ഇത്തിരി പച്ചപ്പും ഇത്തിരി വെള്ളവുമായി അവശനിലയിലായ ഒരു വയൽക്കരയിലാണ് എന്റെ വീട്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു ദിവസം ഒരുകൂട്ടം ആളുകൾ വന്ന് അവിടെ വയൽ മുഴുവൻ അളന്ന് നിറയെ കുറ്റിനാട്ടി. ഭരണകൂടവും, ചില സ്വകാര്യ കുത്തക കമ്പനികളും ചേർന്ന്, കേരളത്തിൽ 914 കി.മി. നീളത്തിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടിയായിരുന്നു അന്ന് ആ ഭൂമി കൈയടക്കൽ നടന്നത്. കൃത്യമായി കരമടച്ചിട്ടും ആധാരം പെട്ടിയിൽ ഭദ്രമായിവെച്ച് പൂട്ടിയിട്ടും സ്വന്തം പേരിലും ശ്രീമതിയുടെ പേരിലുമായി കൈവശം വെച്ചുപോന്ന ഭൂമിയൊക്കെ പലർക്കും അന്യം വന്നു! നമ്മുടെ റവന്യൂ വകുപ്പിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ആ ചടങ്ങ് കണ്ട് ഭൂവുടമകൾ പരിഭ്രാന്തരായി നാടുമുഴുവൻ ഓടി. ‘ഒന്നും ചെയ്യാനാവില്ല, സർക്കാരിന്റെ അക്വിസിഷൻ നടപടിയല്ലേ...' വിവരമുള്ളവർ ഉപദേശിച്ചു.!
സർഗാത്മകതയുടെ നിരന്തരസമ്മർദമുള്ള ഒരു ആക്ടിവിസ്റ്റ് എഴുത്തുകാരിയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രതിരോധശ്രമത്തിന്റെ ഫലമാണ് ‘ആതി’ എന്ന നോവൽ.
കേരളത്തിലെ വയലുകളെ നശിപ്പിച്ച്, കൃഷിയിടങ്ങളെ നശിപ്പിച്ച്, ഇത്തിരിപ്പോന്ന പുരയിടങ്ങളില്ലാതാക്കി, കൊച്ചിയിലെ പുതുവൈപ്പിനിൽ നിന്നാരംഭിച്ച് തൃശൂർ ജില്ലയിലൂടെ, പാലക്കാട് ജില്ലയിലെ കൂറ്റനാട്, വാളയാർ, കോയമ്പത്തൂർ വഴി, ബാംഗ്ലൂരിലേയ്ക്കും കൂറ്റനാടുനിന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലയിലൂടെ മംഗലാപുരം വരെയും ഗ്യാസ് കൊണ്ടുപോകാനായിരുന്നു അത്. അതുകൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് എന്ത് നേട്ടമാണാവോ ഉണ്ടായത്? ഏതാണ്ട് 4562 ഏക്കർ ഭൂമി അക്വയർ ചെയ്ത് നടപ്പിലാക്കിയ ആ പദ്ധതിയെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞ് കൂടുതലറിഞ്ഞപ്പോൾ അന്ന് വല്ലാത്ത ആധി തോന്നി. രണ്ടായിരത്തിനുശേഷം നടന്നിട്ടിള്ള നാച്വറൽ ഗ്യാസ് എക്സ്പ്ലോഷനുകളുടെ നേർചിത്രങ്ങൾ കാണുക കൂടി ചെയ്തപ്പോൾ കുറേദിവസം ഉറങ്ങാനേ കഴിഞ്ഞില്ല.
ജനൽ തുറന്നാൽ നിലാവിന്റെ നെഞ്ചിൽ തലതല്ലിക്കരയുന്ന വയൽ!
വയലിലും വരമ്പിലും മലക്കംമറഞ്ഞ് തവളകൾ കരയുന്നു. ചെവിതുളയ്ക്കുന്ന ചീവീടുകളുടെ കരച്ചിൽ. ഇതൊന്നും ഇനി അധികകാലം കേട്ടെന്നുവരില്ല. ഗ്യാസ് പൈപ്പ്‌ലൈൻ കടന്നുപോകുന്നിടത്തെ പേടിപ്പിക്കുന്ന മുരൾച്ച കേട്ട് കുഞ്ഞുങ്ങൾ പേടിച്ചോടുന്നതും അവരുടെ കുഞ്ഞിക്കാൽപ്പാദങ്ങൾക്കടിയിൽ തീ പിടിക്കുന്നതും... ചിന്തകൾ കാടുകയറാൻ തുടങ്ങിയ ആ സമയത്തുണ്ടായ പറഞ്ഞറിയിയ്ക്കാനാവാത്ത വേദനയിൽ എനിയ്ക്ക് തുണയായത് വളരെ അപൂർവമായ ശക്തിസൗന്ദര്യമുള്ള, കാലം ആവശ്യപ്പെടുന്ന ഒരു സർഗസൃഷ്ടിയാണ്.
പ്രകൃതിയെ അസന്തുലിതമാക്കി, പരിസ്ഥിതിവിഭവങ്ങൾ കൊള്ളയടിച്ച്, എല്ലാ പച്ചപ്പും വേരോടെ ഉണക്കി, കാപട്യങ്ങളും സ്വാർഥതയും അധികാരവൈകൃതങ്ങളും അരങ്ങ് തകർക്കുമ്പോൾ ഓരോ മനുഷ്യരും (സഹൃദയരും) അസ്വസ്ഥരാകുന്നുണ്ട്. കെ റെയിലിനെതിരെ ഇത്രയേറെ മനുഷ്യർ അണിനിരക്കുന്നതും ഇതേ മാനസികാവസ്ഥയിലാണ്. മനസ്സിനെ ഭ്രമാത്മകത കീഴടക്കുമ്പോൾ നമ്മുടെയുള്ളിൽ അശാന്തിയുടെ അനേകം ആഴച്ചുഴികൾ ഉണ്ടാകുന്നുണ്ട്. വീടിന്റെ അകത്തളങ്ങളിൽ മോടികൾ വന്നുനിറയുമ്പോൾ ആരുമറിയാതെ അവിടെനിന്നിറങ്ങിപ്പോകുന്നത് നമ്മുടെ സ്വസ്ഥതയാണ്. കൂടുമ്പോൾ ഒട്ടും ഇമ്പമില്ലാതെ, പലതരം പകിട്ടിന്റെ ധാരാളിമയിൽ ഉറങ്ങുമ്പോഴും സ്വപ്നത്തിൽ നാം അഭയം തേടുന്നത് അകലെയെവിടെയോ ബാക്കിയുള്ള ഇത്തിരി പച്ചപ്പിലാണ്. തെളിഞ്ഞ ആകാശത്തിനുകീഴെ, തെളിമയുള്ള ജലാശയങ്ങളുടെ നിറവിൽ, വന്യമായ പച്ചപ്പിന്റെ ഉർവരതയിൽ സ്നേഹസൗരഭ്യം പരക്കുന്ന, ഒരല്ലലുമില്ലാത്ത ഒരു സ്വപ്നഭൂമി. വരൂ; അതിവിടെയുണ്ടെന്നുപറഞ്ഞ് സ്നേഹത്തോടെ, വികാരപാരവശ്യത്തോടെ മലയാളത്തിലെ ഏറ്റവും സ്നേഹനിർഭരയായ എഴുത്തുകാരി സാറ ജോസഫ് നമ്മെ വിളിക്കുകയാണ്... ‘ആതി’യിലേക്ക്.‘എത്ര കലങ്ങിയാലും ഈ വെള്ളം തെളിയും, അതിന് തെളിയാതിരിയ്ക്കാനാവില്ല' എന്നുപറഞ്ഞ് കലങ്ങിമറിഞ്ഞ വെള്ളത്തിലേയ്ക്ക് കണ്ണുംനട്ട് സാറ ടീച്ചർ വെള്ളത്തിന് കാവലിരിയ്ക്കുകയാണ്.
നമ്മുടെ ജീവിതപരിസരം നമുക്ക് ഒരിയ്ക്കലും വിഭാവനംചെയ്യാൻ കഴിയാത്ത വിധം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ജൈവപരമായ ആകുലതകളും വ്യഥകളും ഒരു സ്ത്രീമനസ്സിലുണ്ടാക്കുന്ന പ്രക്ഷുബ്ധതകളിലേയ്ക്ക് ഊളിയിട്ടിറങ്ങാൻ സാധ്യതയൊരുക്കുന്നു എന്നതാണ് ഒരു ഫെമിനിസ്റ്റ് എഴുത്തിന്റെ സത്യസന്ധത. ഈ അർത്ഥത്തിൽ സാറ ജോസഫ് എന്ന എഴുത്തുകാരി മലയാളത്തിലെ ഫിക്ഷൻ/നോവൽ എഴുത്തിലെ ഒരു മഹാത്ഭുദമാണ്. മനുഷ്യജീവിതത്തിന്റെ നിഗൂഢതകളും അത്ഭുതാവഹമായ അവളുടെ / അവന്റെ സ്നേഹവായ്പും പ്രതികാരവും സന്തോഷവും സന്താപവുമെല്ലാം എത്രമാത്രം അതിനെ സമ്പന്നമാക്കുന്നുവെന്ന തിരിച്ചറിവിനോടൊപ്പം, സത്യസന്ധമായ ഈ നീരൊഴുക്കെല്ലാം നിലച്ചുപോവുമ്പോൾ നമ്മുടെ മനസ്സും ജീവിതവും ഏറെ അസന്തുലിതമാകുന്നു എന്നും അത്രതന്നെ തീവ്രമായി സാറ ടീച്ചർ നമ്മെ അനുഭവിപ്പിക്കുന്നു.
പാരമ്പര്യത്തിന്റെ കുരുക്കുകളെയെല്ലാം പൊട്ടിച്ച്, പ്രാമാണികവും സുസ്ഥാപിതവുമായ സമ്പ്രദായങ്ങളെയെല്ലാം അഴിച്ചുപണിത്, നിലവിലുള്ള അധീശത്വ- മൂല്യവ്യവസ്ഥകളെയെല്ലാം വെല്ലുവിളിച്ച്, ടീച്ചർ കാലത്തോട് കലഹിക്കുകയാണ്. എന്നാൽ, ‘ആതി' യിൽ ഈ കലഹം മാത്രമല്ല, അവിടെ നെഞ്ചുപിളർക്കുന്ന ഒരു കരച്ചിൽ കൂടി നമുക്ക് കേൾക്കാം. സിമന്റും മണലും ചേർത്തടച്ച്, മണ്ണിട്ട് നികത്തി, ഉറവയിൽത്തന്നെ തടുത്തുനിർത്തിയ വെള്ളം ഭൂമിയുടെ മടിയിൽ തലതല്ലിക്കരയുന്നതാവാം. പിച്ചിച്ചീന്തപ്പെട്ട ഭൂമി ആകാശത്തോട് പരിതപിച്ച് കരയുന്നതാവാം. വിഷവായു ശ്വസിച്ച് ആകാശം സ്വയം ശ്വാസംമുട്ടി കരയുന്നതുമാവാം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പിറവികൊള്ളുകയും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തോടെ മുമ്പോട്ടുകുതിക്കുകയും ചെയ്യുന്ന മലയാള നോവൽ സാഹിത്യചരിത്രം സ്ത്രീജന്മത്തിന്റെ അതിജീവനത്തിനായുള്ള പൊരുതലുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പൊരുതലുകൾ ചന്തുമേനോനിലൂടെ, സി.വി.യിലൂടെ, ഇങ്ങ് സാറ ടീച്ചറിലെത്തുമ്പോൾ അത് പ്രാണന്റെ പിടച്ചിലുകൾ അടയാളപ്പെടുത്തുന്ന വാങ്മയങ്ങളാകുന്നു. സൂക്ഷ്മമായി വായിച്ചാൽ, ഇത് ചരിത്രത്തിന്റെയും മനുഷ്യജീവിതത്തിന്റെയും ഒരു മഹാദുരന്തത്തെ കൂടി സാക്ഷ്യപ്പെടുത്തുന്നതാണെന്നും മനസ്സിലാക്കാം.
ഓരോ എഴുത്തുകാരും ഒരു നവലോകം സ്വപ്നം കാണുകയും തന്റെ സൃഷ്ടിപരതയിലൂടെ ആ സ്വപ്നലോകം പ്രാപിയ്ക്കാനുള്ള വ്യഗ്രതയിൽ അസ്വസ്ഥപ്പെടുകയും ചെയ്യുന്നുണ്ട്. ജൈവ അസന്തുലിതാവസ്ഥയിലുണ്ടാവുന്ന അസ്വസ്ഥതകൾ തളംകെട്ടിക്കിടക്കുന്ന മനസ്സാണ് ‘ആതി’യുടെ ഈറ്റില്ലം. ആതി ഒരു സ്വപ്നഭൂമികയാണ്. വിഷലിപ്തമായ ചാവുനിലത്തിരുന്ന് നാം കാണുന്ന ഒരു മധുരസ്വപ്നം. നമുക്ക് ഔഷധമാവുന്ന ഒരു ഭൂമി ഇനിയും ഇവിടെ സാധ്യമാണെന്ന് കൂടി ഓർമപ്പെടുത്തുന്ന പുസ്തകം.
നോവലിലുടനീളം അനാദിയായ ഇരുട്ട് പരന്നുകിടപ്പുണ്ട്. ആകാശവും ഭൂമിയും കവിഞ്ഞൊഴുകുന്ന, ഭൂമിയിലെ സർവചരാചരങ്ങളിലും ചൈതന്യം നിറയ്ക്കുന്ന, വെളിച്ചത്തെ പ്രസവിക്കുന്ന, സകലപ്രഭാവിയായ ഇരുട്ട്
നൂർ മുഹമ്മദും ചിരിച്ചു... ആതിയിലെത്തിയാൽ കഴിയുന്നത്ര സമയം കാടുകളിൽ ചുറ്റിത്തിരിയാനാണ് അയാൾക്കിഷ്ടം. പ്രത്യേകിച്ചും ആതിയിലുള്ളവർ ‘പച്ചവള' എന്നുവിളിക്കുന്ന കണ്ടൽക്കാട്ടിൽ. അത് ആതിയെ ചുറ്റിവളഞ്ഞ് കിടക്കുന്നു. തണുത്ത വെള്ളവും കുളിരുള്ള അന്തരീക്ഷവും ആഴമേറിയ നിശ്ശബ്ദതയും നിഴലും വെളിച്ചവും ചേർന്ന ഒരു വിചിത്രലോകമാണത്. മനുഷ്യരുടെയോ യന്ത്രങ്ങളുടെയോ വാഹനങ്ങളുടെയോ ഇരമ്പലുകളില്ലാത്ത ആ അപൂർവ്വലോകത്തിരുന്നുകൊണ്ട് പ്രപഞ്ചത്തിന്റെ അതിസൂക്ഷ്മ ശബ്ദങ്ങൾക്കായി നൂർ മുഹമ്മദ് കാതോർക്കും... അത് എത്രമാത്രം വൈവിധ്യപൂർണമാണെന്നും എത്രമാത്രം മധുരമാണെന്നും എത്രമാത്രം ഗഹനമാണെന്നും അയാൾ അനുഭവിച്ചറിയും. ഇലകൾ പൊഴിയുന്നതും അവ നിശബ്ദമായി വെള്ളത്തിൽ വീഴുന്നതും ഓളങ്ങളിൽ ചാഞ്ചാടുന്നതും കരയിലേയ്ക്കടിഞ്ഞുകൂടുന്നതും നോക്കി അയാൾ ജീവിതവ്യാഖ്യാനങ്ങൾ മെനയും. പൂവിരിയുന്ന ഒച്ച അയാൾ കേൾക്കും. മിന്നാമിനുങ്ങിന്റെ വീടുകൾ കാണും. ഒരു കുഞ്ഞുപുഴുവിന്റെ വഴിത്താര മനസ്സിലാക്കും. പായലുകളുടെ നൃത്തം ആസ്വദിക്കും. അയാളുടെ ശ്വാസകോശങ്ങൾ ഉന്മേഷംകൊള്ളും. അയാളുടെ ഉദരം പ്രസന്നമാകും. ഹൃദയമോ ആനന്ദിക്കും.
പുതിയൊരു സംസ്കൃതിയുടെ അടിമകളായിത്തീരുന്ന മനുഷ്യർക്ക് സൂക്ഷ്മമായ ആനന്ദങ്ങളെല്ലാം കൈവിട്ടുപോവുന്ന ഈ മായക്കാഴ്ചയുടെ കാന്തികതയിൽ വിഭ്രമപ്പെട്ട് അന്ധാളിച്ച്, അവരവരെ തന്നെ അന്യമായിപ്പോവുന്ന ഒരു ജീവിതകോമാളിത്തത്തെ തുറന്നുകാണിച്ച് നമ്മെത്തന്നെ ലജ്ജിപ്പിക്കുന്നുണ്ട് കഥാകാരി. പ്രകൃതിയെ കൊലചെയ്ത്, അതിന്റെ കുടലും മാലയും കഴുത്തിലണിഞ്ഞ്, സർവ്വാധിപതിയായി വാഴുന്ന ജീർണിച്ച മനുഷ്യസമൂഹത്തോടുള്ള അമർഷവും കൂടിയാണ് ഈ ആക്ടിവിസ്റ്റിന്റെ സർഗമനസ്സിൽനിന്ന് ഇവിടെ ഇരമ്പിയെത്തുന്നത്.
ഒരു അസാധാരണത്വവുമില്ലാതെ ഓരോ കഥാപാത്രത്തെയും സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽനിന്ന് അടർത്തിയെടുത്ത്, അവരിലേയ്ക്ക് പരകായപ്രവേശം നടത്തി തനിയ്ക്ക് പറയാനുള്ളതൊക്കെ പറയിക്കുന്ന ഒരു രീതി സാറ ജോസഫിന്റെ മിക്ക സൃഷ്ടികളിലുമുണ്ട്. ‘ആതി' യിലും നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയെ തുറന്നുകാട്ടുന്നതിനുതകുന്നതരത്തിലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് നമുക്കു കാണാം. ഇതിലേറ്റവും ശക്തവും ഹൃദ്യവുമായി എനിയ്ക്ക് തോന്നിയ കഥാപാത്രം കുഞ്ഞിമാതു ആണ്. കുഞ്ഞിമാതു ആതിയുടെ പെണ്ണാണ്. അവൾക്ക് ആതിയിലെ ജലത്തിന്റെ പവിത്രതയാണ്. കുമാരനെ ജിവന് തുല്യം സ്നേഹിച്ചിരുന്നെങ്കിലും അവനുപേക്ഷിച്ച് പോയിട്ടും അവൾ തളരാതെ ആതിയിൽത്തന്നെ ജീവിക്കുന്നു.
നവോത്ഥാന- പുരോഗമന പ്രസ്ഥാനങ്ങൾ അവശേഷിപ്പിച്ചുപോയ രാഷ്ട്രീയ നോവലിന്റെ ഒരു അത്യന്താധുനിക വീണ്ടെടുപ്പ് ഈ നോവൽ സാധ്യമാക്കുന്നുണ്ട്.
‘‘കുമാരൻ! മീൻപിടുത്തക്കാരന്റെ മകൻ മീൻപിടുത്തക്കാരൻ തന്നെ ആയിക്കൊള്ളണമെന്നുണ്ടോ? കൃഷിക്കാരന്റ മകൻ കൃഷിക്കാരനും? മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും വെള്ളത്തിൽ മുങ്ങിക്കിടന്നാൽ എന്തുകിട്ടും?കുറേ നെല്ലും മീനും കക്കയും! നല്ലൊരു വീടുണ്ടോ? കിടക്കാൻ കട്ടിലുണ്ടോ? ഇടാമൊരു തുണിയുണ്ടോ? ചൂട്ടുകറ്റയല്ലാതെ ഒരു വഴിവിളക്ക് കൂട്ടിനുണ്ടോ? കുമാരന്റമ്മ തഴപ്പായ നെയ്യുകയാണ്. വീതി കുറഞ്ഞ അളികൊണ്ട് അരികിന് ചോപ്പും പച്ചയും കരവെച്ച് മിനുസമുള്ള മെത്തപ്പായ. കുമാരന്റച്ഛൻ എരുമയെ കുളിപ്പിക്കുകയാണ്. കുളി കഴിഞ്ഞ പയ്യും ക്ടാവും വെയിലുകൊണ്ട് കറുക തിന്നുന്നു. എല്ലാ വീടുകളിലുമെന്നപോലെ കുമാരന്റെ മുറ്റത്തുമുണ്ട് ഒരു കൊച്ച് ആമ്പൽക്കുളം. അതിൽ ശുദ്ധജലം. അതിൽ ആമ്പൽപ്പൂക്കൾ... ചെറുമീനുകൾ! കുമാരൻ കെട്ടാൻ പോകുന്ന പെണ്ണ് കുഞ്ഞിമാതു വിറകുപുരയുടെ വാതുക്കലിരുന്ന് മീൻ നന്നാക്കുകയാണ്. വിറകുപുര നിറയെ ഉണങ്ങിയ പട്ട, ചകിരി, ചിരട്ട, കണ്ടലിന്റെ ചുള്ളികൾ, ഓലക്കുടികൾ; വിറകുപുരയുടെ മീതേ കുമ്പളം കായ്ച്ചുകിടക്കുന്നു.'’
ഈ സമൃദ്ധിയുടെ നിറവിൽ നിന്ന് കുമാരൻ ഓടുന്നത് പണത്തിനു പിന്നാലെയാണെന്ന് തിരിച്ചറിഞ്ഞവളാണ് കുഞ്ഞിമാതു. കുമാരൻ ഉപേക്ഷിച്ചുപോയശേഷമാണ് കുഞ്ഞിമാതു കൂടുതൽ കരുത്താർജിക്കുന്നത്. വളരെ ഉദാത്തമായ ഒരു സ്വത്വത്തിന്റെ ഉടമയാണ് കുഞ്ഞിമാതു എന്ന് നാം തിരിച്ചറിയുന്നതും അവൾ തനിച്ചാവുമ്പോഴാണ്. ഒറ്റപ്പെടലിന്റെ തീവ്രാന്ധകാരത്തിൽ തെളിയുന്ന ഇത്തിരി വെളിച്ചം അവൾ തന്റെ വഴിവിളക്കാക്കുന്നു. ആരോടും പകയോ ദേഷ്യമോ ഇല്ലാതെ തന്റെ അച്ഛനുമമ്മയ്ക്കും തുണയായി, കുമാരന്റെ അച്ഛനുമമ്മയ്ക്കും മകളായി ആതിയിലെ മണ്ണിനും ജലത്തിനും കാവലാളായി, വെള്ളത്തോടൊപ്പം കലങ്ങുകയും തെളിയുകയും ചെയ്ത് കുഞ്ഞിമാതു ആതിയിൽ ഒഴുകിപ്പരക്കുന്നുണ്ട്.
‘‘ഇതിനൊന്നും എനിയ്‌ക്കൊരു തൊണ വേണ്ട അച്ഛാ!'' കുഞ്ഞിമാതു ചിരിച്ചു. വേണ്ടെങ്കിൽ വേണ്ട. അവൾ ചിരിച്ചുകണ്ടല്ലോ എന്ന് അച്ഛനുമമ്മയും സമാധാനിച്ചു. കുഞ്ഞിമാതു തെങ്ങിന് തടമെടുത്തു, എരുമകളെ തേച്ചുകുളിപ്പിച്ചു. പയറുവിത്തുകൾ പാകി. വയലിലും ചെമ്മീൻകെട്ടിലും പണിയെടുത്തു. വട്ടവലയുമായി ഏകാന്തതതേടി ദൂരേയ്ക്ക് ദൂരേയ്ക്ക് ജലയാത്രകൾ നടത്തി. ‘അധികം ആഴത്തിലേയ്‌ക്കൊന്നും പോകേണ്ട കുഞ്ഞിമാത്വോ', അച്ഛനും അമ്മയും ഓർമപ്പെടുത്തി. ആഴത്തോട് കുഞ്ഞിമാതു ഹൃദയം തുറന്നു. കുഞ്ഞിമാതുവിന്റെ നെഞ്ചിടിപ്പ് ഉണ്ടാക്കിയ ഓളങ്ങൾ അകലേയ്ക്കകലേയ്ക്ക് പരന്നുനിറഞ്ഞ് കരകളെ തൊട്ടു. പുല്ലിന്റെയും ചെടിയുടെയും മരത്തിന്റെയും വേരുകൾ അതേറ്റെടുത്തു. ഇലകളിൽ അത് രേഖപ്പെടുത്തിവെച്ചു.’’
പ്രകൃതിയുമായി സമരസപ്പെടാൻ കഴിയുന്നതുകൊണ്ട് അവൾ പ്രകൃതിയുടെ വേദന അറിഞ്ഞു. കുമാരൻ ഉപേക്ഷിച്ചുപോയത് കുഞ്ഞിമാതുവിനെ മാത്രമല്ല. അവന്റെ മണ്ണിനെ കൂടിയാണ്. അതുകൊണ്ട് കുമാരൻ വിറ്റ ഭൂമി ബേപ്പൂരുകാരൻ മമ്മൂഞ്ഞിന്റെ കൈയിൽനിന്ന് അച്ഛനമ്മമാർ തന്റെ കല്യാണത്തിന് കരുതിവെച്ച സ്വർണമെല്ലാം വിറ്റ് കുഞ്ഞിമാതു തിരിച്ചുവാങ്ങുകയും അത് കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഒരാളെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കുവാനും മറ്റുള്ളവർക്ക് തണലാവാനും സ്ത്രീയ്ക്ക് കഴിയും എന്നതിന് ദൃഷ്ടാന്തമാവുന്ന കുഞ്ഞിമാതു എന്ന കഥാപാത്രം നമ്മെ ഒരുപാട് മുമ്പോട്ട് നയിക്കുന്നു.
‘ആതി' യിൽ നൂർ മുഹമ്മദ് കഥയും മാർക്കോസ് കവിതയുമാണ്. നന്മകൾ കെട്ടുപോവുന്നിടത്ത് കഥയും കവിതയും ഹൃദയത്തിലെ ചതുപ്പുനിലത്തേയ്ക്ക് ഒലിച്ചിറങ്ങുകയും അവിടെ വസന്തം തീർക്കുകയും ചെയ്യുന്നു. പുലർകാലത്തെ ചന്ദ്രകിരണം പോലെ തോന്നുന്ന വിളറിയ മെലിഞ്ഞ പെൺകുട്ടി ഒരു ഇല്യൂഷൻ പോലെ കഥാകാരി വാക്കുകളാൽ വരച്ചിട്ട ഒരു മനോഹര ചിത്രസാന്നിധ്യമാണ്. ദിനകരൻ തിരിച്ചറിവിന്റെ രകതസാക്ഷിത്വമാണ്. ബുദ്ധിഭ്രമം സംഭവിച്ച മകളെയുംകൊണ്ട് ജലജീവിതത്തിനായി ആതിയിലെത്തുന്ന അമ്മ നാളെ നമ്മളോരോരുത്തരുമായേക്കാം. വരുംതലമുറയ്ക്കായി പൂർവപൂണ്യങ്ങളുടെ ഈ കയം ഇവിടെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും കഥാകാരി നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിതാന്തജാഗ്രതയോടെ കാലം ആവശ്യപ്പെടുന്ന കഥപറയുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള കഥാകാരന്മാരെയും കഥകൾക്കായി കാതുകൂർപ്പിച്ചിരിക്കുന്ന ജനതയെയും നമുക്ക് ആതിയിൽ കാണാം. ഇത് നമ്മുടെ തന്നെ കഴിഞ്ഞകാലമാണ്.
നോവലിൽ പ്രത്യക്ഷപ്പെടുന്ന മാജിക്കുകാരൻ ഒരു പ്രതീകം തന്നെയാണ്. ബുദ്ധിപരമായ സാമർഥ്യത്തിൽ അഹങ്കരിക്കുകയും ബൗദ്ധികമായ ഔന്നത്യത്തിലേയ്ക്ക് വീണ്ടും വീണ്ടും കുതിക്കുകയും ചെയ്യുന്ന മനുഷ്യരെ ഈ മാജിക്കുകാരൻ ഒരു കൗശലക്കാരെന്റ തന്ത്രപരമായ നീക്കങ്ങളിലൂടെ അയാളുടെ ഇച്ഛയ്ക്കനുസരിച്ച് രൂപപ്പെടുത്തുകയാണ്.
‘‘വലതുകൈയിലെ മന്ത്രവടി മൂന്നുവട്ടം ചുഴറ്റിയിട്ട് ഒരു ഹുങ്കാരത്തോടെ അത് ദേശത്തിനുനേരെ ചൂണ്ടി! കുട്ടികളും യുവാക്കളും സ്ത്രീകളും കാരണവന്മാരുമൊക്കെ അദ്ഭുതപരവശരായി! ഒറ്റനിമിഷം കൊണ്ട് കടത്തും വഞ്ചികളും വെള്ളവും വയലും തോടും കുളങ്ങളും കിണറുകളും വീടുകളും തെങ്ങിൻതോപ്പുകളും കണ്ടൽക്കാടുമെല്ലാം അപ്രത്യക്ഷമായി. കൂറ്റൻ കെട്ടിടങ്ങൾ, വിശാലമായ റോഡുകൾ, ഇരമ്പുന്ന വാഹനങ്ങൾ, വെട്ടിത്തിളങ്ങുന്ന ഷോപ്പിങ് സെന്ററുകൾ, ഹോട്ടലുകൾ, സിനിമാശാലകൾ, പാർക്കുകൾ, ഇരമ്പുന്ന തെരുവുകൾ, ചന്തകൾ...വെളിച്ചം, വെളിച്ചം, വെളിച്ചം... ശബ്ദം,ശബ്ദം, ശബ്ദം... തിരക്ക്, തിരക്ക്, തിരക്ക്...
ആളുകൾ അത്ഭുതത്തിൽനിന്ന് രക്ഷപ്പെടും മുമ്പുതന്നെ മജീഷ്യൻ ഒരിയ്ക്കൽകൂടി മന്ത്രവടി ചുഴറ്റി പിൻവാങ്ങി. എല്ലാം പഴയ പടിയായി. തുളുമ്പുന്ന തണുത്ത നിശബ്ദതടാകം, മങ്ങിയ നിഴലുകൾ പോലെ കടത്തുവഞ്ചി, വയൽ, നരച്ച ആകാശം, ചളി നിറഞ്ഞ വഴികൾ, വിരസമായ, വളരെ വിരസമായ ദിനരാത്രങ്ങൾ... ജീവിതത്തിന് എന്തൊരു ഭാരമാണീ നിഴലിൽ... നിങ്ങൾ കണ്ടല്ലോ! മജീഷ്യൻ അത്ഭുതപരതന്ത്രരോട് ചോദിച്ചു. യുവാക്കൾ അയാളോടടുത്ത് നിന്നു.’’
ഇരുട്ടിനെയും വെളിച്ചത്തെയുമെന്നപോലെ എല്ലാ വിപരീതാവസ്ഥകളും സന്തുലിതമായി നിലനിർത്തപ്പെടുന്ന വിധത്തിൽ ഒരു വികസനനയത്തിന് രൂപംകൊടുക്കേണ്ടതുണ്ടെന്ന് വളരെ തീവ്രമായ ഭാഷയിൽ നമ്മെ ഓർമപ്പെടുത്തി സാറ ടീച്ചർ മൗലികമായ കർത്തവ്യം നിർവഹിച്ചുകഴിഞ്ഞു.
കുട്ടികൾ കളിപ്പാട്ടം കണ്ട് മതിമറന്ന് അതിന്റെ പിന്നാലെ ഓടുന്നതുപോലെ ഈ കൗശലക്കാരെന്റ വിരുതിലകപ്പെടുന്ന മനുഷ്യസമൂഹം എത്ര ദയനീയമായ, സഹതാപാർഹമായ ജീവിതപരിസരങ്ങളിലൂടെയാണ് ജീവിക്കുന്നു എന്ന വ്യാജേന മൃതിപ്പെട്ടുകൊണ്ടിരിക്കുന്നത്! ഇത് പുതിയ കാലത്തിന്റെ ദുർഗതിയാണ്. ഇത്തരമൊരു രാഷ്ട്രീയ കാലാവസ്ഥയിൽ സർഗാത്മകതയുടെ നിരന്തരസമ്മർദമുള്ള ഒരു ആക്ടിവിസ്റ്റ് എഴുത്തുകാരിയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രതിരോധശ്രമത്തിന്റെ ഫലമാണ് ‘ആതി’ എന്ന നോവൽ.
മനുഷ്യഭാവി ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള യുദ്ധത്തിന്റേതുമാത്രമാണ്. വളരെ ആശങ്ക ഉണർത്തുന്ന ഇത്തരം ചില യാഥാർഥ്യത്തിന്റെ ഒരു പ്രവചനാത്മകത കൂടി ഈ നോവലിന്റെ അന്തർധാരയായുണ്ട്.
നവോത്ഥാന- പുരോഗമന പ്രസ്ഥാനങ്ങൾ അവശേഷിപ്പിച്ചുപോയ രാഷ്ട്രീയ നോവലിന്റെ ഒരു അത്യന്താധുനിക വീണ്ടെടുപ്പ് ഈ നോവൽ സാധ്യമാക്കുന്നുണ്ട്. അരാഷ്ട്രീയവത്കരണത്തിന്റെ ഈ പുതിയ കാലത്ത് സാറ ജോസഫ് എന്ന എഴുത്തുകാരിയിലൂടെ ഈ നോവൽ എത്തിനിൽക്കുന്നത് ജൈവരാഷ്ട്രീയത്തിന്റെ പുതിയപാഠങ്ങളിലാണ്.
നോവലിലുടനീളം അനാദിയായ ഇരുട്ട് പരന്നുകിടപ്പുണ്ട്. ആകാശവും ഭൂമിയും കവിഞ്ഞൊഴുകുന്ന, ഭൂമിയിലെ സർവചരാചരങ്ങളിലും ചൈതന്യം നിറയ്ക്കുന്ന, വെളിച്ചത്തെ പ്രസവിക്കുന്ന, സകലപ്രഭാവിയായ ഇരുട്ട്. നിർമലമായ ഈ ഇരുട്ടിനെ തകർത്ത് സർവം പ്രകാശപൂരിതമാക്കാനുള്ള ത്വര നമ്മുടെ വിഡ്ഡിത്തമല്ലേ? ഇരുട്ടിനെയും വെളിച്ചത്തെയുമെന്നപോലെ എല്ലാ വിപരീതാവസ്ഥകളും സന്തുലിതമായി നിലനിർത്തപ്പെടുന്ന വിധത്തിൽ ഒരു വികസനനയത്തിന് രൂപംകൊടുക്കേണ്ടതുണ്ടെന്ന് വളരെ തീവ്രമായ ഭാഷയിൽ നമ്മെ ഓർമപ്പെടുത്തി സാറ ടീച്ചർ മൗലികമായ കർത്തവ്യം നിർവഹിച്ചുകഴിഞ്ഞു.
‘‘ആതിയിൽ തിരിച്ചെത്താതെ അവരെവിടെപ്പോകാൻ! സുഖങ്ങളെല്ലാം അനുഭവിച്ചശേഷം; നെഞ്ചിൽ നെരിപ്പോടുമായി തിരിച്ചെത്തി, ആതിയിലെ കിണറുകൾക്കും കുളങ്ങൾക്കും തോടുകൾക്കും ചാലുകൾക്കും അരികിൽ അവർ ചെന്നുനിൽക്കും. ‘ഞാൻ നിങ്ങളെ ഓർക്കുന്നില്ല’, വെള്ളം അവരോട് പറയും. കുട്ടിക്കാലത്തെന്നപോലെ വരിക എന്നവരെ മാടിവിളിയ്ക്കുകയുമില്ല.’’
വെള്ളം പകയുമായി കാത്തിരിക്കുന്ന ഇങ്ങനെയൊരു നാളെ ഒരിയ്ക്കലും നമുക്കുണ്ടാവാതിരിക്കട്ടെ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.