അഖിലിനും നിമ്നക്കും കൈനിറയെ
കാശു കിട്ടുന്നതിൽ സന്തോഷം, പക്ഷേ…

ഞങ്ങൾ അന്ന് പൈങ്കിളിക്ക് പാലും ഗോതമ്പും കൊടുത്തത് മറ്റ് പുസ്തകങ്ങൾ കിട്ടാതിരുന്നതു കൊണ്ടാണ്. പക്ഷേ ഇന്ന് ആമസോണും നൂറു കണക്കിന് പ്രസാധകരും ലൈബ്രറികളും ഒക്കെയുള്ളപ്പോൾ വായനക്കാരെ ഇൻസ്റ്റഗ്രാം എഴുത്തുകാരിലേക്കുമാത്രം തളച്ചിടുന്നത് ശരിയാണോ?- സന്തോഷ് ഏച്ചിക്കാനം എഴുതുന്നു.

നിയതമായ ലിപികളുപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ളതോ അക്കങ്ങളും അടയാളങ്ങളും ഉപയോഗിച്ച് ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ ആശയങ്ങളെ മനസ്സ് കൊണ്ടോ ചുണ്ടുകൊണ്ടോ ഉറക്കെയോ പാരായണം ചെയ്യുന്ന പ്രവൃത്തി' എന്നാണ് ലക്സിക്കൻ ഡിക്ഷണറിയിൽ വായനയുടെ നിർവ്വചനം.

യഥാർത്ഥത്തിൽ ഇതാണോ വായന?

ഒരിക്കലുമല്ല, ശരീരം കൊണ്ട് ഒരാൾ പുസ്തകം വായിക്കാറില്ല. പുതിയ ഒരു പ്രപഞ്ചം രൂപപ്പെടുന്നതിനുമുമ്പ് സംഭവിക്കുന്നതും വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കും അപ്പുറത്തുള്ളതുമായ ബുദ്ധിക വിസ്ഫോടനം ഓരോ പുസ്തകവും വായനക്കാരിലുണ്ടാക്കുന്നുണ്ട്. അത് സംഭവിക്കുമ്പോഴാണ് വായന വായനയാകുന്നത്, പുസ്തകം പുസ്തകമാകുന്നത്. പ്രശസ്ത നിരൂപകനും നാടകകൃത്തുമായ എൻ. ശശിധരൻ ഹങ്കേറിയൻ എഴുത്തുകാരനായ സാന്തർ മറോയിയെ കുറിച്ച് എഴുതിയ ലേഖനത്തിൻ്റെ പേരു തന്നെ, 'പുസ്തകങ്ങളും മനുഷ്യരാണ് ' എന്നാണ്. 'വായന വ്യക്തിപരമോ സ്വകാര്യമോ ആയ ഒരു വ്യവഹാരമല്ലെന്നും വായനയിലൂടെ ആർജ്ജിക്കുന്ന ആശയങ്ങളും അനുഭവങ്ങളും ക്രിയാത്മകമായി പങ്കുവെയ്ക്കാവുന്ന ഒരനുഭവലോകം (പുറംലോകം) ഓരോ വായനക്കാരനും അനുഭവിക്കുന്നുണ്ടെന്നും അതിനായി നടത്തുന്ന സമരവും അതിജീവനവുമാണ് അയാളുടെ അസ്തിത്വത്തെ സാർത്ഥകമാക്കുന്നത്' എന്നും ശശിധരൻ പറയുന്നു.

എഴുത്തുകാർ എഴുതിയുണ്ടാക്കുന്ന ലോകം പോലെ തന്നെ തൻ്റേതായ മറ്റൊരു ലോകം ആ പുസ്തകത്തിൻ്റെ പാരായണത്തിലൂടെ സൃഷ്ടിക്കാൻ വായനക്കാർക്കും സാധിക്കണം. Photo : Biju Ibrahim
എഴുത്തുകാർ എഴുതിയുണ്ടാക്കുന്ന ലോകം പോലെ തന്നെ തൻ്റേതായ മറ്റൊരു ലോകം ആ പുസ്തകത്തിൻ്റെ പാരായണത്തിലൂടെ സൃഷ്ടിക്കാൻ വായനക്കാർക്കും സാധിക്കണം. Photo : Biju Ibrahim

ഇങ്ങനെ എഴുത്തുകാർ എഴുതിയുണ്ടാക്കുന്ന ലോകം പോലെ തന്നെ തൻ്റേതായ മറ്റൊരു ലോകം ആ പുസ്തകത്തിൻ്റെ പാരായണത്തിലൂടെ സൃഷ്ടിക്കാൻ വായനക്കാർക്കും സാധിക്കണം. റീഡറും റൈറ്ററും സംഗമിക്കുന്ന ആ മുനമ്പിനെ മനസ്സിലാക്കുന്നവരാണ് ഏറ്റവും നല്ല പ്രസാധകർ. അറിവും ചിന്തയും ചേർത്തിട്ടാണല്ലോ മനുഷ്യർ അവരെ മൃഗങ്ങളുടെ ലായനിയിൽനിന്ന് വിഘടിപ്പിച്ചെടുക്കുന്നത്.

ഇന്ന് പ്രസാധകരിൽ ഏതാണ്ട് തൊണ്ണൂറ് ശതമാനവും വിപണിയുടെ അടിമകളായി മാറിക്കഴിഞ്ഞു. ചെലവാകുന്ന പുസ്തങ്ങളുടെ എണ്ണം നോക്കി നിലവാരം നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് അവർ അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു.

കേരളത്തിൻ്റെ സാമൂഹിക പരിണാമത്തിൽ വായനക്കുള്ള പ്രാധാന്യം മറ്റൊന്നിനുമില്ല. സാധാരണ അധികാരതലത്തിൽ മാത്രം വികേന്ദ്രീകരിക്കപ്പെട്ടു കിടക്കാറുള്ള അറിവ് ഗ്രന്ഥശാലാപ്രസ്ഥാനം വഴി കേരളത്തിലെ സാധാരണക്കാരിലേക്കെത്തിയതു കൊണ്ടുമാത്രമാണ് കേരളം ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബുദ്ധിക നിലവാരത്തിൽ വേറിട്ടുനിൽക്കുന്നത്. ഗാന്ധിജി രാജ്യത്തിൻ്റെ സ്വാതന്ത്രത്തിനുവേണ്ടി സമരം ചെയ്തപ്പോൾ അതിനു സമാന്തരമായി അറിവിൻ്റെ ജനകീയവൽക്കരണത്തിനുവേണ്ടി പി.എൻ. പണിക്കരെപ്പോലുള്ളവർ രംഗത്തെത്തി. ബംഗാളിൻ്റെ കാര്യമെടുത്താൽ, കേരളത്തിലുണ്ടായതുപോലെ നിരവധി ആത്മീയാചാര്യന്മാരും ചിന്തകരും കവികളും വലിയ എഴുത്തുകാരും ചലച്ചിത്രകാരരും അവിടേയും ഉണ്ടായിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് കൊൽക്കത്തയിൽ നിന്ന് അമ്പത് കിലോമീറ്റർ അപ്പുറത്തുള്ള ചക്ളയോ സഗ്ധയോ പോലുള്ള ഗ്രാമങ്ങളിലേക്ക് നഗരങ്ങളിൽ രൂപം കൊണ്ട ഈ നവോത്ഥാനം വിനിമയം ചെയ്യപ്പെടാതെ പോയി. അതിൻ്റെ ഉത്തരം, 'കേരളത്തിൽ ഉണ്ടായതുപോലെ ഒരു ഗ്രന്ഥശാലാസംസ്കാരം അവിടെ സാക്ഷാത്കരിക്കപ്പെട്ടില്ല' എന്നതാണ്. അറിവിൻ്റെ ജനകീയവൽക്കരണം അവിടെ സംഭവിച്ചിട്ടില്ല.

സാധാരണ അധികാരതലത്തിൽ മാത്രം വികേന്ദ്രീകരിക്കപ്പെട്ടു കിടക്കാറുള്ള അറിവ് ഗ്രന്ഥശാലാപ്രസ്ഥാനം വഴി കേരളത്തിലെ സാധാരണക്കാരിലേക്കെത്തിയതു കൊണ്ടുമാത്രമാണ് കേരളം ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബുദ്ധിക നിലവാരത്തിൽ വേറിട്ടുനിൽക്കുന്നത്.
സാധാരണ അധികാരതലത്തിൽ മാത്രം വികേന്ദ്രീകരിക്കപ്പെട്ടു കിടക്കാറുള്ള അറിവ് ഗ്രന്ഥശാലാപ്രസ്ഥാനം വഴി കേരളത്തിലെ സാധാരണക്കാരിലേക്കെത്തിയതു കൊണ്ടുമാത്രമാണ് കേരളം ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബുദ്ധിക നിലവാരത്തിൽ വേറിട്ടുനിൽക്കുന്നത്.

ഇതിൽ നിന്ന് മനസ്സിലാക്കേണ്ട ഒരു കാര്യം, വായന ഒരു വിനോദോപാധി മാത്രമല്ല, മറിച്ച്, അതിൽനിന്ന് സാമൂഹിക മാറ്റവും സാംസ്കാരിക നിർമ്മാണവും നടക്കുന്നുണ്ട് എന്നതാണ്. വിപണിയോടു ചേർന്നു നിൽക്കുമ്പോൾ തന്നെ ഈയൊരു ഉദ്യമത്തിൽ ഒരു കാലത്ത് എഴുത്തുകാർക്കൊപ്പം പ്രസാധകരും പങ്കു ചേർന്നിരുന്നു. പക്ഷേ ഇന്ന് പ്രസാധകരിൽ ഏതാണ്ട് തൊണ്ണൂറ് ശതമാനവും വിപണിയുടെ അടിമകളായി മാറിക്കഴിഞ്ഞു. ചെലവാകുന്ന പുസ്തങ്ങളുടെ എണ്ണം നോക്കി നിലവാരം നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് അവർ അധഃപതിച്ചു കഴിഞ്ഞിരിക്കുന്നു. ‘​പ്രിന്റ് ഓൺ ഡിമാന്റ്’ എന്നു പറഞ്ഞ് വായനക്കാരുടെ അഭിരുചിക്കുമുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരാണ് ഇന്ന് പ്രസാധകർ.

യഥാർത്ഥത്തിൽ സംഭവിക്കേണ്ടത് തിരിച്ചല്ലേ?
വായനക്കാരിൽ രുചിയുടെ പുതിയ രസമുകുളങ്ങൾ സൃഷ്ടിക്കുന്ന എഴുത്തുകാരെ കണ്ടെത്തി പ്രസാധനകർ അവരുടെ മുന്നിലേക്ക് വായനക്കാരെ എത്തിക്കുകയല്ലേ വേണ്ടത്? ബാല്യകാലസഖിയും, ഖസാക്കും ആൾക്കൂട്ടവും വന്നത് അങ്ങനെയല്ലേ?

ഞാനും എൻ്റെ തലമുറയിൽ പെട്ട പല എഴുത്തുകാരും പൈങ്കിളി സാഹിത്യത്തിൽനിന്ന് പിന്നീട് ഗൗരവമായവായനയിലേക്കും അതുവഴി എഴുത്തിലേക്കും വന്നവരാണ്.
ഞാനും എൻ്റെ തലമുറയിൽ പെട്ട പല എഴുത്തുകാരും പൈങ്കിളി സാഹിത്യത്തിൽനിന്ന് പിന്നീട് ഗൗരവമായവായനയിലേക്കും അതുവഴി എഴുത്തിലേക്കും വന്നവരാണ്.

വിറ്റുപോകുന്നവ മാത്രമല്ല, പെട്ടെന്ന് വായനക്കാർക്കു ദഹിക്കാത്തതും, അതേസമയം അനുഭവത്തിൻ്റെ മെനുവിൽ അതിൻ്റെ രുചി കയ്പാണെങ്കിൽ പോലും അതു കൂടി സമൂഹത്തെ പരിചയപ്പെടുത്തി, പ്രസാധകർ ചില സമയത്തെങ്കിലും ഒരു സാഹസത്തിനോ, പരീക്ഷണത്തിനോ തയ്യാറാകേണ്ടേ? ഒരു കാലത്ത് അങ്ങനെയൊരുത്തരവാദിത്തം പ്രസാധകർ ഉൾക്കൊണ്ടിരുന്നതുകൊണ്ടല്ലേ കോവിലനെപ്പോലെ പേനക്കുപകരം ജീവിതം പാറകൊണ്ടെഴുതിയവരുടെ പുസ്തകങ്ങൾ വായനക്കാരിലെത്തിയത്. ഒറ്റ വായനയിൽ ആർക്കുമുന്നിലാണ് പെഡ്രോ പരാമോയുടെ ഘടനാപരമായ അൽഭുതം വെളിപ്പെട്ടിട്ടുള്ളത്.
വാങ്ങിവെച്ച പുസ്തകങ്ങൾ വായിക്കാതിരിക്കുന്നത് അത് കത്തിക്കുന്നതിനേക്കാൾ അപരാധമാണെന്ന് പറയാറുണ്ട്. അതുപോലെത്തന്നെയാണ് ജനപ്രിയ സാഹിത്യമാണ് യഥാർത്ഥ സാഹിത്യം എന്ന തെറ്റായ ധാരണ പ്രസാധകർ വിൽപനവഴി വായനക്കാരിൽ ഉണ്ടാക്കിയെടുക്കുന്നതും. ഞാനും എൻ്റെ തലമുറയിൽ പെട്ട പല എഴുത്തുകാരും പൈങ്കിളി സാഹിത്യത്തിൽനിന്ന് പിന്നീട് ഗൗരവമായവായനയിലേക്കും അതുവഴി എഴുത്തിലേക്കും വന്നവരാണ്. അങ്ങനെ സംഭവിക്കാനുള്ള പ്രധാന കാരണം, എനിക്കൊക്കെ നാട്ടിലോ വീട്ടിലോ സ്ക്കൂളിലോ വായിക്കാൻ പാഠപുസ്തകത്തിനപ്പുറം മറ്റൊരെണ്ണം ലഭ്യമാകാതിരുന്നതുകൊണ്ടുമാത്രമാണ്. കൈയ്യിൽ കിട്ടിയതെന്തോ അതു വായിച്ചു. ലോകത്തിലെ സാഹിത്യകാരന്മാർ ജോയ്സിയും ജോൺ ആലുങ്കലും ബാറ്റൺ ബോസും കോട്ടയം പുഷ്പ നാഥുമാണെന്ന് ഞങ്ങൾക്ക് വിശ്വസിക്കേണ്ടിവന്നു. അതിനപ്പുറത്ത് മാധവിക്കുട്ടിയും എം.ടിയും പട്ടത്തു വിളയും ദസ്തോവ്സികിയുമൊക്കെ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് കോളേജ്‌ ലൈബ്രറിയിൽ കയറിയതിനുശേഷം മാത്രമാണ്.

വിറ്റുപോകുന്നവ മാത്രമല്ല, പെട്ടെന്ന് വായനക്കാർക്കു ദഹിക്കാത്തതും, അതേസമയം അനുഭവത്തിൻ്റെ മെനുവിൽ അതിൻ്റെ രുചി കയ്പാണെങ്കിൽ പോലും അതു കൂടി സമൂഹത്തെ പരിചയപ്പെടുത്തി, പ്രസാധകർ ചില സമയത്തെങ്കിലും ഒരു സാഹസത്തിനോ, പരീക്ഷണത്തിനോ തയ്യാറാകേണ്ടേ?
വിറ്റുപോകുന്നവ മാത്രമല്ല, പെട്ടെന്ന് വായനക്കാർക്കു ദഹിക്കാത്തതും, അതേസമയം അനുഭവത്തിൻ്റെ മെനുവിൽ അതിൻ്റെ രുചി കയ്പാണെങ്കിൽ പോലും അതു കൂടി സമൂഹത്തെ പരിചയപ്പെടുത്തി, പ്രസാധകർ ചില സമയത്തെങ്കിലും ഒരു സാഹസത്തിനോ, പരീക്ഷണത്തിനോ തയ്യാറാകേണ്ടേ?

അഖിൽ പി. ധർമ്മജനും നിമ്ന വിജയുമൊക്കെ കൈനിറയെ കാശു കിട്ടുന്നതിൽ സന്തോഷമേയുള്ളൂ. അവരെഴുതുന്നതാണ് സാഹിത്യം എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസാധകരുടെ കുബുദ്ധിയെ വിചാരണ ചെയ്യാതെ വയ്യ.
തങ്ങൾ എഴുതുന്നത് യഥാർത്ഥ സാഹിത്യമല്ല എന്നും തങ്ങളുടെ എഴുത്തിൻ്റെ രാഷ്ട്രീയം കേവലമായ ആനന്ദത്തിനപ്പുത്തേക്ക് നീളുന്ന ഒന്നല്ല എന്നും ഒരു മുഖാമുഖത്തിൽ അഖിൽ തന്നെ പറയുന്നുണ്ട്. എഴുത്തുകാരൻ്റെ മേലങ്കിയോ കിരീടമോ അയാൾ ആഗ്രഹിക്കുകയോ അവകാശപ്പെടുകയോ ചെയ്യുന്നില്ല.
ഈ നോവൽ വായിച്ച് പ്രശസ്ത എഴുത്തുകാരിൽ ആരെങ്കിലും വിളിച്ചിരുന്നോ എന്നു ചോദിച്ചപ്പോൾ 'ഇല്ല' എന്ന സത്യസന്ധമായ ഉത്തരമാണയാൾ പറഞ്ഞത്. വായനയിൽനിന്ന് ബഹുദൂരം പിന്നിലേക്ക് പോയ യുവസമൂഹത്തെ ഇത്തരം പുസ്തകങ്ങൾ വഴി യഥാർത്ഥ വായനയിലേക്കെത്തിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് അഖിലും നിമ്‌നയും. ഉദാഹരണത്തിന് ഞങ്ങളെപ്പോലുള്ളവർ ജോയ്സി വഴി ഒ.വി. വിജയനിൽ എത്തിയതുപോലെ. പക്ഷേ ഈ അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ സാധിക്കുന്നില്ല.

ഞങ്ങൾ അന്ന് പൈങ്കിളിക്ക് പാലും ഗോതമ്പും കൊടുത്തത് മറ്റ് പുസ്തകങ്ങൾ കിട്ടാതിരുന്നത് കൊണ്ടാണ്. പക്ഷേ ഇന്ന് ആമസോണും നൂറു കണക്കിന് പ്രസാധകരും ലൈബ്രറികളും ഒക്കെയുള്ളപ്പോൾ വായനക്കാരെ ഇത്തരം ഇൻസ്റ്റാഗ്രാം എഴുത്തുകാരിലേക്ക് മാത്രം തളച്ചിടുന്നത് ശരിയാണോ?

വായനയിൽനിന്ന് ബഹുദൂരം പിന്നിലേക്ക് പോയ യുവസമൂഹത്തെ ഇത്തരം പുസ്തകങ്ങൾ വഴി യഥാർത്ഥ വായനയിലേക്കെത്തിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് അഖിലും നിമ്‌നയും.
വായനയിൽനിന്ന് ബഹുദൂരം പിന്നിലേക്ക് പോയ യുവസമൂഹത്തെ ഇത്തരം പുസ്തകങ്ങൾ വഴി യഥാർത്ഥ വായനയിലേക്കെത്തിക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് അഖിലും നിമ്‌നയും.

പിന്നെയൊന്ന് ക്രൈം സാഹിത്യത്തിൻ്റെ ആധിക്യമാണ്. അതിനെ കൊണ്ടാടുമ്പോൾ ചോരയൊഴുക്കേണ്ടി വരുന്നതും യഥാർത്ഥ സാഹിത്യമാണെന്ന് പ്രസാധകർ ഓർത്താൽ നന്ന്.

ലിറ്ററേച്ചർ ഫെസ്റ്റിവലും സാഹിത്യ ചർച്ചകളും മൊബൈൽ ലൈബ്രറികളും, അങ്ങനെ എഴുത്തിനും വായനയ്ക്കും വേണ്ടി നടത്തുന്ന എല്ലാ പ്രോത്സാഹനങ്ങളും വായനയ്ക്ക് വളമാകുന്നുണ്ടോ എന്ന് പരിശോധിക്കണം. സംഘം തിരിച്ച് വാശിക്ക് വെടിക്കെട്ടു നടത്തുന്നതുപോലെ നാടെങ്ങും ലിറ്ററേച്ചറിൻ്റെ ആയുരാരോഗ്യത്തിനു വേണ്ടിയുള്ള വെടിവഴിപാടിൻ്റെ ഒച്ചയും വെളിച്ചവുമാണ്. പക്ഷേ വായനശാലയിലേക്കും വീടുകളിലേക്കും സ്കൂളുകളിലേക്കും പബ്ലിക് ലൈബ്രറികളിലേക്കും ചെന്നുനോക്കൂ. അവിടെ പുസ്തകങ്ങൾ കെട്ടുപോലും പൊട്ടിക്കാതെ നിതാന്ത നിദ്രയിലാണ്.

Photo : Ranjith Variar
Photo : Ranjith Variar

ഒരളവുവരെ വായന വളർത്തിയെടുക്കേണ്ട ഒരു ശീലമാണ്. കുട്ടിക്കാലത്തേ അതു തുടങ്ങണം. പിരിയഡുകളിൽ ദിവസവും പത്രവായനയും ഉൾപ്പെടുത്തണം. വായനാമൽസരങ്ങൾ നടത്തണം. ഏതു കാര്യത്തിനും പ്രതിഫലം പ്രതീക്ഷിക്കുന്ന ഒരു സമൂഹമാണ് വളർന്നുവരുന്നത് എന്നതുകൊണ്ടു തന്നെ, മേൽപറഞ്ഞ കാര്യങ്ങളിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകണം. അത് കുട്ടികളിൽനിന്ന് കൂടുതൽ പേരെ വായനയിലേക്കെത്തിക്കും. അതിനനുബന്ധമെന്നോണം സിലബസുകൾ പരിഷ്ക്കരിച്ച് കുട്ടികൾക്കും കൂടി ആസ്വദിച്ച് പഠിക്കാൻ പറ്റുന്ന നല്ല പുസ്തകങ്ങൾ കൂടി പാഠ്യവിഷയമാക്കണം.
വായന വേരിൽ നിന്നാണ് തുടങ്ങേണ്ടത് അല്ലാതെ കതിരിൽ നിന്നല്ല. വായന എന്താണെന്നും നല്ല പുസ്തകങ്ങൾ ഏതാണെന്നും തിരിച്ചറിവുള്ള ഒരു സമൂഹത്തെ പ്രസാധകർക്ക് ഇൻസ്റ്റാഗ്രാമിൻ്റെ എല്ലിൻ കഷ്ണം ഇട്ടുകൊടുത്ത് തനിക്കുപിറകേ വാലാട്ടി നടത്തിക്കാൻ പറ്റില്ല.
അപ്പോൾ പുസ്തകങ്ങൾ ഉറക്കത്തിൽ നിന്നുണർന്ന് ഗ്രന്ഥശാലകൾ വിട്ട് പുറത്തേക്കിറങ്ങിവരും.

Comments