സൽമാൻ റുഷ്ദിയുടെ പുതിയ കഥാസമാഹാരമായ The Eleventh Hour കയ്യിൽ കിട്ടിയപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. വല്ലാത്തൊരാശ്വാസം. റുഷ്ദിക്ക് വീണ്ടും എഴുത്തിലേക്ക് വരാൻ കഴിഞ്ഞിരിക്കുന്നു, അതൊരു ചെറിയ കാര്യമല്ല.
2022 ഓഗസ്റ്റ് 12 ന് വെള്ളിയാഴ്ച രാവിലെ ന്യൂയോർക്കിനടുത്തുള്ള ഒരു ആംഫി തിയേറ്ററിൽ വെച്ച് ആക്രമിക്കപ്പെട്ടതോടെ റുഷ്ദിയുടെ എഴുത്തുജീവിതം അവസാനിച്ചേക്കുമോ എന്ന ഭയം നിലനിന്നിരുന്നു. മരണത്തെ മുഖാമുഖം കണ്ട ആ അനുഭവത്തെക്കുറിച്ച് അദ്ദേഹം ‘നൈഫ്’ (Knife: Meditations After an Attempted Murder) എന്നൊരു പുസ്തകം ഒരു വർഷം മുമ്പ് എഴുതി. അപ്പോഴും സർഗാത്മക രചനയിലേക്ക് മടങ്ങാനാവുമോ എന്ന സന്ദേഹം ബാക്കിയായി. അതും സംഭവിച്ചിരിക്കുന്നു. എന്നിലെ വായനക്കാരന്റെ ആശ്വാസവും ആഹ്ലാദവും ഇവിടെ പങ്കുവെക്കുകയാണ്.
41-ാം വയസ്സിൽ, 1988-ലാണ് വിവാദ നോവലായ സാത്താനിക് വേഴ്സസ് (The Satanic Verses) റുഷ്ദി എഴുതി പ്രസിദ്ധീകരിച്ചത്. അന്നുതൊട്ട് ഈ എഴുത്തുകാരൻ കൊല്ലപ്പെട്ടേക്കുമെന്ന സാദ്ധ്യതയുമായാണ് ജീവിച്ചുപോന്നത്. നീണ്ട മൂന്നര പതിറ്റാണ്ട് വ്യക്തിപരമായ സ്വാതന്ത്ര്യമില്ലാതെ, കർശന നിയന്ത്രണങ്ങളോടെ, അതിവ സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ റുഷ്ദി ജീവിച്ചു. ആവിഷ്കാരസ്വാതന്ത്ര്യം എന്ന ആശയത്തിന് കൊടുത്ത വിലയായിരുന്നു അത്. അദ്ദേഹം തളർന്നില്ല. ആക്രമണ സാദ്ധ്യത കുറഞ്ഞുതുടങ്ങിയെന്ന തോന്നലോടെ 2015 മുതൽ അമേരിക്കയിൽ ജീവിച്ചുപോരുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വേദിയിൽ വെച്ച് റുഷ്ദി അക്രമിക്കപ്പെട്ടത്. സ്റ്റേജിലെത്തിയ ഒരു യുവാവ് റുഷ്ദിയെ കത്തിക്കൊണ്ട് കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നു. 27 സെക്കൻ്റുകൾ കൊണ്ട് മൂന്നര പതിറ്റാണ്ടിന്റെ കരുതലിനെ അയാൾ തകർത്തുകളഞ്ഞു. റുഷ്ദിക്ക് ആക്രമണത്തിൽ വലതു കണ്ണു നഷ്ടമായി. ലിവറിനും ഇടതുകയ്ക്കും കേടുപറ്റി.

ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷം റുഷ്ദി ജീവിതം തിരിച്ചുപിടിച്ചു. എഴുതാനാവുമോ എന്ന സന്ദേഹം അപ്പോഴും ബാക്കിയായി. നൈഫ് എന്ന രചന വന്നതോടെ സമാധാനമായി. സർഗാത്മകതയ്ക്ക് പോറലേല്പിക്കാൻ മതഭ്രാന്തന്മാരുടെ ഫത്ത്വയ്ക്കോ കത്തിക്കോ സാധിച്ചില്ല. ഭാഷയാണ് തന്റെ ആയുധം എന്ന് അദ്ദേഹം തെളിയിച്ചു. മതഭ്രാന്തന്മാരുടെ കത്തിയേക്കാൾ കരുത്ത് റുഷ്ദിയുടെ ഭാഷയ്ക്കുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞു.
ഇപ്പോഴിതാ അഞ്ചു കഥകളുടെ പുതിയ സമാഹാരവുമായി സൽമാൻ റുഷ്ദി വായനക്കാരുടെ മുമ്പിലേക്കു വന്നിരിക്കുന്നു. ഇതിലെ മൂന്നു കഥകൾ പുതിയവയാണ്. 2022- നു ശേഷം എഴുതിയവ. ഒറ്റക്കണ്ണുമായി എഴുതിയ കഥകൾ. രണ്ടെണ്ണം അതിനു മുമ്പെഴുതിയവയും. കഥകളൊന്നും ഞാൻ വായിച്ചിട്ടില്ല. പുസ്തകം കിട്ടിയതേയുള്ളൂ. റുഷ്ദിയുടെ ഓരോ എഴുത്തും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിജയമാണ്. അതുകൊണ്ടാണ് വായിക്കും മുമ്പേ ഈ കഥാസാമാഹാരത്തെക്കുറിച്ച് എഴുതുന്നത്.
കൂട്ടത്തിൽ മറ്റൊരു സന്തോഷം കൂടിയുണ്ടായിട്ടുണ്ട്. ‘സാത്താനിക് വേഴ്സസ്’ എന്ന വിവാദ നോവൽ ഇന്ത്യയിലിപ്പോൾ വില്പനയ്ക്കെത്തിയിട്ടുണ്ട്. വായനക്കാർക്ക് ഇനിയങ്ങോട്ട് അത് വാങ്ങാനും വായിക്കാനും സാധിക്കും. 1988 മുതലുണ്ടായിരുന്ന നിയന്ത്രണങ്ങൾ അസാധുവായിരിക്കുന്നു. രസകരമാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ.
1988 സെപ്റ്റംബറിലാണ് റുഷ്ദിയുടെ നാലാമത്തെ നോവലായ ‘സാത്താനിക് വേഴ്സസ്' ലണ്ടനിലെ വൈക്കിങ്ങ് / പെൻഗ്വിൻ എന്ന പ്രസാധകർ പുറത്തിറക്കിയത്. പൊതുവെ നല്ല സ്വീകരണമാണ് തുടക്കത്തിൽ ലഭിച്ചത്. ബ്രിട്ടീഷ് മാധ്യമങ്ങളെല്ലാം നല്ല അഭിപ്രായം രേഖപ്പെടുത്തി. ആ വർഷത്തെ മികച്ച നോവലിനുള്ള വിറ്റ്ബ്രഡ് പുരസ്കാരവും അതിനെത്തേടിയെത്തി. 1988-ലെ ബുക്കർ പ്രൈസ് ഫൈനലിസ്റ്റുമായിരുന്നു. ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലായിരുന്നു ഇന്ത്യയിൽ വന്ന ആദ്യ റിവ്യു. പത്രാധിപർ ഖുശ്വന്ത് സിങ്ങ് എഴുതിയ ആ നിരൂപണത്തിൽ ഇത് അപകടകാരിയായ നോവലാണെന്നും ഇന്ത്യയിൽ നിരോധിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു. അതേത്തുടർന്ന് ഇസ്ലാമിക പണ്ഡിതനും അന്നത്തെ പാർലമെൻ്റംഗവുമായ സയിദ് ഷഹാവുദ്ദീൻ ‘സാത്താനിക് വേഴ്സസ്' ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യം ഗവൺമെൻ്റിനു മുന്നിൽ വെച്ചു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഒട്ടും വൈകാതെ അക്കാര്യത്തിൽ തീരുമാനമെടുത്തു, നോവൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. കസ്റ്റംസ് ആക്ട് പ്രകാരമാണ് നോവലിന്റെ ഇന്ത്യയിലേക്കുള്ള വരവ് തടഞ്ഞത്. 1988- ഒക്ടോബർ 5നാണ് കസ്റ്റംസ് നോട്ടിഫിക്കേഷനിലൂടെ നോവലിന് നിരോധനം ഏർപ്പെടുത്തിയത്. കസ്റ്റംസ് നോട്ടിഫിക്കേഷൻസ് നമ്പർ 405/ 12/ 88- cuslII എന്നതു വഴി ആ പുസ്തകത്തിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിരോധിക്കുകയാണ് സർക്കാർ ചെയ്തത്. ഇന്ത്യയാണ് ലോകത്താദ്യമായി ആ നോവലിന് നിരോധനമേർപ്പെടുത്തിയത് എന്നതും അറിയണം. അതും കഴിഞ്ഞ് 1989 ഫെബ്രുവരി 14 നാണ് ഇറാനിലെ പരമാധികാരി ആയത്തുള്ള ഖൊമൈനിയുടെ കുപ്രസിദ്ധമായ ഫത്‍വ പോലും വരുന്നത്. പിന്നീട് നടന്നത് ലോകമറിഞ്ഞ ഞെട്ടിക്കുന്ന ചരിത്രം. അങ്ങനെ പുസ്തകം ഇന്ത്യയിൽ കാട്ടാതായി.

ഈ നിരോധനം ചോദ്യം ചെയ്ത് ഒരാൾ 2019 -ൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണമായത്. എന്തുകൊണ്ടാണ് ആ പുസ്തകം തനിക്ക് വാങ്ങി വായിക്കാൻ കഴിയാത്തത് എന്ന ചോദ്യമാണ് ഹർജിക്കാരൻ മുന്നോട്ടുവെച്ചത്. നിരോധനത്തെപ്പറ്റി പുസ്തക വില്പനക്കാർ പറയുന്നതല്ലാതെ ഒദ്യോഗികമായ യാതൊന്നും അറിയുന്നില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഹർജി പരിഗണിക്കവേ നിരോധനമുണ്ടെങ്കിൽ ആ രേഖ ഹാജരാക്കുവാൻ കോടതി ആവശ്യപ്പെട്ടു. അങ്ങനെയൊന്ന് ഹാജരാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. അത് കണ്ടെത്താനായില്ല എന്ന് സമ്മതിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ പ്രസ്തുത പുസ്തകം ഇറക്കുമതി ചെയ്യാനും വില്പന നടത്താനും നിരോധനമില്ലെന്ന് 2024 നവംബറിൽ ഹൈക്കോടതി ഉത്തരവുണ്ടായി. തുടർന്ന് ഈ വർഷം സെപ്റ്റംബറിൽ നിരോധന വിഷയം സുപ്രീംകോടതിയിലെത്തിയെങ്കിലും തള്ളുകയായിരുന്നു. ഇതോടെ നോവലിന്റെ ഇന്ത്യയിലെ വായനാജീവിതം സുഗമമായി. നിരോധനരേഖ ഇപ്പോൾ കാണുന്നില്ല എന്ന ഭാഷ്യത്തിന്റെ പിന്നിലെ രാഷ്ട്രീയം കൂടി ഇതോടൊന്നിച്ചു വായിക്കേണ്ടതാണ്.
വർഷങ്ങൾക്കുമുമ്പ് ഞാനതിന്റെയൊരു കോപ്പി സംഘടിപ്പിച്ച കഥ കൂടി ഓർത്ത് ഈ കുറിപ്പ് അവസാനിപ്പിക്കാം. 1988-ലെ നിരോധനം കഴിഞ്ഞ് രണ്ടുമൂന്നു വർഷങ്ങൾ കഴിഞ്ഞുകാണും. എന്റെ അടുത്ത സുഹൃത്തായിരുന്ന അന്നത്തെ സംസ്ഥാന പോലീസ് മേധാവി അടുത്തൊരു ദിവസം താൻ അമേരിക്കയിലേക്ക് പോവുകയാണെന്നും അവിടെ നിന്ന് സുധീറിനെന്താണ് കൊണ്ടുവരേണ്ടതെന്നും ചോദിച്ചു. ഒരു നിമിഷം പോലും ആലോചിക്കാതെ ഞാൻ പറഞ്ഞു, റുഷ്ദിയുടെ 'സാത്താനിക് വേഴ്സസ്’. ഞാൻ അത്തരമൊരാവശ്യം പറയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. നിയമവിരുദ്ധ പ്രവർത്തനമാണെങ്കിലും ഒരു പുസ്തകത്തിന്റെ കാര്യമല്ലേ എന്ന എന്റെ വാദം കേട്ട് അദ്ദേഹം അമേരിക്കയ്ക്ക് പോയി. തിരിച്ചുവരുമ്പോൾ നോവൽ രഹസ്യമായി കൊണ്ടുവരുകയും ചെയ്തു. അങ്ങനെ ആ നിരോധിച്ച പുസ്തകം അന്നുതൊട്ടേ എന്റെ പുസ്തകശേഖരത്തിൽ ഇടം നേടി.
എന്തായാലും സാത്താനിക് വേഴ്സസിന്റെ ഇന്ത്യയിലെ രഹസ്യജീവിതം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. സൽമാൻ റുഷ്ദി എല്ലാ ഭീകാരാക്രമണങ്ങളെയും അതിജീവിച്ച് വീണ്ടും സാഹിത്യമെഴുതുന്നു. ഒരു വായനക്കാരനെന്ന നിലയിൽ എനിക്കേറെ സന്തോഷം തരുന്ന കാര്യങ്ങളാണിവ. ഇനി ഞാൻ റുഷ്ദിയുടെ കഥാസമാഹാരത്തിന്റെ പേജുകളിലേക്ക് കടക്കട്ടെ. സാത്താനിക് വേഴ്സസ് വേണ്ടവർക്ക് അതന്വേഷിച്ച് പുസ്തകക്കടകളിലേക്കും പോകാം.
