ അസന്ദിഗ്ധമായി വെളിപ്പെടുത്തുന്ന കൂട്ടത്തിൽ, 1982- ൽ സംഘപരിവാർ കർക്കിടകമാസത്തിലെ രാമായണപാരായണം എന്ന പരിപാടി അവതരിപ്പിച്ചതിനെ ശക്തിയുക്തം തിരുനല്ലൂർ എതിർത്തിരുന്നു എന്ന് ശ്രീകുമാർ ഓർക്കുകയാണ്. രാമായണത്തിൻെറ മറവിൽ തങ്ങളുടെ കുത്സിത രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് അവർ എന്ന് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞു.
എസ്. ഹരീഷിൻെറ മീശയെ അധികരിച്ചുള്ള നിരീക്ഷണങ്ങളാണ് മൂന്നാമത്തേത്. ഇതിഹാസമാനങ്ങൾ തേടുന്ന ഈ കൃതി, പൂർവ്വസൂരിയായ തകഴി ശിവശങ്കരപ്പിള്ളയെ അതിശയിക്കുന്ന, കുട്ടനാടിൻെറ ബൃഹദാഖ്യാനമാണ് എന്ന് മുക്തകണ്ഠം ശ്ലാഘിക്കാൻ ശ്രീകുമാർ മടിക്കുന്നില്ല. അങ്ങനെ കണക്കാക്കുന്നതിനുള്ള കാരണങ്ങൾ എണ്ണിപ്പറയുന്നുണ്ട് ഈ പഠനത്തിൽ.

എം ഗോവിന്ദൻ, ഇസ്താക്
കേരളം കണ്ടിട്ടുള്ള ഏറ്റവും ക്രാന്തദർശിയായ എഴുത്തുകാരനും രാഷ്ട്രീയ-സാംസ്കാരിക നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത ധീരനും ആയിരുന്നു എം. ഗോവിന്ദൻ. അദ്ദേഹത്തെ കുറിച്ച് ഗ്രന്ഥകർത്താവ് ചെയ്ത പ്രഭാഷണമാണ് ജനാധിപത്യരാഷ്ട്രീയത്തിൻെറ എം.ഗോവിന്ദൻ വായനകൾ എന്ന ലേഖനം. ഇന്ത്യൻ രാഷ്ട്രീയത്തെ ജാതിവ്യവസ്ഥയിൽ നിന്ന് വേർപെടുത്തി കാണാൻ കഴിയില്ല എന്ന തിരിച്ചറിവ് ഗോവിന്ദന് ആദ്യം മുതലേ ഉണ്ടായിരുന്നു. കർക്കശമായ ബ്രാഹ്മണവിരുദ്ധ, ജാത്യധീശവിരുദ്ധ നിലപാട് അദ്ദേഹം നിലനിർത്തിയിരുന്നത് അതിനാലാണ്. 1939- ൽ എഴുതിയ ലേഖനത്തിൽ തന്നെ, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യൻ ജനാധിപത്യത്തിന് നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി സവർണ്ണ ഫാഷിസത്തിൻെറതാവുമെന്ന വെറും പത്തൊമ്പതു വയസ്സുകാരന് ദീർഘദർശനം ചെയ്യാൻ സാധിച്ചു എന്നത് ചില്ലറക്കാര്യമല്ല. ഇന്ത്യയിലെ സവർണ്ണവ്യവസ്ഥയുമായി പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിൽ ഏർപ്പെടാതെ ഇവിടെ ജനാധിപത്യം വിപുലമാക്കാൻ കഴിയില്ല എന്നു ഗോവിന്ദനറിയാമായിരുന്നു. അതിനാലാണ് ശങ്കരനെപ്പോലും, ശങ്കയേതുമില്ലാതെ, കാലടിയിലെ നമ്പൂതിരി എന്ന് ഇകഴ്ത്താൻ അദ്ദേഹത്തിനായത്. അതേ കാരണത്താലാണ് ഗാന്ധിയൻ ചിന്തയിലുൾച്ചേർന്നിട്ടുള്ള ബ്രാഹ്മണമതപ്രത്യയശാസ്ത്രത്തിനെ മു പ്പതുകളിൽ കടന്നാക്രമിക്കുന്നതും. ഹിന്ദുത്വശക്തികൾ പിടി മുറുക്കുന്ന ഇന്ന് ഗോവിന്ദൻെറ ചിന്തകൾക്ക് മുമ്പെന്നത്തേക്കാളും കാലികപ്രസക്തി കൈവന്നിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്നു ഈ ലേഖനം.
ഐ. ഇസ്താക്കിൻെറ സാമൂഹ്യദർശനത്തെ പരിചയപ്പെടുത്തുന്ന ഒരു ഹ്രസ്വലേഖനമുണ്ടിതിൽ. അയ്യാ വൈകുണ്ഠർ തുടങ്ങി വെച്ച സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ നിന്ന് ഊർജ്ജം കൈക്കൊണ്ട്, ഒരേ സമയം ഫ്യൂഡൽ വിരുദ്ധവും കൊളോണിയൽ വിരുദ്ധവുമായി വികസിച്ച രാഷ്ട്രീയദർശനത്തിൻെറ തുടർച്ചയാണ് ഇസ്താക്കിൽ നാം കാണുന്നത്.

ഓറിയൻറലിസം, റണജിത് ഗുഹ
പോസ്റ്റ് ഹ്യൂമൻ വിചാരമാതൃക, പോസ്റ്റ് ഹ്യൂമൻ സിനിമ, എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ കൂടാതെ 1973- ൽ പ്രസിദ്ധീകൃതമായ ഓറിയൻറലിസം എന്ന ഗ്രന്ഥത്തിൻെറ സമകാലീനപ്രസക്തി വിശദമാക്കുന്ന ലേഖനവും, റണജിത് ഗുഹ: തമസ്കൃതരുടെ ചരിത്രകാരൻ എന്ന ലേഖനവുമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റു രണ്ട് പ്രധാന പഠനങ്ങൾ.
എഡ്വേർഡ് സയ്ദിൻെറ പുസ്തകം ഇറങ്ങുന്നതിന് 15 കൊല്ലം മുമ്പ് ഗുഹ നടത്തിയ ബംഗാളിലെ കൊളോണിയൽ ഭൂനിയമങ്ങൾ അപഗ്രഥിക്കുന്ന പഠനം പൗരസ്ത്യവാദം എന്ന പരികല്പനയുടെ കാതലായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്നുണ്ട് എന്നും, പോസ്റ്റ് കോളൊണിയൽ പഠനങ്ങളുടെ അടിത്തറ പാകുന്ന ആദ്യകൃതിയായി ഗുഹയുടെ ലേഖനത്തെ കണക്കാക്കേണ്ടതുണ്ട് എന്നും ശ്രീകുമാർ അഭിപ്രായപ്പെടുന്നു.
റണജിത് ഗുഹ എഡിറ്ററായി സബാൾട്ടേൻ സ്റ്റഡീസ് ആദ്യവാള്യം പുറത്തു വരുന്നത് 1982ൽ ആണ്, കീഴാളചരിത്രരചനയിൽ ഒരു പുതുസരണി തുറന്ന ഗുഹയുടെ പ്രാധാന്യം ശ്രീകുമാർ രേഖപ്പെടുത്തുന്നത് കാണുക. “മാർക്സിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടും എന്നാൽ അതിൻെറ കേവലമായ താർക്കിക പോസിറ്റിവിസ്റ്റ് പാരമ്പര്യങ്ങളെ നിരാകരിച്ചും നടത്തിയ സ്വതന്ത്രമായ അന്വേഷണമാണ് ഗുഹയെ കീഴാളചരിത്രവീക്ഷണത്തിലേയ്ക്ക് നയിച്ചത്. അധികാരവും ചരിത്രവും തമ്മിലുള്ള ബന്ധം കേവലം വർഗ്ഗബന്ധം മാത്രമല്ലെന്നും അതിനപ്പുറം നീളുന്ന സങ്കീർണ്ണതകൾ അതിലടങ്ങിയിട്ടുണ്ടെന്നും മനസ്സിലാക്കിക്കൊണ്ടാണ് അദ്ദേഹം കൂടുതൽ ആഴത്തിൽ അതിനെക്കുറിച്ച് പരിചിന്തിക്കുകയും പുതിയൊരു ചരിത്രപഠനശാസ്ത്രം എന്നു പോലും വേണമെങ്കിൽ വിളിക്കാവുന്ന അന്വേഷണരീതിക്ക് രൂപം കൊടുക്കുകയും ചെയ്തത്. കീഴാളത എന്ന കർത്തൃത്വത്തിന് ചരിത്രത്തിൽ ഉണ്ടാവുന്ന ഏജൻസിയെക്കുറിച്ചുള്ള നിരീക്ഷണമായിരുന്നു ഗുഹയുടെ ഏറ്റവും മൗലികമായ സംഭാവന.” (പേജ് 327).
മാർക്സിയൻ ചിന്തയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഉദ്ഘോഷിക്കുന്നത് പതിവാക്കിയിട്ടുള്ള കേരളത്തിലെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളിൽ നിന്ന് വ്യത്യസ്തനാണ് ടി.ടി. ശ്രീകുമാർ.
നരവംശശാസ്ത്രക്കുറിപ്പുകൾ
മാർക്സിയൻ ചിന്തയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഉദ്ഘോഷിക്കുന്നത് പതിവാക്കിയിട്ടുള്ള കേരളത്തിലെ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളിൽ നിന്ന് വ്യത്യസ്തനാണ് ശ്രീകുമാർ എന്ന് പറയേണ്ടതില്ല. ഈ പുസ്തകത്തിൽ പലയിടത്തായി മാർക്സിനെക്കുറിച്ചും മാർക്സിസത്തെ കുറിച്ചും ഉള്ള ചർച്ച ഉണ്ട്. കാലഹരണപ്പെട്ട ആശയമല്ല മാർക്സിൻെറതെന്നും, മറിച്ച് ഇന്നത്തെ സാഹചര്യത്തിൽ അതിൻെറ പ്രസക്തി പുനർനിർവ്വചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ ലേഖനം നരവംശശാസ്ത്രക്കുറിപ്പുകളും മാർക്സ് - അബേദ് കർ സമന്വയവുമാണെന്ന് നിസ്സംശയം പറയാം.
നരവംശശാസ്ത്രക്കുറിപ്പുകളിലെ കാൾ മാർക്സ് (പ്രോഗ്രസ് ബുക്സ്, കോഴിക്കോട്) എന്നൊരു വിപുലപഠനം ഈ വിഷയത്തെ മുൻനിർത്തി ശ്രീകുമാർ 2023 ൽ രചിച്ചിട്ടുണ്ട്. മൂലധനത്തിൻെറ രചനയ്ക്കു ശേഷം,1880കളിൽ മാർക്സ് നടത്തിയ പഠനങ്ങൾ പലതും ദീർഘകാലം വെളിച്ചം കാണാതെ മൂടി വെയ്ക്കപ്പെട്ടു. സ്റ്റാലിൻ ഭരണകൂടത്തിൻെറ സ്ഥാപിതതാൽപ്പര്യങ്ങളായിരുന്നു ഈ ബോധപൂർവ്വമായ തമസ്ക്കരണത്തിന്ഹേതു. മാത്തമാറ്റിക്കൽ മാനുസ്ക്രിപ്റ്റ്സ്, ഇക്കണോമിക്കൽ ആൻറ് പൊളിറ്റിക്കൽ മാനുസ്ക്രിപ്റ്റ്സ്, നരവംശശാസ്ത്രക്കുറിപ്പുകൾ എന്നിവയെല്ലാം പിന്നീട് ജർമ്മനിയിൽ നിന്ന് ആണ് പ്രസിദ്ധീകരിച്ചത്. 1973ൽ ആണ് നരവംശശാസ്ത്രക്കുറിപ്പുകൾ ഇംഗ്ലീഷിൽ ലഭ്യമാവുന്നത്. ഇന്ത്യയിലെ പാരമ്പര്യ മാർക്സിസ്റ്റ് പണ്ഡിതർ ഈ പുസ്തകം വായിക്കുകയോ അതിൻെറ പ്രാധാന്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല. 2006- ൽ പോലും ഇർഫാൻ ഹബീബ് നരവംശശാസ്ത്രക്കുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷ കണ്ടിരുന്നില്ലത്രെ. മാർക്സിനെ കുറിച്ചുള്ള രൂഢമൂലമായ പല ധാരണകളേയും തിരുത്താൻ കാരണമാവുന്നു എന്നതാണ് ഈ പുസ്തകത്തിൻെറ സവിശേഷത.

ഉദാഹരണത്തിന്, വ്യാവസായികവിപ്ലവം നടക്കാതെ സോഷ്യലിസത്തിലേയ്ക്ക് പോകാനാവില്ല എന്ന് മൂലധനത്തിൽ മാർക്സ് സിദ്ധാന്തിച്ചിട്ടുണ്ട് എന്ന ധാരണ പ്രബലമാണ്. അങ്ങനെ താൻ പറഞ്ഞിട്ടില്ലെന്ന്, വേറ സിസിലിച്ച് എന്ന റഷ്യൻ വിപ്ലവകാരിയുടെ കത്തിനുള്ള മറുപടിയിൽ മാർക്സ് എഴുതിയത് ശ്രീകുമാർ ഉദ്ധരിക്കുന്നുണ്ട്. റഷ്യയിലെ പൊതു ഉടമസ്ഥതയിലുള്ള കമ്യൂണുകളെ വികസിപ്പിച്ച് ഭാവി സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാം എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
മാർക്സ് ഹെൻട്രി മോർഗൻെറ നരവംശശാസ്ത്രകൃതി വായിച്ചതാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ കാരണമായത്. വിശിഷ്യ, ഇറുഗ്വായ് സമൂഹത്തിൽ എങ്ങനെ വർഗ്ഗങ്ങൾ രൂപപ്പെട്ടു എന്ന മോർഗൻെറ വിവരണം. ബ്രാഹ്മണാധിപത്യത്തിൻെറ ദുഷ്ഫലങ്ങളെപ്പറ്റി നരവംശശാസ്ത്രക്കുറിപ്പുകളിൽ അദ്ദേഹം വിവരിക്കുന്നു. സതി എന്ന സമ്പ്രദായത്തിൻെറ അടിസ്ഥാനം സ്ത്രീകളുടെ സ്വത്തിൻെറ അവകാശം നിരാകരിക്കുക എന്നതാണ് എന്ന് മാർക്സ് കണ്ടെത്തുന്നു. ഇന്ത്യ എന്നാൽ നൂറ്റാണ്ടുകളായി ചലനരഹിതമായ ഒരു സമൂഹഘടനയാണ് എന്ന് മാർക്സ് കരുതിയിരുന്നു എന്ന പ്രചാരം എത്ര അടിസ്ഥാനരഹിതമാണ് എന്ന് കാണാൻ നരവംശശാസ്ത്രക്കുറിപ്പുകൾ വായിച്ചേ തീരൂ. ചുരുക്കത്തിൽ, ജാതിയെ കുറിച്ച് ഡോ. ബി.ആർ. അബേദ്കറുടെ വിലയിരുത്തൽ തന്നെയാണ് മാർക്സിനും ഉണ്ടായിരുന്നത് എന്നും അതിനാൽ മാർക്സ്- അംബേദ് കർ സമന്വയം സാധ്യമാണെന്നും ശ്രീകുമാർ ഊന്നിപ്പറയുന്നു. ആ നിലയ്ക്കുള്ള സംവാദങ്ങൾ നടക്കേണ്ടതിൻെറ ആവശ്യകതയ്ക്ക് അടിവരയിടുന്നു.
പരികൽപനകളുടെ സാംസ്കാരികരാഷ്ട്രീയം വിവിധ മേഖലകളിലെ പുതിയ സംവാദങ്ങൾക്ക് വേദിയൊരുക്കുന്ന പുസ്തകം എന്ന തലത്തിൽ സവിശേഷമായ ശ്രദ്ധ അർഹിക്കുന്നതാണ്.
(പരികല്പനകളുടെ സാംസ്കാരിക രാഷ്ട്രീയം, ഡോ. ടി.ടി ശ്രീകുമാർ, ഡി സി ബുക്സ്- 2025, 336 പേജ്, വില 339 രൂപ).
