ഒ.കെ. ജോണി

പുസ്​തകപ്രസാധനം, ലാഭത്തിനായി മത്സരിക്കുന്ന
​വ്യവസായമായപ്പോൾ സംഭവിക്കുന്നത്​

കച്ചവടതാൽപര്യം മാത്രമല്ല, നല്ല പുസ്തകങ്ങളെക്കുറിച്ചും, പുസ്തകനിർമിതി തന്നെ സ്വയം ഒരു കലയാണെന്നതിനെക്കുറിച്ചും ബോധ്യമില്ലാത്ത പ്രസാധകരുടെ ബാഹുല്യം മറ്റേത് സംസ്ഥാനത്തേക്കാളും കേരളത്തിലാണുള്ളത്. അച്ചടി കണ്ടുപിടിക്കപ്പെട്ട കാലത്തേതിനേക്കാൾ മോശമായി എങ്ങനെ പുസ്തകമച്ചടിക്കാമെന്ന പരീക്ഷണത്തിൽ മുഴുകിയിരിക്കുന്ന പ്രസാധകരും കുറവല്ല.

കേരളത്തിലെ പുസ്തകപ്രസാധന രംഗം ഇന്ത്യയിലെ ഇതരഭാഷകളിലേതിനേക്കാൾ സജീവമാണെന്നതിൽ തർക്കമില്ല. കൃത്യമായ ഔദ്യോഗിക കണക്ക്​ ലഭ്യമല്ലെങ്കിലും വർഷംതോറും അച്ചടിക്കപ്പെടുന്ന നല്ലതും തിയ്യതുമായ പുസ്തകങ്ങളുടെ എണ്ണത്തിലും, ചെറുതും വലുതുമായ പ്രസാധന ഗൃഹങ്ങളുടെ പെരുപ്പത്തിലും ഹിന്ദി ഉൾപ്പടെയുള്ള വലിയ ഭാഷാസംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് കേരളമെന്നതിൽ അസ്വാഭാവികതയുമില്ല. കേരളത്തിന്റെ കൊണ്ടാടപ്പെടുന്ന ഉയർന്ന സാക്ഷരത മാത്രമല്ല, മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം കുഗ്രാമങ്ങളിൽപ്പോലും പ്രവർത്തിക്കുന്ന ഗ്രന്ഥശാലകളുമാണ് അതിനുകാരണം. പി.എൻ. പണിക്കരെപ്പോലൊരു വലിയ മലയാളി തുടങ്ങിവെച്ച ഗ്രന്ഥശാലാ പ്രസ്ഥാനവും അതിന്റെ തന്നെ ഭാഗമായുണ്ടായ അനൗപചാരിക വിദ്യാഭ്യാസവും സൃഷ്ടിച്ച സാമൂഹികസാഹചര്യമാണ് കേരളത്തിലെ പുസ്തകപ്രസാധന വ്യവസായത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് കാരണമായതെന്ന് പറയുന്നതിൽ തെല്ലും അത്യുക്തിയില്ല.

കേരളത്തിലെ പുസ്തക പ്രസാധന മേഖലയ്ക്കും വിപണിയ്ക്കും ലഭിച്ച ഇതുപോലൊരു അനുകൂല സാഹചര്യം മറ്റൊരു ഇന്ത്യൻ ഭാഷാസംസ്ഥാനത്തിനും ഇന്നും പ്രതീക്ഷിയ്ക്കാനാവില്ല. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ഭാഗമായി വളർന്ന പുസ്തക പ്രസിദ്ധീകരണ വ്യവസായം പക്ഷെ, അതിന്റെ സാമൂഹികമായ ഉത്തരവാദിത്വം നിർവഹിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. സംസ്കാര വ്യവസായത്തിന്റെ (Culture Industry) ഭാഗമായ സിനിമയും ടെലിവിഷനും പോലുള്ള വിനോദോപാധികളോടൊപ്പം ലാഭത്തിനായി കമ്പോളത്തിൽ മത്സരിക്കുന്ന ഒരു വ്യവസായമായി മാറിയതോടെയാണ് നിലവാരമില്ലാത്ത പുസ്തകങ്ങൾ വിപണി കൈയടക്കിയത്. വിരലിലെണ്ണാവുന്ന പ്രസാധന ഗൃഹങ്ങൾ മാത്രമാണ് പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിലും നിർമിതിയിലും ഉന്നത മാനദണ്ഡങ്ങൾ വേണമെന്ന നിഷ്ഠ പുലർത്തിക്കാണുന്നുള്ളൂ.

നാണിപ്പിക്കുന്ന പുസ്​തക നിർമിതി

കച്ചവട താൽപര്യം മാത്രമല്ല, നല്ല പുസ്തകങ്ങളെക്കുറിച്ചും, പുസ്തക നിർമിതി തന്നെ സ്വയം ഒരു കലയാണെന്നതിനെക്കുറിച്ചും ബോധ്യമില്ലാത്ത പ്രസാധകരുടെ ബാഹുല്യം മറ്റേത് സംസ്ഥാനത്തേക്കാളും കേരളത്തിലാണുള്ളത്. അച്ചടി കണ്ടുപിടിക്കപ്പെട്ട കാലത്തേതിനേക്കാൾ മോശമായി എങ്ങനെ പുസ്തകമച്ചടിക്കാമെന്ന പരീക്ഷണത്തിൽ മുഴുകിയിരിക്കുന്ന പ്രസാധകരും കുറവല്ല. ആദ്യമായി മലയാള ലിപിയുടെ അച്ചുകളുണ്ടാക്കിയ ബെഞ്ചമിൻ ബെയിലി അതിന്റെ രൂപകൽപനയിൽ പുലർത്തിയ ജാഗ്രതയുടെയും, അസംതൃപ്തിയോടെ നടത്തിയ പരിഷ്‌കണശ്രമങ്ങളുടെയും ചരിത്രമറിയുന്നവരെ നാണിപ്പിക്കുന്നതാണ് ഇന്നത്ത പല പ്രസാധകരുടെയും പുസ്തക നിർമിതി.

അർധസാക്ഷരരായ സാഹിത്യ യശഃപ്രാർഥികളുടെയും ലാഭക്കൊതിയരായ സെൽഫ് പബ്ലിഷിങ് സേവനദാതാക്കളുടെയും പിടിയിൽനിന്ന് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. / Photo: Flickr

വായനക്കാരല്ലാത്തവർ പോലും എഴുത്തുകാരായി മാറുന്ന പ്രവണത കേരളത്തിലേതുപോലെ മറ്റൊരിടത്തുമുണ്ടാവില്ല. പേരിനൊപ്പം ജാതിപ്പേരുകൂടി അലങ്കാരമാക്കുന്ന മലയാളിയുടെ സവർണബോധം, ജീവചരിത്രക്കുറിപ്പിൽ ഗ്രന്ഥകാരനും ഗ്രന്ഥകാരിയുമാണൈന്നുകൂടി ചേർക്കണമെന്ന വാശിയിലേക്ക് മുതിർന്നിരിക്കുന്നു. ഗ്രന്ഥകാരനും ഗ്രന്ഥകാരിയുമാവുന്നത് ഒരധിക യോഗ്യതയായിക്കാണുന്ന അർധസാക്ഷരരെഴുതുന്ന അസംബന്ധങ്ങൾ അച്ചടിച്ചുകൊടുക്കുകയെന്ന സേവനം തൊഴിലാക്കിയ നിരവധി പ്രസാധകരുണ്ട്. അതൊരു സേവനമേഖലയാണെന്ന് സമ്മതിക്കാം. പുറമേയ്ക്ക് നിർദോഷമായിത്തോന്നാമെങ്കിലും ഈ സേവനമേഖല ചെയ്യുന്ന ദ്രോഹം ചെറുതല്ല. ഇവർ അച്ചടിക്കുന്ന ചീത്തപ്പുസ്തകങ്ങളാണ് നമ്മുടെ ഗ്രാമീണ ഗ്രന്ഥശാലകളിൽ വന്നടിയുന്നത്. ഗ്രന്ഥശാലകൾക്ക് സർക്കാർ നൽകുന്ന ഗ്രാൻറിലേറെയും അപഹരിക്കുന്നത് ഇക്കൂട്ടരാണ്.

വൻകിട പ്രസാധകർ പോലും ബുക്ക് എഡിറ്റിങ് എന്നത് ഒരവശ്യസംഗതിയാണെന്ന് അംഗീകരിച്ചതായിത്തോന്നുന്നില്ല. അതത് വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള എഡിറ്റർമാരുടെ സാന്നിധ്യമുള്ള പ്രസാധനഗൃഹങ്ങളും അപൂർവമാണ്.

ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലതോറും നടത്തുന്ന വാർഷിക പുസ്തകോത്സവ വേദിയിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് ഗ്രന്ഥാലയങ്ങൾ പുസ്തകങ്ങൾ വാങ്ങേണ്ടത്. എഴുത്തുകാരിൽ നിന്ന് പണംവാങ്ങി പുസ്തകം അച്ചടിച്ചുകൊടുക്കുന്ന പ്രസാധകരുടെ ചവറുകൾ വർഷംതോറും വിറ്റഴിക്കപ്പെടുന്നത്​ ഈ മേളയിലാണ്. വലിയ പ്രസാധകരേക്കാൾ കമീഷൻ നൽകുമെന്നതിനാൽ ഗ്രാമീണ ലൈബ്രറികൾ അധികവും ഇത്തരം പുസ്തകങ്ങളാണ് വാങ്ങിക്കൂട്ടുക. നാട്ടിൻപുറങ്ങളിലെ സാധാരണ വായനക്കാരുടെ വായനാഭിരുചിയെ മലീമസമാക്കുന്ന ഈ പ്രക്രിയ നല്ല പുസ്തകങ്ങളെ വായനക്കാർക്ക് പ്രാപ്യമല്ലാതാക്കുകയും ചെയ്യുന്നുണ്ട്. നല്ല പുസ്തകങ്ങൾ വാങ്ങാൻ വിനിയോഗിക്കേണ്ട പണം ചീത്തപ്പുസ്തകങ്ങൾക്കായി ദുരുപയോഗംചെയ്യുന്ന അവസ്ഥയാണിത്. പുസ്​തകം വിറ്റഴിയുന്നതോടെ താൻ അംഗീകരിക്കപ്പെട്ടുവെന്ന് തെറ്റിദ്ധരിക്കുന്ന എഴുത്തുകാർ അടുത്ത പുസ്തകവുമായി വീണ്ടുമെത്തുകയും ചെയ്യും. അർധസാക്ഷരരായ സാഹിത്യ യശഃപ്രാർഥികളുടെയും ലാഭക്കൊതിയരായ സെൽഫ് പബ്ലിഷിങ് സേവനദാതാക്കളുടെയും പിടിയിൽനിന്ന് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ മോചിപ്പിക്കേണ്ടിയിരിക്കുന്നു.

സെൽഫ്​ പബ്ലിഷിങ്​ എന്ന പ്രിൻറിങ്​ സർവീസ്​

വൻകിട പ്രസാധകർ അവഗണിക്കുന്ന പുസ്തകങ്ങളിൽ നല്ലതും തിയ്യതുമുണ്ടാവാം. പ്രസാധകർ തിരസ്കരിച്ചതോ തിരസ്കരിക്കുവാനിടയുള്ളതോ ആയ പുസ്തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കുവാൻ എഴുത്തുകാർ നിർബന്ധിതരാവുക സ്വാഭാവികം. ലോകരാജ്യങ്ങളിലെല്ലാം നിലവിലുള്ള ഒരു രീതിയുമാണ് സെൽഫ് പബ്ലിഷിങ്. എന്നാൽ, പുതിയ, അപ്രശസ്തരായ എഴുത്തുകാരെഴുതുന്ന കൃതികളുടെ ഉള്ളടക്കം കുറ്റമറ്റതാക്കുവാനും പാരായണയോഗ്യവുമാക്കുവാനും പ്രാപ്തിയുള്ള എഡിറ്റർമാരുടെ സഹായത്തോടെയാണ് അത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാറ്​. ആ രീതി നിർഭാഗ്യവശാൽ കേരളത്തിലില്ല. വെറും പ്രിൻറിങ് സർവീസ്​ നടത്തുന്നവരാണ് കേരളത്തിലെ സെൽഫ് പബ്ലിഷിങ് മേഖലയിലുള്ളത്. വൻകിട പ്രസാധകർ പോലും ബുക്ക് എഡിറ്റിങ് എന്നത് ഒരവശ്യസംഗതിയാണെന്ന് അംഗീകരിച്ചതായിത്തോന്നുന്നില്ല. അതത് വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള എഡിറ്റർമാരുടെ സാന്നിധ്യമുള്ള പ്രസാധനഗൃഹങ്ങളും അപൂർവമാണ്. സാഹിത്യത്തിൽ ഇത് വലിയ അപകടം ചെയ്യില്ലെങ്കിലും വൈജ്​ഞാനിക കൃതികളുടെ കാര്യത്തിൽ നല്ല എഡിറ്റർമാരില്ലാത്ത അവസ്ഥ ഗുരുതരപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. നിക്ഷിപ്ത താൽപര്യക്കാരായ എഴുത്തുകാർ രചിക്കുന്ന ഇത്തരം ചരിത്രകൃതികളും ഇതര വിജ്ഞാനകൃതികളും കമ്പോളത്തിലുണ്ടെന്നോർക്കുക.

എഡിറ്റോറിയൽ കമ്മിറ്റിയല്ല, പബ്ലിക്കേഷൻ കമ്മിറ്റിയാണ് പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പു നടത്തുന്നത്. കേരളത്തിലെ പുസ്തകപ്രസാധനമേഖല ഇപ്പോഴും ആധുനികവൽകരിക്കപ്പെട്ടിട്ടില്ലെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്.

വൻകിട മുഖ്യധാരാ പ്രസാധകർ പോലും ബുക്ക് എഡിറ്റിങ്ങിന് പ്രാധാന്യം നൽകാത്ത സാഹചര്യത്തിൽ ചെറുകിട പ്രസാധകരിൽനിന്ന് അത്തരം പ്രൊഫഷണലിസം പ്രതീക്ഷിക്കാനാവില്ല. പ്രസാധന ഗൃഹങ്ങളിലെ എഡിറ്റോറിയൽ ചുമതലയുള്ളയാളെ പബ്ലിക്കേഷൻ മാനേജരെന്നാണ് വിളിക്കുന്നതെന്നും സാന്ദർഭികമായി ഓർക്കാം. സാഹിത്യ പ്രവർത്തക സഹകരണസംഘം ആരംഭിച്ചപ്പോൾ തസ്തിക സൃഷ്ടിക്കുന്നതിൽ സഹകരണവകുപ്പിന്റെ നിയമങ്ങളുമായി ബന്ധപ്പെട്ട്​ സാങ്കേതിക പരിമിതിയാൽ ഉണ്ടായ പബ്ലിക്കേഷൻ മാനേജർ തസ്തികയെ, അവിടെനിന്ന്​ പിരിഞ്ഞ് സ്വന്തമായി പ്രസാധനമാരംഭിച്ച ഡി.സി. കിഴക്കേമുറിയും നിലനിർത്തിയതോടെ കേരളത്തിലെ പ്രസാധകരെല്ലാം എഡിറ്റർക്കുപകരം മാനേജരെയാണ് എഡിറ്റോറിയൽ ചുമതലയേൽപ്പിച്ചതെന്നതാണ് വിചിത്രമായ സംഗതി. എഡിറ്റോറിയൽ കമ്മിറ്റിയല്ല, പബ്ലിക്കേഷൻ കമ്മിറ്റിയാണ് പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പു നടത്തുന്നത്. കേരളത്തിലെ പുസ്തകപ്രസാധനമേഖല ഇപ്പോഴും ആധുനികവൽകരിക്കപ്പെട്ടിട്ടില്ലെന്നതിന്റെ ഒരുദാഹരണം മാത്രമാണിത്. ഈ അവസ്ഥ നിലനിൽക്കുന്നതുകൊണ്ടാണ് മുദ്രണകലയിലും സാങ്കേതികതയിലുമുണ്ടായ നവീന വികാസങ്ങൾ നമ്മുടെ പുസ്തകപ്രസാധനത്തിൽ പ്രതിഫലിക്കാതിരിക്കുന്നത്. അച്ചുനിരത്തി അച്ചടിച്ചിരുന്ന കാലത്തെ അതേ പേജുകളുടെ ആവർത്തനമല്ലാതെ ടൈപ്പോഗ്രഫിയിലും പേജുകളുടെ രൂപകൽപനയിലും കടലാസിന്റെ തിരഞ്ഞെടുപ്പിലും പുറംചട്ടകളുടെ ഡിസൈനിങ്ങിലുമെല്ലാം അത്യപൂർവമായി മാത്രമേ നമ്മുടെ പ്രസാധകർ യാഥാസ്ഥികരീതികൾ കൈവെടിയാറുള്ളൂ. ഉള്ളടക്കം പോലെ തന്നെ അരോചകവും അനാകർഷകങ്ങളുമാണ് മഹാഭൂരിപക്ഷം പുസ്തകങ്ങളുടെയും നിർമിതിയും. മൗലികമായ രീതികൾ ആവിഷ്‌കരിക്കുവാനെന്നല്ല, ഇന്ത്യയിലെ തന്നെ ഇംഗ്ലീഷ് പ്രസാധകർ പുലർത്തുന്ന പ്രൊഫണലിസവും ഔചിത്യവും അനുകരിക്കുവാൻ പോലും നമ്മുടെ പ്രസാധകർ ഉത്സുകരല്ല.

ഗൂഗിൾ ചരിത്രം, വിക്കിപ്പീഡിയ പഠനം

കേരളസമൂഹത്തിന്റെ വൈജ്ഞാനിക - സർഗാത്മകാവശ്യങ്ങൾക്കുതകുന്ന തരം പുസ്തകങ്ങളാണോ കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതെന്ന ചോദ്യവും പ്രസക്തമാണ്. നമ്മുടേതുപോലൊരു സമൂഹത്തിലും ഭാഷയിലും അനിവാര്യമായും ഉണ്ടാവേണ്ട വിവിധതരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടോ? സാഹിത്യം കഴിഞ്ഞാൽ, വിദ്യാർഥികളുടെ അധ്യയനപരിധിയിലൊതുങ്ങുന്ന പാഠപുസ്തകങ്ങളാണ് കേരളത്തിൽ അച്ചടിക്കപ്പെടുന്നവയിൽ മഹാഭൂരിപക്ഷവും. സാഹിത്യകൃതികൾക്കും പാഠപുസ്തകസാഹിത്യത്തിനുമപ്പുറം ശാസ്ത്രവും ചരിത്രവും ഇതര മാനവികവിഷയങ്ങളും എഴുതുവാൻ പ്രാപ്തിയുള്ള പണ്ഡിതരായ ഗ്രന്ഥകാരന്മാരെ കണ്ടെത്തുവാനും ആശ്രയിക്കുവാനും പ്രസാധകർക്ക് താൽപര്യമില്ല. പോപ്പുലർ റീഡിങ്ങിനുവേണ്ടി പടച്ചുണ്ടാക്കുന്ന ക്ലിഷ്ടരചനകളോടാണ് അവർക്കും മമത. വിക്കിപ്പീഡിയ പകർത്തിയുണ്ടാക്കുന്ന സിനിമാപഠനങ്ങളും ഗൂഗിൾ തപ്പിയെഴുതുന്ന ചരിത്രകൃതികളും മലയാളത്തിൽ തന്നെ നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളെ ഭാഷ പോലും മാറ്റാതെ മോഷ്ടിച്ചെഴുതിയ യാത്രാവിവരണങ്ങളുമെല്ലാം പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം, പ്രസാധനശാലകൾക്ക് പുസ്തകപരിചയവും വിഷയജ്ഞാനവുമുള്ള എഡിറ്റർമാരില്ലെന്നതാണ്. പുറത്തുവരുന്ന കൃതികളുടെ വിശ്വാസ്യതയും ആധികാരികതയും ഉറപ്പാക്കണമെന്ന നിഷ്ഠ പ്രസാധകർ മിക്കപ്പോഴും പുലർത്താറുമില്ല. അതത് വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള എഡിറ്റർമാരുടെ അഭാവമാണ് നമ്മുടെ പ്രസാധനശാലകളുടെ മുഖ്യ പരാധീനത. പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും തിരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങൾക്കും എഡിറ്റർമാർ ആവശ്യമുണ്ടെന്ന ധാരണ മിക്ക പ്രസാധനഗൃഹങ്ങൾക്കുമില്ലെന്ന ദുരവസ്ഥ മലയാളത്തിൽ പ്രകടമാണ്. നല്ല എഴുത്തുകാരെയും പരിഭാഷകരെയും എഡിറ്റർമാരെയും കണ്ടെത്താനുള്ള വിവേകമില്ലായ്മയും ഉദാസീനതയുമാണ് മലയാള പുസ്തകപ്രസാധനമേഖല നേരിടുന്ന ശാപം. അപ്പപ്പോഴിറങ്ങുന്ന വിദേശകൃതികളുടെ മലയാള പരിഭാഷ ചൂടപ്പം പോലെ വിറ്റഴിക്കാനാഗ്രഹിക്കുന്ന പ്രസാധകർ ആ പരിഭാഷകൾ മൂലകൃതിയോടും മലയാള ഭാഷയോടുപോലും നീതിപുലർത്തുന്നവയാണോ എന്ന് പരിശോധിക്കുവാൻ മിനക്കെടാറില്ല. തിടുക്കംമൂലം ഒരു കൃതിയുടെ അധ്യായങ്ങൾ പല പരിഭാഷകരെ ഏൽപ്പിക്കുന്ന പതിവും വ്യാപകമാണ്.

മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടപ്പോൾ ആരംഭിച്ച തുഞ്ചൻ സ്മാരക മലയാളം സർവകലാശാലയ്ക്കുപോലും ഓക്‌സ്​​ഫഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ മാതൃകയിലുള്ള ഒരു മാതൃകാ പ്രസിദ്ധീകരണ വിഭാഗം തുടങ്ങാനായില്ല

ഏതു വലിയ എഴുത്തുകാരുടെയും പുസ്തകം വെറും കടലാസുവിലയ്ക്ക് കിട്ടുമെന്നതാണ് പ്രസാധകർ തമ്മിലുള്ള മത്സരം കൊണ്ടുണ്ടായ ഒരു വിശേഷം. പുസ്​തകങ്ങളുടെ വില അച്ചടിച്ചെലവിനെയല്ല, ആ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ മൂല്യത്തെ ആശ്രയിച്ചാണ് നിർണയിക്കേണ്ടതെന്ന തോന്നൽ പ്രസാധകർക്കില്ലാത്തതുമൂലം മുഴുവൻ സമയവും എഴുത്തിനായി മാറ്റിവെച്ച വലിയ എഴുത്തുകാർക്കുപോലും വെറും പതിനഞ്ച് ശതമാനം റോയൽറ്റിയാണ് ലഭിക്കുന്നത്. വിൽപ്പനക്കാരുടെ കമീഷൻ ഇതിന്റെ ഇരട്ടിയാണെന്ന തമാശയുമുണ്ട്. സ്വന്തം സമയവും ബുദ്ധിയും പ്രതിഭയും വ്യയം ചെയ്യുന്ന എഴുത്തുകാർ പ്രസാധകരുടെ മുന്നിൽ ഭിക്ഷക്കാരുടെ മട്ടിലാണ് നിൽക്കുന്നത്. എഴുത്തുകാരുടെ സഹകരണസംഘമായ എൻ.ബി.എസ്. 33 ശതമാനം റോയൽറ്റി നൽകി മാതൃക കാണിച്ച കേരളത്തിലെ സ്വകാര്യ പ്രസാധകർക്ക് എഴുത്തുകാരോടുള്ള മനോഭാവത്തിന്റെ ഉദാഹരണമാണിത്. പുസ്തകവില കൂട്ടിയെങ്കിലും റോയൽറ്റി വർധിപ്പിക്കുന്നതിനെക്കുറിച്ച് പ്രസാധകർ ആലോചിക്കുന്നില്ലെന്നത്​പുസ്തകങ്ങളോടും എഴുത്തുകാരോടുമുള്ള അവരുടെ നിലപാടിന്റെ സാക്ഷ്യമാണ്. ആയിരങ്ങളും ലക്ഷങ്ങളും പ്രതികളച്ചടിക്കുന്ന ഇംഗ്ലീഷ് പുസ്തകങ്ങളുടെ മൂന്നിലൊന്ന് വിലയ്ക്കാണ് ശരാശരി വെറും ആയിരം കോപ്പിയടിക്കുന്ന മലയാള പുസ്​തകങ്ങളുടെ വില (എന്നിട്ടും പുസ്തകങ്ങൾക്കൊക്കെ ഇപ്പോഴെന്താണ് വിലയെന്ന് ആശ്ചര്യപ്പെടുന്നവരുമുണ്ട്. ജീവിതത്തിലൊരിക്കലും പത്ത് രൂപയുടെ പുസ്​തകം പോലും വില കൊടുത്തുവാങ്ങിയിട്ടില്ലാത്ത വായനക്കാരാണവർ).

അക്കാദമികൾക്കും സാംസ്കാരിക വകുപ്പിനും സർവകലാശാലകൾക്കുമെല്ലാം പ്രസിദ്ധീകരണ വിഭാഗങ്ങളും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലൊരു സ്വതന്ത്ര സ്ഥാപനവും ഉണ്ടെങ്കിലും കേരളത്തിന്റെ പുസ്തകപ്രസാധനമേഖലയിൽ അവയുടെ സംഭാവന നാമമാത്രമാണ്.

ക്ലാസിക്കൽ ഭാഷകളായ തമിഴിനും കന്നടയ്ക്കും ലഭിച്ച ശ്രേഷ്ഠഭാഷാ പദവിയുടെ ആനുകൂല്യങ്ങൾ ആ ഭാഷകളുടെ വളർച്ചയ്ക്കായി വിനിയോഗിക്കുന്നതിന്റെ മാതൃക നമ്മുടെ മുന്നിലുണ്ട്. എന്നാൽ, അനർഹമായ ശ്രേഷ്ഠഭാഷാ പദവി സമ്മർദങ്ങളിലൂടെ നേടിയെടുത്ത കേരളം ആ പദവിയിലൂടെ ലഭിച്ച സാമ്പത്തികസ്രോതസിന്റെ ഒരു ചെറിയ വിഹിതമെങ്കിലും മലയാളഭാഷയിലെ പുസ്തകപ്രസാധന മേഖലയിൽ നിക്ഷേപിക്കുവാൻ സന്നദ്ധമായിട്ടില്ലെന്നോർക്കുക. മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടപ്പോൾ ആരംഭിച്ച തുഞ്ചൻ സ്മാരക മലയാളം സർവകലാശാലയ്ക്കുപോലും ഓക്‌സ്​ഫഡ് യൂണിവേഴ്‌സിറ്റി പ്രസിന്റെ മാതൃകയിലുള്ള ഒരു മാതൃകാ പ്രസിദ്ധീകരണ വിഭാഗം തുടങ്ങാനായില്ല. വൈസ് ചാൻസലറായിരുന്ന, കവി കൂടിയായ കെ. ജയകുമാർ അത്തരമൊരാശയത്തിന് തുടക്കമിട്ടിരുന്നെങ്കിലും അദ്ദേഹം വിരമിച്ചതോടെ ആ പദ്ധതിയെക്കുറിച്ചും കേൾക്കാനില്ല. അക്കാദമികൾക്കും സാംസ്കാരിക വകുപ്പിനും സർവകലാശാലകൾക്കുമെല്ലാം പ്രസിദ്ധീകരണ വിഭാഗങ്ങളും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പോലൊരു സ്വതന്ത്ര സ്ഥാപനവും ഉണ്ടെങ്കിലും കേരളത്തിന്റെ പുസ്തകപ്രസാധനമേഖലയിൽ അവയുടെ സംഭാവന നാമമാത്രമാണ്. സർക്കാർ കാര്യം മുറപോലെ എന്ന പരിഹാസത്തെ അക്ഷരാർഥത്തിൽ നടപ്പാക്കുന്ന ബ്യൂറോക്രാറ്റിക്​ സംവിധാനങ്ങളാണവ. പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിലും അവയുടെ നിർമിതിയിലും സഹതാപാർഹമാംവിധം ബൗദ്ധിക-സർഗാത്മക ദാരിദ്യ്രം പ്രകടിപ്പിക്കുന്ന പ്രസാധന സംരഭങ്ങളാണവ. സംസ്കാര വ്യവസായത്തിന്റെ ഭാഗമായിരിക്കുമ്പോഴും, കേരളത്തിലെ പുസ്തകപ്രസാധനത്തെ ഒരു സാംസ്കാരിക വ്യവഹാരമെന്ന നിലയിൽ പരിചരിക്കുന്നത് സ്വകാര്യ പ്രസാധകരാണെന്ന് പറയാതെവയ്യ.

സമാന്തര പ്രസാധകരുടെ സംഭാവന

ആനുകാലിക പ്രസിദ്ധീകരണരംഗത്തെന്നതുപോലെ പുസ്തകപ്രസാധനത്തിലും കാലാനുസൃത മാറ്റവും ആധുനികതയും കൊണ്ടുവന്നത് സമാന്തര പ്രസാധകരാണ്. പുതിയ വായനക്കാരോർക്കുന്ന ഒരു പേര്​ മൾബറിയുടെ ഷെൽവിയായിരിക്കും. എന്നാലതിനുമുമ്പും മുഖ്യധാരാ പ്രസാധകരിൽനിന്ന് വ്യത്യസ്തമായി നല്ല പുസ്തകങ്ങൾ നല്ലരീതിയിൽ പ്രസാധനം ചെയ്ത പ്രസാധകർ കേരളത്തിലുണ്ടായിരുന്നു. കടമ്മനിട്ടയുടെ ആദ്യ കവിതാസമാഹാരം രണ്ട് വാല്യങ്ങളിലായി കാലിക്കോ ബയന്റിങ്ങിൽ പ്രസിദ്ധീകരിച്ച ചെലവൂർ വേണുവിന്റെ
‘പ്രപഞ്ചം പബ്ലിക്കേഷൻസും’ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ച വി.ജി. തമ്പി എഡിറ്ററായ ‘രസന’യും പെട്ടെന്നോർക്കാവുന്ന ഉദാഹരണങ്ങൾ മാത്രം (നിരവധി നല്ല സമാന്തര പ്രസാധകരുണ്ടായിരുന്നു മലയാളത്തിൽ. കേരളത്തിലെ സമാന്തര പുസ്തകപ്രസാധന സംരഭങ്ങളെക്കുറിച്ചുള്ള ഒരു ചരിത്രരേഖ ഉണ്ടാകേണ്ടത്​ ആവശ്യമാണ്). എന്നാലിന്ന് അത്തരം സമാന്തര പ്രസിദ്ധീകരണങ്ങൾക്ക് നിലനിൽക്കുക അസാധ്യമാണ്. വൻകിട പ്രസാധകർ നിയന്ത്രിക്കുന്ന പുസ്തക വിപണിയിൽ സമാന്തര പ്രസാധകരുടെ പുസ്തകങ്ങൾ തമസ്കരിക്കപ്പെടുന്നുവെന്നാണ് ആ രംഗത്ത് പ്രവർത്തിക്കുന്ന സഹപ്രവർത്തകർ ആവലാതിപ്പെടുന്നത്. നിർമാണ- വിതരണ- പ്രദർശന മേഖലകളെ കൈയടക്കിവെച്ചിരുന്ന സിനിമാ വ്യവസായം എഴുപതുകളിൽ മലയാളത്തിലെ കലാസിനിമയെന്നറിയപ്പെടുന്ന സമാന്തര സിനിമയെ ബഹിഷ്‌കരിച്ച് ആധിപത്യം സ്ഥാപിച്ചതിന് സമാനമായ ഒരു പ്രതിരോധമാണിതെന്നും തോന്നുന്നു.

സമാന്തര പുസ്തകപ്രസാധകരെപ്പോലെ പുസ്തകങ്ങളെ ഗൗരവപൂർവം കാണാൻ പ്രാപ്തിയില്ലാത്ത നിരവധി കച്ചവടക്കാർ പ്രസാധനരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കമ്പോള മാധ്യമസംസ്കാരത്തിന്റെ ദുഷിച്ച പ്രവണതകൾ പുസ്തകപ്രസാധനത്തെയും പുസ്തകവിപണിയെയും കീഴടക്കിത്തുടങ്ങിയെന്നതും കാണാതിരിക്കേണ്ടതില്ല. ഓൺലൈൻ വിപണി തുറന്നുകിട്ടിയിട്ടുണ്ടെങ്കിലും പ്രാദേശിക പുസ്തകവിപണിയിൽ ആധിപത്യമുള്ള വിരലിലെണ്ണാവുന്ന വൻകിട പ്രസാധകരുടെ സൗമനസ്യമില്ലാതെ ചെറുകിട- സമാന്തര പ്രസിദ്ധീകരണങ്ങൾക്ക് അതിജീവിക്കാനാവില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇ- ബുക്കുകൾ വ്യാപകമായി വായിക്കപ്പെടുന്ന ഇക്കാലത്ത്, പത്തോ നൂറോ പ്രതികൾ മാത്രം അച്ചടിക്കുവാൻ മുദ്രണ സാങ്കേതികത ലഭ്യമായ ഇക്കാലത്ത് സമാന്തര പ്രസാധനഗൃഹങ്ങളുടെ ഭാവി അത്രയൊന്നും ഇരുളടഞ്ഞതല്ല. മുഖ്യധാരാ പ്രസാധകരെ നവീകരിക്കുവാൻ എക്കാലത്തും നല്ല സമാന്തര പ്രസാധകർ അത്യന്താപേക്ഷിതമാണ്. കാരണം, കമ്പോളത്തിന് മൗലികത സൃഷ്ടിക്കുവാനാവുകയില്ല; അതിനെ അനുകരിച്ചും മോഷ്ടിച്ചും സ്വന്തമാക്കുവാനേ കഴിയൂ. മലയാളത്തിലെ മുഖ്യധാരാ പുസ്തക പ്രസാധനമേഖലയുടെ പ്രത്യയശാസ്ത്രദൗത്യത്തെക്കുറിച്ചൊന്നും ഈ സാന്ദർഭികക്കുറിപ്പിൽ സൂചിപ്പിക്കുവാനായിട്ടില്ല. അതും പരിശോധിക്കപ്പെടേണ്ടതുതന്നെ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments