‘എന്റെ പീഡാനുഭവങ്ങളല്ല
ശ്രദ്ധയർഹിക്കുന്നത്’

ദിലീപ് രാജ്, എസ്. സഞ്ജീവ് എന്നിവർ എഡിറ്റു ചെയ്ത് പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ച 'രാജൻ പറയാത്ത കഥകൾ' എന്ന പുസ്തകത്തിൽ നിന്ന്. എം.എം. സോമശേഖരനുമായി ദിലീപ് രാജ്, മഹേഷ് മംഗലാട്ട് എന്നിവർ നടത്തിയ അഭിമുഖം.

ദിലീപ് രാജ്, മഹേഷ് മംഗലാട്ട്: നക്സലൈറ്റ് ജീവിതകാലത്തെ പീഡാനുഭവങ്ങൾ ആഖ്യാനവത്കരിക്കുന്നത് വിട്ടുവീഴ്ചയില്ലാതെ ഒഴിവാക്കുന്ന ഒരാളാണ് താങ്കൾ. താങ്കളെ പോലെ തന്നെ പീഡാനുഭവങ്ങളെ ആഖ്യാനവൽക്കരിക്കാൻ ശാഠ്യത്തോടെ വിസമ്മതിച്ച ഒരാളാണല്ലോ ദാമോദരൻ മാഷ്. മാഷെപ്പറ്റി പറയാമോ?

എം.എം. സോമശേഖരൻ: ആരെയെങ്കിലും രാഷ്ട്രീയ ഗുരു എന്ന് പറയണമെന്നുണ്ടെങ്കിൽ എനിക്ക് പറയാനുള്ള പേര് ദാമോദരൻ മാഷുടേതാണ്. മാഷ് ഉറച്ച നക്സലൈറ്റായിരുന്നെങ്കിലും ഏതെങ്കിലും കള്ളിയ്ക്കുള്ളിൽ ഒതുക്കാവുന്ന ഒരാൾ ആയിരുന്നില്ല. ഏറ്റവും ഭീകരമായ പീഡനം അനുഭവിച്ച ഒരാളും അദ്ദേഹമാണ്. മാഷോട് ഒരു പക്ഷേ ഏറ്റവുമടുപ്പമുള്ള ആൾ ഞാനായിരിക്കും. എന്നിട്ടും ജയിലിൽ മാഷ് ഇറങ്ങിവരുന്നത് കണ്ടിട്ട് എനിക്ക് ആളെ മനസ്സിലായില്ല. ഒരു രണ്ടു മിനുട്ടെടുത്തു മാഷാണെന്നു ഉറപ്പിക്കാൻ. വെറുമൊരു സ്കെലിട്ടൻ ആയിരുന്നു. മാഷ് മനോഹരമായി ക്ലാസെടുക്കും;'ഓൺ കോൺഡ്രഡിക്ഷ'നെക്കുറിച്ചും മറ്റും. കോഴിക്കോട്ടെയും വയനാട്ടിലെയും പാർട്ടി ഉണ്ടാക്കുന്നത് അദ്ദേഹമാണ്. ഇവിടെ നാടകമുണ്ടാക്കുന്നതിൽ മുന്നിട്ടു പ്രവർത്തിച്ചത് അദ്ദേഹമാണ്. ഇവിടെ ഉന്മൂലനമൊന്നും വേണ്ടെന്നു വെക്കുന്നതിൽ പ്രധാന പങ്കും മാഷിനാണ്.

മജൂംദാറിന്റെ സിദ്ധാന്തത്തിനുപോലും നിരക്കുന്നതല്ല കേരളത്തിലെ ഉന്മൂലനങ്ങൾ എന്നതാണ് വാസ്തവം. കൊല്ലുക എന്നതിലല്ല, ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാരകേന്ദ്രങ്ങളെ തകർക്കുക, അതുവഴി ആത്മവിശ്വാസം നേടുക എന്നതിലാണ് മാവോയോക്കെ ഊന്നിയത്. അതുണ്ടാക്കുന്ന വിമോചനബോധം സൈന്യമുണ്ടാക്കാൻ സഹായിക്കും എന്നൊക്കെയാണ് സങ്കല്പിക്കപ്പെട്ടത്. ഇവിടത്തെ സാഹചര്യങ്ങൾ അതായിരുന്നില്ല. മാഷ് ജയിലിൽ വെച്ച് രാഷ്ട്രീയത്തോട് വിട പറയുകയാണ് ചെയ്തത്. ടി.എൻ. ജോയിയും മാഷുമൊക്കെ വളരെ ആദർശപരവും കാല്പനികവുമായ വിപ്ലവബോധം പുലർത്തിയിരുന്നവരാണ്. വിപ്ലവകാരി എന്നാൽ എത്ര കൊടിയ മർദ്ദനങ്ങളെയും നേരിട്ട് ഒന്നും പറയാതെ പിടിച്ചു നിൽക്കണം എന്നാണവർ വിശ്വസിച്ചത്. അതിൽ പരാജയപ്പെട്ടതോടെ തങ്ങൾ ഇതിനു പറ്റിയവരല്ല എന്ന തീരുമാനത്തിൽ അവരെത്തി.

ടി.എൻ. ജോയി
ടി.എൻ. ജോയി

എന്നെയും ദാമോദരൻ മാഷെയും ജോയിയേയും കെ. വേണു 'അസ്തിത്വവാദി'കൾ എന്നാണ് മനസ്സിലാക്കുകയും പറയുകയും ചെയ്തുപോന്നിരുന്നത്. അത് അവമതിപ്പോടെ പറയുന്നതല്ല. താൻ ശാസ്ത്രത്തിന്റെ ഭാഗത്താണെന്ന വിശ്വാസത്തിൽ നടത്തുന്ന വർഗ്ഗീകരണമാണ്. പൊതുവിൽ രാഷ്ട്രീയമായി അനാർക്കിയോടും അതിന്റെ ജനാധിപത്യമൂലകങ്ങളോടും സാഹിതീയ ഭാവുകത്വത്തോടുമൊക്കെയുള്ള ചാർച്ചയെ കുറിക്കാൻവളരെ അസ്ഫുടമായി ഉപയോഗിക്കുന്ന ഗണനാമമാണ് അസ്തിത്വവാദി എന്നത്. വേണുവുമായി തർക്കങ്ങളും വിയോജിപ്പുകളും ഉണ്ടെങ്കിലും കാര്യങ്ങളിൽ അക്കാദമികമായ നിഷ്ഠയോടെ മൗലികാന്വേഷണങ്ങളിൽ ഏർപ്പെടുക എന്ന കാര്യത്തിൽ വേണു എല്ലായ്പ്പോഴും വിട്ടുവീഴ്ചയില്ലാതെ ഉറച്ചു നിന്നിട്ടുണ്ടെന്നത് നിഷേധിക്കാനാവില്ല.

എന്റെ ജീവിതത്തെ ഒരു ബോണസ്സായിട്ടാണ് ഞാൻ എടുക്കുന്നത്. പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ ഒന്നാം പ്രതി എന്ന നിലയ്ക്ക് ജീവിതം തീരാൻ പോകുന്നു എന്നാണ് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നത്. മെഡിക്കൽ കോളേജിനടുത്തു വെച്ച് പോലീസിൽ നിന്നും രക്ഷപ്പെട്ട് ഓടുമ്പോൾ ലോകം അവസാനമായി കാണുകയാണ് എന്ന ബോധത്തോടെ നോക്കിയത് ഓർമയുണ്ട്.

‘ഇങ്ങനെയും കുറെ മലയാളികൾ: അടിയന്തരാവസ്ഥയിലെ മാവോയിസ്റ്റ് ജയിൽപക്ഷികൾ’ എന്ന പുസ്തകത്തിൽ എഴുതിയ കുറിപ്പിൽ, ഒരു വിധിവൈപരീത്യത്തെക്കുറിച്ച് താങ്കൾ സൂചിപ്പിക്കുന്നു: "ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പും പ്രാധാന്യവും നിരാകരിച്ച നക്സലൈറ്റുകളാണ് ഇന്ത്യയിലങ്ങോളമിങ്ങോളം വിവിധ ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും വെളിച്ചമെത്തിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിച്ചതെന്ന വസ്തുത"യാണ് ഈ പാരഡോക്സ്. വ്യവസ്ഥാപിത സിദ്ധാന്തങ്ങളാണ് പിന്തുടരുന്നതെങ്കിലും പ്രയോഗാനുഭവങ്ങൾ ഈ വ്യവസ്ഥാപിതത്വത്തെ മറികടക്കാൻ തിരിച്ച് സ്വാധീനം ചെലുത്തിയിട്ടുണ്ടോ? മറ്റൊരു തരത്തിൽ ചോദിച്ചാൽ, ബഹുജന പ്രവർത്തനങ്ങളും പ്രവർത്തനരൂപങ്ങളും ഒരു വശത്തും സായുധസമരവും രഹസ്യപ്രവർത്തനവും ഒഴിയാബാധയായിരിക്കുന്ന മനോനില മറുഭാഗത്തുമായുള്ള പിരിമുറുക്കം എങ്ങനെയാണ് താങ്കൾ അനുഭവിച്ചത്?

വിധിവൈപരീത്യത്തിനു പല തലങ്ങളുണ്ട്. ചരിത്രത്തെ നയിക്കാൻ മുന്നിട്ടിറങ്ങിയവരായിരുന്നു ഞങ്ങൾ. പക്ഷേ ചരിത്രം ഞങ്ങളെ വലിച്ചു കൊണ്ടുപോയി. അതായിരുന്നു ആ കാലം. ഫ്രാൻസിലെ വിമോചനമുന്നേറ്റങ്ങളും ആഗോളമായുള്ള അന്തരീക്ഷവുമൊക്കെ ചേർന്ന് ഇതാ വിമോചനം നടക്കാൻ പോവുകയാണ് എന്ന അന്തരീക്ഷം ഉണ്ടായിരുന്നു. ജനാധിപത്യവുമായുള്ള ബന്ധത്തിന്റെ കാര്യത്തിലുമുണ്ട് ഈ വൈപരീത്യം. നക്സലൈറ്റ് പ്രസ്ഥാനത്തിൽ എത്തിച്ചേർന്ന എല്ലാവരും ഒരേ വഴിയിലല്ല വന്നത്. അതിന്റെ വ്യത്യാസങ്ങൾ അവരുടെ അനുഭവങ്ങളിലും വിലയിരുത്തലുകളിലും ഉണ്ട്. വാസുവേട്ടനൊക്കെ ബഹുജന പ്രവർത്തനത്തിന്റെ അനുഭവങ്ങളുമായാണ് വന്നത്. എന്റെ കാര്യമെടുത്താൽ വടക്കൻ കേരളത്തിലാദ്യമായി എസ് എഫ് തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് ഞങ്ങൾ ഉണ്ടായിരുന്ന സ്ഥലത്താണ്. ഞാനതിൽ അംഗമല്ല, നക്സലൈറ്റ് തന്നെയാണ്, പ്രഖ്യാപിതമല്ലെങ്കിലും. എന്നാൽ ആ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഞങ്ങളും ഉണ്ട്. തലശ്ശേരി ബ്രണ്ണനിൽ കവിയൂർ ബാലനും മടപ്പള്ളിയിൽ അഹ്മദും ചെയർമാൻ ആണ്. ഞങ്ങൾ കോളേജിൽ പരസ്യപ്രവർത്തനം സജീവമായി തന്നെ നടത്തിയിരുന്നു. പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും ഒക്കെയായി. വി.കെ.പ്രഭാകരനും മറ്റുമാണ് പ്രസിദ്ധീകരണം ഏറ്റെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഞങ്ങൾ മുമ്പിലുണ്ട്.

എന്നെയും ദാമോദരൻ മാഷെയും ജോയിയേയും കെ. വേണു 'അസ്തിത്വവാദി'കൾ എന്നാണ് മനസ്സിലാക്കുകയും പറയുകയും ചെയ്തുപോന്നിരുന്നത്.
എന്നെയും ദാമോദരൻ മാഷെയും ജോയിയേയും കെ. വേണു 'അസ്തിത്വവാദി'കൾ എന്നാണ് മനസ്സിലാക്കുകയും പറയുകയും ചെയ്തുപോന്നിരുന്നത്.

നക്‌സലൈറ്റുകൾ എന്ന നിലയ്ക്ക് ഞങ്ങൾ കോടതി ബഹിഷ്കരിച്ചിട്ടുണ്ട്, നിയമവ്യവസ്ഥയിൽ വിശ്വസിച്ചിട്ടില്ല എന്നതൊക്കെ ശരിയാണ്. എന്നാൽ പ്രവർത്തനങ്ങളിൽ ഞങ്ങളൊക്കെ ജനാധിപത്യത്തോട് ചേർന്ന് തന്നെയാണ് സഞ്ചരിച്ചിരുന്നത്. ബോധപൂർവം ഉദ്ദേശിക്കുന്നതും പ്രവർത്തനങ്ങളിലൂടെ ഉണ്ടാവുന്നതും ഒരേ കാര്യമാവണമെന്നില്ല. കെ. വേണുവിനോടൊക്കെ ഞാൻ തമാശയായി പറഞ്ഞിട്ടുണ്ട് , നമ്മൾ രേഖ എഴുതുന്നത് കൊണ്ടല്ല ചരിത്രം ഉണ്ടാവുന്നത് എന്ന്. ചരിത്രം വളരെ സമ്പന്നമാണ്. പരിഷ്കരണത്തെ സൈദ്ധാന്തികമായി കഠിനമായി എതിർത്തിരുന്ന നക്സലൈറ്റുകളുടെ പ്രവർത്തനത്തിന്റെ അവരുദ്ദേശിക്കാത്ത ഒരു പ്രത്യാഘാതം ഭൂപരിഷ്കരണമായിരുന്നല്ലോ. നമ്മളാഗ്രഹിക്കുന്നതല്ല ചരിത്രം നമുക്ക് തിരിച്ചു നൽകുക.

മുൻ ചോദ്യത്തിൽ സൂചിപ്പിച്ച പ്രഖ്യാപിതസിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പിരിമുറുക്കത്തെ ചിലർ യൂറോ സെൻട്രിക് തിയറിയും യൂറോപ്പിതര മാർക്സിയൻ പ്രയോഗങ്ങളും തമ്മിലുള്ള ഒന്നായി വിശേഷിപ്പിച്ചു കണ്ടിട്ടുണ്ട്. ഒരളവോളം ഈ പിരിമുറുക്കമാണ് നക്സലൈറ്റ് രാഷ്ട്രീയത്തെ സാധ്യമാക്കിയത് എന്നും പറയാം. അതേസമയം ‘മാർക്സ് , മാർക്സിസം , മൂലധനം’ എന്ന കൃതിയുടെ ആമുഖത്തിൽ ആ കൃതി സ്വന്തം ആത്മകഥ കൂടി ഉള്ളിൽ വഹിക്കുന്നു എന്ന് താങ്കൾ പറയുന്നുണ്ട്. ഇക്കാര്യത്തിൽ എത്രത്തോളം യൂറോസെൻട്രിസത്തെ ചെറുക്കാനായിട്ടുണ്ട് ? എന്തൊക്കെ താൽപ്പര്യങ്ങളും അന്വേഷണങ്ങളുമാണ് ഇതിനു പിൻബലമേകിയത് ? "വിധി വൈപരീത്യ"ത്തെ ധനാത്മകമായി പരിവർത്തിപ്പിച്ചു കൊണ്ട് രാഷ്ട്രീയപ്രയോഗത്തിൽ നിന്നും നിരന്തരമായി സിദ്ധാന്തവൽക്കരിക്കുക എന്നതാണോ കേരള ചരിത്രത്തെക്കുറിച്ചുള്ള സൂക്ഷ്മാന്വേഷണങ്ങളിലേക്ക് എത്തിച്ചത്? അതുപോലെ ഇന്ത്യൻ ഫിലോസഫിയിലുള്ള സവിശേഷ താൽപ്പര്യം. ഇവയൊക്കെ വ്യക്തിപരമായ സമാന്തരാന്വേഷണങ്ങൾ എന്നല്ലാതെ നക്സലൈറ്റ് പ്രയോഗങ്ങളുടെ തന്നെ യുറോപ്പിതര സൈദ്ധാന്തികവൽക്കരണങ്ങളായി എടുക്കാമോ ? അൽപ്പം നാടകീയമാക്കി ചോദിച്ചാൽ, നക്സലൈറ്റ് ആയിരുന്നില്ലെങ്കിൽ താങ്കൾ ആരാകുമായിരുന്നു?

എന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടർച്ചയാണ് ചരിത്രാന്വേഷണങ്ങൾ. അടിക്കടിയുള്ള പരാജയങ്ങൾ ഉണ്ടാവുമ്പോൾ നമ്മൾ പ്രവർത്തിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനമില്ലെങ്കിൽ ഒരിഞ്ചു മുന്നോട്ടു പോകാൻ സാധിക്കില്ല. പൊതുവെ ഒറ്റപ്പെടുന്ന സമയത്ത് നമുക്ക് എന്തോ തകരാറുണ്ടെന്നും സ്വന്തം സ്ഥലത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാതെ കഴിയില്ലെന്നും മനസ്സിലാവും. ഞാൻ കേരളത്തിന്റെ ദേശീയപ്രശ്നത്തെക്കുറിച്ച് മാതൃഭൂമിയിൽ ഒരു ലേഖനമെഴുതിയതും കേരളത്തിലെ കാർഷിക പ്രശ്നത്തെക്കുറിച്ച് പുസ്തകമെഴുതിയതുമൊക്കെ അപ്പോഴാണ്. അതു കഴിഞ്ഞ് ജാതിയെക്കുറിച്ച് പഠിച്ചു ലേഖനമെഴുതി. അത് ഗംഗാധരൻ മാഷ് എഡിറ്റ് ചെയ്ത പുസ്തകത്തിൽ വന്നു. അതിന്റെ ഭാഗമായാണ് ദായക്രമത്തെക്കുറിച്ചും മറ്റും അന്വേഷിച്ചത്. ഇതാണ് ചരിത്രാന്വേഷണത്തിലേക്ക് എത്തിച്ചത്.അന്ന് ഞാൻ എഡിറ്റ് ചെയ്ത സാംസ്‌കാരിക മാസികയിൽ ജെൻഡർ സംബന്ധിച്ചും ലോഹ്യയുടെയും മറ്റും ജാതി വിരുദ്ധ നിലപാടുകളെക്കുറിച്ചും വിവർത്തനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതൊന്നും ഒരു പ്രസ്ഥാനം തുടങ്ങുക എന്ന മുൻ കൂർ തീരുമാനത്തിന്റെ ഫലമായി ചെയ്തതല്ല. പ്രസ്ഥാനങ്ങൾ പലതും വന്നുവെങ്കിലും. ആ അർത്ഥത്തിൽ വേണമെങ്കിൽ ഞാൻ അന്നു നക്‌സലൈറ്റ് ആയതു കൊണ്ടാണ് ഇങ്ങനെയൊക്കെ ആയത് എന്നു പറയാം.

എന്റെ ജീവിതത്തെ ഒരു ബോണസ്സായിട്ടാണ് ഞാൻ എടുക്കുന്നത്. പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ ഒന്നാം പ്രതി എന്ന നിലയ്ക്ക് ജീവിതം തീരാൻ പോകുന്നു എന്നാണ് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നത്.
എന്റെ ജീവിതത്തെ ഒരു ബോണസ്സായിട്ടാണ് ഞാൻ എടുക്കുന്നത്. പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ ഒന്നാം പ്രതി എന്ന നിലയ്ക്ക് ജീവിതം തീരാൻ പോകുന്നു എന്നാണ് ഞാൻ ഉറച്ചുവിശ്വസിച്ചിരുന്നത്.

ഇന്ത്യൻ ഫിലോസഫിയിലുള്ള താൽപ്പര്യം പ്രധാനമായും അബ്‌സ്ട്രാക്ഷനിലുള്ള താൽപ്പര്യം കൊണ്ടാണ്. ബ്രഹ്മം എന്ന സങ്കല്പനം പോലെ (ശങ്കരന്റെ ബ്രഹ്മമല്ല) ഒരു അബ്സ്ട്രാക്ഷൻ പ്രപഞ്ചത്തെക്കുറിച്ച് വേറെ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെയൊക്കെ പ്രസ്താവിക്കുന്നത് തെറ്റിദ്ധാരണകൾക്ക് ഇടം നൽകാം എന്ന അപകടമുണ്ട്. പാശ്ചാത്യ തത്വചിന്താപശ്ചാത്തലത്തിൽ ആശയവാദ - ഭൗതികവാദ കള്ളികളിൽ ഒതുക്കാനാവാത്ത ഒരു സംവർഗ്ഗം എന്ന നിലയ്ക്കാണ് എന്നെ അത് ആകർഷിച്ചത്.

ഇത്തരം കാര്യങ്ങളെ കേവലം അനുബന്ധങ്ങൾ എന്നല്ലാതെ സൈദ്ധാന്തികമായി തന്നെ നക്സലൈറ്റ് പ്രത്യയശാസ്ത്രവുമായി (മാർക്സിസം - ലെനിനിസം - മാവോയിസ്റ്റ് ചിന്തയുമായി) ഉള്ള ഒരു വിമർശനാത്മക അഭിമുഖീകരണമാക്കി മാറ്റാൻ എത്രത്തോളം സാധിച്ചിട്ടുണ്ട്?

ഒരു പ്രസ്താവമായി പറഞ്ഞാൽ ഇന്ന് ഞാൻ ഒരു മാർക്സിസ്റ്റ് അല്ല. ഇതും തെറ്റിദ്ധരിക്കപ്പെടാൻ എളുപ്പമുള്ള പ്രസ്താവമാണെന്ന് അറിയാം. മാർക്സിനോട് അങ്ങേയറ്റത്തെ ബഹുമാനം നിലനിർത്തുമ്പോൾ തന്നെയാണ് ഇത് പറയുന്നത്. ഞാൻ മാർക്സിസ്റ്റ് അല്ല എന്ന് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നത് ഏതു തരത്തിലുള്ള ഇസത്തിനും ഉള്ള ഒരു പ്രശ്നത്തെ മുൻനിർത്തിയാണ്. നിങ്ങൾ ഒരു ഇസം എന്ന് പറയുമ്പോൾ ഏതെങ്കിലും തരത്തിലുള്ള കേന്ദ്രപ്രശ്നത്തെ ഒറ്റപ്പെടുത്തിയെടുക്കുകയാണ്. അരികുകളിലെ മറ്റെല്ലാ വിഷയങ്ങളും പിന്നെ നിങ്ങൾക്ക് വെട്ടി മാറ്റേണ്ടതായി വരും. മാർക്സിനു ശേഷം വിജ്ഞാനത്തിൽ വന്ന വികാസത്തെക്കുറിച്ച് ആലോചിച്ചു നോക്കൂ. അന്നത്തെ ജ്ഞാനാന്തരീക്ഷമല്ല ഇന്നത്തേത്. നിരന്തരം പുതുക്കാതെ ഇക്കാലത്തെ പിടിച്ചെടുക്കാൻ സാധിക്കില്ല.

ഒന്നുകിൽ ഭൂതകാലസംഭവങ്ങളുടെയും അനുഭവങ്ങളുടെയും വിവരണമോ മഹത്വവൽക്കരണമോ അതല്ലെങ്കിൽ അവയുടെ സമ്പൂർണമായ നിരാകരണമോ അല്ലാതെ ഭൂതകാലത്തെ സിദ്ധാന്തത്തിന്റെ തലത്തിൽ തന്നെ എങ്ങനെ അഭിമുഖീകരിക്കാനും മുന്നോട്ടു പോവാനും സാധിക്കും?

ഇത് എന്റെ ഇക്കാല അന്വേഷണത്തിലെ ഒരു പ്രധാനപ്പെട്ട ഉദ്വേഗം തന്നെയാണ്. ദാസ്കാപ്പിറ്റലിനു ശേഷമുള്ള മാർക്സിനെ ഇവിടെ ആരും ഗൗരവമായി വായിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മാർക്സ് തന്റെ സിദ്ധാന്തങ്ങളിലൊന്നും തന്നെ കടിച്ചു തൂങ്ങി നിന്നയാളല്ല. മാറിയ ലോകത്തെ വിശകലനം ചെയ്ത് പുതിയ നിഗമനങ്ങളിൽ എത്തുമ്പോൾ താൻ ഇന്നലെ ഇങ്ങനെ പറഞ്ഞല്ലോ എന്ന ആധി അദ്ദേഹത്തിനുണ്ടായിരുന്നില്ല.

ഒരു പ്രസ്താവമായി പറഞ്ഞാൽ ഇന്ന് ഞാൻ ഒരു മാർക്സിസ്റ്റ് അല്ല. ഇതും തെറ്റിദ്ധരിക്കപ്പെടാൻ എളുപ്പമുള്ള പ്രസ്താവമാണെന്ന് അറിയാം. മാർക്സിനോട്  അങ്ങേയറ്റത്തെ ബഹുമാനം നിലനിർത്തുമ്പോൾ തന്നെയാണ് ഇത് പറയുന്നത്. ഞാൻ മാർക്സിസ്റ്റ് അല്ല എന്ന് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നത് ഏതു തരത്തിലുള്ള ഇസത്തിനും ഉള്ള ഒരു പ്രശ്നത്തെ മുൻനിർത്തിയാണ്.
ഒരു പ്രസ്താവമായി പറഞ്ഞാൽ ഇന്ന് ഞാൻ ഒരു മാർക്സിസ്റ്റ് അല്ല. ഇതും തെറ്റിദ്ധരിക്കപ്പെടാൻ എളുപ്പമുള്ള പ്രസ്താവമാണെന്ന് അറിയാം. മാർക്സിനോട് അങ്ങേയറ്റത്തെ ബഹുമാനം നിലനിർത്തുമ്പോൾ തന്നെയാണ് ഇത് പറയുന്നത്. ഞാൻ മാർക്സിസ്റ്റ് അല്ല എന്ന് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നത് ഏതു തരത്തിലുള്ള ഇസത്തിനും ഉള്ള ഒരു പ്രശ്നത്തെ മുൻനിർത്തിയാണ്.

ഞാൻ കരുതുന്നത് , ജീവിതത്തിൽ ഫലപ്രാപ്തി കണ്ട മിക്കവാറും അന്വേഷണങ്ങൾ ഞാൻ നടത്തിയിട്ടുള്ളത് നക്സലൈറ്റ് ജീവിതാനന്തരമാണ് എന്നാണ്. എന്നാൽ നക്സലൈറ്റ് എന്ന പ്രതിച്ഛായയ്ക്കു മുകളിൽ ഇതൊന്നും തന്നെ പറക്കുകയില്ല. സത്യം പറഞ്ഞാൽ ഞാൻ അപൂർവമായി വല്ലപ്പോഴുമൊക്കെ കള്ളു കുടിക്കാൻ തുടങ്ങിയത് തന്നെ ഈ നക്സലൈറ്റ് ഇമേജിൽ നിന്ന് പുറത്തു കടക്കാൻ വേണ്ടിയാണ്! കൂടെയുള്ളവരെല്ലാം കഴിക്കുന്നവരാണ്. ഞാൻ മാത്രമിങ്ങനെ മസിലു പിടിച്ചു കൂട്ടത്തിലിരിക്കേണ്ടല്ലോ. എന്നു വെച്ച് പഴയ കാലം പറ്റെ മോശമാണ് എന്നോ നക്സലൈറ്റ് ജീവിതം വ്യർത്ഥമാണ് എന്നോ എനിക്കഭിപ്രായമില്ല.

സന്തോഷങ്ങൾ ചെറുതായാൽ പോലും അതിനോട് വൈരാഗ്യം ഉണ്ടാവണം എന്ന ഉറച്ച നിഷ്ഠ ആത്മത്യാഗത്തിന്റെ പുരുഷ രാഷ്ട്രീയ കർതൃത്വത്തിന്റെ മുന്നുപാധി തന്നെയല്ലേ? ഒരു തരം 'വയലന്റ് സന്യാസി' കർതൃത്വമാണോ അത്? വീട് ഉപേക്ഷിക്കൽ, ഭിക്ഷയെടുക്കൽ തുടങ്ങി പല സമാനതകളും സന്യാസിയും നക്സലൈറ്റും തമ്മിലുള്ളത് കൗതുകകരമായി തോന്നിയിട്ടുണ്ട്.

അതിൽ ഒരു രസമുണ്ട്. ഈ കാവി മുണ്ടുടുക്കുന്ന ശീലം ഞാനാണ് തുടങ്ങിവെച്ചത് എന്നാണ് എന്റെ തോന്നൽ. സൗകര്യം നോക്കി ചെയ്തതാണ്. പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത്തൊക്കെ അത് സ്വീകരിച്ചു. (ഞാൻ ഇങ്ങനെ പറയുന്ന കാര്യങ്ങളൊന്നും 'അമ്പട ഞാനേ' എന്ന ഈണത്തിൽ കേൾക്കരുത്!)

ത്യാഗത്തിന്റെ കാര്യം പറഞ്ഞാൽ... കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിക്കാനായി അവിടേക്കുകയറുന്ന രണ്ടു നിമിഷം എന്റെ ജീവിതത്തിൽ തന്നെയില്ല. അത് ധൈര്യമാണോ പേടിയാണോ എന്നു ചോദിച്ചാൽ ഇപ്പോഴും തീർത്തൊരുത്തരം പറയാൻ സാധിക്കില്ല. ആ രണ്ടു സെക്കന്റ് ജീവിതത്തിൽ നിന്നുപോയി എന്നേ പറയാൻ സാധിക്കൂ. അതു കഴിഞ്ഞു പക്ഷേ ഒരു തോക്കെടുത്തു നെഞ്ചത്തു വെടി വെച്ചാലും നമ്മൾ അറിയില്ല. പിന്നൊരു കാര്യം, ആ ആക്ഷനിൽ പങ്കെടുത്ത എല്ലാവരെയും നേരിട്ടറിയുന്ന ആൾ ഞാനാണ് എന്നതാണ്. അതിൽ ഒരാൾ ഇല്ലാതെ എനിക്ക് തിരിച്ചുപോരാൻ പറ്റില്ല. പറയുമ്പോൾ വിപ്ലവമാണെങ്കിലും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ പൂർണമായും ഇല്ലാതാവില്ല. ഒരടി കണ്ടാൽ ഓടുന്നവരും ഒരീച്ചയെ പോലും കൊല്ലാത്തവരുമൊക്കെയാണ് ഇങ്ങനെ ഇറങ്ങിപ്പുറപ്പെടുന്നത്. അന്നവിടെ വാസ്തവത്തിൽ ജയിച്ചത് നക്സൽ ബാരി എന്ന പേരാണ്. അതിന്റെ പ്രഭാവമാണ്. ആ പേര് കേട്ടപ്പോഴേക്കും അവർ ഭയന്നു കഴിഞ്ഞിട്ടുണ്ട്.

പകുതി പണി പേരു ചെയ്‌തെന്നർത്ഥം …

പകുതിയല്ല, മുക്കാലും അത് ചെയ്തു. ഞാൻ ഇരുമ്പു വടി കൊണ്ട് അടിച്ചിട്ട് ഉന്നത്തിനടിച്ചതു പോലെ ഇങ്ങോട്ടു തന്നെ വരുകയാണ് ചെയ്തത്.

സ്വകാര്യ സ്വത്തിന്റെ പശ്ചാത്തലത്തിലാണല്ലോ ത്യാഗം തുടങ്ങിയ സങ്കല്പങ്ങൾക്ക് അർത്ഥമുണ്ടാവുന്നത്. മുതലാളിത്തേതരമായ ആനന്ദങ്ങളും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ ത്യാഗത്തിന്റേത് എന്ന് കരുതുന്ന സംഘജീവിതത്തിൽ വ്യത്യസ്തങ്ങളായ സന്തോഷങ്ങളും ഉണ്ടാവാം. മരണത്തോടും മറ്റുമുള്ള നിഹിലിസ്റ്റ് സമീപനത്തിൽ ഇങ്ങനൊരു തലം ഉണ്ടോ?

മരണം എന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. ഒരാൾക്കും അതിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. എല്ലാവരും സ്വീകരിക്കാൻ ബാധ്യസ്ഥമായിട്ടുള്ള കാര്യമാണ്. ഞാൻ ഈയിടെ എഴുതിയ ഒരു കാര്യമുണ്ട്. ക്യാപ്പിറ്റലിസം അതിന്റെ കാലത്ത് ലോകത്തെ ഭീകരമായി കൊള്ളയടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെ പീഡിപ്പിച്ചിട്ടുണ്ട്. ജനതകളെ തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. പക്ഷെ വിചിത്രമായ കാര്യം എന്താണെന്നു വെച്ചാൽ, പതിനെട്ടാം നൂറ്റാണ്ടിലെ മനുഷ്യന്റെ ലൈഫ് എക്സ്പെക്റ്റൻസി നാല്പതിലൊക്കെ താഴെയാണ്. ഇന്നിപ്പോൾ അത് എഴുപത്തഞ്ച്, എൺപതോളമായിട്ടുണ്ട്. ജനസംഖ്യയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഒരു സ്പീഷീസ് എന്ന നിലയ്ക്ക് ഇതൊക്കെ നല്ല ഉപലബ്ധികളാണ്. വ്യക്തികൾ നേരിട്ട പീഡനങ്ങൾ സത്യമാണ്. പ്രകൃതിയ്ക്ക് വ്യക്തിയിൽ അല്ല താൽപ്പര്യം. മരണത്തെ ആയാലും നമ്മൾ സ്പീഷീസ് എന്ന നിലയ്‌ക്കെടുക്കുമ്പോൾ വ്യത്യസ്തമായ കാഴ്ച സാധ്യമാവും. എന്തും പരിണാമ പ്രക്രിയയ്ക്ക് വിധേയമാണ്. ഈയൊരു കാഴ്ച അവലംബിക്കുമ്പോൾ മൊത്തം മനുഷ്യ സ്പീഷീസിന്റെ കാര്യം നിഷേധാത്മകമല്ല. ആരോഗ്യവും ജനസംഖ്യയും ലൈഫ് എക്സ്'പക്റ്റൻസിയും ഒക്കെ കൂടി.

പിന്നെ ആനന്ദത്തിന്റെ കാര്യമാണെങ്കിൽ, അനാർക്കി എന്ന വാക്ക് മലയാളത്തിൽ നെഗറ്റിവായിട്ടാണ് സ്വീകരിച്ചു പോരുന്നത്. അതിന്റെ പോസിറ്റിവ് ആയ അംശങ്ങളാൽ ആകൃഷ്ടരായിരുന്നു ഞങ്ങളൊക്കെ. അക്കാലത്ത് അത്യാവശ്യം താരപ്പൊലിമയൊക്കെ ഞങ്ങൾക്കുണ്ട്. എന്നാൽ പെൺകുട്ടികളൊന്നും ശ്രദ്ധിക്കില്ല. കാരണം , കണ്ടാൽ കുളിക്കാത്തവരും ഒക്കെയാണല്ലോ.
പിന്നെ ആനന്ദത്തിന്റെ കാര്യമാണെങ്കിൽ, അനാർക്കി എന്ന വാക്ക് മലയാളത്തിൽ നെഗറ്റിവായിട്ടാണ് സ്വീകരിച്ചു പോരുന്നത്. അതിന്റെ പോസിറ്റിവ് ആയ അംശങ്ങളാൽ ആകൃഷ്ടരായിരുന്നു ഞങ്ങളൊക്കെ. അക്കാലത്ത് അത്യാവശ്യം താരപ്പൊലിമയൊക്കെ ഞങ്ങൾക്കുണ്ട്. എന്നാൽ പെൺകുട്ടികളൊന്നും ശ്രദ്ധിക്കില്ല. കാരണം , കണ്ടാൽ കുളിക്കാത്തവരും ഒക്കെയാണല്ലോ.

പിന്നെ ആനന്ദത്തിന്റെ കാര്യമാണെങ്കിൽ, അനാർക്കി എന്ന വാക്ക് മലയാളത്തിൽ നെഗറ്റിവായിട്ടാണ് സ്വീകരിച്ചു പോരുന്നത്. അതിന്റെ പോസിറ്റിവ് ആയ അംശങ്ങളാൽ ആകൃഷ്ടരായിരുന്നു ഞങ്ങളൊക്കെ. അക്കാലത്ത് അത്യാവശ്യം താരപ്പൊലിമയൊക്കെ ഞങ്ങൾക്കുണ്ട്. എന്നാൽ പെൺകുട്ടികളൊന്നും ശ്രദ്ധിക്കില്ല. കാരണം , കണ്ടാൽ കുളിക്കാത്തവരും ഒക്കെയാണല്ലോ.

കേവലസമത്വം സാധ്യമായ കാര്യമല്ല. എന്നു വെച്ചാൽ സമത്വം അനാവശ്യമാണ് എന്നല്ല. എ ഐ വരുമ്പോൾ ഉള്ള പ്രധാന ചാലഞ്ച് എല്ലാവർക്കും സാർവത്രിക തുല്യത ഉണ്ടാവില്ല എന്നതാണ്. അടിസ്ഥാനാവശ്യങ്ങളിൽ കഴിഞ്ഞേക്കും. അതിനപ്പുറമുള്ള മനുഷ്യന്റെ കഴിവുകളിൽ സാധിക്കില്ല. സർഗ്ഗാത്മകതയുടെ തലത്തിൽ സാദ്ധ്യതകൾ വിപുലമാവുകയാണ് ചെയ്യുക. എന്റെ ഇത്തരം പ്രസ്താവങ്ങളൊക്കെ മുൻ‌കൂർ അംഗീകരിക്കപ്പെട്ട തെറ്റായ ധാരണകളുടെ പശ്ചാത്തലത്തിൽ പെട്ടെന്ന് തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ളവയാണ്. എന്നാൽ ഈ സങ്കൽപ്പനങ്ങളൊക്കെ വെച്ച് തന്നെയേ നമുക്ക് പുതിയ കാര്യങ്ങൾ ആവിഷ്കരിക്കാനും കഴിയുകയുള്ളൂ. ഞാൻ വേറൊരു കാഴ്ചയെ മുൻ നിർത്തിയാണ് ഇതൊക്കെ പറയുന്നത്. മനുഷ്യർക്ക് ചന്ദ്രനിൽ പോവണമെങ്കിൽ വലിയ മൂലധനം കൂടിയേ തീരൂ. എങ്കിലേ അതിനുള്ള സാങ്കേതികവിദ്യ ഉണ്ടാവുകയുള്ളൂ. മാർക്സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തിനു വലിയ പരിമിതിയുണ്ടെന്ന് ഞാൻ എഴുതിയിട്ടുണ്ട്. അത് ഈ പശ്ചാത്തലത്തിലാണ്. മനുഷ്യന്റെ വളർച്ച മുഴുവൻ തീ , ചക്രം തുടങ്ങിയ സാങ്കേതിക വിദ്യകളുടെ പിൻബലത്തിലാണ്. ആർക്കാണ് ഈ സാങ്കേതിക വിദ്യകളുടെ അവകാശം ? വ്യക്തികൾക്കല്ല . മുതലാളികൾക്കോ തൊഴിലാളികൾക്കോ അല്ല. സമൂഹത്തിനാണ്. ക്യാപ്പിറ്റലിനു മേലെ സാമൂഹ്യ നിയന്ത്രണം എങ്ങനെ സാധ്യമാവും എന്നതാണ് പ്രധാനപ്പെട്ട വെല്ലുവിളി.

ഇവിടെ ശ്രദ്ധിച്ചത് "മാർക്സിന്റെ സിദ്ധാന്തത്തിൽ ഇങ്ങനെ ഒരു പരിമിതിയുണ്ട്" എന്ന് പറയുന്നതിലെ ആർജ്ജവമാണ്. എന്താണ് അതിനുള്ള ധൈര്യം? നമ്മുടെ ഭാഷയിലെ ഗവേഷകർ വല്ലാത്ത അധമബോധത്തിൽ പണി ചെയ്യേണ്ട ഗതികേടിലാണ്. സിദ്ധാന്തവൽക്കരണം എന്നത് ഒരു പ്രവർത്തനമാണല്ലോ. അതിൽ മൗലികവും സർഗ്ഗാത്മകവുമാവുക എന്നതാണ് വെല്ലുവിളി. ഇക്കാര്യത്തിൽ ഔപചാരികമായ അക്കാദമിക്‌സിനു പുറത്തു ജീവിച്ച താങ്കൾ സ്വയം കണ്ടെത്തിയ മാർഗ്ഗവും രീതികളും എന്താണ്?

ഒരു കാര്യം, ഞാൻ ഒറിജിനൽസ് ആണ് വായിക്കാറുള്ളത് എന്നതാണ്. മറ്റൊന്ന്, ഞാൻ ഇരുന്ന കമ്മിറ്റി മീറ്റിങ്ങുകളിൽ ഉണ്ടായിരുന്നവർ നിശിതമായ വിമർശനബുദ്ധി ഉള്ളവരായിരുന്നു എന്നതാണ്. ഒരു കാര്യം പറഞ്ഞ് വെറുതെ എണീറ്റ് പോരാൻ അവിടെ സാധിക്കില്ല. വിട്ടു വീഴ്ചയില്ലാത്ത കണിശതയും വിമർശനബുദ്ധിയും അവർ പുലർത്തി.

ഏതാണ്ട് മാർക്സ് ജീവിച്ച അത്രയൊക്കെ ഞാനും ജീവിച്ചിട്ടുണ്ടല്ലോ. മാർക്സ് എനിക്ക് ദൈവമൊന്നുമല്ല. നമുക്ക് ഈക്വൽ ഡിസ്കോഴ്സേ ആരോടായാലും സാധ്യമാവൂ. ഫ്രാൻസിലെ കണാരൻ ഇങ്ങനെ പറഞ്ഞു, ഇറ്റലിയിലെ കുഞ്ഞിരാമൻ ഇങ്ങനെ പറഞ്ഞു എന്നുരുവിടുന്ന ഭക്തിമാർഗ്ഗം ഉപേക്ഷിച്ചാൽ മാത്രമേ നമ്മുടെ അക്കാദമിക ലോകം രക്ഷപ്പെടുകയുള്ളൂ എന്ന ഞാൻ ഈയിടെ പറഞ്ഞു. പി.പവിത്രന്റെ റിട്ടയർമെന്റ് സമയത്തുള്ള ചർച്ചാ വേദിയിലാണ്.

അടിയന്തരാവസ്ഥക്കാലത്ത് ഞാൻ ജയിലിൽ വെച്ച് "ആസ്വാദനത്തിന്റെ മാനങ്ങൾ"എന്നൊരു ലേഖനം എഴുതിയിരുന്നു. അത് പിന്നീട് പുസ്തകമായും ഇറങ്ങി. മാർക്സിന്റെ 'എക്കണോമിക് ആൻഡ് ഫിലോസഫിക്കൽ മനുസ്ക്രിപ്റ്റ്സ് ഓഫ് 1844' വായിച്ചതിന്റെ പ്രചോദനത്തിലാണ്. അതിന്റെ ചെറിയ ഭാഗം ‘അപരിചിതനാക്കപ്പെട്ട മനുഷ്യൻ' എന്ന പേരിൽ തർജ്ജുമ ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ എനിക്കാ ദിശയിൽ പിന്നീട് മുന്നോട്ടു പോവാൻ പാർട്ടി പ്രവർത്തനങ്ങളുടെ അടിയന്തിര സാഹചര്യങ്ങൾ മൂലം സാധിച്ചില്ല. ആരും എന്നെ തടഞ്ഞതൊന്നുമല്ല. സ്വയം തന്നെ അങ്ങോട്ട് ഇനി പോവേണ്ട എന്നൊരു പരിമിതി വരിച്ചതാണ്.

പല കാര്യങ്ങളും പ്രായോഗിക ജീവിതത്തിൽ നിന്നുമാണ് ആലോചനയിലേക്ക് വരുന്നത്. കോട്ടയത്ത് പ്രവർത്തിച്ച അനുഭവമാണ് ജാതിയെക്കുറിച്ച് സൂക്ഷ്മമായി ചിന്തിക്കാൻ പ്രേരണയായത്. 'ഗോഡ് ഓഫ് സ്മാൾ തിങ്‌സി'ലെ നക്സലൈറ്റ് സംഭവമൊക്കെ ഞാനും കൂടി ഉൾപ്പെട്ടതാണ്. എനിക്ക് വെട്ടു കിട്ടുന്നുണ്ട് അവിടെ. ഈഴവരാണ് തല്ലുന്നത്. ഇങ്ങനെ മൂർത്തമായ അനുഭവ പരിസരത്തുനിന്നും ആലോചിക്കാനും സങ്കൽപ്പനങ്ങളോട് , അവ ഏതു പ്രഭവങ്ങളിൽ നിന്ന് വന്നാലും, തുല്യതാ ബോധത്തോടു കൂടി ഇടപെടാനുമാണ് ശീലിച്ചത്.


Summary: MM Somasekharan on his new book Rajan Parayatha Kadhakal, Interview by Dileep Raj and Mahesh Mangalat.


ദിലീപ്​ രാജ്​

എഴുത്തുകാരൻ, പ്രഭാഷകൻ. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ‘പെൻഗ്വിൻ ഇന്ത്യ’യിൽ റസിഡൻറ്​ എഡിറ്റർ (മലയാളം) ആയിരുന്നു. ഗുരുചിന്തന: ഒരു മുഖവുര, ഇ- ലേണിങ്​: എന്ത്​, എങ്ങനെ (എഡിറ്റർ), റാണിമാർ പദ്​മിനിമാർ: മലയാളി സ്​ത്രീകളുടെ കൈവിട്ട സഞ്ചാരങ്ങൾ (എഡിറ്റർ, റിമ കല്ലിംഗലുമൊത്ത്​) എന്നിവ പ്രധാന പുസ്​തകങ്ങൾ.

സോമശേഖരൻ

മാർക്​സിസ്​റ്റ്​ സൈദ്ധാന്തികനും എഴുത്തുകാരനും. എഴുപതുകളുടെ ഒടുവിൽ സി.പി.ഐ.എം. എൽ സംസ്ഥാന സെക്രട്ടറി. അടിയന്തരാവസ്ഥക്കാലത്ത് നടന്ന കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതി. പൊലീസുകാർ കൊന്ന പി.രാജനോടൊപ്പം കക്കയം ക്യാമ്പിലും മാലൂർ കുന്നിലും കൊടിയ പീഡനം ഏറ്റുവാങ്ങി. എഴുത്തച്​ഛൻ പഠനം, സ്​റ്റാലിനും സ്​റ്റാലിനിസവും, മാർക്​സിലേക്കുള്ള വഴി എന്നിവ പ്രധാന പുസ്​തകങ്ങൾ

ഡോ. മഹേഷ് മംഗലാട്ട്

അധ്യാപകന്‍, എഴുത്തുകാരന്‍, ഭാഷാ കമ്പ്യൂട്ടിങ് വിദദ്ധൻ. മാഹി എം.ജി കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്നു. നാടകം, സംസ്‌കാരപഠനം, മീഡിയ എന്നീ മേഖലകളില്‍ മൗലികമായ അന്വേഷണം നടത്തുന്നു. അരങ്ങിലെ രാഷ്ട്രീയം : പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങള്‍, വിവരസാങ്കേതികതയും മലയാളവും (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്തകങ്ങള്‍.

Comments