ഗജപതി കുലപതി ആആച്ച്ചൂ,

ഒരു നിരീക്ഷണം

ഗജപതി കുലപതി കലബലൂഷ്,

ഗജപതി കുലപതി കളിച്ചാ കുളിച്ചാ,

ഗജപതി കുലപതി ഗുർബുറൂം...

കുട്ടികളുടെ പുസ്തകങ്ങൾ വില്ക്കുന്ന ഫങ്കി റെയ്ൻബോ എന്ന ഓൺലൈൻ പുസ്തകശാല കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റ പുസ്തകമായി തെരഞ്ഞെടുത്തത് ഗജപതി കുലപതി പുസ്തകങ്ങളെയാണ്. അശോക് രാജഗോപാലൻ എഴുതുകയും വരയ്ക്കുകയും ചെയ്ത ഗജപതി കുലപതി നാലു പുസ്തകങ്ങളുള്ള ഒരു പരമ്പരയാണ്. ഗജപതി കുലപതിയെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്. സ്‌കൂളിൽ പോകാൻ തുടങ്ങുന്നതിനു മുമ്പുള്ള ചെറിയ കുട്ടികൾക്കുള്ള പുസ്തകങ്ങളാണിവ.

ഗജപതി കുലപതി പരമ്പരയിലെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത് 2010ലാണ്. അന്നു മുതൽ ഇന്നു വരെയായി പന്ത്രണ്ടു പതിപ്പുകളായി. ഇപ്പോഴും ഇന്ത്യയിൽ ഏറ്റവുമധികം വില്ക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായി ഗജപതി കുലപതി തുടരുന്നു.

അശോക് രാജഗോപാലൻ

കുഞ്ഞു മൂക്കുകൾക്ക് കുഞ്ഞു പ്രശ്നങ്ങളാണെങ്കിൽ ആന മൂക്കിന് പ്രശ്നം വലുതാണല്ലോ. അതാണ് സംഭവിച്ചത്. ഗജപതി കുലപതി ഒരു വലിയ ആനയാണെങ്കിലും ഒരു പാവം ആനയുമാണ്. ഒരു രാത്രിയിൽ മഴ പെയ്തു. മഴ നനഞ്ഞ ഗജപതി കുലപതിക്കോ മൂക്കടപ്പ് പിടിച്ചു. വലിയ മൂക്കിനു പിടിച്ചത് വലിയ മൂക്കടപ്പ്.

പഴക്കടക്കാരൻ ഗജപതി കുലപതിയോടു കുറച്ചു പഴം വേണോ എന്നു ചോദിച്ചപ്പോൾ, മറുപടി പറയാൻ ഗജപതി കുലപതി വായ തുറന്നു. ആ.... എന്നു പറഞ്ഞു തുടങ്ങിയത് നീീീീണ്ട ഒരു ആആആആച്ചൂൂൂൂ വിലാണ് അവസാനിച്ചത്.
കടക്കാരന്റെ കയ്യിൽ നിന്ന് വാഴപ്പഴം പറന്നു പോയി. ഹൂൂൂൂഷ്... അതു നേരെ ചെന്നു പോസ്റ്റ്മാന്റെ തലയിൽ വീണു. പചക്ക്ക്ക്... പോസ്റ്റ്മാൻ തെറിച്ച് പശുവിന്റെ മേത്ത് വീണു. ധമ്മൽ.... പശുവാണെങ്കിലോ വാലും പൊക്കിയൊരോട്ടം വച്ചു കൊടുത്തു. മ്ബാാാാ...

ഗജപതി കുലപതിക്ക് സങ്കടമായി. ഗജപതി കുലപതിക്ക് കൂട്ടുകാരെ വിഷമിപ്പിക്കുന്നത് ഇഷ്ടമില്ല. ഗജപതി കുലപതി സോറി പറയാനായി തന്റെ വായ തുറന്നതും...

വാഴപ്പഴക്കടക്കാരൻ തനിക്ക് ആവുന്ന വേഗത്തിൽ ഓടിപ്പാഞ്ഞു കളഞ്ഞു. പോസ്റ്റ്മാനും തനിക്കാവുന്നത്ര വേഗത്തിലോടി. പശുവുമോടി തനിക്കൊക്കുന്ന വേഗത്തിൽ.

ഗജപതി കുലപതിക്ക് വലിയ സങ്കടമായി. ഗജപതി കുലപതിക്ക് തന്റെ കൂട്ടുകാരെ വിഷമിപ്പിക്കുന്നത് ഇഷ്ടമില്ല. ഗജപതി കുലപതി ഒരു മതിലിന്റെ പിന്നിൽ പോയി നിന്നു. ദിവസം മുഴുവൻ അവിടെത്തന്നെ നിന്നു.

ഗജപതി കുലപതിക്ക് മൂക്കടപ്പാണെന്നത് നാട്ടിലെല്ലാവരും അറിഞ്ഞു. ഗജപതി കുലപതിക്ക് മൂക്കടപ്പ്, പഴക്കടക്കാരൻ പാലുകാരനോടു പറഞ്ഞു. പാലുകാരൻ തയ്യൽക്കാരനോടു പറഞ്ഞു, ഗജപതി കുലപതിക്ക് മൂക്കടപ്പ്. തയ്യൽക്കാരൻ പൂക്കാരനോടു പറഞ്ഞു, ഗജപതി കുലപതിക്ക് മൂക്കടപ്പ്. പൂക്കാരൻ പോസ്റ്റുമാനോടു പറഞ്ഞു, ഗജപതി കുലപതിക്ക് മൂക്കടപ്പ്.

എനിക്കറിയാം... ഗജപതി കുലപതിക്ക് മൂക്കടപ്പാണ്. പോസ്റ്റുമാന് ദേഷ്യം വന്നു....
അന്നു രാത്രി വലിയൊരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണർന്നു.
അതൊരു നായയാണോ? ശബ്ദം ഉയർന്നു, ഇനിയതൊരു സിംഹമാണോ? ശബ്ദം വീണ്ടും ഉയർന്നു, ഇടിമിന്നൽ? ശബ്ദം വീണ്ടും ഉച്ചത്തിലായി... ആകാശം ഇടിഞ്ഞു താഴെ വീഴുകയാണോ?
ആച്ച്ച്ച്ച്ചൂൂൂൂൂൂൂ

ഇന്നേവരെ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തുമ്മൽ ആയിരുന്നു അത്. അത് ഗജപതി കുലപതി ആയിരുന്നു.
എല്ലാവരും തിരിഞ്ഞുകിടന്ന് വീണ്ടും ഉറങ്ങി.

തുമ്മലോടെ ഗജപതി കുലപതിയുടെ മൂക്കടപ്പ് പോയി. പിറ്റേന്നു രാവിലെ അവൻ തെളിഞ്ഞു ചിരിച്ചു വന്നു. എല്ലാവരും അവന്റെ ചുറ്റും കൂടി. കൂട്ടത്തിൽ മൂത്ത ഒരു അമ്മുമ്മ പറഞ്ഞു, നമുക്ക് അവന് ഒരു വീടുണ്ടാക്കാം. ഇനിയും അവൻ മഴയത്തു നിന്ന് ജലദോഷം പിടിക്കണ്ട.

അന്നു മുതൽ ആളുകൾ ആച്ചൂ..., ആആച്ചൂ, ആആആച്ചൂ എന്നൊക്കെ കേട്ടെങ്കിലും പിന്നെയൊരിക്കലും ആച്ചചച്ച്ച്ചൂ കേട്ടില്ല.

അശോക് രാജഗോപാലന്റെ ഈ പുസ്തകം ചിത്രങ്ങളുടെ ശരിയായ അകമ്പടിയില്ലാതെ ഇങ്ങനെ കഥ കേട്ടാൽ അതിന്റെ തമാശയും മികവും മനസ്സിലാവില്ല എന്നത് വ്യക്തമാണല്ലോ. തരം താഴാതെ കുട്ടികൾക്ക് ഫലിതം എഴുതുന്നതെങ്ങനെ എന്നത് ഈ പുസ്തകത്തിൽ നിന്നു പഠിക്കാം. അതി ലളിതവും അതേ സമയം ഹൃദയഹാരിയുമായ ചിത്രങ്ങളും ആവർത്തിച്ചു വരുന്ന വാക്കുകളുടെ പരമ്പരാഗത ശൈലിയും ഒക്കെ ചേർന്നാണ് ഈ കഥയെ അനന്യമാക്കുന്നത്. രണ്ടു വയസ്സു മുതൽ അഞ്ചു വയസ്സുവരെയുള്ള ഒരു കുട്ടിയോടൊപ്പം ഈ പുസ്തകവുമായി നിങ്ങൾ ഇരുന്നാൽ, ആ കുസൃതിയുടെ പൊട്ടിച്ചിരികളായിരിക്കും പിന്നെയുണ്ടാവുക എന്നതുറപ്പ്.

അഞ്ഞൂറിലേറെ പുസ്തകങ്ങൾക്കാണ് പാലക്കാട് വേരുകളുള്ള ഈ മദിരാശി ചിത്രകാരൻ വരച്ചിരിക്കുന്നത്. അശോക് രാജഗോപാലന്റെ ഈച്ച പൂച്ച, സുനു സുനു ഒച്ച്, ബേർഡിവേഡ്, ഓടിപ്പോയ കുരുമുളക്, തിളങ്ങുന്ന കല്ലുകൾ, നൃത്തം വയ്ക്കുന്ന ഈച്ചകൾ, തക്കിട്ട തരികിട്ട പന്ത്, തമ്പി തങ്കി പരമ്പരയിലെ നാലു പുസ്തകങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ തമ്പി തങ്കി കഥകൾ മലയാളത്തിൽ വളരെ ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ്.

അടുത്ത മൂന്നു ഗജപതി കുലപതി പുസ്തകങ്ങളുടെ മുഴുവൻ കഥയും ഞാൻ ഇവിടെ പറയുന്നില്ല. പക്ഷേ, അവ നിങ്ങൾക്ക് വരുത്തി വായിക്കാം. ഈ പരമ്പരയിലെ രണ്ടാമത്തെ പുസ്തകമായ ഗജപതി കുലപതി കലബലൂഷ് ആരംഭിക്കുന്നതും ഗജപതി കുലപതി ഒരു വലിയ ആനയായിരുന്നു, ഗജപതി കുലപതി നല്ല ഒരു ആനയായിരുന്നു എന്ന പ്രസ്താവനയോടെ തന്നെയാണ്.

ഒരു ചൂടുകാലത്താണ് ഈ കഥ. ഭയങ്കര ചൂടാണല്ലോ, പഴക്കച്ചവടക്കാരൻ പറഞ്ഞു, പൂക്കാരിയും പോസ്റ്റുമാനും ടീച്ചറും അതു തന്നെ പറഞ്ഞു. മ്ബാാാാഹ് പശു പറഞ്ഞു. ഭയങ്കര ഭയങ്കര ചൂട്, ഗജപതി കുലപതിയും പറഞ്ഞു. നിങ്ങളെല്ലാം കുളത്തിൽ പോയി കുളിക്കാത്തതെന്താ? പാട്ടിയമ്മ ചോദിച്ചു, പിന്നെ എല്ലാവരും കുളത്തിലേക്കോടി. അവരെല്ലാം കുളത്തിൽ ചാടി. കുട്ടികളും കുളത്തിൽ ചാടി. നോക്കിയപ്പോൾ അതാ എന്തോ ഉരുണ്ടുരുണ്ടു വരുന്ന ശബ്ദം. അതാ ഗജപതി കുലപതിയും ഓടി വന്നു കുളത്തിൽ ചാടി. ക്ലബ്ലൂഷ്.....

ഗജപതി കുലപതിക്ക് തണുത്ത വെള്ളം നല്ലവണ്ണം ഇഷ്ടപ്പെട്ടു. പക്ഷേ, ബാക്കിയെല്ലാവരും എവിടെ? നോക്കിയപ്പോഴോ പോസ്റ്റുമാനതാ മാവിന്റെ മണ്ടയിൽ! പൂക്കാരിയും ടീച്ചറും പഴവണ്ടിയിൽ! കുട്ടികൾ എല്ലാവരും വേപ്പുമരത്തിൻ കൊമ്പിൽ! പഴക്കടക്കാരൻ പശുവിന്റെ മേലെ, പശുവോ ടീച്ചറുടെ വീട്ടിന്റെ മേല്ക്കൂരയിൽ. മ്ബാാാാ, പശു കരഞ്ഞു. നമുക്കിത് വീണ്ടും ചെയ്യാം, കുട്ടികൾ അലറി വിളിച്ചു, വേണ്ടാാാാാ! പഴക്കടക്കാരനും പോസ്റ്റുമാനും പൂക്കാരിയും ടീച്ചറും ഒരുമിച്ചു പറഞ്ഞു.

ഗജപതി കുലപതിക്ക് സങ്കടമായി. അവന് കൂട്ടുകാരൊത്തു കളിക്കണമായിരുന്നു. പാട്ടി അമ്മ തല വെട്ടിച്ചു പറഞ്ഞു, പൊട്ടന്മാർ, ആദ്യം ഗജപതി കുലപതി ഇറങ്ങണം എന്നിട്ട് നിങ്ങൾക്കെല്ലാവർക്കും ഇറങ്ങാം. അങ്ങനെ അന്നു മുതൽ കല്ബലൂഷ്, പ്ലിഷ്, പ്ലോഷ്, ഗ്ലിഷ്, ഗ്ലോഷ്, ബ്ലൂഷ്, വൂഷ്... എന്നായി. അല്ലാതെ പ്ലിഷ്, പ്ലോഷ്, ഗ്ലിഷ്, ഗ്ലോഷ്, ബ്ലൂഷ്, വൂഷ്, കലബലൂഷ് എന്നല്ല.

ശബ്ദങ്ങളും വാക്കുകളുടെ ആവർത്തനങ്ങളും കാർട്ടൂണിനോടടുത്ത വരയും കൊണ്ടാണ് അശോക് കുട്ടികളിൽ ചിരിപ്പടക്കം പൊട്ടിക്കുന്നത്. ഈ വിദ്യ ഏറ്റവും നന്നായി ഉപയോഗിച്ചിരിക്കുന്ന പുസ്തകമാണിത്.

2016ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഗജപതി കുലപതി ഗുർർർബുറററൂൂൂംം ആണ് ഈ പരമ്പരയിലെ മൂന്നാമത്തെ പുസ്തകം. ഗജപതി കുലപതി ഒരു നല്ല ആനയായിരുന്നു എന്ന വാക്കുകൾ ആവർത്തിച്ചുകൊണ്ടു തന്നെയാണ് ഈ പുസ്തകവും ആരംഭിക്കുന്നത്. എല്ലാവരും ഗജപതി കുലപതിയുടെ കൂട്ടുകാരായിരുന്നു. ഒരു ദിവസം രാവിലെ ഗജപതി കുലപതിക്ക് പഴക്കടക്കാരൻ പത്തു പടല പഴം തിന്നാൻ കൊടുത്തു. മുമ്മുമ്മും... കൃഷിക്കാരൻ ഒരു കെട്ട് കരിമ്പും കൊടുത്തു. മുമ്മുമ്മുമ്മുംംം. പോസ്റ്റുമാൻ അവന് തേങ്ങയാണ് കൊണ്ടു വന്നത്.

കുട്ടികൾ ശർക്കരയും. മുമ്മ്മു്മു്മ്മുമ്മുമ്മുമ്മും... പൂക്കാരി വലിയൊരു ഉരുള ചോറു കൊടുത്തു. മുമ്മ്മു്മു്മ്മുമ്മുമ്മുമ്മുമ്മുമ്മും... കുറച്ചു നേരം കഴിഞ്ഞപ്പോൾ...
ഗജപതി കുലപതിക്ക് ഭയങ്കര വയറുവേദന! ഗുർബുറൂൂൂംംം.. ഗജപതി കുലപതിയുടെ വയറു പറഞ്ഞു.. ഔച്ച്... ഗജപതി കുലപതി പറഞ്ഞു. പശു കൂട്ടുകാരനെ കാണാൻ വന്നു, ചോദിച്ചു, മ്മ്മ്മ്ബാാ? ഗജപതി കുലപതി കരയുകയായിരുന്നു, ഔഔച്ച്ച്ച്ച്! കൃഷിക്കാരൻ, പഴക്കടക്കാരൻ, പൂക്കാരി, പോസ്റ്റ് മാൻ, കുട്ടികൾ എല്ലാവരും ഗജപതി കുലപതിയെ കാണാൻ വന്നു. അവരുടെ കൂട്ടുകാരനെ വേദനയിൽ കണ്ട് അവർക്കെല്ലാം സങ്കടമായി.

ഗജപതി കുലപതിക്ക് വയറു വേദന, കുട്ടികൾ പറഞ്ഞു. അവനെ ഡോക്ടറുടെ അടുത്തു കൊണ്ടു പോകാം, കൃഷിക്കാരൻ പറഞ്ഞു, എങ്ങനെ? ആരവനെ എടുത്തുകൊണ്ടു പോകും? പൂക്കാരി ചോദിച്ചു. ഞാൻ ഡോക്ടറെ ഇങ്ങോട്ടു കൊണ്ടു വരാം, പോസ്റ്റുമാൻ പോയി.

എല്ലാ അമ്മമാരെയും പോലെ പശുവും കുട്ടികൾ വിഷമിച്ചിരിക്കുമ്പോൾ അവരെ ഇക്കിളിയാക്കും. ഗജപതി കുലപതിയെ പശു വാലുകൊണ്ട് ഇക്കിളിയാക്കാൻ തുടങ്ങി, കിക്കിളി ഗിക്കിളി.. ഗജപതി കുലപതി പുഞ്ചിരിച്ചു. പിന്നെ കുട്ടികളെല്ലാവരും അവനെ ഇക്കിളിയാക്കി. കിച്ചു കിച്ചാ കിച്ചു കിച്ചാ.. ഗജപതി കുലപതി കുറച്ചു ചിരിച്ചു. പിന്നെ എല്ലാവരും അവനെ ഇക്കിളിയാക്കാൻ തുടങ്ങി. കിക്കിളി ഗിക്കളി. ഒടുവിൽ ഗജപതി കുലപതി നല്ലോണം ചിരിച്ചു. ഹഹഹഹഹഹൊഹഹൊഹൊഹാാ.

പെട്ടെന്ന് ഇടിവെട്ടിയതുപോലൊരു ശബ്ദം! എല്ലാവരും പേടിച്ചോടി... അത് ഗജപതി കുലപതിയുടെ പിന്നിൽ നിന്നായിരുന്നു. അവന്റെ വയറുവേദന പോയി! ഡോക്ടർ വന്നപ്പോൾ ആളുകളെല്ലാവരും പരസ്പരം ഇക്കിളിയാക്കി ചിരിക്കുകയായിരുന്നു!

ഈ പരമ്പരയിലെ അവസാന പുസ്തകമാണ് 2020ൽ പ്രസിദ്ധീകരിച്ച ഗജപതി കുലപതി കളിച്ചാ കുളിച്ചാ. അതിന്റെ കഥയും അതിരസകരമാണ്. അതും ആരംഭിക്കുന്നതങ്ങനെ തന്നെ.

ഗജപതി കുലപതി ഒരു വലിയ ആനയായിരുന്നു എന്നു പറഞ്ഞുകൊണ്ടു തന്നെയാണ്. അവൻ കൂട്ടുകാരുമൊത്ത് ഒരു ഗ്രാമത്തിൽ പാർത്തു വന്നു. രാത്രിയിൽ മഴ പെയ്തു. മണ്ണ് നനഞ്ഞു, മരങ്ങൾ നനഞ്ഞു, പക്ഷേ, ഗജപതി കുലപതി നനഞ്ഞില്ല. അവൻ അവന്റെ വീട്ടിൽ നനയാതെ നിന്നു. രാവിലെ മഴ നിന്നു. പക്ഷേ, മണ്ണ് നനഞ്ഞു കുഴഞ്ഞ് ചെളിയായി കിടന്നു.

ഇന്ന് സ്‌കൂളിന് അവധിയായിരിക്കും ടീച്ചർ പറഞ്ഞു. യായ്... കുട്ടികൾ ആർപ്പു വിളിച്ചു, മ്ബാാാ. പശു നീട്ടിക്കരഞ്ഞു. കുളിച്ചു ബുളിച്ചു, അവരെല്ലാം കളിക്കാൻ പുറത്തേക്കോടി. കളിച്ചാ കുളിച്ചാ! ഗജപതി കുലപതി ചെളിയിലൂടെ ഓടി നടന്നു. കളിച്ചാലൂച്ച്. അവൻ ചെളിയിൽ കിടന്നുരുണ്ടു. കുട്ടികളും പശുവും ഗജപതി കുലപതിയും ആകെ ചെളിയിൽ കുളിച്ചു. നിങ്ങളെല്ലാവരും പോയി കുളിക്കൂ, പാട്ടി പറഞ്ഞു. കുളത്തിൽ പോയി കുളിക്കൂ.. ടീച്ചർ പറഞ്ഞു. ഞാൻ നിന്നെ കുളിപ്പിക്കാം, പഴക്കടക്കാരൻ പറഞ്ഞു. പക്ഷേ, ഗജപതി കുലപതിക്ക് കുളിക്കണ്ടായിരുന്നു.

അവൻ ഓടിക്കളഞ്ഞു. ഗജപതി കുലപതി എവിടെ പഴക്കടക്കാരൻ ചോദിച്ചു. ദാ അവിടെ, മതിലിനു പിന്നിൽ ഒളിച്ചിരിക്കുന്നു. അവരെല്ലാം മതിലിനു പിന്നിൽ ചെന്നപ്പോൾ ഗജപതി കുലപതിയെ കാണാനില്ല! ഗജപതി കുലപതി എവിടെപ്പോയി! ദാ അവിടെ, മരത്തിനു പിന്നിൽ! അവർ മരത്തിനടുത്തെത്തിയപ്പോൾ ഗജപതി കുലപതി അവിടെ നിന്നും ഓടിക്കളഞ്ഞു.

ഗജപതി കുലപതി എവിടെ? പഴക്കടക്കാരനും ടീച്ചറും പാട്ടിയും കുളത്തിലെ പാറമേലിരുന്ന കുട്ടികളും ചോദിച്ചു. പെട്ടെന്നതാ ഗ്ലുബക്ക്, ഗ്ലുബക്ക്... പാറ അനങ്ങി. അത് ഗജപതി കുലപതി ആയിരുന്നു. കുളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. കുട്ടികളെല്ലാം വെള്ളത്തിൽ വീണു. ഗജപതി കുലപതി കരയ്ക്കു കയറി. ഇനി ഗജപതി കുലപതിക്ക് കുളി വേണ്ട. അവന്റെ മേത്തെ ചെളിയെല്ലാം പോയി.

ഈ മനോഹര പുസ്തകം വായിക്കാൻ എല്ലാവർക്കും ഞാൻ നിർദേശിക്കുന്നു. പക്ഷേ, ഒരു നിരീക്ഷണം അവതരിപ്പിക്കാതിരിക്കാൻ നിവൃത്തിയില്ല.

അശോക് രാജഗോപാലൻ എഴുതുന്നത് "ശുദ്ധ ഹാസ്യ'മാണ്. അത് ഒരർത്ഥത്തിൽ അരാഷ്ട്രീയമാണ്. ഇതൊരു സ്വീഡിഷ് എഴുത്തുകാരിയുടെ കൃതി ആയിരുന്നെങ്കിൽ എന്നു ഞാൻ ആലോചിച്ചിട്ടുണ്ട്. ആ സമൂഹത്തിന്റെ രാഷ്ട്രീയ ബലാബലങ്ങൾ അപ്രത്യക്ഷമാവൽ ആവില്ലായിരുന്നു ശ്രദ്ധേയമാവുക.

ഈ കഥയിലെ കഥാപാത്രങ്ങളിലൂടെ ആ ഗ്രാമത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളെയും ജാതി - വർഗ ബന്ധങ്ങളെയും ഒരു കുട്ടിക്ക് മുന്നിൽ തലതിരിച്ചു കാണിക്കുന്ന കഥകളായേനെ ഗജപതി കുലപതി. ഒരു ഇന്ത്യൻ ഗ്രാമത്തിലെ ബലാബലങ്ങളെ അട്ടിമറിക്കുന്ന ചോദ്യങ്ങളൊന്നും ഉയരുന്നില്ല എന്നതാണ് അതിമനോഹരമായി ചെയ്ത ഈ പുസ്തകങ്ങളുടെ പരിമിതി. ഈ രാഷ്ട്രീയം ഉന്നയിക്കാതെ, എത്ര മികവുള്ളതായാലും, നമ്മുടെ ബാലസാഹിത്യം പരമ്പരാഗത മൂശകളിൽ തന്നെ തുടരും.


റൂബിൻ ഡിക്രൂസ്‌

നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്റർ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ.

Comments