വെളിച്ചത്തിന് ഭേദിക്കാൻ കഴിയാത്ത വിധം കനമേറിയ ഇരുട്ടിലൂടെ ആടിയുലയുമ്പോഴും, എത്ര കുടകൾ ചൂടിയാലും ദേഹമാസകലം നനഞ്ഞു കുതിർപ്പിക്കുന്ന തോരാമഴയിൽ ഉള്ളം കിടുങ്ങു മ്പോഴും ദൂരെ, ദൂരെ ഏതോ ഒരു ഗുഹാമുഖത്തിനപ്പുറം വെളിച്ചത്തിൻ്റെ രജതരേഖയെന്ന 'പ്രത്യാശയിലേക്ക്, നീന്താൻ ശ്രമിക്കുന്ന ഒരു പറ്റം മനുഷ്യരുടെ, തണ്ണീരാഴങ്ങളിൽ വേരുകൾ ഉലഞ്ഞുപോയ കണ്ടൽക്കാടുകൾ പോൽ അഭയാർത്ഥിസങ്കടങ്ങളുടെ കഥ പറയുകയാണ് ഇ. സന്തോഷ് കുമാർ എന്ന എഴുത്തുകാരൻ, ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലിലൂടെ.
തപോമയി - ഉത്തമനായ മനുഷ്യൻ. പേരർത്ഥം സൂചിപ്പിക്കും പോലെ ഉത്തമനായ ഒരു വ്യക്തിത്വമാണ് കേന്ദ്ര കഥാപാത്രമായ തപോമയി. സ്വന്തം നാടും വീടും നഷ്ടപ്പെട്ട് കൽക്കത്തയിലേക്ക് കുടിയേറിയ നൂറുകൂട്ടം അഭയാർത്ഥികളുടെ വേരുറപ്പിക്കാൻ കോർപ്പറേറ്റ് ഉദ്യോഗവും ജീവിത സൗഭാഗ്യവും പിന്നിലുപേക്ഷിച്ച് അലഞ്ഞു തിരിയുകയാണയാൾ. ജീവിതത്തിൻ്റെ സായന്തനത്തിലും തീർത്തും ദുർഗ്രഹമായ മറ്റൊരു ലോകം ഉള്ളിൽ കൊണ്ട് നടക്കുന്ന, വിചിത്രലിപികളുടെ കൂട്ടുകാരൻ, ഗോപാൽ ബറുവ - ഉണങ്ങാത്തൊരു മുറിവായി നോവലാന്ത്യത്തിലും വായനക്കാരനെ പിന്തുടരുകയാണ്.
കിഴക്കൻ ബംഗാളിൽ നിന്നുള്ള അഭയാർത്ഥികളാണ് ഗോപാൽ ബറുവയും മകൻ തപോമയിയും. ഭൂതകാല ത്തിൻ്റെ തടവറയിൽ വിങ്ങലൊടുങ്ങാത്ത മനസ്സിൻ്റെ തോരാമഴയിൽ ഗോപാൽ ബറുവയുടെ ഗൂഢജീവിതം ഇഴ പിരിയുകയാണ്.
സുന്ദർ ബൻസിലെ ഒരു ദ്വീപിലേക്കും ദ്വീപ് പ്രളയത്തിൽ മുങ്ങിയപ്പോൾ കൽക്കട്ടയിലേക്കും കുടിയേറി പാർത്ത അഭയാർത്ഥി സമൂഹത്തിൻ്റെ ക്ഷേമത്തിനായി ജീവിതം ഹോമിച്ചു തീർക്കുകയാണ് തപോമയി. തൻ്റെ കൂടി വേരുകളാണ് നിലയില്ലാക്കയത്തിൻ്റെ ചതുപ്പിൽ ഒരിത്തിരി മണ്ണുറപ്പിനായി വേഴാമ്പൽ രാവുകളുരുക്കുന്നത് എന്ന് അയാൾക്ക് നന്നായറിയാം. നിയമത്തോടും നിസ്സഹായതയോടും ഒരേസമയം പടവെട്ടുകയാണയാൾ.

ഇരുവരുമായി എഴുത്തുകാരൻ്റെ സൗഹാർദ്ദത്തിലൂടെയും സംഭാഷണങ്ങളിലൂടെയും ,ഇടയിൽ കയറിയിറങ്ങിപ്പോകുന്ന മറ്റനേകം കഥാപാത്രങ്ങളിലൂടെയും വളരുകയാണ് നോവൽ .പലപ്പോഴും അഭയാർത്ഥി ക്യാമ്പിൻ്റെ ഓരം പറ്റി നീങ്ങുമ്പോൾ കഥയും കഥാകാരനും ആഴമളക്കാനാവാത്ത ഇരുട്ടിൻ്റെ കരിനഖങ്ങൾ കാണുന്നു . അത് മുറിവേല്പിച്ച മനസ്സുകളുടെ ചോരച്ചാലുകൾ നീന്തിക്കടന്നാണ് ആഖ്യാതാവ് കഥാപാത്രങ്ങളെ മുന്നോട്ട് നടത്തുന്നത്. ഈ കയറ്റിറക്കങ്ങളിൽ ,സ്നേഹമുണ്ട് ,സ്നേഹ നിരാസങ്ങളുണ്ട്,
പറഞ്ഞറിഞ്ഞ പ്രണയവും പറയാനാവാത്ത പ്രണയ മൗനങ്ങളുമുണ്ട്. നിസ്സംഗതയും, നിസ്സാഹായതയും രോഷവും പകയും, ക്രൗര്യവും സാന്ത്വനവും,എല്ലാമുണ്ട്.എല്ലാറ്റിലും ഉപരി ,
ജീവിതംപോലെ സമസ്യ പൂരിപ്പിക്കാൻ പ്രയാസമുള്ള നിഗൂഢ ലിപികൾ അതിലൂടെ ഊളിയിട്ടിറങ്ങിപ്പോകുമ്പോൾ വെളിപ്പെടുന്ന ഉടുപ്പഴിച്ച സത്യങ്ങൾ, പലതരം മുറിവുകൾ ,ഒടുങ്ങാത്ത ചോദ്യങ്ങൾ,അതിൻ്റെ രഹസ്യാത്മക വൈകാരിക തലങ്ങൾ,എല്ലാം വായനക്കാരനെ പിടിച്ചിരുത്തുന്നു .സ്വയം വെളിപ്പെടുത്തുന്ന കണ്ണാടിയായി അവന് മുന്നിൽ തെളിയുന്നു.
സുമനയുടെ വാക്കുകൾ കടമെടുത്താൽ, പങ്കായം കൊണ്ടല്ലാ പക കൊണ്ട് തോണി തുഴഞ്ഞ ഗോപാൽ ബറുവ ചെയ്ത് പോയൊരു അരുതായ്മയുടെ നെരിപ്പോട് നെഞ്ചിലേറ്റി പിന്നീടുള്ള ജീവിതം മുഴുവൻ വിങ്ങിവിങ്ങി തീരുകയാണ്. ഒരുപക്ഷേ അയാൾ ചെയ്ത ഒരേയൊരു അരുതായ്മ. തൻ്റെയും തൻ്റെ മകൻ്റെയും ഭൂതകാലം എന്നെന്നേക്കുമായി മറച്ചു പിടിക്കണം എന്നാലതിൻ്റെ ഭൂതം തന്നെ വിടാതെ പിന്തുടരുകയും ചെയ്യുന്നു എന്ന വേവലാതിയിൽ നിന്നാണ് സാധാരണക്കാർക്ക് പിടിതരാത്ത പ്രാചീനലിപികളുടെ ഡയറിയെഴുത്ത് രൂപം കൊള്ളുന്നത്.
"ചെയ്യുന്നതല്ല, ചിലപ്പോഴെങ്കിലും ഒന്നും ചെയ്യാതി രിക്കുന്നതാണ് ഏറ്റവും വലിയ കുറ്റം. ഗോപാൽ…” സുമന കെട്ടഴിച്ചുവിടുന്ന വാക്കുകൾ ഗോപാൽ ബറുവയുടെ മുഖത്തേക്ക് മാത്രമല്ല സമൂഹത്തിലെ രാവണമുഖങ്ങളിലേക്ക് കൂടിയാണ് ചിതറിത്തെറിക്കുന്നത്.
ലളിതമായ ആഖ്യാനശൈലിയും ആവിഷ്ക്കാര ഭംഗിയും നോവലിനെ ഈടുറ്റതാക്കുന്നു. മനുഷ്യമനസ്സിൻ്റെ സങ്കീർണതകളും വിഹ്വലതകളും ആഴച്ചുഴികളും നിശ്ശബ്ദ സംഘർഷങ്ങളും ഇത്രമേൽ സത്യസന്ധമായി തീവ്രമായി ആവിഷ്ക്കരിച്ച എഴുത്തുകാരൻ്റെ വൈഭവത്തിന് ചേർന്ന ഏറ്റവും മികച്ച അംഗീകാരമാണ് 2024-ൽ നോവലിന് ലഭിച്ച വയലാർ പുരസ്ക്കാരം.
അതെ. വായിച്ചു തീരുമ്പോഴും വലിയൊരു ഭാരം വായനക്കാരിൽ അവശേഷിപ്പിക്കുന്ന വൈകാരിക തീവ്രത. ചില തിരിച്ചറിയലുകൾ കഥാഖ്യാനം അവശേഷിപ്പിക്കുന്നുണ്ട്. അതു തന്നെയാണ് ഈ നോവലിൻ്റെ ഏറ്റവും വലിയ പ്രത്യേകത. നോവലിസ്റ്റിൻ്റേയും…
