എഴുത്തിലേക്കുള്ള ‘സ്പാർക്ക്’ വന്നതിനെക്കുറിച്ച് ആലോചിക്കുന്നത് രസകരമായൊരു സംഗതിയാണ്. ഒരുപക്ഷേ, മറ്റൊരു കഥ / നോവൽ തന്നെ എഴുതാനുള്ളവ അതിലുമുണ്ടാവും. പുതിയ നോവൽ ‘ഗൂഢനദി’യ്ക്കുപിന്നിലും അങ്ങനൊരു പൂർവകഥയുണ്ട്.
2024 ജനുവരിയിൽ ഒരു പ്രോഗ്രാമിനായി പോകുന്ന സമയത്താണ് ഈ നോവലിന്റെ ആശയം ആദ്യം ഉരുത്തിരിയുന്നത്. കുറ്റ്യാടിയിൽനിന്ന് അൽപം ഉള്ളിലുള്ളൊരു സ്ഥലത്തായിരുന്നു ചടങ്ങ്. വഴിയിൽ ഇടുങ്ങിയൊരു പാലത്തിൽ കുറച്ചധികനേരം ബ്ലോക്കിൽപെട്ടു. ആ ഇരുപ്പിൽ മുന്നിൽ കണ്ട പുഴയെക്കുറിച്ച് കൂടെയുള്ള ആളോട് ചുമ്മായൊരു കുശലാന്വേഷണം നടത്തി. അദ്ദേഹമാവട്ടെ സംസാരപ്രിയനായിരുന്നു. വയനാട്ടിൽനിന്ന് നദി ഉത്ഭവിച്ച് അറബിക്കടലിലേക്ക് എത്തുന്നതുവരെയുള്ള കാര്യങ്ങൾ വിശദീകരിച്ചതന്നു.
ഒ.കെ ജോണിയുടെ ‘കാവേരിക്കൊപ്പമുള്ള എന്റെ യാത്രകൾ’ വായിച്ചതു മുതൽ നദികളെക്കുറിച്ചും അതിന്റെ വിശാലമായ ക്യാച്ച്മെന്റ് ഏരിയകളെക്കുറിച്ചും കൗതുകത്തോടും ഗവേഷണബുദ്ധിയോടുമാണ് ആലോചിക്കാറുള്ളത്. അതിനാൽ അദ്ദേഹത്തിന്റെ ആ വിവരണം ഒട്ടും മുഷിപ്പിച്ചില്ല. സംസാരത്തിനിടെ മനസ് മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. നദിയെ മുൻനിർത്തി ഒരു കഥ എഴുതിയാലോ എന്നായിരുന്നു അത്.
ബൊളാനോ ജീവിച്ചിരുന്നിട്ടില്ലാത്ത എഴുത്തകാരരെക്കുറിച്ച് നാസി ലിറ്ററേച്ചർ എഴുതിയതിനെ സംബന്ധിച്ച് വായിച്ചതോടെ എങ്ങനെ ഈ നോവൽ എഴുതാമെന്ന കാര്യത്തിൽ വ്യക്തതയായി. പിന്നെ ഇതിലേക്കുള്ള കഥാപാത്രനിർമിതികൾ എങ്ങനെയാവാണം എന്നായിരുന്നു ആലോചന.
പിന്നീടുള്ള കുറച്ചുനാളുകൾ അതിനെക്കുറിച്ച് പല മട്ടിൽ ആലോചനകൾ നടത്തി. പക്ഷേ, എന്ത്, എവിടെ, എങ്ങനെ എഴുതാമെന്ന സൂചനയൊന്നും ഉടലെടുത്തില്ല. എന്നിരുന്നാലും ആലോചന മുടക്കിയില്ല. പലതരം ഐഡിയകൾ വെച്ച് നോട്ടുണ്ടാക്കി (എന്ത് എഴുതുന്നതിനു മുൻപും വാട്സാപ്പിൽ ഞാൻ മാത്രമുള്ളൊരു ഗ്രൂപ്പുണ്ടാക്കി അതിലാണ് നോട്ട് എഴുതിയിടാറ്).
അങ്ങനെയിരിക്കെ മനസിൽ മറ്റൊരു ചിന്ത ഉടലെടുത്തു. അത് കുറേക്കൂടി പൊളിറ്റിക്കൽ ആലോചനയായിരുന്നു. ഭരണകൂടവും ഫാഷിസ്റ്റ് സംഘവും ഇന്ത്യയിലെ ചരിത്രത്തെ വികലമാക്കുകയും തങ്ങൾക്ക് അനുകൂലമായ വിധത്തിലേക്ക് മാറ്റുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ആ ചിന്ത. നദിയെക്കുറിച്ചുള്ള ഫിക്ഷൻ അതിലേക്ക് ക്ലബ്ബ് ചെയ്യുന്നത് നന്നാവുമെന്ന് താേന്നി. ആയിടെ ‘മെയിൻ കാഫ്’ ആണ് വായിച്ചുകൊണ്ടിരുന്നത്. ഹിറ്റ്ലർ ആരാധകനായ ഒരാൾ എങ്ങനെയാവും ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തെ നോക്കി കാണുകയെന്നായി പിന്നീടുള്ള ആലോചന. അപ്പോഴേക്കും നോവലിനുള്ള ഏതാണ്ടൊരു ചിത്രം തെളിഞ്ഞു; ഒരു സ്കെൽട്ടൺ.

അടുത്തപടി ഇതെല്ലാം എങ്ങനെ ഫിക്ഷനിലേക്ക് ചേർക്കാമെന്ന സ്വയാന്വേഷണമായിരുന്നു. അപ്പോഴാണ് ബൊളാനോ ജീവിച്ചിരുന്നിട്ടില്ലാത്ത എഴുത്തകാരരെക്കുറിച്ച് നാസി ലിറ്ററേച്ചർ എഴുതിയതിനെ സംബന്ധിച്ച് വായിക്കുന്നത്. അതോടെ എങ്ങനെ എഴുതാമെന്ന കാര്യത്തിൽ വ്യക്തതയായി. പിന്നെ ഇതിലേക്കുള്ള കഥാപാത്രനിർമിതികൾ എങ്ങനെയാവാണം എന്നായിരുന്നു ആലോചന. പ്രോട്ടഗോണിസ്റ്റുകളെയും ആന്റഗോണിസ്റ്റുകളെയും തീരുമാനിച്ചു. സ്വാഭാവികമായും നദികളെപ്പറ്റിയും ചരിത്രത്തെക്കുറിച്ചും കൂടതൽ വായിച്ചു. കുറേക്കൂടി മെച്ചമായതെന്നു തോന്നിയ ഒരു ചിത്രം മനസിലുണ്ടാക്കി.
നോവലിനു ‘ഗൂഢനദി’ എന്നു പേരുവെച്ചു. കേരള- തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എഴുന്നൂറിലധികം കിലോമീറ്റർ നീളമുള്ളൊരു നദി. പൂർവകാലത്ത് കൃത്രിമായി സൃഷ്ടിച്ചതാണ് ആ നദിയെന്ന വാദമുഖം മുന്നോട്ടുവെക്കുന്ന ഒരു കൂട്ടർ. അതിനെക്കുറിച്ച് ഗവേഷണം നടത്തി, ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ താത്പര്യാനുസരണം ഒരു ചരിത്രം ഉണ്ടാക്കുന്ന ഇരട്ടകൾ, ഒരാളുടെ പേര് പോൾ ജോസഫ് ഹിറ്റലർ. രണ്ടാമൻ, പോൾ ജോസഫ് ഗിബൽസ്. അവരുടെ അപ്പൻ മഠത്തിൽ ജോസഫ്. പ്രധാന കഥാപാത്രങ്ങൾക്ക് ഇങ്ങനെ പേരുവെച്ചു.
അവരുടെ വ്യാജ ചരിത്രനിർമിതകൾ രാജ്യത്തെ പ്രധാനപ്പെട്ട കോർപ്പറേറ്റ് കമ്പനിയെ എങ്ങനെ സഹായിക്കുന്നു, അവർ തമ്മിലുള്ള സംഭാഷണങ്ങളിലെ ശുദ്ധജാതി- അപരമത വിദ്വേഷങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നെല്ലാം വിവരിക്കുന്ന മട്ടിലാണ് നോവൽ എഴുതിയിരിക്കുന്നത്.
ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ താത്പര്യാനുസരണം ഒരു ചരിത്രം ഉണ്ടാക്കുന്ന ഇരട്ടകൾ, ഒരാളുടെ പേര് പോൾ ജോസഫ് ഹിറ്റലർ. രണ്ടാമൻ, പോൾ ജോസഫ് ഗിബൽസ്. അവരുടെ അപ്പൻ മഠത്തിൽ ജോസഫ്. പ്രധാന കഥാപാത്രങ്ങൾക്ക് ഇങ്ങനെ പേരുവെച്ചു.
▮
‘ഗൂഢനദി’യിലെ
ആദ്യ മൂന്ന് അധ്യായങ്ങൾ:
ഒന്ന്
നദിയുടെ ഒഴുക്കുപോലെ സങ്കീർണമായ മറ്റൊന്നുമീ ലോകത്തില്ലെന്നല്ല. മറിച്ച്, അതിനൊരു അതിനിഗൂഢതയുണ്ട്. ഇവിടെയിപ്പോൾ വീശുന്ന കാറ്റിന്റെ ദിശ ഏതെന്നു തിരിച്ചറിയാനായി, ഒരു വടിയുടെയറ്റത്ത് ചെറിയൊരു തുണിക്കഷ്ണം കെട്ടിയിട്ടാ മാത്രം മതി. എന്നാലൊരു പുഴയുടെയോ നദിയുടെയോ സമുദ്രത്തിന്റെയോ ഒഴുക്കിനെ അത്രയെളുപ്പത്തിൽ തിരിച്ചറിയാൻ സാധ്യമല്ല. ഇനിയതു തിരിച്ചറിഞ്ഞാൽ തന്നെ അടിയൊഴുക്കിനെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കണമെന്നുമില്ല.
ഇരട്ട സഹോദരൻ പോൾ ജോസഫ് ഹിറ്റ്ലർ എന്നോട് ഇങ്ങനെ പറയാനൊരു കാരണമുണ്ട്. അതിനുമുന്നെ അപ്പനെക്കുറിച്ച് പറയാം. ഇന്ത്യൻ ചരിത്രത്തെക്കുറിച്ച് പത്തോളം പുസ്തകങ്ങൾ അപ്പന്റെതായിട്ടുണ്ട്. നാത്സി ജർമനിയുടെ ആരാധകനായിരുന്നു അപ്പൻ. ആരാധകനെന്നു പറഞ്ഞാലതു കുറഞ്ഞു പോവും. നടപ്പിലും എടുപ്പിലും, എന്തിന് ഉറക്കം പോലും മഹാനായ ഹിറ്റ്ലറിന്റെ, മറ്റൊരു രാജ്യത്തെ, ദേശത്തെ ഇരട്ട ശരീരവും മനസുമാണെന്നു വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത മഠത്തിൽ ജോസഫ്. എന്തിനു പറയണം അപ്പൻ്റെ മരണം പോലും തന്റെ ആരാധനാപാത്രമായിരുന്ന അഡോൾഫ് ഹിറ്റ്ലറിന്റെ മരണത്തിന്റെ അതേ ദിവസമായിരുന്നു.
അദ്ദേഹത്തോടുള്ള ആരാധന മൂത്താണ് ഞങ്ങൾ രണ്ടു പേർക്കും പേരുകൾ വെച്ചതും. പോൾ ജോസഫ് ഗീബൽസ് എന്ന പേരിനെക്കുറിച്ച് ആദ്യമൊക്കെ എനിക്കത്ര മമത ഉണ്ടായിരുന്നില്ല. പിന്നെപ്പിന്നെ അതല്ലാതെ മറ്റൊരു പേരുവെച്ചിരുന്നേൽ അതായിരിക്കും എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അവമതിപ്പെന്ന് തിരിച്ചറിഞ്ഞു.

ഇപ്പോൾ, ഈ മുപ്പത്തിയേഴാമത്തെ വയസിൽ ഏറ്റവും പ്രധാനപ്പെട്ടൊരു ചുമതല ഏറ്റെടുത്തിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നദികളിലൊന്നിന്റെ ചരിത്രം കണ്ടെത്തുക എന്നതാണത്. അതിനായി ഞങ്ങളെ തെരഞ്ഞെടുത്തവര് ചില്ലറക്കാരല്ല. ഓർമവെച്ച നാള് മുതൽ അപ്പൻ ചരിത്രം പഠിക്കാൻ പറയുമ്പോഴെല്ലാം ഒഴിഞ്ഞു മാറിയിരുന്നു.
“പിള്ളാരെ, ചരിത്രം പഠിക്കുന്നത് അതിനെക്കുറിച്ച് അറിയാൻ മാത്രമല്ല, അതിൽ അവനവന്റേതായ കണ്ടെത്തലുകൾകൂടെ ചേർത്ത് നവീകരിക്കാനാണ്”- അന്ന് കിട്ടിയ അപ്പന്റെയീ ഉപദേശമാണ് ഈയൊരു ദൗത്യത്തിന് ഞങ്ങളെ തന്നെ തെരഞ്ഞെടുക്കാൻ കാരണമായത്. മൂന്നു സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന, മൂന്നിടങ്ങളിലും പലതരത്തിൽ പ്രധാന്യമുള്ള ഗൂഢനദിയുടെ ഉത്ഭവവും അതിന്റെ ഉടമസ്ഥാവകാശവും കണ്ടെത്തുകയെന്ന ബൃഹത് ദൗത്യമാണ് മുന്നിലുള്ളത്.
സ്വാതന്ത്ര്യാനന്തരം മൂന്നു സംസ്ഥാനങ്ങളും തമ്മിൽ ആരംഭിച്ച തർക്കത്തിന് പരിഹാരം കാണുകയെന്നതാണ് പറയുന്നതെങ്കിലും അതിനു പിന്നിൽ മറ്റൊരു രഹസ്യമുണ്ട്. ആ വലിയ ലക്ഷ്യത്തിലേക്കുള്ള വഴികൾ ഒട്ടും എളുപ്പമല്ല. മറ്റാരെക്കാളും വ്യക്തമായി അത് അറിയാം. എന്നിരുന്നാലും അതു നേടിയെടുക്കാൻ സാധിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എഴുന്നൂറ്റിയെമ്പത്തിയെട്ട് കീലോമീറ്ററുകൾ ഒഴുകി, കർണാടകയിൽവെച്ച് അറബിക്കടലിൽ ചേരുന്ന നദി. അതിനിടയിൽ കടന്നുപോവുന്ന വഴികൾ, നദിയുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ, വനങ്ങൾ, വിവിധയിടങ്ങളിൽവെച്ച് നദിയിലേക്ക് ലയിക്കുന്ന മുപ്പതോളം അരുവികൾ, നൂറ് വർഷം മുതൽ പത്തു വർഷം മുൻപുവരെ നിർമിച്ച മൂന്ന് ഡാമുകൾ, ഇരുപതോളം ചെറുതും വലുതുമായ തടയണകൾ, നദിതീരത്തുള്ള ആരാധനാലയങ്ങൾ, ഫാക്ടറികൾ, മനുഷ്യർ തുടങ്ങി അനേകം കാര്യങ്ങൾ പരിശോധിക്കേണ്ടതായിട്ടുണ്ട്. ഇതിനെല്ലാംകൂടെ ആകെ അനുവദിച്ചിരിക്കന്ന സമയം വെറും നാലു വർഷമാണ്. ഉപഗ്രഹസർവേ പോലുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് സർവേ നടത്തി പ്രധാനപ്പെട്ട പ്രദേശങ്ങൾ അടയാളപ്പെടുത്തുന്ന ജോലി അടുത്ത ആഴ്ച മുതൽ ആരംഭിക്കാമെന്നാണ് കരുതുന്നത്. അതിനുള്ള തയാറെടുപ്പുകൾ ഏകദേശം പൂർത്തിയായിട്ടുമുണ്ട്.
ഗീബൽസേ… പല്ലവ രാജവംശത്തിന്റെ മുൻതലമുറക്കാരനായിരുന്ന ചന്ദ്രകോശി എന്ന രാജാവായിരുന്നു ഗൂഢനദിയുണ്ടാവാൻ കാരണക്കാരൻ. ഇപ്പോഴുള്ളവരത് സമ്മതിച്ചുതരില്ല.
ഇന്നു വൈകുന്നേരത്തോടെ ഞാനും ഹിറ്റ്ലറും ഗൂഢനദിയുടെ ഉത്ഭവപ്രദേശമായ മലമുകളിലേക്ക് പുറപ്പെടും. വെസ്റ്റേൺ ഘാട്ടിൻ്റെ ഭാഗമായിട്ടുള്ള, കേരള– തമിഴ്നാട് അതിർത്തിപ്രദേശത്തേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ല. സംരക്ഷിതപ്രദേശമായതുകൊണ്ട്, കാറിലോ ഫോർവീലർ ജീപ്പ് പോലെയുള്ള മറ്റു വാഹനങ്ങളിലോ അവിടേക്ക് എത്തിപ്പെടുക പ്രയാസകരമാണ്. ഏറ്റവുമടുത്ത താഴ് വാരത്ത് വാഹനം നിർത്തി, ഏകദേശം പതിനൊന്നു കിലോമീറ്ററോളം ട്രക്ക് ചെയ്യണം. അതല്ലാതെ മറ്റൊരു മാർഗവുമില്ല. 990 മൈൽ വിസ്തൃതിയിൽ 62,000 ചതുരശ്ര മൈൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മലനിരകൾ യുനസ്കോയുടെ പൈതൃക സൈറ്റാണ്. അതിലെ പ്രധാനപ്പെട്ടൊരു പോയിന്റാണ് ഗൂഢനദിയുടെ ഉത്ഭസ്ഥാനമെന്നു വിശ്വസിക്കുന്ന പ്രദേശം. ഞങ്ങൾക്കൊപ്പം ഏഴു പേരടങ്ങുന്ന ഉദ്യോഗസ്ഥരും ഉണ്ട്. അത്യാവശ്യം താമസത്തിനും ഭക്ഷണത്തിനും പരിശോധനകൾക്കുമുള്ള സംവിധാനങ്ങൾ തയാറാക്കി. അതെല്ലാം മുകളിലേയ്ക്ക് എത്തിക്കാനായി ഫോറസ്റ്റ് ഗാർഡുകളുടെ സഹായം ഉറപ്പാക്കി. ഇതൊക്കെയാണെങ്കിലും ഞങ്ങളെ സംബന്ധിച്ച് ഈയൊരു അന്വേഷണം വല്ലാത്തൊരു ആനന്ദം നൽകുന്നു.

അപ്പനില്ലെന്ന സങ്കടം മാത്രമേയുള്ളൂ. ജീവിച്ചിരിപ്പുണ്ടായിരുന്നേൽ ഇപ്പോൾ ഏറ്റവും സന്തോഷിക്കുക അപ്പനായിരിക്കും. മാത്രമല്ല, ഈ അന്വേഷണം തീരുവോളം എല്ലാത്തിനും അപ്പനും കൂടെയുണ്ടായേനെ.. അതുകൊണ്ടാണ് ഇവിടെ, അപ്പന്റെ കല്ലറയിൽ വന്നത്. മാർബിളിൽ പണിഞ്ഞ, അപ്പന്റെ പേരെഴുതിയ കല്ലറ. എത്ര തിരക്കാണേലും രണ്ടുമാസം കൂടുമ്പോൾ ഞങ്ങളിലൊരാൾ വന്ന് ചുറ്റും വൃത്തിയാക്കിയിടുന്നതായിരുന്നു.
കഴിഞ്ഞ നാലുമാസങ്ങളിൽ ഈ വഴി വന്നിട്ടേയില്ല.
സമയം ഇല്ലായിരുന്നെന്നു പറയാമെങ്കിലും അതു പൂർണമായും ശരിയല്ല. അവനവന്റെ പ്രയോരിറ്റികളാണ് സമയമില്ലായ്മയെ തീരുമാനിക്കുന്നത്. രണ്ടു പേരും രണ്ട് വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു. ഹിറ്റ്ലർ മക്കാവു യാത്രയിലും ഞാൻ സ്പെയിനിലും.
ഈയൊരു പദ്ധതിയെക്കുറിച്ചുള്ള ചർച്ച സർക്കാർ തലത്തിൽ തുടങ്ങിയിട്ട് വർഷങ്ങളായി. അന്നേ അപ്പന്റെയൊരു ആഗ്രഹമായിരുന്നു അതിന്റെ നേതൃത്വം ഞങ്ങൾക്ക് ലഭിക്കണമെന്നത്. അതിനായി അപ്പൻ പലരീതിയിലും ശ്രമിച്ചിരുന്നു. കേന്ദ്ര സർക്കാറിൻ്റെ പ്രധിരോധവകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ ജോലിചെയ്ത സമയത്തുള്ള ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നത്. എന്നാലും ഞങ്ങൾക്കിത് ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും കിട്ടിയില്ല. നോർത്തിലുള്ള ചിലരുടെ ഇടപെടലുകളിലൂടെ അവരുടെ ആളുകളിലേക്കത് എത്തുമെന്ന് കരുതി ഞങ്ങളുമത് മറന്നുതുടങ്ങിയതാണ്. സ്വന്തം നിലയിൽ പര്യവേഷണം നടത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതും വിചാരിച്ച പോലെ മുന്നോട്ടു നീങ്ങിയില്ല. അതിന്റെ ചെറുതല്ലാത്ത നിരാശകളും വേട്ടയാടി.
പക്ഷേ, എല്ലാം മാറിമറിഞ്ഞത് പെട്ടന്നായിരുന്നു.
അപ്പന്റെ ഏറ്റവുമടുത്ത കൂട്ടുകാരിൽ ഒരാളായിരുന്ന നമ്പ്യാർ സാറിന്റെ ഇടപെടലാണ് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. ഇപ്പോൾ പ്രധാനമന്ത്രിയുടെ ഉപദേശകസംഘത്തിലുള്ള നമ്പ്യാർ സാറ് തന്നെയാണ് രണ്ടാഴ്ച മുന്നെ ഈ വിവരം അനൗദ്യോഗികമായി അറിയിച്ചത്. അതിന്റെ തൊട്ടടുത്ത ദിവസം ഡൽഹിയിലേക്ക് ചെന്നു. അവിടെവെച്ച് പ്രധാനമന്ത്രിയുമായും സർക്കാറിലെ ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സർക്കാറിനെ പുറത്തുനിന്നും നിയന്ത്രിക്കുന്ന മറ്റ് ചിലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവർ ചില കാര്യങ്ങൾ പ്രത്യേകം ഓർമപ്പെടുത്തിയിട്ടുമുണ്ട്. അതിൻ പ്രകാരമാണ് സർവേയും അന്വേഷണങ്ങളും നടത്തേണ്ടത്. അപ്പനും നമ്പ്യാർ സാറുമുൾപ്പെടേയുള്ള പലരും വർഷങ്ങൾക്ക് മുൻപേ ഗൂഢനദി മനുഷ്യ നിർമിതമാണെന്ന വാദക്കാരാണ്. അതു തന്നെയാണ് ഞാനും അവനും വിശ്വസിക്കുന്നതും.
സുപ്രീംകോടതിയിൽ കേസ് വന്നു. ഒടുക്കം മുഹമ്മദ് സാറിന്റെ നേതൃത്വത്തിലുള്ള കണ്ടെത്തലിൽ സുപ്രീംകോടതി ഔറംഗസേബ് ആ കെട്ടിടം കയ്യേറിയതെന്നു തീർച്ചപ്പെടുത്തി. മാത്രവുമല്ല, ഇന്ന് നമ്മൾ കാണുന്ന മുഗൾ നിർമിതികളിൽ മിക്കതും പഴയ ഹിന്ദുക്ഷേത്രങ്ങളാണ്. ഇവിടേക്ക് എത്തിയ അവന്മാരത് തങ്ങളുടേതാക്കി.
എന്നാലതു സ്ഥാപിച്ചെടുക്കുക അത്ര എളുപ്പമുള്ള സംഗതിയുമല്ല. അനേകം പ്രതിസന്ധികൾ തരണം ചെയ്താൽ മാത്രമെ അതു തെളിയിക്കാൻ സാധ്യമാവൂ. പ്രത്യേകിച്ച്, കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കുന്നുണ്ട്. അവരുടെ അഭിപ്രായത്തിൽ നദി പ്രകൃത്യാലുണ്ടായതാണ്. തമിഴ്നാട്ടിലെ വലിയൊരു വിഭാഗവും അതു തന്നെയാണ് വിശ്വസിക്കുന്നത്. കർണാടകത്തിലെ ചിലര് ഞങ്ങളുടെ ചിന്താഗതിക്കരാണ്. അതാണ് ആകെയുള്ള ആശ്വാസം. എന്നാൽ യഥാർത്ഥ്യത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ ഭരിച്ച ഹിന്ദുരാജാക്കൻമാരിലൊരാളുടെ മനസിലുദിച്ച ആശയമായിരുന്നു ഗൂഢനദി. എന്നിരുന്നാലും അതിൽ വ്യക്തത വരുത്തേണ്ടുന്ന ഉത്തരവാദിത്വവുണ്ട്.
രണ്ട്
ഗീബൽസേ… പല്ലവ രാജവംശത്തിന്റെ മുൻതലമുറക്കാരനായിരുന്ന ചന്ദ്രകോശി എന്ന രാജാവായിരുന്നു ഗൂഢനദിയുണ്ടാവാൻ കാരണക്കാരൻ. ഇപ്പോഴുള്ളവരത് സമ്മതിച്ചുതരില്ല. അവര് പഠിച്ചുവെച്ചിരിക്കുന്ന ചരിത്രം പ്രകാരം ക്രിസ്തുവിനുശേഷം നാലാം നൂറ്റാണ്ടിലാണ് പല്ലവര് വരുന്നത്. മാത്രമല്ല, ഇന്നത്തെ ആന്ധ്രാ സംസ്ഥാനത്തിലെ ശതവാഹനരുടെ കീഴിലെ പ്രഭുക്കന്മാരാണ് ഇപ്പറയുന്ന പല്ലവർ. അതിൽ കാര്യമില്ലാതെയുമില്ല.
എന്നാൽ കാലഘട്ടത്തിൽ വ്യത്യാസമുണ്ടുതാനും. ഇതിനൊക്കെ കാരണം ഇവിടേക്ക് വന്ന വൈദേശികരാണ്. അവരുടെ ഇഷ്ടത്തിനും താത്പര്യത്തിനുമാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് അവന്മാര് എഴുതിയിരിക്കുന്നത്. അല്ലാത്തത് അവന്മാര് നശിപ്പിച്ചിട്ടുമുണ്ട്. എന്നാലും ചിലതൊന്നും ഒരുത്തനും നശിപ്പിക്കാൻ സാധിച്ചിട്ടില്ല. എത്രയൊളിപ്പിച്ചാലും നശിപ്പിക്കാൻ ശ്രമിച്ചാലും ചില വിത്തുകൾ മുളയ്ക്കും. അതാർക്കും തടയാനൊക്കത്തുമില്ല. അത് പിൻപറ്റിയുള്ള അന്വേഷണങ്ങൾ നടത്തിയാണ് നമ്മുടെയപ്പനും നമ്പ്യാർസാറും ഉൾപ്പെടേയുള്ളവരുടെ കണ്ടെത്തലുകൾ. അതിലേറ്റവും പ്രാധാന്യമർഹിക്കുന്നതാണ് ഗൂഢനദിയുമായി ബന്ധപ്പെട്ടുള്ള ചരിത്രങ്ങൾ. പലതവണയത് അവർ പഠനവിധേയമാക്കിയിരുന്നു.

അതനുസരിച്ച്, ചന്ദ്രകോശിയുടെ കാലത്ത് ഈ മൂന്നു സംസ്ഥാനങ്ങളുടെയും ഭൂപ്രകൃതി ഇക്കാണുന്ന രീതിയിൽ ആയിരുന്നില്ല.
മനുഷ്യവാസം തീരെക്കുറവായിരുന്നുവെന്ന ന്യായം പറയാമെങ്കിലും മേഘമലയുടെ മുകളിൽ ആളുകൾ താമസിച്ചിരുന്നതിനു തെളിവുകളുണ്ട്. പ്രത്യേകിച്ച്, ഗുഹാചിത്രങ്ങൾ. അതിന്റെ പഴക്കം പരിശോധിച്ച നരവംശ ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം പതിനായിരത്തിലധികം വർഷം മുമ്പെങ്കിലുമാണത് നിർമിച്ചത്. അതിൽ നിന്നാണ് നമ്മുടെ അന്വേഷണം ആരംഭിക്കേണ്ടതും.
“അത്രയും കാലത്തെ ചരിത്രം പരിശോധിക്കേണ്ടി വരുമെന്നല്ലേ?”, കാറിലിരിക്കെ ഞാൻ ചോദിച്ചപ്പോൾ ഹിറ്റ്ലർ അതേയെന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് തുടർന്നു.
“അതൊട്ടും നിസാരവുമല്ല. എന്നാൽ സാധ്യമാണുതാനും. എത്രയൊളിപ്പിച്ചാലും ചരിത്രത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം എവിടെയെങ്കിലും തെളിഞ്ഞുകിടപ്പുണ്ടാവും.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രണ്ടു വർഷം മുന്നേ ലഭിച്ച പല്ലവശാസനം രേഖപ്പെടുത്തിയ ശിലാലിഖിതങ്ങൾ. കുടക് ജില്ലയിൽനിന്നും ലഭിച്ച അതിനകത്തുനിന്നും ഇതുവരെ വായിച്ചെടുക്കാൻ കഴിഞ്ഞതു പ്രകാരം ഒരു മഹാനദി നിർമിക്കാനാവശ്യമായി വരുന്ന ചെലവുകളും മറ്റുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ നിഗമനത്തിൽ ഗൂഢനദിയുടെ നിർമാണത്തിനുള്ള ആദ്യത്തെ തയാറെടുപ്പ് അതാണ്. പക്ഷേ, ആരാണതു രേഖപ്പെടുത്തിയതെന്നോ അതിനുശേഷം എന്തു സംഭവിച്ചെന്നോ യാതൊരു വിവരവും ഇതുവരെ ലഭ്യമല്ല. എന്നാൽ വീണ്ടും നൂറ്റാണ്ടുകൾ കഴിഞ്ഞ്, ഏകദേശം ബിസിയുടെ അവസാനത്തിൽ രേഖപ്പെടുത്തിയ മറ്റൊരു ശിലാലിഖിതം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. നമ്പ്യാർ സാറിന്റെ പ്രത്യേക താത്പര്യപ്രകാരം ഇപ്പോഴത്തെ കുടക്- മൈസൂർ ജില്ലകളിൽ നടത്തിയ ഖനനത്തിലൂടെയാണതു കണ്ടെത്തിയത്”
“പത്തുവർഷം മുന്നെ തുരങ്കപാതയ്ക്കായി മണ്ണ് മാറ്റുന്നതിനിടയിൽ കണ്ടെത്തിയ ചെമ്പ് പാത്രങ്ങളും അതിനുള്ളിൽ നിന്നു ലഭിച്ച ലിഖിതങ്ങളുടേയും പരിശോധനയുടെ ഫലമായി കൂടുതൽ ഖനനം നടത്തിയപ്പോൾ ലഭിച്ച മൂന്ന് ശിലാലിഖിതങ്ങൾ അല്ലേ?”
“അതെ, അതിന്റെ കൂടുതൽ പരിശോധനകൾ നടത്തിയ, ഇപ്പോൾ ആർക്കിയോളജിക്കൽ സർവേയുടെ ചെയർമാനായിട്ടുള്ള മുഹമ്മദ് സാറാണ് അതൊരു പല്ലവശാസനമാണെന്ന് തിട്ടപ്പെടുത്തിയത്. ഗൂഢനദിയെക്കുറിച്ചാണ് ആ ലിഖിതങ്ങളെന്ന രഹസ്യം മാത്രം ഇതുവരേയും പരസ്യപ്പെടുത്തിയിട്ടുമില്ല. അക്കാലത്തേ നമ്പ്യാർ സാറും അപ്പനുമടക്കമുള്ള വളരെക്കുറച്ച് ആളുകൾക്ക് മാത്രമേ അതിനെക്കുറിച്ച് അറിയാമായിരുന്നുള്ളൂ. ഇന്നത്തെ യുപിയിൽ, അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഔറംഗസേബ് നിർമിച്ചതെന്നു പറയപ്പെടുന്ന, മുസ്ലിങ്ങൾ ആരാധിച്ചു പോന്നിരുന്നതുമായ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ പ്രതിഷ്ഠയെപ്പറ്റിയുള്ള സംസാരങ്ങൾക്ക് ഇടയിലായിരുന്നു അപ്പനതു സൂചിപ്പിച്ചത്.
സുപ്രീംകോടതിയിൽ കേസ് വന്നു. ഒടുക്കം മുഹമ്മദ് സാറിന്റെ നേതൃത്വത്തിലുള്ള കണ്ടെത്തലിൽ സുപ്രീംകോടതി ഔറംഗസേബ് ആ കെട്ടിടം കയ്യേറിയതെന്നു തീർച്ചപ്പെടുത്തി. മാത്രവുമല്ല, ഇന്ന് നമ്മൾ കാണുന്ന മുഗൾ നിർമിതികളിൽ മിക്കതും പഴയ ഹിന്ദുക്ഷേത്രങ്ങളാണ്. ഇവിടേക്ക് എത്തിയ അവന്മാരത് തങ്ങളുടേതാക്കി. ആരുമത് സമ്മതിച്ചു തരില്ലെങ്കിലും സത്യം അതല്ലാതാവുകയുമില്ല. എന്നാലതൊക്കെ അവന്മാര് നിർമിച്ചതാണെന്ന് വരുത്തിതീർക്കാൻ കാരണക്കാരായത് ബ്രിട്ടീഷുകാരാണ്. അവരുടെ താത്പര്യമായിരുന്നു ഹിന്ദുരാജാക്കന്മാരെയും പണ്ഡിതരേയും താറടിച്ചു കാണിക്കുകയെന്നത്.
അവരുടെ ഇടപെടൽ ഇല്ലായിരുന്നവെങ്കിൽ അഖണ്ഡഭാരതം ലോകത്തെയാകമാനം നിയന്ത്രിക്കുമായിരുന്നു. അതു തന്നെയാവും അവരെ ഭയപ്പെടുത്തിയതും. ഇപ്പോഴും ഭയപ്പെടുന്നതും. പക്ഷേ, അവര് മടങ്ങിയതിനുശേഷം വന്ന സർക്കാറുകളും അതുതന്നെ തുടർന്നതാണ് ഏറ്റവും വലിയ തെറ്റ്. സ്വന്തം രാജ്യത്തെ യഥാർത്ഥ മുൻതലമുറകളെയും സംസ്കാരത്തേയും ആരാധനകളേയും ആചാരങ്ങളേയും നഷ്ടപ്പെടുത്തുകയോ മറച്ചുവെക്കുകയോ എന്ന അക്ഷന്ത്യവ്യമായ തെറ്റായിരുന്നത്. എന്നാലിപ്പോഴത്തെ സർക്കാർ അതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത് ശുഭസൂചകമാണ്. അതിലേക്കുള്ള ഏറ്റവും വലിയ സംഭാവനയാണ് ദൗത്യം. രാജ്യത്തിന്റെ യഥാർത്ഥ പൈതൃകം കണ്ടെത്തിയവരെന്ന പേരിൽ ഇരുവരും അറിയപ്പെടും. ഒരിക്കലും മായ്ക്കാൻ കഴിയാത്തവണ്ണം ചരിത്രരേഖകളുടെ സുവർണലിപികളിൽ പോൾ ഗീബൽസിനേയും പോൾ ഹിറ്റ്ലറിന്റേയും പേരുകൾ നിലനിൽക്കും. അതാണേറ്റവും സന്തോഷമുണ്ടാക്കുന്നതും.
കാരണം, ഇപ്പോൾ ഏറ്റവും പ്രധാന്യമർഹിക്കുന്നത് ഗൂഢനദിയെക്കുറിച്ചുള്ള അന്വേഷണമാണ്. ഇവിടെ നിന്നും തെക്കോട്ട് സഞ്ചരിക്കുന്ന ഒഴുക്ക് എവിടെവെച്ചാണ് നദിയുടെ രൂപം പ്രാപിക്കുന്നതെന്നു കണ്ടെത്തണം.
മൂന്ന്
ഇവിടെ, മേഘമലയുടെ മുകളിൽ നിൽക്കുമ്പോൾ വല്ലാത്തൊരു അഭിമാനം തോന്നുന്നു. ഹിമയുഗത്തിനുശേഷം അഗ്നിപർവതമായിരുന്നുവെന്നു അനുമാനിക്കുന്ന പർവതം. മണ്ണിന്റെ ഘടനയും പാറകളുടെ രൂപാന്തരണരൂപവുമാണ് ഇങ്ങനൊരു നിഗമനത്തിനുപിന്നിലെ പ്രധാന കാരണം. മലയോട് ചേർന്നുള്ള നിത്യഹരിത മഴക്കാടാണ്. കിലോമീറ്ററുകളോളം നടന്നാണ് ഇവിടേക്ക് എത്തിയത്. തൊട്ടെതിർവശമുള്ള തമിഴ്നാടിന്റെ ഭാഗം മഴനിഴൽ പ്രദേശമാണ്. ആകാശത്തിലേക്ക് കൈകൾ വിടർത്തി നിൽക്കുന്നതു പോലെയുള്ള കൂറ്റൻ പാറക്കെട്ടുകൾ.
താഴെ നിന്ന് നോക്കുമ്പോഴതൊരു കോട്ട പോലെയാണ്. താഴ് വാരത്തുനിന്നും സുമാർ ഇരൂന്നറ്റിമൂന്നടി കുത്തനേയുള്ള കയറ്റം കയറിയെത്തുന്നത് മഴക്കാടിനുള്ളിലാണ്, അതിനപ്പുറം പുൽമേടുകൾ. അതു കഴിഞ്ഞുള്ള ചെങ്കുത്തായ പ്രദേശം കയറിയെത്തുന്നത് മേഘങ്ങൾ തൊട്ടുനിൽക്കുന്നിടത്താണ്. ഏതു സമയത്തും വീശിക്കൊണ്ടിരിക്കുന്ന തണുത്ത കാറ്റ്, മായക്കാഴ്ചകൾ കാണിക്കുന്ന മൂടൽമഞ്ഞ്.. മാനത്തുനിന്നും ഊഞ്ഞാലാടിയെന്നോണം സദാനേരം മലയെ തൊട്ടുനനയ്ക്കുന്ന നൂൽമഴ. എങ്ങും നിറഞ്ഞ ഹരിതശോഭിത.
അധികം ദൂരയല്ലാതെ ഇരട്ടസഹോദരനെപ്പോലെ തലയുയർത്തി നിൽക്കുന്ന പൊമ്പെട്ട മല. താഴെ, ഇരുമലകളുടേയും അരഞ്ഞാണമെന്നോണം നിറഞ്ഞൊഴുകുന്ന ഗൂഢനദി. കാഴ്ചകളെ കണ്ണിലും മനസിലും പകർത്തെടുത്ത് മുകളിലേക്ക് നടന്നുകയറി. രണ്ടു പടുകൂറ്റൻ പാറകൾക്ക് ഇടയിലാണ് അധികമാർക്കും പ്രാപ്യമല്ലാത്ത, പലർക്കും കേട്ടുകേൾവി മാത്രമായ ഗൂഢനദിയുടെ ഉത്ഭവസ്ഥാനം. സമാന ടെറൈനുള്ള പൊമ്പെട്ട മലയിലാണ് അതെന്നും മറ്റൊരു അഭിപ്രായമുണ്ട്. എന്നാൽ അപ്പൻ ഉറപ്പു പറഞ്ഞത് ഇവിടെ തന്നെയാണ് അതിന്റെ തുടക്കമെന്നാണ്. വെൺമേഘങ്ങളിൽ തൊട്ടുനിൽക്കുന്ന, സൂചിമൂന പോലെ കൂർത്ത, പലപാളികളുള്ള രണ്ട് കൂറ്റൻ കരിമ്പാറകൾ. അതിന്റെ ചെറിയ വിടവിലൂടെ നേർത്ത്, മെലിഞ്ഞ് സുന്ദരിയായ നഗ്നയുവതി നൃത്തച്ചുവടുകളുമായി മന്ദം മന്ദം നടന്നു വരുന്നതു പോലെ ഒഴുകിയിറങ്ങുന്ന വൈഡൂര്യസമാനമായി തിളങ്ങുന്ന ജലം.

പാറയുടെ മുകളിലേക്ക് കയറാൻ സാധ്യമല്ലെന്നാണ് വഴികാട്ടിയായി വന്നിരിക്കുന്ന ഫോറസ്റ്റ് ഗാർഡ് പറയുന്നത്. താഴ്ന്ന ജാതിക്കാരനാണ് അവൻ. അതുകൊണ്ട് ഒരകലമിട്ടാണ് നടപ്പ്. അവന്റെ മണമടിക്കുമ്പോൾ ഓക്കാനിക്കാൻ വരുന്നുണ്ട്. പക്ഷേ, അയാൾ പറയുന്നതിൽ കാര്യമില്ലാതെയുമില്ല. മുപ്പതടിയിലേറെ ഉയരമുള്ള പാറയാണിത്.
ഏതു നിമിഷവും അടർന്നുപോയേക്കാമെന്ന തരത്തിൽ നേർത്ത പാളികൾ. അതിനെതിർവശം അഗാധമായ ഗർത്തവുമാണ്. അത്ഭുതകരമായ കാര്യം പാറയിടുക്കിൽനിന്നും വരുന്ന ജലത്തിന്റെ ഒരുഭാഗം നൂലുപോലെ കൊക്കയിലേക്കും ഇറങ്ങുന്നുണ്ടെന്നാണ്. വെറും കണ്ണുകൊണ്ട് നോക്കുമ്പോൾ കൊക്കയുടെ ആഴം മനസിലാവുന്നില്ല. പാറയിൽ പറ്റിപ്പിടിച്ചു വളർന്നു നിൽക്കുന്ന മരങ്ങളാണ് പ്രധാന തടസം. അതിനൊപ്പം നിറയെ പന്നൽച്ചെടികളുമുണ്ട്.
ഏതുനേരവും വീശുന്ന കാറ്റിൽ ജലം താഴേക്ക് പൂർണമായും പതിക്കുന്നില്ലെന്നാണ് പ്രദേശവാസിയായ വഴികാട്ടി പറയുന്നത്.അതൊന്നു പരിശോധിക്കാൻതന്നെ തീരുമാനിച്ചു.
ഡ്രോൺ ഉപയോഗിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. സർവേ ടീം അതിന് ചില സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചെങ്കിലും ഹിറ്റ്ലർ വഴങ്ങുന്നില്ല.
“എന്തു വന്നാലും വേണ്ടിയില്ല അതു പരിശോധിച്ചേ മതിയാവൂ”, അവൻ കടുപ്പിച്ച് പറഞ്ഞു. എന്നിട്ടും അവരിതിനു വഴങ്ങുന്നില്ല.
ഇനിയതിൽ യാതൊരു പിന്മാറ്റവും പ്രതീക്ഷിക്കണ്ട. കാരണം, ഒരു കാര്യത്തിൽ നിശ്ചയമെടുത്താൽ എന്തു സംഭവിച്ചാലും അതു നടപ്പാക്കിയല്ലാതെ അവൻ പിൻവാങ്ങില്ല. ചെറുപ്പം മുതലേ അവനങ്ങിനെയാണ്. ഞാനാണേല് അതിന്റെ പ്രത്യാഘാതങ്ങൾ ആലോചിച്ചേ ഒരു തീരുമാനത്തിൽ എത്തുകയുള്ളൂ. അവസാനം എല്ലാ ഉത്തരവാദിത്യങ്ങളും ഏറ്റെടുക്കാമെന്ന അവന്റെ ഉറപ്പിനു പുറത്ത് സർവേ ടീമംഗങ്ങൾ ഡ്രോൺ പറത്താൻ തയാറായി. മരങ്ങൾ അധികമില്ലാത്തൊരിടത്ത് നിന്നും ഡ്രോൺ മുകളിലേക്ക് ഉയർത്തി. വല്ലാത്തൊരു മൂളക്കത്തോടെയതു ആകാശത്തോട്ട് ഉയർന്നു. അതുകേട്ടാവും മരങ്ങളിലുണ്ടായിരുന്ന പക്ഷികൾ ഒന്നാകെ പറന്നുമാറി.
പാറകളിലൂടെ ഒഴുകുന്ന ജലത്തിന് ഹരിപ്രസാദ് ചൗരസ്യയുടെ ഫ്ലൂട്ടിൽ നിന്നുമുതിരുന്ന സംഗീതത്തിലൂമേറെ സൗന്ദര്യുമുണ്ടെന്നു തോന്നി. കയ്യിലെപ്പോഴും കരുതാറുള്ള ഡ്രോയിംഗ് ഷീറ്റിൽ പെൻസിലുകൊണ്ട് ഒരു ചിത്രം വരച്ചു. കെട്ടിടങ്ങളുടെ ശ്രേണി.
ഇതിനിടെ മോണിട്ടറിൽ ഡ്രോണിന്റെ ലൊക്കേഷനും മറ്റു കാര്യങ്ങളും കൃത്യമാണെന്നുറപ്പിച്ചു. പറക്കലിനിടെ, ചിറകുകൾ നിശ്ചലമാക്കി താഴേക്കൂളിയിടുന്ന പരുന്തിനെപ്പോലയതു ഗർത്തത്തിലേക്ക് ഇറങ്ങി..അതിനുള്ളിലെ മരങ്ങളിൽ തട്ടാതെ പൈലറ്റ് അതിനെ വിദഗ്ധമായി നിയന്ത്രിച്ചെങ്കിലും ശക്തമായ കാറ്റിലകപ്പെട്ട് ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നിരുന്നാലും കിട്ടിയ ഫൂട്ടേജുകൾവെച്ച് ജലം താഴേക്ക് വീഴുന്നുണ്ടെന്നു മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സാങ്കേതികമായി കൂടുതൽ ശക്തിയുള്ള ഡ്രോണോ ഉപഗ്രഹചിത്രങ്ങള ഉപയോഗിച്ച് വ്യക്തത വരുത്താമെന്നാണ് കരുതുന്നത്.
അതിലുമേറെ പ്രാധാന്യമുള്ളത് ഇവിടെനിന്നും മൂന്നു കിലോമീറ്ററോളം തെക്കോട്ട് ഒഴുകുന്ന ഒഴുക്കിനെ പിന്തുടരുകയെന്നതാണ്. മറ്റേതെങ്കിലും ഉറവകളോ ചെറുഅരുവികളോ വന്നു ചേരുന്നുണ്ടോയെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. ടെന്റടിച്ച് രണ്ട് ദിവസമെങ്കിലും ഇവിടെ താമസിച്ചാൽ മാത്രമെ അതു സാധ്യമാവുകയുള്ളൂ. തണുപ്പും അധികരിച്ചുതുടങ്ങി. ആകാശത്തുനിന്നും ആരോ ഊതിവിടുന്ന അപ്പൂപ്പൻ താടി പോലെ കോട തിങ്ങുന്നുണ്ട്. എത്ര കണ്ടാലും മടുക്കാത്തൊരു കാഴ്ച. കുറേ നേരമതിലേക്ക് നോക്കി നിന്നു. മരങ്ങളെയും കാഴ്ചകളേയും ഞങ്ങളെത്തന്നേയുമത് മറയ്ക്കുാൻ തുടങ്ങി. സൂര്യപ്രകാശത്തിന്റെ അവസാന വിരലും അപ്രത്യക്ഷമായി. പകലിനും രാത്രിയ്ക്കും മദ്ധ്യേയുള്ള നിശ്ചലനിമിഷങ്ങൾ മലയുടെ ഉച്ചിയെ വിഷാദത്തിലകപ്പെടുത്തി. ഇരുട്ടിലിറങ്ങുന്ന ജീവികളുടെ പലവിധ ശബ്ദങ്ങൾ ഉയർന്നു. ഇര തേടാനും ശത്രുവിനെ ഭയപ്പെടുത്താനും ഇണചേരാനുമുള്ള അതുങ്ങളുടെ ഒച്ചകൾ, പരസ്പരമുള്ള സംവേദനങ്ങൾ.
ഇരുട്ട് മലയെ പൂർണമായും മൂടിത്തുടങ്ങുന്നതിനുമുൻപേ മൂന്ന് ടെന്റുകളടിച്ചു. നിരപ്പുള്ള ഒരു പാറയോട് ചേർന്ന്, അൽപം വിസ്താരമുള്ളിടത്താണ് സഹായികൾ ടെന്റുകൾ തയാറാക്കിയത്. ഒന്നിൽ ഞാനും ഹിറ്റ്ലറും കയറി. രാത്രിയോടെ കാറ്റ് ശക്തമായി. മുകളിലേക്ക് നോക്കിയാൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം കാണാം. കാടിനുള്ളിലാണ് രാത്രിയാകാശം കാണാൻ ഏറ്റവും ഭംഗിയെന്നു തോന്നി. കനത്ത കോടയുമുണ്ട്.
ബ്രഡും ജാമും നട്സുമാണ് ഭക്ഷണം. പ്ലാസ്റ്റിക് കൂടുകളൊന്നും ഇവിടെ ഒരിടത്തും കളയരുതെന്ന് കൂടെയുള്ളവരെ ഒരിക്കൽ കൂടി ഓർമപ്പെടുത്തി, ടെന്റിലേക്ക് കയറി. ഹിറ്റ്ലർ ഇപ്പോഴും കൊക്കയിൽനിന്നും എടുത്ത ഫൂട്ടോജുകളുടെ സൂക്ഷ്മപരിശോധനയിലാണ്.

“കൊക്കയിൽനിന്നും പടിഞ്ഞാറ്റേക്ക് ഒരു നീരൊഴുക്കിന് സാധ്യതയുണ്ടെന്ന് തോന്നുന്നു”, എന്നെ കണ്ടതും ലാപിൽനിന്നും കണ്ണെടുക്കാതെയാണ് അവനതു പറഞ്ഞത്.
“അതു തള്ളിക്കളയാൻ പറ്റില്ല. പ്രത്യേകിച്ച്, കൊക്കയുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം, ആറുകിലോമീറ്റർ മാറി ചെറിയൊരു അരുവിയുണ്ട്. എന്നാലതിന്റെ ഉത്ഭസ്ഥാനമെന്നു പറയുന്നത് മറ്റൊരിടത്താണ്. കൃത്യമായി പറയുകയാണെങ്കിൽ നമ്മളിപ്പോൾ നിൽക്കുന്ന മലയുടെ ഭാഗമായ, ചെങ്കൽകൂന്നിൽ നിന്നാണതിന്റെ ഉത്ഭവം”.
“അതെനിക്കും അറിയാവുന്നതാണ്. പക്ഷേ, അതല്ലാത്ത മറ്റൊരു സാധ്യതയെക്കുറിച്ചാണ് പറഞ്ഞത്”.
സംസാരത്തിൽ അൽപം ഈർഷ്യയുണ്ടെങ്കിലും അതു ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്. ഇല്ലായെങ്കിൽ ഇന്നു രാത്രി മുഴുവൻ അതിന്റെ പേരിൽ തർക്കിക്കേണ്ടി വരും. അതോർത്തിരിക്കെ അവൻ തുടർന്നു.
“കൊക്കയുടെ ആഴങ്ങളിൽ എവിടെയോവെച്ച് ശക്തമായ ഒരൊഴുക്കുണ്ടാവും. മിക്കവാറും അതിനുള്ളിലൊരു വിടവുമുണ്ടായേക്കും. അതിലൂടെ ഒഴുകി മറ്റൊരിടത്ത് പ്രത്യക്ഷപ്പെടുന്നുണ്ടാവും. അതല്ലങ്കിൽ ഒരു ഭൂഗർഭനദിയായി ഗൂഢനദിയ്ക്ക് സമാന്തരമായി ഒഴുകുന്നുമുണ്ടാവും”
“ബ്രസീലിലെ ഹംസ നദി പോലെയല്ലേ?”
“എന്നും പറയാം. പക്ഷേ, അതു കണ്ടെത്തി സ്ഥാപിക്കാൻ കുറച്ചധികം ശ്രമപ്പെടേണ്ടി വരും. ഇപ്പോഴത്തെ അവസ്ഥയിൽ അതിനു കഴിയില്ല.
കാരണം, ഇപ്പോൾ ഏറ്റവും പ്രധാന്യമർഹിക്കുന്നത് ഗൂഢനദിയെക്കുറിച്ചുള്ള അന്വേഷണമാണ്. ഇവിടെ നിന്നും തെക്കോട്ട് സഞ്ചരിക്കുന്ന ഒഴുക്ക് എവിടെവെച്ചാണ് നദിയുടെ രൂപം പ്രാപിക്കുന്നതെന്നു കണ്ടെത്തണം. ഫോറസ്റ്റ് ഗാർഡ് പറയുന്നതത്രയും പൂർണമായി വിശ്വസിക്കാൻ പറ്റില്ല.”
ഹിറ്റ്ലർ പറയുന്നതുതന്നെയാണ് ഇക്കാര്യത്തിൽ എന്റെയും നിഗമനം. മുകളിലേക്ക് കയറാൻ തുടങ്ങിയതു മുതൽ ഫോറസ്റ്റ് ഗാർഡിനെ ഞാനും ശ്രദ്ധിക്കുന്നുണ്ട്. വെറുതെ സമയം കളയാൻ മാത്രമാണ് സർവേ നടത്തുന്നതെന്നാണ് അയാൾ കരുതുന്നുത്. ഒന്നുരണ്ടു തവണ അത് സൂചിപ്പിച്ചതുമാണ്.
“സാറെ, ഇക്കാണുന്ന നദിയൊന്നും മനുഷ്യന്മാർക്ക് ഒണ്ടാക്കൻ പറ്റത്തില്ലെന്ന് ആർക്കാണ് അറിയാത്തത്? ചെലര് പറയുന്ന കെട്ടുകഥകളും മറ്റും വിശ്വസിക്കാന് വെവരോ വിദ്യോഭ്യാസവുമള്ള ആരും തയാറാവൂല്ല. സാറന്മാരെ ആരോ തെറ്റിദ്ധരിപ്പിച്ചതാവേനെ വഴിയൊള്ളൂ”.

അയാളെ ആരോ അങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചതായിരിക്കും. ഇവിടെനിന്ന് താഴെ എത്തിയാൽ ആദ്യം ചെയ്യുക അയാളെ മാറ്റാനുള്ള ഏർപ്പാടാണ്. അതോടെ അവന്റെ കഴപ്പ് തീരും. നമ്പ്യാർ സാറിന്റെ അനുഭാവികളിൽ ആരെയെങ്കിലും പകരം വെക്കണം.അല്ലാതെ ശരിയാവത്തില്ല. കാരണം, ഇനിയും പലതവണ ഇവിടേക്ക് വരേണ്ടി വരും. പൂർണമായും ഞങ്ങളോട് സഹകരിക്കാൻ തയാറുള്ള, ഈ പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരാൾ ഉണ്ടെങ്കിൽ മാത്രമെ വിചാരിക്കുന്നത്ര വേഗത്തിൽ കാര്യങ്ങൾ നടക്കുകയുള്ളൂ.
അടുത്ത ദിവസം ചെയ്യേണ്ടതായിട്ടുള്ളവയുടെ ഒരു റ്റു ഡൂ ലിസ്റ്റ് തയാറാക്കി. ടെൻ്റിൽനിന്നും പുറത്തേക്കിറങ്ങി. കോടയ്ക്കിടയിലൂടെ കുറച്ചുനേരം നടന്നു. ഇവിടെ കുറേയധികം പന്നൽച്ചെടികളുണ്ട്. കൊതുകിന്റെ ശല്യവും അധികമാണ്. പക്ഷേ, കാടിനുള്ളിലെ രാത്രിയെ ആസ്വദിക്കാൻ അതൊന്നും തടസമല്ല. മെല്ലെ മുന്നോട്ടു നടന്നു.പാറയിടുക്കിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിൽ കൈതൊട്ടു. തണുത്ത, തെളിഞ്ഞ ജലം. അൽപമതു രുചിച്ചു നോക്കി. പകൽ നടത്തിയ പരിശോധനയിൽ യാതൊരു മാലിന്യമോ ഹാനികരമായ മറ്റു കണ്ടന്റുകളോ ഇല്ലെന്ന് ഉറപ്പിച്ചിരുന്നു. അതിന്റെ ധൈര്യത്തിലാണതു കുടിച്ചത്. ഏറെ നേരം രാത്രിയുടെ മനോഹാരിത ആസ്വദിച്ചു.
പാറകളിലൂടെ ഒഴുകുന്ന ജലത്തിന് ഹരിപ്രസാദ് ചൗരസ്യയുടെ ഫ്ലൂട്ടിൽ നിന്നുമുതിരുന്ന സംഗീതത്തിലൂമേറെ സൗന്ദര്യുമുണ്ടെന്നു തോന്നി. കയ്യിലെപ്പോഴും കരുതാറുള്ള ഡ്രോയിംഗ് ഷീറ്റിൽ പെൻസിലുകൊണ്ട് ഒരു ചിത്രം വരച്ചു. കെട്ടിടങ്ങളുടെ ശ്രേണി. പൂർണമായും ആസൂത്രീതമായൊരു നഗര ചിത്രം. ചെറുതിലേ വരയോട് താത്പര്യമുണ്ട്. എന്നാലത് ഈർഷ്യ കലർന്ന എതിർപ്പോടെയായിരുന്നു അപ്പൻ കണ്ടത്. പലപ്പോഴും അതിന്റെ പേരില് വഴക്കും കേട്ടിരുന്നു. ചരിത്രകാരനായിരുന്നില്ലേല് ഡ്രോയിംഗ് മാഷായോ ഏതെങ്കിലും പരസ്യകമ്പനിയിലെ രേഖാചിത്രകാരനായോ മാറിയേനെ എന്ന് ചിന്തിക്കാറുണ്ട്..
ഒരുമണിക്കൂറോളം അവിടെ ഇരുന്നതിനുശേഷം ടെൻ്റിലേക്ക് മടങ്ങി. വിഷജീവികളുടെ ഉപദ്രവം ശ്രദ്ധിക്കണമെന്ന ഉൾപ്പേടിവന്നപ്പോഴാണ് തിരികെ വന്നത്. ഹിറ്റ്ലറാവട്ടെ ഇതുവരെ കിടന്നിട്ടു പോലുമില്ല. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറിയ റീഡിംഗ് ലാമ്പിനു മുന്നിലിരുന്ന് എന്തോ വായിക്കുകയാണ്. ഇന്നിനി ഏതുനേരത്താവോ അവൻ ഉറങ്ങുക?. എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് യാതൊരു രക്ഷയുമില്ല. സ്ലീപ്പിംഗ് ബാഗിനുള്ളിലേക്ക് ചുരുണ്ട് കൂടിയെങ്കിലും നേർത്ത തണുപ്പുണ്ട്. പുറത്തെ ശബ്ദങ്ങൾ കുട്ടിക്കാല ഓർമയിലെ മഴക്കാലത്തെ പ്രതിഫലിപ്പിക്കുന്നു.

ഇടിച്ചു കുത്തിപ്പെയ്യുന്ന മഴയുടെ മാന്ത്രികശബ്ദങ്ങൾ. മഴയുടെ പാശ്ചാത്തലത്തിൽ അപ്പന്റെ ഇരുവശത്തുമായി കിടന്നു കേട്ട, ഹിറ്റ്ലറുടെ ജർമൻ സൈന്യത്തിന്റെയടക്കമുള്ള വീരകഥൾ. അതൊക്കെ വിവരിക്കുമ്പോഴുള്ള അപ്പന്റെ അംഗവിക്ഷേപങ്ങളും ശബ്ദവിന്യാസങ്ങളിലും ഞങ്ങളോതോ യുദ്ധമുന്നണിയിലാണെന്ന തോന്നലുണ്ടാക്കിയിരുന്നു.ഒന്നാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത് ഫ്യൂറർ ജയിലിലായതും അവിടെവെച്ച് എഴുതിയ പുസ്തകവും തുടങ്ങി, ജർമനീടെ സമ്പൂർണ അധികാരം നേടിയതെല്ലാം കേട്ട് കേട്ട് അങ്ങേരോട് ആരാധനയായി..ഞങ്ങൾക്കേറ്റവും പ്രിയപ്പെട്ട ഉടുപ്പ് അപ്പൻ തുന്നിച്ചത് അക്കാലത്താണ്. ഫ്യൂറർ അണിയുന്ന അതേ തരത്തിലും നിറത്തിലുമുള്ളൊരു കോട്ട്. അത് ധരിക്കുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു.
കുറേ നാളുകൾ മുടി പോലും അദ്ദേഹത്തിന്റെ മുടി വെട്ടുന്നതു പോലെയാണ് വെട്ടിയത്.
