പ്രസാധകരുടെ ആത്മസംഘർഷങ്ങൾ

പ്രസാധകരുടെ പ്രതിസന്ധി സാമ്പത്തിക സമവാക്യങ്ങളിൽ മാത്രം ഒതുങ്ങാതെ, നമ്മുടെ ഭാവുകത്വത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന നവഫാസിസത്തെയും ഭരണകൂട മർദനങ്ങളെയുമൊക്കെ എങ്ങനെ പ്രതിരോധിക്കുമെന്ന ആത്മസംഘർഷത്തിന്റേതു കൂടിയാണ്.

റെ സോഷ്യൽ സെൻസിറ്റീവായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്.
ഓരോ വാക്കും പ്രവൃത്തിയും സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലം. ഇവിടെ പ്രസക്തമായ, ആർജവമുള്ള, നിലപാടുള്ള വാക്കുകൾ ഏറെ ആഹ്ലാദത്തോടെ സ്വീകരിക്കപ്പെടുകയും ഉള്ളുപൊള്ളയായ വെറും പറച്ചിലുകൾ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പുസ്തക പ്രസാധനം എന്നത് ജാഗ്രതയോടെ ഏറ്റെടുത്ത് നിർവഹിക്കേണ്ട ഒരു ഉത്തരവാദിത്തം കൂടിയാണെന്ന തിരിച്ചറിവോടെയാണ് ഞങ്ങളിവിടെ ചുവടുറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പലപല വഴിയേ നടന്നവരാണ് ഞങ്ങൾ. ആ നടത്തങ്ങളിലെല്ലാം അക്ഷരങ്ങളുണ്ടായിരുന്നു കൂട്ടിന്. പലപലയിടങ്ങളിൽ പലപല പുസ്തകോത്സവങ്ങളിൽ കയറിയിറങ്ങുമായിരുന്നു. മണിക്കൂറുകളോളം പുസ്തകശാലകളിൽ കയറി വൈവിധ്യമാർന്ന പുസ്തകങ്ങളിലൂടെ സഞ്ചരിക്കുമായിരുന്നു. ഉള്ളടക്കത്തിനെയെന്നപോലെ പുസ്തകത്തിന്റെ മേക്കിങ്ങിനെക്കുറിച്ചും ആവേശത്തോടെ സംസാരിക്കുമായിരുന്നു. എഴുത്തും വായനയും ഹരമായി ഉള്ളിലുണ്ടായിരുന്നെങ്കിലും പ്രസാധനത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. അക്കാലത്ത് കിലോമീറ്ററുകളോളം നട്ടപ്പൊരിവെയിലും താണ്ടി വെറുതെ നടക്കുമ്പോഴൊക്കെ പുസ്തകങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചതത്രയും. അതെല്ലാം പ്രസാധനത്തിലേക്കുള്ള വഴിനടത്തമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുന്നു.

ഒരു ചെറിയ കാലയളവിൽ ഇരുന്നൂറോളം ടൈറ്റിലുകൾ ഐ ബുക്​സ്​പ്രസിദ്ധീകരിച്ചു. അതിൽ പലതും രണ്ടും മൂന്നും പതിപ്പുകളിലെത്തിനിൽക്കുന്നു. ടി.എം. രാമചന്ദ്രൻ എഡിറ്റ് ചെയ്ത‘മലയാളി നാൾവഴികൾ'ആറാം പതിപ്പിറങ്ങിക്കഴിഞ്ഞു. ഇത്തരത്തിൽ ഒരുപാട് ആഹ്ലാദങ്ങൾ അനുഭവിക്കുമ്പോഴും വളർച്ചയുടെ ഗ്രാഫ് മുകളിലേക്കുതന്നെയാണെന്ന് തിരിച്ചറിയുമ്പോഴും പലതരം ആശങ്കകൾ, ഞങ്ങൾ പ്രസാധകർക്കുണ്ട്. പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളും അടിച്ചേൽപ്പിക്കപ്പെടുന്ന നികുതിഭാരങ്ങളുമെല്ലാം പ്രസാധക സംരംഭങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് പറയാതെവയ്യ.

ആവശ്യങ്ങൾ തരംതിരിച്ച് അത്യാവശ്യങ്ങൾ മാത്രം നിറവേറ്റി മുമ്പോട്ടുപോകുന്ന മഹാമാരിക്കാലത്ത് പുസ്തകങ്ങളും വായനയുമെല്ലാം Secondary need പോലുമല്ലാതെ വന്നപ്പോഴും പരസ്പരമുള്ള ചേർത്തുനിർത്തലിലൂടെ അതിജീവനത്തിനുള്ള സാധ്യതയൊരുങ്ങി. ഞങ്ങളെപ്പോലുള്ള പ്രസാധകരെ സംബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പുസ്തകമേളകളാണ് തുറന്നുകിട്ടുന്ന ഏറ്റവും വലിയ വിപണിയായി മുമ്പിലുള്ളത്. ഏറ്റവും മികച്ച ഒരു സാധ്യതയും സംവിധാനവും സംഘാടനവുമായി ഇത് ഇന്ന് നിലനിൽക്കുന്നുണ്ട്. വായനശാലകൾക്കായി ഗവൺമെൻറ്​ നീക്കിവെക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഈ പുസ്തകമേള നടക്കുന്നത്.

കേരളത്തിൽ എൺപതിലേറെ പ്രസാധകർ പുസ്തകക്കെട്ടുകളുമായി ഇത്തരം മേളകളിൽ പങ്കെടുക്കുന്നുണ്ട്. മിക്ക പ്രസാധകരും എഴുത്തിനെ ബഹുമാനിക്കുന്നവരാണ്; പലരും എഴുത്തുകാരാണ്. പലരും പുസ്തകപ്രസാധകരംഗത്ത് എത്തിച്ചേർന്നതും ഇത്തരമൊരു അഭിനിവേശം ഉള്ളിലുള്ളതുകൊണ്ടാണ്. വെറും കച്ചവടച്ചരക്കായി പുസ്തകത്തെ കാണാൻ ഇവർക്ക് കഴിയില്ല. കേരളത്തിലെ സാംസ്‌കാരികചലനങ്ങളിലും മുന്നേറ്റങ്ങളിലും കണ്ണിചേർന്നുനിൽക്കുന്നവരാണ് മിക്കവരും. അതുകൊണ്ടുതന്നെ പുസ്തകവിപണിയുടെ സമവാക്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ തിരുത്തപ്പെടുമെന്ന് സ്വപ്നം കാണുന്നവരുമാണ്. എഡിറ്റോറിയൽ വർക്കിനോടൊപ്പം തന്നെ താങ്ങാനാവാത്ത പുസ്തകക്കെട്ടുകളും പേറി പാർസൽ ഓഫീസുകളിൽ കയറിയിറങ്ങുന്ന പുതിയ പ്രസാധകർക്ക് പ്രതീക്ഷയാണുള്ളത്. പല സംരംഭങ്ങളും പ്രതിസന്ധികളിൽനിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുമ്പോഴും ഈ ആത്മാർപ്പണം കൊണ്ടുതന്നെയാണ് ഞങ്ങളെല്ലാം അതിജീവിക്കുന്നത്.

വാക്കിന്റെ കനൽ നെഞ്ചിലേറ്റി കാലത്തോടൊപ്പം നടക്കുന്ന പ്രസാധകരുടെ പ്രതിസന്ധി സാമ്പത്തികസമവാക്യങ്ങളിൽ മാത്രം ഒതുങ്ങാതെ, നമ്മുടെ ഭാവുകത്വത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന നവഫാസിസത്തെയും ഭരണകൂട മർദനങ്ങളെയുമൊക്കെ എങ്ങനെ പ്രതിരോധിക്കുമന്ന ആത്മസംഘർഷത്തിന്റേതുകൂടിയാണ്. പല എഴുത്തും എഴുത്തുകാർ പോലും മൂലധനത്തിന്റെ വലയത്തിലകപ്പെട്ടുനിൽക്കുന്ന ഈ കാലത്ത് അതിനപ്പുറമുള്ള മാനവികതയുടെ ഒരു സാധ്യതയെക്കുറിച്ച് ചങ്കൂറ്റത്തോടെ തന്നെ സംസാരിക്കാൻ കഴിയുന്നത് കൺസ്യൂമറിസം വിഴുങ്ങാത്ത കരുത്തുള്ള എഴുത്തുകാരും എഴുത്തുകളും നമുക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസത്തിലാണ്. നിരന്തരം ഒരു ജനതയോടൊപ്പം ചേർന്നുനിന്ന് തന്നെത്തന്നെ നവീകരിച്ചുകൊണ്ടുള്ള ഇടപെടലുകളിലൂടെ മുന്നേറുന്ന പ്രസാധകരെ കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും. അതിനുള്ള സാധ്യതകൾ മാത്രമാണ് മുന്നിൽ തെളിയുന്നത്.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 51 ൽ പ്രസിദ്ധീകരിച്ച ലേഖനം


ദീപ പി.എം.

ഐ ബുക്‌സ് മാനേജിങ്ങ് ഡയറക്ടർ. എഴുത്തുകാരി, സാംസ്​കാരിക പ്രവർത്തക. ആത്മച്ഛായ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments