സോണിയ ഗാന്ധിയുടെ
ആത്മകഥയും
പ്രസാധനത്തിലെ
കുരുക്കുകളും

ആത്മകഥയിൽ എന്ത് എഴുതണം, എങ്ങനെ എഴുതണം എന്ന സോണിയ ഗാന്ധിയുടെ അവകാശത്തിന്മേലാണ് പെൻഗ്വിൻ റാൻഡം ഹൗസ് എന്ന പ്രസാധകർ ഇടപെടാൻ ശ്രമിച്ചത്. പെൻഗ്വിൻ റാൻഡം ഹൗസ് കാണിച്ചത് സാമാന്യ മര്യാദയുടെ ലംഘനമാണ്. എന്തുകൊണ്ട് പെൻഗ്വിനെപ്പോലൊരു പ്രസാധകർക്ക് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു? എൻ.ഇ. സുധീർ എഴുതുന്നു.

ത്മകഥ എന്നാൽ ഒരാൾ, തന്റെ ജീവിതം ഓർത്തെഴുതലാണ്. അതിലെന്തെഴുതണം, അതെങ്ങനെ എഴുതണം എന്നത് അവരുടെ തീരുമാനമാണ്, ആ വ്യക്തിയുടെ മാത്രം. എഴുത്തുകാരുടെ അവകാശം എന്നതുപോലെ ഒരു സാമാന്യ നിയമവും. സോണിയ ഗാന്ധിയുടെ ഈ അവകാശത്തിന്മേലാണ് പെൻഗ്വിൻ റാൻഡം ഹൗസ് എന്ന പ്രസാധകർ ഇടപെടാൻ ശ്രമിച്ചത്. പ്രസിദ്ധീകരണകരാറനുസരിച്ച് സോണിയ ഗാന്ധിയിൽനിന്ന് അവർക്കു ലഭിച്ച ആത്മകഥയുടെ- Belonging: A Journey of Love- മാനുസ്ക്രിപ്റ്റിൽ ചില മാറ്റങ്ങൾ ആവശ്യപ്പെടുകയായിരുന്നു പെൻഗ്വിൻ ബുക്സ്. സോണിയ ഗാന്ധി ഇതിനു വിസമ്മതിക്കുകയും പെൻഗ്വിൻ ബുക്സ് പുസ്തക പ്രസിദ്ധീകരണത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. ഇതിലെ ശരിതെറ്റുകൾ ചർച്ച ചെയ്യപ്പെടുകയാണ്. ഈ വിവാദത്തെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്?

എന്നാൽ, ഇന്ത്യയിലെ പ്രസാധകരംഗത്തെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ പെൻഗ്വിൻ ബുക്സിന്റെ ഈ തീരുമാനം എന്നെ ഞെട്ടിക്കുന്നില്ല. കാരണം, ഇന്ത്യൻ പെൻഗ്വിൻ ഇതാദ്യമായല്ല, ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.

ഒരു വായനക്കാരനെന്ന നിലയിൽ ഞാൻ സോണിയ ഗാന്ധിയുടെ തീരുമാനത്തെ പൂർണ്ണമായും അനുകൂലിക്കുകയാണ്. ആത്മകഥ അഥവാ ഓർമക്കുറിപ്പുകൾ അവരുടേതാണ്. അതിൽ മറ്റാർക്കും കൈകടത്താൻ അവകാശമില്ല. പെൻഗ്വിൻ റാൻഡം ഹൗസ് കാണിച്ചത് സാമാന്യ മര്യാദയുടെ ലംഘനമാണ്. പ്രസിദ്ധീകരണ കരാറിൽ നിന്ന് അവരേപ്പോലൊരു വിഖ്യാത പ്രസാധകർ ഇങ്ങനെ പിൻവാങ്ങാൻ പാടില്ലാത്തതായിരുന്നു. അതും സോണിയ ഗാന്ധിയെപ്പോലൊരു വ്യക്തിയുമായുള്ള കരാറിൽനിന്ന്. തീർച്ചയായും ഇത് ഒരു പ്രസാധകർ എന്ന നിലയിൽ അവർക്ക് വലിയ ക്ഷീണമുണ്ടാക്കുന്നുണ്ട്. അവരുടെ ചരിത്രപ്രധാനമായ യശസ്സിന് കളങ്കമുണ്ടാക്കുകയും ചെയ്തു.

എന്നാൽ, ഇന്ത്യയിലെ പ്രസാധകരംഗത്തെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിൽ പെൻഗ്വിൻ ബുക്സിന്റെ ഈ തീരുമാനം എന്നെ ഞെട്ടിക്കുന്നില്ല. കാരണം, ഇന്ത്യൻ പെൻഗ്വിൻ ഇതാദ്യമായല്ല, ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്. സമീപകാലത്തെ രണ്ടു സംഭവങ്ങൾ പരിശോധിക്കാം.

മുൻ കരസേനാ മേധാവി ജനറൽ എം. എം. നരവനെയുടെ Four Stars of Destiny എന്ന ആത്മകഥ അച്ചടിച്ചതിനുശേഷം പെൻഗ്വിൻ പിൻവലിക്കുകയുണ്ടായി. നിർഭാഗ്യവശാൽ രണ്ടു വർഷത്തിനിപ്പുറവും ആ പുസ്തകം വെളിച്ചം കണ്ടില്ല. അതുമായി ബന്ധപ്പെട്ട് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ചർച്ചയും തുടർന്നുള്ള വിവാദവും മറക്കാറായിട്ടില്ല.

മുൻ കരസേനാ മേധാവി ജനറൽ എം. എം. നരവനെയുടെ Four Stars of Destiny എന്ന ആത്മകഥയുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സമീപം പ്രിയങ്ക ഗാന്ധി എം.പി. ഈ പുസ്തകം അച്ചടിച്ചതിനുശേഷം പെൻഗ്വിൻ പിൻവലിക്കുകയായിരുന്നു.
മുൻ കരസേനാ മേധാവി ജനറൽ എം. എം. നരവനെയുടെ Four Stars of Destiny എന്ന ആത്മകഥയുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സമീപം പ്രിയങ്ക ഗാന്ധി എം.പി. ഈ പുസ്തകം അച്ചടിച്ചതിനുശേഷം പെൻഗ്വിൻ പിൻവലിക്കുകയായിരുന്നു.

മറ്റൊന്ന് ജോ സാക്കോ എന്ന പ്രശസ്ത കാർട്ടൂണിസ്റ്റിന്റെ The Once and Future Riot എന്ന പുസ്തകത്തിന്റെ വിതരണവുമായി ബന്ധപ്പെട്ടതാണ്. അത് ഇന്ത്യയിൽ വിതരണം ചെയ്യേണ്ടിയിരുന്നത് പെൻഗ്വിൻ റാൻഡം ഹൗസ് ആയിരുന്നു. 2013- ലെ മുസഫർ നഗർ കലാപം പ്രമേയമായ ആ ഗ്രാഫിക് നോവൽ ഇന്ത്യയിൽ വിതരണം ചെയ്യണ്ടെന്നാണ് പെൻഗ്വിൻ തീരുമാനിച്ചത്. ഇതും വലിയ വാർത്തയും ചർച്ചയും ആയതാണ്.

ഈ പ്രസാധകർ സോണിയ ഗാന്ധിയെപ്പോലൊരു രാഷട്രീയ നേതാവിന്റെ ആത്മകഥയുമായി മുന്നോട്ട് പോയെങ്കിലേ അത്ഭുതമുള്ളൂ. യു.എസ് പ്രസാധകരായ ആൽ ഫ്രഡ് നോഫ് ആണ് Belonging: A Journey of Love നവംബർ 10-ന് പുറത്തിറക്കുന്നത്. ആ കമ്പനി പെൻഗ്വിൻ റാൻഡം ഹൗസ് ആഗോള ഗ്രൂപ്പിന്റെ ഭാഗവുമാണ്. സ്വാഭാവികമായും ഇന്ത്യയിൽ അത് പ്രസിദ്ധീകരിക്കേണ്ടത് ഇന്ത്യയിലെ പെൻഗ്വിൻ ബുക്സാണ്. ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും എഡിറ്റോറിയൽ സ്വാതന്ത്ര്യം അവർക്കുണ്ട്. ആ സ്വാതന്ത്ര്യമാണ് അവരുപയോഗിച്ചത്. ‘പ്രശ്നം’ മുൻകൂട്ടി കണ്ട് അതിൽനിന്ന് പെൻഗ്വിൻ ബുക്സിന് ആദ്യമേ മാറിനിൽക്കാമായിരുന്നു. അങ്ങനെ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു.

എന്തുകൊണ്ട് പെൻഗ്വിനെപ്പോലൊരു പ്രസാധകർക്ക് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു? ഈ രാജ്യത്തെ സ്ഥപനങ്ങളെല്ലാം ഭരണകൂടവിധേയമായി മാത്രം പ്രവർത്തിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഭരണകർത്താക്കൾക്കും, അനുകൂലികൾക്കും ഇഷ്ടപ്പെടുമോ എന്നൊരു അരിപ്പ സ്വയം പ്രവർത്തിക്കുന്ന നില വന്നുകഴിഞ്ഞു.

എന്തുകൊണ്ട് പെൻഗ്വിനെപ്പോലൊരു പ്രസാധകർക്ക് ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നു? അതാണ് ചിന്തിക്കേണ്ടത്. അടിസ്ഥാന കാരണം, ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയം തന്നെയാണ്. ഈ രാജ്യത്തെ സ്ഥപനങ്ങളെല്ലാം ഭരണകൂടവിധേയമായി മാത്രം പ്രവർത്തിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഭരണകർത്താക്കൾക്കും, അനുകൂലികൾക്കും ഇഷ്ടപ്പെടുമോ എന്നൊരു അരിപ്പ സ്വയം പ്രവർത്തിക്കുന്ന നില വന്നുകഴിഞ്ഞു. അവർക്ക് ഇഷ്ടപ്പെടാനിടയില്ലാത്തതെല്ലാം ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നൊരു ധാരണയും നിലനിൽക്കുന്നു. അങ്ങനെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

മറ്റൊന്ന്, ഇന്ത്യയിലെ ഒട്ടുമിക്കവാറും സ്ഥാപനങ്ങൾ ഹിന്ദുത്വ സംഘടനകളുടെ പിടിയിലായിക്കഴിഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ്. സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഇതിനൊരപവാദമല്ല. അതിന്റെയൊക്കെ തലപ്പത്ത് സംഘപരിവാർ അനുകൂല ചിന്താഗതിയുള്ളവർ ഇടം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. തീരുമാനങ്ങളിൽ അവരുടെ രാഷ്ട്രീയത്തിന്റെ നിഴലുകൾ സ്വാഭാവികമായും വരുന്നുണ്ട്. നമ്മുടെ ജുഡിഷ്യറിയിൽ പോലും സ്ഥിതി മറിച്ചല്ല എന്നാണ് കേൾക്കുന്നത്. തീർച്ചയായും പുസ്തകപ്രസിദ്ധീകരണ സ്ഥാപനങ്ങളിലും അത്തരക്കാർ തലപ്പത്തുണ്ട്.

2013- ലെ മുസഫർ നഗർ കലാപം പ്രമേയമായ പ്രശസ്ത കാർട്ടൂണിസ്റ്റ്  ജോ സാക്കോയുടെ The Once and Future Riot എന്ന ഗ്രാഫിക് നോവൽ ഇന്ത്യയിൽ വിതരണം ചെയ്യണ്ടെന്നാണ് പെൻഗ്വിൻ തീരുമാനിച്ചത്.
2013- ലെ മുസഫർ നഗർ കലാപം പ്രമേയമായ പ്രശസ്ത കാർട്ടൂണിസ്റ്റ് ജോ സാക്കോയുടെ The Once and Future Riot എന്ന ഗ്രാഫിക് നോവൽ ഇന്ത്യയിൽ വിതരണം ചെയ്യണ്ടെന്നാണ് പെൻഗ്വിൻ തീരുമാനിച്ചത്.

ഇന്ത്യയിലെ ചെറിയ കോർപ്പറേറ്റുകളെ മറ്റൊരു പ്രശ്‌നം കൂടി അലട്ടുന്നുണ്ട്. അത് അവർ നേരിട്ടേക്കാവുന്ന നിയമക്കുരുക്കുകളാണ്. ഇന്ത്യയിലെ നിയമസംവിധാനവും സാമ്പത്തികച്ചെലവും എല്ലാവരേയും പ്രശ്നത്തിലാക്കുന്നുണ്ട്. ഈയിടെയായി പ്രധാനപ്പെട്ട പ്രസാധകരെല്ലാം അവർക്ക് കിട്ടുന്ന മാനുസ്ക്രിപ്റ്റുകൾ നിയമപരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷമേ പ്രസിദ്ധീകരിക്കാൻ തയ്യാറാവുന്നുള്ളൂ. പ്രസിദ്ധീകരണത്തിനുശേഷം വരാവുന്ന നിയമക്കുരുക്കുകൾ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ലീഗൽ ഒപ്പീനിയനിൽ പറയുന്ന മാറ്റങ്ങൾ വരുത്തുവാൻ പ്രസാധകർ എഴുത്തുകാരോട് ആവശ്യപ്പെടും.

ഒരുവേള സോണിയ ഗാന്ധിയുടെ കാര്യത്തിലും ഇതാവും സംഭവിച്ചിരിക്കുക. പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം പല കേസുകളും വരാനിടയുണ്ട്. അവ നേരിടാൻ വലിയ പണം ആവശ്യമായിവരും. പുസ്തകത്തിന്റെ വില്പനയിൽ നിന്നും ലഭിക്കുന്ന ലാഭത്തേക്കാൾ കൂടുതലാവാം ഈ ചെലവ്. കൂടാതെ, കോടതികളായ കോടതികളൊക്കെ കയറിയിറങ്ങേണ്ടിയും വരും. സോണിയയുടെ ഓർമക്കുറിപ്പിൽ വിവാദമായേക്കാവുന്ന നിരവധി രാഷ്ട്രീയ സംഭവങ്ങൾ പ്രതിപാദിക്കുന്നുണ്ടാവുമല്ലോ. ഇവയിൽ പലതും ഇന്ത്യയിലെ പല ഭാഗങ്ങളിലെ കോടതികളിൽ ചോദ്യം ചെയ്യപ്പെടാം.

സോണിയയുടെ ആത്മകഥയിൽ വിവാദമായേക്കാവുന്ന നിരവധി രാഷ്ട്രീയ സംഭവങ്ങളുണ്ടാവുമല്ലോ. ഇവയിൽ പലതും ഇന്ത്യയിലെ പല ഭാഗങ്ങളിലെ കോടതികളിൽ ചോദ്യം ചെയ്യപ്പെടാം. ഇത്തരം പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുക എന്നതായിരിക്കുന്നു പ്രസാധകർക്കുമുന്നിലെ മുൻഗണന.

അരുന്ധതി റോയിയുടെ Mother Mary Comes to Me എന്ന പുസ്തകത്തിന്റെ കവർചിത്രത്തിൽ പുകവലി സംബന്ധിച്ച മുൻകരുതൽ വാചകം ഇല്ല എന്നു പറഞ്ഞ് ഒരാൾ കേരള ഹൈക്കോടതിയെ സമീപിച്ചത് കഴിഞ്ഞ വർഷമാണ്. എന്തും ആളുകളെ പ്രകോപ്പിക്കുകയും ഏതും കേസാവുകയും ചെയ്യുന്ന ഒരു കാലാവസ്ഥ വർത്തമാനകാല ഇന്ത്യയിലുണ്ട്.

ഇത്തരം പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കുക എന്നതായിരിക്കുന്നു പ്രസാധകർക്കുമുന്നിലെ മുൻഗണന. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഇത്തരം മാർഗങ്ങൾ അവലംബിച്ചു പോരുന്നു. വിൻഡി ഡോണിഗറുടെ ‘ഹിന്ദുയിസം’ എന്ന പുസ്തകം തൊട്ട് ഇതാണ് അവസ്ഥ.

സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും.
സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ രാജ്യത്തെ മാറിയ രാഷ്ട്രീയമാണ് ഇതിന്റെയെല്ലാം അടിസ്ഥാന കാരണം എന്നു നമ്മൾ മനസ്സിലാക്കണം. ആ അവസ്ഥയെ നിർമ്മിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് സോണിയ ഗാന്ധിക്കും ഉണ്ട് എന്ന യാഥാർത്ഥ്യം നമ്മൾ മറക്കരുത്. അവരുടെ നേതൃത്വത്തിലുള്ള, അവർക്ക് മുമ്പേ അവരുടെ ഭർത്താവ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി എടുത്ത പല നിലപാടുകളും ഹിന്ദുത്വ ശക്തികൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നിലപാടില്ലായ്മകൾ ബി.ജെ.പിയെ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. തുടർന്നിങ്ങോട്ട് വലതുപക്ഷ - ഹിന്ദുത്വ രാഷ്ട്രീയത്തെ ജനാധിപത്യപരമായി നേരിട്ട് പരാജയപ്പെടുത്തുന്നതിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വലുതായൊന്നും ചെയ്യാനായില്ല.

ഇതെല്ലാം കാരണം വന്നുപെട്ട, രാജ്യത്തിന്റെ ദുർഗതിയുടെ ഇരയാവുകയാണ് സോണിയ ഗാന്ധിയുടെ പുസ്തകം. പെൻഗ്വിനെപ്പോലുള്ള ഒരു പ്രസാധകരെപ്പോലും ഇത്തരമൊരു പിൻവാങ്ങൽ അവസ്ഥയിൽ എത്തിച്ച രാഷ്ട്രീയാന്തരീക്ഷത്തെ മാറ്റിയെടുക്കുക എന്നതു മാത്രമാണ് പരിഹാരം. അതിന് കോൺഗ്രസ് ഉൾപ്പടെയുള്ള ജനാധിപത്യ പാർട്ടികൾ അഹോരാത്രം പ്രയത്നിക്കുക തന്നെ വേണം. സംഭവിച്ചുപോയ പിഴവുകളെപ്പറ്റി ആത്മപരിശോധന നടത്താനും തുടർന്നങ്ങോട്ട് പോരാടാനുമുള്ള ഊർജ്ജം സോണിയ ഗാന്ധിയുടെ ആത്മകഥയിൽ നിന്നു നേടാൻ സോണിയ ഗാന്ധിയുടെ അനുയായികൾക്ക് സാധിക്കട്ടെ.

ഈ വിവാദവും വിരൽ ചൂണ്ടുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുരവസ്ഥയിലേക്കാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുക വഴി മാത്രമേ ആവിഷ്ക്കാര സ്വാതന്ത്ര്യം പ്രായോഗികതലത്തിൽ ഉറപ്പു വരുത്തുവാൻ സാധിക്കൂ. ഭരണകൂടമല്ല, ഭരണകൂടമുണ്ടാക്കുന്ന ഭയചകിതമായ സാമൂഹിക അവസ്ഥയാണ് വില്ലൻ.

Comments