എസ്.ഹരീഷ്

പട്ടുനൂൽപ്പുഴു നെയ്യുന്ന
ചെറിയ (വലിയ) ലോകങ്ങൾ

കുട്ടിക്കണ്ണുകളിലൂടെ നാമടക്കമുള്ള മുതിർന്നവർ സൃഷ്ടിച്ചെടുക്കുന്ന ലോകങ്ങളെ നോക്കിക്കാണുന്ന, വിലയിരുത്തുന്ന, പലപ്പോഴും നിസ്സഹായരായി നോക്കിനിൽക്കുന്ന ആഖ്യാനമാണ് എസ്. ഹരീഷിന്റെ ‘പട്ടുനൂൽപ്പുഴു’ എന്ന നോവലിനെ വേറിട്ടതാക്കുന്നതെന്ന് ഡോ. എബിൻ എം. ദേവസ്യ എഴുതുന്നു.

വിടെ വച്ചാണ് എൻ്റെ ബാല്യം തകർന്നു തുടങ്ങിയത്?
ഇതൊരു ചോദ്യമായി വായനക്കാർ സ്വയം ചോദിക്കുവാൻ തുടങ്ങുന്നതോടെ പട്ടുനൂൽപ്പുഴുവിലെ നായകകഥാപാത്രം സംസ നമ്മോട് സംസാരിച്ചു തുടങ്ങുന്നു. മലയാള നോവലിൻ്റെ ചരിത്രം പരിശോധിക്കുന്ന ഘട്ടത്തിൽ ബാലസാഹിത്യത്തിൻ്റെ ഒരു മണ്ഡലത്തെ മാറ്റി നിർത്തിയാൽ കുട്ടികൾ കേന്ദ്രകഥാപാത്രമായി വരുന്ന നോവലുകൾ വളരെ ചുരുക്കമാണ്. കുട്ടികളുടെ ജീവിതത്തെ മുതിർന്നവരിൽ നിന്നും വേറിട്ട് നോക്കിക്കാണുന്ന കൃതികൾ പിന്നെയും ചുരുങ്ങും. ഒരു കുട്ടി ലോകത്തെ നോക്കിക്കാണുന്നതെങ്ങനെ എന്ന സാഹിതീയാന്വേഷണങ്ങളിൽ പലതും മുതിർന്നുപോവും. ഇത്തരമൊരു സാഹിത്യ പശ്ചാത്തലത്തിൽ എസ്. ഹരീഷിൻ്റെ പട്ടുനൂൽപ്പുഴു കൂടുതൽ വിശദമായിത്തന്നെ കുട്ടിക്കണ്ണുകളിലൂടെ നാമടക്കമുള്ള മുതിർന്നവർ സൃഷ്ടിച്ചെടുക്കുന്ന ലോകങ്ങളെ നോക്കിക്കാണുന്നു, വിലയിരുത്തുന്നു, പലപ്പോഴും നിസ്സഹായരായി നോക്കിനിൽക്കുന്നു.

ഈ കൃതിയിലൂടെ കടന്നുപോവുന്ന വായനക്കാർ സുഡാനിലെ പട്ടിണി കൊണ്ടും സഘർഷങ്ങൾകൊണ്ടും മരിക്കുന്ന കുരുന്നുകളെ ഓർമ്മിക്കുന്നു, ഗാസയിലെ അമേരിക്കൻ - ഇസ്രായേൽ ആയുദ്ധക്കച്ചവടത്തിൻ്റെ ഇരയായി ഒടുങ്ങുന്ന കുട്ടികളെക്കണ്ട് കണ്ണീരണിയുന്നു, ലോകമെങ്ങും മരിച്ചുവീഴുന്ന, അപമാനിതരാവുന്ന കുട്ടികളിൽ സംസയുടെ മുഖം കാണുന്നു. ഇങ്ങനെ പട്ടുനൂൽപ്പുഴു ഒരേസമയം അതിൻ്റെ കഥ പറഞ്ഞു കൊണ്ട് മുന്നോട്ട് പോവുകയും സമാന്തരമായി നമ്മുടെ പരിസരങ്ങളെ ഒരു സ്ക്രീനിലെന്നപോലെ പ്രദർശിപ്പിച്ചുകൊണ്ട് അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഈ ചിത്രങ്ങൾ പകരുന്ന നിശ്ചലത കഥയുടെ ഒഴുക്കിനോടിടകലർന്ന് ഒഴുകുകയും പിരിയുകയും ചെയ്യുന്നു.

എസ്. ഹരീഷിൻ്റെ പട്ടുനൂൽപ്പുഴു കൂടുതൽ  വിശദമായിത്തന്നെ കുട്ടിക്കണ്ണുകളിലൂടെ നാമടക്കമുള്ള മുതിർന്നവർ  സൃഷ്ടിച്ചെടുക്കുന്ന ലോകങ്ങളെ നോക്കിക്കാണുന്നു, വിലയിരുത്തുന്നു, പലപ്പോഴും നിസ്സഹായരായി നോക്കിനിൽക്കുന്നു.
എസ്. ഹരീഷിൻ്റെ പട്ടുനൂൽപ്പുഴു കൂടുതൽ വിശദമായിത്തന്നെ കുട്ടിക്കണ്ണുകളിലൂടെ നാമടക്കമുള്ള മുതിർന്നവർ സൃഷ്ടിച്ചെടുക്കുന്ന ലോകങ്ങളെ നോക്കിക്കാണുന്നു, വിലയിരുത്തുന്നു, പലപ്പോഴും നിസ്സഹായരായി നോക്കിനിൽക്കുന്നു.

സംസ എന്ന കൊച്ചുകുട്ടിയുടെ അതിജീവനം പകർത്തുന്ന തരത്തിലാണ് നോവലിൻ്റെ ഘടന മുന്നോട്ടുപോവുന്നത്. ഇതിനൊപ്പം ചേരുന്ന വായനക്കാരെ തനിക്കത്ര പരിചിതമല്ലാത്ത നാട്ടിൽപുറങ്ങളിലൂടെ എഴുത്തുകാരൻ നയിക്കുന്നു. നോവലിലെ ഈ നാട്ടിൻപുറവും അവിടെ രൂപപ്പെടുന്ന ലോകവും ജീവിച്ചിരിക്കുന്നവർക്ക് മാത്രം സ്വീകാര്യമായ ഒരിടമല്ല. അത് മരിച്ചവരുടെ കൂടിയാണ്. സംസ നോവലിൽ കൂടുതലായി ഇടപെടുന്നതും ഈ ഇടത്താണ്. ജീവിച്ചിരിക്കുന്നവർ ചെറുപ്പത്തിലേ അവനു നൽകുന്ന കയ്പുനിറഞ്ഞ അനുഭവങ്ങളാവണം മരിച്ചവരുമായി കൂട്ടുകൂടാനും അചേതന വസ്തുക്കളുമായി ഇടപെഴുകുന്നതിനും അവന് ഇടനൽകിയത്. അതുകൊണ്ടാണ് വർഷങ്ങൾക്കുമുൻപ് മരിച്ചു പോയ ദാമുവിൻ്റെ സഹോദരിയെ (ദാമുപോലും വല്ലപ്പോഴും മാത്രം ഓർമ്മിക്കുന്ന) നടാഷ എന്ന് പേരിട്ടവൻ വിളിച്ചതും കൂടെക്കൂട്ടിയതും.

വിജയൻ കടം വാങ്ങിയ പണം തിരികെ വാങ്ങാനെത്തിയ വ്യക്തി സംസയെ മുഖമടച്ച് തല്ലുമ്പോൾ ഒരിക്കലും കുരച്ചു ശബ്ദമുണ്ടാക്കാത്ത ഇലു വല്ലാതെ കുരയ്ക്കുന്നതും അവസാനം ചത്തു പോവുന്നതും ഇതോടൊപ്പം തന്നെയാണ് ചേർത്തെടുക്കേണ്ടത്. യഥാർത്ഥത്തിൽ സംസയോട് കൂടുതൽ ആഴപ്പെടുന്നതിനായി അന്നാ രാത്രിയിൽ ഇലു തൻ്റെ തുടലിൻ കുരുങ്ങി മരിച്ചവരുടെ ലോകത്തേയ്ക്ക് എത്തിപ്പെടുകയായിരുന്നില്ലേ? മരിച്ചുപോയ പെൺകുട്ടിയും (നടാഷ എന്ന് സംസ പേരിട്ടു വിളിക്കുന്ന) ആനിയുടെ പഴയ പേരും തമ്മിൽ ഒന്നുചേരുന്ന ഇടമേതാണ്? സ്റ്റീഫനുണ്ടാകുന്ന ഭ്രാന്തും ഭ്രാന്തിനു ശേഷം അയാൾക്കുണ്ടാകുന്ന പ്രണയവും തമ്മിലിടയുന്ന തലമേതാണ്? പട്ടുനൂൽപ്പുഴു വീണ്ടും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നു. അവ വായനക്കാരൻ കഷ്ടപ്പെട്ടു പണിതുയർത്തിയ ഭാവനാലോകത്തിൻ്റെ ഏകാഖ്യാനഭാവത്തെ തകർക്കുന്നു.

ഒരു കുട്ടി കാണുന്ന ലോകം എത്രത്തോളം വൈവിധ്യം നിറഞ്ഞതാണ്? നാം കുട്ടികളായിരുന്നപ്പോൾ കണ്ടുമുട്ടിയ പലതിനെയും വീണ്ടും ഓർമ്മിച്ചെടുക്കുവാനുള്ള ഇടം കൂടിയാവുന്നുണ്ട് പട്ടുനൂൽപ്പുഴുവിൻ്റെ വായന. ബാല്യത്തിലെവിടെയെങ്കിലും മുറിവേറ്റ ഒരു കുട്ടി നിങ്ങളുടെ അകത്തായി കുടികൊള്ളുന്നുണ്ടെങ്കിൽ ഈ നോവലിൻ്റെ വായന അതിനെ പുറത്തെടുത്തിട്ടുണ്ടാവും എന്നതിൽ സംശയമില്ല. അപമാനിത/ അപമാനിതനാവുന്ന ബാല്യം സമൂഹത്തിൻ്റെ കൂടി രോഗാവസ്ഥയാണ് എന്ന് എഴുത്തുകാരൻ കരുതുന്നതിനാലാവും സംസയെ മുറിപ്പെടുത്താനുള്ള ഓരോ ശ്രമത്തിനു ശേഷവും ആളുകൾ അവനോട് നേരിട്ടോ അല്ലാതെയോ മാപ്പിരിക്കുന്നത്.

“പോയി നാം ഇത്തിരി വ്യാകരണം
വായിലാക്കീട്ടു വരുന്നു മന്ദം,
നാവിൽനിന്നപ്പോഴേ
പോയിക്കഴിഞ്ഞു
നാനാ ജഗന്മനോരമ്യ ഭാഷ” എന്ന ഇടശ്ശേരിക്കവിതയോട് നാം സംസയെ ഭാവന ചെയ്തുതുടങ്ങുമ്പോഴിടയുന്നു. ഇടശ്ശേരിയുടെ കവിതയിൽ സസ്യലതാതികളെയും പക്ഷികളെയും തൻ്റെ പരിസരങ്ങളെയും മറക്കുകയും മുഖ്യധാരാ സമൂഹത്തോട് (മുതിർന്നവരുടെ ലോകം, അവിടെ ഭാഷാതന്നെ വ്യത്യസ്തമാണ്) ഇണങ്ങുകയും ചെയ്യുന്ന ഒരു കുട്ടിയെ ഭാവന ചെയ്യുകയും അതിനോട് ഒരുതരം സഹാനുഭൂതി രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സംസയിൽ ഇത് കാണാനാവില്ല എന്നതാണ് ഇതിലെ വൈരുദ്ധ്യം. സംസ അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആ ‘നാനാ ജഗന്മനോരമ്യ ഭാഷ’യെ കൈവിടുന്നില്ല എന്നത് നോവലിന്റെ ആഖ്യാനത്തിൽ പ്രധാനമാണ്. ബാല്യം മുൻപവതരിപ്പിക്കപ്പെട്ടതിൽ നിന്നും വ്യത്യസ്തമായി പട്ടുനൂൽപ്പുഴുവിൽ ചർച്ച ചെയ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്. കുട്ടി അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അവൻ്റെ വളർച്ചയെ സ്വാധീനിക്കുന്നു എന്ന വാർപ്പു മാതൃകയിൽനിന്ന് വ്യത്യസ്തമായി നോവലിൽ അത് അതിജീവനത്തിൻ്റെ കൂടി ഭാഗമാവുന്നു. ഇങ്ങനെ പ്രശ്നങ്ങളെ സാധാരണീകരിക്കുകയല്ല എഴുത്താൾ ഇവിടെ ചെയ്യുന്നത്. ഇവയെ ആവിഷ്കരിക്കുന്നതിലെ അപരിചിതത്വം അധവാ അന്യതാപ്രതീതി ഉപേക്ഷിക്കുകയാണ്.

എസ്. ഹരീഷ്
എസ്. ഹരീഷ്

ലോകമെന്നാൽ മനുഷ്യൻ അധിവസിക്കുന്നയിടം എന്ന കൊളോണിയൻ ആധുനികത മുന്നോട്ടുവച്ച സ്ഥലബോധക്രമത്തെ ഈ നോവൽ അതിലംഘിക്കുന്നുണ്ട്. ഇവിടെ ആളുകൾ കുറ്റപ്പെടുത്തുമ്പോൾ, പുതിയതായി തുടങ്ങിയ സംരംഭവും തകർന്നുകഴിയുമ്പോൾ തൻ്റെ തൊടിയിലെ പശുവിനെ ഒരു ബക്കറ്റിൽ വെള്ളമെടുത്ത് കുളിപ്പിക്കുന്ന വിജയനുണ്ട്, തൻ്റെ പഴയ പ്രണയത്തെയും അതിൻ്റെ അറ്റത്തായി ജീവിതത്തെത്തന്നെ കുരുക്കിയിട്ട ഓർമ്മകളെയുമോർത്ത് വേവുമ്പോൾ ആടുകളെ പരിപാലിക്കുന്ന ആനിയുണ്ട്, നാട്ടുകാരുടെ മുഴുവൻ ആരോഗ്യത്തിനായി ഏതു നിമിഷവും രസായനമാവാൻ കാത്തുകഴിയുന്ന, എന്നാൽ അതിനെപ്പറ്റി യാതൊരു ബോധ്യവുമില്ലാത്ത പാണ്ടിക്കാർ കൊണ്ടു കെട്ടിയ മുട്ടനാടുണ്ട്, മണ്ണിനടിയിൽ മരിച്ചവർ പണിതുയർത്തിയ സമാന്തരലോകമുണ്ട്. ഇങ്ങനെ പല ലോകക്രമങ്ങളുടെ ധാരാളിത്തമാണ് ഈ നോവലിനെ സമ്പന്നമാക്കുന്നത്.

നോവലിൻ്റെ അന്ത്യഭാഗം ഒരു ചെറുകഥയുടെ മുറുക്കവും ഘടനയും ഓർമ്മപ്പെടുത്തുന്നുണ്ട്. എന്തോ ഒന്ന് സംഭവിക്കാനായുന്ന പ്രതീതിയുണർത്തുന്ന ആഖ്യാനശൈലി ഒന്നു കൊണ്ടുമാത്രമല്ല, മറിച്ച് ഇതുവരെ സംഭവിച്ചവയെല്ലാം നമ്മിൽ കെട്ടുപിണഞ്ഞുള്ള മുന്തിരിവേരുഘടനയെ ഓർമ്മിപ്പിക്കുന്ന ഇഴയടുപ്പങ്ങളും സങ്കീർണ്ണകതകളും കൂടി ഇതിൻ്റെ അവസാന ഭാഗത്തെ ചെറുകഥയുടെ ശൈലിയോട് അടുപ്പിക്കുന്നു. ഇങ്ങനെയെല്ലാം പട്ടുനൂൽപ്പുഴു അതിൻ്റെ നൂലുകളാൽ പല വായനകളുടെ ഇഴകളാണ് നെയ്തെടുക്കുന്നത്.


Summary: Dr. Abin M. Devasya says that what makes Pattunoolppuzhu different is that it shows the world created by adults through a child’s eyes, often with a sense of helplessness.


ഡോ. എബിൻ എം.ദേവസ്യ

കവി. യുവരാജ്​ സിങ്​: അതിജീവനത്തിന്റെ ആറു സിക്​സറുകൾ, 'കേടായ അന്തർവാഹിനികളുടെ യാഡ്' എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments