ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങൾ

പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന ഭാസുരേന്ദ്ര ബാബുവിന്റെ 'യുവത്വം ജ്വലിച്ചുയർന്ന കാലം' എന്ന പുസ്തകത്തിന് ബി. രാജീവൻ എഴുതിയ അവതാരിക. സി.പി.ഐ (എം.എൽ)- യുമായും ജനകീയ സാംസ്കാരികവേദിയുമായും ബന്ധപ്പെട്ട ഓർമക്കുറിപ്പുകളാണ് ഈ പുസ്തകം.

ഭാസുരേന്ദ്ര ബാബുവിന്റെ ഈ ഓർമ്മക്കുറിപ്പുകൾ അദ്ദേഹം ധീരമായി നയിച്ച രണ്ട് സമരങ്ങളുടെ ചരിത്ര രേഖകളാണ്. രണ്ടും ജനാധിപത്യത്തിന്റെ മൗലികമായ അന്തസ്സത്തയെ സംരക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയുള്ള സമരങ്ങൾ ആയിരുന്നു. അവയിൽ ഒന്ന് ഇന്ത്യൻ ജനാധിപത്യത്തെ റദ്ദ് ചെയ്ത ദേശീയ അടിയന്തരാവസ്ഥക്കെതിരെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തെ മുൻനിർത്തി കേരളീയ യുവത്വം ജീവിതം ബലിയർപ്പിക്കാൻ തയ്യാറായി ജ്വലിച്ചുയർന്ന രാഷ്ട്രീയ സമരം ആയിരുന്നു. മറ്റൊന്ന് മലയാളിയുടെ സാംസ്കാരിക ചരിത്രത്തിൽ ഭാവുകത്വപരമായ ഒരു പരിവർത്തനത്തിന് വാതിൽ തുറന്ന ‘ജനകീയ സാംസ്കാരിക വേദി’യുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ആശയ സമരം ആയിരുന്നു. ഒരു മുൻ നക്സലൈറ്റിന്റെ സാഹസികവും സംഘർഷ പൂർണവും ഉദ്വേഗ ജനകവുമായ ജീവിതാനുഭവ വിവരണമായി സാധാരണഗതിയിൽ വായിച്ചു പോയേക്കാവുന്ന ഭാസുരേന്ദ്ര ബാബുവിന്റെ ഓർമ്മക്കുറിപ്പുകൾ, അതിനപ്പുറം ഇന്നും പ്രസക്തമായ ചില രാഷ്ട്രീയ സൈദ്ധാന്തിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന രേഖകളായി നമ്മോടൊപ്പം സഞ്ചരിക്കുന്നു എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് ആദ്യം തന്നെ ഇതെടുത്ത് പറഞ്ഞത്.

ഭാസുരേന്ദ്ര ബാബു ഈ ഓർമ്മക്കുറിപ്പുകൾ തയ്യാറാക്കുന്നത് തൻറെ പരാജയപ്പെട്ട തീവ്ര രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിൽ നിന്നെല്ലാം പിൻവാങ്ങി പശ്ചാത്താപ ഭരിതമായ പഴയ ഓർമ്മകളുടെ ജഡഭാരം പേറി ഏകാന്തതയിൽ പ്രതീക്ഷകളറ്റ ഒരാളായി കഴിയുമ്പോൾ അല്ല. ബാബു തന്റെ നേരിട്ടുള്ള സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങൾ മതിയാക്കി മലയാള ദൃശ്യമാധ്യമ രംഗത്തേക്ക് പ്രവേശിക്കുകയും മുഖ്യധാര ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവ് എന്ന നിലയിൽ തിളങ്ങുന്ന ഒരു മാധ്യമ താരമായി മാറുകയും ചെയ്തതിനുശേഷം ആണ് തന്റെ രാഷ്ട്രീയ പ്രവർത്തന ചരിത്രം രേഖപ്പെടുത്തുന്നത്. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ ആണ് ബാബുവിന്റെ ഈ ഓർമ്മക്കുറിപ്പുകളുടെ രചനാപരമായ ഒരു സവിശേഷത തെളിഞ്ഞുവരുന്നത്. അതായത് ഈ ഓർമ്മക്കുറിപ്പുകൾ തന്റെ വർത്തമാന രാഷ്ട്രീയ നിലപാടിൽ നിന്നും തീർത്തും വിട്ടുനിൽക്കുന്ന സ്വതന്ത്രമായ ഒരു വസ്തുനിഷ്ഠ ചരിത്രരേഖ പോലെയാണ് ബാബു എഴുതിയിരിക്കുന്നത്. താൻ തള്ളിക്കളഞ്ഞ ഗതകാല തീവ്രവിപ്ലവ രാഷ്ട്രീയത്തെ തന്റെ വർത്തമാന രാഷ്ട്രീയ സമീപനത്തിൽ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള ഒരു ശ്രമവും ഈ കുറിപ്പുകളിൽ ഇല്ല. മാത്രമല്ല താൻ വക്താവായ സിപിഎം അടക്കമുള്ള മുഖ്യധാര ഇടതുപക്ഷത്തിന്റെ പല വീഴ്ചകളെയും പരിമിതികളെയും ബാബു ഈ കുറിപ്പുകളിൽ നിശിതമായി വിമർശിക്കുന്നുണ്ട്. ഇത് ഭാസുരേന്ദ്ര ബാബുവിന്റെ സാധാരണഗതിയിലുള്ള ഒരു സമ്പൂർണ്ണ ആത്മകഥയും അല്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിലെ ഒടുവിലത്തെ കണ്ണിയായ സിപിഐ (എംഎൽ )ലിലും അതുമായി ബന്ധപ്പെട്ട സാംസ്കാരിക സംഘടനയിലും നേതൃത്വപരമായ പങ്കുവഹിച്ചിരുന്ന ഒരു പ്രത്യേക കാലത്തെ രാഷ്ട്രീയ ജീവിതാനുഭവങ്ങളിൽ ഒതുങ്ങിനിൽക്കുന്നതാണ് ബാബുവിന്റെ ഈ ഓർമ്മക്കുറിപ്പ്. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ചതുപോലെ സ്വന്തം ജീവിതാനുഭവങ്ങൾ കൊണ്ട് നെയ്തെടുത്ത ഒരു രാഷ്ട്രീയ രേഖയുടെ രൂപം ഈ ഓർമ്മക്കുറിപ്പുകൾ കൈവരിക്കുന്നത്.

 ഭാസുരേന്ദ്ര ബാബുവിന്റെ 'യുവത്വം ജ്വലിച്ചുയർന്ന കാലം' എന്ന പുസ്തകത്തിന്റെ കവർ
ഭാസുരേന്ദ്ര ബാബുവിന്റെ 'യുവത്വം ജ്വലിച്ചുയർന്ന കാലം' എന്ന പുസ്തകത്തിന്റെ കവർ

അങ്ങനെ നോക്കുമ്പോൾ, ഈ ഓർമ്മക്കുറിപ്പുകളിൽ ഉന്നയിക്കപ്പെടുന്ന ഇനിയും പരിഹാരം കണ്ടെത്തി കഴിഞ്ഞിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രശ്നങ്ങൾ പരാജയപ്പെട്ട നക്സലൈറ്റ് പ്രസ്ഥാനത്തിന്റെയോ ജനകീയ സാംസ്കാരിക വേദിയുടെയോ ‘ദുരന്തകഥ’യിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല എന്ന് തെളിഞ്ഞു കാണാം. ഈ ഓർമ്മക്കുറിപ്പുകൾ അഭിസംബോധന ചെയ്യുന്നത് ഇപ്പോൾ ഒരു നൂറ്റാണ്ട് തികയുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിനുള്ളിൽ ആഴത്തിൽ നേരിടുന്ന വെല്ലുവിളികളെ തന്നെയാണ്. പ്രത്യേകിച്ചും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയോളം തന്നെ പ്രായമുള്ള ആർഎസ്എസ് എന്ന ഫാസിസ്റ്റ് പ്രസ്ഥാനം ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന ഒരു ഭീകര ശക്തിയായി വളരുകയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിസ്സഹായമായി നോക്കി നിൽക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ ബാബുവിന്റെ ഈ ഓർമ്മക്കുറിപ്പുകൾ ഏതൊരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെയും ധീരമായ വീണ്ടുവിചാരങ്ങളിലേക്ക് ക്ഷണിക്കുന്നവയാണെന്ന് പറയാം.

നക്സലൈറ്റ് പ്രസ്ഥാനത്തിനുള്ളിൽ നിന്നുകൊണ്ട് ആണെങ്കിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ജനങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങളെ ആഴത്തിൽ ഉൾക്കൊള്ളാനും ഉയർത്തി എടുക്കാനും രൂപപ്പെടുത്താനും പാകത്തിൽ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള സമരങ്ങളാണ് ബാബു തന്റെ രാഷ്ട്രീയ പ്രവർത്തനകാലത്ത് നടത്തിയത്. ബാബു തന്നെ പറയുന്നതുപോലെ “സ്റ്റാലിനിസ്റ്റ് മാനദണ്ഡങ്ങളും സ്റ്റാലിനിസ്റ്റ് ചിന്താ പദ്ധതികളും സൃഷ്ടിക്കുന്ന മുൻവിധികൾ” കൈവെടിഞ്ഞു ജനജീവിതത്തിന്റെ സ്പന്ദനങ്ങൾ നേരിട്ട് സ്പർശിച്ചറിയാനുള്ള സംവേദന ശക്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൈവരിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ കുറിപ്പുകൾ വിരൽ ചൂണ്ടുന്നത്.

നക്സലൈറ്റ് പ്രസ്ഥാനത്തിനുള്ളിൽ നിന്നുകൊണ്ട് ആണെങ്കിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ജനങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങളെ ആഴത്തിൽ ഉൾക്കൊള്ളാനും ഉയർത്തി എടുക്കാനും രൂപപ്പെടുത്താനും പാകത്തിൽ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള സമരങ്ങളാണ് ബാബു തന്റെ രാഷ്ട്രീയ പ്രവർത്തനകാലത്ത് നടത്തിയത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വാതന്ത്ര്യ ധ്വംസനമായിരുന്ന അടിയന്തരാവസ്ഥയ്ക്ക് നേരെ മറ്റെല്ലാ വിപ്ലവ പ്രസ്ഥാനങ്ങളും മൗനംപാലിച്ചപ്പോൾ അതിനെതിരെ ധീരമായി പ്രതികരിച്ച കേരളീയ യുവത്വത്തിന്റെ പ്രതിനിധി ആയിരുന്ന ബാബു മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അവലംബിച്ച നിഷ്ക്രിയത്വം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തന്നെ ജനാഭിലാഷങ്ങളിൽ നിന്ന് എങ്ങനെ അകറ്റി കളയാൻ ഇടയാക്കിയെന്ന് ഈ കുറിപ്പുകളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സിപിഐ എമ്മിനെ മുൻനിർത്തി ആണെങ്കിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മുഴുവൻ ബാധകമായ ഈ വീഴ്ചയെ കുറിച്ച് ബാബു പറയുന്നത് നോക്കുക.

“രാജ്യം ഇന്ദിരാഗാന്ധിക്ക് അനുകൂലമായും എതിരായും രണ്ടായി പിരിഞ്ഞപ്പോൾ രണ്ടിടത്തും ചേരാതെ ഒരു സുരക്ഷിത അകലം സൂക്ഷിക്കുക വഴി ഒരു ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമാകുവാൻ അവർക്ക് കഴിഞ്ഞില്ല. ഏകാധിപത്യത്തിനെതിരെ വിപുലമായ ഒരു ജനകീയ മുന്നേറ്റം ഉണ്ടാകുമ്പോൾ അതിൻറെ ഏകോപനത്തിൽ പങ്കെടുത്തുകൊണ്ട് സാധ്യതകൾ അന്വേഷിക്കുന്നതിനുള്ള മുൻകൈ അവർക്ക് ഉണ്ടായിരുന്നില്ല. ജനതാ പാർട്ടി അധികാരത്തിലേക്ക് ഉയർന്നപ്പോഴും അതിനോട് ചേരുവാൻ സിപിഐഎം തയ്യാറായില്ല. നമ്മൾ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നത് തന്നെ നമ്മുടെ നയങ്ങൾ നടപ്പിലാക്കാനാണ്. പലപ്പോഴും സിദ്ധാന്തത്തെ മുന്നിൽ വെച്ചുകൊണ്ട് പ്രയോഗത്തെ മാറ്റിനിർത്തുന്ന തലതിരിഞ്ഞ ഒരു രീതിയാണ് അവർ അവലംബിച്ചിരുന്നതെന്ന് നമുക്ക് കാണാം. ഒരു പ്രയോഗ സിദ്ധാന്തത്തിന്റെ ശക്തമായ അഭാവം നമുക്ക് കാണാമായിരുന്നു. ഇത് എക്കാലവും അവർ തുടർന്നിട്ടുണ്ട്. വഴികാട്ടാൻ ആരുമില്ലാത്ത കുതിരയെ പുറകിൽ കെട്ടിയ വണ്ടി പോലെ ആയിരുന്നു ആ പാർട്ടി. അടിയന്തിരാവസ്ഥക്കാലത്ത് സ്വാത്മപ്രചോദിതമായി അവിടെയുമിവിടെയും ചില മുദ്രാവാക്യം വിളികളും പ്രകടനങ്ങളും നടന്നു എന്നല്ലാതെ ദേശീയമായി ആസൂത്രണം ചെയ്തു പദ്ധതികൾ ഇട്ട് ഏതെങ്കിലും പ്രവർത്തനങ്ങളിലേക്ക് പോകാൻ സിപിഐഎമ്മിന് കഴിഞ്ഞില്ല.”

ഭാസുരേന്ദ്ര ബാബു
ഭാസുരേന്ദ്ര ബാബു

ഇതുപോലെ, ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി സമരം ചെയ്യാൻ നക്സലൈറ്റ് പ്രസ്ഥാനം പോലെ വർഗ്ഗ ശത്രുവിന്റെ ഉന്മൂലന സമരത്തിലൂടെ രൂപപ്പെടുന്ന സൈനിക ലൈനിൽ വിശ്വസിക്കുന്ന രഹസ്യവാദപരമായ ഒരു പ്രസ്ഥാനത്തെ അവലംബം ആക്കേണ്ടി വരുന്നതിലെ വൈപരീത്യം ബാബുവിന് തുടക്കത്തിൽ തന്നെ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കേരളത്തിലെ ആദ്യകാല നക്സലൈറ്റ് പ്രവർത്തന ശൈലിയെ കുറിച്ച് ബാബു ഇങ്ങനെയാണ് പറയുന്നത്. “നക്സലൈറ്റ് ആക്രമണങ്ങളിലൂടെ ഉയർത്തിയ ചുവന്ന ഭീകരതയും പോലീസ് ഉയർത്തിയ വെള്ളഭീകരതയും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന സമയം. ചുവന്ന ഭീകരത താങ്ങാൻ വയ്യാത്ത ഒരാളായിരുന്നു ഞാൻ. കോങ്ങാട് തലവെട്ടി പുറത്തുവെക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടേയില്ല.” ബാബു തുടരുന്നു. “പഴയ കാലഘട്ടത്തിൻറെ സമര രൂപം അതായത് ഒരു ബഹുജന സംഘടനയും ഇല്ലാതെ പാർട്ടി മാത്രം ഏർപ്പെട്ട് കൊലപാതകങ്ങൾ നടത്തുന്ന രീതിയോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ചുരുക്കത്തിൽ അത്തരം പാർട്ടികളെ ഭീകരവാദ പാർട്ടികളായി തന്നെയാണ് ഞാൻ കണ്ടിരുന്നത്. അതുകൊണ്ട് ഒരു സമീപനരേഖ തയ്യാറാക്കി അതനുസരിച്ച് പ്രവർത്തിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.”

കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൻറെ ചരിത്രത്തിൽ ജനകീയോന്മുഖമായ ഒരു പുതിയ വഴിത്തിരിവിന് തുടക്കം കുറിക്കുന്ന ഈ തീരുമാനം സൈദ്ധാന്തികമായ വ്യക്തത ആർജ്ജിക്കുന്നതും ഒരു പുതിയ രാഷ്ട്രീയ ലൈനായി വികസിക്കുന്നതും ബാബുവും സഖാക്കളും അടിയന്തിരാവസ്ഥ തടവുകാരായി ജയിലിൽ ആയിരിക്കുന്ന കാലത്താണ്. ബാബുവും സഖാക്കളും ജയിലിൽ എത്തുമ്പോൾ “വർഗ്ഗ ശത്രുവിന്റെ രക്തത്തിൽ കൈമുക്കാത്തവൻ കമ്മ്യൂണിസ്റ്റ് അല്ല” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ആദ്യകാല ഉന്മൂലന സമരങ്ങളിൽ പങ്കെടുത്ത പഴയ സഖാക്കളും ശിക്ഷിക്കപ്പെട്ട് ജയിലിൽ ഉണ്ടായിരുന്നു. പഴയ തോറ്റുപോയ വിപ്ലവകാരികളുടെ മാതൃകയിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ അവരുടെ ദയനീയമായ അവസ്ഥ ബാബുവിനെയും സഖാക്കളെയും പ്രേരിപ്പിച്ചിട്ടുണ്ടാവണം. അവരുടെ അവസ്ഥയെക്കുറിച്ചുള്ള ബാബുവിന്റെ ഹൃദയസ്പർശിയായ ഓർമ്മ ഇങ്ങനെയാണ്

“കണ്ണിയേറ്റു പോയ വിപ്ലവ പ്രവർത്തനത്തിന് പിന്നീട് ഒരു തുടർച്ചയുണ്ടാകില്ല എന്ന നിരാശാബോധത്തിൽ കിടക്കുമ്പോൾ മനുഷ്യരുടെ ഹൃദയത്തിൽ പ്രത്യാശയുടെ വലിയ അസ്തമയം സംഭവിക്കും. അങ്ങനെ അസ്തമയ കാലഘട്ടത്തിലൂടെ കടന്നുപോയ കുറെ മനുഷ്യരുടെ അവസ്ഥ ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. ഒരു ശിഷ്ട ജീവിതം ഉണ്ടെങ്കിൽ ഇനിയൊരിക്കലും ഇങ്ങനെ ആവില്ല എന്ന തീരുമാനമെടുത്തവർ ആയിരുന്നു അവർ. അതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവർ ജനങ്ങൾക്ക് വേണ്ടി വിപ്ലവ പ്രവർത്തനം നടത്തുന്നു. അതേ ജനങ്ങൾ അവരെ വളഞ്ഞിട്ട് അടിക്കുന്നു. ആ ആഘാതത്തെ മറികടക്കുന്നത് എളുപ്പം ഒന്നുമല്ല.”

പാർട്ടിക്കുള്ളിലെ വ്യത്യസ്ത നിലപാടുകളെ സഹിഷ്ണുതയോടെ പരസ്പരം ഉൾക്കൊള്ളുകയും വിമർശിക്കുകയും ചെയ്യുന്ന ‘രണ്ട് ലൈൻ സമരം’ എന്ന തത്വം യഥാർത്ഥത്തിൽ ലെനിൻ ആണ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ആദ്യം പരീക്ഷിച്ചത്.

ഈ അവസ്ഥയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ 1967-ലെ രണ്ടാമത്തെ പിളർപ്പിൽ നിന്ന് രൂപപ്പെട്ട സിപിഐ (എംഎൽ ) പാർട്ടിയുടെ ദുരന്തമായി മാത്രമല്ല സ്റ്റാലിനിസ്റ്റ് കേന്ദ്രീകരണം പിന്തുടരുന്ന ഇന്ത്യൻ കമ്മ്യൂണിസത്തിൻറെ തന്നെ ആന്തരിക പ്രതിസന്ധിയുടെ പ്രതിഫലനമായി കൂടി ബാബുവും സഖാക്കളും തിരിച്ചറിഞ്ഞിരിക്കണം. അതുകൊണ്ട് അമർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചൂഷിത ജനതയുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ ഏറ്റെടുക്കാൻ പാകത്തിൽ അവരുടെ ഹൃദയം കവരാൻ കഴിയുന്ന ഒരു ജൈവശക്തിയായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പരിണമിക്കണമെങ്കിൽ ശക്തമായ ആന്തരിക ജനാധിപത്യം അതിൻറെ ചാലകയന്ത്രമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന ബോധ്യത്തിലേക്ക് അവർ എത്തിച്ചേർന്നു. അങ്ങനെയാണ് പാർട്ടിക്കുള്ളിൽ ജനാധിപത്യ പ്രക്രിയയ്ക്ക് വേണ്ടിയുള്ള മാവോയുടെ ‘രണ്ടു ലൈൻ സമരം’ എന്ന ആശയത്തെ വർഗ്ഗ ശത്രുവിന്റെ ഉന്മൂലനമെന്ന ഏക ലൈനിൽ കേന്ദ്രീകരിക്കുന്ന സിപിഐഎംഎല്ലിലേക്ക് കടത്തിക്കൊണ്ടുവരാൻ ഉള്ള ശ്രമങ്ങൾ അവർ തുടങ്ങിയത്. പാർട്ടിക്കുള്ളിലെ വ്യത്യസ്ത നിലപാടുകളെ സഹിഷ്ണുതയോടെ പരസ്പരം ഉൾക്കൊള്ളുകയും വിമർശിക്കുകയും ചെയ്യുന്ന ‘രണ്ട് ലൈൻ സമരം’ എന്ന തത്വം യഥാർത്ഥത്തിൽ ലെനിൻ ആണ് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ആദ്യം പരീക്ഷിച്ചത്. ലെനിൻ പാർട്ടിയെ നയിച്ച കാലം അത്രയും വ്യത്യസ്ത സമീപനങ്ങൾക്ക് പാർട്ടിയിൽ ഇടം ഉണ്ടായിരുന്നു. സ്റ്റാലിൻ അധികാരത്തിൽ വന്നതോടെ ഭിന്നാഭിപ്രായങ്ങളെ നിർദാക്ഷിണ്യം അമർച്ച ചെയ്യുന്ന ശൈലി ശക്തിപ്പെട്ടു. അതിന്റെ ഭാഗമായി പാർട്ടിയുടെ രക്ഷയ്ക്കുവേണ്ടി വ്യത്യസ്ത അഭിപ്രായമുള്ള സഖാക്കളെ കൊന്നൊടുക്കുന്നത് തന്നെ വിപ്ലവ പ്രവർത്തനമാണെന്ന നിലപാടിലേക്ക് പാർട്ടിയിലെ ആന്തരിക ജനാധിപത്യം അധ:പതിച്ചു. ഈ പതനത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കരകയറ്റുന്നതിന് മാവോ ആവിഷ്കരിച്ച ധീരമായ പരീക്ഷണം ആയിരുന്നു പാർട്ടിക്കുള്ളിലെ ‘രണ്ട് ലൈൻ സമരം’. ഈ മാതൃകയിൽ സിപിഐ (എം എൽ) എന്ന സ്റ്റാലിനിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ജനാധിപത്യത്തിന്റെ ചൈതന്യത്തെ കടത്തിക്കൊണ്ടു വരാനും മാവോ ശൈലിയിൽ പറഞ്ഞാൽ “ജലത്തിൽ മത്സ്യം എന്നപോലെ” ജനജീവിതത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാക്കി അതിനെ രൂപാന്തരപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാൻ ബാബുവിനും സഖാക്കൾക്കും കെ.വേണു അടക്കമുള്ള സഖാക്കളുടെ പിന്തുണയോടെ കഴിഞ്ഞു. ഇതോടൊപ്പം തന്നെ ദീർഘമായ ജയിൽ ജീവിതകാലത്തെ ആഴമേറിയ രാഷ്ട്രീയ പഠനങ്ങൾ ബാബുവിന്റെയും സഖാക്കളുടെയും വീക്ഷണചക്രവാളത്തെ വളരെ ഏറെ വിശാലമാക്കുകയും ചെയ്തു. പ്രത്യേകിച്ചും അന്റോണിയോ ഗ്രാംഷിയുടെ ജയിൽ നോട്ടു ബുക്കുകളുടെ പഠനം പഴയ സാമ്പത്തിക നിർണയ വാദത്തിനതീതമായി മനുഷ്യരുടെ സാംസ്കാരിക ജീവിതത്തിന്റെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയുന്ന കമ്മ്യൂണിസ്റ്റുകാരാക്കി അവരെ മാറ്റുകയും ചെയ്തു. ഈ മാറ്റമാണ് ‘അനീതിക്കെതിരെ കലാപം ചെയ്യുക’ എന്ന മുദ്രാവാക്യത്തിന് പിന്നിൽ അണിനിരക്കാൻ കേരളമെമ്പാടും യുവജനങ്ങളെ പ്രേരിപ്പിക്കുകയും കേരളത്തിൻറെ സാംസ്കാരിക ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്ത ‘ജനകീയ സാംസ്കാരിക വേദി’യുടെ രൂപപ്പെടലിന് വഴിയൊരുക്കിയത്. ഒടുവിൽ പാർട്ടിയും പോഷക സംഘടനയും തമ്മിലുള്ള സമ്പ്രദായിക സ്റ്റാലിനിസ്റ്റ് യാന്ത്രിക ബന്ധ സങ്കൽപ്പത്തെ മറികടന്നു ജനാധിപത്യപരവും സ്വതന്ത്രവുമായ ഒരു ബന്ധ മാതൃക സൃഷ്ടിക്കുന്നതിന് വേണ്ടി പാർട്ടിയും സാംസ്കാരിക വേദിയും തമ്മിൽ നടന്ന ഏറ്റുമുട്ടലും തുടർന്നുണ്ടായ സാംസ്കാരിക വേദിയുടെ തകർച്ചയും എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ യഥാർത്ഥ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള ഈ ശ്രമങ്ങളുടെ ഭാഗം തന്നെയായിരുന്നു. ഇതാണ് ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കാൻ വേണ്ടി ഭാസുരേന്ദ്ര ബാബു നടത്തിയ രണ്ടാമത്തെ സമരം.

 കെ.വേണു
കെ.വേണു

പഴയ സിപിഐഎമ്മിൽ പാർട്ടിയും ജനകീയ സാംസ്കാരിക വേദിയും നാമാവശേഷമായി കഴിഞ്ഞെങ്കിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ബാബുവും സഖാക്കളും ജനാധിപത്യത്തെ മുൻനിർത്തി ഉന്നയിച്ച പ്രശ്നങ്ങൾ, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ഇന്നും പ്രസക്തമായി തുടരുന്നു എന്ന് തന്നെ പറയാം. കെ വേണുവിനെ പോലുള്ളവർ തങ്ങളുടെ ഭൂതകാലത്തെയും കമ്മ്യൂണിസത്തെ തന്നെയും തള്ളിക്കളഞ്ഞു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ജനാധിപത്യത്തിൻറെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതെങ്കിൽ ബാബു തന്റെ സമരസ്മരണകൾ വീണ്ടെടുത്തുകൊണ്ട് ഈ പ്രശ്നം വർത്തമാന ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് മുന്നിൽ വീണ്ടും അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അതും നേരത്തെ സൂചിപ്പിച്ചതുപോലെ തന്റെ വർത്തമാന രാഷ്ട്രീയ ചായ്‌വുകളിലേക്കൊന്നും വെട്ടിച്ചുരുക്കാതെ ആരുടെയും മുഖം നോക്കാതെ വ്യക്തവും വസ്തുനിഷ്ഠവുമായാണ് ബാബു തന്റെ ചിന്തകളും അനുഭവങ്ങളും നമ്മോട് പങ്കുവയ്ക്കുന്നത്

ഭാസുരേന്ദ്ര ബാബുവിന്റെ ഈ ഓർമ്മക്കുറിപ്പുകൾ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപ്രധാന്യമുള്ള രേഖകളായി തീരുന്നതിന്റെ പശ്ചാത്തലം ഇതാണ്.

ഈ സന്ദർഭത്തിൽ, സ്വാഭാവികമായും കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഉയർന്നു വരാവുന്ന ചില ചോദ്യങ്ങൾ കൂടി പരിഗണിക്കാതെ കടന്നുപോകുന്നത് ഉചിതമായിരിക്കില്ല. ജനകീയ ലൈൻ ഉയർത്തിപ്പിടിച്ച ബാബുവിനും കൂട്ടർക്കും എതിരെ ഉന്മൂലന സമരത്തിൽ ഉറച്ചുനിന്ന വിഭാഗം ബാബുവിനെ ഒരു ലിബറൽ ജനാധിപത്യവാദിയായാണ് മുദ്രകുത്താൻ ശ്രമിച്ചത്. ഇന്നും ജനാധിപത്യം എന്നു പറഞ്ഞാൽ ലിബറൽ ജനാധിപത്യം ആണെന്നും അത് മുതലാളിത്ത സമൂഹത്തിൽ പാർലമെന്ററി മാർഗ്ഗം പോലെ അടവുപരമായി മാത്രം പരിഗണിക്കേണ്ട ഒന്നാണെന്നും ഉള്ള ധാരണ കമ്മ്യൂണിസ്റ്റുകാർക്കിടയിൽ സാർവത്രികമാണ്. ഒരു വശത്ത് മുതലാളിത്തത്തെ സംരക്ഷിക്കുന്ന ലിബറൽ ജനാധിപത്യം, മറുവശത്ത് അതിനെ ചെറുക്കുന്നതിനായി പാർട്ടിയിൽ കേന്ദ്രീകരിക്കുന്ന തൊഴിലാളി വർഗ്ഗ ജനാധിപത്യം - ഈ വിരുദ്ധ സങ്കല്പങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റുകാർ ലിബറൽ ജനാധിപത്യത്തെ മുതലാളിത്ത ചൂഷണത്തിനുള്ള ഒരു മറയായി കാണുമ്പോൾ, ലിബറൽ ജനാധിപത്യവാദികൾ കമ്യൂണിസ്റ്റ് കേന്ദ്രീകൃത ജനാധിപത്യത്തെ അങ്ങേയറ്റത്തെ സമഗ്രാധിപത്യമായും കാണുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ രാഷ്ട്രീയാനുഭവങ്ങൾ യഥാർത്ഥത്തിൽ ഈ രണ്ടു വാദഗതികളെയും പൂർണമായി സാധൂകരിക്കുന്നവയാണ്. ജനാധിപത്യത്തെ കുറിച്ചുള്ള ഈ രണ്ടു സമീപനങ്ങളും ഭരണകൂട അധികാരത്തിന്റെ കാഴ്ചപ്പാടിൽ നിന്നുള്ളവയാണ്. ഇവിടെ നഷ്ടമാവുന്നത് ഒരു സാമൂഹിക ജീവി എന്ന നിലയിലുള്ള മനുഷ്യൻറെ ബോധപൂർവ്വമായ നിലനിൽപ്പിനാസ്പദമായ, അതായത് മനുഷ്യ ജീവിതത്തിൽ സഹവർത്തിത്വവും പരസ്പര ബന്ധവും സാധ്യമാക്കുന്ന സംഘ ജീവിതശക്തിയായ ജനാധിപത്യത്തെക്കുറിച്ചുള്ള മൗലികമായ ഒരു ഒരു രാഷ്ട്രീയ പരികല്പനയാണ്. കമ്മ്യൂണിസത്തിന്റെ തന്നെ അന്ത:സത്തയായ; ഭരണകൂട അധികാരത്തിന് ബദലായ, ജനങ്ങളുടെ ജീവിതാധികാരത്തെ ഉയർത്തിപ്പിടിക്കുന്ന ഈ മൗലിക ജനാധിപത്യ സങ്കല്പത്തെ വീണ്ടെടുക്കുക എന്നത് ഇന്ന് കമ്മ്യൂണിസ്റ്റുകാർ ഏറ്റെടുക്കേണ്ട അടിയന്തരമായ ഒരു കടമയാണ്. ഭാസുരേന്ദ്ര ബാബു ആ വഴിക്ക് ചിന്തിച്ച ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു. ആ ചിന്ത അദ്ദേഹം ജീവിതാവസാനം വരെ പിന്തുടർന്നിരുന്നു എന്നതിന് തെളിവ് ഈ ഓർമ്മക്കുറിപ്പുകൾ തന്നെയാണ്.

അടിയന്തരാവസ്ഥ പിൻവലിച്ചതിനു ശേഷം ജനാധിപത്യത്തെ കുറിച്ചുള്ള തൻറെ പഴയ ധാരണകൾ വീണ്ടു വിചാരങ്ങൾക്ക് വിധേയമാകുന്നതിനെ കുറിച്ച് ബാബു ഇങ്ങനെ എഴുതുന്നു;

“ജനാധിപത്യ നിഷേധത്തിനുശേഷം അതേ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഇന്ത്യൻ ജനതയുടെ രൂപാന്തരങ്ങളും ഐക്യപ്പെടലുകളും അധികാര കൈമാറ്റത്തിലേക്ക് പരിണമിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ അന്തർലീനമായ അപാരശക്തി വിശേഷം എന്ത് എന്ന് ആദ്യമായി കണ്ടെത്തുന്നത്. ഭൂമികുലുക്കുന്ന അത്ഭുതകരമായ ഒരു അനുഭവമായി അത് മാറുകയും ഒരു പുനർവിചിന്തനത്തിന് എല്ലാവരും പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നു ഒരു കാലഘട്ടമായി ബാരക്കിനകത്ത് അത് മാറി.”

“ജനാധിപത്യത്തിൻറെ അന്തർലീനമായ അപാരശക്തി വിശേഷത്തെ’’കുറിച്ചുള്ള ഈ വെളിപാടാണ് പാർട്ടിയിലും സാംസ്കാരിക വേദിയിലും പഴഞ്ചൻ കമ്മ്യൂണിസ്റ്റ് ചട്ടക്കൂടുകൾക്കെതിരെ തിരിയാൻ ബാബുവിന് വെളിച്ചമായത്. ആ നിലയ്ക്ക് ബാബു പറയുന്നതുപോലെ “ജനാധിപത്യത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് പുതിയ പ്രത്യയശാസ്ത്രം ഒന്നും ഉണ്ടായില്ലെങ്കിൽ പോലും” ലിബറലിസത്തെയും സ്റ്റാലിനിസത്തെയും മറികടന്നു പോകുന്ന ഒരു പുതിയ ഇടതുപക്ഷ ജനാധിപത്യത്തിന്റെ ആവേശകരമായ ഒരു ഉത്സവകാലമായിരുന്നു കേരളീയ യുവത്വം നെഞ്ചിലേറ്റിയ ‘ജനകീയ സാംസ്കാരിക വേദി’യുടെ കാലം.

സാംസ്കാരിക വേദിയുടെ തകർച്ചയ്ക്ക് ശേഷം ശക്തിപ്പെട്ടുവന്ന ഹിന്ദുത്വ ഫാസിസത്തിന്റെ ആശയ അടിത്തറയെ ചെറുക്കാൻ കേരളത്തിൻറെ ധൈഷണിക ജീവിതത്തിൽ അർത്ഥവത്തായ ചില ഇടപെടലുകളാണ് ബാബുവും സുഹൃത്തുക്കളും നടത്തിയത്.

‘ജനകീയ സാംസ്കാരിക വേദി’യുടെ പൂർണമായ ഒരു ചരിത്രം എഴുതുകയല്ല ബാബു ഈ കുറിപ്പുകളിൽ ചെയ്യുന്നത്. പരമ്പരാഗത കമ്മ്യൂണിസ്റ്റ് സാംസ്കാരിക പോഷക സംഘടന സങ്കൽപത്തിൽ നിന്ന് വ്യത്യസ്തമായി വിപ്ലവകരമായ ജീവിത-സൗന്ദര്യ മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ജനകീയ സാംസ്കാരിക പ്രസ്ഥാനത്തിന് സ്വച്ഛന്ദമായി എങ്ങനെ മുന്നേറാൻ കഴിഞ്ഞു എന്നാണ് ബാബു വിശദമാക്കുന്നത്. ഈ സംഭവത്തിന്റെ ചരിത്ര പ്രാധാന്യം എടുത്തുപറഞ്ഞു കൊണ്ടാണ് തന്റെ വിപ്ലവകരമായ രാഷ്ട്രീയ പ്രവർത്തനകാലത്തെ ഓർമ്മക്കുറിപ്പുകൾ ബാബു അവസാനിപ്പിക്കുന്നത്. അതിങ്ങനെയാണ്. “സാംസ്കാരിക വേദി നഷ്ടപ്പെടുമ്പോൾ എന്തോ നഷ്ടം സംഭവിക്കുന്നുണ്ട്. ഇനി എപ്പോഴെങ്കിലും വിപ്ലവകരമായ ഒരു പ്രസ്ഥാനം എന്ന ചിന്ത കേരളീയരുടെ മനസ്സിൽ ഉണ്ടായാൽ ‘സാംസ്കാരിക വേദി’ എന്ന ആശയം ആയിരിക്കും തെളിഞ്ഞു വരിക.”

സാംസ്കാരിക വേദിയുടെ തകർച്ചയ്ക്ക് ശേഷം ശക്തിപ്പെട്ടുവന്ന ഹിന്ദുത്വ ഫാസിസത്തിന്റെ ആശയ അടിത്തറയെ ചെറുക്കാൻ കേരളത്തിൻറെ ധൈഷണിക ജീവിതത്തിൽ അർത്ഥവത്തായ ചില ഇടപെടലുകളാണ് ബാബുവും സുഹൃത്തുക്കളും നടത്തിയത്. ‘പുസ്തകപ്രസാധക സംഘ’ത്തിൻറെ ബാനറിൽ കൊസാംബിയുടെ അടക്കമുള്ള പല ഗ്രന്ഥങ്ങളും ഇതിൻറെ ഫലമായി മലയാളത്തിൽ വന്നു. ഇങ്ങനെയും നമ്മുടെ സാംസ്കാരിക രംഗത്തെ ആഴത്തിൽ ജനാധിപത്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ ബാബു തുടരുക തന്നെയായിരുന്നു എന്ന് പറയാം.

ഇത്രയും പറഞ്ഞതിൽ നിന്നുതന്നെ തൻറെ പരാജയപ്പെട്ട തീവ്ര വിപ്ലവ രാഷ്ട്രീയ ഭൂതകാലത്തെ കുറിച്ചോർത്ത് ഹതാശനായി തീരുകയും അല്ലെങ്കിൽ കമ്മ്യൂണിസത്തെ തള്ളിപ്പറഞ്ഞ് പ്രതിലോമ ചിന്തകളിൽ അഭയം തേടുകയും ചെയ്യുന്ന ഒരു നക്സലൈറ്റിൻറെ വാർദ്ധക്യ സഹജമായ തേങ്ങുന്ന ഓർമ്മകൾ അല്ല ബാബു നമ്മോടു പങ്കുവെക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തം. ഇത് കണക്കിലെടുത്തുകൊണ്ട് ബാബുവിന്റെ ഈ ഓർമ്മക്കുറിപ്പുകളുടെ കേന്ദ്ര പ്രമേയമായ പരാജയപ്പെട്ടുപോയ ഇന്ത്യൻ നക്സലൈറ്റ് പ്രസ്ഥാനത്തെ ഇന്ന് വിലയിരുത്തുമ്പോൾ തെളിഞ്ഞുവരുന്ന മറ്റൊരു വിശാല പശ്ചാത്തലത്തെ കുറച്ചുകൂടി ഇവിടെ പറയേണ്ടതുണ്ട്. ആയിരക്കണക്കായ യുവാക്കളുടെ ആത്മബലിയും അവർണനീയമായ കൊടിയ സഹനങ്ങളും ജലരേഖ പോലെ ചരിത്രത്തിൽ ശേഷിപ്പുകൾ ഇല്ലാതെ മാഞ്ഞു പോയിട്ടില്ല എന്ന് വെളിപ്പെടുത്തുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റേതാണ് ഈ പശ്ചാത്തലം. കഴിഞ്ഞ നൂറ്റാണ്ടിന്റെ 60-കളിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും മറ്റും നേതൃത്വത്തിൽ ലോകവ്യാപകമായി ഉയർന്നു വരികയും ശീതയുദ്ധത്തിൽ കൊമ്പു കോർത്തു നിന്ന ലോകരാഷ്ട്രീയത്തിന്റെ സ്തംഭനത്തെ ഭേദിച്ച് ലോക കീഴാള ജനകോടികളുടെ വൈവിധ്യമാർന്ന സ്വാതന്ത്ര്യ സമരപരമ്പരകൾക്ക് വാതിൽ തുറക്കുകയും ചെയ്ത ഒരു മുന്നേറ്റം ആയിരുന്നു അത്. ലോക യുവജനത ഏറ്റെടുത്ത വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ തുടങ്ങി കറുത്തവരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും പുതിയ വിമോചന പ്രസ്ഥാനങ്ങളിലൂടെ കടന്ന് പഴയ രാഷ്ട്രീയത്തിന്റെ അധികാര ബന്ധ സങ്കൽപ്പങ്ങളെ തന്നെ അട്ടിമറിച്ച രാഷ്ട്രീയ ഭാവുകത്വപരമായ ഒരു വിപ്ലവമായിരുന്നു അത്. ഈ പ്രക്ഷോഭ പരമ്പരയ്ക്ക് തുടക്കം കുറിച്ച സംഭവമായിരുന്നു വിദ്യാർത്ഥികളും തൊഴിലാളികളും തൊഴിലില്ലാത്തവരും ലൈംഗികത്തൊഴിലാളികളും തത്വചിന്തകരും ഒക്കെ പങ്കെടുത്ത 1968-ലെ ഫ്രഞ്ച് വിദ്യാർത്ഥി വിപ്ലവം. നവീന ഇടതുപക്ഷം ( New Left) എന്നപേരിൽ അറിയപ്പെടുകയും പരമ്പരാഗത രാഷ്ട്രീയക്കാർ അവഗണിക്കുകയും ചെയ്ത ഈ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതിനായി യഥാർത്ഥത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ട് ആരംഭിക്കുന്നത് 1968-ൽ ആണ് എന്ന് അന്റോണിയോ നെഗ്രിയെ പോലുള്ള വലിയ രാഷ്ട്രീയ ചിന്തകർ ഉറപ്പിച്ചു പറയുന്നു. അത്യന്തം വൈവിധ്യമാർന്ന ഈ ലോക കീഴാള- യുവജന പ്രക്ഷോഭങ്ങളുടെ കുന്തമുന ചൂണ്ടിയിരുന്നത് സമത്വമില്ലാതെ സ്വാതന്ത്ര്യം പ്രസംഗിക്കുന്ന ലിബറിൽ മുതലാളിത്ത രാഷ്ട്രീയവും സ്വാതന്ത്ര്യമില്ലാതെ സമത്വം വാഗ്ദാനം ചെയ്യുന്ന സോവിയറ്റ് മാർക്സിസവും സൃഷ്ടിച്ച ജീവിത പ്രതിസന്ധിയുടെ നേർക്കായിരുന്നു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങൾ സൂക്ഷ്മ രാഷ്ട്രീയ തലത്തിൽ സ്വാംശീകരിക്കാൻ ശ്രമിച്ച ഫ്രഞ്ച് വിദ്യാർത്ഥി കലാപം അടക്കം നവീന ഇടതുപക്ഷ പ്രക്ഷോഭങ്ങൾ പലതും മാവോ ചിന്തയെ വിവിധതരം ഊന്നലുകളോടെ ഉയർത്തിപ്പിടിക്കുകയുണ്ടായി. ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാനത്തെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ഒരു വാൽക്കഷണം ആയി മാത്രം ഒതുക്കിനിർത്താതെ ആഗോള നവീന ഇടതുപക്ഷ യുവജന മുന്നേറ്റങ്ങളുടെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പരമ്പരാഗത വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് മുതലാളിത്ത മൂലധനം പ്രകൃതിയെയും ജീവിതത്തെയും ഊറ്റി കുടിക്കുന്ന ഒരു ആഗോള ഭീകര ശക്തിയായി മാറിക്കഴിഞ്ഞ ഇക്കാലത്തും കറുത്തവരും കർഷകരും വിവിധതരം ന്യൂനപക്ഷങ്ങളും ദരിദ്രരും സ്ത്രീകളും അടക്കമുള്ള കീഴാള ജനകോടികളുടെ വിമോചനത്തിനായുള്ള ചെറുത്തുനിൽപ്പുകൾ ഉയർത്തിക്കൊണ്ട് ഈ ബദൽ രാഷ്ട്രീയധാര ഇന്നും തുടരുകയാണ്.

രാജന്‍
രാജന്‍

അങ്ങനെ നോക്കുമ്പോൾ ഭാസുരേന്ദ്ര ബാബുവും സഖാക്കളും തീർത്തും പരാജയപ്പെട്ട ഒരു രാഷ്ട്രീയത്തിന്റെ പ്രതിനിധികൾ ആയിരുന്നു എന്ന് കരുതേണ്ടതില്ല. അവരുടെ സഖാക്കൾ ആയ രാജനും വിജയനും അങ്ങാടിപ്പുറം ബാലകൃഷ്ണനും രമേശനും അടക്കമുള്ളവർ വരിച്ച രക്തസാക്ഷിത്വവും അവർ സഹിച്ച വിവരണാതീതമായ കൊടിയ പീഡനങ്ങളും ഒന്നും വ്യർത്ഥമായില്ല എന്ന് കാണാം. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൽ പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം സ്ഥാപിക്കപ്പെട്ട താൽക്കാലിക ടോർച്ചർ ക്യാമ്പുകളിൽ ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ നടന്ന സ്കോട്ട്ലൻഡ് യാർഡ് മർദ്ദന പരീക്ഷണങ്ങൾക്കിരയായ ബാബുവും രവീന്ദ്രനും അടക്കമുള്ള നൂറുകണക്കിന് യുവാക്കളുടെ സഹനങ്ങൾ വർത്തമാന ചരിത്രത്തിലും എങ്ങനെ അർത്ഥം കൈവരിക്കുന്നു എന്നതിൻറെ പശ്ചാത്തലമാണിത്. വിയറ്റ്നാം യുദ്ധവും ഫ്രഞ്ച് വിദ്യാർത്ഥി വിപ്ലവവും തങ്ങളുടെ തലമുറയെ എങ്ങനെ രാഷ്ട്രീയമായി ഉണർത്തിയെന്ന് ഓർമ്മക്കുറിപ്പുകളുടെ തുടക്കത്തിൽ തന്നെ ബാബു എടുത്തുപറയുന്നുണ്ട്.

ഇങ്ങനെ, ആഗോള മൂലധന സാമ്രാജ്യത്തിന്റെ കൊള്ളക്കെതിരെ ഇന്ന് അമേരിക്കയെ വിറളി പിടിപ്പിച്ചുകൊണ്ട് ലോകമെങ്ങും വിവിധ രീതികളിൽ ഉയർന്നു വരാൻ തുടങ്ങിയിരിക്കുന്ന ‘പോസ്റ്റ് -നിയോ ലിബറൽ’ ബദൽ വിപ്ലവ രാഷ്ട്രീയത്തിന്റെ വർത്തമാനത്തിലേക്ക് ഭാസുരേന്ദ്ര ബാബുവിന്റെ ജീവൻ തുടിക്കുന്ന ഈ ഓർമ്മകൾ തുറന്നു വയ്ക്കപ്പെട്ടിരിക്കുന്നു എന്ന് കാണാം.

വ്യക്തിപരമായ ചില കാര്യങ്ങൾ കൂടി പറഞ്ഞുകൊണ്ട് ഈ ആമുഖക്കുറിപ്പ് അവസാനിപ്പിക്കാം. നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന ആഴമേറിയ ഒരു സൗഹൃദമാണ് ബാബുവും ഞാനും തമ്മിൽ ഉണ്ടായിരുന്നത്. എഴുത്തുകാരും കവികളും പത്രപ്രവർത്തകരും മറ്റുമടങ്ങുന്ന ഒട്ടേറെ പൊതുസുഹൃത്തുക്കളും ഞങ്ങൾക്കുണ്ട്. അവരിൽ പലരെക്കുറിച്ചും ബാബു ഇതിൽ പരാമർശിക്കുന്നുമുണ്ട്. ആ പരാമർശങ്ങളിൽ ചിലത് അവരെ കുറിച്ചുള്ള ചില തുറന്നു പറച്ചിലുകൾ ആണ്. കോർപ്പറേറ്റ് മുതലാളിത്ത വികസനത്തിന് ഊന്നൽ കൊടുക്കുന്നതെന്ന് ഞാൻ കരുതുന്ന ബാബുവിന്റെ പിൽക്കാല മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിൽ എന്ന പോലെ ഞങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ചുള്ള ബാബുവിന്റെ ചില വിലയിരുത്തലുകളുടെ കാര്യത്തിലും ഞങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ പുലർത്തിയിരുന്നു: പ്രത്യേകിച്ചും കെജിഎസിന്റെ കവിതയുടെ കാര്യത്തിൽ. അത് മൂടിവെച്ചുകൊണ്ട് ബാബുവിന്റ ഓർമ്മക്കുറിപ്പുകളുടെ ഈ ആമുഖം അവസാനിപ്പിക്കുന്നത് സത്യസന്ധമാവില്ല.

എൻറെ സഖാവും പ്രിയ സുഹൃത്തും ആയിരുന്നു ഭാസുരേന്ദ്ര ബാബുവിന്റെ രാഷ്ട്രീയ ജീവിതസംബന്ധിയായ ഈ ഓർമ്മക്കുറിപ്പിന് ഇങ്ങനെ ഒരു ആമുഖം എഴുതാൻ എനിക്ക് അവസരം തന്ന വിജയകുമാർ, രവീന്ദ്രൻ, ജോസി, ഉണ്ണി ബാലകൃഷ്ണൻ തുടങ്ങിയ സുഹൃത്തുക്കൾക്ക് നന്ദി പറയുന്നു.


Summary: B Rajeevan writes a preface to Journalist and Communist Bhasurendra Babu's book Yuvathwam Jwalichuyarnna Kaalam published by Pusthaka Prasadhaka Sangham


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments