ഇന്ത്യയിൽ മറന്നുവെച്ച
ഒരു രാജ്യത്തെ കണ്ടെടുക്കൽ

2025-ലെ വായനയിലെ ശ്രദ്ധേയ പുസ്തകമായി പി.എൻ. ഗോപീകൃഷ്ണൻ തെരഞ്ഞെടുക്കുന്നു: ബേല ഭാട്ടിയ രചിച്ച 'ഇന്ത്യാസ് ഫോർഗോട്ടൺ കൺട്രി'.

മ്മുടെ ലോകം വളരെപ്പെട്ടെന്നാണ് മനോഹരമായത്. വളർച്ചയെക്കുറിച്ചാണ് നമ്മുടെ തർക്കങ്ങൾ. നമ്മുടെ നഗരങ്ങളെല്ലാം ലോകത്തെ സുന്ദരനഗരങ്ങൾക്കൊപ്പം കിടപിടിക്കുന്നതായി. നമ്മൾ എപ്പോഴും വിജയങ്ങളെക്കുറിച്ച് സംസാരിക്കുന്നവരായി. മോട്ടിവേഷൻ ക്ലാസ്സുകളിലാണ് എപ്പോഴും നാമിരിക്കുന്നത് എന്ന് തോന്നിപ്പോകും. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നമ്മുടെ കയ്യിലുണ്ട്. ശരിയായ സമയത്ത്, ശരിയായ രീതിയിൽ അത് പ്രയോഗിച്ചാൽ വിജയത്തിൻ്റെ പാത തെളിയും. എന്തെങ്കിലും തടസ്സങ്ങൾ നമ്മിലുണ്ടെങ്കിൽ അത് മറികടക്കാനുള്ള നൈപുണ്യം ആർജ്ജിച്ചാൽ മതി.

നമ്മൾ എന്നിവിടെ പറയുന്നത് ഞാനും നിങ്ങളും ചേർന്ന ആ ബഹുസ്വര സംയുക്തത്തെക്കുറിച്ചല്ല. നമ്മുടെ മേൽ നിരന്തരം അടിച്ചേല്പിക്കപ്പെടുന്ന പൊതുബോധത്തെക്കുറിച്ചാണ്. ആ പൊതുബോധം ഉല്പാദിപ്പിക്കുന്നതിൽ ഭരണകൂടം ഉണ്ട്. മാധ്യമങ്ങൾ ഉണ്ട്. രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. ടെക്നോളജി ഉണ്ട്. സാമൂഹിക മാധ്യമങ്ങൾ തീർച്ചയായും ഉണ്ട്. സാമൂഹ്യ സ്ഥാപനങ്ങൾ ഉണ്ട്. വിദ്യാഭ്യാസ നയം ഉണ്ട്. പ്രത്യയശാസ്ത്ര സംഘങ്ങൾ പോലും ഉണ്ട്.

പൊതുനയപരിപാടികൾ ആവിഷ്ക്കരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് ഇന്ന് ഭരണകൂടങ്ങളെപ്പോലും നിയന്ത്രിക്കുന്നത്. തക്ഷശില പോലൊരു പബ്ലിക് പോളിസി കോഴ്സുകൾ നടത്തുന്ന സ്ഥാപനത്തിൻ്റെ നിയന്ത്രിതാക്കൾ ഒരു പോഡ്കാസ്റ്റിൽ ആത്മവിശ്വാസത്തോടെ പറയുന്നത് കുറച്ചു നാൾ മുമ്പ് കേൾക്കാനിടവന്നു. തുറന്ന കമ്പോളത്തെ മുന്നിൽ വെച്ചുകൊണ്ട് പബ്ലിക് പോളിസി ആവിഷ്ക്കരിക്കാനാണ് കോഴ്സുകളിലൂടെ അവർ ശ്രമിച്ചത്. ഇന്ത്യയിലെ ഭരണസമ്പ്രദായം ലിബറൽ ആയിരിക്കുമ്പോഴും സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ‘നടുക്ക് നിന്നും ഇടത്തോട്ട്’ മാറിയതായിരുന്നു. ആ 'രോഗം' മാറ്റിയെടുക്കാൻ അവർക്ക് കഴിഞ്ഞതിൻ്റെ ഹർഷം ചെറുതല്ല. ഇടത് കാഴ്ചപ്പാടുകൾ വെച്ചു പുലർത്തുന്നുണ്ട് എന്നവകാശപ്പെടുന്നവർ പോലും "നമ്പർ വൺ" ലഹരിയിലാണെന്ന് നമ്മുടെ ദൈനംദിനാനുഭവങ്ങൾ പറയുന്നു. വലതും ഇടതും മദ്ധ്യവും വികസനത്തെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. വികസനത്തിൻ്റെ പ്രതീതി യാഥാർത്ഥ്യത്തിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന ഒരു രാജ്യവും ജനതയുമായി തീർന്നിരിക്കുന്നു നമ്മൾ.

സമരങ്ങളെ പുച്ഛിക്കാൻ ഇടതുപക്ഷക്കാരെന്ന് സ്വയം ബ്രാൻഡ് ചെയ്ത മധ്യവർഗ്ഗക്കാർ പോലും ചെറിയ മനസ്താപം പോലും കാണിക്കാതെ രംഗത്തു വരുന്നത് കാണുമ്പോൾ, വലതുപക്ഷത്തിൻ്റെ വൻകൈയ്യടി അവർക്കും കിട്ടുന്നു.

ഏത് ആനന്ദത്തിലും ഇത്തിരി ബലിയുണ്ട് എന്ന കവിവാക്യം കാറൽ മാർക്സ് അപ്പടി പറഞ്ഞിട്ടുണ്ടാകില്ല. പക്ഷെ, മാർക്സിൻ്റെ ആകെത്തുകയിൽ അതുണ്ട്. ഗാന്ധിയുടെയും നെഹ്രുവിൻ്റേയും അംബേദ്ക്കറുടേയും ആകെത്തുകയിൽ അതുണ്ട്. കൃത്രിമ ബുദ്ധിയെന്നത് ഒരു സാങ്കേതികമായ ആധുനികീകരണം എന്നതിനേക്കാൾ നമ്മെച്ചൂടിയ പൊതുബോധമാണ്. എവിടെ പാവങ്ങൾ? അത് നമ്മോട് ചോദിക്കുന്നു. നാം ഒന്നാം സ്ഥാനം കൊതിക്കുന്ന വിദ്യാർത്ഥിയെപ്പോലെ വിക്കലുകളില്ലാതെ മറുപടി പറയുന്നു. "ദാരിദ്ര്യം ഈ ലോകത്ത് നിന്ന് തുടച്ചു മാറ്റപ്പെട്ടു." എവിടെ ചേരികൾ? അവർ അടുത്ത ചോദ്യം ചോദിക്കുന്നു. "ചേരികൾ തുടച്ചു മാറ്റപ്പെട്ടു" നാം പറയുന്നു. "എവിടെ വിവേചനം?" അവർ ചോദിക്കുന്നു. "കുറച്ചു ബാക്കിയുണ്ട്. അത് പരിഹരിക്കപ്പെട്ടേയ്ക്കും" വിമർശനാത്മകമായല്ലോ നമ്മൾ എന്ന് നമ്മെത്തന്നെ നാം അഭിനന്ദിക്കുന്നു.

സമരങ്ങളെ പുച്ഛിക്കാൻ ഇടതുപക്ഷക്കാരെന്ന് സ്വയം ബ്രാൻഡ് ചെയ്ത മധ്യവർഗ്ഗക്കാർ പോലും ചെറിയ മനസ്താപം പോലും കാണിക്കാതെ രംഗത്തു വരുന്നത് കാണുമ്പോൾ, വലതുപക്ഷത്തിൻ്റെ വൻകൈയ്യടി അവർക്കും കിട്ടുന്നു. നമ്മുടെ വലിയ എഴുത്തുകാരോ കോളമിസ്റ്റുകളോ സാമൂഹ്യവിമർശകരോ ഒന്നും അത് കാണുന്നില്ല. പട്ടിണിയെ, വിവേചനത്തെ, കുടിയിറക്കപ്പെട്ടവരെ മുൻനിർത്തിയുള്ള രാഷ്ട്രീയവും സംഘടനകളും കാണെക്കാണെ അപ്രത്യക്ഷമാകുന്നു. വിമോചന പ്രസ്ഥാനങ്ങൾ എന്ന് വിളിക്കപ്പെടുന്ന പലതിൻ്റേയും കേന്ദ്രം കരിയറിസം ആയിരിക്കുന്നു. വ്യക്തിപരമായ തലത്തിൽ അത് സ്വന്തം പുരോഗതിയും സംഘടനാ തലത്തിൽ അത് അതിൻ്റെ പുരോഗതിയും ആയി തീർന്നിരിക്കുന്നു. ഏത് തരം കരിയറിസവും വിജയിക്കുന്നത് മുഖ്യധാരയിലെ സാമ്പത്തിക, രാഷ്ട്രീയ ആഖ്യാനങ്ങളോട് ചേർന്ന് നിൽക്കുമ്പോഴാണ് എന്നത് എപ്പോഴും മറന്നു പോകുന്നു. സ്വയം പ്രേമിച്ച് പ്രേമിച്ച് നമ്മുടെ വ്യക്തി തലവും സംഘടനാതലവും ഒക്കെ അതിൻ്റെ അഹംബോധത്തിൻ്റെ അധിത്യകകൾ കയറിക്കൊണ്ടിരിക്കുന്നു.

ഏത് തരം കരിയറിസവും വിജയിക്കുന്നത് മുഖ്യധാരയിലെ സാമ്പത്തിക, രാഷ്ട്രീയ ആഖ്യാനങ്ങളോട് ചേർന്ന് നിൽക്കുമ്പോഴാണ് എന്നത് എപ്പോഴും മറന്നു പോകുന്നു. സ്വയം പ്രേമിച്ച് പ്രേമിച്ച് നമ്മുടെ വ്യക്തി തലവും സംഘടനാതലവും ഒക്കെ അതിൻ്റെ അഹംബോധത്തിൻ്റെ അധിത്യകകൾ കയറിക്കൊണ്ടിരിക്കുന്നു.
ഏത് തരം കരിയറിസവും വിജയിക്കുന്നത് മുഖ്യധാരയിലെ സാമ്പത്തിക, രാഷ്ട്രീയ ആഖ്യാനങ്ങളോട് ചേർന്ന് നിൽക്കുമ്പോഴാണ് എന്നത് എപ്പോഴും മറന്നു പോകുന്നു. സ്വയം പ്രേമിച്ച് പ്രേമിച്ച് നമ്മുടെ വ്യക്തി തലവും സംഘടനാതലവും ഒക്കെ അതിൻ്റെ അഹംബോധത്തിൻ്റെ അധിത്യകകൾ കയറിക്കൊണ്ടിരിക്കുന്നു.

ഏതാനും ദശകങ്ങൾക്ക് മുമ്പ് നാം ഇങ്ങനെയായിരുന്നില്ല. മദ്ധ്യവർഗ്ഗത്തിന്, അത് ജീവിക്കുന്നത് ഒരു കുമിളയിൽ ആണെന്ന സ്വയം ബോധമുണ്ടായിരുന്നു. അടുത്ത വെക്കേഷന് എവിടെയായിരിക്കണം നമ്മുടെ വിനോദയാത്ര എന്ന് മാത്രം തെരയുന്ന ഒരു വർഗ്ഗമായിരുന്നില്ല നമ്മൾ. നമ്മുടെ വിജയത്തിന് പിന്നിൽ ഏതോ മുറിവുണ്ട് എന്നറിയുന്നവർ. ഇന്ന് ആഘോഷിക്കപ്പെടുന്ന ലോകമാതൃക, ലോകത്തെമ്പാടും പല പേരുകളിൽ അറിയപ്പെടുന്ന നോട്ടുകളേയും ചില്ലറകളേയും പത്തു ശതമാനം മാത്രം വരുന്ന മനുഷ്യരുടെ കീശകളിലേയ്ക്കെത്തിക്കുന്ന ഒരു യാത്രാവിവരണമാണ് എന്നോർക്കാൻ നമുക്കിഷ്ടമില്ല. ആ യാത്രയിൽ നമ്മൾ അനുഷ്ഠിക്കുന്ന നട്ടിൻ്റേയോ ബോൾട്ടിൻ്റേയോ പണിക്കുള്ള അഭിനന്ദനമാണ് നമ്മുടെ ആഹ്ളാദ ജീവിതം എന്ന് തിരിച്ചറിയാൻ വലിയ ചിന്ത ആവശ്യമില്ല. പക്ഷെ, അങ്ങോട്ട് നോക്കാൻ നമുക്ക് പേടിയാണ്. അവിടെ അവരുണ്ട്. ആ പാവങ്ങൾ, ആ കുടിയിറക്കപ്പെട്ടവർ, ആ വികസനത്തിൻ്റെ രക്തസാക്ഷികൾ, ആ വിവേചനത്തിൻ്റെ ബലിയാടുകൾ.

പട്ടിണിയെ, വിവേചനത്തെ, കുടിയിറക്കപ്പെട്ടവരെ മുൻനിർത്തിയുള്ള രാഷ്ട്രീയവും സംഘടനകളും കാണെക്കാണെ അപ്രത്യക്ഷമാകുന്നു. വിമോചന പ്രസ്ഥാനങ്ങൾ എന്ന് വിളിക്കപ്പെടുന്ന പലതിൻ്റേയും കേന്ദ്രം കരിയറിസം ആയിരിക്കുന്നു.

അവിടേയ്ക്ക് നോക്കാൻ ഒരുമ്പെട്ട ഒരു പുസ്തകത്തിൻ്റെ കൂടെ സഞ്ചരിക്കാനായി എന്നതാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട വായനാനുഭവങ്ങളിലൊന്ന്. ബേല ഭാട്ടിയ രചിച്ച ഇന്ത്യാസ് ഫോർഗോട്ടൺ കൺട്രി എന്ന കഥേതര പുസ്തകം. രസം മാത്രമല്ല വായന ഉത്പാദിപ്പിക്കേണ്ടത് എന്ന ആധുനിക ബോധം അടിമുടി പേറുന്ന പുസ്തകം. പ്രസാധകർ പറയും പോലെ ഇതിൽ ജീവിതത്തിൻ്റേയും മരണത്തിൻ്റേയും നിരാശയുടേയും ദുരിതത്തിൻ്റേയും കഥനങ്ങൾ വായിക്കാം. ഒപ്പം ഇത് പ്രതിരോധത്തിൻ്റേയും ചെറുത്തു നില്പിൻ്റേയും കരുത്തിൻ്റേയും പ്രത്യാശയുടേയും പുസ്തകം കൂടിയാണ്. 634 പേജുകളുള്ള ഈ പുസ്തകത്തിന് 5 ഭാഗങ്ങൾ ഉണ്ട്. ഒന്നാം ഭാഗമായ പിളർക്കപ്പെട്ട സമൂഹ (A devided society) ത്തിൽ 6 ലേഖനങ്ങൾ ഉണ്ട്. ഗുജറാത്തിലെ സബർഖണ്ഡയിൽ മുസ്ലീം വംശഹത്യ നടന്നതിനെ പരാമർശിക്കുന്നതാണ് ആദ്യത്തേത്. ഈ ഖണ്ഡത്തിലെ മറ്റൊരു പ്രധാനപ്പെട്ട ലേഖനം രാജസ്ഥാനിലെ ചക്വാഡയിൽ ഉണ്ടായ ദളിത് ചെറുത്തു നില്പിനെക്കുറിച്ചാണ്. ഡോ. അംബേദ്ക്കറുടെ ജാതി നിർമ്മാർജ്ജനത്തിൽ ചക്ക്വാഡയിൽ അക്കാലത്ത് നടന്ന പ്രതിരോധത്തെ ഓർമ്മിപ്പിക്കുന്നത് അനുസ്മരിക്കുന്നുണ്ട് ഈ ലേഖനം.

വികസനം പുറമ്പോക്കിലാക്കിയ മനുഷ്യരെ കാണിച്ചു തരുന്നതാണ് രണ്ടാം ഖണ്ഡമായ വികസനത്തിൻ്റെ പേരിലെ (In the name of devolopement) 5 ലേഖനങ്ങളും. മൂന്നാം ഖണ്ഡം ബീഹാറിലെ ചെറുത്തു നില്പുകളെക്കുറിച്ചാണ്. ബീഹാറിലെ കത്തുന്ന നിലങ്ങൾ (The flaming fields of Bihar ) എന്നതാണ് അതിൻ്റെ തലക്കെട്ട്. നാലാം ഖണ്ഡമായ അയുക്തിയിലെ വലയങ്ങളിലെ ബസ്തർ (Bastar in the circle of unreason), ബസ്തർ എന്ന ആദിവാസി പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ചെറുത്തു നില്പുകളെക്കുറിച്ചും ചർച്ച ചെയ്യുന്നു. 5 ലേഖനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അഞ്ചാമത്തെ ഖണ്ഡം കശ്മീരിലേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും ഭരണകൂട ഭീകരതകളെ കുറിച്ചാണ്. കശ്മീരും വടക്കുകിഴക്കും (Kashmir and the North - East) എന്നാണ് ഈ ഖണ്ഡത്തിൻ്റെ പേര്.

ബേല ഭാട്ടിയ
ബേല ഭാട്ടിയ

പതിനൊന്ന് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആണ് ഈ പുസ്തകത്തിലുള്ളത്. അതോടൊപ്പം കശ്മീരും. ജീവിത പ്രാരാബ്ധങ്ങളും സാമൂഹികമായ അടിച്ചമർത്തലും ഭരണകൂട ഭീകരതയും ചർച്ച ചെയ്യുമ്പോൾ തന്നെ പ്രക്ഷോഭങ്ങളേയും പ്രതിരോധങ്ങളേയും കൂടി ഇത് പരിശോധിക്കുന്നുണ്ട്. ജനാധിപത്യത്തെ പ്രതീകമാക്കാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളും ആഗോളവ്യവസ്ഥയുടേയും വിതാനങ്ങൾക്കൊപ്പം അതിനെ മൂല്യവ്യവസ്ഥയാക്കാൻ ശ്രമിക്കുന്ന ജനകീയ സംഘാടനത്തേയും ഇത് നേർക്കുനേർ വെയ്ക്കുന്നു. ജനാധിപത്യത്തെ അർത്ഥപൂർണ്ണമാക്കുന്നത് അതിൻ്റെ ഉള്ളടക്കങ്ങളായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെ നിരന്തരം നിർധാരണം ചെയ്യുമ്പോഴാണ് എന്ന് ഇത് ഓർമ്മിപ്പിക്കുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയാണ് ഇത് പുറത്തിറക്കിയത്.

യാഥാർത്ഥ്യത്തിൽ നിന്ന് ആട്ടിയകറ്റുന്ന പൊതുബോധം പ്രവർത്തിക്കുന്ന കാലത്ത് യാഥാർത്ഥ്യത്തിൻ്റെ ആഴങ്ങളിലേയ്ക്ക് കൈ പിടിച്ചു കൊണ്ടു പോകുന്ന ഒരു പുസ്തകം എത്ര പ്രധാനപ്പെട്ടതാണെന്ന് വിശദീകരിക്കേണ്ടതില്ല എന്ന് തോന്നുന്നു.

ബേല ഭാട്ടിയ ബസ്തറിലാണ് ജീവിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകയായും ഗവേഷകയായും എഴുത്തുകാരിയായും പ്രവർത്തിക്കുന്നു.


Summary: P.N Gopikrishnan writes about his favourite book of the year 2025. Bela Bhatia's India's Forgotten Country.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments