ശുഭാംശു ശുക്ല ബഹിരാകാശനിലയത്തിലെത്തിയ വാർത്തകൾ ചാനലുകളിൽ ആഘോഷമായി പെയ്തിറങ്ങുന്നതിനിടയിലാണ്, ഭൂമിയിലെ ഏറ്റവും സങ്കുചിത മനസ്സുകൾ തിങ്ങിപ്പാർക്കുന്ന ഒരിടത്തുനിന്ന് വി.വി. ഷാജുവിൻ്റെ അപരിചിത രുചിക്കൂട്ടുകളൊരുക്കിയ വിഭവങ്ങളുമായി സൊമാറ്റോ ഡെലിവറി ബോയി എന്നെത്തേടിയെത്തുന്നത്. ഞാനപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയും ശുഭാംശുവും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൻ്റെ 'മധുരോദാര'മായ ഓർമ്മകൾ മന്ദമായി അയവിറക്കുകയായിരുന്നു.
പ്രധാനമന്ത്രി: ബഹിരാകാശത്തിൻ്റെ വിശാലത കണ്ടപ്പോൾ ആദ്യം എന്തു തോന്നി?
ശുഭാംശു: ഇവിടുന്ന് നോക്കുമ്പോൾ രാജ്യാതിർത്തികളൊന്നുമില്ല. ഭൂമിയാണ് നമ്മുടെ വീട്. ആത്യന്തികമായി മനുഷ്യർ ഒന്നാണെന്ന പ്രതീതി.
പ്രധാനമന്ത്രി: ശുഭ്, താങ്കൾ വളരെ ദൂരെയാണ്. ഇവിടുന്ന് കൊണ്ടുപോയ രുചികരമായ കാരറ്റ് ഹൽവ താങ്കളും സുഹൃത്തുക്കളും കഴിച്ചോ?
ശുഭാംശു: വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടെ. ഭാരതത്തിൻ്റെ മഹത്തായ രുചിപാരമ്പര്യം അവർക്കും അനുഭവമായി.

‘വസുധൈവ കുടുംബകം' എന്ന ദർശനസങ്കൽപ്പം പിറന്ന മണ്ണിൽ നാലു പതിറ്റാണ്ടുകാലം ജിവിച്ചിട്ടും തിരിഞ്ഞുകിട്ടാത്ത "മനുഷ്യരൊന്നാണ്" എന്ന 'രഹസ്യ'മറിയാൻ, ഭൂമിയുടെ ആകർഷണവലയത്തിനപ്പുറമെത്തേണ്ടി വന്നു, പ്രീയപ്പെട്ട ശുഭാംശുവിന്. (ഉയരങ്ങളിൽനിന്ന് നോക്കണം ആഴങ്ങളെ അടുത്തറിയാൻ) എന്നിട്ടും അധികാരം ആഴത്തിൽ മുറിച്ചിട്ട ഭൂമിയിലെ അതിശക്തമായ അതിർത്തി വിഭജനങ്ങളെ അതിജീവിക്കാനാവാതെ അദ്ദേഹം അടുത്ത ചോദ്യത്തിൽ അടിപതറി, രാജ്യത്തിന്റെ അതിർത്തിക്കുള്ളിലെത്തി. അറിഞ്ഞാലും അനുഭവമാകാതെ, അനുഭവിച്ചാലും അവബോധമായി പരിണമിക്കാതെ, ജീവിച്ച കാലത്തിൻ്റെ ഓർമ്മകൾ മനുഷ്യരിൽ കട്ടിയേറിയ വടുക്കളായി ചിന്തകൾക്കും ഭാവനക്കും അതിരുകളിടുന്നു. പ്രധാനമന്ത്രിയായാലും ബഹിരാകാശ സഞ്ചാരിയായാലും അതങ്ങനെത്തന്നെ.
എത്ര ശ്രദ്ധിച്ച് ശ്രമിച്ചാലും തെന്നിപ്പോവുന്ന, വഴുവഴുക്കുന്ന ഈ ജീവിതപ്രതലത്തിൽ അത്യന്തം മെയ് വഴക്കമുള്ള ഒരഭ്യാസിയെപ്പോലെ ആസ്വദിച്ച് നൃത്തമാടുകയാണ് വി.വി. ഷാജു. മറ്റൊരു ഓർബിറ്റിലേക്ക് മാറിയാൽമാത്രം അനുഭവിക്കാനാവുന്ന സൗന്ദര്യാനുഭൂതികളാണ് അദ്ദേഹത്തിൻ്റെ നിക്ഷേപങ്ങൾ. വസന്തവായുവിൽ വസൂരിരോഗാണുക്കളെയും, പുള്ളിമാനിനു പിറകിൽ പുള്ളിപ്പുലിയേയും കണ്ട പൂർവ്വസൂരിയെപ്പോലെ, ഷാജു ഉള്ളതിനപ്പുറം ഉണ്ടാവാനിടയുള്ളതിൻ്റെ / ഉണ്ടാവേണ്ടതിൻ്റെ ഉള്ള് ചികയുന്നു. ആ ഉൺയും അനിവാര്യമായ ഒരു ഇല്ലായ്മയായി മാറുമെന്നും അതിനുമപ്പുറം പുതിയ മറ്റൊന്ന് ഉണ്ടായിവരുമെന്നും ഷാജുവിലെ ദാർശനികൻ ദീർഘദർശനം ചെയ്യും. ഒന്നിൽ (അത് ആളാവാം, ദർശനമാവാം, എന്തുമാവാം)അടയിരിക്കുന്നതിൽ കാര്യമില്ലെന്നും ഒരുപാടുകളുടെ ചേർച്ചയാണ് ഏത് ഒന്നിൻ്റെയും മനോഹാരിത എന്നും അദ്ദേഹം, തന്നെ നിരന്തരം നവീകരിക്കും. നടപ്പുലോകത്തിൻ്റെ ശീലങ്ങളിലും നിയമാവലികളിലും കുരുങ്ങാതെ, തൻ്റെ കാംക്ഷിതലോകത്തിന്റെ തലതിരിഞ്ഞ പ്രതിബിംബങ്ങൾ ഒരു പീച്ചാംകുഴലിലെന്നോണം നിറച്ച് അയാൾ ഭാഷയിലേക്ക് ചീറ്റുന്നു. പല വർണ്ണങ്ങൾ കലർന്ന അനുഭവക്കറയായി ഷാജുവിൻ്റ ഭാഷാലീലകൾ മലയാളത്തിൽ പുതിയ അടയാളങ്ങളായി. സങ്കൽപവെൺമ, അഴുക്കേറ്റ് അലങ്കോലമായെന്ന് പരിഭവിച്ചവരോട് അയാൾ ബോർഡർലൈനിൽ നട്ടം തിരിയുന്ന നർത്തകനായി കണ്ണിറുക്കി. ഇതിനകം ‘ട്രാക്ക് തെറ്റി’യവർ ആ 'നട്ടംതിരിച്ചിലി'ൻ്റെ വശ്യമോഹന നൃത്തചാരുതയിൽ സ്വയം പിടിവിട്ടു.

'രണ്ടടി പിന്നോട്ട്' വെച്ചാണയാൾ ഭാഷയിലേക്ക് കവിതയുടെ കാലെടുത്തു വെക്കുന്നത്. മലയാള കവിതയുടെ അനന്തമായ ഭാവിയെ ഉന്നംവെച്ച്, ലക്ഷ്യബോധമുള്ള കുതിപ്പിനുളള മുന്നൊരുക്കമായി ആ പിന്നോട്ടടിയെ കരുതിയ സാമാന്യ യുക്തിയെ അയാൾ പരിഗണിച്ചതേയില്ല, ആയത്തിൽ, ആഴത്തിൽ കുതിച്ച് മുന്നോട്ടെത്തിച്ചേരാവുന്ന ഏറ്റവും സുരക്ഷിതാവസ്ഥ അനശ്വരതയാണല്ലോ. "അനശ്വരതയേക്കാൾ വലിയ ദൂരന്തമില്ലാ ഭൂമിയിൽ" എന്ന് അയാൾ മുൻചൊന്ന സാമാന്യയുക്തിയെ അയുക്തിയാക്കി മാറ്റി. നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ച് മാറാതെ തൻ്റെ ലോകത്തെ അടപടലം മാറ്റുന്ന കലയിൽ അയാൾ നിരന്തരം ആനന്ദിച്ചു. ഒരൊറ്റ നോട്ടത്തിൽ കാഴ്ചയുടെ അസംഖ്യം അടരുകൾ അണപൊട്ടിയെത്തി 'തൽകാല'ത്തേക്ക് മാത്രമായി അയാളെ അന്ധനാക്കി.
എല്ലാം കാണുന്ന കണ്ണുകൾ ഉപേക്ഷിച്ച് തനിക്ക് വേണ്ടതുമാത്രം കാണുന്ന കാഴ്ച്ചയിലേക്ക് അയാൾ ഉയർത്തപ്പെട്ടു. അയാളുടെ കവിതകൾ 'നിശ്ചലതയുടെ അനശ്വരത' യ്ക്കായി പ്രാർത്ഥിക്കാൻ തുടങ്ങി.
തന്നെത്തന്നെ ഇര കോർത്ത് ഭാഷയിൽ ചൂണ്ടയിട്ടിരിക്കുന്ന എഴുത്തുകാരനാണ് വി.വി ഷാജു. കടൽ ഒരു പടുകൂറ്റൻ ജലമൃഗമാണ് എന്നറിയുന്നയാൾക്ക് ചൂണ്ടലിൽ കൊത്താനുള്ള സാധ്യതകളെപ്പറ്റി വേവലാതികളില്ല. എന്തു കൊത്തിയാലും തൻ്റെ അടുക്കളയുടെ ഭാവുകത്വനിർമ്മാണശേഷിയിൽ ആത്മവിശ്വാസമുള്ള കുശിനിക്കാരനാണ് അയാൾ. കഥയോ കവിതയോ അനതിദീർഘമല്ലാത്ത പ്രബന്ധങ്ങളോ സൗന്ദര്യമുള്ള ഫിക്ഷൻ കഷണങ്ങളോ ഒക്കെയായി വായനക്കാരുടെ തീൻമേശയിൽ അൽഭുതം വിളമ്പാൻ അയാൾക്കാവും. കവിതയുടെ പ്രഖ്യാപിതലക്ഷണങ്ങളെ പിൻപറ്റാതെ, താനുണ്ടാക്കിയ കവിതയിൽ നിന്ന് ലക്ഷണങ്ങൾ തോന്നിപ്പിക്കാനും ഷാജുവിൻ്റെ കവിതകൾ ശ്രമിക്കും. "തോന്നലുകളെക്കാൾ മനസ്സിളക്കുന്ന അസ്സലുകളില്ല" എന്ന് കവിതയിൽ സാധൂകരണവാക്യം ചമയ്ക്കും.

ദാർശനികതയാണ് ഷാജുവിൻ്റെ ജീവിതാടിത്തറ. വ്യത്യസ്ത ജീവിത സന്ദർഭങ്ങളെ നിർലോഭമായി ചാർജ്ജ് ചെയ്തിട്ടും പിന്നെയും അവശേഷിക്കുന്നതിൻ്റെ അസ്കിതയിൽ അവ കവിതയിൽ ജീവിതം തിരയുന്നു. "മരണം അൽപ്പായുസ്സായ ഒരു പാവം ശലഭജീവിയാണ്" എന്ന് ജീവിതത്തിൻ്റെ അരികിലിരുന്ന് ദാർശനികത കാലുനീട്ടും. 'ഹിറ്റ്ലറെ നേരിടുന്ന സൈന്യത്തിലും ഹിറ്റ്ലറുണ്ട്' എന്ന് രാഷ്ട്രീയ സൂക്ഷ്മതയാൽ അത് കൂടുതൽ ജാഗ്രതപ്പെടും. "ചിലപ്പോൾ പൂച്ച എലി പോലുമാണ്,"എന്ന് ജൈവപരമ്പരയുടെ ജൻമരഹസ്യത്തെത്തൊടും. "എല്ലാ ദേഹങ്ങളും മൃതദേഹങ്ങളെ ഒളിച്ചു കടത്തുന്നു" എന്ന് ജനിമൃതികളുടെ അതിരുകൾ മായ്ക്കും. എന്നാൽ ഇത്തരം തത്വചിന്തകളൊന്നും തൻ്റെയോ കവിതയുടെയോ ലക്ഷ്യങ്ങളല്ല എന്ന മട്ടിൽ നിർമ്മമത്വത്തിൻ്റെ കാവ്യകംബളമിടും.
‘‘നല്ല കവിത എന്തെങ്കിലും അവശേഷിപ്പിക്കുന്നില്ല’’. നല്ല കവിത മാത്രമല്ല, നല്ല കവിയും എന്തെങ്കിലും അവശേഷിപ്പിക്കുന്നില്ല, കവിയെപ്പോലും. അതുകൊണ്ടാണയാൾ പെസോവയെപ്പോലെ പല പേരുകളാൽ തന്നെ മായ്ച്ചുകളയുന്നത്. പ്രഭാതങ്ങളിലെ പ്രതിജ്ഞകൾ പ്രദോഷങ്ങളിൽ ലംഘിക്കുന്നതുപോലെ, ഇന്നത്തെ കവിയെ നാളെ തിരുത്തുന്നു. അനുനിമിഷം പരിണമിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിലയാൾ ഓരോ ഘട്ടത്തിലും പാകമാകാത്ത വ്യക്തിത്വത്തെ ഉപേക്ഷിച്ച് "പുതിയ" "മനുഷ്യ"നിലേക്ക് പരകായം ചെയ്യുന്നു. നീലിമയായി മൊഴിയഴക് കാട്ടി പരശ്ശതം കാമുകരെ സൃഷ്ടിക്കുന്നു. ഷീൻ ചാനായി ചൈനീസ് മലമടക്കുകളിൽ കവിതയുടെ അപൂർവ്വമായ ഔഷധക്കൂട്ട് തപ്പുന്നു. അനുമിതി ധ്വനിയിൽ ഏകാകിയുടെ മഹാവിലാപങ്ങൾ പ്രതിധ്വനിക്കുന്നു.
എല്ലാവരും സുരക്ഷിതമായ കൂട് തേടി നടക്കുമ്പോൾ കൂടുവിട്ടു പറക്കാനുള്ള പ്രാചീനമായ വെമ്പലാണ് വിവി ഷാജുവിനെ ആകാശത്തിൻ്റെ കൂട്ടുകാരനാക്കുന്നത്. ഇനിയും മെരുങ്ങാത്ത ഭാവനയുടെ ചിറകിലയാൾ നക്ഷത്രങ്ങൾക്കും തമോഗർത്തങ്ങൾക്കുമിടയിലൂടെ അലസമുദാസീനം അർമാദ സഞ്ചാരം തുടരുകയാണ്. അക്ഷരം പഠിച്ചതിനാൽ മാത്രം എഴുത്തുകാരൻ എന്ന കുരുക്കിലകപ്പെട്ട സ്വപ്നാടകനാണയാൾ. കവിതയോ കഥയോ വ്യവസ്ഥാപിതത്വങ്ങൾ ചിട്ടവട്ടങ്ങളൊപ്പിക്കുന്ന എഴുത്തുരീതികളിലൊന്നും അയാൾക്കയാളെ അച്ചടക്കത്തോടെ മേയ്ക്കാനാവുകയില്ല. ഇനിയും കണ്ടുപിടിക്കാനിരിക്കുന്ന അപരിചിതമായൊരു എഴുത്തുരീതിയിലേക്ക് ഷാജു, തന്നെ സ്വയം നഷ്ടപ്പെടുത്തേണ്ടതുണ്ട്. അതിലൂടെ ഭാഷയിൽ പുതിയൊരു എഴുത്തുകാരനും എഴുതുരീതിയും വീണ്ടെടുക്കപ്പെടട്ടെ. അവതാരികകളും ആശിർവാദങ്ങളുമൊക്കെ അത്തരമൊരു അനിവാര്യതയെ അപഹസിക്കാൻ പോന്ന അലങ്കാരങ്ങളത്രേ.
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന വി.വി ഷാജുവിന്റെ ‘സൊമാറ്റോ ഡെലിവറി ബോയ്’ എന്ന കവിതാപുസ്തകത്തിനെഴുതിയ അവതാരിക)
