പുസ്തകങ്ങളോടുള്ള അഭിനിവേശം ബാല്യത്തിലേ എന്നിൽ തീവ്രമായി ആളി പ്പടർന്നിരുന്നു. പ്രൈമറി സ്‌കൂൾ കാലം മുതൽ കൊച്ചു കൊച്ചു പുസ്തകങ്ങൾ മാത്രമല്ല, വലിയ ഗ്രന്ഥങ്ങളും നെഞ്ചിലേറ്റി നടന്നിരുന്നു. ഇന്ന് അങ്ങനെയല്ലെന്നല്ല. ഇന്നും വായന ഒരാവേശം തന്നെയാണ്.
വളർന്നപ്പോൾ, മുതിർന്നപ്പോൾ, ചില സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയുണ്ടായി. അങ്ങനെ, സാംസ്‌കാരിക പ്രവർത്തനത്തിന്റെ ഭാഗമായാണ് ഞാൻ പുസ്തകം ചുമന്നു നടക്കുന്നവനായിത്തീർന്നത്. ആദ്യമായി ഞാനൊരു പുസ്തക വില്പനക്കാരനായി മാറിയത് ഇപ്പോഴും ഓർക്കുന്നുണ്ട്. ആലപ്പുഴയിൽ നടന്ന എസ്. എഫ്. ഐയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നൂ അത്. വിൽപ്പനക്ക് എന്റെ കൈയ്യിൽ ആദ്യമായി പുസ്തകം വെച്ചു തന്നത് സെക്കുലർ ബുക്‌സ് നടത്തിയിരുന്ന ഭാനുപ്രകാശായിരുന്നു. ഇരുപതു വയസ്സുകാരനായിരുന്ന ഞാൻ അന്ന് ഏറെ അഭിമാനത്തോടെയാണ് ആ പുസ്തകവുമായി ചുറ്റിനടന്നത്. അക്കാലം മുതൽ ഞാൻ പ്രതിരോധ സാംസ്‌കാരിക പ്രവർത്തനത്തിൽ ഏർപ്പെട്ടു തുടങ്ങി; ഇടപെട്ടു തുടങ്ങി.
ആഗോളവൽക്കരണത്തിനും വർഗീയ ഫാസിസത്തിനുമെതിരെ വലിയ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്ന സന്ദർഭം കൂടിയായിരുന്നു അത്. അന്ന് ചെറുപ്പക്കാരായ ഞങ്ങൾ കുറച്ചു പേർ ഇന്ത്യൻ ഇടതുപക്ഷം മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളെ, അവയുടെ തീവ്രത ചോരാതെ, സാംസ്‌കാരിക പ്രവർത്തനങ്ങളിലേക്ക് പരാവർത്തനം ചെയ്യുന്ന പ്രക്രിയകളിൽ സജീവമായി. തദ്ഫലമായി, സ്വതന്ത്രമായ ഒരു ഇടതുപക്ഷ പ്രസാധക സംഘത്തിന് തുടക്കമിട്ടു, ‘ലെഫ്റ്റ് വ്യൂസ്' എന്ന പേരിൽ. ആ പ്രസാധക സംഘത്തിന്റെ തുടക്കം ടി.കെ. രാമചന്ദ്രൻ എഡിറ്റ് ചെയ്ത ‘മതവും മൂലധനവും പകുത്തെടുക്കുന്നത്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു. ഫാസിസത്തിനും പണാധിപത്യത്തിനും എതിരെയായിരുന്നൂ ഞങ്ങളുടെ സാംസ്‌കാരിക പ്രതിരോധമെന്നതിനാൽ, ടി.കെ യുടെ പുസ്തകം സഞ്ചിയിലേറ്റി നടന്നു വിൽക്കുന്നുയെന്നത് ഞങ്ങൾക്ക് ആവേശം തുളുമ്പുന്ന അഭിമാനമായിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയ വൃത്തങ്ങളിലെല്ലാം അസാധാരണമായ സ്വീകാര്യതയാണ് ആ പുസ്തകത്തിന് അക്കാലത്ത് ലഭിച്ചത്. സി.പി.എമ്മിന്റെ അന്നത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി ദക്ഷിണാമൂർത്തി മാഷ് കാശ് തന്ന് പുസ്തകം വാങ്ങിയത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു അംഗീകാരമായിരുന്നു. അത് ഞങ്ങളെ ഏറെ ആഹ്‌ളാദിപ്പിച്ചു. പിന്നീട് പാർട്ടിയിലും പൊതുസമൂഹത്തിലും ഉയർന്നുവന്ന സാംസ്‌കാരിക സമരങ്ങളിൽ ‘ലെഫ്റ്റ് വ്യൂസ്' ധീരനായ ഒരു സഖാവിനെ പോലെ പൊരുതി നിന്നു. എം. എൻ. വിജയൻ ഉയർത്തി വിട്ട പ്രത്യയശാസ്ത്ര സമരങ്ങളുടെ മുഖ്യ വാഹകമായിരുന്നു ‘ലെഫ്റ്റ് വ്യൂസ്' . കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച പുസ്തകമായിരുന്നു വിജയൻ മാഷിന്റെ ‘അധിനിവേശത്തിന്റെ വഴികൾ'. ‘വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം' വരെ അത് ധീരമായി കൊണ്ടുപോയി.
കടത്തിൽ നിന്ന് കരകേറാൻ, പലിശയ്ക്കും മറ്റും വീണ്ടും വീണ്ടും കടം വാങ്ങി കടക്കെണിയിലായെന്നു തന്നെ പറയാം. പ്രസാധന രംഗത്തു നിന്ന് തൽക്കാലത്തേക്ക് വിടവാങ്ങി, ഞാനും നസീമയും നാട്ടിലെ ഒരു സാധാരണ പ്രസിൽ ജോലിക്കു പോയി.
കേവലം രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തനമായി തുടങ്ങിയ പ്രസാധക പദ്ധതിയെ ജീവിക്കാനും അതിജീവിക്കാനുമുള്ള പ്രഫഷനലിസത്തിലേയ്ക്ക് മാറ്റിയാലോ എന്ന ആലോചന പിന്നീടാണ് ഉയർന്നു വന്നത്. ജീവിക്കാൻ പണം ഒരവശ്യ ഉപാധിയാണല്ലോ. അതിജീവനത്തിന് അവശ്യം ആവശ്യമായ സാമ്പത്തികോർജ്ജം ആർജ്ജിക്കുവാൻ ‘ലെഫ്റ്റ് വ്യൂസു'മായി വഴിപിരിയേണ്ടതായി വന്നു. ‘ഇൻസൈറ്റ് ബുക്‌സ് ' എന്ന പ്രസാധന സംരംഭത്തിന്റെ ജനനം അവിടെ തുടങ്ങി. സംരംഭത്തിന് സഹായകമായി ചില ചങ്ങാതിമാർ ഒപ്പമുണ്ടായിരുന്നു.
ഭീമമായൊരു പദ്ധതിയാണ് തുടക്കത്തിൽ തന്നെ ഏറ്റെടുത്തത്. സാഹസം എന്റെ പ്രകൃതത്തിലുള്ളതാവാം കാരണം. ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ബാധ്യത വരുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്. പുതിയ പാഠ്യപദ്ധതിയെ പിന്തുണയ്ക്കുന്ന പുസ്തകങ്ങളായിരുന്നു പ്രസിദ്ധീകരിക്കാൻ ശ്രമിച്ചത്. എല്ലാ ജില്ലകളിലും ഫീൽഡ് വർക്കർമാരെ തെരഞ്ഞെടുത്ത്, വലിയ സന്നാഹത്തോടെയാണ് പ്രസാധനം ആരംഭിച്ചത്. പത്താം ക്ലാസിലെ കുട്ടികൾക്കാവശ്യമായ എല്ലാ വിഷയങ്ങളുടെയും അധിക പഠനത്തിനാവശ്യമായ മെറ്റിരിയലുകളാണ് ഉൾപ്പെടുത്തിയത്. പ്രഗത്ഭരായ അദ്ധ്യാപകരാണ് പുസ്തകം തയ്യാറാക്കിയിരുന്നത്. മിക്കവർക്കും പ്രതിഫലത്തുകയും നൽകി. ‘പഠന പ്രവർത്തന സഞ്ചിക' എന്നായിരുന്നു പേര്. സന്നാഹങ്ങൾ ഗംഭീരമായിരുന്നെങ്കിലും, മൂലധനരാഹിത്യത്താൽ പദ്ധതി പരാജയപ്പെട്ടു. പത്തു ലക്ഷത്തോളം രൂപ കടമായി. സമ്പൂർണ പരാജയത്തിന്റെ കയ്പുനീർ കുടിക്കുകയാണെന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. പിന്നീട്, കടത്തിൽ നിന്ന് കരകേറാൻ, പലിശയ്ക്കും മറ്റും വീണ്ടും വീണ്ടും കടം വാങ്ങി കടക്കെണിയിലായെന്നു തന്നെ പറയാം. പ്രസാധന രംഗത്തു നിന്ന് തൽക്കാലത്തേക്ക് വിടവാങ്ങി, ഞാനും നസീമയും നാട്ടിലെ ഒരു സാധാരണ പ്രസിൽ ജോലിക്കു പോയി. നിലനിൽപ്പിന് അതു മതിയായിരുന്നു. പക്ഷേ, അപ്പോഴും, ഉള്ളിലൊരു പ്രസാധക സംഘം കത്തി നിന്നു. പ്രസിൽ തുടരവേ, അവിടെയുള്ള പരിമിത സൗകര്യങ്ങൾക്കകത്തു നിന്നുകൊണ്ട്, ചെറിയ ചെറിയ പുസ്തകങ്ങൾ അടിച്ചിറക്കുമായിരുന്നു. അവിടെനിന്ന് പുറത്തുകടക്കാനൊരവസരം ലഭ്യമായതോടെയാണ്, ഇന്നു നിലവിലുള്ള ‘ഇൻസൈറ്റ് പബ്ലിക്ക' എന്ന പ്രസാധക സംഘം , 2010 ൽ, രൂപം കൊണ്ടത്.
കോഴിക്കോട് നടക്കാവിലാണ്, സാമാന്യം ഭേദപ്പെട്ട നിലയിൽ,
‘ഇൻസൈറ്റ് പബ്ലിക്ക' എന്ന സ്ഥാപനം ആരംഭിച്ചത്. മലാല യൂസഫ് സായിയെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു രംഗപ്രവേശം. മലാലക്ക് വെടിയേറ്റ് 9 ദിവസത്തിനുള്ളിൽ, മലാലയുടെ ഡയറിക്കുറിപ്പുകൾ ചേർത്ത്, മലാലയെക്കുറിച്ചുള്ള പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് ഞങ്ങളായിരുന്നു. ആ പുസ്തകത്തിനു മീഡിയയിൽ വലിയ ശ്രദ്ധ ലഭിച്ചു. പല മുഖ്യധാരാ പ്രസാധകരും മലാലയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഞങ്ങൾക്ക് ശേഷമാണ് പ്രസിദ്ധീകരിച്ചതെന്നത് കൗതുകകരമാണ്.
തുടർന്ന്, ‘ഇൻസൈറ്റ് പബ്ലിക്ക' ക്രമാനുഗതമായി പുരോഗമിച്ചു. എല്ലാ വർഷവും വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച പുസ്തകങ്ങൾ തയ്യാറാക്കി വില്പന നടത്തി. ഓരോ വിദ്യാലയത്തിലും വലിയ സ്വീകാര്യതയാണ് ആ പുസ്തകങ്ങൾക്ക് കിട്ടിയത്. ചൂടപ്പം പോലെ പല പുസ്തങ്ങളും വീറ്റു തീർന്നത് ഇന്നും ഞങ്ങൾക്കൊരു വിസ്മമാണ്.
പിന്നീട്, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയമായ പല പുസ്തകങ്ങളുടെയും പ്രസിദ്ധീകരണം ഏറ്റെടുക്കുത്തു: കാൾ മാർക്‌സിന്റെ ജീവചരിത്രം, എലിനോർ മാർക്‌സിന്റെ ജീവചരിത്രം, ഏംഗൽസിന്റെ ജീവചരിത്രം, സ്റ്റാലിന്റെ ജീവചരിത്രം തുടങ്ങി പല പുസ്തകങ്ങളും. മൺ മറഞ്ഞുപോയ സോവിയറ്റ് ബാലസാഹിത്യത്തിന്റെ പുനഃപ്രസിദ്ധീകരണം, ‘നവോത്ഥാന സഞ്ചിക' എന്നിവ ‘ഇൻസൈറ്റ് പബ്ലിക്ക’യ്ക്ക് വായനക്കാരുടെ ഇടയിൽ മതിപ്പുണ്ടാക്കാൻ ഇടയാക്കി.
എം. എൻ. വിജയൻ മാഷിന്റെ ചിന്താപദ്ധതികൾ പ്രചരിപ്പിച്ച് ആരംഭിച്ച ‘ലെഫ്റ്റ്വ്യൂസി'ന്റെ പിൽക്കാല രൂപം എന്ന നിലയിൽ മാഷിന്റെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കുക എന്നത് വളരെ ചാരിതാർത്ഥ്യത്തോടെയാണ് ഞങ്ങൾ ഏറ്റെടുത്തത്. മാഷോടുള്ള സ്‌നേഹവും സാംസ്‌കാരിക ഉത്തരവാദിത്വവും ഒരുമിച്ചു നിർവഹിക്കുക എന്ന ചുമതലയാണ് അതുവഴി ഞങ്ങൾ ഏറ്റെടുത്തത്. ഇന്നിപ്പോൾ ആയിരത്തിലധികം ടൈറ്റിലുകളുള്ള ഒരു പ്രസാധക സംഘമായി ‘ഇൻസൈറ്റ്' ഉയർന്നു എന്നത് ഞങ്ങൾക്ക് ആഹ്‌ളാദകരമാണ്. പ്രതിസന്ധികൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ടെന്നത് വാസ്തവമാണ്. അവയിൽ പലതും ഇപ്പോഴുമുണ്ട്. എങ്കിലും, തുടക്കത്തിലെ ആവേശവും, അഭിനിവേശവും, കൃത്യനിർവ്വഹണ സംതൃപ്തിയും അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്.
ഇന്ന് എഴുത്തുകാർക്ക് പ്രസാധക ഭീമന്മാർക്ക് മുമ്പിൽ ക്യൂ നിൽക്കേണ്ട കാര്യമില്ല. പ്രസാധക ഭീമൻമാരുടേതിനേക്കാൾ മികവുറ്റ നിർമിതികൾ പ്രസാധനം ചെയ്യാൻ പിഗ്മി പ്രസാധർക്ക് ഇന്ന് കഴിയും.
പ്രസാധന രംഗത്തുള്ള പ്രതിസന്ധികൾ നിരവധിയാണ്. മുൻകാലത്തെ പല പ്രതിസന്ധികളെയും തരണം ചെയ്യാൻ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനകരമായിട്ടുണ്ട്. അതേ സമയം, ഇതേ സാങ്കേതിക വിദ്യകൾ ചെറുകിട പ്രസാധകർക്ക് ഒരു വെല്ലുവിളിയായി മാറിയിട്ടുമുണ്ട്. ആമസോൺ പോലുള്ള വേദികൾ സൗജന്യപ്രസീദ്ധീകരണ സൗകര്യങ്ങൾ ഒരുക്കുമ്പോൾ, അവയോട് കിടപിടിക്കുക ഒരു ഭഗീരഥ പ്രയത്‌നമാണ്.
അതേസമയം, ഇന്ന് എഴുത്തുകാർക്ക് പ്രസാധക ഭീമന്മാർക്ക് മുമ്പിൽ ക്യൂ നിൽക്കേണ്ട കാര്യമില്ല. പ്രസാധക ഭീമൻമാരുടേതിനേക്കാൾ മികവുറ്റ നിർമിതികൾ പ്രസാധനം ചെയ്യാൻ പിഗ്മി പ്രസാധർക്ക് ഇന്ന് കഴിയും. ഓൺ ലൈൻ വിൽപന നിലവിൽ വന്നതോടെ പ്രസാധകർക്ക് ശാഖോപശാഖകൾ തുറക്കേണ്ട ആവശ്യവും ഇല്ലാതായി. ‘ആവശ്യത്തിന് അച്ചടിക്കുക' (print- on- demand) എന്ന സംവിധാനമുള്ളതുകൊണ്ട് ലോകത്തെവിടെയും പ്രസാധകർക്ക് പുസ്തകങ്ങൾ വിപണനം ചെയ്യാൻ സൗകര്യവുമുണ്ട്.
ഇതൊക്കെയാണെങ്കിലും, പ്രസാധകർ നിലനിലക്കണമെങ്കിൽ പുസ്തകം വിറ്റു പോകേണ്ടതുണ്ട്. പുസ്തകം വിറ്റു പോകണമെങ്കിൽ അത് കാമ്പുള്ളതായിരിക്കണം. കാമ്പുള്ള പുസ്തകങ്ങൾ കരസ്ഥമാക്കാൻ പ്രസാധകർക്ക് കഴിഞ്ഞില്ലെങ്കിൽ, അവൾ /അവൻ പരാജയപ്പെടും. ഏറ്റവുമധികം എഴുത്തുകാരുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ, ഈ എഴുത്തുകാരിൽ കാമ്പും കഴമ്പുമുള്ള രചനകൾ സൃഷ്ടിക്കുന്നവർ വിരളമാണ്. ഒരു പുസ്തകം വായനക്കാരെ വാങ്ങാനും വായിക്കാനും പ്രേരിപ്പിക്കണമെങ്കിൽ, പണ്ട് ലോഞ്ചിനസ് പറഞ്ഞത് പോലെ, അതിലെ ഉള്ളടക്കം അവളെ/അവനെ ഉദാത്താവസ്ഥയിലേക്ക് (the sublime) ഉയർത്തുന്നതാകണം . എഴുത്തുകാരും വായനക്കാരും പ്രസാധകരും വിതരണക്കാരും എല്ലാം ചേർന്ന് നിൽക്കുന്ന, പുസ്തകങ്ങളെ വീണ്ടും വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന, ഓരോരുത്തരും അവരുടെ കടമകൾ ഭംഗിയായി നിർവഹിക്കുന്ന ഒരു നാളെ ഉണ്ടാകും എന്ന് തന്നെ ഞാൻ കരുതുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.