പാലാ ബിഷപ്പിന് വായിക്കാൻ മൂന്ന് പുസ്തകങ്ങൾ

രാമൻ സീതയുടെ ആരാണ് എന്ന് ഈ രാജ്യത്തെല്ലാർക്കും അറിയാം. ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും ഇതൊന്നുമല്ലാത്തവർക്കും എല്ലാം. പ്രവാചകൻ മുഹമ്മദിന് ആരാണ് അബു താലിബ് എന്ന് അതുപോലെ എല്ലാവർക്കുമറിയാത്തതെന്ത് കൊണ്ടാണ്. ഇങ്ങനെയൊരു ചോദ്യം ഉള്ളിൽ വന്നത് കൊണ്ടാണ് ഇത് എഴുതുന്നത്. മനുഷ്യരുടെ വിശ്വാസസംഗതികൾ തമ്മിലുള്ള താരതമ്യത്തിലൊക്കെ എന്ത് കാര്യമാണുള്ളത് എന്ന സന്ദേഹം കൂടെ ഒപ്പമുള്ളത് കൊണ്ട് ഇത് എഴുതാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇസ്‌ലാമിനെ അറിയൽ മതേതര ദൗത്യമാണെന്നിരിക്കെ, ചില പുസ്തകങ്ങളുടെ വായന ഈ ചോദ്യത്തെ ഇറക്കി വെക്കാൻ ശക്തിപ്പെടുത്തി. - കാരൻ ആംസ്‌ട്രോങിന്റെ മുഹമ്മദ്-എ പ്രൊഫറ്റ് ഫോർ അവർ ടൈം, ലെസ്ലി ഹസ്ലെടണിന്റെ ആഫ്റ്റർ ദി പ്രൊഫറ്റ്, ദി ഫസ്റ്റ് മുസ്ലിം എന്നീ പുസ്തകങ്ങളുടെ വായനയെ അടിസ്ഥാനമാക്കിയുള്ള കുറിപ്പ്.

ഒന്ന്

മതം എന്ന് വെച്ചാൽ കഥകളുമാണ്. ലോകത്തെ ഉണ്ടാക്കിയിട്ടുള്ളത് അട്ടിയട്ടിയായി കിടക്കുന്ന കഥകൾ കൊണ്ടാണ് എന്ന് എൻ.എസ്. മാധവൻ തൊട്ട് യുവാൽ നോഅ ഹരാരി വരെ പറഞ്ഞിട്ടുണ്ട്. അവയിൽ, ലോകത്തെ ഉണ്ടാക്കിയ കഥകളാകുന്ന ഇഷ്ടികകളിൽ ഏറ്റവും ഉറപ്പുള്ളവ മതത്തിന്റെ കഥകൾ. വിശ്വാസത്തെക്കുറിച്ചുള്ളവ, മനുഷ്യരുടെ വിശ്വാസങ്ങളായി മാറിയവ. ദുർബ്ബലയായ മനുഷ്യന് ഒന്നിച്ച് നിന്ന് വേണമായിരുന്നു കാലങ്ങളിലൂടെ അതിജീവിക്കാൻ. അങ്ങനെ അവർക്ക് ഒന്നിച്ച് നിൽക്കാനുള്ള നിലപാട് തറയുണ്ടാക്കിയത് ഒന്നിച്ച് നിന്ന് വിശ്വസിക്കാനാവുന്ന കഥകളായിരുന്നു എന്നാണ് ഹരാരി പറയുന്നത്. മനുഷ്യർ കഥകളെയുണ്ടാക്കി, കഥകൾ മതത്തെ ബലപ്പെടുത്തി നിർമ്മിച്ചു, മതം ആ കഥകളെ കൂടെ ആയുധമാക്കിയിട്ട് ലോകത്തെയും നിർമ്മിച്ചു. അങ്ങനെയാണ്. ആണത്ത ലോകത്തിന്റെ അന്യായസംഗതികൾ കൂടെ ഉൾപ്പെടുന്നവയാണല്ലോ മതങ്ങൾ. അവ പണിപ്പെട്ട് ഉണ്ടാക്കിയ ലോകമാണ് നമ്മുടേത്. അത് കൊണ്ട് തന്നെ ഈ ലോകത്തിന് ചില ഗൗരവതരമായ ഏങ്കോണിപ്പുകൾ ഉണ്ട്. അത് കൊണ്ട് പക്ഷെ, അവ കൂടെ ചേർന്ന് ഉണ്ടാക്കിയ ലോകമാണ് ഇത് എന്നത് നിഷേധിച്ചിട്ട് കാര്യമൊന്നുമില്ല. ഇന്നിപ്പോൾ ജീവിച്ചിരിക്കുന്ന സകലമനുഷ്യർക്കും മുമ്പ് മതം ഈ ലോകത്ത് ഉണ്ട്. നമ്മളെല്ലാവരും മരിച്ചാലും അവ ഇവിടെ കാണും. അവയെ നിസ്സാരമായി തള്ളിക്കളഞ്ഞത് കൊണ്ട് കാര്യമില്ല എന്നത് കൊണ്ട് ഇക്കഥകളൊക്കെ അറിഞ്ഞിരിക്കുന്നതാണ് നല്ലത് എന്ന് തോന്നും. നമ്മളറിയാത്തത് കൊണ്ട് മതത്തിന് ദോഷമൊന്നുമില്ല, മതത്തെ അറിയാതിരുന്നാൽ നമ്മൾക്ക് ചില കുറവുകളുണ്ട് താനും. അത് കൊണ്ട് കൂടെയാണ് ഇക്കഥകളൊക്കെ ഇപ്പോ വലിയ താൽപ്പര്യത്തോടെ വായിക്കുന്നത്.

എൻ.എസ്. മാധവൻ, യുവാൽ നോഅ ഹരാരി

ഇക്കഴിഞ്ഞ ദിവസവും മഹാഭാരതത്തെക്കുറിച്ച് മലയാളത്തിൽ ഒരു പുസ്തകമിറങ്ങി. കെ.സി. നാരായണന്റെ മഹാഭാരതം, ഒരു സ്വതന്ത്രസോഫ്റ്റ് വെയർ. മഹാഭാരതത്തിലെ രസാവഹമായ കഥകളാണ് അകത്ത്.

പലതും നമുക്കറിയാവുന്നതാണ്, അത് പക്ഷെ രസകരമായിട്ട് ഇത് വരെ കേൾക്കാതിരുന്ന ആംഗിളുകളിൽ നിന്ന് ചേർത്ത് വെച്ചിരിക്കുകയാണ്. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണ് മഹാഭാരതം എന്നാണ് അതിലുള്ളത്. സർവ്വസംഗപരിത്യാഗികളും ക്ഷമാശീലത്തിന്റെ ഉടൽരൂപങ്ങളും എന്ന് ഉദ്ഘോഷിക്കപ്പെടുന്ന മഹർഷിമാർ അതേസമയം തന്നെ കോപാകുലരും, അങ്ങേയറ്റം അന്യായമായി സഹജീവികളെ ശപിക്കുന്നവരും ആയതിനെക്കുറിച്ച് വിശദീകരിച്ചാണ് പുസ്തകം തുടങ്ങുന്നത് തന്നെ. മനുഷ്യരും അവരുടെ കഥകളും പരസ്പരവിരുദ്ധതയുടെ അയ്യര്കളിയാണ് എന്നാണ് വായിച്ചങ്ങ് പോകുമ്പോൾ മനസ്സിലാവുക. ഡയലക്ടിക്സിന്റെ താണ്ഡവനൃത്തം. വിശ്വാസത്തിന് മനുഷ്യർ അടിസ്ഥാനമാക്കുന്ന കഥകൾ എത്രയ്ക്ക് പരസ്പരവിരുദ്ധമായവ. ഡയലറ്റിക്സ് എന്ന് പേരുള്ളൊരു അധ്യായം തന്നെ അതിലുണ്ട്.

മഹാഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രം സുനിൽ പി. ഇളയിടം മാഷ് എഴുതിയതും ഗംഭീരമായത്. അകത്തെ കഥകൾ മാത്രമല്ല, കാലത്തിലൂടെ ആ മഹാകഥാഗ്രന്ഥം വികസിച്ച് ലോകമാകെ പടർന്നതെങ്ങനെ എന്ന് കൂടെയാണ് അപ്പുസ്തകത്തിൽ. മഹാഭാരതവും രാമായണവും അതിലെ പതിനായിരക്കണക്കിന് കഥകളും എത്രയെത്രയോ തവണ ഇങ്ങനെ ഈ ദിവസങ്ങളിൽ പോലും ആവർത്തിച്ച് പറയപ്പെടുന്നു, നമ്മൾ കേൾക്കുന്നു. അറിയുകയാണെന്ന് അറിയുക പോലും ചെയ്യാതെ അക്കഥകളെയൊക്കെ ദിനേന അറിയുകയാണ്. യേശുദാസിന്റെ പാട്ട് എന്ന പോലെയാണ്, പ്രത്യേകമായി ശ്രദ്ധിക്കുന്നില്ലെങ്കിലും അക്കഥകൾ രാജ്യത്ത് എല്ലാ മനുഷ്യർക്കിടയിലും എപ്പോഴും കൂടെ ജീവിക്കുന്നു. നമ്മുടെ തെരുവ് രാഷ്ട്രീയ പ്രസംഗങ്ങളിൽ പോലും അർജ്ജുനനും ശകുനിക്കുമൊക്കെ ജീവിതമുണ്ട്.

രണ്ട്

മഹാഭാരതത്തിലും രാമായണത്തിലും എന്ന പോലെ തന്നെ ഇസ്‌ലാമിന്റെ ചരിത്രത്തിലുമുണ്ട് മഹായുദ്ധങ്ങളും മാന്ത്രികയാഥാർഥ്യങ്ങളും മനുഷ്യമഹാസങ്കടങ്ങളും. മുസ്‌ലീമേതര വിശ്വാസികൾക്ക് പക്ഷെ അവയിൽ വലിയൊരുഭാഗവും മിസ്സാണ് എന്നാണെനിക്ക് തോന്നുന്നത്.

എനിക്ക് മിസ്സായിരുന്നു. ഈ കഥകളിൽ ചിലത് ലെസ്ലി ഹാസിൽടണിന്റെ രണ്ട് പുസ്തകങ്ങളിൽ നിന്ന് സമീപകാലത്ത് വായിച്ചു. 1. ആഫ്റ്റർ ദി പ്രോഫറ്റ്- ദി എപ്പിക് സ്റ്റോറി ഓഫ് സുന്നി ഷിയാ സ്പ്‌ളിറ്റ്‌. 2. മുഹമ്മദ്- ദി ഫസ്റ്റ് മുസ്‌ലീം. അനവധി മുസ്‌ലീങ്ങൾക്കിടയിൽ ജീവിച്ചിട്ടും, പ്രവാചകൻ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ഉണ്ടാക്കിയതെന്ന് പറയുന്ന പള്ളി ഉള്ള നാട്ടിലെ ആളായിട്ടും ഞാനിതൊന്നും നേരത്തെ കേട്ടിരുന്നില്ല.

ലെസ്ലി ഹാസിൽടൺ / /Photo: Ryan Lash, TED

പ്രവാചകൻ മുഹമ്മദ് 570-ാം വർഷം മെക്കയിൽ ജനിച്ചു. 632ൽ മരിച്ചു. പ്രവാചകന്റെ വാപ്പയുടെ പേര് അബ്ദുള്ള, ഉമ്മ ആമിന. ഉപ്പാപ്പയുടെ പേര് അബ്ദുൽ മുത്തലിബ് (മൂവരുടേയും പേരുകൾ സമീപകാലം വരെ എനിക്കറിയുമായിരുന്നില്ല). ജനിക്കുന്നതിനു മുമ്പ് തന്നെ വാപ്പയും കുഞ്ഞായിരിക്കെ മുഹമ്മദിന്റെ ഉമ്മയും മരിച്ചു. പിന്നെ മുത്തച്ഛനും. അച്ഛന്റെ സഹോദരൻ അബുതാലിബ് അദ്ദേഹത്തെ വളർത്തി. മുതിർന്നപ്പോൾ അൽ അമീൻ എന്ന് വിളിക്കപ്പെടും വിധം സത്യസന്ധനും, സഹജീവികൾക്ക് ബഹുമാനവും സ്നേഹവുമുള്ള കച്ചവടക്കാരനും ആയി. ഖദീജയെ വിവാഹം ചെയ്തു. ജിബ്രീൽ മാലാഖ ദൈവത്തിന്റെ ദൂത് നൽകി. ഇസ്ലാം മതം സ്ഥാപിച്ചു. അങ്ങനെ, ലോകചരിത്രത്തിലെ വലിയൊരേടിന്റെ കേന്ദ്രസ്ഥാനമായി മാറി, പ്രവാചകൻ മുഹമ്മദ്. കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി ഇവിടെ നിർമ്മിക്കപ്പെടുമ്പോൾ പ്രവാചകൻ മെക്കയിൽ ജീവനോടെ ഉണ്ടെന്നാണ് പറയുന്നത്. ചെറിയ കാര്യമല്ലല്ലോ അത്. അത്തരത്തിൽ ലോകത്ത് തന്നെ അപൂർവ്വമായൊരു കെട്ടിടം കേരളത്തിലുണ്ടായിട്ട് അത് ഉണ്ടാക്കേണ്ട അത്ഭുതം ഇവിടത്തെ മനുഷ്യരിൽ ഉണ്ടാകാത്തതെന്താണ് എന്ന് പോലും തോന്നും. ഇസ്ലാമിന്റെ ചരിത്ര - വിശ്വാസജീവിതത്തിലെ മൂന്ന് കഥകൾ.

ചേരമാൻ ജുമാ മസ്ജിദ് / Photo: WIkimedIa Commons

ഒന്നാം കഥ- പാലാ ബിഷപ്പിന്

പ്രവാചകന്റെ പ്രവാചകത്വം പ്രവചിച്ചത് ഒരു ക്രിസ്ത്യാനിയാണ്. അക്കാലത്ത് കുട്ടിയാണ് മുഹമ്മദ്. ഒമ്പത് വയസ്സുകാരൻ. അനാഥൻ. വാപ്പയും ഉമ്മയും ഉപ്പുപ്പയും മരിച്ച ശേഷം പിതൃസഹോദരൻ അബുതാലിബിന്റെ സംരക്ഷണയിലാണ്. ഈ വല്യച്ഛൻ എപ്പോഴും സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കുന്നത് കൊണ്ട് അനാഥനല്ല എന്ന് ആ അർഥത്തിൽ പറയാമെന്നേയുള്ളൂ. അദ്ദേഹത്തോടൊപ്പമുള്ള കച്ചവടയാത്രകളിലൊന്നിലാണ് മുഹമ്മദിനെ ആ ക്രിസ്ത്യൻ സന്യാസി കാണുന്നത്. അക്കാലത്ത് അന്നാട്ടിലെ അപാരമരുഭൂമികളിൽ അത്തരം സന്യാസിവര്യർ ഒറ്റയ്ക്ക് ജീവിക്കാറുണ്ടത്രേ. തപസ്സ് ചെയ്യുംപോലത്തെ ജീവിതം. കടന്ന് പോകുന്ന കച്ചവടസംഘങ്ങൾക്ക് അവരെ കാണാം. പുറം ലോകത്തോട് വലിയ ബന്ധം കാണിക്കാതെ അടഞ്ഞ് ജീവിക്കുന്ന താപസരിലൊരാളായിരുന്നു, ബഹിറ എന്ന ക്രൈസ്തവ സന്യാസി. ബഹ്ർ എന്ന് വെച്ചാൽ കടൽ. ബഹിറ എന്നാൽ കടൽ പോലെ അറിവുള്ളവൻ എന്നാണ്. മരുഭൂമി മുറിച്ച് പോകുന്ന അബുതാലിബിന്റെ സംഘത്തിൽ വ്യത്യാസമുള്ളൊരു ബാലനെ കണ്ട ബഹിറ അവരെ വിളിച്ചിരുത്തി.

സിറിയയിൽ സ്ഥിതി ചെയ്യുന്ന ബഹിറയുടെ ആശ്രമത്തിന്റെ അവശിഷ്ടങ്ങൾ

ദീർഘയാത്രയുടെ ആ ഇടവേളയിൽ അവർക്ക് വിശ്രമസ്ഥലവും ലഘുഭക്ഷണങ്ങളും കൊടുത്തു. ഒട്ടകങ്ങൾക്കടുത്ത്, ദീർഘ ദീർഘമായ മരുഭൂമിയിലേക്ക് നോക്കി പുറത്ത് നിൽക്കുന്ന കുട്ടിക്ക് നേരെ ഒരു മരം വളഞ്ഞ് തണൽ കൊടൂക്കുന്നതോ മറ്റോ ബഹിറ കണ്ടു. മുഹമ്മദിന്റെ പ്രവാചകത്വത്തിന് അത്തരം അടയാളമെന്തോ ബഹിറ കണ്ടു. അബു താലിബിന് നേർക്ക് തിരിഞ്ഞ് ബഹിറ പറഞ്ഞത്രെ. മഹത്തരമായൊരു ജീവിതമാണ് ഇവന് മുന്നിൽ കിടക്കുന്നത്.അവൻ ദൈവത്തിന്റെ പ്രവാചകനാകും എന്ന് ബഹിറയുടെ ഈ സാന്നിധ്യകഥ ക്രൈസ്തവ പാഠങ്ങളിലുമുണ്ട് എന്ന് ലെസ്ലി ഹാസിൽടൺ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചില ക്രൈസ്തവ പാഠങ്ങൾ മുഹമ്മദിന്റെ ഗുരു എന്നാണ് ബഹിറയ്ക്ക് സ്ഥാനം, ഒറ്റത്തവണ മാത്രം കണ്ട് പ്രവചിച്ച് പിന്മാറിയ ആളെന്നല്ല.

രണ്ടാം കഥ - സ്ത്രീപക്ഷ രാഷ്ട്രീയത്തിന്

അയിഷയെക്കുറിച്ചാണ്. പ്രവാചകന്റെ പ്രിയപ്പെട്ട ഭാര്യ. ഇസ്‌ലാം വിശ്വാസപ്രചാരണം കൂടെ ലക്ഷ്യമിട്ടുള്ള യാത്രകളിലൊന്നിൽ അയിഷ മരുഭൂമിയിൽ ഒരിടത്ത് ഒറ്റപ്പെട്ട് പോയതിനെക്കുറിച്ചാണത്. ഒരു നെക്കലേസിന്റെ കഥ എന്നാണ് ലെസ്ലി ഇത് വിവരിക്കുന്നത്. ഇസ്‌ലാമിന്റെ പിൽക്കാലജീവനത്തെ ആഴത്തിൽ സ്വാധീനിച്ച കഥ എന്ന്. അത് ഇങ്ങനെയാണ്.

പ്രവാചകൻ നയിക്കുന്ന ആ യാത്രയിൽ അയിഷ കൂടെയുണ്ടായിരുന്നു. അധിക ദിവസങ്ങളെടുക്കാതെ തിരിച്ച് മെദീനയിൽ തന്നെ എത്തുന്ന ചെറിയ യാത്രകൾ അദ്ദേഹം അയിഷയെ കൂടെ കൂട്ടാറുണ്ടായിരുന്നു. തിരിച്ച് വരുമ്പോൾ. ഒരു രാത്രിക്ക് ശേഷം പുലർച്ചെ പ്രഭാതകൃത്യങ്ങൾ നടത്തി തിരിച്ച് വരുമ്പോൾ അയിഷ കാണുന്നത് സംഘം തന്നെക്കൂടാതെ പുറപ്പെട്ട് കഴിഞ്ഞതാണ്. ആ ചെറുപ്പക്കാരി മരുഭൂമിയിൽ ഒറ്റപ്പെട്ട് പോയി. അയിഷ സംഘത്തോടൊപ്പം പോന്നിട്ടില്ല എന്ന് കൂട്ടത്തിലുള്ളവരും മനസ്സിലാക്കിയിരുന്നില്ല. അയിഷ പക്ഷെ പേടിച്ചില്ല. പ്രവാചകന്റെ ഭാര്യയാണല്ലോ അവൾ. ഭയപ്പെടാനെന്തുണ്ട്. തന്നെത്തേടി അവർ തിരിച്ച് വന്ന് കൊള്ളും എന്ന് അയിഷയ്ക്ക് നല്ല ബോധ്യമുണ്ട്. അവൾ ഇരുന്നിടത്ത് തന്നെ ഇരുന്നു. പക്ഷെ അവരാരും വന്നില്ല. അത് വഴി വരികയായിരുന്ന മറ്റൊരാളാണ് അയിഷയെ കണ്ടത്. പ്രവാചകന്റെ സേനാംഗം തന്നെയായ, എന്നാൽ മറ്റൊരു ദൗത്യവുമായി വേറെ വഴിക്ക് പോയി തിരിച്ച് വരികയായിരുന്ന ഒരു യുവാവ്. സഫ്‌വാൻ എന്നായിരുന്നു അവന്റെ പേര്. അവൻ അയിഷയെ കണ്ട് ബേജാറായി. കാര്യമറിഞ്ഞപ്പോൾ അവൻ വിനയത്തോടെ തനിക്കൊപ്പം വരാൻ അയിഷയെ നിർബ്ബന്ധിച്ചു. ആദ്യമൊന്ന് എതിർത്തെങ്കിലും ഒടുവിൽ സമ്മതിച്ച അയിഷ ഒപ്പം തിരിച്ചു. അയിഷയെ ഒട്ടകപ്പുറത്ത് കയറ്റി, സഫ്വാൻ താഴെ ഒട്ടകത്തെ തെളിച്ച് നടന്നു. പകൽ താണ് വല്ലാതെ ഇരുളും മുമ്പ് മെദിനയിലെത്തുകയും ചെയ്തു. ഇതിനകം അയിഷയെ കാണാതെ ബേജാറായ പ്രവാചകനടക്കമുള്ളവർക്ക് അവരെ കണ്ടതോടെ സമാധാനമായി. പക്ഷെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം അഹിതകരമായ ചില വർത്തമാനങ്ങൾ ചുറ്റുപാടും രഹസ്യമായി ഉണ്ടാകാൻ തുടങ്ങി. ഇത്തരം സംഗതികൾ സംഭവിക്കുമ്പോൾ എപ്പോഴുമെന്ന് പോലെ അയിഷയുടെ സുചരിതത്വത്തിലെ സംശയവർത്തമാനങ്ങളായിരുന്നു അവ. അതൊരു പ്രശ്നമായപ്പോൾ പ്രവാചകന് തന്നെ ഇടപെടേണ്ടതായി വന്നു. അയിഷയിൽ തരിമ്പും സംശയമില്ലാതിരുന്ന പ്രവാചകൻ അത് സമൂഹത്തിനാകെ ബോധ്യമാകുന്ന വിധത്തിൽ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന കഥയാണ് ലെസ്ലി പിന്നീട് വിശദീകരിക്കുന്നത്.

നാല് സാക്ഷികളെങ്കിലും ഇല്ലാത്ത അപഖ്യാതിപരാതികൾ വിശ്വസിക്കപ്പെടില്ല എന്ന് സ്ത്രീകൾക്കനുകൂലമായ ദൈവശാസനം മുഹമ്മദിൽ നിന്ന് വന്നത് ഈ സംഭവങ്ങൾക്ക് ശേഷം എന്ന് ലെസ്ലി ചൂണ്ടിക്കാട്ടുന്നു. അത് പക്ഷെ, ഏത് സ്ത്രീക്കെതിരെയും എന്തും പറയാൻ നാല് സാക്ഷികളെ ഹാജരാക്കിയാൽ മതി എന്ന മട്ടിൽ ആൺമതനേതൃത്വം പിൽക്കാലത്ത് വ്യാഖ്യാനിച്ചെടുത്തെന്നും ഇക്കഥയുടെ പിന്നാലെ ലെസ്ലി എഴുതുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് പരാതിപ്പെടണമെങ്കിൽ അതിന് സാക്ഷികളായ നാല് പേരെ ഹാജരാക്കേണ്ടി വരേണ്ടതുണ്ട് എന്നും വിചിത്രമായിട്ട്. താലിബാനൊക്കെ ഈ മട്ടിലുള്ള വിചിത്രവ്യാഖ്യാതാക്കൾ എന്ന് നമുക്ക് ഇക്കഥ കൊണ്ട് മനസ്സിലാകും.

മൂന്നാം കഥ - അധികാര രാഷ്ട്രീയത്തിന്, ഷിയാ പക്ഷത്ത് നിന്ന്.

പ്രവാചകന്റെ അവസാനദിവസങ്ങളിലെയാണ് ഇത്. അറുപത്തിമൂന്നാം വയസ്സിൽ. ഇസ്ലാമിന്റെ തുടക്കകാലത്ത്, അദ്ദേഹത്തെ കഠിനമായി എതിർത്തിരുന്ന അനേകം പേർ ഇതിനകം ഏറ്റവുമടുത്ത ശിഷ്യരും അനുയായികളും ആയി മാറിയിരുന്നു. അറേബ്യയിൽ പരസ്പരം പോരടിച്ചിരുന്ന ഗോത്രങ്ങൾ ഇസ്‌ലാമിന് മുന്നിൽ ഐക്യത്തിലായിരുന്നു, അറേബ്യയിൽ സമാധാനകാലം വന്നിരുന്നു. പരിപൂർണവും വിജയകരവുമായ സമ്പൂർണജീവിതമായിരുന്നു മുഹമ്മദ് നബിയുടേത്. പല യുദ്ധങ്ങളിൽ പരിക്കേറ്റ ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. മൂന്ന് വധശ്രമങ്ങളെ അതിജീവിച്ചിരുന്നു അദ്ദേഹം (ഉണ്ട്. യുദ്ധങ്ങളുണ്ട്. മഹാഭാരതത്തിലും രാമായണത്തിലും വിവരിക്കുന്ന പോലത്തെ ഗോത്രയുദ്ധകാലങ്ങളായിരുന്നു, അറേബ്യയ്ക്കും അക്കാലങ്ങൾ). എങ്കിലും അദ്ദേഹം മരിക്കില്ല എന്ന് വിചാരിച്ചിരുന്നു അനുയായികളിൽ പലരും. സ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്തതായിരുന്നു അവർക്ക് അത്. പക്ഷ, പ്രവാചകന് അറിയാമായിരുന്നിരിക്കണം. എന്തായാലും ദിവസങ്ങൾ നീണ്ട് നിൽക്കുന്നൊരു പനി അദ്ദേഹത്തെ തളർത്തി. പ്രാർഥനയ്ക്കായി പോലും എഴുന്നേൽക്കാനാകാത്ത വിധം. ഭാര്യമാരും പെൺമക്കളും അവരുടെ ഭർത്താക്കന്മാരും അടുത്ത ബന്ധുക്കളും അനുയായികളുമൊക്കെ ആശങ്കാകുലരായി നിൽക്കെ പ്രവാചകൻ ലോകത്തിലെ അവസാന മണിക്കൂറുകളിലൂടെ കടക്കുകയായിരുന്നു. പ്രവാചകന് ആൺ മക്കൾ ഉണ്ടായിരുന്നില്ല, നാല് പെൺമക്കൾ. രണ്ട് ആൺകുട്ടികൾ ജനിച്ചെങ്കിലും ചെറുപ്പത്തിലേ മരിച്ച് പോയിരുന്നു. ആരാകും പ്രവാചകന് പിൻഗാമി എന്ന ചർച്ച അവിടുള്ളവരുടെ ഉള്ളിൽ ഉണ്ടായിരുന്നു. പ്രവാചകന് പിൻഗാമിയാവുക അസാധ്യമാണ് എന്ന് അവർക്ക് അറിയാമായിരുന്നു. പിൻഗാമി എന്ന് വെച്ചാൽ പ്രവാചകന് തുല്യനായ ആളെന്നല്ല. ഇതിനകം വിസ്തൃതമാക്കപ്പെട്ടിരിക്കുന്ന ഇസ്‌ലാം ലോകത്തിന്റെ ഖലീഫാ സ്ഥാനം ആർക്കാകും എന്ന ചോദ്യം പക്ഷെ സാംഗത്യമുള്ളതായിരുന്നു. അത് കൊണ്ട് തന്നെ എല്ലാവരിലും ഉണ്ടായിരുന്നു താനും. അങ്ങനെയിരിക്കെ, രോഗക്കിടക്കയിലെ ഒമ്പതാം ദിവസം, ഒരൽപ്പം ഊർജ്ജം കൈവന്ന പ്രവാചകൻ ഒരിറക്ക് വെള്ളം ചോദിച്ച് വാങ്ങിക്കുടിച്ച് ഒരു കാര്യം ആവശ്യപ്പെട്ടു. കടലാസും എഴുതാനുള്ള ഉപകരണവും വേണമെന്ന്. വലിയ ആകുലതയുണ്ടാക്കി അത് കൂടി നിൽക്കുന്നവരിൽ. നിശ്ചയമായും തനിക്ക് ശേഷം ആരാകണം ഖലീഫ എന്നാകും അദ്ദേഹം രേഖപ്പെടുത്തുക (ഡിക്ടേറ്റ് ചെയ്തെങ്കിലും) എന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ടായില്ല. മൂന്ന് പേരുണ്ടായിരുന്നു പ്രധാനികൾ അവിടെ. പ്രവാചകന്റെ ഏറ്റവുമടുത്തയാൾ, മകളുടെ ഭർത്താവ്, ഫാത്തിമയ്ക്ക് ശേഷം അദ്ദേഹത്തിൽ വിശ്വാസം രേഖപ്പെടുത്തി ജീവിതകാലം മുഴുവൻ കൂടെ നിന്ന അലി. അടുത്ത അനുയായി അബൂബക്കർ, അദ്ദേഹം പ്രവാചകഭാര്യ ആയിഷയുടെ പിതാവു കൂടെയാണ്. ഒപ്പം മറ്റൊരു പ്രധാനി ഉമർ.

അലിയെ തന്റെ പിന്തുടർച്ചാവകാശിയായി പ്രവാചകൻ തെരഞ്ഞെടുത്തു എന്ന് കരുതുന്ന ദിവസം ശിയാ മുസ്‌ലിംകൾ ഈദുൽ ഗാദിർ ആയി ആചരിക്കുന്നു.

അലിയുടെ പേര് എഴുതി നൽകാനാണ് പ്രവാചകൻ പേനയും കടലാസും ആവശ്യപ്പെട്ടത് എന്നാണ് പിൽക്കാലത്ത് ഷിയാ വിഭാഗമായി പിരിഞ്ഞവർ ഇന്നും വിശ്വസിക്കുന്നത്. അബൂബക്കറും ഉമറും ചേർന്ന് ശരിയല്ലാത്ത ഒരു തീരുമാനമെടുത്തു എന്ന് അവർ പറയും. പ്രവാചകന്റെ ആ ആവശ്യം നിറവേറ്റപ്പെടില്ല. ആര് നയിക്കണമെന്നതിൽ അഭിപ്രായം പറയാതെ പ്രവാചകൻ അദ്ദേഹത്തിന്റെ മഹനീയമായ ജീവിതം പൂർത്തിയാക്കും. ലെസ്ലി ഹാസിൽടൺ പറയുന്നത്, സുന്നി - ഷിയാ പ്രശ്നം അവിടെ തുടങ്ങി എന്നാണ്. മഹാനായ അലി, പ്രവാചകന്റെ ഏറ്റവും പ്രിയപ്പെട്ടവനായ അനുയായി ഒന്നാം ഖലീഫ ആയില്ല. രണ്ടാമതോ മൂന്നാമതോ ആയില്ല. നാലാമത് മാത്രമാണ് അദ്ദേഹത്തിന് ഖലീഫയാകാനായത്. മൂന്നാം ഖലീഫ കൊല്ലപ്പെട്ട ശേഷം, ഇസ്‌ലാമിന്റെ ചരിത്രത്തിലെ ആദ്യ സിവിൽ വാറിന്റെ ദുഷ്‌കരമായ കാലത്ത്. അലി ഈ നിഷേധമടക്കം അനേക അനീതികൾ അനുഭവിച്ചു എന്ന് വിശ്വസിക്കുന്ന അനുയായികളാണ് ഷിയാക്കൾ. ഏതായാലും പിന്നീടത്തെ ചരിത്രം അത് വരെയുള്ളതിനെക്കാൾ നാടകീയവും സംഭവബഹുലവും ആണ്. മഹാഅറേബ്യൻ ഇതിഹാസകഥകളാണ് അവ. മനുഷ്യമഹാസങ്കടങ്ങളും മാന്ത്രികയാഥാർഥ്യങ്ങളും വിശുദ്ധസംഗതികളുമെല്ലാം ആ കഥകളിലുണ്ട്. എഴുതിയാൽ തീരില്ല.

മൂന്ന്

ഈ മൂന്ന് കഥകൾ (സംഭവങ്ങൾ) റാൻഡം ആയി തെരഞ്ഞെടുക്കപ്പെട്ടതാണ്. മനുഷ്യവിശുദ്ധിയുടെയും നന്മയ്ക്കായുള്ള ആഗ്രഹത്തിന്റെയും അതിന് വേണ്ടിയുള്ള ആന്തരികയുദ്ധങ്ങളുടെയുമൊക്കെ അനേക കഥകൾ അവിടെ നിന്ന് കിട്ടും. എനിക്ക് ഇക്കഥകളൊന്നും അറിയുമായിരുന്നില്ല. ഈ പുസ്തകങ്ങളൊക്കെ സമീപകാലത്ത് വായിക്കും വരെ. എത്രയോ പരിചിതമെന്ന് തോന്നലുണ്ടായിരുന്ന സുഹൃത്തുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഈ മഹാകഥകൾ എത്രയോ അപരിചിതമായിരുന്നല്ലോ എന്ന് നഷ്ടബോധം വന്നു. അപരിചിതത്വമാണ് മനുഷ്യർക്കിടയിലെ അകൽച്ചയെ ഉണ്ടാക്കുന്നത്. പരസ്പരം അറിയലാണ് അപരിചിതത്വത്തെയും അകൽച്ചയെയും അകറ്റാനുള്ളൊരു എളുപ്പമാർഗം.പരസ്പരം കഥകളെ അറിയൽ. എന്ത് സംഗതികളിലാണ്, കഥകളിലുമാണ് മനുഷ്യരുടെ വിശ്വാസങ്ങൾ രൂപപ്പെട്ടത് എന്നും എങ്ങനെയാണ് അവ നിലനിന്ന് പോകുന്നത് എന്നും മനസ്സിലാക്കൽ. മനുഷ്യർ ഒരു ജീവിവർഗം എന്ന നിലയിൽ ഇവിടം വരെ എത്തുന്നതിന് ഉപയോഗിച്ച പല വാഹനങ്ങളിലൊന്ന് എന്ന് സാധാരണീകരിച്ച് മതത്തെ മനസ്സിലാക്കുകയാണ് വേണ്ടത്. മതത്തെ, അതിൽ തന്നെ ഇസ്ലാമിനെ ആസുരവൽക്കരിച്ച് ചിത്രീകരിക്കുന്ന രാഷ്ട്രീയപക്ഷങ്ങളെ തിരിച്ചറിഞ്ഞ് തള്ളാൻ നമുക്ക് ഈ കഥകളെ അറിയേണ്ടതുണ്ട് എന്ന് വലിയ തോന്നലുണ്ടായി. മതം വിശുദ്ധമായ സംഗതിയാണ്, അതിൽ അനേക ലക്ഷം പേർ തങ്ങളുടെ ജീവിതത്തെ തൂക്കിയിട്ടിരിക്കുന്നു എന്നത് കൊണ്ട്, അത് ഒറ്റയൊറ്റ മനുഷ്യരെക്കാൾ ആയിരക്കണക്കിന് വർഷങ്ങൾ ഈ ലോകത്ത് ജീവിച്ചിരുന്നിട്ടുണ്ട് എന്നത് കൊണ്ട്.

എന്നാലോ മതം അസാധാരണമായ സംഗതിയൊന്നുമല്ലാ താനും. കൂട്ടമായി ജീവിക്കുന്ന മനുഷ്യരുടെ അതിജീവനവാഹനങ്ങളിലൊന്ന് എന്ന് മതത്തെ സാധാരണീകരിച്ച് മനസ്സിലാക്കലാണ് മതേതരർ പോലും ചെയ്യേണ്ട പ്രധാന കാര്യം എന്ന് വിചാരിക്കുന്നു. അതിന് മഹാഭാരതവും രാമായണവും അറിയുന്ന പോലെ തന്നെ ഇതരമതകഥാസമാഹാരങ്ങളെയും കേരളം അറിയേണ്ടതുണ്ട് എന്നും വിചാരിക്കുന്നു.

Reference
1. The First Muslim, the story of Muhammed- lesley hazleton
2. After the prophet. the epic story of the sunni shia split - lesley hazleton
3. Muhammed - karen armstrong
4. അറബികളുടെ ചരിത്രം - ഡോ.ടി ജമാൽ മുഹമ്മദ്

Comments