എല്ലാവരെയും സ്വീകരിക്കാനും അംഗീകരിക്കാനും സ്വന്തമായി കരുതാനും ലോകത്തെ ഉദ്ബോധിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ മനുഷ്യസ്നേഹം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ട്രൂകോപ്പി പ്രസാധന സംരംഭമായ റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച് ഡോ. ജേക്കബ് നാലുപറയിൽ എഡിറ്റ് ചെയ്ത 'പാപ്പാ, പോപ്പ് ഫ്രാൻസിസിനെ വായിക്കാം' പുസ്തകം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിക്ക് കൈമാറി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീനിലെ കുഞ്ഞുങ്ങൾ മനുഷ്യക്കുഞ്ഞുങ്ങളാണെന്ന് പാപ്പ ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പയുടെ ജീവിതസന്ദേശം വേണ്ടപോലെ ലോകം ഉൾക്കൊണ്ടിട്ടില്ലെന്ന സന്ദേഹമുണ്ടെന്ന് അബ്ദുസ്സമദ് സമദാനി പറഞ്ഞു. ആഗോളഘടനയിൽ നീതിയുടെ ഭാഗത്ത് നിൽക്കണമെന്ന് പറഞ്ഞ പാപ്പ മതങ്ങൾ വേദനിക്കുന്നവരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന സന്ദേശമാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ജെസ്യൂട്ട്‌സ് മുൻ പ്രൊവിൻഷ്യൽ ഫാ. ജോസഫ് പുളിക്കൽ അധ്യക്ഷനായി. എഴുത്തുകാരൻ ലാസർ ഷൈൻ പുസ്തകം പരിചയപ്പെടുത്തി. മതപണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. ഹുസൈൻ മടവൂർ (പാപ്പയുടെ മതാന്തര സംവാദങ്ങൾ), മമ്പാട് എം.ഇ.എസ് കോളേജ് മലയാളവിഭാഗം മേധാവി മൈന ഉമൈബാൻ (സ്ത്രീകളും ജൈവപ്രപഞ്ചവും പാപ്പയും), കേളു ഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ (ദൈവശാസ്ത്രത്തിൻെറ കലഹസാധ്യതകൾ), പുസ്തകത്തിൻെറ എഡിറ്റർ ഫാ. ജേക്കബ് നാലുപറയിൽ (ജീവിതം, സാക്ഷ്യം, അഭിമുഖങ്ങൾ, ദർശനം) എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ട്രൂ കോപ്പി എഡിറ്റർ ഇൻ ചീഫ് മനില സി. മോഹൻ സ്വാഗതവും എക്സിക്യൂട്ടീവ് എഡിറ്റർ കെ. കണ്ണൻ നന്ദിയും പറഞ്ഞു.

കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ റീഡേഴ്സ് ഫോറത്തിൻെറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് മാനേജർ എ.ജെ. പോൾ ആശംസാപ്രഭാഷണം നടത്തി. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് പ്രൊഫസർ ഹരീഷ് തങ്കം പ്രോഗ്രാം പ്രസൻറ് ചെയ്തു.
