മൈത്രേയൻ / Photo: Agasthya Surya

ആറേഴുവർഷമായി ഞാൻ പുസ്തകം
കൈകൊണ്ട് പിടിച്ചു വായിച്ചിട്ട്...

എനിക്കിപ്പോൾ ഒരു പുസ്തകം മുഴുവനായി വായിക്കേണ്ട ആവശ്യം വരാറില്ല, കുറച്ചു വായിക്കുമ്പോൾ തന്നെ പറയാൻ പോകുന്ന കാര്യം കിട്ടും. എന്റെ അറിവ് എന്നത് ആളുകൾ എഴുതിക്കൊണ്ടിരിക്കുന്നിടത്തുനിന്നല്ല വരുന്നത്. നമ്മൾ ഉപയോഗിക്കുന്ന ടൂളുകളിലൂടെ അവർ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റും.

രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായാണ് ഞാൻ പുസ്തകപ്രസാധനത്തിലേയ്ക്കുവരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുക എന്നതുതന്നെ ഒരു രാഷ്ട്രീയപ്രവർത്തനമായി മാറിയ കാലമായിരുന്നു അത്.

ഭാസുരേന്ദ്രബാബുവും ഞാനും കൂടി നിത്യചൈതന്യയതിയുമായി ചേർന്ന് ഒരു ഡിബേറ്റ് നടത്തണമെന്ന ആഗ്രഹമുണ്ടായി.‘ഗുരുകുലം' മാസികയിൽ പ്രസിദ്ധീകരിക്കുന്ന പത്രാധിപക്കുറിപ്പിന്റെ ഒരു വിമർശനം എന്ന നിലയ്ക്ക് ഇതിനുള്ള മാറ്റർ തയാറാക്കി അയച്ചുകൊടുത്തു. തത്വചിന്താപരമായോ രാഷ്ട്രീയപരമായോ ഉയർന്ന തലത്തിലുള്ള ഒരു ഡിബേറ്റ് നടത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് അത് അയച്ചത്. അതിന് മറുപടി വന്നില്ല. പൊളിറ്റിക്കലായ മറ്റൊരു പത്രാധിപക്കുറിപ്പിനെ വിമർശിച്ച്, വീണ്ടും ഒരു കുറിപ്പുകൂടി അയച്ചു. മറുപടിയ്ക്കുപകരം മുനി നാരായണപ്രസാദിന്റെ അടുത്തുനിന്ന് ഞങ്ങളെ കളിയാക്കി ഒരു കത്താണ് വരുന്നത്. അത് ഭാസുരേന്ദ്രബാബുവിന് വളരെ ഷോക്കിങ് ആയി.

​അച്ചടിക്കുന്നതിനുപകരം, പുസ്തകത്തെ ഓഡിയോ- വിഷ്വലാക്കി മാറ്റണം. അതായത്, ഓഡിയോ സപ്പോർട്ടു ചെയ്യുന്ന വിഷ്വലുകൾ പുസ്തകത്തിലുണ്ടാകണം. അതായിരിക്കണം പുസ്തകം.

അന്ന് മാർക്‌സിസ്റ്റ് നിലപാടാണ് ഞങ്ങൾക്കുണ്ടായിരുന്നത്. അതിനകത്തുനിന്ന്, വേദാന്തപരവും പഴയ ഫിലോസഫിക്കലുമായ നിലപാടുകളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു ഡിബേറ്റ് ഉയർന്നുവരണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. അത് സംഭവിക്കാതായപ്പോൾ, കൂട്ടുകാരനായിരുന്ന ജോസി ഞങ്ങൾ എഴുതിവച്ചതും അയച്ചുകൊടുത്തതുമെല്ലാം ചേർത്ത് പുസ്തകമാക്കാം എന്നൊരു നിർദേശം വച്ചു. ആ ഡിബേറ്റ് മുന്നോട്ടുകൊണ്ടുപോകാൻ പുസ്തകം ആവശ്യമാണെന്നുതോന്നി. എന്റെ ഗുരുകുല ജീവിതത്തെക്കുറിച്ചുള്ള കുറിപ്പുകൂടി ചേർത്ത് അത് പുസ്തകമാക്കാൻ തീരുമാനിച്ചു. ഈ സമയത്ത്, മറ്റൊരു പത്രാധിപക്കുറിപ്പുകൂടി വന്നു. അതിനും ഒരു ക്രിട്ടിക്ക് എഴുതി. ഇതെല്ലാം കൂടി നിത്യചൈതന്യയതിക്ക് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം ചേർത്ത് പ്രസിദ്ധീകരിക്കാം എന്ന നിലയ്ക്കാണ് അയച്ചുകൊടുത്തത്. അദ്ദേഹം എഴുതിയതിനുമുകളിൽ ഞങ്ങൾ എഴുതില്ല. ഡിബേറ്റ് നടക്കണം, ഞങ്ങൾ അവസാന വാക്ക് പറയുന്നതുവഴി ജയിച്ചുപോകരുത് എന്നും വിചാരിച്ചിരുന്നു.

ഭാസുരേന്ദ്ര ബാബു, മുനി നാരായണപ്രസാദ്

ഒരു മാസം ഞങ്ങൾ കാത്തിരിയ്ക്കും. മറുപടി വന്നില്ലെങ്കിൽ പുസ്തകമായി പ്രസിദ്ധീകരിക്കും എന്നാണ് ഞങ്ങൾ എഴുതിയത്. ഒരു മാസം കാത്തിരുന്നിട്ടും അദ്ദേഹത്തിന്റെ മറുപടി വന്നില്ല. അങ്ങനെ അത് പ്രസിദ്ധീകരിച്ചു. വായനയുടെ രാഷ്ട്രീയം എന്ന സബ്ജക്റ്റായിരുന്നു അന്ന് ചർച്ചയ്ക്കുവച്ചത്. പുസ്തകവായനയും പുസ്തകപ്രസിദ്ധീകരണവും ഒരു രാഷ്ട്രീയപ്രവർത്തനമാണ് എന്ന കാഴ്ചപ്പാടിലൂടെയാണ് ഈ വിഷയം സ്വീകരിച്ചത്.

പ്രസാധനം എന്ന രാഷ്ട്രീയപ്രവർത്തനം

പുസ്തകപ്രസാധകസംഘത്തിലൂടെ ജോസി സാഹിത്യ പുസ്തകങ്ങളായിരുന്നു കൂടുതലും പുറത്തിറക്കിയിരുന്നത്. ജോസിയെ കൂടാതെ, ശർമ, പ്രകാശ് പോൾ എന്നിവരായിരുന്നു സംഘത്തിനുപുറകിൽ. ജോസിയുമായി ചേർന്ന് രാഷ്ട്രീയപ്രസക്തിയുള്ള പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ‘ചിന്ത’ പ്രസിദ്ധീകരിച്ച ദേബി പ്രസാദ് ചതോപാധ്യായയുടെ ‘ഇന്ത്യൻ ഫിലോസഫി'യുടെ വിവർത്തനം പ്രസിദ്ധീകരിച്ചു. കൽക്കത്തയിൽ പോയി അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളുടെയും കോപ്പിറൈറ്റ് വാങ്ങുകയും ചെയ്തു. ഡി.ഡി. കോംസാബിയുടെ പുസ്തകങ്ങളുടെ റൈറ്റ് മകളുടെ കൈയിൽനിന്ന് വാങ്ങി, ആദ്യപുസ്തകം ‘മിത്തും യാഥാർഥ്യവും' പ്രസിദ്ധീകരിച്ചു. ഞാൻ കൂടി ചേർന്ന്​ വിവർത്തനം ചെയ്ത ‘രോഷജനകങ്ങളായ പ്രബദ്ധങ്ങൾ' ആയിരുന്നു മറ്റൊരു പുസ്തകം. രാഷ്ട്രീയമായ ലേഖനങ്ങളും പുസ്തകങ്ങളുമൊക്കെയാണ് കൂടുതലും പ്രസിദ്ധീകരിച്ചത്. അതായത്, ഞങ്ങൾ വന്നതോടെ പുസ്തകപ്രസാധനസംഘം വഴിയുള്ള പ്രസാധനത്തെ ഒരു രാഷ്ട്രീയപ്രവർത്തനമാക്കിമാറ്റി. പിന്നീട് അത് 40 ഓളം പേരടങ്ങുന്ന വലിയ സംഘമായി മാറി. ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും ഓഫീസുണ്ടായി. തൊഴിലില്ലാത്തവരുടെ ഒരു ബഹളമായിരുന്നുവല്ലോ അന്ന് കേരളത്തിൽ, അവരെല്ലാവരും ഞങ്ങൾക്കൊപ്പം കൂടി. ഒരു പുസ്തകം ഇറങ്ങിയാൽ ഒരാഴ്ചയ്ക്കകം അത് വിറ്റുതീരും. ആയിരം കോപ്പിയാണ് ആദ്യം അടിക്കുക, പിന്നെ രണ്ടായിരം, മൂവായിരം. ‘മിത്തും യാഥാർഥ്യവും' അയ്യായിരം കോപ്പിയൊക്കെ അടിച്ചിട്ടുണ്ട്. ഒന്നുരണ്ടു മാസംകൊണ്ട് ഇതെല്ലാം വിറ്റുതീരും.

40 പേർ എല്ലാ ജില്ലകളിലും പുസ്തകം എത്തിക്കും. പുസ്തകം വായിക്കുന്നവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് ഞങ്ങളുണ്ടാക്കിയിരുന്നു. കമ്യൂണിസ്റ്റുപാർട്ടിയുടെ അടുത്തുനിന്നൊക്കെ ലിസ്റ്റ് കളക്റ്റുചെയ്തിട്ടുണ്ട്. ഒരു പുസ്തകം വന്നാൽ അത് എങ്ങനെ വിൽക്കപ്പെടും എന്ന് ചർച്ചചെയ്താണ് വിറ്റിരുന്നത്. ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്കാണ് പുസ്തകം എത്തിച്ചിരുന്നത്. മാസത്തിൽ ആദ്യത്തെ പത്തുദിവസത്തിനകം പുസ്തകം എത്തിച്ചാൽ, എല്ലാവരും പുസ്തകം വാങ്ങും എന്നായിരുന്നു അനുഭവം. വാങ്ങാൻ കാശില്ലെങ്കിൽ, പുസ്തകം കൊടുത്തിട്ട് അടുത്ത മാസം വരുമ്പോൾ കാശ് തന്നാൽ മതിയെന്നുപറയും. നേർപകുതി കമീഷൻ കിട്ടുമെന്നതുകൊണ്ട് ഞങ്ങളുടെയെല്ലാം ജീവിതവും അതിനോടൊപ്പം പോയി. എല്ലാ മാസവും ഒരു പുസ്തകം ഇറങ്ങിയിരുന്നതുകൊണ്ട്, കഴിഞ്ഞതവണ കൊടുത്ത പുസ്തകത്തിന്റെ പൈസ വാങ്ങാൻ പോകുമ്പോൾ പുതിയ പുസ്തകവുമായാണ് പോകുക. അപ്പോൾ, അതും വാങ്ങും, ആദ്യത്തേതിന്റെ പൈസയും വാങ്ങും.

ആരെങ്കിലും എനിക്ക് അച്ചടിച്ച പുസ്തകം തന്നാൽ വിഷമമാണ്, ആരും കാണാതെ അത് ആർക്കെങ്കിലും കൊടുക്കുകയാണ് ചെയ്യുന്നത്.

ആളുകളെ കണ്ടെത്തി അഡ്രസ് ശേഖരിച്ച് അത് രജിസ്റ്ററിൽ സൂക്ഷിക്കുക, ഇൻസ്റ്റാൾമെന്റിലാണ് വാങ്ങുന്നതെങ്കിൽ അത് രേഖപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ഒരു സിസ്റ്റമായി. ഒപ്പം, എല്ലായിടത്തും ചർച്ചകൾ സംഘടിപ്പിക്കും. അതിനെത്തുന്നവരും പുസ്തകം വാങ്ങും. അതുകൊണ്ടാണ് പെട്ടെന്ന് വിൽക്കാൻ പറ്റുന്നത്. ആകെ 25,000 രൂപയായിരുന്നു ആ സമയത്ത് കൈയിലുണ്ടായിരുന്നത്. പ്രവർത്തനം വിപുലമായതോടെ പുസ്തകത്തിന്റെ എണ്ണം കൂടി. ഞങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ പേപ്പർ വാങ്ങിക്കൊടുത്താൽ അവർ അടിച്ചുതരും. 1000 പുസ്തകം അടിച്ചാൽ, 500 എണ്ണം അവിടെ വച്ച് ഞങ്ങൾക്കുതരും. അത് വിറ്റ്, പൈസ കൊടുത്തുകഴിഞ്ഞാൽ, ബാക്കി 500 എണ്ണം തരും.

രണ്ട് പരാജയങ്ങൾ

ഇതിനിടെ, സംഭവിച്ച രണ്ട് പരാജയങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്.
വില കുറച്ച് പുസ്തകം കൊടുക്കണമെന്ന ഒരു ആശയം വന്നു. കമീഷൻ ഒഴിവാക്കി, അത്രയും വില കുറച്ചാണ് ഞങ്ങൾ പുസ്തകം അടിച്ചിരുന്നത്. ആളുകൾക്ക് മറ്റെല്ലാ പുസ്തകം വാങ്ങിയാലും കമീഷൻ കിട്ടും. അതുകൊണ്ട്, ഞങ്ങൾ കമീഷൻ ഒഴിവാക്കിയപ്പോൾ കുടുങ്ങി. പരീക്ഷണമെന്ന നിലയ്ക്ക് വില കുറച്ചാണ് ഇട്ടിരിക്കുന്നതെന്ന് ആളുകൾക്ക് മനസ്സിലായില്ല. രണ്ടു പുസ്തകങ്ങളുടെ കാര്യത്തിൽ ഞങ്ങൾ വളരെ ബുദ്ധിമുട്ടി. പിന്നെ വീണ്ടും സാധാരണപോലെ, വിലയിട്ട്, കമീഷൻ കൊടുത്ത് വിറ്റപ്പോൾ ആളുകൾക്ക് സന്തോഷമായി.

കുമാരനാശാൻ

ഞങ്ങൾ തന്നെയാണല്ലോ പ്രൂഫ് വായിക്കുന്നതും എഴുതുന്നതും വിവർത്തനം ചെയ്യുന്നതുമെല്ലാം. പുസ്തകം തയാറാക്കുന്നതും വിൽക്കുന്നതുമെല്ലാം ഞങ്ങൾ തന്നെയായതുകൊണ്ട്, കിട്ടുന്ന പൈസ എന്നത് എല്ലാവർക്കും ജീവിക്കാൻ പറ്റുന്ന ഒന്നായി മാറുന്ന സാഹചര്യമുണ്ടായിരുന്നു. അതിന്, എല്ലാ മാസവും കൃത്യമായി പുസ്തകം ഇറങ്ങണം. ഒരു മാസം പുസ്തകം ഇറങ്ങിയില്ലെങ്കിൽ, കൈയിലുള്ള കാപ്പിറ്റൽ ആളുകൾക്ക് ജീവിക്കാനായി എടുക്കേണ്ടിവരും.
വില കുറച്ച് പുസ്തകം വിറ്റതും എല്ലാ മാസവും കൃത്യമായി പുസ്തകം ഇറക്കാൻ കഴിയാതിരുന്നതും ഞങ്ങളുടെ പരീക്ഷണത്തെ ബാധിച്ചു. അപ്പോഴേയ്ക്കും ഇരുപതോളം പുസ്തകങ്ങൾ ഇറങ്ങിയിരുന്നു. ആ സമയത്ത് ഒരുലക്ഷം രൂപ വേണമായിരുന്നു. പണത്തിന്റെ കുറവ് പ്രൊഡക്ഷന്റെ സൗന്ദര്യത്തിനെയൊക്കെ ബാധിച്ചിരുന്നു. ‘ദുരന്തത്തിന്റെ നൂറ്റാണ്ടിലേയ്ക്ക്' എന്ന പുസ്തകം ന്യൂസ്​ പ്രിൻറിലാണ് അടിച്ചത്. അതിന്റെ പേജുകൾ ചുരുണ്ടുകൂടിയിരിക്കുന്നതുകണ്ടാണ് നല്ല പേപ്പറിലൊക്കെ പുസ്തകം അടിക്കണമെന്ന് തീരുമാനിക്കുന്നത്. എന്നിട്ടും ദാരിദ്ര്യം ബാധിച്ച് വെയ്‌സ്റ്റ് ന്യൂസ്​പ്രിൻറ്​ പോലും വാങ്ങിയിരുന്നു. ഇത്തരത്തിൽ, പുസ്തക പ്രൊഡക്ഷനിലെ സൗന്ദര്യമില്ലായ്മയുടെ പ്രശ്‌നങ്ങൾ ഏറെ അനുഭവിച്ചിരുന്നു.

അങ്ങനെ, എല്ലാ മാസവും പുസ്തകം ഇറക്കാൻ കഴിയാതെവരികയും ഓഫീസുകളിൽ ആളില്ലാതാകുകയും പതുക്കെപ്പതുക്കെ ഈ പരീക്ഷണം മരിച്ചുതുടങ്ങുകയും ചെയ്തു. ഒപ്പം, ഞങ്ങളുടെ രാഷ്ട്രീയപ്രവർത്തനം കൂടിവരികയും ചെയ്തിരുന്നു. ആ സമയത്ത് പ്രസിദ്ധീകരിച്ച ‘മന്ദബുദ്ധികളുടെ മാർക്‌സിസ്റ്റ് സംവാദം' ഒരു പ്രശ്‌നംപിടിച്ച പുസ്തകമായിരുന്നുവല്ലോ. ‘തിരിയും ചുമടും' എന്ന പേരിൽ ഒ.വി. വിജയൻ എഴുതിയ ലേഖനത്തെയും അതിനോടുള്ള പ്രതികരണങ്ങളെയും വിമർശനാത്മകമായാണ് ആ പുസ്തകത്തിൽ സമീപിച്ചത്. അറിയപ്പെടുന്ന ഒരു സാഹിത്യകാരനെ, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളെ നമ്മൾ വിമർശിക്കുകയാണല്ലോ. ഇടതുപക്ഷക്കാരും ഇതിൽ എഴുതിയിരുന്നു. എങ്കിലും, ഞങ്ങൾ മറുവശത്തായിരുന്നതുകൊണ്ട്, ‘മന്ദബുദ്ധികളുടെ’ എന്ന പ്രയോഗം പ്രശ്‌നമായി. മാർക്‌സിസത്തെക്കുറിച്ച് ഉയർന്ന നിലവാരമുള്ള ഒരു വിമർശനമല്ല നടന്നത് എന്നായിരുന്നു ‘മന്ദബുദ്ധികളുടെ' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ, പറഞ്ഞുവന്നപ്പോൾ, ആളുകൾ മന്ദബുദ്ധികളായിപ്പോയില്ലേ. കുറെ ആലോചിച്ച് ഇട്ടതാണ് ആ പേര്. Unintelligible Marxism എന്ന് പറയാനാണ് ശ്രമിച്ചതെങ്കിലും അത് ഇങ്ങനെയായിപ്പോയി. കൂടെനിന്നവരെ ഡിഫന്റ് ചെയ്യാൻ പറ്റാതായിപ്പോയി.

എന്നിട്ടും നന്നാവാത്ത ഇടതുപക്ഷം

പിന്നീട്, ഞങ്ങളുമായി പിരിഞ്ഞ് ജോസി കൊടുങ്ങല്ലൂരുപോയി ‘കൊടുങ്ങല്ലൂർ പുസ്തകപ്രസാധന സംഘം' തുടങ്ങി. അറേബ്യൻ പ്രണയകഥ എന്നുപറഞ്ഞ്, കൊള്ളാവുന്നതല്ലാത്ത കഥകളൊക്കെയുള്ള പുസ്തകം പ്രസിദ്ധീകരിച്ചു. അപ്പോൾ, ഈ സംഘത്തിന്റെ പേര് പുരോഗമന പ്രസാധക സംഘം എന്ന് മാറ്റേണ്ടിവന്നു. ‘ഇടതുപക്ഷം ദേശീയാധികാരത്തിലേയ്ക്ക്' എന്ന പേരിൽ ഒരു പുസ്തകം ഇറക്കി. 1996-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോൾ, ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കണമെന്നൊരു നിർദേശമുയർന്നിരുന്നുവല്ലോ. അത് പാർട്ടി സ്വീകരിക്കില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇവരുടെ മനസ്സ് മാറ്റാൻ വേണ്ടിയാണ് ഈ പുസ്തകം ഇറക്കിയത്. 1100 കോപ്പി അടിച്ച്, ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനം ചെയ്യുന്ന 1100 പേരെ നേരിട്ട് കണ്ടുപിടിച്ച് അവർക്കുമാത്രമായി വിതരണം ചെയ്ത പുസ്തകമാണിത്. വടകരയിൽ പോയപ്പോൾ കഥാകൃത്ത് വി.ആർ. സുധീഷിനെ കണ്ടു. ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകർക്കായി ഒരു പുസ്തകം കൊണ്ടുവന്നിട്ടുണ്ട് എന്ന് അദ്ദേഹത്തിനോട് പറഞ്ഞു. തനിക്ക് ഒരു പുസ്തകം തരാൻ പറഞ്ഞപ്പോൾ തരില്ല എന്ന് ഞാൻ തീർത്തുപറഞ്ഞു. എല്ലാ പാർട്ടി ഓഫീസിലും കയറി ലിസ്റ്റുണ്ടാക്കിയാണ് ഞാൻ ആ പുസ്തകം കൊടുത്തത്. എന്നിട്ടും ഇടതുപക്ഷക്കാർ നന്നായില്ല എന്നത് ഒരു യാഥാർഥ്യമാണ്.

ഒരാളുടെ പുസ്തകത്തെക്കുറിച്ച് പറയുന്നത് കേട്ടാലോ ഒരു ആർട്ടിക്കിൾ വായിച്ചാലോ മതി, പുസ്തകത്തെക്കുറിച്ചുള്ള മുഴുവൻ ഫ്രെയിമും കിട്ടും. ഷോക്കിംഗായ അറിവൊന്നും മാറിവരുന്നില്ല.

അതിനിടെ ഒരു സംഭവമുണ്ടായി. പ്രതിവർഷം പത്തുലക്ഷം പേർക്ക് തൊഴിൽ നൽകും എന്ന വാഗ്ദാനം നായനാർ സർക്കാർ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല കാസർകോടുനിന്ന് പദയാത്ര നടത്തി. അതിലൂടെയാണ് ചെന്നിത്തല ആദ്യമായി നേതാവായി മാറുന്നത്. ഞങ്ങളാണെങ്കിൽ, ഇടതുപക്ഷത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം എന്നൊക്കെ പറഞ്ഞ്, മനുഷ്യച്ചങ്ങലയൊക്കെ ഉണ്ടാക്കിനിൽക്കുന്ന സമയമാണ്. ചെന്നിത്തലയുടെ ആരോപണത്തിന് ആരും മറുപടി എഴുതുന്നില്ല. ‘തൊഴിലില്ലായ്മക്ക് ഉത്തരവാദി ആര്' എന്നൊരു ലഘുലേഖ പുരോഗമന പ്രസാധക സംഘത്തിന്റെ പേരിൽ 20,000 കോപ്പി അടിച്ച് കാസർകോട്ടുനിന്ന്, ചെന്നിത്തല നടന്നുവന്ന വഴികളിലൂടെ നടന്ന്, എല്ലാ കടകളിലും കയറി വിൽക്കുകയാണ് ഞാൻ ചെയ്തത്. കണ്ണൂരിലെത്തിയപ്പോൾ, ഡി.വൈ.എഫ്.ഐ.യുടെ അന്നത്തെ പ്രസിഡന്റായിരുന്ന സി.കെ.പി. പത്മനാഭൻ വന്നു കണ്ടു. ഇതിന്റെ കുറച്ച് കോപ്പി ആലപ്പുഴയിൽ സി.പി.എം. സംസ്ഥാന സമ്മേളനം നടന്നപ്പോൾ വിറ്റിരുന്നു, ഞാൻ തന്നെ 300 എണ്ണം അവിടെ നിന്നു വിറ്റിട്ടുണ്ട്. സി.കെ.പി. പത്മനാഭൻ അത് വായിച്ചിട്ടുണ്ടായിരുന്നു. നിങ്ങൾ ഒറ്റയ്ക്ക് നടന്ന് ഇങ്ങനെ വിൽക്കേണ്ട, ഞങ്ങള് വിറ്റോളാം എന്നുപറഞ്ഞ് ഡി.വൈ.എഫ്.ഐ. എന്റെ കൈയിൽനിന്ന് ലഘുലേഖ വാങ്ങി. ബാക്കി 14,000 കോപ്പിയുണ്ടായിരുന്നു. 1000 കോപ്പിയടങ്ങുന്ന ഓരോ കെട്ടുവീതം 14 ജില്ലകളിലേയ്ക്കും എത്തിച്ചുകൊടുത്തു. ഒന്നര ദിവസം കൊണ്ടാണ് 14 ജില്ലകളിലും ഞാൻ എത്തിയതെന്ന കാര്യം മറക്കരുത്. അവന്മാരത് ഒരു കൊല്ലത്തോളം അവിടെ വച്ചു, ഞാനായിരുന്നെങ്കിൽ അതിനുമുമ്പേ വിറ്റുതീർന്നേനേ. ഒരു പ്രയോജനവുമില്ലാതെയാണ് അത് കൊടുത്തുതീർത്തത്. വിറ്റോ എന്നുതന്നെ എനിക്കറിയില്ല. അങ്ങനെയൊരു ദുരന്തം സംഭവിച്ചു.

അപകടകരമായ ഒരു പുസ്തകം

തൃശൂരിൽ, എം.എ. ബേബിയുടെ ഭാര്യ ബെറ്റിയുടെ വീടിനടുത്തായിരുന്നു ഞാൻ അന്ന് താമസിച്ചിരുന്നത്. ബേബി അവിടെ വരുമ്പോൾ, അവിടുത്തെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ, ഒരു ഇടതുപക്ഷ പ്രവർത്തകൻ ഞങ്ങൾക്കിടയിലുണ്ട് എന്ന് ബേബിയോട് പറയുമായിരുന്നു. അങ്ങനെ ഒരു ദിവസം ബേബി എന്റെ വീട്ടിൽ വന്നു. ഞാനെഴുതിയതെല്ലാം എടുത്ത് വായിച്ചു. ഒന്നുരണ്ടു തവണ വീട്ടിൽ എന്നെ കാണാൻ വന്നു. ടി.എൻ. ജോയിയും അന്ന് വീട്ടിൽ വരും. അങ്ങനെ ജോയിയും ബേബിയും വലിയ കൂട്ടായി. ഒരു തവണ വന്നപ്പോൾ ചോദിച്ചു, ഡി.വൈ.എഫ്.ഐ.യുടെ മാസിക ‘യുവധാര' എഡിറ്റുചെയ്യാമോ എന്ന്. ആ സമയത്താണ്, ഇലക്ഷൻ വരുന്നത്. അയോധ്യ ഇഷ്യൂ വളരെ രൂക്ഷമായി നിൽക്കുന്ന സമയം. H.D. Sankalia എന്ന ആർക്കിയോളജിസ്റ്റ് രാമായണത്തെക്കുറിച്ച് നടത്തിയ പഠനം- Ramayana in Historical Perspective- ഞാൻ വിവർത്തനം ചെയ്തു. (സങ്കാലിയ എന്നാണ് ഞാൻ വിവർത്തനം ചെയ്തത്, പുനെയിൽ ചെന്നപ്പോൾ ആരോ പറഞ്ഞു, സാംഗ്ലിയ ആണെന്ന്, പേര് തെറ്റിച്ചായിരുന്നു എന്റെ വിവർത്തനം). ‘ചിന്ത’ പബ്ലിഷ് ചെയ്ത അതേ പുസ്തകത്തിന്റെ വിവർത്തനമാണ് ഞാൻ ചെയ്തത്. ആ പുസ്തകത്തിന്റെ ആദ്യ നാല് അധ്യായങ്ങളെടുത്ത് ‘അയോധ്യ: നേരും നുണയും' എന്ന ഒരു പുസ്തകം പ്രത്യേകമായി, പുരോഗമന പ്രസാധകസംഘത്തിന്റെ പേരിൽ 3000 കോപ്പി അച്ചടിച്ച് കേരളം മുഴുവൻ വിതരണം ചെയ്തു. അതും പാർട്ടിക്കാർ ഏറ്റെടുത്ത് വിൽക്കാമെന്നൊക്കെ പറഞ്ഞു. എന്റെ വീട്ടിലെ മരങ്ങളൊക്കെ വിറ്റാണ് ഈ പുസ്തകം അടിച്ചത്. ഞാൻ ‘യുവധാര'യിൽ എത്തിച്ചേരുന്നതിനുമുമ്പുള്ള അവസാനത്തെ പുസ്തകം കൂടിയാണിത്.

എം.എ. ബേബി, ടി.എൻ. ജോയി

ഇടതുപക്ഷം ജയിക്കുമെന്ന് പ്രതീക്ഷയുള്ള നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു, 1991-ലേത്. നിയമസഭ ഒരുവർഷം മുമ്പേ പിരിച്ചുവിട്ടാണ് തെരഞ്ഞെടുപ്പു നടത്തിയത്. എന്നാൽ, രാജീവ്ഗാന്ധി കൊല്ലപ്പെട്ടതോടെ കഥയാകെ മാറി, ഇടതുപക്ഷം തോറ്റു. എന്റെ പുസ്തകപ്രസിദ്ധീകരണവും നിന്നു. ‘യുവധാര'യിലെ പണിയും ഞാൻ നിർത്തി. അതിന് രാഷ്ട്രീയമായ വിയോജിപ്പുമുണ്ടായിരുന്നു. അതിലൊന്ന്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ.ക്കാർ എ.ഐ.എസ്.എഫുകാരെപ്പോലും തെരഞ്ഞെടുപ്പിന് നിർത്താൻ അനുവദിച്ചിരുന്നില്ല. അത് അക്കാലത്ത് വലിയ ഇഷ്യൂ ആയി. ആ പരാതി എന്റെയടുത്ത് വരികയും ഞാൻ ഇ.എം.എസിന് കത്തെഴുതുകയും ചെയ്തു. എ.കെ.ജി. സെന്ററിൽനിന്ന് പുറത്തിറങ്ങി മുന്നിൽ കാണുന്ന കോളേജിൽ ജനാധിപത്യമുണ്ടോ എന്നന്വേഷിക്കണമെന്ന് ഞാൻ കത്തിലെഴുതി.
മാർക്‌സിസവും എനിക്ക് പ്രശ്‌നമായിത്തുടങ്ങി. മാർക്‌സിസം കൊണ്ട് ലോകത്തെ മനസ്സിലാക്കാൻ പറ്റില്ല എന്ന തിരിച്ചറിവും ഉണ്ടായി. ആ തിരിച്ചറിവുകൊണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയപാർട്ടിയുമൊത്തുള്ള പ്രവർത്തനം നിർത്താൻ തീരുമാനിക്കുന്നത്. അങ്ങനെ, ഇ.എം.എസിന് നീണ്ട കത്തെഴുതി. അക്കാലത്ത്, ഇ.എം.എസ്. എഴുതിയ മൂന്ന് ലേഖനങ്ങൾക്ക്- ബന്ദിനെ ന്യായീകരിച്ചും മറ്റും- മറുപടിയെന്ന നിലയ്ക്കാണ് കത്തെഴുതിയത്. അങ്ങനെ, ഇ.എം.എസിനോട് ടാറ്റയും പറഞ്ഞ് പിരിഞ്ഞു.

അച്ചടിക്കാത്ത ആ പുസ്തകം ജയശ്രീ ചിതലിന് കൊടുത്തു, അങ്ങനെ ചരിത്രമേ ഇല്ലാതായി. ആ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ലായിരുന്നു.

ആ കത്തും ലേഖനങ്ങൾക്കുള്ള മറുപടിയുമെല്ലാം പുസ്തകരൂപത്തിലാക്കിയിരുന്നു, അതൊരു ഭീകര പുസ്തകമായിരുന്നു, ‘നിത്യചൈതന്യയതിക്ക് ഖേദപൂർവം' പോലത്തെ ഒന്ന്. മാർക്‌സിസ്റ്റുപാർട്ടിയെ ഐഡൻറിഫൈ ചെയ്യുന്ന, എന്റെ ജീവിതമൊക്കെ ചേർത്ത് എഴുതിയത്. അത് കെ.വി. സുരേന്ദ്രനാഥിന് വായിക്കാൻ കൊടുത്തു. ഇതുപോലൊരു അപകടം പിടിച്ച ഒരു പുസ്തകം താൻ വായിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. ‘ഒരിക്കലും ഇത് പ്രസിദ്ധീകരിക്കരുത്, ഇത് പ്രസിദ്ധീകരിച്ചാൽ മൈത്രേയന് പലതും ചെയ്യാൻ പറ്റും. അതുകൊണ്ട് മാർക്‌സിസ്റ്റ് പാർട്ടിക്ക് ഒന്നും പറ്റില്ല. പക്ഷെ, മാർക്‌സിസ്റ്റ് പാർട്ടിക്ക് മൈത്രേയനെ ഒന്നും ചെയ്യാതാക്കാൻ പറ്റും.'- അദ്ദേഹം പറഞ്ഞു.

അപ്പോൾ, ജയശ്രീയും ഞാനും ഇരുന്ന് ആലോചിച്ചു. ജയശ്രീ പറഞ്ഞു, അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്ന്. അങ്ങനെ ആ പുസ്തകം പ്രസിദ്ധീകരിക്കേണ്ട എന്നു തീരുമാനിച്ചു. അതുകൊണ്ട് ഞാൻ ജീവനോടെയിരിക്കുകയും ലൈംഗികത്തൊഴിലാളികളെ ഓർഗനൈസ് ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് പോകുകയും ചെയ്തു. അച്ചടിക്കാത്ത ആ പുസ്തകം ജയശ്രീ ചിതലിന് കൊടുത്തു, അങ്ങനെ ചരിത്രമേ ഇല്ലാതായി. ആ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ഞാൻ ജീവനോടെ ഇരിക്കില്ലായിരുന്നു.

എനിക്കിപ്പോൾ ഒരു പുസ്തകം മുഴുവനായി വായിക്കേണ്ട ആവശ്യം വരാറില്ല

പ്രിന്റഡ് പുസ്തകങ്ങളുടെ കാലം കഴിഞ്ഞു. എണ്ണൂറോളം വർഷങ്ങളായി പേപ്പറിൽ അച്ചടിച്ചെടുക്കുന്ന രീതി ഇനി ആവശ്യമില്ല. പ്രിന്റഡ് പുസ്തകങ്ങൾ എന്നാൽ, നാമിപ്പോഴും കാളവണ്ടിയും കൊണ്ട് നടക്കുന്നതുപോലെയാണ്. ഡിജിറ്റലായി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് ശരി. ഏതു വലിപ്പത്തിലും ഏതുതരം അക്ഷരത്തിലും എവിടെനിന്നും ആളുകൾക്ക് വായിക്കാനും കേൾക്കാനും പറ്റുന്ന രീതിയിൽ പുസ്തകം ഓഡിയോ ആക്കുക, വിഷ്വലായി വേണമെന്നുള്ളവർക്ക് അങ്ങനെ- ഇതാണ് വേണ്ടത്. കണ്ണിന്റെ സൗകര്യത്തിനനുസരിച്ച് അക്ഷരത്തിന്റെ വലുപ്പം മാറ്റാൻ കഴിയുന്ന ഒരു ലോകത്ത് വായന അതിലേക്കു മാറ്റുകയാണ് ചെയ്യേണ്ടത്. ഒരു ഫുട്ട്‌നോട്ടിൽ തൊട്ടാൽ അതിലേക്കുപോകും, പിന്നെ അവിടെനിന്ന് തിരിച്ചുവരാം, വായിച്ചുനിർത്തിയത് അടയാളപ്പെടുത്തേണ്ട, അവിടെ പുസ്തകം വന്നുനിൽക്കും... ഇതെല്ലാം വേറെ എവിടെ പറ്റും? ഓഡിയോ വേഴ്ഷന്റെ ലോകമാണ് വരുന്നത്. ഓഡിയോക്ക് വിഷ്വലുകളുണ്ടാക്കാൻ പറ്റും, ചിത്രം കൊണ്ടോ, ആനിമേഷൻ കൊണ്ടോ- ഡോക്യുമെന്ററി കാണുന്നതുപോലെ. വായിക്കുമ്പോൾ, കാണേണ്ടതും കേൾക്കേണ്ടതുമായ സംഗതികൾ ചേർക്കാൻ പറ്റും. നോവലുകൾക്കുപോലും ഇത്​ സാധ്യമാണ്​. ഒരാൾ ഒരു വിഷയം പറയുമ്പോൾ, അതിനെ സാധൂകരിക്കുന്ന കാര്യങ്ങൾ വിഷ്വലുകളായി കാണിക്കുന്നുണ്ടല്ലോ, ഡോക്യുമെന്ററിയിലും മറ്റും. അതുപോലെ, പുസ്​തകത്തിൽ പറയുന്ന കാര്യങ്ങൾ വിഷ്വലുകളായി കാണിക്കാൻ പറ്റും. ഡ്രൈ ആയ പുസ്​തകങ്ങൾ പോലും വിഷ്വലുകളിലൂടെ ആളുകൾക്ക്​ മനസ്സിലാക്കാൻ പറ്റും.

വായനയുടെ ലോകവും ഷിഫ്റ്റ് ചെയ്യേണ്ടതുണ്ട്. എന്റെ മുഴുവൻ വായനയും പൂർണമായും ഇ- വായനയിലേക്ക് മാറിക്കഴിഞ്ഞു / Photo : Unsplash

​അച്ചടിക്കുന്നതിനുപകരം, പുസ്തകത്തെ ഓഡിയോ- വിഷ്വലാക്കി മാറ്റണം. അതായത്, ഓഡിയോ സപ്പോർട്ടു ചെയ്യുന്ന വിഷ്വലുകൾ പുസ്തകത്തിലുണ്ടാകണം. അതായിരിക്കണം പുസ്തകം. കാണുകയും കേൾക്കുകയും ചെയ്യുന്ന തലത്തിലേക്ക് മാറുമ്പോൾ വായന കൂടുകയേയുള്ളൂ. 5000 കോപ്പി അടിക്കാവുന്ന ഒരു പുസ്തകമാണെങ്കിൽ, 500 കോപ്പി അച്ചടിച്ചാൽ മതി. ബാക്കി ഡിജിറ്റലാകണം.

എഴുത്തിനെ ഇത്തരത്തിൽ നമ്മൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ. കൈകൊണ്ടല്ല, പറഞ്ഞിട്ടും സ്‌ക്രീനിൽ സ്വയ്പ് ചെയ്തിട്ടുമാണല്ലോ ഇപ്പോൾ എഴുതുന്നത്. അതുപോലെ, വായനയുടെ ലോകവും ഷിഫ്റ്റ് ചെയ്യേണ്ടതുണ്ട്. എന്റെ മുഴുവൻ വായനയും പൂർണമായും ഇ- വായനയിലേക്ക് മാറിക്കഴിഞ്ഞു. ആറേഴുവർഷമായി ഞാൻ പുസ്തകം കൈകൊണ്ട് പിടിച്ചുവായിച്ചിട്ട്. കണ്ടാൽ, എടുത്തു നോക്കുകയേയുള്ളൂ. ആരെങ്കിലും എനിക്ക് അച്ചടിച്ച പുസ്തകം തന്നാൽ വിഷമമാണ്, ആരും കാണാതെ അത് ആർക്കെങ്കിലും കൊടുക്കുകയാണ് ചെയ്യുന്നത്. വായനയിലും ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. എനിക്കിപ്പോൾ ഒരു പുസ്തകം മുഴുവനായി വായിക്കേണ്ട ആവശ്യം വരാറില്ല, കുറച്ചു വായിക്കുമ്പോൾ തന്നെ പറയാൻ പോകുന്ന കാര്യം കിട്ടും. എന്റെ അറിവ് എന്നത് ആളുകൾ എഴുതിക്കൊണ്ടിരിക്കുന്നിടത്തുനിന്നല്ല വരുന്നത്. നമ്മൾ ഉപയോഗിക്കുന്ന ടൂളുകളിലൂടെ അവർ പറയുന്ന കാര്യങ്ങൾ ഗ്രഹിക്കാൻ പറ്റും. ഒന്നോ രണ്ടോ ചാപ്റ്റർ കഴിഞ്ഞാൽ പിന്നെ മറിച്ചുനോക്കുകയേ വേണ്ടൂ. ഒരാളുടെ പുസ്തകത്തെക്കുറിച്ച് പറയുന്നത് കേട്ടാലോ ഒരു ആർട്ടിക്കിൾ വായിച്ചാലോ മതി, പുസ്തകത്തെക്കുറിച്ചുള്ള മുഴുവൻ ഫ്രെയിമും കിട്ടും. ഷോക്കിംഗായ അറിവൊന്നും മാറിവരുന്നില്ല. ഒരു പുസ്തകം എഴുതുമ്പോൾ തന്നെ കറന്റായ റിസർച്ചിൽനിന്ന് പുറകിലാകുമല്ലോ. ഇപ്പോൾ ഫോണിൽ വായിക്കുന്ന കുട്ടികൾ ഒരിക്കലും പുസ്തകത്തിലേക്ക് പോകുകയുമില്ല.

എന്നെ സംബന്ധിച്ച് പുസ്തകം ഒരു റിയൽ നീഡ് അല്ല. ഞാനിപ്പോൾ ഡോക്യുമെന്ററികളാണ് കൂടുതലും കാണുന്നത്. അതുകൊണ്ട്, ഒരു നല്ല വായനക്കാരനായിരുന്നുകൊണ്ട് എനിക്കിപ്പോൾ സംസാരിക്കാനും പറ്റില്ല. ഒരു നല്ല വായനക്കാരൻ എന്ന് ഇനി എന്നെപ്പറ്റി പറയാനുമാകില്ല. മുമ്പ്, ആദ്യ പേജു മുതൽ അവസാന പേജുവരെ കൃത്യമായി വായിച്ചുതീർക്കുമായിരുന്നു. ഇപ്പോൾ അതിന്റെ ആവശ്യവുമില്ല. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മൈത്രേയൻ

സാമൂഹികശാസ്​ത്രം, ശാസ്​ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളിൽ സ്വതന്ത്ര ചിന്തയുടെ അടിസ്​ഥാനത്തിൽ സവിശേഷ ഇടപെടലുകൾ നടത്തുന്നു, എഴുത്തുകാരനും പ്രഭാഷകനും. മനുഷ്യരറിയാൻ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments