ഭാഷാ ഇടനാഴിയിൽ നിന്നൊരു കഥപറച്ചിലുകാരൻ

“ജീവിതം എന്താണ് ഇങ്ങനെയെന്ന് അന്വേഷിച്ച് ഉഴന്നു പോകുന്ന ചെറുപ്പക്കാരെ എം.എ. റഹ്മാൻ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നു. ജീവിതമെന്ന പ്രഹേളികയെ അന്വേഷിക്കുന്ന ഈ കഥകളിൽ കഥയുടെ സൗന്ദര്യശാസ്ത്രത്തിൽനിന്നും കഥാകാരൻ പുറത്തുകടക്കുന്നതായി അനുഭവപ്പെടുന്നുവെന്നതാണ് വസ്തുത” എം.എ റഹ്മാന്റെ ‘ബടുവൻ ജീവിക്കുന്നു’ എന്ന കഥാസമാഹാരത്തിന് എ.ടി. മോഹൻരാജ് എഴുതിയ അവതാരിക.

ത്യുത്തര കേരളത്തിലെ (തുളുനാട്) ഉദുമയിലെ കണ്യാളങ്കരയാണ് എം.എ റഹ്‌മാന്റെ ജന്മദേശം. പഴയ തുളുനാട്. മംഗലാപുരത്തേക്കുള്ള റെയിൽപ്പാത കണ്യാളങ്കരയെ സ്പർശിച്ചുകൊണ്ട് പോകുന്നു. കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാനപാത അതിന് സമാന്തരമായി ഓടുന്നു. അടുത്തുതന്നെയായി കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു. റെയിൽവേ സ്റ്റേഷനഭിമുഖമായി പാലക്കുന്ന് ഭഗവതി ക്ഷേത്രം. ഉദുമയിൽ പള്ളിയും മദ്റസയും പള്ളിശ്മശാനവുമുണ്ട്. അടുത്തുള്ള തെയ്യസ്ഥാനത്തിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ പെരുങ്കളിയാട്ടം ഗംഭീരമായി നടക്കുന്നു. വയനാട്ട് കുലവൻ കൊട്ടിയാടും. വേട്ടയും മാംസം പങ്കിടലുമെല്ലാം ചടങ്ങായി ഇപ്പോഴും നടക്കുന്നു. തെയ്യപ്പറമ്പിൽ മുസ്‌ലിംകളെ ഇരിപ്പിടം നൽകി ആദരിക്കും. തെയ്യം അവരോട് വാക്കുരിയാടും.

തുളുനാട്ടിൽ സംസാരിക്കുന്ന തുളു, കൊങ്ങിണി, കന്നട, ബ്യാരി, ഉറുദു, മറാട്ടി തുടങ്ങിയ പല ഭാഷകളിൽ ഒന്നു മാത്രമാണ് മലയാളം. മലയാളമല്ലാത്ത ഭാഷകൾ കൊണ്ടുവരുന്ന അനുഭവങ്ങളും മലയാളത്തിന്റെ തീരങ്ങളിൽ നിക്ഷേപിതമാവുന്നുണ്ട്. പല ഭാഷകൾക്കും സാമുദായികമായ പ്രാതിനിധ്യം കൂടിയുണ്ട്. മുസ്‌ലിം സമുദായത്തിൽ, അറബിമലയാളം എന്ന ഭാഷയിലെ സാഹിത്യം വളരെ പ്രചാരത്തിലിരുന്ന പ്രദേശങ്ങളാണിവ. നബിമഹത്വങ്ങളും ഇസ്‌ലാമികമായ പടപ്പാട്ടുകളും അറബിക്കഥകളും തദ്ദേശീയമായ വിനോദ, തൊഴിൽ പ്രമേയങ്ങളുള്ള പാട്ടുകളുമൊക്കെ അറബിമലയാളത്തിലൂടെയാണ് വർത്തമാനകാലംവരെ ഒഴുകിയെത്തിയത്. അഷ്ടാംഗഹൃദയം എന്ന വൈദ്യശാസ്ത്ര ഗ്രന്ഥംപോലും ഇന്നാട്ടുകാർ അറബിമലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. അറബിമലയാളസാഹിത്യം സൃഷ്ടിച്ച മായികമായ ഒരു ഭാവനാലോകം അത്യുത്തര കേരളത്തിലുണ്ട്. ഹിന്ദുമത സമുദായങ്ങൾ ഇതിഹാസ പുരാണങ്ങളുടെ തദ്ദേശീയമായ പാഠങ്ങൾ നിർമിച്ച് അവരുടെ ഭാവനാതൃഷ്ണകളെ സാക്ഷാത്കരിച്ചപ്പോൾ മുസ്‌ലിം സമുദായം അറബിമലയാളത്തിലെ ആഖ്യാന സഞ്ചയങ്ങളെയാണ് ആവിഷ്‌കാരങ്ങൾക്ക് അടിസ്ഥാനങ്ങളായി സ്വീകരിച്ചത്. യക്ഷഗാന ബയലാട്ടവും തെയ്യവും പ്രധാനപ്പെട്ട ജനകലകളായി ജൈവസ്വഭാവത്തോടുകൂടി നിലനിന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന തെയ്യംകെട്ടുകൾ - പെരുംകളിയാട്ടങ്ങൾ ഗ്രാമത്തിലെ എല്ലാ സമുദായങ്ങളുടെയും ഉത്സവങ്ങളായിരുന്നു. ആ ആഘോഷങ്ങളുടെ ചടങ്ങുകൾ ഇപ്പോഴും ആധുനികവൽക്കരണത്തിന് പുറത്താണ്. മുസ്‌ലിം സമുദായങ്ങളിലും സെക്കുലറായ ഗാനങ്ങളും മത്സരപ്പാട്ടുകളുമുണ്ടായിരുന്നു. സൂഫി ഗാനരചയിതാക്കളും പാട്ടുകാരുടെയും ഒരു ലോകം വേറെതന്നെയുണ്ടായിരുന്നു. സമീപസ്ഥമായ മൊഗ്രാൽ, കവികുലങ്ങളുള്ള ഗ്രാമമായിരുന്നു. 1930 വരെ വർഷത്തിലൊരിക്കൽ അവിടെ തെക്കേഇന്ത്യൻ കവികൾ പങ്കെടുക്കുന്ന പാട്ടുക്കൂട്ടം കാവ്യമേള ഉണ്ടായിരുന്നു. തീവണ്ടിയിൽ ഒരു മണിക്കൂർകൊണ്ട് മംഗലാപുരത്തെത്താം. മംഗലാപുരവും കുറച്ചകലെയുള്ള ഉഡുപ്പിയും ബാസൽ മിഷന്റെ പ്രവർത്തനകേന്ദ്രങ്ങളായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽതന്നെ അവർ അവിടെ ഊർജ്ജിതമായി പ്രവർത്തിച്ചിരുന്നു. കർണാടകത്തിലെ യൂറോപ്യൻ ആധുനികതയുടെ കേന്ദ്രമായിരുന്നു ഉഡുപ്പി. കർണാടകഭാഷയിലെ ആദ്യ നോവൽ അവിടെയാണുണ്ടായത്. ബാസൽ മിഷന്റെ മതപരിവർത്തന പ്രവർത്തനങ്ങളും കൊളോണിയൽ ഭരണത്തിന്റെ ആധുനികവൽക്കരണ നടപടികളും കാസർകോടുള്ള കാർഷിക - ഗ്രാമ - സാമുദായിക ജീവിതങ്ങളെ വലിയ തോതിൽ പരിവർത്തിപ്പിച്ചിരുന്നില്ല. സൗത്ത് കാനറയുടെ ഭാഗമായിരുന്നു - പഴയ മദ്രാസ് പ്രസിഡൻസിയുടെ - അതുവരെ കാസർകോട്. മുമ്പത് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു.

ഐക്യകേരളം വന്നപ്പോൾ കാസർകോട് കണ്ണൂർ ജില്ലയുടെ വടക്കറ്റമായി. പിന്നീട് ജില്ലയായും മാറി. സമീപകാലംവരെ മറ്റു ജില്ലക്കാർക്ക് കാസർകോട് ഒരജ്ഞാത ദേശമായിരുന്നു. ഭാഷാപരമായ സവിശേഷതകൾ തന്നെയായിരുന്നു അതിന് പ്രധാനപ്പെട്ട കാരണം. തൊഴിൽ കിട്ടാൻ എളുപ്പം കാസർകോടേക്ക് അപേക്ഷിക്കുകയായിരുന്നു അന്യജില്ലക്കാർ ചെയ്തിരുന്നത്. കാസർകോടുള്ള പല സമുദായങ്ങൾക്കും വേരുകൾ കർണാടകത്തിലാണ്. കാസർകോടിന് തെക്കുള്ള കേരളത്തെ അവർ ഒരു കാര്യത്തിനും ആശ്രയിക്കുന്നേയില്ല.

എം.എ റഹ്മാൻ
എം.എ റഹ്മാൻ

തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെ മലയാളമാണ് ഭാഷയെങ്കിലും ഉദുമയിലും കാസർകോടുമുള്ളവർക്ക് അച്ചടിമലയാളം മറ്റൊരു ഭാഷപോലെയാണ്. ഇപ്പോളിതു പറയുവാൻ ഒരു കാരണം, ഈ അടുത്ത കാലത്ത് ശ്രേഷ്ഠഭാഷാപ്രണയിയായ ഒരധ്യാപകൻ പറഞ്ഞുവത്രെ റഹ്‌മാന് മലയാളം ശരിക്കും അറിഞ്ഞുകൂടായെന്ന്. ഇത് മലബാറിനെപ്പറ്റി കേരളത്തിന്റെ തെക്കൻഭാഗങ്ങളിൽനിന്ന് ഇവിടേക്ക് ജോലി തേടിയെത്തി സ്ഥിരവാസമുറപ്പിച്ചവരുടെ പരിഹാസപ്പറച്ചിലാണ്. ഇവിടെയുള്ള സാംസ്‌കാരിക വൈവിധ്യങ്ങളും ഭാഷാവൈവിധ്യങ്ങളും മതപരമായ വൈവിധ്യങ്ങളും അവയുടെ മഹത്വവും മറ്റു ജില്ലകളിൽനിന്ന് വരുന്നവർക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നു. തദ്ദേശീയ കോളണിയൽ ബോധമായിരുന്നു അവരുടേത്. ഇവിടെയുള്ളവരെ നല്ല ഭാഷ പഠിപ്പിക്കാൻ, നല്ല സംസ്‌കാരം പഠിപ്പിക്കാൻ നിയുക്തരായി വന്നവരായിരുന്നു തങ്ങൾ എന്ന് അവർ സ്വയം കരുതി. അവർ തദ്ദേശീയമായ സംസ്‌കാരത്തെയും ഭാഷാഭേദങ്ങളെയും പരിഹസിക്കുകതന്നെ ചെയ്തു.

അധികാരവുമായുള്ള, അധികാര കേന്ദ്രവുമായുള്ള അടുപ്പമാണ് ഒരുഭാഷക്ക്, ഒരു പ്രദേശത്തിൽ നിലവിലുള്ള പ്രാദേശിക ഭാഷാഭേദത്തിന് ആധികാരികത നൽകുന്നത്. അധികാരകേന്ദ്രത്തിൽനിന്ന് അകലം കൂടുമ്പോൾ ആ ഭാഷാഭേദത്തിന് ആധികാരികത കുറഞ്ഞു വരും. കാസർകോടൻ മലയാളം സിനിമയിലെ ഹാസ്യകഥാപാത്രങ്ങൾക്ക് നൽകിക്കൊണ്ട് മാതൃഭാഷാപ്രേമികൾ സന്തോഷിക്കും. വിദ്യാലയങ്ങളിലും ഓഫീസുകളിലും സ്വന്തം ഭാഷ നിസ്സഹായയായിപ്പോകുന്നത് അവർ നിത്യവും അറിഞ്ഞുകൊണ്ടിരിക്കുന്നു. കാസർകോട് ഭാഷകളുടെ ഒരു ബാബേൽ ആണെന്ന് പറയാം. ഭാഷമാത്രമല്ല, അതോടൊപ്പമുള്ള സംസ്‌കാരവും. അതുകൊണ്ടാവാം റഹ്‌മാൻ സംവിധാനം ചെയ്ത കാസർകോടിനെപ്പറ്റിയുള്ള ഡോക്യുമെന്ററിക്ക് സപ്തസ്വരങ്ങളുടെ ബാബേൽ എന്ന് പേര് വന്നത്. കർണാടകത്തിലേക്കുള്ള ഒരിടനാഴി -അന്തരാളസ്ഥലി (Liminal corridor)- ആണ്. ഈ ഇടനാഴിയിലെ സന്ദിഗ്ധാവസ്ഥക്കകത്താണ് ഈ പ്രദേശത്തിന്റെ വ്യക്തിത്വം രൂപപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ എത്രയോ ആളുകൾ ശരീരംകൊണ്ട് ഇവിടെ ജീവിക്കുകയും മനസ്സുകൊണ്ടും ജീവിതംകൊണ്ടും കർണാടകയിലായിരിക്കുകയും ചെയ്യുന്നവരാണ്. മലയാളഭാഷയിൽ ആവിഷ്‌കാരം നടത്തുവാനും മലയാളിജീവിതം പങ്കുവെക്കുവാനും ഇവിടെയുള്ളവർക്ക് വലിയതായി ക്ലേശിക്കേണ്ടിവരുന്നു. എഴുത്തുകാരെ സംബന്ധിച്ച് ഇത് ഏറെ പ്രസക്തമായ അനുഭവമാകുന്നു. ഇതനുഭവിച്ചവരിൽ മഹാകവി ഉബൈദും എം.എ റഹ്‌മാനും മാത്രമല്ല, സാഹിത്യ രംഗത്തിലേക്കെത്തിയ പുതിയ തലമുറയിലെ ആളുകളുമുണ്ട്. ഭാഷയുടെ ഈ അന്തരാളസ്ഥലിയിൽ ജന്മംകൊണ്ടതിന്റെ, അവിടെത്തന്നെ ജീവിക്കുവാൻ ദൃഢവ്രതം നോറ്റതിന്റെ ആധി വേണ്ടതിലധികമുണ്ട് റഹ്‌മാന്റെ രചനാലോകത്തിൽ.

തകരുന്ന യാനപാത്ര സംസ്‌കാരവും കാസർകോടും

സമൂഹമായ മറ്റൊരു ആധികൂടിയുണ്ടായിരുന്നു ഈ എഴുത്തുകാരനിൽ. കൗമാരം കഴിയുമ്പോഴേക്കും തന്റെ കണ്മുന്നിൽവച്ച് തന്റെ നാട്ടിൽ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളായിരുന്നു ആ ആധിയുടെ കാരണം.

ആയിരത്തിത്തൊള്ളായിരത്തി അറുപതിന്റെ അവസാന വർഷങ്ങളിൽ കാസർകോട് എന്ന കടൽത്തീരപട്ടണം പത്രങ്ങളിൽ കൂടുതൽ കൂടുതൽ പരാമർശിക്കപ്പെട്ടുകൊണ്ടിരുന്ന ഒരിടമായി മാറുകയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട കള്ളക്കടത്ത് കേന്ദ്രമായി പത്രങ്ങൾ കാസർകോടിനെ സ്ഥാപിക്കുകയായിരുന്നു. ഗൾഫ്‌നാടുകളിൽ പെട്രോൾ വരുമാനം കൂടുകയും സാമ്പത്തിക കുതിപ്പുണ്ടാവുകയും ചെയ്തപ്പോൾ അവിടേക്ക് പലതരം തൊഴിലുകളിലേക്ക് ആളുകൾ ആവശ്യമായി വന്നു. ആ സൗകര്യം ഏറ്റവും പ്രയോജനപ്പെടുത്തിയ കേരളക്കാർ കാസർകോട്ടുകാരായിരുന്നു. വലിയ വിദ്യാഭ്യാസമില്ലാത്ത ചെറുപ്പക്കാർ പാസ്‌പോർട്ടോ വിസയോ ഇല്ലാതെ തോണികളിൽ കയറി ഗൾഫ് നാടുകളിലെത്തി പലതരം ജോലികളിലേർപ്പെട്ടു.(കാസർകോട് എന്ന കടൽതീരപട്ടണത്തിൽ നിന്ന് ബോംബെയിലേക്കും മറ്റു പ്രധാന നഗരങ്ങളിലേക്കും ഉരുക്കൾ -യാനപാത്രം (ലോഞ്ചുകൾ)- ഉപയോഗിച്ച് ചരക്കുകടത്തുണ്ടായിരുന്നു. ബോംബെ വരെയുള്ള നാഷണൽ ഹൈവേ റോഡ് വഴിയുള്ള നദികൾക്ക് പാലം വന്നതോടെ അവിടേക്കുള്ള കടത്തുകൾ നിലച്ചു. ചരക്കു ഗതാഗതത്തിന് കൂടുതൽ സുരക്ഷിതമായ റോഡുമാർഗം ഉപയോഗിക്കപ്പെട്ടു. അതോടെ ഉരുക്കളുടെ ദിശ മാറി. അവ ഗൾഫിലേക്കുള്ള അനധികൃത യാത്രകൾക്കായി ഉപയോഗിക്കപ്പെട്ടു. ഇതാണ് കള്ളലോഞ്ച് എന്ന പുതിയ പ്രയോഗമായി മാറിയത്. യാനപാത്രങ്ങളെ ഗൾഫിലേക്കു തിരിച്ചുവിട്ടുള്ള ഈ പുതുപ്രയാണമുണ്ടാക്കിയ ജീവിതത്തിന്റെ പളപ്പും സംഘർഷവുമാണ് ആ ലോകം.) പോയതുപോലെതന്നെ ലോഞ്ചുകളിൽ അവർ തിരിച്ചും വന്നു. അവർ കള്ളക്കടത്ത് വ്യവസായത്തിലും തൊഴിലാളികളായി. കാസർകോടുനിന്ന് വലിയ കള്ളക്കടത്ത് നായകന്മാർ ഉയർന്നു വന്നു. സത്യവും അസത്യവും കൂടി ചേർന്ന വലിയ കള്ളക്കടത്ത് ആഖ്യാനങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടുകൊണ്ടിരുന്നു. കസ്റ്റംസുകാർ കള്ളക്കടത്ത് നടത്തുന്ന ലോഞ്ചുകളെ ചേസ് ചെയ്യുന്നതിനെക്കുറിച്ചും അവ അത്ഭുതകരമായി രക്ഷപ്പെടുന്നതിനെക്കുറിച്ചുമൊക്കെ ഇത്തിരി വാസ്തവവും ഒത്തിരി ഭാവനയും ചേർത്ത് പത്രങ്ങൾ കഥകളും തുടർക്കഥകളുമുണ്ടാക്കി. കള്ളക്കടത്തായി എത്തുന്ന സ്വർണക്കട്ടി/ബിസ്‌ക്കറ്റ്, അത്യാധുനിക ഗൃഹോപകരണങ്ങൾ ഇവയെപ്പറ്റിയൊക്കെ സാധാരണക്കാർ ആദ്യമായി അറിയുന്നത് പത്രവാർത്തകളിലൂടെയായിരുന്നു. വായനക്കാരെ ഉദ്വേഗം കൊള്ളിക്കുന്ന രീതിയിൽ അവ മെനഞ്ഞുണ്ടാക്കുന്ന പത്രപ്രവർത്തകർ കാസർകോട് തന്നെയുണ്ടായിരുന്നുവത്രെ. കാസർകോട് പെട്ടെന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഇടമായി. സ്വർണക്കട്ടികൾ, കസവുനൂലുകൾ, ടേപ്പുറിക്കാർഡറുകൾ, വാച്ചുകൾ, വിദേശനിർമിത ഉപകരണങ്ങൾ എല്ലാം ഒഴുകുന്ന ഇടമെന്ന് കാസർകോടിന് ഖ്യാതി ലഭിച്ചു. ഗൾഫ് നാടുകളിൽനിന്നും വിദേശനിർമിത വസ്തുക്കൾ വന്നിറങ്ങുന്ന ഇടമെന്ന നിലയിൽ അത് പുതിയ കച്ചവടകേന്ദ്രമായി മാറി. മുമ്പ് കാസർകോട് തദ്ദേശീയമായ പുകയിലക്കായിരുന്നു പ്രശസ്തമായിരുന്നത്. അതുമാറി വിദേശനിർമിത വസ്തുക്കൾ കുറഞ്ഞ വിലക്ക് കിട്ടുന്ന ഇടമായി അവിടം മാറി. പോലീസ് കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തിലെ വിരുദ്ധസംഘടനകളും ചോർത്തി നൽകുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഭൂപടത്തിൽ കാസർകോടിന് അധോലോകത്തിന്റെ നിറം ലഭിച്ചു. കസ്റ്റംസുമായുള്ളതോ കള്ളക്കടത്ത് ഗ്രൂപ്പുകൾ തമ്മിലുള്ളതോ ആയ ഏറ്റുമുട്ടലുകൾ കടലിൽ സാധാരണമായിരുന്നുവത്രെ. ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ച ആളുടെ ശവം തീരത്ത് വന്നടിയുക പോലുമുണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങൾ ത്രില്ലർ വാർത്തകൾക്കായി അവിടേക്ക് പറന്നു വന്നു. രാത്രിയിൽ കടലിൽനിന്ന് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ വഴിയിൽ തുണിയുടെയും കസവ് നൂലിന്റെയും കെട്ടുകൾ ഊർന്ന് വീഴുന്നത് സാധാരണ സംഭവമായിരുന്നു. റോഡുകളിലും മറ്റും വീണു കിടക്കുന്ന കെട്ടുകൾ ആളുകൾക്ക് എടുത്തു കൊണ്ടുപോകുവാൻ പേടിയുണ്ടായിരുന്നു. അങ്ങനെ വീണു കിടക്കുന്നത് എടുത്തുകൊണ്ടുപോയി ഞൊടിയിടയിൽ സമ്പന്നരായവരുമുണ്ടായിരുന്നു.

കള്ളക്കടത്തുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കഥകൾ അവിടെനിന്ന് പ്രചരിച്ചുകൊണ്ടിരുന്നു. കള്ളക്കടത്തിന്റെ നിഗൂഢതയിൽ അതിന്റെ വലക്കണ്ണികളിൽപ്പെടാത്തവരും കുടുങ്ങി ഞെരുങ്ങി. അക്കാലത്തെ ഏറ്റവും വലിയ കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്ത ദേശമായി കാസർകോടിനെ മുദ്രകുത്തി അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയിലും വാർത്ത വന്നപ്പോൾ ഈ ദേശം ലോകം ശ്രദ്ധിക്കുന്ന ഒരിടമായി.

കള്ളക്കടത്തിന് നേതൃത്വം കൊടുക്കുന്ന ചില ആളുകൾ അവിടത്തെ മുടിചൂടാ മന്നന്മാരായി. സമ്പത്തുകൊണ്ടവർ നിയമത്തിനും അതീതരായി ജീവിക്കുന്ന രീതിയിലുള്ള വാർത്തകൾ വന്നുകൊണ്ടിരുന്നു. രാഷ്ട്രീയക്കാരും സാംസ്‌കാരികപ്രവർത്തകരും അവരുടെ മുമ്പിൽ അനുഗ്രഹാശിസ്സുകൾക്കായി വരിവരിയായി നിന്നു. അവയെ വാസ്തവമാക്കുന്ന സിനിമകളും മലയാളത്തിൽ നിർമിക്കപ്പെട്ടു. കാസർകോട് ഗൾഫ് നാട്ടിലേക്കുള്ള ഒരു കവാടം പോലെയായി. ഗൾഫിന്റെ കൊച്ചു പതിപ്പുമായി. പുതുതായുണ്ടായ സാമ്പത്തിക സമൃദ്ധിയും ഗൾഫിലെ സമൃദ്ധിയും കാസർകോടിന്റെ ഭൗതികാന്തരീക്ഷത്തെ മന്ത്രവാദം കൊണ്ടെന്നപോലെ ചടുലമായി മാറ്റി. മനുഷ്യരുടെ കാഴ്ച്ചപ്പാടിലും അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ള മാറ്റമുണ്ടായി. ആത്മീയതയെയും അത് സമകാലിക സമ്പദ്ക്രമത്തിന്റെ അടിമയാക്കി. അറബിക്കഥകളിലെ അത്ഭുതലോകത്തിന് സമാനമായ ഒരിടമായി കാസർകോട്. കേരളത്തിലെ മറ്റു പ്രദേശങ്ങൾ ബ്രിട്ടീഷ് കോളനി സംസ്‌കാരത്തെ വിഴുങ്ങിയും തുപ്പിയും ഒരു നൂറ്റാണ്ടുകൊണ്ടായിരുന്നു ആധുനികമായത്. കാസർകോട് ഋതുഭേദത്താൽ എന്നതുപോലെ പെട്ടെന്ന് ആധുനികമാവുകയായിരുന്നു. പാരമ്പര്യ ഘടകങ്ങളെ ഒന്നും നവീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാതെയുള്ള ഉപരിപ്ലവമായ ആധുനികതയായിരുന്നു അത്.

ഗൾഫിലെ ഏറ്റവും സമകാലികമായ യന്ത്രോപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുംകൊണ്ട് നിറഞ്ഞ കാസർകോട് ഒരു കാഴ്ച ബംഗ്ലാവായി മാറി. പെട്ടെന്ന് പൊട്ടിവിരിഞ്ഞ ഈ പശ്ചിമേഷ്യൻ ആധുനികതയിൽ വിസ്മയിച്ചുനിൽക്കുന്ന ആളുകളെ റഹ്‌മാന്റെ കഥകളിൽ കാണാം. ഒരു പ്രദേശത്തിന്റെ ആത്മാവിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഗ്രഹിക്കുവാൻ സാധ്യമാകാതെ വിഹ്വലരാകുന്നവർ. അടിത്തട്ടിലെ മനുഷ്യർപോലും അതിലുൾപ്പെടുന്നു. ബടുവൻ ജീവിക്കുന്നു എന്ന കഥയിലെ ഖബ്ർവെട്ടുന്ന ജോലിയെടുത്തു ജീവിക്കുന്ന മനുഷ്യൻ തന്റെ ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ, കുഞ്ഞിന് പാല് കൊടുക്കാൻ ഒരു മുലക്കുപ്പി വാങ്ങാൻ സഹായകമാകുമെന്ന് കരുതി കടൽത്തീരത്ത് പോലീസുകാരുടെ കണ്ണിൽപ്പെടാതെ കിടക്കുന്ന കസവ്‌നൂൽക്കെട്ട് ചെറുതോണിയിൽ കയറ്റി പുഴയുടെ ഇക്കരെക്കുകൊണ്ടുവരികയാണ്.

അയാളുടെ മനസ്സിൽ പ്രതിരോധ ചിന്തയുയരുന്നതുപോലെ, ഒരു മറിമായംപോലെ പെട്ടെന്നാണത് സംഭവിച്ചത്. ബടുവൻ ഒരു ചുഴിയിലേക്കു വലിക്കപ്പെട്ടു. അയാളും തോണിയും അതിന്റെ ഉതിരം മറിച്ചിലിൽ കറങ്ങിക്കൊണ്ടിരുന്നു. ഭൂമി പിളർന്നു അഗ്നിപർവതങ്ങൾ ഉഷ്ണജലമൊഴുക്കി. തോണി ആകാശത്തോളം ഉയർന്നു. ലോകം തിരിഞ്ഞു മറിഞ്ഞു. തോണിയും പുഴയും സകലചരാചരങ്ങളും അയാളെ ചൂഴ്ന്നു മറിഞ്ഞു.

ആ തോണി കരയുടെ നാഭിയിലേക്ക് എടുത്തെറിയപ്പെട്ടു. അപ്പോഴേക്കും പുഴ വറ്റിപ്പോയിരുന്നു. അയാൾക്ക് ചുറ്റും പരന്നുകിടക്കുന്ന ഇരുട്ടുമാത്രം. അവിടെ കുഞ്ഞില്ല, ഭാര്യയില്ല, കൊച്ചുവീടില്ല. ശൂന്യത, അപാരത, അനന്തത. അതിനപ്പുറം... അവരൊന്നുമില്ലാതെ ഒരു ജീവിതം അയാൾക്കെന്തിന്? അല്ലെങ്കിൽ ഈ ജീവിത സൗഭാഗ്യം ആർക്കുവേണ്ടി? (ഉന്മാദികളുടെ പൂന്തോട്ടം. 72)

പരേതർക്ക് താൻ സാധാരണ ഖബറിടം വെട്ടുന്ന ഖബർസ്ഥാനിൽ ഒരു കുഴിവെട്ടി ആ കസവ് നൂൽക്കെട്ട് അയാൾ അതിലെടുത്തുവച്ച് മണ്ണിട്ടുമൂടി. അതിനു മുകളിൽ ഒരു കല്ലും നൊച്ചിൽക്കൊടിയും കുത്തി ബടുവൻ ജീവിതത്തിലേക്കു നടന്നു.

ബടുവൻ എന്ന പേരുതന്നെ അയാളുടെ പ്രായോഗികബുദ്ധിയില്ലായ്മയെ സൂചിപ്പിക്കുന്നുണ്ട്. കള്ളക്കടത്തിൽ നേരിട്ട് പങ്കെടുക്കാത്തവർ പോലും അതിന്റെ മോഹച്ചുഴിയിൽപ്പെട്ടു പോകുന്ന അവസ്ഥ യഥാർഥത്തിൽ കാസർകോടുണ്ടായിരുന്നു. കസവുനൂലുമായി തുഴയുന്ന ബടുവന്റെ ആഭ്യന്തര സംഘർഷം അടിത്തട്ടിലെ മനുഷ്യരിൽ പോലുമുണ്ടായിരുന്നു. സമ്പന്നതയാഗ്രഹിക്കുന്ന മുകൾത്തട്ടിലെ മനുഷ്യർ ഈ പ്രലോഭനത്തിൽ വീണുപോവുകതന്നെ ചെയ്യും. ഒരു പ്രദേശത്തിന്റെ മനസ്സിൽ സംഭവിച്ചുകൊണ്ടിരുന്ന സംഘർഷം ഈ ചെറിയ കഥയിലുണ്ട്.

കസവുനൂലുമായി തുഴയുന്ന ബടുവന്റെ ആഭ്യന്തര സംഘർഷം അടിത്തട്ടിലെ മനുഷ്യരിൽ പോലുമുണ്ടായിരുന്നു. സമ്പന്നതയാഗ്രഹിക്കുന്ന മുകൾത്തട്ടിലെ മനുഷ്യർ ഈ പ്രലോഭനത്തിൽ വീണുപോവുകതന്നെ ചെയ്യും. ഒരു പ്രദേശത്തിന്റെ മനസ്സിൽ സംഭവിച്ചുകൊണ്ടിരുന്ന സംഘർഷം ഈ ചെറിയ കഥയിലുണ്ട്.
കസവുനൂലുമായി തുഴയുന്ന ബടുവന്റെ ആഭ്യന്തര സംഘർഷം അടിത്തട്ടിലെ മനുഷ്യരിൽ പോലുമുണ്ടായിരുന്നു. സമ്പന്നതയാഗ്രഹിക്കുന്ന മുകൾത്തട്ടിലെ മനുഷ്യർ ഈ പ്രലോഭനത്തിൽ വീണുപോവുകതന്നെ ചെയ്യും. ഒരു പ്രദേശത്തിന്റെ മനസ്സിൽ സംഭവിച്ചുകൊണ്ടിരുന്ന സംഘർഷം ഈ ചെറിയ കഥയിലുണ്ട്.

ഗൾഫ് സമൃദ്ധി വീടകങ്ങളെയും വാസയോഗ്യമല്ലാതാക്കിയിരുന്നു. വീട്ടിൽ മനുഷ്യരെക്കാൾ പ്രാധാന്യം ആളുകൾ പുതിയ വിദേശനിർമിത ഉപകരണങ്ങൾക്ക് നൽകിത്തുടങ്ങി. മക്കൾ ഗൾഫിൽ പോയി വന്നുകൊണ്ടിരിക്കുന്ന ഒരു ശരാശരി വീട് വിദേശവസ്തുക്കളുടെയും യന്ത്രോപകരണങ്ങളുടെയും മ്യൂസിയം പോലെയാവുകയായിരുന്നു:

ഈ വീട്ടിൽനിന്ന് ഒരുപാട് പേർ പുറത്തേക്ക് പോയിട്ടുണ്ട്. അവർ തിരിച്ചു വരുന്നത് പല പല കാലങ്ങളിലാണ്. ആരും പരസ്പരം കാണുകയില്ല. അവർ കൊണ്ടുവന്ന പെട്ടികൾ, ബാഗുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, എല്ലാം കൂട്ടിയിരിക്കുന്നത് ഞാൻ ഉപയോഗിച്ചിരുന്ന ഈ മുറിയിലാണ്.

രാവിലെ അനുജൻ എന്റെ മുറി വെടിപ്പാക്കാൻ കയറി. ഒരു പഴയ ഷൂസ് പുറത്തെടുത്തപ്പോൾ ഒരു പാമ്പ് അവന്റെ വലം കൈയിൽ ചുറഞ്ഞ് വഴുവഴാന്ന് താഴേക്ക് ഊർന്നു വീണു.

പാമ്പിനെയല്ല എനിക്കു പേടി, ആ യന്ത്രങ്ങളെയാണ്. ഒരു വൻകാട്ടിലാണ് ഞാൻ പ്രവേശിക്കുന്നത്. വാതിൽക്കൽ തന്നെ ചുമരിനോട് ചേർന്ന് മലർന്ന് കിടക്കുന്ന ഒരു കമ്പ്യൂട്ടർ സ്‌ക്രീൻ. ആ മുറിയുടെ ചുമരോരം ചേർന്ന് യന്ത്രങ്ങൾ പരസ്പരം കൈകോർത്ത് പിടിച്ചിരിക്കുന്നു. ചിലതൊക്കെ പരസ്പരം വിഴുങ്ങിയിരിക്കിക്കുന്നു. ഒരു യന്ത്രച്ചങ്ങല. ജീവന്റെ കണികപോലും എവിടെയുമില്ല.

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ, പോർട്ടബിൾ ടൈപ്പ് റൈറ്റർ, കോഡ്‌ലസ് ഫോൺ, അടപ്പില്ലാത്ത മിക്‌സി, തുരുമ്പു കയറിയ എയർകണ്ടീഷനർ, മുക്കാൽ ഭാഗം മാത്രമുള്ള ഫ്രിഡ്ജ്, ഡ്രയർ, ടേപ്പ് റിക്കാർഡർ, വാക്വം ക്ലീനർ, മൂടിയില്ലാത്ത വാഷിങ് മെഷിൻ, ഇലക്ട്രിക്ക് ഓവൻ, ഇലക്ട്രോണിക് കളിക്കോപ്പുകൾ, കാൽക്കുലേറ്ററുകൾ, വാപിളർന്നും അടച്ചും കിടക്കുന്ന കുറേ പെട്ടികൾ. ഇവയെല്ലാം ചേർന്നപ്പോൾ മുറിയുടെ മുക്കാൽ ഭാഗവും തീർന്നു. പിന്നെ കഷ്ട്ടിച്ചു ഒരാൾക്ക് കിടക്കാവുന്ന സ്ഥലമേയുള്ളൂ.

‘ഇതെല്ലം കേടായതാണോ?’ ഞാൻ ഉമ്മയോട് ചോദിച്ചു.

പെങ്ങളാണ് മറുപടി പറഞ്ഞത്: ‘ഒരു ചെറിയ തകരാറ് കണ്ടാൽ പിന്നെ അത് ഉപയോഗിക്കില്ല. പുതിയത് വാങ്ങുകയാണ് പതിവ്.’(ദലാൽ സ്ട്രീറ്റ്: 29)

ചെറുപ്പക്കാർ ഗൾഫ് നാടുകളിൽ പോയി വന്നുകൊണ്ടിരിക്കുന്ന വീടുകൾ ഈ നോവലെറ്റിൽ കാണുന്നതുപോലെ ഉപകരണങ്ങൾകൊണ്ട് നിറഞ്ഞു. ഗൾഫിൽനിന്ന് ഗുണംപിടിക്കാതെ എന്നേക്കുമായി മടങ്ങിവന്ന കുടുംബാംഗത്തിന് അനുവദിച്ചു കിട്ടിയ മുറിയാകെ റിപ്പയർകട പോലെ യന്ത്രക്കൂമ്പാരമായിരുന്നു. ഇത് കാസർകോടിന്റെ പൊതുവായ അനുഭവമായിരുന്നു. ഇതുപോലെ യന്ത്രോപകരണങ്ങളും വാരിവിതറാൻ കാശുമില്ലാതെ ഗൾഫിൽനിന്ന് മടങ്ങിയവൻ, ആർക്കും ആവശ്യമില്ലാത്ത, കേടായ, സ്ഥലംമുടക്കിയന്ത്രം. ഇങ്ങനെ മനുഷ്യന് ഡീഹ്യൂമനൈസേഷനും ഇതിന്റെ ഭാഗമായി സംഭവിച്ചു.

ദലാൽ സ്ട്രീറ്റ് എന്ന കഥയിലെ ഈ അന്തരീക്ഷം കേവലം ഭാവനാത്മകമല്ല. ഗൾഫിലേക്ക് ചെറുപ്പക്കാർ പോയ വീടുകളിലെ പൊതുവായ ചിത്രമായിരുന്നു. ഒരു നാട് മുഴുവൻ ഉപയോഗിക്കുന്നതും ഉപയോഗത്തിലില്ലാത്തതുമായ യന്ത്രോപകരണങ്ങളുടെയും സൗന്ദര്യസംവർധക വസ്തുക്കളുടെയും നിബിഡവനമാക്കുന്ന അവസ്ഥ കാസർകോടിലെ ഓരോ ഗ്രാമത്തിലുമുണ്ടായിരുന്നു.

‘ദലാൽ സ്ട്രീറ്റ്’ എന്ന കഥ, കഴിഞ്ഞുപോയ കാലത്തെയും നടപ്പുകളെയും സാഹിത്യത്തെയുമെല്ലാം ഹിംസാത്മകമായി വിമർശിക്കുന്നു. ഗൾഫിലേക്ക് തിരിച്ചുപോകാൻ താത്പര്യമില്ലാത്തവനെ, ഒന്നും സമ്പാദിക്കാത്തവനെ മനുഷ്യർക്ക് മാത്രമല്ല, ധനസ്ഥാപനങ്ങൾക്കും ആവശ്യമില്ല. യൗവനാരംഭത്തിൽ സിരയിൽ ത്രസനമുണ്ടാക്കിയ ആശയങ്ങളുടെ വക്താക്കളെല്ലാം പുതുസമ്പദ്ക്രമത്തിന്റെ വിളികളിൽ അവയോട് വിടപറഞ്ഞു കഴിഞ്ഞു. കഥയിലെ ചെറുപ്പക്കാരനുമാത്രം അവയോട് വിട പറയാനാവുന്നില്ല.

കഥയിലെ ഒരു ബദൽ മാതൃക

ഈ കാലത്തെ കാസർകോടുകാരനായ ഒരു ചെറുപ്പക്കാരന്റെ ജീവചരിത്രമായി റഹ്മാന്റെ ഏറെ പ്രസിദ്ധിയാർജ്ജിച്ച പുളിമുറിച്ചവളപ്പിൽ സൂപ്പിഹാജി മകൻ പള്ളിക്കുഞ്ഞിയുടെ ജീവിതത്തെ വായിക്കാം.

പള്ളിക്കുഞ്ഞി ഗൾഫ് വ്യാമോഹമില്ലാത്ത ആളായിരുന്നു. അയാൾ ഒരു ബദൽ മാതൃകയായിരുന്നു. അയാൾക്ക് ഗൾഫിൽ പോയി തൊഴിലെടുത്ത് ധനം സമ്പാദിക്കേണ്ടതില്ല. അയാൾക്ക് പഠനത്തിലും ഗവേഷണത്തിലുമായിരുന്നു താത്പര്യം. ഉത്തരേന്ത്യൻ സർവകലാശാലയിൽനിന്ന് എം.എ ആന്ത്രോപ്പോളജി കഴിഞ്ഞുവന്ന പള്ളിക്കുഞ്ഞിയുടെ രൂപംതന്നെ ആ അന്തരീക്ഷത്തിന് പറ്റൂന്നതായിരുന്നില്ല.

തൊള്ളായിരത്തി എഴുപതുകളാവുമ്പോഴേക്കും ഇന്ത്യയിലാകെ നെഹ്റുവിയൻ ആധുനികതയുടെ പ്രതികൂലവശങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരിന്നു. യന്ത്രസംസ്‌കാരത്തിൽനിന്നും ആരണ്യക സംസ്‌കാരത്തിലേക്കും പുതിയ പരിത്യാഗ മാതൃകകളിലേക്കും യൗവനം കൂടുമാറ്റിത്തുടങ്ങിയിരുന്നു. ഈ മാറ്റത്തിന്റെ ചെറുകാറ്റ് പള്ളിക്കുഞ്ഞിയെയും സ്പർശിക്കുന്നുണ്ട്. ജൈവസംസ്‌കൃതിയിലേക്കു അള്ളിപ്പിടിക്കുവാൻ അവൻ പാടുപെടുന്നു.

കാസർകോടിന്റെ എഴുപതുകളിലെ സാമൂഹികചരിത്രം പള്ളിക്കുഞ്ഞിയുടെ ചരിത്രത്തിന് സമാന്തരമായി ഒഴുകുന്നു:

ഈ പുഴ ഒരു അക്ഷയപാത്രമാണ്. ഇതിലേക്ക് ഒഴുകിവരുന്നത് എന്തെല്ലാമാണെന്നറിയുമോ? കസവുനൂലുകൾ, വാച്ചുകൾ, സ്വർണക്കട്ടികൾ, കാസറ്റുകൾ, പണ്ട് ഇതൊന്നുമായിരുന്നില്ല. അന്നു മരമായിരുന്നു ഒഴുകിയിരുന്നത്. ചിലപ്പോൾ കുരുമുളകും. അത്യാവശ്യം ഞങ്ങളുടെ ദേശക്കാർ തൊപ്പികൾ തുന്നി അയച്ചിരുന്നു. എവിടേക്കാണെന്നല്ലേ? അറബിക്കെട്ടിലേക്ക്. ഈ പുഴ നേരെ ചെന്നു വീഴുന്നത് അറബിക്കെട്ടിലാണ്. അഴിമുഖത്തുനിന്ന് കുത്തനെ പടിഞ്ഞാട്ട് വിട്ടാൽ എത്തുന്നത് അറബിക്കെട്ടിൽ. പണ്ട് അറബിക്കെട്ട് എന്നറിയപ്പെടുന്ന രാജ്യങ്ങളാണ് ഇന്ന് ദുബായ്, ഖത്തർ, ഷാർജ, ബഹ്റൈൻ, കുവൈത്ത്, മസ്‌കറ്റ്, എന്നീ അറബി നാമങ്ങളിലും യു.എ.ഇ, അറേബ്യൻ ഗൾഫ് എന്നീ ഇംഗ്ലീഷ് പേരുകളിലും അറിയപ്പെടുന്നത്. ഞങ്ങളുടെ ദേശത്തുനിന്ന് ആദ്യകാലത്ത് ഉരുക്കൾ ഈ വഴിയിലൂടെ കുത്തനെ അറബിക്കെട്ടിലേക്ക് പോയിരുന്നു. അവ തിരിച്ചുവരുമ്പോൾ നിറയെ സ്വർണമായിരുന്നു. പിന്നെ അവർ മനുഷ്യരെയും കൊണ്ടുപോയി. ഇന്ന് അറബിക്കെട്ട് എന്നറിയപ്പെടുന്ന രാജ്യം ഇവിടെനിന്ന് കൊണ്ടുപോയ മനുഷ്യരെക്കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നത് ഒരു സത്യമാണല്ലോ. പള്ളിക്കുഞ്ഞി ജീവിക്കുന്ന കാലഘട്ടവും യഥാർഥത്തിൽ ഇതുതന്നെയാണ്. അവനിപ്പോൾ ഒരു സർക്കാർ കോളജിൽ ബി.എ കോഴ്‌സിന് പഠിക്കുകയാണ്. അവന് ചുറ്റും തിളക്കുന്ന ഒരു ലോകമുണ്ട്. ടേപ്പു റിക്കാർഡറുകൾ, കാസറ്റുകൾ, സ്വർണക്കട്ടികൾ, അവക്കിടയിൽ പുഴുക്കളെപ്പോലെ കൂത്തുമറിയുന്ന മനുഷ്യർ. അവരെല്ലാം ഒരേ ലക്ഷ്യത്തിലാണ് ചരിക്കുന്നത് - അറബിക്കെട്ട്. എല്ലാവരും പുഴയിൽ കുത്തനെ പടിഞ്ഞാറോട്ട് നോക്കി നിൽക്കും. പള്ളിക്കുഞ്ഞിയുടെ പിതാവ് മരിക്കുമ്പോൾ അയാൾക്ക് ചുറ്റും പാസ്‌പോർട്ട്, വിസ, ഗ്രൂപ്പ് വിസ എന്നീ സമ്പ്രദായങ്ങൾ ഉടലെടുത്തു കഴിഞ്ഞിരുന്നു. പിതാവിന്റെ നാവിൽ അവസാനത്തെ തുള്ളി വെള്ളം ഒഴിച്ചു കൊടുത്തപ്പോൾ അയാൾ അമറി.

കാസർകോട്ടെ ഗൾഫിൽ പോയ ചെറുപ്പക്കാർ ആത്മാഭിമാനത്തോടെ അവിടെ തൊഴിലെടുത്താലും ഇവിടെ വരുമ്പോൾ കള്ളക്കടത്തു സ്വർണം ചുമക്കുന്നവനെന്ന മുദ്രയാണ് സമൂഹം അവന്റെ ചുമലിൽ പതിക്കുക. ഈ അപമാനഭാരം ചുമക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു ഗൾഫ് സമൃദ്ധിയുടെ വസന്തകാലത്തിൽതന്നെ അതിനെ പ്രതിരോധിക്കുന്ന കഥാപാത്രങ്ങളെ തന്റെ കഥകളിൽ റഹ്‌മാൻ അവതരിപ്പിച്ചത്.

പള്ളിക്കുഞ്ഞീ, നീ അറബിക്കെട്ടില് പോണം. എന്നെപ്പോലെ ഹജ്ജ് ചെയ്യാനല്ല. സമ്പാദിക്കാൻ. നിന്റെ ഉമ്മാക്ക് നീയല്ലാതെ മറ്റാരുണ്ട്.(പുളിമുറിച്ച വളപ്പിൽ സൂപ്പിഹാജി മകൻ ജനാബ് പള്ളിക്കുഞ്ഞി എം.എ ആന്ത്രോപ്പോളജി: കിത്താബ് മഹൽ 19-21)

പള്ളിക്കുഞ്ഞി ഉത്തരേന്ത്യയിൽനിന്ന് എം.എ ആന്ത്രപ്പോളജി കഴിഞ്ഞുവരുമ്പോഴേക്കും അവന്റെ കോലം ആകെ മാറിയിരുന്നു. നാടിന്റെ കോലമാകട്ടെ അതിലധികമായും മാറിപ്പോയിരുന്നു:

‘പള്ളിക്കുഞ്ഞി തിരിച്ചു വരുമ്പോൾ ഒരു ജഢാധാരിയായിരുന്നു. കണ്ണും മുഖവും കറുത്ത് കരുവാളിച്ച് ഒരു ആദിവാസിയെപ്പോലെ ഇരിക്കുന്നു. നാട്ടിലെത്തിയതോടെ അവന് ഒരു കാര്യം മനസ്സിലായി. പുരുഷന്മാരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. യുദ്ധം കഴിഞ്ഞ് സ്ത്രീകൾ മാത്രം അവശേഷിച്ച അറേബ്യൻ മരുഭൂമിപോലെ ദേശം. കെട്ടിടങ്ങൾ വർധിച്ചിരിക്കുന്നു, പച്ചത്തലപ്പുക്കൾ അപ്രത്യക്ഷമായ സ്ഥലങ്ങളിൽ രണ്ടും മൂന്നും നിലയുള്ള കോൺക്രീറ്റ് വാർപ്പുകൾ. അവക്കുള്ളിൽനിന്ന് ഇടുങ്ങിയ വാതായനങ്ങളിലൂടെ പുറത്തേക്ക് തലനീട്ടുന്ന സ്ത്രീകൾ, അവരുടെ വിടർന്ന, ആണുങ്ങളെ കൊത്തിവലിക്കുന്ന കണ്ണുകൾ. ചുറ്റും ചായംതേച്ച മതിലുകൾ, ഇരുമ്പുഗേറ്റുകൾ. അവന്റെ ഉമ്മക്കുമാത്രം ഒരു മാറ്റവുമില്ല. അവർ പുളിമുറിച്ചവളപ്പിൽ സൂപ്പിഹാജി പണിത ആ പഴയമാളികയിൽ കണ്ണും പൂട്ടിയിരിക്കുകയായിരുന്നു.’

പഞ്ചായത്ത് പ്രസിഡണ്ട് ടി.പി കുഞ്ഞാമു ഹാജിയും പൗരപ്രമുഖനായ കോരൻ കാരണവരുമെല്ലാം ചേർന്ന് പള്ളിക്കുഞ്ഞിയുടെ പ്രതിരോധചിന്തകളെ തോൽപ്പിച്ച് അയാളെ ഷാർജയിലേക്ക് വിസ ശരിയാക്കി കയറ്റിവിടുന്നു. ഗൾഫ് കേരളീയരുടെ സ്വപ്നമാവാൻ തുടങ്ങിയ തൊള്ളായിരത്തി എഴുപതുകളിലെ ബദൽ ചിന്ത കഥയിലൂടെ അവതരിപ്പിക്കുന്നു. ഗൾഫ് പണത്തിനോട് പ്രായം ചെന്ന മനുഷ്യർക്കുപോലും ആസക്തിയുണ്ടായ കാലം. ഗൾഫിൽ പോകാൻ ആഗ്രഹിക്കാത്തവൻ വിവരശൂന്യരും പ്രായോഗിക ബുദ്ധിയില്ലാത്തവരുമായി മുദ്രകുത്തപ്പെടുന്ന കാലം.

കാസർകോട് എന്ന പ്രദേശംതന്നെ കള്ളക്കടത്ത് എന്നതിന്റെ പര്യായപദംപോലെയായി കുപ്രസിദ്ധിയാർജിച്ച കാലം. ഗൾഫിൽ പോയി മാന്യമായ തൊഴിലെടുത്താലും നാട്ടിൽ വന്നാൽ വലിയ ആദരവ് ലഭിക്കുവാനിടയില്ല. ആ ഗൾഫ് മാതൃക സ്വീകരിക്കാതിരിക്കുവാനാണ് പള്ളിക്കുഞ്ഞി പാടുപെട്ടത്. പള്ളിക്കുഞ്ഞിയിലൂടെ ഒരു ബദൽ മാതൃക മുന്നോട്ടുവക്കുകയായിരുന്നു ഈ കഥ ചെയ്തത്.

കാസർകോടെ ഒരു സവിശേഷ കാലഘട്ടത്തിലെ യൗവനത്തിന്റെ ജീവചരിത്രമായിരുന്നു പുളിമുറിച്ച വളപ്പിൽ സൂപ്പിഹാജി മകൻ ജനാബ് പള്ളിക്കുഞ്ഞി എന്ന കഥ. ഒരു സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക പശ്ചാത്തലവും കഥയിൽ ആഖ്യാനം ചെയ്തിരിക്കുന്നു. വ്യക്തിയുടെ അനുഭവങ്ങളെ എഴുത്തുകാരൻ സൃഷ്ടിക്കുന്ന രീതിയിലാണ് ആധുനിക സാഹിത്യകാരന്മാർ കഥകളെഴുതിയത്. വ്യക്തിയുടെ സ്വഭാവത്തിലെ സാമൂഹ്യപരതയെ ആഖ്യാനത്തിലൂടെയവതരിപ്പിക്കുവാൻ ഈ കഥ ശ്രമിക്കുന്നു. ഈ കഥാപാത്രം റഹ്‌മാന്റെ ആദ്യ കഥയായ മേൽവിലാസം എന്ന കഥയിൽ ശ്രീനാഥനായും ദലാൽ സ്ട്രീറ്റിലെ ഗൾഫ് റിട്ടേണിയായും രൂപംമാറി വരുന്നുണ്ട്.

ഗൾഫിലേക്ക് പോകാനോ/തിരിച്ചുപോകാനോ താത്പര്യമില്ലാത്ത കഥാപാത്രങ്ങളിലൂടെ റഹ്‌മാൻ കാസർകോട്ടെ യൗവനത്തിന്റെ ബദൽ മാതൃക സൃഷ്ടിക്കുകയായിരുന്നു. കാസർകോട്ടെ ഗൾഫിൽ പോയ ചെറുപ്പക്കാർ ആത്മാഭിമാനത്തോടെ അവിടെ തൊഴിലെടുത്താലും ഇവിടെ വരുമ്പോൾ കള്ളക്കടത്തു സ്വർണം ചുമക്കുന്നവനെന്ന മുദ്രയാണ് സമൂഹം അവന്റെ ചുമലിൽ പതിക്കുക. ഈ അപമാനഭാരം ചുമക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു ഗൾഫ് സമൃദ്ധിയുടെ വസന്തകാലത്തിൽതന്നെ അതിനെ പ്രതിരോധിക്കുന്ന കഥാപാത്രങ്ങളെ തന്റെ കഥകളിൽ റഹ്‌മാൻ അവതരിപ്പിച്ചത്.

പുതിയ സമൃദ്ധിയുടെ മാതൃകയിലേക്ക് സമൂഹവും പ്രദേശവും മാറിക്കൊണ്ടിരുന്നപ്പോൾ, ധനം എല്ലാറ്റിന്റെയും അളവ് പാത്രമാകുമ്പോൾ, അതിനു മുമ്പുള്ള ജീവിതത്തിലെ ലാളിത്യവും ധാരാളിത്തമില്ലായ്മയും പരിഹസിക്കപ്പെടും. ജ്ഞാനത്തിന്റെ വഴി തെരഞ്ഞെടുത്തവർ കൊടിയ ദാരിദ്ര്യമനുഭവിക്കേണ്ടി വരും. ജ്ഞാനത്തിന്റെ മന്ദിരങ്ങളിലേക്കുള്ള വഴികളിൽ നിറയെ ദാരിദ്ര്യത്തിന്റെ മൂർച്ചയാണെന്ന് റഹ്‌മാൻ കഥകളിലെ ജ്ഞാന ഗുരുനാഥന്മാർക്കു മാത്രമല്ല ആധുനിക വിദ്യാഭ്യാസം നേടിയവർക്കും അറിയാം. ദലാൽ സ്ട്രീറ്റിലെ ഗൾഫിലേക്കുള്ള, പിൻമടക്കം ഉപേക്ഷിച്ചവന്റെ നിസ്വത അതിദയനീയമാണെന്നത് സങ്കടപ്പെടുത്തുന്നു:

പണ്ട് അറബിക്കെട്ട് എന്നറിയപ്പെടുന്ന രാജ്യങ്ങളാണ് ഇന്ന് ദുബായ്, ഖത്തർ, ഷാർജ, ബഹ്റൈൻ, കുവൈത്ത്, മസ്‌കറ്റ്, എന്നീ അറബി നാമങ്ങളിലും യു.എ.ഇ, അറേബ്യൻ ഗൾഫ് എന്നീ ഇംഗ്ലീഷ് പേരുകളിലും അറിയപ്പെടുന്നത്.
പണ്ട് അറബിക്കെട്ട് എന്നറിയപ്പെടുന്ന രാജ്യങ്ങളാണ് ഇന്ന് ദുബായ്, ഖത്തർ, ഷാർജ, ബഹ്റൈൻ, കുവൈത്ത്, മസ്‌കറ്റ്, എന്നീ അറബി നാമങ്ങളിലും യു.എ.ഇ, അറേബ്യൻ ഗൾഫ് എന്നീ ഇംഗ്ലീഷ് പേരുകളിലും അറിയപ്പെടുന്നത്.

ഞാൻ ബപ്പിച്ചയെ അന്വേഷിച്ചാണ് നടക്കുന്നത്. നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരിച്ചു കിട്ടണം എന്റെ ഭാഷയും അമ്പാച്ചയും വെറ്റിലക്കൊടികളും ചന്തയും. ബപ്പിച്ചയുടെ വീട് ഒരു വിധം ഞാൻ കണ്ടുപിടിച്ചു.

അകത്തുനിന്ന് ഒരു മുട്ടവിളക്കിന്റെ വെളിച്ചവുമായി തല മറച്ച ഒരു സ്ത്രീ ഇറങ്ങി വന്നു.

‘ആരാ?’

‘ബപ്പിച്ചയെ അന്വേഷിച്ച് വന്നതാണ്.’

‘അള്ളാ, ബപ്പിച്ച മരിച്ചിട്ട് വർഷമെത്രയായി. എവിടുന്നാ?’

‘കണ്യാളങ്കരയിൽനിന്ന്.’

‘ബപ്പിച്ചയുടെ ഖബ്ർ കണ്യാളങ്കര പള്ളിയിലാണ്. പോയി കണ്ടോളൂ. നേർച്ച ഇവിടെ തന്നാൽ മതി.’

‘ഞാൻ ഖബ്ർ കാണാൻ വന്നതല്ല. ചില കാര്യങ്ങൾ അറിയാൻ വന്നതാണ്.’

‘എന്തു കാര്യം? അതുകൊണ്ടു ഞങ്ങളുടെ വയർ നിറയോ?’

‘ബപ്പിച്ചയെ ഒരേ സമയത്തുതന്നെ പല സ്ഥലത്ത് കണ്ടവരുണ്ടല്ലോ?’

‘ഇതാ ഇപ്പം അറിയേണ്ടത്? ഓരോ സ്ഥലത്തു പോയി കടംവാങ്ങും, ആദ്യം ആളുകൾ തമാശയായി പറഞ്ഞു. പിന്നെപ്പിന്നെയത് ദൃഷ്ടാന്തമായി.’

‘പച്ചിലകൾ തിന്നു കഴിഞ്ഞത് വലിയ ദൃഷ്ടാന്തമല്ലേ?’

‘ദൃഷ്ടാന്തം പോലും! ഒന്നൂല്ലാത്തപ്പോ പച്ചിലയല്ലാതെ മറ്റെന്താ തിന്നുക? നിങ്ങളാരെങ്കിലും ഓർക്ക് പാലും മുട്ടയും കൊടുത്തിട്ടുണ്ടോ?’

‘എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയിട്ടുണ്ട്.’

‘അത് നിങ്ങടെ കാര്യം. ഓർക്ക് എല്ലാം പോയിട്ടേയുള്ളൂ. ഇതാ ഈ കിതാബുകൾ കണ്ടില്ലേ? രാപ്പകൽ ഇരുന്നു വായിക്കുമായിരുന്നു. പള്ളേലിടാനൊന്നുമില്ലാത്തപ്പോ ഞാനും നോമ്പു നോറ്റിട്ടുണ്ട്.’

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ആ തളത്തിൽ നിറയെ ചില്ലലമാരകൾ. അതിൽ തടിച്ച ഗ്രന്ഥങ്ങൾ.

ഞാൻ പടിയിറങ്ങി.

അപ്പോൾ ആ സ്ത്രീ ചോദിച്ചു. ‘നേർച്ചയൊന്നും കൊണ്ടു വന്നില്ലേ? ഇന്ന് പശിയടക്കിയിട്ടില്ല.’

എന്താണ് കൊടുക്കേണ്ടത്?

എന്റെ ഇരുകൈകളും അറിയാതെ ചെവിയിലേക്കു നീണ്ടു.

ഏത്തം നൂറു തികയുന്നതിനുമുമ്പ് ഞാൻ ദലാൽ സ്ടീറ്റിലേക്ക് നടന്നു.

(ദലാൽ സ്ട്രീറ്റ്: 36)

കാസർകോട് എന്ന പ്രദേശംതന്നെ കള്ളക്കടത്ത് എന്നതിന്റെ പര്യായപദംപോലെയായി കുപ്രസിദ്ധിയാർജിച്ച കാലം. ഗൾഫിൽ പോയി മാന്യമായ തൊഴിലെടുത്താലും നാട്ടിൽ വന്നാൽ വലിയ ആദരവ് ലഭിക്കുവാനിടയില്ല.
കാസർകോട് എന്ന പ്രദേശംതന്നെ കള്ളക്കടത്ത് എന്നതിന്റെ പര്യായപദംപോലെയായി കുപ്രസിദ്ധിയാർജിച്ച കാലം. ഗൾഫിൽ പോയി മാന്യമായ തൊഴിലെടുത്താലും നാട്ടിൽ വന്നാൽ വലിയ ആദരവ് ലഭിക്കുവാനിടയില്ല.

അറിവു തേടിയവരുടെ കുടുംബവും പട്ടിണിയിലാവുന്നു. കുടുംബത്തിന്റെ ഇതേ ദൈന്യത കിത്താബ് മഹലിലെ ജ്ഞാനഗുരുവിന്റെ ഭാര്യയും മക്കളും പങ്കിടുന്നു.

എഴുത്തുകാരന്റെ സ്വകാര്യ പുരാവൃത്തങ്ങൾ
അഥവാ ആധുനിക കഥയുടെ തിരസ്‌കാരം

അന്നത്തെ അംഗീകൃത മാതൃകയായ ആധുനിക കഥയുടെ വഴക്കങ്ങളോട് റഹ്‌മാൻ മുഖം തിരിച്ചു. നഗരവൽകൃതമായ അനുഭവങ്ങൾ ആ രചനകളിലില്ല. വ്യർഥതാ ബോധമോ വാഴ്‌വിനെപ്പറ്റിയുള്ള ഫിലോസഫിക്കലായ ഉത്കണ്ഠതകളോ അവയിലില്ല. ഇസ്‌ലാം എന്ന സമുദായത്തെപ്പറ്റിയുള്ള ഇതരസമുദായക്കാരുടെ സാമാന്യനിർമിതിയെ റഹ്‌മാന്റെ കഥകൾ തകർക്കുന്നു. ആ സമുദായത്തിലെ ജ്ഞാനത്തിന്റെയും ആത്മീയബോധത്തിന്റെയും കാരുണ്യത്തിന്റെയും ഉറവകൾ ആ കഥകളിലൂടെ പ്രവഹിക്കുന്നുണ്ട്. തദ്ദേശീയമായ ഇസ്‌ലാമിക മിത്തുകളെയാണ് പല കഥകളിലെയും പ്രമേയസ്ഥാനത്ത് എഴുത്തുകാരൻ സ്വീകരിക്കുന്നത്. പക്ഷേ, അതിന്റെ കേവലമായ ആഖ്യാനം കൊണ്ട് എഴുത്തുകാരൻ എന്ന പേരിനർഹനായ ഒരാൾക്ക് ഒന്നും ആഗ്രഹിക്കുവാനില്ല. വർത്തമാനകാല ജീവിതത്തെ പലപ്പോഴും പോസിറ്റീവായി മാറ്റുവാനുള്ള ഒരു നോട്ടസ്ഥാനമായി ആ പഴയ പുരാവൃത്തത്തെ എഴുത്തുകാരൻ മാറ്റുന്നു.

താൻ എഴുതുന്ന കാലത്ത് മലയാള കഥയുടെ ബൃഹദാഖ്യാനത്തിൽ കാണാത്ത/ആവിഷ്‌കരിക്കാത്ത മനുഷ്യാനുഭവങ്ങളെയും ഭൂപ്രദേശത്തെയും റഹ്‌മാൻ കഥയിൽ പ്രതിഷ്ഠിക്കുകയായിരുന്നു. തന്റെ സമുദായത്തിന്റെയും പ്രദേശത്തിന്റെയും അനുഭവങ്ങളെ ഫിക്‌ഷനാക്കി എല്ലാ മലയാളിയെക്കൊണ്ടും സ്വീകരിപ്പിക്കുവാൻ റഹ്‌മാന് കഴിഞ്ഞു.

കാസർകോട് കാർഷിക സംസ്‌കൃതിയെ ഇന്നും സംരക്ഷിക്കുന്ന പ്രദേശമാണ്. എങ്ങും വയലുകളും ഇടനാടൻ കുന്നുകളും ഇടകലർന്ന ഭൂഭാഗങ്ങൾ. തൊട്ടടുത്ത് മംഗലാപുരം എന്ന ബ്രിട്ടീഷ് നഗരമുണ്ടായിട്ടും കൊളോണിയൽ ആധുനികതയെ നിർലോഭമായി സ്വീകരിച്ചില്ല. നമ്പൂതിരി സമുദായത്തെപ്പോലെ മുസ്‌ലിം സമുദായവും വൈകിയാണ് കേരളത്തിൽ ആധുനികവൽകരണത്തിന് വിധേയമായത്. സ്ഥാപനങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമൊക്കെ അറബിഭാഷയിലുള്ള പേരുകൾതന്നെ നിലനിർത്തിയതുകൊണ്ട് അവർ മറ്റു സമുദായങ്ങളിൽനിന്ന് അന്യവൽകൃതരായി നിൽക്കുകയുംചെയ്തു. ആധുനികവൽകരണം നടക്കുന്നതിനുമുമ്പിലുള്ള സെമിറ്റിക്ക് സ്പർശമുള്ള മുസ്‌ലിം ജീവിതമുദ്രകൾ തുളുനാട്ടിൽ സമൃദ്ധമായിരുന്നു. അറബിക്കെട്ടിൽനിന്ന് കടൽവഴിയും പശ്ചിമേഷ്യയിൽനിന്ന് അഫ്ഗാനിലൂടെയും അജ്മീറിലുടെയും കരവഴിയുമായി അവ വന്നുചേർന്നു. ഗൾഫ് സമ്പന്നതയും അതിന്റെ ചിറകുകളിൽ ആധുനിക പരിഷ്‌കാരവും ഒറ്റയടിക്ക് കടന്നുവന്നപ്പോൾ അവ ഓരോന്നായി തിരോധാനം ചെയ്തുതുടങ്ങി. ഈ ആധുനിക പരിഷ്‌കാരങ്ങൾ വരുന്നതിന് മുമ്പിലുള്ള പ്രാചീനതയാവാഹിക്കുന്ന ഇടങ്ങളും മനുഷ്യരും തിരോധാനത്തിന് ഒരുങ്ങിനിൽക്കുന്ന ഇടങ്ങളാണ് എം.എ റഹ്‌മാന്റെ പല ചെറുകഥകളും. ആഖ്യാനകലയുടെ അനായാസത അവയ്ക്ക് പൗരാണികതയുടെ പരിവേഷമണിയിക്കുന്നു. തന്റെ ബാല്യ കൗമാരങ്ങളിലെ സാമുദായികാനുഭവങ്ങളും ഭൂഭാഗദൃശ്യങ്ങളും വാസ്തു രൂപങ്ങളുമൊക്കെയാണ് റഹ്‌മാന്റെ കഥകൾ ഓർത്തെടുക്കുന്നത്. ഭ്രമാത്മകമോ, സർറിയലോ ആയ അന്തരീക്ഷം അവയെ പുരാവൃത്ത സദൃശമാക്കുകയും ചെയ്യുന്നു.

കാസർകോട് കാർഷിക സംസ്‌കൃതിയെ ഇന്നും സംരക്ഷിക്കുന്ന പ്രദേശമാണ്. എങ്ങും വയലുകളും ഇടനാടൻ കുന്നുകളും ഇടകലർന്ന ഭൂഭാഗങ്ങൾ. തൊട്ടടുത്ത് മംഗലാപുരം എന്ന ബ്രിട്ടീഷ് നഗരമുണ്ടായിട്ടും കൊളോണിയൽ ആധുനികതയെ നിർലോഭമായി സ്വീകരിച്ചില്ല.
കാസർകോട് കാർഷിക സംസ്‌കൃതിയെ ഇന്നും സംരക്ഷിക്കുന്ന പ്രദേശമാണ്. എങ്ങും വയലുകളും ഇടനാടൻ കുന്നുകളും ഇടകലർന്ന ഭൂഭാഗങ്ങൾ. തൊട്ടടുത്ത് മംഗലാപുരം എന്ന ബ്രിട്ടീഷ് നഗരമുണ്ടായിട്ടും കൊളോണിയൽ ആധുനികതയെ നിർലോഭമായി സ്വീകരിച്ചില്ല.

തന്റെ സമീപ പരിസരങ്ങളെയും അവയുമായി ബന്ധപ്പെടുന്ന പുരാവൃത്തങ്ങളെയുമാണ് ആഖ്യാനത്തിന്റെ മുഖ്യധാരയായി റഹ്‌മാൻ കഥകളിൽ സ്വീകരിച്ചു കാണുന്നത്. പുരാവൃത്തങ്ങൾ ദേശങ്ങളുടെയും സമൂഹങ്ങളുടെയും ഭാവനയുടെ നിക്ഷേപങ്ങളാണ്. അവ വലിയ ജീവിതതത്ത്വങ്ങൾ തിരിച്ചറിയാതെ വിനിമയം ചെയ്യുന്നതും കാണാവുന്നതാണ്. സാഹിത്യത്തിലും കലയിലും അവ സ്വീകരിച്ചാൽ ആ പുരാവൃത്തമറിയുന്നവർക്ക് അവ ഏറെ സ്വീകാര്യമാകും, വ്യക്തമാവുകയും ചെയ്യും.

റഹ്‌മാൻ തന്റെ കഥകളിൽ പല പുരാവൃത്തങ്ങളും സ്വീകരിച്ചിരിക്കുന്നു. കഥയുടെ ആഖ്യാനത്തെതന്നെ പുരാവൃത്തസമാനമാക്കുന്നു. അറബിക്കഥകൾപോലെ മാന്ത്രികതയുടെ പരിവേഷവും അവയിൽ നിറയുന്നു. ആഖ്യാനഭാഷയിലും അവ മാന്ത്രികതയെ ആവാഹിക്കുന്നതു കാണാം.

ഈ കഥകളിൽ പലതും തന്റെ പരിധിക്കും സമുദായ പരിധിക്കും ഉള്ളിൽനിന്നാവാം റഹ്‌മാൻ കണ്ടെത്തുന്നത്. വായനക്കാരെ സംബന്ധിച്ച് അവ അപരിചിതമായവയാണ്. അവർക്ക് റഹ്‌മാന്റെ ഭാവനാസൃഷ്ടികളായിട്ടാണ് അവ അനുഭവപ്പെടുക. നിർമിതികൾമാത്രമായാണ് സാധാരണവായനക്കാർക്ക് അവ അനുഭവപ്പെടുക. അതുകൊണ്ടാണ് അവയെ എഴുത്തുകാരന്റെ സ്വകാര്യ പുരാവൃത്തങ്ങളെന്ന് ഞാൻ പറയുന്നത്.

എന്നാൽ ചുറ്റുമുള്ള പ്രദേശങ്ങളിലെ വായനക്കാർക്ക് അവ മറ്റൊരു രീതിയിൽ വിനിമയം ചെയ്യുന്ന പ്രദേശികമായ അനുഭവ സഞ്ചയമായിരിക്കും. അവയിൽ ചിലതിന്റെ പേരിൽ എഴുത്തുകാരൻ ചിലപ്പോൾ വിചാരണ ചെയ്യപ്പെട്ടേക്കാം.

റഹ്‌മാൻെറ പല കഥകളും പുരാവൃത്ത സമാനങ്ങളാണ്. പ്രാചീനമായ/മതാത്മക അന്തരീക്ഷം, പ്രാചീനരെന്ന് തോന്നിക്കുന്ന ചില കഥാപാത്രങ്ങൾ, പ്രാചീനമായ അനുഭവ ശകലങ്ങൾ എല്ലാം ഒത്തുചേർന്ന് മാന്ത്രികമായ ഒരു പാതി ഭാഗം. ബാല്യത്തിന്റെയോ കൗമാരയൗവനങ്ങളുടെയോ ആധുനികാനുഭവത്തിന്റെ മറ്റൊരു പാതിയും. പുരാവൃത്തം ഇവിടെ രണ്ടുതരം ലോകാനുഭവങ്ങൾക്ക് മാധ്യസ്ഥം വഹിക്കുന്നു. ആധുനികമായ അനുഭവങ്ങൾ എത്തിച്ചേരുന്നതിനുമുമ്പുള്ള കാലവും ആധുനിക കാലവും തമ്മിലുള്ള മാധ്യസ്ഥമാണ് റഹ്‌മാന്റെ പലകഥകളും നിർവഹിക്കുന്നത്.

കണ്യാളങ്കരയിലെ ആരാധനാലയവും യത്തീംഖാനയും മത പാഠശാലയുമെല്ലാം അവയിൽ അടയാളങ്ങൾ മറച്ചുവക്കാതെ പ്രത്യക്ഷമാവുന്നു. അവയുമായി ബന്ധപ്പെടുന്ന പുരാവൃത്തങ്ങളിൽനിന്നും മിക്ക കഥകളും ആരംഭിക്കുന്നു. ആ പുരാവൃത്തങ്ങൾ ആ പ്രദേശത്തിനപ്പുറം കേൾക്കാത്തവയാകും. അവ സ്വീകരിച്ചു രൂപപ്പെടുത്തിയ കഥകളും പുരാവൃത്തസമാനമായി മാറുന്നത് സ്വാഭാവികമായിരുന്നു. സമീപകാലത്തെഴുതിയ ശേഖുപ്പാപ്പയുടെ കിണർ എന്ന കഥയിൽ ശേഖൂപ്പാപ്പയെ അവതരിപ്പിച്ചത് സവിശേഷ രീതിയിലായിരുന്നു:

‘മാൽകം സായ്പ്പ് വെള്ളക്കുതിരപ്പുറത്ത് വീണ്ടും വരുമെന്നവർ പ്രതീക്ഷിച്ചു. വന്നത് ശേഖുപ്പാപ്പയാണ്. കുന്നിന് മുകളിൽ മാൽകം സായ്പ്പ് തമ്പ് കെട്ടി പാർത്ത സ്ഥലത്തെ കൽച്ചുവരുകൾക്ക് മുകളിൽ തെങ്ങോല വിരിച്ച് അകത്ത് വിതറിയ മണൽപ്പായയിൽ ശേഖുപ്പാപ്പ കഴിഞ്ഞു.

ഒരു പിഞ്ഞാണവസിയിൽ ഉണങ്ങിയ ഈത്തപ്പഴം. ഇടം കൈയിൽ ജപമാല. വലിയ ആൾക്കുപ്പായത്തിന്റെ തൂങ്ങി നിൽക്കുന്ന കീശയിൽ സ്വർണച്ചങ്ങലയിൽ കൊളുത്തിയ ഒരു വടക്കുനോക്കിയന്ത്രം. വലം കൈയിൽ ഒരു മുണ്ടൻ വടി. അതും കുത്തി ശേഖുപ്പാപ്പ നാടുനീളെ നടന്നു. കിണറു കുത്താൻ ഇടം കണ്ടെത്തിയാൽ പിന്നെ ആകാശത്തിലേക്ക് കൈകൾ ഉയർത്തി, കൺവെള്ളകൾ മേലോട്ടു മറിച്ച് മുണ്ടൻ വടികൊണ്ട് ഒരു കുത്ത്. ആ അടയാളമാണ് ഉറവ. ഉറവയില്ലാത്ത ഒരു സ്ഥലത്തും ശേഖുപ്പാപ്പയുടെ മുണ്ടൻ വടി ഭൂമിയെ ചുംബിച്ചില്ല.’ ആധുനികതയുമായി ഒരു ബന്ധവുമില്ലാത്ത പ്രാചീനകാലത്തിന്റെ പ്രതിനിധിയായിട്ടാണ് അയാളെ വായനക്കാർ കാണുക.

കൊളോണിയൽ വിജ്ഞാനങ്ങളുടെ അധിനിവേശത്തിന് ശേഷവും തദ്ദേശീയ വിജ്ഞാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ മാതൃകയും ആഗോളവൽകരണകാലത്തെ തദ്ദേശീയ പ്രതിരോധവും ഈ കഥയിലുണ്ട്. പക്ഷേ, തിരിച്ചറിവില്ലാത്ത വികസന സങ്കൽപങ്ങൾ അവയെല്ലാം മായ്ച്ചുകളയുകയാണ്. ഈ കഥകളിലെ മനുഷ്യർ വർത്തമാനകാല അടയാളങ്ങളുള്ളവരല്ല. മലയാളത്തിലെ ആധുനിക കഥകളിൽ പ്രത്യക്ഷമായ നഗര ഗന്ധമുള്ള മനുഷ്യരുമായി ഇവർക്ക് ചാർച്ചയില്ല. ‘അഫീൻ’ എന്ന കഥയിലെ സൂഫി തദ്ദേശീയനല്ല. അയാളുടെ രൂപഭാവങ്ങളും തദ്ദേശീയർക്ക് അപരിചിതങ്ങളാണ്. ‘കന്യാമലയിലെ മണവാട്ടി’യിൽ ഇത് കുറേക്കൂടി സൂക്ഷ്മമായി വിവരിക്കുന്നത് കാണാം.

‘കന്യാമലയിൽനിന്നും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ വരാറുള്ള ബാബ എന്നു വിളിക്കുന്ന ഖലീഫയാണ് മണമാട്ടിയെപ്പറ്റി ആദ്യം പറഞ്ഞത്. അയാളുടെ ഇടംകൈയിലെ പടം പതുക്കെ ചുരുൾ നിവരുമ്പോൾ ഒരു മയിലിന്റെ ചിത്രം തെളിയും. തോളിൽ കൊളുത്തിയിട്ട ദഫ് കൈപ്പടത്തിലേക്ക് താഴ്ത്തി ഇടം വലം കൈകൾകൊണ്ടാണ് മുട്ട്. കഴുത്തറ്റം തൂർന്ന ചുരുൾ മുടിയുള്ള ശിരസ്സിളക്കി കഴുത്തു നീട്ടി കൺവെള്ളകൾ മേലോട്ട് മറിച്ച് ഉറഞ്ഞു തുള്ളും. ചുണ്ടുകളിൽ ‘ശൈഖുനാ അള്ള യാ അള്ളാ’ എന്ന് വായ്ത്താരി മുറുകും. അരപ്പട്ടയിൽനിന്ന് കൂർത്ത മുനയുള്ള പിച്ചാത്തി എടുത്തു നിവർത്തി സ്വയം നെഞ്ചിലേക്ക് കുത്തും.’

ഇത് യഥാർഥമാണോ സാങ്കൽപിക ചിത്രമാണോ എന്ന് ആരും സംശയിച്ചു പോകും. അയാൾ യഥാർഥത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യൻതന്നെ. ഗ്ലോബലൈസേഷന്റെ കാലത്തെ പിൽഗ്രിം ടൂറിസവും ആ മനുഷ്യനെ കൗതുകവസ്തുവായി സംരക്ഷിച്ചു നിർത്തിയിരിക്കുന്നു.

കന്യകയുടെ മഖ്ബറയെ ടൂറിസ്റ്റ് സ്‌പോട്ട് ആക്കി. പുരാവൃത്തസദൃശമായ അന്തരീക്ഷമൊരുക്കിക്കൊണ്ടാണത് നിർവഹിച്ചിരിക്കുന്നത്. ഗൾഫിൽനിന്ന് ഒഴുകിയെത്തുന്ന സമ്പത്ത് പുതിയ മതകേന്ദ്രങ്ങളും സ്ഥാപനങ്ങളും കവർന്നെടുക്കുന്നതിന്റെ രീതിശാസ്ത്രത്തെ ഈ കഥ അനാവരണം ചെയ്യുന്നു.

പശ്ചിമേഷ്യൻ ആധുനികതയുടെ അധിനിവേശത്തിൽ നാട്ടിലെ സംസ്‌കാരത്തിന്റെ സുഗന്ധങ്ങളെല്ലാം നഷ്ടമാകുന്നതിനെപ്പറ്റി കഥകളിൽ വ്യാകുലപ്പെടുകയാണ്. പുതു സുഗന്ധങ്ങൾ സുഗന്ധങ്ങളെയല്ല എന്ന് കരുതുന്ന കഥാപാത്രത്തെ പോയ്സൺ എന്ന കഥയിലും കാണാം.

‘കണ്യാളങ്കര മദ്രസേന്റെ മുറ്റത്തെ മയിലാഞ്ചി കുനുകുനാ പൂത്ത സമയം ഓർമയുണ്ടോ ചങ്ങായി... ഖൽബില് എന്തോ പൂക്ക്ന്ന മാതിര്യാ... മാവും മാതളോം പൂക്കുന്നേന്റെ മണമല്ല, ചെമ്പ് തകിട് തീയില് മൂത്ത് പഴുത്ത് നിക്കുമ്പം എന്ത് മണാണ്ടാവ്വ... അതന്നെ. അതെല്ലാർക്കും പെരുത്ത് ഇഷ്ടാ. എന്റെ അത്തറ് പെട്ടി കാണുമ്പം തന്നെ പെങ്കുട്ട്യോള് ഓടിവരും. അവർക്ക് ഒരു വെലി മതി. കണ്ണില് നീട്ടിവെലിച്ച് ഒരെഴുത്ത്.’

പശ്ചിമേഷ്യൻ ആധുനികതയുടെ അധിനിവേശത്തിൽ നാട്ടിലെ സംസ്‌കാരത്തിന്റെ സുഗന്ധങ്ങളെല്ലാം നഷ്ടമാകുന്നതിനെപ്പറ്റി കഥകളിൽ വ്യാകുലപ്പെടുകയാണ്.
പശ്ചിമേഷ്യൻ ആധുനികതയുടെ അധിനിവേശത്തിൽ നാട്ടിലെ സംസ്‌കാരത്തിന്റെ സുഗന്ധങ്ങളെല്ലാം നഷ്ടമാകുന്നതിനെപ്പറ്റി കഥകളിൽ വ്യാകുലപ്പെടുകയാണ്.

കിതാബ് മഹൽ

കണ്യാളങ്കരയിൽ അന്ന് മദ്രസയും കിതാബ് മഹലും കുട്ടിയപ്പയുടെ ഓലച്ചായ്പും അന്തൂച്ചാന്റെ പിടികയുമല്ലാതെ മറ്റ് എടുപ്പുകളൊന്നുമില്ല.

പുതിയ പണം ഭൂപ്രകൃതിയെയും മനുഷ്യപ്രകൃതിയെയും വിവിധ രീതിയിൽ മാറ്റിക്കൊണ്ടിരുന്നു. പുതിയ ജീവിത രീതികൾ, പുതിയ ആസക്തികൾ, പുതിയ ഫിലോസഫി എല്ലാം അതിന്റെ ഭാഗമായി രൂപപ്പെട്ടു. മാറ്റത്തോടൊപ്പം നിന്നാൽ പരമ്പരാഗതമായ വിശുദ്ധികളെല്ലാം നഷ്ടപ്പെട്ടു പോകും. വിദ്യാഭ്യാസത്തോടും ആധുനികജ്ഞാനത്തോടും മുഖംതിരിഞ്ഞു നിൽക്കുവാനും പറ്റില്ല. വിദ്യയുടെയും ജ്ഞാനത്തിന്റെയും വഴി തെരഞ്ഞെടുക്കുന്നവരെ, ഗൾഫിൽ പോകുവാൻ സന്നദ്ധരല്ലാത്തവരെ പ്രായോഗിക ബുദ്ധിയില്ലാത്തവരായി പരിഹസിക്കപ്പെട്ടു. സമൂഹം ഒന്നടങ്കം പള്ളിക്കുഞ്ഞിയെ ഭീഷണിപ്പെടുത്തി ഗൾഫിലേക്കു കയറ്റിയയക്കുന്നു. അറവുകാരൻ കത്തിയുടെ മൂർച്ചയേറിയ മുന കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് ദലാൽ സ്ട്രീറ്റ് എന്ന നീണ്ട കഥയിൽ. സമ്പത്ത് പെരുകിയവർക്കും, അത് സൃഷ്ടിച്ച ആത്മീയ വിശുദ്ധിയില്ലാത്ത വിശ്വാസികൾക്കും യഥാർഥമായ ആത്മീയജ്ഞാനത്തിലേക്ക് നയിക്കുന്നവർ വേണ്ടാതാവുകയും ചെയ്തു. റഹ്‌മാന്റെ പുളിമുറിച്ച വളപ്പിൽ സൂപ്പിഹാജി മകൻ മുതൽ കിതാബ് മഹൽ എന്ന കഥയിലെ ജ്ഞാനഗുരുവിന്റെ ജീവിതംവരെ മുകളിൽ പറഞ്ഞ സാമൂഹ്യപരിവർത്തനത്തിന്റെ സാക്ഷ്യങ്ങളാണ്. നോക്കിക്കൊണ്ടിരിക്കെ നാടും വീടും എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളോടുകൂടി ഭൂപരിഷ്‌കരണ നിയമനിർമാണത്തിലൂടെ സർക്കാർ ഭൂവുടമാ സമ്പ്രദായത്തിന് അറുതി വരുത്തിയപ്പോൾ കുടികിടപ്പിന് ഭൂമി ലഭിച്ച കാർഷികത്തൊഴിലാളികൾ ഗ്രാമങ്ങളിൽ പുതിയ സാമൂഹ്യക്രമം സൃഷ്ടിക്കുകയായിരുന്നു. ഭൂപരിഷ്‌കരണ നിയമങ്ങൾ നടപ്പിലാക്കുവാൻ രൂപീകരിച്ച പാട്ടക്കോടതിയിലാണ് എം.എ റഹ്‌മാന് ആദ്യം ജോലികിട്ടിയത് എന്നത് യാദൃഛികമെങ്കിലും, ഗൾഫിൽ പോകാതെ അദ്ദേഹം സ്വീകരിച്ച കോപ്പിയിസ്റ്റ് ജോലി അദ്ദേഹത്തിലെ എഴുത്തുകാരന് സഹായകമായി. ലാന്റ് റിഫോംസിലൂടെ ഭൂവുടമാ സമ്പ്രദായമൊടുങ്ങുകയും ദരിദ്രമായി കഴിഞ്ഞ തറവാടുകൾ പുത്തൻ ഗൾഫിൽനിന്ന് സമ്പന്നരായി വന്നവർ വിലക്ക് വാങ്ങി തച്ചുടക്കുകയും ചെയ്യുന്നു. വള്ളുവനാട്ടെ നാലുകെട്ട് സ്വാതന്ത്ര്യാനന്തര കാലത്തുതന്നെ പൊളിച്ചുപണിയുന്നത് നമ്മുടെ സാഹിത്യത്തിലെ പ്രധാനപ്പെട്ട പ്രമേയമായി. കാൽ നൂറ്റാണ്ട് കഴിഞ്ഞ് കാസർകോട് ഭൂപരിഷ്‌കരണ നിയമങ്ങളും ഗൾഫും കൈകോർത്തുകൊണ്ട് കടന്നുവന്നു.

വലിയ വീട്ടിൽ ചന്ദ്രശേഖ കർത്താവ് വക എന്നു കൊത്തിവച്ച അത്താണി നിൽക്കുന്ന സ്ഥലത്തിനടുത്താണ് ദാരിദ്ര്യംകൊണ്ട് ആത്മഹത്യചെയ്ത അദ്ദേഹത്തിന്റെ ശവമടക്കിയത്. തന്റെ ഭൂമിയെല്ലാം കുടിയാന്മാരുടെ കൈകളിലേക്കു പോകുന്നതിനിടയിൽ അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ചന്ദ്രശേഖര കർത്താവിൽനിന്ന് കുടികിടപ്പ് അവകാശം കിട്ടുവാൻ അപേക്ഷ കൊടുക്കുകയില്ല എന്ന് സങ്കടത്തോടെ നിലവിളിച്ചുകൊണ്ട് അയാളെ സാന്ത്വനിപ്പിച്ച ബീരാന്റെ മകൻതന്നെയാണ് തറവാട് ലേലത്തിൽപ്പിടിച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുടങ്ങിയത്. ലേലത്തിൽപ്പെടാത്ത അത്താണി നിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത കർത്താവിന്റെ മകനായ പാട്ടക്കോടതിയിലെ ഉദ്യോഗസ്ഥനിൽനിന്നും ഹൈദർ കരസ്ഥമാക്കുന്നു. അതിന്റെ നന്ദി പ്രകടനമെന്ന നിലയിൽ അയാളെതന്നെ സ്‌കൂൾ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ചെയ്തു. ഈ കഥയിൽ ജന്മിത്ത വ്യവസ്ഥ, ഭൂപരിഷ്‌കരണ നിയമം, ഗൾഫ് പണം എന്നിവ ഒത്തുചേരുന്നു. ഭൂവുടമാക്രമം സമ്പ്രദായത്തിൽനിന്ന് തദ്ദേശീയമായ പരിണാമങ്ങളിലൂടെ ആധുനികവൽകരണത്തിലെത്താതെ കേരളം/കാസർകോട്, പശ്ചിമേഷ്യൻ ക്രൂഡ് ഓയിൽ സമ്പദ്ക്രമത്തിന്റെ ഭാഗമാവുകയായിരുന്നു.

കൈയെത്തിത്തൊടാവുന്ന അകലത്തിലേക്കുമാത്രം തെന്നിപ്പോയ സാമൂഹ്യജീവിതത്തിന്റെ ഭൂതകാലത്തെയാണ് കഥാകാരൻ ഈ പരാമർശങ്ങളിലൂടെയെല്ലാം അവതരിപ്പിക്കുന്നത്.

അറബിക്കഥകളിലേതുപോലെ അയഥാതഥമായ അന്തരീക്ഷം. ഈ അനുഭവങ്ങളുടെ ആഖ്യാനത്തിലൂടെയാണ് തന്റെ കൊച്ചു പ്രദേശത്തിന്റെ അടയാളങ്ങൾ കഥാകാരൻ രേഖപ്പെടുത്തിയത്. ഈ കഥകളിലല്ലാതെ മറ്റെവിടെയും അവ സൂക്ഷിച്ചുവെച്ചിട്ടില്ല. ഭാഷാഇടനാഴി പോലുള്ള സന്ദിഗ്ധതയുള്ള ഒരു ചെറിയ ഇടത്തിലെ മനുഷ്യരുടെ ജീവിത പരിണാമത്തെയാണ് റഹ്‌മാൻ കഥകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വാഭാവികമായും സമുദായത്തിന്റെ മുദ്രകൾ അവയിലെ പ്രത്യക്ഷതകളാവുന്നു. മതപരമായ കാര്യങ്ങളെയും പൗരോഹിത്യത്തെയും അവ സ്പർശിക്കുന്നു. പുരാവൃത്ത സദൃശമായി കെട്ടുമുറുക്കമുള്ള ചില കഥകളിൽ പൗരോഹിത്യത്തെ റഹ്‌മാൻ കുറ്റവിചാരണ ചെയ്യുന്നുണ്ട്.

യത്തീമുകളും വിധവകളും

യത്തീംഖാനയിൽ നിന്ന് ഒളിച്ചോടിയ കുട്ടി സമുദായത്തെ ആത്മവിമർശനത്തിന് നിർബന്ധമാക്കും. യത്തീമുകളുടെ സംരക്ഷണത്തിൽ വലിയ ശ്രദ്ധവേണമെന്ന് വിശുദ്ധ ഖുർആൻ തന്നെ പല രീതിയിൽ പ്രസ്താവിക്കുന്നുണ്ട്. യത്തീംഖാന ജയിൽ പോലെയായതു കൊണ്ടാണല്ലോ കഥയിലെ ബാലൻ സൈക്കിളിൽ സ്വാതന്ത്ര്യത്തിലേക്കു പറന്നു പോവുന്നത്. അവന്റെ ആഗ്രഹത്തിന്റെ പാത നീണ്ടു പോവുകയും അതിനെ മറുകരയിലെത്തിക്കുവാൻ പുഴ പിളർന്നു കൊടുക്കുകയും ചെയ്യുന്നു. മൂസാ എന്ന പ്രവാചകന്റെ പുരാവൃത്തത്തിൽ പുഴ രണ്ടായി പിളരുന്ന മാന്ത്രിക കഥയുണ്ട്. അതാണിവിടെ സൂചിപ്പിക്കുന്നത്. കഥ അവസാനിക്കുമ്പോൾ ഒരു യത്തീം ബാലനെ വീട്ടിനകത്തു പൂട്ടിയിട്ട് പുറത്തുപോയ ഡോക്ടറുടെ കുടുംബത്തിന്റെ ഹൃദയ ശൂന്യതയ്ക്ക് വായനക്കാർ സാക്ഷിയാകുന്നു. അഹിതമായ ആ കാഴ്ച കാണാൻ കഥയിലെ ബാലികയ്ക്ക് സാധിക്കുന്നില്ല. യത്തീമിനെ സംരക്ഷിക്കേണ്ടതിനെപ്പറ്റിയുള്ള വിശുദ്ധ വചനങ്ങൾ ഓർമയിലെത്തിക്കുകയാണ് ഈ അവസാന ദൃശ്യം. അത്രക്ക് തീക്ഷ്ണമാണ് യാഥാർഥ്യം എന്ന് സൂചിപ്പിക്കുകയാണിവിടെ.

യത്തീം മാത്രമല്ല അശരണരായ മണവാട്ടിമാരും ഒത്തുചേരുകയാണ് കന്യാവനത്തിലെ മണവാട്ടിമാർ എന്ന കഥയിൽ. കന്യാമലയെപ്പറ്റിയുള്ള പുരാവൃത്തം അറിയേണ്ടതാണ്:

‘പണ്ട് ഇവിടേക്ക് പത്തേമാരിയിൽ ആളുകൾ കച്ചവടത്തിനായി വന്നു. അവർക്ക് ഇണകളെ വേണം. കച്ചവടക്കാരെ നികാഹ് കഴിക്കാൻ വേണ്ടി പെണ്ണുങ്ങൾ ഉടുത്തൊരുങ്ങി നികാഹ് കഴിച്ചു നിന്നു. കച്ചവടം കഴിഞ്ഞാൽ അവർ പോകും. ഇണകളെ കൊണ്ടു പോവുകയില്ല. കന്യാമലയിലെ മണവാട്ടി മാത്രം അതിന് നിന്നില്ല. എത്രയോ പേർ അവളെ കാണാൻ ചെന്നു. മണവാട്ടി ചമഞ്ഞ് നിന്നെങ്കിലും തന്നെ കാണാൻ വന്ന ഒരു പുരുഷനെയും അവൾ സ്വീകരിച്ചില്ല. ആരുടെയോ വിധവയാകുന്നതിലുംഭേദം ജീവിതകാലം മുഴുവൻ മണവാട്ടിയായി കഴിയുന്നതാണ് നല്ലതെന്നവൾ കരുതി. മണവാട്ടി ചമഞ്ഞ് കന്യാമലയിൽ വെറ്റിലക്കൊടി നുള്ളുവാനും പഴുക്കടക്കകൾ ശേഖരിക്കാനും അവൾ പോയി. കന്യാമലയിലെ മയിലുകൾ അവളുടെ കൂട്ടാളികളായി. ഒരുനാൾ ഒരു ഞാവലിന്റെ ചുവട്ടിൽനിന്ന് ചുള്ളി പെറുക്കിക്കൊണ്ടിരിക്കെ അവൾ ആഗ്രഹിച്ചു. എന്തൊരു കുളിർമ. ഇവിടെ മരിച്ചു കിടക്കാൻ എന്തു സുഖമായിരിക്കും.

നേരത്തോട് നേരം തികഞ്ഞപ്പോൾ കന്യാമലയിലെ ഞാവലിന്റെ ചുവട്ടിൽ അവർ മരിച്ചു കിടന്നു. മണവാട്ടിയെ അവിടെ തന്നെ ഖബറടക്കി. ആണ്ടു തികഞ്ഞപ്പോൾ ചുള്ളി പെറുക്കാൻ വന്ന അടിയാത്തികൾ ഞാവൽ ചുവട്ടിൽ പച്ച വെളിച്ചം കണ്ടു. അവർ വലിയ വായിൽ നിലവിളിച്ചു, പുഴങ്കരയിൽ നിന്നു വിധവകൾ കൂട്ടം കൂട്ടമായെത്തി. നേർച്ചയിൽ അതൊരു അടയാളവുമായി. കന്യാമലയിലെ മണവാട്ടി.’

‘നോക്കിയിരിക്കെ ബാബ അപ്രത്യക്ഷമായി. കുറേനേരം അങ്ങനെ നിന്നു. ഒരു ചിന്നംവിളി. പുകച്ചുരുളുകൾ വകഞ്ഞുമാറി തീയിൽ ചുട്ടു പഴുപ്പിച്ച ഒരു ഇരുമ്പു ദണ്ഡും കൈയിലേന്തി ബാബ പ്രത്യക്ഷപ്പെട്ടു. എന്റെ കണ്ണുകൾക്ക് നേരെ കുതിക്കുകയാണ് ത്രിശൂലം. ദിക്കും ദിശയും നോക്കാതെ ഞാൻ ഓടി...’

അവൻ വളർന്നു വലുതായി കന്യാമലയിൽ എത്തുന്നു. കന്യാമല ഇപ്പോൾ ഒരു ടൂറിസ്റ്റ് സ്‌പോട്ട് ആയി മാറിയിരിക്കുന്നു. കന്യാമല എന്ന പുണ്യനാമം ഇപ്പോൾ വെർജിൻഹിത്സ് എന്ന ഫൈവ് സ്റ്റാർ സൗകര്യമുള്ള ഹോട്ടലായി.

ബാബ വൃദ്ധനായിക്കഴിഞ്ഞിരിക്കുന്നു. പണ്ടു യത്തീംഖാനയുടെ ഗേറ്റിന് പുറത്ത് അയാൾ നൃത്തം ചെയ്ത് നെഞ്ചിൽ കത്തി കുത്തിയിറക്കി ചോര ചീറ്റി ബോധമറ്റ് വീഴുന്ന മന്ത്രവാദം പ്രദർശിപ്പിച്ച് യത്തീം ഖാനയിലെ ബാലന്മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് വീണു കിടക്കുമായിരുന്നു. കുറച്ചു കഴിഞ്ഞാൽ മുറിവുണങ്ങി അയാൾ എഴുന്നേറ്റ് പോവുകയും ചെയ്യുമായിരുന്നു. കുത്തിയ മുറിവ് ഇത്രപെട്ടെന്ന് ഉണങ്ങുന്നതിന്റെ രഹസ്യമെന്തെന്ന് ആ യത്തീം ബാലൻ ബാബയോട് ചോദിച്ചിരുന്നു. മറുപടി കിട്ടിയിരുന്നില്ല. ബാലൻ വളർന്നു വലുതായി പഴയ ഓർമയോടുകൂടി കന്യാമലയിൽ എത്തിയതാണ്. ഇപ്പോൾ വൃദ്ധനായ ബാബയെ കണ്ടപ്പോൾ അതിന്റെ രഹസ്യം എന്തെന്ന് പറഞ്ഞു തരാമോ എന്ന് ചോദിക്കുന്നു.

ബാബ വിറക്കുന്ന വിരലുകളാൽ തലയണക്കടിയിൽനിന്ന് സഞ്ചിയെടുത്തു തുറന്നു. ചുവന്ന ബലൂൺ, ഒരു സ്പ്രിങ്ങ്, പിടിയില്ലാത്ത തുരുമ്പിച്ച കൂർത്ത മുനയുള്ള ഒരു പിച്ചാത്തി...

‘പിടിയില്ലാത്ത ആ പിച്ചാത്തി ബാബയുടെ നേഞ്ചിലേക്കാഴ്ത്തിയിട്ട് അയാൾ കാത്തിരുന്നു. മുറിവായയും ചോരയും പ്രത്യക്ഷമായപ്പോൾ അയാൾ കത്തി വലിച്ചൂരിയെടുത്ത് വെർജിൻഹിത്സിന്റെ കണ്ണാടിപ്പടവുകൾ ചവിട്ടിയിറങ്ങാൻ തുടങ്ങി.’

കഥയിൽ, യത്തീംഖാനയിൽനിന്ന് കന്യാമലയിലേക്ക് ഒരുധാരയുണ്ട്. കന്യാമലയിലേക്ക് - വിർജിൻ ഹിത്സിലേക്ക് മറ്റൊരു ധാരയുമുണ്ട്. മയിൽപ്പീലി വലിച്ചെറിഞ്ഞു കൊടുത്തിട്ടായിരുന്നു ബാബ യത്തീംഖാനയിലെ ബാലന്മാരെ ആകർഷിച്ചിരുന്നത്. മയിൽ വെർജിൻഹിൽസിന്റെ ലോഗോ ആയിരിക്കുന്നു. നിഗൂഢമായ ഒരു വലിയ വ്യവസായത്തിന്റെ അധിപനാണ് ബാബ എന്ന് കഥ സൂചിപ്പിക്കുന്നില്ല. പക്ഷേ, വായനക്കാർക്കറിയാൻ പ്രയാസമുണ്ടാവില്ല. യത്തീമും സ്ത്രീയും പരിരക്ഷിക്കപ്പെടാതെ പോവുന്ന പുതിയ കാലത്തിന്റെ ആത്മീയതയെ പ്രത്യക്ഷവും പരോക്ഷവുമായ സൂചനകളിലൂടെ വായനക്കാരിലെത്തിക്കുവാനുള്ള ക്രാഫ്റ്റ് ഈ കഥയ്ക്ക് നിഗൂഢതയുടെ പരിവേഷമിട്ടിരിക്കുന്നു.

‘കഞ്ചു’ എന്ന കഥയും ഒരു വിധവയെ പറ്റിയുള്ളതാണ്. ആണുങ്ങൾക്ക് മാത്രം വിധിക്കപ്പെട്ട ആ വിശുദ്ധ കവാടം അതിക്രമിച്ചു കയറുന്നു എന്ന് ഒട്ടും തോന്നിപ്പിക്കാതെ മൃദുവായ കാൽവപ്പുകളോടെ അവൾ ദൈവത്തിന്റെ വീട്ടിൽ അഭയം തേടി. ആളുകൾ ഇരുവശങ്ങളിലേക്കും വിശറി പോലെ വളഞ്ഞു പള്ളിക്ക് പുറത്തേക്ക് പോയി. പള്ളിക്കകം ശൂന്യമായി. ഏകാന്തമായ ഒരു പ്രാർഥനാലയത്തിൽ വന്നെത്തിയ ഒരു വിശുദ്ധ കന്യകയെപ്പോലെ അകപ്പള്ളിയിലെ ഇമാമിന്റെ ഇരിപ്പിടത്തിലിരുന്ന് അവൾ നമസ്‌കരിച്ചു. പുരുഷന്മാർക്ക് മാത്രം വിധിക്കപ്പെട്ട ആ ഇരിപ്പിടത്തിൽ ഒരു സ്ത്രീയുടെ കൈകൾ ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരുന്നു.

പ്രാർഥന കഴിഞ്ഞ് നടക്കല്ലിൽവെച്ച പാദസരവുമെടുത്ത് ഒന്നും സംഭവിക്കാത്തപോലെ കഞ്ചു നടന്നു പോയി. അപ്പോൾ ആ കണ്ണുകളിൽനിന്ന് ദുനിയാവിലെ മുഴുവൻ കണ്ണീരും പെയ്‌തൊഴിഞ്ഞിരുന്നു.’

മുസ്‌ലിം സമുദായത്തിലെ സ്ത്രീക്കുവേണ്ടി ഇതുപോലുള്ള വാക്കുകൾ മലയാളത്തിൽ ആരും എഴുതിയിട്ടുണ്ടാവില്ല. ചവിട്ടിമെതിച്ചു കളയുന്ന സ്ത്രീ ജ്വലിച്ചു തീയായി പടർന്ന് ആണധികാരത്തിന്റെ ഇരിപ്പിടത്തിൽ കയറിയിരുന്നു. സ്ത്രീമനസ്സുകളിൽ കഞ്ചുവിന്റെ തീരുമാനങ്ങൾ അനുരണനം സൃഷ്ടിക്കുകതന്നെ ചെയ്യും. കഞ്ചുവിനെപ്പോലെ ഒരു കരുത്തുറ്റ പെണ്ണ് മലയാള കഥാസാഹിത്യത്തിൽ ഇല്ല.

ജീവിതം എന്താണ് ഇങ്ങനെയെന്ന് അന്വേഷിച്ച് ഉഴന്നു പോകുന്ന ചെറുപ്പക്കാരെ ഈ കഥാകാരൻ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നു. ജീവിതത്തിന്റെ വിഷമ പദപ്രശ്‌നം അവർക്കു പരിഹരിക്കുവാൻ കഴിയുന്നില്ല. അപകർഷതയും തിരസ്‌കൃതത്വവും അവരെ ദുർബലരാക്കുന്നു. സമൂഹത്തിലെ മൂല്യവ്യസ്ഥകളോട് അവർക്ക് പൊരുത്തപ്പെടുവാനും കഴിയുന്നില്ല. രഹസ്യങ്ങളും നിഗൂഢതകളും ജീവിതം തനിക്ക് മാത്രം ഒരുക്കിവച്ചതാണെന്ന ധാരണ അവരെ അന്വേഷകരാക്കുന്നു. ജീവിതമെന്ന പ്രഹേളികയെ അന്വേഷിക്കുന്ന ഈ കഥകളിൽ കഥയുടെ സൗന്ദര്യശാസ്ത്രത്തിൽനിന്നും കഥാകാരൻ പുറത്തുകടക്കുന്നതായി അനുഭവപ്പെടുന്നുവെന്നതാണ് വസ്തുത.

റഹ്‌മാൻ എന്ന എഴുത്തുകാരൻ അഭിസംബോധന ചെയ്ത വായനക്കാർ അദ്ദേഹത്തിന്റെ കഥകളെ ഗൗരവബുദ്ധിയോടെ സൂക്ഷ്മമായി വായിച്ചുവോ എന്ന കാര്യത്തിൽ സംശയമുണ്ട്. നിനക്കാതെ വരുന്ന നിയമ നിർമാണങ്ങളും സമ്പദ്പ്രവാഹവും സമുദായങ്ങളുടെ ദ്യഢതയെയും ആത്മീയമായ അടിത്തറയെയും രാക്കുരാമാനമെന്നവണ്ണം ശിഥിലമാക്കിയേക്കാം. പിടിച്ചുനിൽക്കുവാൻ, മനുഷ്യർക്ക് യഥാർഥമായ ജ്ഞാനവും അതിലൂടെ ഒഴുകിയെത്തുന്ന ആത്മീയതയും അനിവാര്യമാണ്. ജ്ഞാനത്തിന്റെ വഴി ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെതും കൂടിയാണ്. ആ വഴിയാണ് എം.എ റഹ്‌മാന്റെ കഥകൾ തുറന്നിടുന്നത്. സാധാരണ അതിർത്തികളിൽ രണ്ടു ഭാഷകളുണ്ടാവും. കാസർകോട് അത് ഏഴിലധികം ഭാഷകൾ; കേരളത്തിന്റെ വടക്കേ അതിർത്തിയിലെ ഭാഷാ ഇടനാഴിയിൽ പെട്ടുപോയവരുടെ ജീവിതത്തിൽ നിന്നുള്ള സ്വരമാണ് നാം ഈ കഥകളിൽ വായിക്കുന്നത്.

റഹ്‌മാൻ എന്ന എഴുത്തുകാരൻ അഭിസംബോധന ചെയ്ത വായനക്കാർ അദ്ദേഹത്തിന്റെ കഥകളെ ഗൗരവബുദ്ധിയോടെ സൂക്ഷ്മമായി വായിച്ചുവോ എന്ന കാര്യത്തിൽ സംശയമുണ്ട്.
റഹ്‌മാൻ എന്ന എഴുത്തുകാരൻ അഭിസംബോധന ചെയ്ത വായനക്കാർ അദ്ദേഹത്തിന്റെ കഥകളെ ഗൗരവബുദ്ധിയോടെ സൂക്ഷ്മമായി വായിച്ചുവോ എന്ന കാര്യത്തിൽ സംശയമുണ്ട്.

പീഡിതർക്കുവേണ്ടിയുള്ള കൗണ്ടർ നരേറ്റീവ്

ഇതേ കൗണ്ടർ നരേറ്റിവ് താത്പര്യം റഹ്‌മാന്റെ എൻഡോസൾഫാനെതിരെയുള്ള എഴുത്തിലൂടെയും നിയമവഴിയിലൂടെയും നടത്തിയ ഇടപെടലുകളിലും കാണാവുന്നതാണ്. ദൂരെയുള്ള ഒരു അധികാരകേന്ദ്രം അധികാരബലമോ അധികാരപിൻബലമോ ഇല്ലാത്ത ജനതയുടെ തലയിൽ വിഷദ്രാവകം തളിച്ചതിന്റെ ഫലമായുണ്ടായ ദുരിതത്തിനിരയായവർക്ക് നീതി ലഭിക്കുവാൻ വേണ്ടിയുള്ള ലേഖനമെഴുത്ത്, ഏറ്റവും സർഗാത്മകമായ പ്രവർത്തനമാണ്. പീഡിതരായ സഹജീവികൾക്കുവേണ്ടിയുള്ള എഴുത്താണ് ഏറ്റവും ഉദാത്തമായ സാഹിത്യം. ആ ക്രൂര കർമം ചെയ്തവർക്ക് പ്രതിഷ്ഠ കിട്ടാതെ പോവട്ടെ, അവരുടെ വാഴ്ച ഒടുങ്ങട്ടെ എന്നു തന്നെയാണ് റഹ്‌മാന്റെ പുസ്തകം നിശ്ശബ്ദമായി ശപിച്ചത്. റഹ്‌മാന്റെ കഥകളും എൻഡോസൾഫാൻ പീഡിതർക്കായുള്ള ലേഖനമെഴുത്തും എഴുത്തുകാരന്റെ സർഗാത്മക പ്രവർത്തനം തന്നെയായി കാണേണ്ടതാണ്.

Comments