ഇടനഗരങ്ങളുടെ
യൂണിവേഴ്സ്

എൻ.ആർ. രാജേഷ് എഴുതിയ ‘സ്‍ക്രൂ ഡ്രൈവറിലെ മഴവില്ല് ‘എന്ന കവിതാസമാഹാരത്തിന് എസ്. കണ്ണൻ എഴുതിയ അവതാരിക.

ലയാള കവിതാരംഗം കവിതാബാഹ്യമായ പലയിടപെടലുകൾകൊണ്ട് ചിന്നിച്ചിതറിയിരിക്കുകയാണ്. അതിൽ രാഷ്ട്രീയമുണ്ട്, സാംസ്കാരിക സംഘർഷമുണ്ട്. ഗ്രൂപ്പ് പ്രവർത്തനങ്ങളുണ്ട്. സ്ത്രീ- പുരുഷ യുദ്ധങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇന്നൊരു കവി മലയാളത്തിൽ കഴിഞ്ഞുപോകുന്നത് ജനപ്രതിനിധികളെപ്പോലെ പലപല സപ്പോർട്ടിംഗ് സിസ്റ്റങ്ങൾ കൊണ്ടാണ്. അതുകൊണ്ട് കവിത ജനകീയമാക്കുക എന്നതിൽ നിന്ന് മുന്നോട്ട് പോയി ജനപ്രിയമാക്കുക എന്നതിൽ എത്തിയിട്ടുണ്ട്. അതിനാൽ ഒന്നുകിൽ ബാഹ്യസംഗീതം കൊണ്ടോ, ബാഹ്യരാഷ്ട്രീയം കൊണ്ടോ, അത് ആകർഷണീയത കണ്ടെത്താൻ ശ്രമിക്കുന്നു. ഐന്ദ്രിയികമായ ഭാഷാരൂപങ്ങളാൽ വായനക്കാരനെ അഭിസംബോധന ചെയ്യുന്ന പല കവികളും ഒരു ഗാനത്തിന്റെ ലെവലിലേക്കിറങ്ങി തങ്ങളുടെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നു. അതുകൊണ്ട് കവിതയിൽ സൂക്ഷ്മജീവിതം തേടാൻ മാത്രം ഭാഷാസംസർഗ്ഗമുള്ള ഒരു വായനക്കാരൻ ലിറ്റററി ആനുകാലികങ്ങളോടുണ്ടായി വന്നതുപോലൊരു മുൻവിധിയിലേക്കുവീണ് വായനയിലലസനായി ഡിജിറ്റൽ ലോകത്തിലേക്ക് തന്നെ പോകുന്നു.

അങ്ങനെയൊരു കവിതാലോകത്ത് വർഷങ്ങളായി ഒരു കോക്കസിലും പെടാതെ, ഒരു പരാതിയും പറയാതെ കവിത എഴുതിപ്പോരുകയാണ് എൻ.ആർ. രാജേഷ് എന്ന കവി. ‘പോസ്റ്റർ കീറുന്നവരുടെ ശ്രദ്ധയ്ക്ക്’ എന്ന തന്റെ ആദ്യ കവിതാസമാഹാരം മുതൽ തന്നെ എല്ലാ കവിതകളും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കാൻ അങ്ങേയറ്റം ശ്രദ്ധയോടെയാണിയാൾ കവിത എഴുതിപ്പോകുന്നത്. ഓരോ വരിയിലും പുതിയ പുതിയ ഡയമൻഷനിലേക്ക് തന്റെ കവിതയുടെ സന്ദർഭത്തെ ഒരു താർക്കികനെപ്പോലെ പകർത്തിയേറ്റുമ്പോൾ കൗണ്ടറുകളുടെ പ്രഭുക്കളായ മലയാളി ഇന്റലക്ച്വൽസിനുപോലും കാലിടറുന്നു, നാലാമത്തെയോ അഞ്ചാമത്തെയോ വരികളിൽ നിന്നവർ കാല് തെറ്റി നിലംപതിക്കുന്നു. ഇയാളെ വായിക്കുവാൻ ഇയാളുടെ യൂണിവേഴ്സിലേക്ക് കയറേണ്ടതുണ്ട്. ആ യൂണിവേഴ്സിന്റെ സ്വഭാവം നിങ്ങളുടെ പരിസരമാണെങ്കിലും നിങ്ങൾ സാംസ്കാരികമായി ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ, നിങ്ങൾക്കവ അപരിചിതമായി പോയിരിക്കുന്നു. അവിടെ ഒരിക്കലും താഴേക്ക് നോക്കാതെ "ബഹുനിലക്കെട്ടിടങ്ങളിൽ പെയിന്റ് അടിക്കുന്ന തൊഴിലാളി" കളെ കണ്ടെത്താൻ കഴിയും. കാരണം മുകളിലേക്ക് നോക്കുമ്പോൾ അവരുടെ ഭാര്യയും മക്കളും ചോറുണ്ണുന്നത് കാണാൻ അവർക്ക് കഴിയും. അവിടെ "പണിയില്ലാതെ പ്ലാസ്റ്റിക് കവറിന്റെ കിരികിരുപ്പ് കേൾപ്പിച്ചു നിൽക്കുന്ന" തൊഴിലാളികളെ കാണാം. പത്രത്തിന്റെ താളിൽ ടൗണിലെ കടകളുടെ നോട്ടീസ് കൃത്യമായി വെച്ച് പത്രം എടുക്കുന്ന ഏജന്റുകളെ, കമ്പിവേലി കെട്ടിക്കൊടുക്കുന്ന, ഫിസ്റ്റുല പരിഹാരം വാഗ്ദാനം ചെയ്യുന്ന നോട്ടീസ് പതിച്ച സബർബൻ മതിലുകളെ, പുല്ലുകെട്ടുമായി പോകുന്ന ഓട്ടോറിക്ഷയെ, പുല്ലുകെട്ട് ചുമന്ന് പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന കാറിനെ (ഈ ചുമട് എങ്ങനെവന്നു എന്ന് കവിത വ്യക്തമാക്കില്ല, പോലീസ് സ്റ്റേഷനാണ് ലൊക്കേഷൻ എന്നും പറയില്ല, കാരണം പുല്ലുകെട്ട് ചുമന്നു നിൽക്കുന്ന കാർ എന്ന് പറയുമ്പോഴേ അത് സങ്കൽപ്പിക്കുവാൻ കവി വായനക്കാരനെ ശാസിക്കു

എൻ.ആർ. രാജേഷ്
എൻ.ആർ. രാജേഷ്

ഒരു കവിതയെഴുതുക, അത് വായിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന വായനക്കാരന് ആ കവിതയെ വിശദീകരിക്കുന്ന മറ്റൊരു കവിത എഴുതുക, പിന്നീട് അതിന്റെ വാക്കുകൾക്ക് ചേരുന്ന മറ്റൊരു കല്ല് പാകുന്നതുപോലെ മറ്റൊരു കവിതയെഴുതുക- അതാണ് മലയാള കവിതയിലെ വിജയിച്ച ഒരു രീതി. എന്നാൽ എൻ.ആർ. രാജേഷ് എന്ന കവിക്ക് ഇത് നേരെ തിരിച്ചാണ്. ഒരു കവിതയിലെ ആദ്യത്തെ വരികൾ തന്നെ പിന്നീട് വരുന്ന വരികൾക്ക് അപരിചിതമാക്കാൻ ശ്രമിക്കുന്നു. അതായത് ഈ കവിതയെ പരിചരിച്ചും, സ്നേഹിച്ചും, പിണങ്ങിയും പോരു കൂടിയും, അവിടെ പാർപ്പുറപ്പിക്കാൻ വരുന്ന ഒരാളോട് മാത്രമേ ഈ കവിതകൾ ഹൃദയം തുറക്കൂ.

പുസ്തകത്തിന്റെ പേര് സ്ക്രൂഡ്രൈവറിലെ മഴവില്ല് എന്നാണ്. ഇങ്ങനെ നാളിതുവരെ ഇറക്കിയ പുസ്തകങ്ങളുടെ കവിതകളുടെയെല്ലാം പേര് ഒന്നിനൊന്ന് അമ്പരപ്പിക്കുന്നതാണ്. അവയുടെ ചുവട്ടിലെല്ലാം സബർബൻ ഗ്രാമീണ ജീവിതം മാത്രമാണുതാനും. മനുഷ്യർ, ചെറിയ ഉത്തോലകങ്ങൾ, വിമാനത്തിൽ നിന്ന് കണ്ടുരസിക്കുന്ന ചില പ്രാർത്ഥനകൾ, കുടകൾ, തൊഴിലുറപ്പ് കൂട്ടങ്ങൾ, സൈക്കിൾട്യൂബ് നന്നാക്കുന്ന ഇടങ്ങൾ, കനാലിൽ കുളിക്കുന്നവർ, എന്നിങ്ങനെ പാതയോരങ്ങൾ ഈ കവിതയുടെ ഇരിപ്പിടങ്ങളാകുന്നു.

ഈ കവിതയെ പരിചരിച്ചും, സ്നേഹിച്ചും, പിണങ്ങിയും പോരു കൂടിയും, അവിടെ പാർപ്പുറപ്പിക്കാൻ വരുന്ന ഒരാളോട് മാത്രമേ ഈ കവിതകൾ ഹൃദയം തുറക്കൂ.

ഈ സമാഹരത്തിലെ ആദ്യത്തെ കവിതയാണ് എന്നെ ഞെട്ടിച്ചത്; ഡിഗ്രി പൂർത്തിയാക്കണം എന്നാണ് കവിതയുടെ പേര്. അക്കാദമീഷ്യയും അറിവും ജ്ഞാനവും ഈ കവിതയിൽ ഏറ്റുമുട്ടുന്നു. വായിച്ചുകൊണ്ടിരിക്കുന്ന ഞാൻ, ഭൂമിയുടെ പേജുകൾ മറിക്കുന്ന തൂമ്പപ്പണിക്കാരൻ, 25 പേജുള്ള പുസ്തകമായി നിൽക്കുന്ന തൊഴിലുറപ്പുകാർ എന്നിങ്ങനെയാണ് ഇതിലെ വിതാനം. വെബ്പേജിൽ നോക്കിക്കൊണ്ട് കപ്പിലിരുന്ന് പിരിയുന്ന ചായയുടെ സമീപത്ത് വായിച്ചുകൊണ്ടിരിക്കുന്ന ഞാൻ എന്തൊക്കെയോ കൂട്ടിക്കെട്ടാനായുമ്പോഴാണ്, അപ്പുറത്ത് പറമ്പിൽ തൂമ്പകളുടെ ഭൂമി വായന.

തൂമ്പകൊണ്ട് കിളയ്ക്കുന്നവർ
ഭൂമിയുടെ പേജുകൾ മറിയ്ക്കുന്നു.
മണ്ണിൻ്റെ വരികൾ ഹൃദിസ്ഥമാക്കുന്നു.
അവസാനം ഡിഗ്രി പാതിയിൽ നിർത്തിയ പയ്യനെ വായിക്കണം, ഡിഗ്രി പൂർത്തിയാക്കണം എന്ന് പറയുമ്പോൾ തൂമ്പപ്പണിക്കാർ വായിച്ച പേജുകൾ ഈ ‘ഞാൻ’ വായിച്ചുവോ, ഭൂമിയെ നീ വായിച്ചുവോ എന്നിങ്ങനെ കവിതയിൽ അവതാരികകാരനായ എന്റെ വായന അടയാളപ്പെട്ടു. നിങ്ങൾക്ക് ഇതിൽനിന്ന് മറ്റൊന്നായിരിക്കാം ലഭിക്കുന്നത്. ഇങ്ങനെ നിശ്ചലചിത്രമായ സമകാലത്തെ മറികടക്കാൻ എൻ. ആർ. രാജേഷിന്റെ കവിത കാരണമാകുന്നു.

പുസ്തകത്തിന്റെ പേര് സ്ക്രൂഡ്രൈവറിലെ മഴവില്ല് എന്നാണ്. ഇങ്ങനെ നാളിതുവരെ ഇറക്കിയ പുസ്തകങ്ങളുടെ കവിതകളുടെയെല്ലാം പേര് ഒന്നിനൊന്ന് അമ്പരപ്പിക്കുന്നതാണ്.
പുസ്തകത്തിന്റെ പേര് സ്ക്രൂഡ്രൈവറിലെ മഴവില്ല് എന്നാണ്. ഇങ്ങനെ നാളിതുവരെ ഇറക്കിയ പുസ്തകങ്ങളുടെ കവിതകളുടെയെല്ലാം പേര് ഒന്നിനൊന്ന് അമ്പരപ്പിക്കുന്നതാണ്.

'ബാക്ക് സീറ്റിൽ പുല്ല് തിരുകിവച്ച പ്രൈവറ്റ് ഓട്ടോ' എന്ന കവിത നോക്കുക. കവിയുടെ തന്നെ സൂക്ഷ്മാന്വേഷണം എന്ന് ഓമനപ്പേരിട്ട അനുമാനങ്ങളുടെ പെരുമഴയെ കളിയാക്കിവിടുകയാണ്. ഏതു കാര്യത്തേയും അതിൻ്റെ യാഥാർത്ഥ്യത്തിൽ കാണാൻ വിസമ്മതിക്കുന്ന തലച്ചോറാണ് ഇവിടെ പ്രതി. അതിന് മുടിഞ്ഞ ആൻക്‌സൈറ്റിയാണ്, അനുമാനങ്ങളിലൂടെ അതിന് ഒരു സന്ദർഭത്തെ വിധിക്കണം. പുല്ലുകുത്തിനിറച്ച ഓട്ടോ എന്ന കാഴ്ച്ചക്കണിയെ അത് സ്വച്ഛമായി, അയവോടെ, നിരപേക്ഷമായി സമീപിച്ചിരുന്നേൽ ആ ദൃശ്യം അതിൻ്റെ ഹൃദയം തുറന്നേനെ (ഇതിൽ എന്തെങ്കിലും ധ്യാനപദ്ധതിയുണ്ടെന്ന് പറയുകയല്ല), അത് ആ നിമഷത്തെ കണ്ടൻ്റഡ് ആക്കിയേനെ. ഇത് തലച്ചോറിന് തന്നെയറിയാം, നിരവധി ആരോപണങ്ങൾ താൻ ആ കാഴ്ച്ചയിലേക്ക് വിക്ഷേപിക്കുകയായിരുന്നെന്ന്. തൻ്റെ ഊർജ്ജത്തെ ഒരു വായാടി ഊഴത്തിലൂടെ പൊള്ളയാക്കിക്കളഞ്ഞെന്ന്. ഇങ്ങനെ നാം അടുത്ത നിമിഷത്തേക്ക് കടക്കുന്നു, നമ്മുടെ അനുമാനങ്ങളുടെ വേസ്റ്റും.

എല്ലാ കവിതകളിലും ഒരു മഴക്കാർ പറ്റിപ്പിടിച്ചിരിക്കുന്നു. കുളപ്പായൽ ചുറ്റിയ പാദം പോലെ കുടഞ്ഞുമാറ്റാൻ കഴിയാതെ അത് ഒരു ഊരാക്കുടുക്കാകുന്നു. എന്നാൽ ജീവിക്കാതെ നിവർത്തിയില്ലാത്തതിനാൽ തന്നെ നേരിടുന്ന ഓരോ വസ്തുവിൻ്റെയും കണ്ണിലേക്കു തന്നെ നോക്കുന്നു ധൈര്യസമേതം. അപ്പോളകമ്പടിമേളവുമായി വരുന്ന ചിന്താപ്പെരുപ്പത്തെ ചതിയെന്നറിയുന്നുമുണ്ട്. ഇതാണ് പുതിയ തലമുറയുടെ മായാമതിൽ തല്ലിത്തകർക്കൽ, അതിനായുള്ള ശ്രദ്ധ. സൂര്യനിൽ നിന്ന് വിയർപ്പു വലിച്ചെടുക്കുന്ന രോമങ്ങളിലും, ചൂണ്ടയിടുന്ന മനുഷ്യനെ കൊത്തുന്ന മീനിലുമൊക്കെ ഒരു വിപരീതയാഥാർത്ഥ്യം ഉണ്ട്. ലോട്ടറി നമ്മളെയെടുക്കുന്നതുപോലെ നാം കെണിപ്പെട്ടുപോകുന്ന അത്യാവശ്യങ്ങളുണ്ട്. ഒരു പ്ലേറ്റ് കഞ്ഞി എന്നെ കണ്ടുപിടിച്ച് എൻ്റെ വായിലേക്കു മറിയണമെന്നാഗ്രഹിക്കുമ്പോഴാണ് നാം ഭാവിയിലേക്കു ചുവടുവെയ്ക്കുന്നത്.

പാറക്കല്ലുകൾ തകർത്ത് അതിൽ നാമ്പിട്ട്‌ അതിൽ വിരിയുന്ന ഒരു ചെടിയിലെ പൂവാണ് പെൺകുട്ടികൾ തലയിൽ വയ്ക്കുന്നത് എന്നത് ഞെട്ടിക്കുന്ന വരികളായിരുന്നു. ഇതേ ഇമേജ് സ്ത്രീകൾക്കും ബാധകമാണല്ലൊ എന്നു ഞാനോർത്തു.

നമ്മുടെ രാജ്യം തന്നെ ഒരവസരം തേടുകയാണ്. നമ്മുടെ യുവാക്കൾ എല്ലാ അന്യദേശങ്ങളിലേക്കും പറക്കുന്നു. നമ്മുടെ പാരമ്പര്യത്തിൻ്റെ അടയാളങ്ങളില്ലാത്തിടത്ത് ഏകരായി ജീവിതം കരുപ്പിടിപ്പിക്കുന്നു. അപ്പോഴെല്ലാം അവരുടെ സമീപത്ത് അവർക്കടുപ്പമുള്ളത് കുറേ വസ്തുക്കളാണ്. വസ്തുക്കൾ മനുഷ്യപ്പറ്റോടുകൂടിയുള്ള പരിചരണത്തിലാണ് നിർമ്മിക്കപ്പെടുന്നത്. ഒരു കസേരയുടെ കയ്യുകളും കാലുകളും നോക്കൂ. ഒരു പാത്രം, അതിലെ വിഭവം തുറന്ന് ഒരു മനുഷ്യനുനേരെ നീട്ടുന്നത് നോക്കൂ. ഇന്നൊരാൾ സ്വന്തം ദേശത്തും സ്വന്തം ഇടത്തിലും പോലും ഒറ്റപ്പെട്ടുപോകുന്നു. അവിടെ ആകെ ഇണക്കമുള്ളത്, നമുക്ക് നേരിട്ട് വൈകാരിക ബന്ധമൊന്നുമില്ലാതെ ഈ ഉരുവംകൊണ്ട ലോകമാണ്. സ്വന്തം തുടർച്ച നഷ്ടപ്പെട്ടുപോയ നമ്മിൽ പലരും അതിൻ്റെ ചലനങ്ങൾ നോക്കി നമ്മുടെ മാനുഷികനില പുതുക്കുന്നു. രാജേഷിൻ്റെ കവിതയിലെ വസ്തുക്കൾ, സ്ഥലങ്ങൾ, പേരുകൾ, നെയിംബോർഡുകളൊക്കെ അത്തരം ഒരു ലോകം പരിചയപ്പെടുത്തുന്നു

ഇത്രയും ഗഹനമായ കവിതകളെത്തൊടുമ്പോഴാണ് ഒരാളിൽ അതുവരെ ജീവിച്ച ജീവിതത്തെ അകംപുറം മറിക്കുന്ന തരത്തിൽ ഒരു മാറ്റമുണ്ടാകുന്നത്. എന്നാൽ ഒരു കൺസ്യൂമറിസ്റ്റ് വായനക്കാരന് അതൊന്നും ലഭിക്കുകയില്ല. ഉദ്ധതനായ ഒരു ഉപഭോക്താവാണയാൾ. സ്വന്തമാക്കുവാൻ എത്രമാത്രം സ്വയം അഴിച്ചുകളയണമെന്നയാൾ കരുതുന്നില്ല. അയാൾക്കുനേരെ കവിത മുഖം തിരിച്ചിരിക്കുന്നത് അയാളുടെ എല്ലാമെല്ലാമാകാനാണെന്ന് മനസ്സിലാക്കുന്നില്ല. അയാളുടെ നേരെ കൈനീട്ടുന്ന കവിതകളിൽ ഒരു വാഗ്ദാനവുമില്ലെങ്കിലും അയാൾ ആ കൈപിടച്ചു കുലുക്കി കടന്നുപോകുന്നു. സങ്കീർണ്ണമായ കവിതകളാകട്ടെ അർഹതപ്പെട്ട മറ്റൊരു തലമുറയ്ക്കായി കാത്തിരിക്കുന്നു.

എൻ. ആർ. രാജേഷിന്റെ ‘സ്ക്രൂ ഡ്രൈവറിലെ മഴവില്ല്’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനചടങ്ങിൽ നിന്ന്
എൻ. ആർ. രാജേഷിന്റെ ‘സ്ക്രൂ ഡ്രൈവറിലെ മഴവില്ല്’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനചടങ്ങിൽ നിന്ന്

ഈ കവിയുടെ ഒന്നരപ്പതിറ്റാണ്ടുമുന്നെയുള്ള ഒരു മുൻകവിതയിലാണ് ഞാൻ ഇയാളുടെ വായനക്കാരനായത്:

"ഗവൺമെന്റ് ഭൂമിയിൽ
ചപ്പുചവറും കാടും
വെട്ടിത്തെളിച്ചു
ഉദ്ഘാടനക്കല്ല് കണ്ടുപിടിച്ചു
വീട്ടുമുറ്റത്തുനിന്ന്
250 ഗ്രാം പയറുകിട്ടി"
എന്ന വരികളാണത്. ചരലിനിടയിൽ നിന്ന് 250 ഗ്രാം പയർ തപ്പി തപ്പി എടുക്കുന്ന ഒരാൾ ഒരു സൂക്ഷ്മ ചിത്രം മാത്രമല്ല. പട്ടിണിയില്ലാത്ത ദിവസങ്ങൾ എന്ന ഈ കവിതയുടെ തലക്കെട്ടിന് അനുഗുണമാണാ വരികൾ. കയ്യിൽ നിന്ന് തൂകിപ്പോയ പയർപോലെ ഉദ്ഘാടനം കഴിഞ്ഞുപേക്ഷിച്ച ഗവൺമെന്റ് പദ്ധതികളും അങ്ങനെ തന്നെ. അത് എത്രയോ പേരുടെ വിശപ്പ് തീർക്കുവാൻ വിടർന്നു നിൽക്കേണ്ടവയായിരുന്നു.
പാറക്കല്ലുകൾ തകർത്ത് അതിൽ നാമ്പിട്ട്‌ അതിൽ വിരിയുന്ന ഒരു ചെടിയിലെ പൂവാണ് പെൺകുട്ടികൾ തലയിൽ വയ്ക്കുന്നത് എന്നതും ഞെട്ടിക്കുന്ന വരികളായിരുന്നു. ഇതേ ഇമേജ് സ്ത്രീകൾക്കും ബാധകമാണല്ലൊ എന്നു ഞാനോർത്തു. ഈ കവിതയുടെ ടൈറ്റിൽ പെൺകുട്ടികളേക്കാൾ കനം കുറവാണോ ചുറ്റികയ്ക്ക് എന്നാകുമ്പോൾ പാറ തകർത്ത് വെളിയിൽ വരുന്ന പൂവുകളെ അത് വ്യക്തമാക്കും. ഒരു പൂവിനെ ക്യാമറയിൽ പകർത്തുന്നത് സൂര്യനിൽ കുളിക്കുന്ന ഒരു പൂവിന്റെ കുളിസീൻ പകർത്തൽ ആണെന്നും ആ കവിതയിൽ രാജേഷ് പറയുന്നുണ്ട്. മൗലിക ജീവിതത്തിന്റെ അപരിചിതത്വം കവിതയ്ക്ക് മാത്രം നൽകാൻ കഴിയുന്നതാണ്.

ലളിതപദങ്ങളിൽ, അസ്വാഭാവിക ചേർപ്പുകളിൽ, നിത്യജീവിതത്തഴമ്പുകളിൽ പടുത്ത ഈ കവിത ഞാൻ നിങ്ങൾക്ക് മുൻപാകെ സമർപ്പിക്കുന്നു.


Summary: Introduction by S. Kannan to the poetry collection ‘Screwdriverile Mazhavillu’ written by N.R. Rajesh.


എസ്. കണ്ണൻ

കവി, എഴുത്തുകാരൻ. കാറ്റിൽ ഞാൻ കടന്ന മുറികൾ, ഉടുപ്പ് കവിതാസമാഹാരങ്ങൾ

Comments