ഡോ. രാജേഷ് കോമത്ത്, വി.കെ. അനിൽകുമാർ.

എഴുത്തിലെ ബഷീറും
തെയ്യത്തിലെ മുത്തപ്പനും
തമ്മിലെന്ത്?

2025-ലെ വായനയിലെ ശ്രദ്ധേയ പുസ്തകമായി ഡോ. രാജേഷ് കോമത്ത് തെരഞ്ഞെടുക്കുന്നു: വി. കെ അനിൽ കുമാർ എഴുതിയ ‘എഴുത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ’.

തെയ്യത്തിന്റെ അകക്കാമ്പിനെയും പുറത്തെ പരിവർത്തനങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന പുസ്തകമാണ് വി. കെ അനിൽ കുമാർ എഴുതിയ എഴുത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ. ആറ് ലേഖനങ്ങളുടെ സമാഹാരമാണിത്. അലല്ലാഹലന്റെ ഉടവാൾ, ജാഥയിൽ നിന്നും വിഗ്രഹത്തിൽ നിന്നും മോചിപ്പിക്കേണ്ട തെയ്യങ്ങൾ, കുറിഞ്ചി പെറ്റ കുഞ്ഞുങ്ങൾ, അകമനസ്സിൽ തറച്ച പൊൻശരം, വള്ളിപുള്ളി വിസർഗ്ഗം തെറ്റാതെ എന്നീ അദ്ധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.

തെയ്യം വെറുമൊരു കാഴ്ച മാത്രമല്ല, വടക്കേ മലബാറുകാർക്ക്, അത് അനുഷ്ഠാനമാണ്, ദൈവമാണ്. ഗ്രാമത്തിലെയും നഗരത്തിലെയും മനുഷ്യജീവിതത്തിന്റെ നിത്യസാന്നിധ്യമാണ്. തെയ്യത്തെ കണ്ടില്ലെന്ന് നടിക്കാൻ പോലും ഉത്തരകേരളത്തിലെ സമൂഹത്തിന് കഴിയില്ല. സമൂഹത്തിൽനിന്ന് തെയ്യംകഥകളെയും രൂപങ്ങളെയും വേർപെടുത്താനാവില്ല. തെയ്യമൊഴിച്ചുള്ള ഒരു സമൂഹം വടക്കേ മലബാറിൽ ഉണ്ടായിട്ടുമില്ല. പുതിയത് പുറമെ നിന്ന് ഇറക്കുമതി ചെയ്താലും തെയ്യത്തോട് സംവദിക്കേണ്ടിവരും. തെയ്യത്തെ ഇല്ലാതാക്കാൻ നോക്കിയാൽ ആ സമൂഹ ഘടനയും മാറും.

തെയ്യം അനുഭവവവും ഓർമ്മയും ചരിത്രവും വർത്തമാനവുമാണ്. അതിൽ ഒന്ന് മറ്റൊന്നിന്റെ മേലെയോ കീഴെയോ ആടുന്നില്ല. ആട്ടം അപ്പോഴും അനിവാര്യമാണ്. തെയ്യത്തിന്റെ ആട്ടവും സമൂഹത്തിന്റെ മാറ്റവും തമ്മിൽ ചരിത്രത്തിലെന്ന പോലെ വർത്തമാനത്തിലും പ്രതിപ്രവർത്തിക്കുന്നു. ഈ ബന്ധത്തെ അടിവരയിട്ട് ദേശവ്യത്യാസങ്ങൾ അനുസരിച്ച്, ദേശപ്രകൃതിയിലും ജീവിതത്തിലും ജീവജാലങ്ങളിലും തെയ്യം പ്രത്യക്ഷപ്പെടുന്നതിനെ വിവരിക്കുകയാണ് ഈ പുസ്തകം. തെയ്യ ഭാഷയെ സ്വാംശീകരിച്ചാണ് വി.കെ അനിൽകുമാറിന്റെ എഴുത്ത് മുന്നോട്ടുപോകുന്നത്. എഴുത്തുകാരന്റെ നിരീക്ഷണം, തെയ്യത്തിന്റെ ഭൂമികയിൽ അതിനെ അടുത്തുനിന്ന് കണ്ടതിന്റെ ഉൾക്കാഴ്ചയിൽ നിന്നുണ്ടാകുന്നതാണ്.

കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, കാഞ്ഞങ്ങാട്, കാസർകോട്, തൃക്കരിപ്പൂർ എന്നീ ദേശങ്ങളിൽ വിവിധ രൂപത്തിലും ഭാവത്തിലും അണിയറയിൽ ഒരുങ്ങുന്ന തെയ്യങ്ങളെ അടുത്തുനിന്ന് കണ്ടതിന്റെ കാഴ്ചയനുഭവങ്ങൾ മാത്രമല്ല ഈ പുസ്തകം. അതിന്റെ അകത്തെയും പുറത്തെയും അതിനിടയിലെ വിവിധതരം പാഠങ്ങളെയും പാഠാന്തരങ്ങളെയും വിശകലനം ചെയ്യുവാൻ അനിൽ കുമാറിന് കഴിഞ്ഞിട്ടുണ്ട്. അടുത്തുനിന്ന് കാണുമ്പോൾ അകലെനിന്നുള്ള കാഴ്ച നഷ്ടപ്പെട്ടേക്കാം. അകലെനിന്ന് കാണുമ്പോൾ അടുത്തുള്ളത് കണ്ടില്ലെന്നും വരാം. എന്നാൽ അകത്തെയും പുറത്തെയും മുഖത്തെയും പൊയ്മുഖത്തെയും കാലുകളെയും പൊയ്ക്കാലുകളെയും അടുത്തും അകലെ നിന്നും കാണാനുള്ള ശേഷിയും സൂക്ഷ്മതയും അനിൽ കുമാറിനുണ്ടെന്നതിന്റെ സാക്ഷ്യമാണ് ഈ പുസ്തകം.

കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, കാഞ്ഞങ്ങാട്, കാസർകോട്, തൃക്കരിപ്പൂർ എന്നീ ദേശങ്ങളിൽ വിവിധ രൂപത്തിലും ഭാവത്തിലും അണിയറയിൽ ഒരുങ്ങുന്ന തെയ്യങ്ങളെ അടുത്തുനിന്ന് കണ്ടതിന്റെ കാഴ്ചയനുഭവങ്ങൾ മാത്രമല്ല ഈ പുസ്തകം. അതിന്റെ അകത്തെയും പുറത്തെയും അതിനിടയിലെ വിവിധതരം പാഠങ്ങളെയും പാഠാന്തരങ്ങളെയും വിശകലനം ചെയ്യുവാൻ അനിൽ കുമാറിന് കഴിഞ്ഞിട്ടുണ്ട്.
കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, കാഞ്ഞങ്ങാട്, കാസർകോട്, തൃക്കരിപ്പൂർ എന്നീ ദേശങ്ങളിൽ വിവിധ രൂപത്തിലും ഭാവത്തിലും അണിയറയിൽ ഒരുങ്ങുന്ന തെയ്യങ്ങളെ അടുത്തുനിന്ന് കണ്ടതിന്റെ കാഴ്ചയനുഭവങ്ങൾ മാത്രമല്ല ഈ പുസ്തകം. അതിന്റെ അകത്തെയും പുറത്തെയും അതിനിടയിലെ വിവിധതരം പാഠങ്ങളെയും പാഠാന്തരങ്ങളെയും വിശകലനം ചെയ്യുവാൻ അനിൽ കുമാറിന് കഴിഞ്ഞിട്ടുണ്ട്.

മലയാള ഭാഷയിലൂടെ, പ്രയോഗത്തിലൂടെ, ഒരു ദേശത്തിന്റെ ഭാഷാന്തരങ്ങളിലൂടെ, അതിന്റെ വേഷപ്പകർച്ചയിലൂടെ മനുഷ്യജീവിതത്തെ മനസ്സിലാക്കാൻ കഴിയുമെന്ന പാഠവും ഈ പുസ്തകം നൽകുന്നുണ്ട്. ഒരു സമൂഹത്തിന്റെ അടിത്തട്ട് സംസ്കാരത്തിന്റെ അകംപൊരുൾ ഭാഷയിൽ തന്നെ അന്തർലീനമായിട്ടുണ്ടെന്ന് ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാവും. ഭാഷ വെറും വ്യാകരണത്തിന്റെ ഏറ്റക്കുറച്ചിലുകളല്ല. അത് ജീവിതത്തിന്റെ നാനാരൂപകങ്ങളിൽ ജീവനെടുക്കുന്നവയാണ്. തെയ്യം അനുഷ്ഠാനത്തിലൂടെയും അവതരണത്തിലെ അനുഷ്ഠാനത്തിലൂടെയും പരുവപ്പെട്ടുവന്ന പ്രകൃതിശാസ്ത്രമാണെന്നാണ് ഈ പുസ്തകത്തിലെ ലേഖനങ്ങൾ വാദിക്കുന്നത്.

തെയ്യം പ്രകൃതിയുടെ ചരിത്രവും ദർശനവും നേരത്തെ പറഞ്ഞുപഠിപ്പിച്ചിരുന്നു. അതിനെ മനസ്സിലാക്കിയ സമൂഹം പ്രകൃതിയോടൊപ്പം നിന്നു. അല്ലാത്തവർ പ്രകൃതിയെ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചു. അപ്പോഴും പുതിയ രൂപത്തിലും ഭാവത്തിലും ഊർജ്ജത്തിലും തെയ്യം കീഴാള ശരീരത്തിൽ ഇരുമ്പുലക്ക പോലെ ഉൾച്ചേരുകയും ഇടിമുഴക്കം പോലെ വെളിപ്പെടുകയും ചെയ്തു. ബ്രാഹ്മണ്യം തെയ്യത്തെയും സമൂഹത്തെയും ആവാഹിക്കുമ്പോഴും തെയ്യങ്ങളെയും ദേശവിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും വിഗ്രഹത്തിൽ തളച്ചിടാൻ ശ്രമിക്കുമ്പോഴും അതിന് വഴങ്ങാതെ പരിശുദ്ധ വനങ്ങളിലും വാളിലും കോട്ടയിലും തെയ്യം സ്വയം തളച്ചിടാൻ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയം ഈ പുസ്തകത്തിന്റെ ഉൾക്കാഴ്ചയാണ്.

കൊന്നുകളഞ്ഞ മനുഷ്യരുടെ തുടർച്ചയാണ് തെയ്യങ്ങളെന്ന നിരീക്ഷണം തെയ്യത്തിന്റെ അനുഷ്ഠാനവും തോറ്റവും ആചാരവും വിശകലനം ചെയ്യുന്നവർക്ക് മനസ്സിലാവും. തെയ്യം ആ അർത്ഥത്തിൽ ഒരു പാഠമാണ്. അതിന് സന്ദർഭത്തിനനുസരിച്ചുള്ള അവതരണ ഭാഷയുണ്ട്. അതോടൊപ്പം മനുഷ്യജീവിതത്തിന്റെ അടിത്തട്ട് ഊർജ്ജവുമുണ്ട്. അത് ഒരു മനുഷ്യനിൽ നിന്നും മരിച്ചുപോയവരിൽ നിന്നും ജീവിക്കുന്നവരിൽ നിന്നും ചരിത്രത്തിൽ നിന്നും ഓർമ്മകളിൽ നിന്നും പിറവി കൊള്ളുന്നു.

തെയ്യത്തിന്റെ പ്രത്യക്ഷപ്പെടൽ താൽക്കാലികമായി ഒന്നോ രണ്ടോ മൂന്നോ ദിവസങ്ങൾ ആ ഇടങ്ങളെ ഒന്ന് ഉലക്കുമെങ്കിലും അധികാരഘടനയെ അത് ഒരിക്കലും മാറ്റിമറിക്കുന്നില്ല. മറിച്ച്, അതിനെ പുനരുൽപ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.

തെയ്യക്കാരന്റെ അനുഷ്ഠാനശരീരം ഒരു കാൻവാസു മാത്രമാണ്. അല്ലെങ്കിൽ അതുവഴി പാരമ്പര്യമായി തെയ്യം വെളിപ്പെടുന്നു എന്നു മാത്രം. അതുകൊണ്ട് ഉത്തര കേരളത്തിലെ ഓരോ മനുഷ്യന്റെയും രക്തവും നിറവും മണവും തെയ്യത്തിലുണ്ട്. ആ ദേശത്തിന്റെ മണ്ണിന്റെ നിറവും നിണം പൊതിഞ്ഞ ഓർമ്മയും തെയ്യത്തിൽ വെളിപ്പെടുന്നുണ്ട്. ആണായും പെണ്ണായും കീഴ്ജാതിയായും മേൽജാതിയായും തെയ്യം പുറപ്പെടുന്നുണ്ട്. അതിന്റെ സ്ഥായിയായ നിറം ചുവപ്പാണ്. അത് വിപ്ലവത്തിന്റെ ചുവപ്പല്ല. തെയ്യം ഒന്നിനെയും മാറ്റിമറിക്കുന്നില്ല. പഴയതിനെ ഓർമ്മപ്പെടുത്തുന്നു എന്നു മാത്രം. ‘എന്നോട് ചെയ്തതിന്റെ പരിഭവം ഞാനോ’ എന്ന് കുട്ടിച്ചാത്തൻതെയ്യത്തിന്റെ തോറ്റത്തിലുണ്ട്. ആ പരിഭവം, പ്രതിരോധം, വിമർശനം, വിരൽചൂണ്ടൽ, ആക്രോശിക്കൽ, ഭയപ്പെടുത്തലുകൾ എല്ലാം തെയ്യം ചെയ്യുന്നുണ്ട്. പക്ഷെ അത് സമൂഹഘടനയെ അപ്പാടെ മാറ്റുന്നില്ല. സമൂഹഘടനയെ അപ്പാടെ മാറ്റാതിരിക്കാനുള്ള കാലങ്ങളായുള്ള എതിരുകളെ താൽക്കാലികമായി ഉൾച്ചേർത്തുകൊണ്ടുള്ള പ്രകടന ഇടങ്ങൾ മാത്രമാണ് തെയ്യക്കാവുകൾ. തെയ്യങ്ങൾ വരുന്നതിനും പോയതിനു ശേഷവും തെയ്യക്കാവുകൾ അധികാര ജാതി ഇടങ്ങളായി തന്നെ തുടരും.

തെയ്യത്തിന്റെ പ്രത്യക്ഷപ്പെടൽ താൽക്കാലികമായി ഒന്നോ രണ്ടോ മൂന്നോ ദിവസങ്ങൾ ആ ഇടങ്ങളെ ഒന്ന് ഉലക്കുമെങ്കിലും അധികാരഘടനയെ അത് ഒരിക്കലും മാറ്റിമറിക്കുന്നില്ല. മറിച്ച്, അതിനെ പുനരുൽപ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷെ അതിനിടയിൽ എരിഞ്ഞുതീരുന്നത് തെയ്യത്തിന്റെ കീഴാള ശരീരങ്ങളാണ്. അവരെ മനുഷ്യരായി പോലും കാണാത്ത സമൂഹം എങ്ങനെയാണ് അവർ ദൈവമായി രൂപാന്തരപ്പെടുന്നതെന്ന് വിശ്വസിക്കുക? അതൊരു പെരുംനുണയാണെന്ന യാഥാർത്ഥ്യം ഈ പുസ്തകത്തിന്റെ താളുകളിൽ അടിവരയിടുന്നു. അകാലത്തിൽ മരണപ്പെടുന്ന അനേകം തെയ്യം കോലക്കാർ അതിന്റെ നേർസാക്ഷ്യങ്ങളാണ്. അഭിനയത്തിന്റെയും അരങ്ങിന്റെയും നാട്യ- നൃത്ത- നാടക പാഠങ്ങൾ ഒരു തെയ്യത്തിൽ അനാവരണം ചെയ്യുന്നതുപോലെ ഒരു അവതരണ രൂപത്തിലും പ്രകടമാകുന്നില്ല. വാചികവും ആംഗികവും നാട്യധർമ്മിയും ലോകധർമ്മിയും തെയ്യക്കാരന്റെ ആത്മനിഷ്ഠതയിൽ പ്രകാശിപ്പിക്കുന്നുണ്ട്. പക്ഷെ അവനെ ഒരു കലാകാരനായി സമൂഹം ഇപ്പോഴും കാണാതെ പോകുന്നതിന്റെ പൊള്ളുന്ന യാഥാർത്ഥ്യം വിവരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ.

തെയ്യങ്ങളിലെ സർവ്വ വ്യാപിയാണ് മുത്തപ്പൻ തെയ്യം. അതിന് ദേശാതിർത്തികളില്ല. അനുഷ്ഠാന ശാഠ്യങ്ങളില്ല. ജാതിഭേദമില്ല. കാട്ടിലും നാട്ടിലും വീട്ടിലും കടലോരത്തും നഗരത്തിലും മുത്തപ്പൻ തെയ്യം കെട്ടിയാടാം. അത് സാധാരണക്കാരന്റെ തെയ്യമാണ്. തെയ്യത്തിന്റെ ഭാഷ പച്ചമനുഷ്യരുടേതാണ്. അത് താങ്ങായും തണലായും എന്നും കൂടെ നിൽക്കുന്ന നിത്യവചനമാണ്. മുത്തപ്പനെ ഈ പുസ്തകത്തിൽ പക്ഷെ എഴുത്തിലെ വൈക്കം മുഹമ്മദ് ബഷീറിനോടാണ് ഉപമിച്ചിരിക്കുന്നത്. മുത്തപ്പൻ തെയ്യവും ബഷീറും തമ്മിലെന്ത്?

തെയ്യങ്ങളിലെ സർവ്വ വ്യാപിയാണ് മുത്തപ്പൻ തെയ്യം. അതിന് ദേശാതിർത്തികളില്ല. അനുഷ്ഠാന ശാഠ്യങ്ങളില്ല. ജാതിഭേദമില്ല. കാട്ടിലും നാട്ടിലും വീട്ടിലും കടലോരത്തും നഗരത്തിലും മുത്തപ്പൻ തെയ്യം കെട്ടിയാടാം. അത് സാധാരണക്കാരന്റെ തെയ്യമാണ്.
തെയ്യങ്ങളിലെ സർവ്വ വ്യാപിയാണ് മുത്തപ്പൻ തെയ്യം. അതിന് ദേശാതിർത്തികളില്ല. അനുഷ്ഠാന ശാഠ്യങ്ങളില്ല. ജാതിഭേദമില്ല. കാട്ടിലും നാട്ടിലും വീട്ടിലും കടലോരത്തും നഗരത്തിലും മുത്തപ്പൻ തെയ്യം കെട്ടിയാടാം. അത് സാധാരണക്കാരന്റെ തെയ്യമാണ്.

ബഷീർ മലയാളത്തിലെ സാധാരണക്കാരുടെ ദൈവമാണെങ്കിൽ മുത്തപ്പൻ തെയ്യപ്രപഞ്ചത്തിലെ ദുർബലരുടെയും പാവപ്പെട്ടവരുടെയും ദൈവമാണ്. രണ്ടാൾക്കും മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള കഴിവുണ്ട്. മനസ്സ് വായിക്കുകയെന്നാൽ മനുഷ്യരെ അറിയുകയെന്നാണർത്ഥം. മനുഷ്യരെ അറിയുകയാണ് ദൈവത്തിന്റെയും എഴുത്തുകാരുടെയും ജോലി. അല്ലെങ്കിൽ അവർ ദൈവവും എഴുത്തുകാരമല്ലാതാകുന്നു. കുന്നത്തൂർ പാടിയിലെ മലയിൽ വസിച്ച് ലോകത്തിന്റെ ദുഃഖമറിയുന്നയാളാണ് മുത്തപ്പൻ. ലോക സഞ്ചാരം നടത്തിയിട്ടുള്ള ഏക തെയ്യമാണ് മുത്തപ്പൻ. അതിന് പ്രത്യേക ഇടമില്ല. എവിടെയും തെയ്യം അവതരിക്കും. ബഷീറാണെങ്കിൽ വീട്ടുവളപ്പിലെ മരത്തണലിലിരുന്ന് മനുഷ്യരുടെ സങ്കടങ്ങളെ അറിഞ്ഞു. എഴുത്തായി അതിനെ പകർന്നാടിച്ചു. പ്രത്യക്ഷത്തിൽ ഒരു സമാനതകളും തോന്നാത്ത രണ്ട് സാമൂഹിക യാഥാർത്ഥ്യങ്ങളെ താരതമ്യം ചെയ്യുകയാണ് ഈ പുസ്തകത്തിൽ.

എഴുത്തിൽ ബഷീർ ചെയ്തതെല്ലാം തെയ്യത്തിൽ മുത്തപ്പൻ ചെയ്തിരിക്കുന്നു. ലളിതമായ ഭാഷയിൽ നർമ്മത്തിൽ ചാലിച്ച് വലിയ ജീവിതസത്യങ്ങൾ സാധാരണക്കാരുടെ ഭാഷയിൽ സംസാരിക്കുന്ന ദൈവമാണ് മുത്തപ്പൻ. ഈ സവിശേഷത ബഷീറിന്റെ എഴുത്തിലും കാണാം. മുത്തപ്പന്റെ ഉരിയാടൽ ജീവിതം തുടിക്കുന്ന ഭാഷയിലാണ്. താണോര് ഒടയില്ല. എകർന്നോര് മുടിയില്ല. കാട്ടിലും തടങ്ങളിലും ഗുഹയിലും കരിയിലും വെടിയിലും പരവതാനിയിലും എവിടെയും കയ്യെടുക്കുന്ന ദൈവം. കാട്ടിൽ കണ്ടാൽ കാട്ടാളനും വീട്ടിൽ കണ്ടാൽ വീട്ടുകാരനും വഴിയിൽ കണ്ടാൽ ഉറ്റചങ്ങാതിയുമാകുന്ന ദൈവം മുത്തപ്പൻ മാത്രമാണ്. ഏറ്റവും താഴെക്കിടയിലുള്ള ദുർബലരായ മനുഷ്യരുടെ ഭാഷയിലും ഈണത്തിലും മുത്തപ്പൻ മനുഷ്യരോട് സംവദിക്കുന്നു.

മുത്തപ്പന്റെയും ബഷീറിന്റെയും ചില വാചകങ്ങൾ നോക്കൂ. അത് മുത്തപ്പനെയും ബഷീറിനെയും ഒന്നിപ്പിക്കുന്നുണ്ട്.

വറുത്ത് കരിഞ്ഞ പഞ്ച.
തലയിൽ പൂത്ത കോൽപ്പാട്.
പുളിച്ച തട്ടിൽ കാഞ്ഞ റാക്ക്.
മാല കെട്ടിയ അരി.
മിണ്ടൻ പാഞ്ഞ കള്ള്.
കയറണക്കാത്ത കാട്ടുനായ്ക്കൾ.

പച്ച മലയാളത്തിൽ വേഷപ്പകർച്ചയാണ് മുത്തപ്പനും ബഷീറും.

പാത്തുമ്മായുടെ ആട്.
ജമീലയുടെ കയ്പേറിയ പൂവമ്പഴം.
ഉപ്പൂപ്പാന്റെ ആന.
നാരായണിയുടെ ശബ്ദം.
പ്രേമത്തിന്റെ അടുപ്പിൽ ചുട്ട മജീദിന്റെ അകത്തിറച്ചി.
ആകാശമിട്ടായി.
നീലവെളിച്ചം.
പാവപ്പെട്ടവരുടെ വേശ്യ.
പ്രണയത്തിന്റെ കണക്കുകൾ തെറ്റിക്കുന്ന മുച്ചീട്ട്.
ശിങ്കിടിമുങ്കൻ.

ആർഭാടമില്ലാത്ത, സംസ്കൃതവൽക്കരിക്കാത്ത മലയാളത്തിന്റെ അകമാണ് ബഷീർ വെളിവാക്കുന്നതെങ്കിൽ സാധാരണക്കാരുടെ വെളിപ്പെടലാണ് മുത്തപ്പൻ. മുത്തപ്പന്റെ ഇഷ്ടവിഭവങ്ങൾ ആളടിയാത്തി വിതച്ചു കൊയ്ത പഞ്ചയാണ്. ചെറുപയർ, കടല, മുതിര, വൻപയർ, തോര എന്നീ പൊനവിഭവങ്ങളെയാണ് പഞ്ചയെന്ന് വിളിക്കുന്നത്. ആളടിയാർ കരിമ്പനയേറി മുളങ്കുറ്റിയിൽ ഒഴിച്ച മധുവാണ് പൈങ്കുറ്റി. മുത്തപ്പൻ പ്രകൃതിയുടെ തുറസ്സിനെയും അതിന്റെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യത്തെയുമാണ് അടിവരയിടുന്നത്.

വിശാലമായ തൊടിയിലെ ജീവൽ സമൃദ്ധിയിൽ നിന്നാണ് ബഷീറും ഭൂമിയുടെ അവകാശികളെ പറ്റി പറയുന്നത്. തേളും എലിയും ഉറുമ്പും മരപ്പട്ടിയും കടവാതിലും സകല ജീവജാലങ്ങളും മനുഷ്യന്റെ ശത്രുവല്ല, മറിച്ച് മനുഷ്യനോടൊപ്പം അതേ അളവിൽ ഭൂമിയുടെ അവകാശികളാണെന്ന് തർക്കിക്കുന്ന ബഷീർ തെയ്യത്തിലെ മുത്തപ്പന്റെ ദർശനമാണ് വിനിമയം ചെയ്യുന്നത്.

ആർഭാടമില്ലാത്ത, സംസ്കൃതവൽക്കരിക്കാത്ത മലയാളത്തിന്റെ അകമാണ് ബഷീർ വെളിവാക്കുന്നതെങ്കിൽ സാധാരണക്കാരുടെ വെളിപ്പെടലാണ് മുത്തപ്പൻ. മുത്തപ്പന്റെ ഇഷ്ടവിഭവങ്ങൾ ആളടിയാത്തി വിതച്ചു കൊയ്ത പഞ്ചയാണ്.
ആർഭാടമില്ലാത്ത, സംസ്കൃതവൽക്കരിക്കാത്ത മലയാളത്തിന്റെ അകമാണ് ബഷീർ വെളിവാക്കുന്നതെങ്കിൽ സാധാരണക്കാരുടെ വെളിപ്പെടലാണ് മുത്തപ്പൻ. മുത്തപ്പന്റെ ഇഷ്ടവിഭവങ്ങൾ ആളടിയാത്തി വിതച്ചു കൊയ്ത പഞ്ചയാണ്.

മുത്തപ്പന് ദത്തതൊന്ന് പെറ്റതൊന്ന് എന്നില്ല. വേർതിരിവ് മുത്തപ്പന്റെ സമീപനമല്ല. ബോധത്തിലും അബോധത്തിലും വേർതിരിവില്ല. മഹാപ്രപഞ്ചത്തിലേക്ക് നോക്കി ബഷീർ, ഒന്നും ഒന്നും കൂട്ടിയാൽ രണ്ടല്ല, ഇമ്മിണി ബല്ല്യ ഒന്നാണെന്ന് പറയുന്നതും തരംതിരിവിന്റെ ദ്വന്ദ്വങ്ങളെ തകിടം മറിക്കാനാണ്. രണ്ടൊന്നുകൾ ചേർത്ത് വലിയ ഒന്നുണ്ടാക്കുന്ന ബഷീറാണെങ്കിൽ മുത്തപ്പൻ അഞ്ചൊന്നുകൾ ചേർത്താണ് വലിയ ഒന്നിനെ നിർമ്മിക്കുന്നത്. മുത്തപ്പൻ കിളിയെ ഉപമിച്ച് രസം പറയുന്നത് ഇത്തരത്തിലാണ്. പഞ്ചവർണ്ണക്കിളിയുടെ അനുഭവം പറക്കുമ്പോൾ പഞ്ചവർണ്ണത്തിലും ഇരിക്കുമ്പോൾ ഏകവർണ്ണത്തിലുമാണെന്ന് മുത്തപ്പൻ വിവരിക്കുന്നു. ഒരിടത്ത് ഇരിക്കുകയല്ല പറക്കലാണ് ജീവിതത്തിന്റെ വർണ്ണങ്ങളെ ഉണ്ടാക്കുകയെന്ന് അടിവരയിടുകയാണ് ഇത്തരം വാചാലുകൾ.

മുത്തപ്പന്റെ നായയും
ബഷീറിന്റെ ആടും

ആരാണ് ഭൂമിയുടെ അവകാശികൾ എന്ന് ബഷീർ ചോദിക്കുന്നതു പോലെ മുത്തപ്പനും ചോദിക്കുന്നുണ്ട്. പ്രകൃതിയാണ് മുത്തപ്പന്റെ കളിത്തൊട്ടിൽ. മുത്തപ്പന്റെ മൊഴികളിൽ പ്രകൃതിശാസ്ത്രം നിത്യസാന്നിധ്യമാണ്.

‘നാല് കൊട്ടക്കോല് കൊത്തി കരിച്ച് നനച്ച് അഞ്ഞാഴി വിത്ത് വാരിയെറിഞ്ഞില്ലേ...’ എന്ന് മുത്തപ്പൻ നീട്ടിച്ചോദിക്കുന്നു. നമ്പല മുത്തപ്പന്റെ വേഷം തന്നെ പ്രകൃതിയുടെ രൂപമാണ് അണിയുന്നത്. മുത്തപ്പൻ വസിച്ചിരുന്ന പാടി മലയാണ് തെയ്യത്തിന്റെ മുടിയായി സങ്കൽപ്പിച്ചിരിക്കുന്നത്. ഈ മുടിയെ കൊടുമുടിയാണെന്നാണ് പറയുക. മുത്തപ്പന്റെ വാഹനമായും ഇഷ്ടതോഴനായും നായ അവതരിക്കുന്നു. മനുഷ്യനോട് അടുപ്പമുള്ള ജീവിയാണ് നായ. ബഷീറിന്റെ ആടിനെപ്പോലെ പ്രിയപ്പെട്ടതാണ് തെയ്യത്തിലെ നായ. മറ്റൊരു തെയ്യത്തിലും കാണാത്ത നായ മുത്തപ്പന്റെ ഇ‌ഷ്ട മൃഗമായി മാറുന്നു. മനുഷ്യനെ സേവിക്കുന്ന നാട്ടു മൃഗമായി തന്നെയാണ് മുത്തപ്പന്റെ നായ നിലനിൽക്കുന്നത്. പാത്തുമ്മയുടെ ആടിനെപ്പോലെ സർവ സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്ന നായകളെ മുത്തപ്പന്റെ മഠപ്പുരകളിൽ കാണാം. ചുട്ടമീൻ തിന്നും മൂത്ത കള്ളു കുടിച്ചും പച്ചമലയാളത്തിൽ ഓതിയും സംസ്കൃതമെന്ന പുറഭാഷയെ തൊടാതെയും മുത്തപ്പൻ വരേണ്യ ദൈവശാസ്ത്രത്തെ അട്ടിമറിക്കുന്നു. അയ്യങ്കര ഇല്ലത്ത് മീൻചുട്ട് താൻ ആരോടൊപ്പമാണെന്ന് മുത്തപ്പൻ ഐതിഹ്യത്തിലും തെളിയിക്കുന്നു. ആളടിയാത്തിയ നേരവകാശിയായി മുത്തപ്പൻ വാഴ്ത്തുന്നുണ്ട്. നായ വിലസുന്ന മടയിൽ എന്നെ ആദ്യം കണ്ട ചന്തൻ മുത്തപ്പന്റെ മടയനായും മാറുന്നു.

മുത്തപ്പനും ബഷീറും അരർത്ഥത്തിൽ താരതമ്യം ചെയ്യാവുന്ന രണ്ട് കഥാപാത്രങ്ങളായി മലയാളിക്ക് തോന്നുന്നതിലെ പ്രധാന വസ്തുത, അവർ രണ്ടു പേരും ഭൂമിയുടെ അവകാശികളെ തേടിയാണ് യാത്ര തുടരുന്നത്.

പലതരം നായകളെ മുത്തപ്പൻ വെളിപ്പെടുത്തുന്നു. കറുത്ത നായ കാട്ടാളൻ. വെളുത്ത നായ ബ്രാഹ്മണൻ. ചുകന്ന നായ ശൂദ്രൻ. ചേരട്ട വാലൻ ചുരുട്ട വാലൻ, ചെങ്കുന്നിക്കണ്ണൻ, ചകിരിവാലൻ, മുയലിനെ പിടിക്കുന്നവൻ മുയൽ കൊടിച്ചി, പന്നീനെ പിടിക്കുന്നവൻ പാണ്ടി നായി. തെയ്യത്തിന്റെ സ്വന്തം നായ അനുഷ്ഠാനവും ഐതിഹ്യവും യഥാർത്ഥവുമായി ജീവിക്കുന്നു. മുത്തപ്പന്റെ പ്രകൃതിപാഠത്തിലെ പ്രധാന അദ്ധ്യായമാണ് നായയുടെ ജീവിതം.

മുത്തപ്പനും ബഷീറും അരർത്ഥത്തിൽ താരതമ്യം ചെയ്യാവുന്ന രണ്ട് കഥാപാത്രങ്ങളായി മലയാളിക്ക് തോന്നുന്നതിലെ പ്രധാന വസ്തുത, അവർ രണ്ടു പേരും ഭൂമിയുടെ അവകാശികളെ തേടിയാണ് യാത്ര തുടരുന്നത്. കാവിന്റെ അവകാശികൾ പാമ്പും പുഴുവും പുൽച്ചാടിയും പക്ഷിമൃഗസസ്യജാലങ്ങളാണെന്ന് കാവിന്റെ ജൈവഭൂമി നമ്മെ പഠിപ്പിക്കും. കാവെന്ന പ്രകൃതി ദർശനത്തിൽ തെയ്യത്തിനും എഴുത്തുകാരനും ഒരേ ഭാഷ കൈവരുന്നു.

വി.കെ അനിൽകുമാർ എഴുത്തിലെ ബഷീറിനെയും തെയ്യത്തിലെ മുത്തപ്പനെയും അവരുടെ ഭാഷയുടെയും ദർശനത്തിന്റെയും സാമ്യതകൾ തേടി സമീകരിക്കുന്നു. ബഷീറിനെയും മുത്തപ്പനെയും നേരിൽ അറിയാവുന്നവർക്ക് ഈ താരതമ്യങ്ങൾ എളുപ്പം മനസ്സിലാവുമെങ്കിലും ഇതിൽ ഏതെങ്കിലും ഒന്നറിഞ്ഞാൽ മറ്റേതിനെ മനസ്സിലാക്കാൻ കഴിയുന്നത് തെയ്യത്തിന്റെയും ബഷീറിന്റെയും പ്രകൃതിശാസ്ത്രത്തിന്റെ ഭാഷ കൊണ്ടാണ്. അസാധ്യമെന്ന് തോന്നുന്ന സാദൃശ്യങ്ങളെ എഴുത്തിന്റെയും താരതമ്യത്തിന്റെയും രീതിശാസ്ത്രമുപയോഗിച്ച് വി.കെ അനിൽകുമാറിന് വിശദീകരിക്കാൻ കഴിഞ്ഞിരിക്കുന്നു ഈ അദ്ധ്യായത്തിൽ. ഈ പുസ്തകത്തിന്റെ തലവാചകമായി ഈ അദ്ധ്യായം മാറുന്നതും എഴുത്തുകാരന്റെ ഈ വശീകരണയുക്തി കൊണ്ടാണ്.

വി.കെ അനിൽകുമാർ എഴുത്തിലെ ബഷീറിനെയും തെയ്യത്തിലെ മുത്തപ്പനെയും അവരുടെ ഭാഷയുടെയും ദർശനത്തിന്റെയും സാമ്യതകൾ തേടി സമീകരിക്കുന്നു.
വി.കെ അനിൽകുമാർ എഴുത്തിലെ ബഷീറിനെയും തെയ്യത്തിലെ മുത്തപ്പനെയും അവരുടെ ഭാഷയുടെയും ദർശനത്തിന്റെയും സാമ്യതകൾ തേടി സമീകരിക്കുന്നു.

അലല്ലാഹലന്റെ ഉടവാൾ എന്ന അദ്ധ്യായം ജീവിച്ചിരിക്കുന്ന തെയ്യങ്ങൾ ചരിത്രത്തിൽ കഴുത്തറുത്ത് കൊന്നുകളഞ്ഞവരുടെ ബാക്കി ജീവിതമാണെന്ന് സമർത്ഥിക്കുന്നു. ചരിത്രമെഴുത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ അനുഭവങ്ങളെ എഴുതിയിടാനും ഓർമ്മിപ്പിക്കാനും വി.കെ അനിൽകുമാറിന് കഴിയുന്നു. അതുകൊണ്ട് അലല്ലാഹലൻ ഉത്തര കേരളത്തിന്റെ ചരിത്രവും ശേഷിപ്പും അതേസമയം പുരാവൃത്തമായി മാറുന്നു. പുരാവൃത്തങ്ങൾ ഘടനാപരമായ സവിശേഷതകളിൽ എങ്ങനെയാണ് ഒരു ദേശത്തിന്റെ ചരിത്രശകലങ്ങളായി മാറുന്നതെന്ന ചോദ്യത്തിന് ഉത്തരം നൽകുവാനുള്ള ശ്രമം ഈ അദ്ധ്യായത്തിലുണ്ട്. മിത്തിന്റെ അർത്ഥവും സാമൂഹികസന്ദർഭവും ചരിത്രഘട്ടവും ചേർത്തുവച്ച് ചരിത്രത്തിന്റെ സാദ്ധ്യതകളെ തേടണമെന്ന വാദം ഇവിടെ ഊന്നിപ്പറയുന്നു.

കോലത്തിരിയുടെ അള്ളട സ്വരൂപം സ്ഥാപിക്കുന്നതിന് മുന്നേ കാഞ്ഞങ്ങാട്ട് മടിയൻ കൂലോം കേന്ദ്രീകരിച്ച് ഭരണം നടത്തിയിരുന്ന ദേശമൂപ്പനായിരുന്നു അല്ലാഹലൻ. അദ്ദേഹത്തിന്റെ സഹോദരൻ മന്നോഹൻ തൃക്കരിപ്പൂര് ദേശം ഭരിച്ചിരുന്ന ദേശ മുഖ്യസ്ഥനായിരുന്നു. ഏത് തരത്തിലുള്ള ഭരണകൂടമാണ് അന്ന് ഈ ദേശങ്ങളിൽ നിലനിന്നതെന്ന വസ്തുത ലഭ്യമല്ലെങ്കിലും തെയ്യത്തിന്റെ മിത്തിലും തോറ്റത്തിലും ഓർമ്മകളിലും ചില ശകലങ്ങൾ കാണാം. കാഞ്ഞങ്ങാട്ട് മടിയൻ കോവിലകത്തേയും നീലേശ്വരം മന്ന‍ൻപുറത്ത് കാവിലെയും തെയ്യാനുഷ്ഠാനങ്ങൾ തുളുനാട്ടിലെ ഈ രണ്ട് സഹോദരന്മാരെ പറ്റി വിവക്ഷിക്കുന്നുണ്ട്. ചരിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ ചിലപ്പോൾ അനുഷ്ഠാനപ്രക്രിയയിലും പാട്ടിലും നൃത്തത്തിലുമൊക്കെ ചില എത്തിനോട്ടങ്ങൾ നടത്താം.

കോതോർമ്മനെന്ന സ്ഥാനപ്പേരുള്ള മലയന്റെ ശരീരത്തിലും ഈ ഓർമ്മകൾ നൃത്തം ചവിട്ടാം. കച്ച കെട്ടി, ചുരിക അരയിൽ തിരുകി, ചാരക്കുറിയണിഞ്ഞ് കോതോർമ്മൻ അനുഷ്ഠാന ഇടത്തിലേക്ക് വരുമ്പോൾ അത് അല്ലോഹലനായി രൂപാന്തരപ്പെടുന്നു. അന്തിയിൽ മടിയൻ കൂലോത്തെ കുളക്കടവിൽ കുത്തിവീഴ്ത്തി കൊലപ്പെടുത്തിയ അല്ലോഹനെയും ഉദിനൂരിലെ മന്നോനെയും കുറിച്ചുള്ള ഓർമ്മകൾ തെയ്യരൂപത്തിൽ ആവിഷ്കരിക്കുന്നു. എന്നാൽ തെയ്യത്തിന്റെ വാചാലിൽ തന്നെ ചരിത്രത്തെ വികലമാക്കുന്നുണ്ടെന്ന് വി.കെ അനിൽകുമാർ ചൂണ്ടിക്കാണിക്കുന്നു. അള്ളോനും മന്നോനും അസുരന്മാരായിട്ടാണ് തെയ്യം വാചാലിലൂടെ സൂചിപ്പിക്കുന്നത്. ക്ഷേത്രപാലകന്റെ അവതാര ഉദ്ദേശ്യം ന്യായീകരിക്കാനായിരിക്കണം ഇത്തരത്തിലുള്ള പാഠങ്ങൾ മുന്നോട്ടുവെക്കുന്നത്.

1980- കളിൽ തെയ്യം പാരീസിലും ജപ്പാനിലും ജർമ്മനിയിലും ആഫ്രിക്കയിലും പലായനം ചെയ്തപ്പോൾ വലിയ എതിർപ്പുകളുണ്ടായിരുന്നില്ല. അതിനെ സാംസ്കാരികതയുടെ വ്യാപനമായിട്ടാണ് അന്നത്തെ ജനത വ്യാഖ്യാനിച്ചത്. എന്നാൽ ഇന്ന് കാവ് വിട്ടിറങ്ങുന്ന തെയ്യക്കാരെ ഊരുവിലക്ക് കൽപ്പിക്കുകയും സൈബർ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.

തെയ്യമില്ലാത്തിടത്തു നിന്ന് വന്ന ക്ഷേത്രപാലകൻ പടനായരായി വെളിവാക്കപ്പെട്ടു. ക്ഷേത്രപാലകന്റെ വരവ് കാവധികാരത്തിൻ മേൽ സവർണാധികാരം കൈയ്യാളുന്ന മുഹൂർത്തമാണെന്ന് വിശദീകരിക്കുകയും വാദിക്കുകയും ചെയ്യാൻ തെയ്യത്തിന്റെ അനുഷ്ഠാനപാഠം ഒരു ഉറവിടമായി മാറുന്നു. ക്ഷേത്രപാലകന്റെ കൂടെ വന്ന വൈരജാതൻ ഊർപ്പഴശ്ശി, വേട്ടയ്ക്കൊരു മകൻ എന്നീ തെയ്യങ്ങൾ നായർപ്രഭുത്വത്തിന് വിധേയപ്പെടുന്ന പ്രാദേശിക ദേവതകളായി മാറി. ആര്യാധിനിവേശത്തിന്റെ നീതീകരണയുക്തി കൊണ്ട് മലയനും പുലയനും മാവിലനും കെട്ടുന്ന തെയ്യത്തെ സവർണാധികാരം മെരുക്കിയെടുത്തു എന്നു വേണം കരുതാൻ.

ജാഥയിൽ നിന്നും വിഗ്രഹത്തിൽ നിന്നും മോചിപ്പിക്കേണ്ട തെയ്യങ്ങൾ എന്ന അദ്ധ്യായം പുതിയ കാലത്ത് തെയ്യത്തിൻമേൽ പതിക്കുന്ന പുതിയ അധികാരരൂപങ്ങളെയും സാമൂഹിക വ്യവഹാരങ്ങളെയും ചിത്രീകരിക്കുന്നു. തെയ്യത്തിന്റെ കാവുഘടനയെ ഇല്ലാതാക്കി പുറത്തിറങ്ങുന്ന സ്റ്റേജ് തെയ്യങ്ങളുടെ സവിശേഷത കാവിന്റെ നീലിമയിൽ തെളിയുന്നതല്ല. ഓരോ തെയ്യാട്ടവും ഓരോ നാട്യദേശ ശാസ്ത്രങ്ങളാണ്. കാവിന്റെ ഭൂമികയിൽ നിന്നും തെന്നിമാറുന്ന തെയ്യങ്ങൾ ആത്മാവ് കെട്ട ശരീരം പോലെയാണെന്നാണ് ഇവിടെ വിവരിക്കുന്നത്. 1980- കളിൽ തെയ്യം പാരീസിലും ജപ്പാനിലും ജർമ്മനിയിലും ആഫ്രിക്കയിലും പലായനം ചെയ്തപ്പോൾ വലിയ എതിർപ്പുകളുണ്ടായിരുന്നില്ല. അതിനെ സാംസ്കാരികതയുടെ വ്യാപനമായിട്ടാണ് അന്നത്തെ ജനത വ്യാഖ്യാനിച്ചത്. എന്നാൽ ഇന്ന് കാവ് വിട്ടിറങ്ങുന്ന തെയ്യക്കാരെ ഊരുവിലക്ക് കൽപ്പിക്കുകയും സൈബർ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്യുന്ന കാലത്തിന്റെയും ആത്മനിഷ്ഠതയുടെയും സമൂഹത്തിന്റെയും മാറ്റം വിവരിക്കുന്നുണ്ട്, ഈ അദ്ധ്യായത്തിൽ.

കാവിനെ ക്ഷേത്രമായി മാറ്റുന്ന നവ ബ്രാഹ്മണ്യത്തിന്റെ പ്രയോഗമായും തെയ്യക്കാവുകൾ മാറുന്നു. പുനഃപ്രതിഷ്ഠ ബ്രഹ്മകലശം നടത്തി കാവിനെ ഭൗതികമായി മാറ്റിയാണ് ഈ പ്രക്രിയ മുന്നോട്ട് പോകുന്നത്. ചെമ്പടിച്ചതോ സ്വർണ്ണം പൂശിയതോ ആയ പള്ളിയറകൾ പണിയുന്നതിന്റെ തിരക്കിലാണ് പുതിയ സമൂഹം. ചാണകമെഴുതിയ കാവ് മുറ്റം ടൈൽ വിരിച്ച് ആധുനികമാക്കുന്നു. തെയ്യത്തിനും കാണുന്നവർക്കും ഫാൻ, ദേവസ്വത്തിന്റെ ഓഫീസ് കെട്ടിടങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കടകൾ, ക്ഷേത്രത്തിൽ കാണുന്നതുപോലുള്ള ചുറ്റുവിളക്ക്, നിറമാല, വിഷ്ണുസഹസ്രനാമങ്ങൾ, പൊങ്കാല, പുനഃപ്രതിഷ്ഠ, സ്വർണ്ണ താംബൂല പ്രശ്നങ്ങൾ എന്നിവയിൽ തന്ത്രിമാരെ കാവിലേക്ക് ആനയിക്കുന്ന പ്രക്രിയകളെ വിവരിക്കുകയാണിവിടെ.

കാവിനെ ക്ഷേത്രമായി മാറ്റുന്ന നവ ബ്രാഹ്മണ്യത്തിന്റെ പ്രയോഗമായും തെയ്യക്കാവുകൾ മാറുന്നു. പുനഃപ്രതിഷ്ഠ ബ്രഹ്മകലശം നടത്തി കാവിനെ ഭൗതികമായി മാറ്റിയാണ് ഈ പ്രക്രിയ മുന്നോട്ട് പോകുന്നത്.
കാവിനെ ക്ഷേത്രമായി മാറ്റുന്ന നവ ബ്രാഹ്മണ്യത്തിന്റെ പ്രയോഗമായും തെയ്യക്കാവുകൾ മാറുന്നു. പുനഃപ്രതിഷ്ഠ ബ്രഹ്മകലശം നടത്തി കാവിനെ ഭൗതികമായി മാറ്റിയാണ് ഈ പ്രക്രിയ മുന്നോട്ട് പോകുന്നത്.

പ്രകൃതിയുടെ തണലിൽ നിന്നു മാറുന്ന തെയ്യക്കാവുകൾ ക്ഷേത്രങ്ങളായി പുനരവതരിക്കുമ്പോൾ തെയ്യത്തിന്റെ പ്രകൃതിശാസ്ത്രമാണ് നമുക്ക് നഷ്ടപ്പെടുന്നത്. കാവുകൾക്ക് വലിയ മതിലുകൾ പണിയുന്ന തിരക്കിലാണ് പല കാവധികാരികളും. തെയ്യത്തിന്റെ തുറന്ന അവതരണത്തെ ഇത് ചുരുക്കുന്നു. ആൾക്കൂട്ടത്തിനുള്ളിലെ തെയ്യാവതരണങ്ങളെ അകറ്റുന്ന ഇടങ്ങൾ തെയ്യവും ജനങ്ങളും തമ്മിലുള്ള അടുപ്പത്തെയും ജൈവബന്ധങ്ങളെയും ഇല്ലാതാക്കുന്നു. തെയ്യ സംസ്കൃതിയിൽ വിഗ്രഹമില്ല. തെയ്യത്തിന്റെ മണം ചന്ദനത്തിന്റേതുമല്ല. അത് കല്ലിന്റെയും വാളിന്റെയും മരത്തിന്റെയും രൂപത്തിൽ വെളിവാകുന്ന ആരാധനാ രൂപമാണ്. മഞ്ഞളാണ് അതിന്റെ മണം. സംസ്കൃതവൽക്കരിക്കുകയും ഹിന്ദുവൽക്കരിക്കുകയും ചെയ്യുന്ന നാടോടി സംസ്കാരത്തിന്റെ ഉദാഹരണമായി തെയ്യത്തെ വിശദീകരിക്കുകയാണ് ഈ ലേഖനം.

കുറിഞ്ചി പെറ്റ കുഞ്ഞുങ്ങൾ എന്ന അദ്ധ്യായം തെയ്യത്തിന്റെ പ്രകൃതിപരിസരത്തെ അടിവരയിടുന്നു. മരങ്ങൾ മുദ്ര കുത്തിയ മണ്ണിന്റെ അഞ്ച് നിറങ്ങളിൽ- അതായത് നെയ്തൽ, മുല്ലൈ, മരുതം, പൊലൈ, കുറിഞ്ചി എന്നീ സംഘംകൃതികളിലെ ഭൂമിസങ്കൽപ്പങ്ങളിൽ തെയ്യങ്ങൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. കടപ്പുറത്തും മലയോരത്തും പാലപ്പൂങ്കുലകളിലും മുല്ലക്കൊടികളിലും തെയ്യത്തിന്റെ രൂപങ്ങൾ കാണാം. അതോടൊപ്പം തെയ്യം ഒരു പ്രകൃതിയിൽ നിന്നും മറ്റൊന്നിലേക്ക് സംക്രമണവും നടത്തുന്നുണ്ട്. നൂറ്റെട്ട് കടൽവഴികൾ താണ്ടി ഏഴിമലയുടെ തീരത്ത് മരക്കലമിറങ്ങിയ തെയ്യങ്ങൾ കടൽ ജീവിതത്തിന്റെയും പ്രതിനിധാനങ്ങളാണ്. തെയ്യത്തിന്റെ നിറക്കൂട്ടിലും ഓരോ മണ്ണിന്റെയും ചൂടും ചൂരും കാണാം. ചായില്യം, മനേല, മഷി, അരിച്ചാന്ത്, മഞ്ഞൾപ്പൊടി എന്നിവ ഓരോ മണ്ണടരിന്റെയും സംഭാവനകളാണ്. കാവുകളുടെ പെറ്റമ്മ കുറുഞ്ചി ദേശവും പോറ്റമ്മ തെയ്യവുമാണെന്നാണ് ഇവിടെ സമർത്ഥിക്കുന്നത്. തെയ്യത്തിന്റെ പരിസ്ഥിതി സഞ്ചാരങ്ങളെ ഈ അദ്ധ്യായം വിശദീകരിക്കുന്നു.

തെയ്യ സംസ്കൃതിയിൽ വിഗ്രഹമില്ല. തെയ്യത്തിന്റെ മണം ചന്ദനത്തിന്റേതുമല്ല. അത് കല്ലിന്റെയും വാളിന്റെയും മരത്തിന്റെയും രൂപത്തിൽ വെളിവാകുന്ന ആരാധനാ രൂപമാണ്. മഞ്ഞളാണ് അതിന്റെ മണം.

അകമനസ്സിൽ തറച്ച പൊൻശരം എന്ന അദ്ധ്യായം കതിവന്നൂർ വീരൻ തെയ്യത്തിന്റെ കെട്ടുശാസ്ത്രത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നു. വിനു പെരുവണ്ണാന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചാണ് ഈ അദ്ധ്യായം മുന്നോട്ട് പോകുന്നത്. ശരീരം വെന്തുപോകുന്ന മീനച്ചൂടിൽ തുടർച്ചയായ ഒമ്പത് ദിവസവും വിശ്രമമില്ലാതെ തെയ്യമായി ആടുന്ന കനലാടിമാരുടെ ജീവിതം വേദനാജനകമാണെന്ന് തെയ്യത്തിന്റെ മനുഷ്യ ജീവിതം പറയുന്ന ഈ അദ്ധ്യായത്തിൽ വാദിക്കുന്നു. തെയ്യക്കാരൻ തെയ്യത്തിന്റെ ശരീരമാണ് അണിയുന്നത്. തെയ്യക്കാർ ശരീരത്തെ സഹനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. വിനു പെരുവണ്ണാൻ പറയുന്നത് നോക്കൂ, ശരീരത്തിലെ ഓരോ കെട്ടും എത്രത്തോളം മുറുക്കാൻ കഴിയുമോ അത്രത്തോളം കെട്ടിമുറുക്കും. പുലർച്ചെ നാല് മണിക്ക് തെയ്യം ഇറങ്ങിയാൽ സന്ധ്യാസമയത്ത് തെയ്യം അണിയിൽ നിന്ന് പിരിയുന്നതുവരെ തെയ്യത്തിന്റെ ശോഭ കെട്ടുപോകാതിരിക്കാൻ തെയ്യക്കാരൻ സ്വന്തം ശരീരത്തിൽ ആടയാഭരണങ്ങൾ കെട്ടിമുറുക്കുകയാണ്. തലയിൽ കേറ്റിവെക്കുന്ന മുടികൾക്ക് നല്ല കനമുണ്ട്. തലച്ചമയം, അരച്ചമയം, കാൽച്ചമയം, കൈച്ചമയം- അങ്ങനെ ശരീരത്തിൽ ഭാരം നിറക്കുന്നതു കുൂടിയാണ് തെയ്യം കെട്ടെന്ന് തുറന്നുപറയുന്ന തെയ്യക്കാരനെ ഇവിടെ കാണാം.

പ്രകൃതിയുടെ തണലിൽ ആശ്വസിച്ചിരുന്ന തെയ്യങ്ങൾക്ക് കോൺക്രീറ്റ് പള്ളിയറയിലും ടൈൽ തിരുമുറ്റവും ദുസ്സഹമായ ചൂടിനെയാണ് ശരീരത്തിൽ വഹിക്കേണ്ടിവരുന്നത്. തെയ്യങ്ങൾ ഉറഞ്ഞുപോയ ശരീരത്തിന്റെ ഒറ്റപ്പെടലുകളെയും ശുൂന്യതയെയും വായനക്കാർക്ക് ഈ അദ്ധ്യായത്തിൽ അറിയാം.

വള്ളിപുള്ളി വിസർഗം തെറ്റാതെ എന്ന അദ്ധ്യായം തെയ്യത്തിന്റെ മുഖത്തെഴുത്തുകളെയും മെയ്യെഴുത്തുകളെയുമാണ് വിശദീകരിക്കുന്നത്. ആ വരകളെ എഴുത്തായിട്ടാണ് തെയ്യഭാഷയിൽ മനസ്സിലാക്കുന്നത്. വരയുടെ ലിപികളെ കുറിച്ചും അതുണ്ടാക്കിയ സംസ്കാരത്തിന്റെ ഉറവിടങ്ങളെ കുറിച്ചും ഇവിടെ വിവരിക്കുന്നു.

അകമനസ്സിൽ തറച്ച പൊൻശരം എന്ന അദ്ധ്യായം കതിവന്നൂർ വീരൻ തെയ്യത്തിന്റെ കെട്ടുശാസ്ത്രത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നു. വിനു പെരുവണ്ണാന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചാണ് ഈ അദ്ധ്യായം മുന്നോട്ട് പോകുന്നത്.
അകമനസ്സിൽ തറച്ച പൊൻശരം എന്ന അദ്ധ്യായം കതിവന്നൂർ വീരൻ തെയ്യത്തിന്റെ കെട്ടുശാസ്ത്രത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നു. വിനു പെരുവണ്ണാന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചാണ് ഈ അദ്ധ്യായം മുന്നോട്ട് പോകുന്നത്.

മുഖത്തെഴുത്തിന്റെ വരകളിൽ നിറച്ചാർത്തുകളിൽ തെയ്യങ്ങളുടെ ചരിത്രത്തിന്റെ അടയാളങ്ങൾ ദർശിക്കാം. മുഖത്തെഴുത്ത് തെയ്യങ്ങളുടെ കേന്ദ്രബിന്ദുവാണ്. ആ രൂപത്തിന്റെ ഐതിഹ്യത്തിന്റെയും അനുഭവങ്ങളുടെയും ചരിത്രമാണിവിടെ എഴുതുന്നത്. തെയ്യത്തിന്റെ ആടയാഭരണങ്ങൾ അഴിച്ചുകളഞ്ഞ് ഏറ്റവും അവസാനമാണ് മുഖത്തെഴുത്ത് മായ്ച്ചുകളയുക. അവിടെ മാത്രം മുഖത്തെഴുതിയ കനലാടിയെ വിളിച്ച് അനുവാദം വാങ്ങിച്ചതിനു ശേഷമേ ആ എഴുത്ത് മായ്ക്കുകയുള്ളൂ. ദൈവത്തിലേക്ക് പരിവർത്തനം ചെയ്യുന്ന തെയ്യക്കാരന്റെ മൂലകേന്ദ്രമാണ് മുഖത്തെഴുത്ത്. പലതരത്തിലുള്ള തട്ടും ദളങ്ങളും വരക്കേണ്ടതായിട്ടുണ്ട്.

മുഖം മടിയിൽ നേർവിപരീതമായി കിടത്തിയാണ് മുഖത്തെഴുതുന്നത്. ഏകദേശ രൂപം മാത്രമേ എഴുത്തുകാരന് ഭാവനയിൽ വരക്കാൻ കഴിയൂ. എന്നാലും മുഖമൊളിപ്പിക്കുകയെന്നാൽ തെയ്യത്തെ നിർമ്മിക്കുകയെന്നു കൂടിയാണ് തെയ്യപ്രപഞ്ചത്തിൽ അർത്ഥമാക്കുന്നത്. ദേശത്തിന്റെ അതിർത്തികളിലെ സമ്പ്രദായങ്ങളനുസരിച്ച് തെയ്യത്തിന്റെ മുഖത്തെഴുത്തിലും ചില രൂപമാറ്റങ്ങൾ വരാം. പുഴയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള ഓരോ തെയ്യങ്ങളിൽ തട്ടും തളത്തിലും മാറ്റങ്ങൾ കാണാം. മുഖത്തെഴുത്ത്, തേപ്പുംകുറിയും, വെള്ളാട്ടക്കുറി, എളവർണ്ണമിടുക, മെയ്ക്കഴുത്ത്, പാളയെഴുത്ത് അങ്ങനെ അനേകം എഴുത്തുകൾ തെയ്യത്തിലുണ്ട്. കണ്ണിനെ കേന്ദ്രീകരിച്ചാണ് മുഖത്തെഴുത്ത് പ്രധാനമായും തുടങ്ങുന്നത്. മാൻ കണ്ണ്, വലിയ ശംഖ്, കുറ്റി ശംഖ്, കൂട്ടുപുരികം, കൊടുംപുരികം, ഞണ്ട് കണ്ണ് എന്നിങ്ങനെ പ്രകൃതിയിൽ നിന്നും നിരീക്ഷിച്ച രൂപങ്ങളിലൂടെയാണ് തെയ്യം അണിയുന്നത്.

അണിയറകൾ താണ്ടിയുള്ള ഉറക്കൊഴിച്ചിലിലാണ് ഓരോ മുഖത്തെഴുത്തുകാരനും ദേശവഴികളിലും പാരമ്പര്യത്തിലും വരുന്ന മാറ്റങ്ങളെ ഒപ്പിയെടുക്കുന്നത്. മുഴുവനായും മനസ്സിൽ സൂക്ഷിക്കുന്ന വരകളാണ് കൊല്ലാ കൊല്ലം തെയ്യത്തിന്റെ മുഖമായി വിരിയുന്നത്. നിറങ്ങൾ നിറച്ചുള്ള വർണവിസ്മയം തീർക്കുന്ന തെയ്യക്കാരുടെ ജീവിതത്തിലെ ഒട്ടും നിറമില്ലാതെ പോകുന്ന ജീവിതാവസ്ഥയും ഈ അദ്ധ്യായത്തിലെ പാഠമാണ്. പുള്ള്, പുലി, പൂക്കൾ, പാമ്പ് എന്നിങ്ങനെയുള്ള ദേശവർണങ്ങളെയും വരകളെയും തെയ്യക്കാരൻ ഓർത്തുവെക്കുന്നു. വൃക്ഷങ്ങളുടെ ഇലയുടെ രൂപങ്ങളും തളങ്ങളായി തെയ്യത്തിൽ വിരിയുന്നു. വിവിധ തെയ്യങ്ങളുടെ മുഖത്തെഴുത്തുകളുടെ പ്രകൃതിശാസ്ത്രവും നിറശാസ്ത്രവും വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ലാത്ത മേഖലയാണ്. അതിലേക്കുള്ള എത്തിനോട്ടവും അതിന്റെ ചരിത്രാന്വേഷണവും നടത്തേണ്ടിയിരിക്കുന്നു. ഈ എഴുത്തുകൾ തെയ്യങ്ങൾ നിലനിൽക്കുന്നിടത്തോളം നിലനിൽക്കും. തെയ്യക്കാരന്റെ ജീവിതം പോലെ അത് അവതരണയിടങ്ങളിൽ ജ്വലിക്കും, അല്ലാത്തപ്പോൾ ദുർബലതയുടെ ആഴക്കടലിൽ ഒലിച്ചുപോകുകയും ചെയ്യുന്നു. തെയ്യത്തിന്റെ മുഖമൊപ്പിക്കുന്ന തെയ്യക്കാരൻ പക്ഷെ ജീവിതത്തിൽ വള്ളിപുള്ളി വിസർഗം തെറ്റാതെ ജീവിച്ചുതീർക്കാൻ കഴിയാത്ത ജീവിതസന്ദർഭത്തിൽ തോറ്റുപോകുന്നു.

താരതമ്യം ചെയ്യാൻ നേരിട്ട് വസ്തുതകൾ ലഭ്യമാകാത്ത രണ്ട് കഥാപാത്രങ്ങളെ സമന്വയിപ്പിക്കുന്നതുവഴി ദൈവത്തിന്റെയും മനുഷ്യന്റെയും ജീവിതഎഴുത്തുകളെയാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്. വർണാഭമായ ശോഭയിൽ തെയ്യങ്ങൾ ഉറഞ്ഞുതുള്ളുമ്പോഴും തെയ്യം പ്രകൃതിയോടും മനുഷ്യനോടും ചേർന്നു നിൽക്കുന്നു. സാധാരണക്കാരുടെ ഭാഷയിൽ അത് ദർശനങ്ങൾ പഠിപ്പിക്കുന്നു. ബഷീറിന്റെ ഭാഷയും ദർശനവും മുത്തപ്പന്റേതുപോലെയെന്ന് വി.കെ അനിൽ കുമാർ ചില സന്ദർഭങ്ങളെയും വാചാലുകളെയും പാഠങ്ങളെയും വെച്ച് വിശദീകരിക്കുന്നു.

ചരിത്രകാരർക്കും സാമൂഹ്യശാസ്ത്രജ്ഞർക്കുമില്ലാത്ത എഴുത്തിലെ സ്വാതന്ത്ര്യം സാഹിത്യകാരർക്കുള്ളതുകൊണ്ട് എഴുത്തിന് ചരിത്രത്തെയും വർത്തമാനത്തെയും ഭാവിഭാവനകളെയും കുറിച്ചിടാനാവും. സന്ദർഭങ്ങൾ പുതിയ രൂപകങ്ങളെ നിർമ്മിക്കുകയും രൂപകങ്ങളിലൂടെ പുതിയ ഭാഷയും എഴുത്തും ഉണ്ടായിവരുമെന്നുമുള്ള എഴുത്തിന്റെ ബോധ്യങ്ങൾ ഈ പുസ്തകത്തിൽ അനാവരണം ചെയ്യുന്നു.

Comments