രണ്ടു പതിറ്റാണ്ട് മലയാളത്തെ വിസ്മയിപ്പിച്ച സഞ്ജയന്റെ വിചാരലോകങ്ങളെ വീണ്ടെടുക്കുവാനുള്ള ശ്രമങ്ങളിലൊന്നായിരുന്നു സി.എച്ച്. കുഞ്ഞപ്പയുടെ നേതൃത്വത്തിൽ നടന്ന ‘സഞ്ജയന്റെ സമ്പൂർണ്ണകൃതികളു’ടെ പ്രസിദ്ധീകരണം. തന്റെ കൃതികളുടെ ‘ലിറ്റററി എക്സിക്യൂട്ടറായി’ കുഞ്ഞപ്പയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് സഞ്ജയൻ മലയാളത്തിന്റെ സാഹിത്യഭൂപടത്തിൽനിന്ന് പിൻവാങ്ങിയത്. 20 വർഷം നീണ്ട സഞ്ജയന്റെ സമ്പൂർണ്ണകൃതികളുടെ പ്രസാധനപ്രവർത്തനങ്ങൾ മലയാള പുസ്തകചരിത്രത്തിലെ വ്യത്യസ്തമായ ഒരു മാതൃകയാണ്.
ആശയസമ്പന്നത കൊണ്ടും സാഹിതീതിയഭാവന കൊണ്ടും മലയാളസാഹിത്യ ഭൂപടത്തിൽ അദ്വിതീയവും അതുല്യവുമായ സ്ഥാനം അലങ്കരിച്ച എഴുത്തുകാരനാണ് സഞ്ജയൻ (എം. ആർ. നായർ). കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ മലയാളത്തിന്റെ സാഹിത്യഭാവുകത്വത്തെ പുനർനിർമ്മിച്ച സഞ്ജയന്റെ സാമൂഹ്യജീവിതത്തിന് അടിത്തറ പാകിയത് ദേശീയപ്രസ്ഥാനവും മഹാത്മാഗാന്ധിയും ‘ഭഗവദ്ഗീത’യും ചേർന്നായിരുന്നു.
1943 ജൂലൈ 22- ന് സഞ്ജയൻ സി.എച്ച്. കുഞ്ഞപ്പയ്ക്ക് എഴുതിയ കത്തിൽ തന്റെ കൃതികൾ സമാഹരിക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം കുഞ്ഞപ്പയ്ക്ക് നൽകുന്നതായി സൂചിപ്പിക്കുന്നുണ്ട്.
“ഒന്നും രണ്ടും മഹായുദ്ധങ്ങൾ, കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ഉദയം, ഗാന്ധിസം, ഫാസിസം, നാസിസം മുതലായ രാഷ്ട്രീയദർശനങ്ങളുടെ പരസ്പരപോരാട്ടങ്ങൾ നാനാവിധമായ പടനിലങ്ങളിലേക്ക് നാനാദിക്കുകളിൽ നിന്നും കുതിച്ചെത്തിയ മനുഷ്യസമൂഹങ്ങൾ ആ കാലത്തിനു മുമ്പോ പിമ്പോ ഈ മട്ടിൽ ചരിത്രത്തെ പ്രചോദിപ്പിക്കുകയോ, പ്രലോഭിപ്പിക്കുകയോ, പ്രകോപിപ്പി ക്കുകയോ ചെയ്തിട്ടില്ല. ഈ കാലത്തിന്റെ ഉല്പന്നമാണ് സഞ്ജയൻ” (2011:14).
തീപിടിച്ചൊരു കാലത്തിന്റെ നടുവിലൂടെയാണ് സഞ്ജയൻ കടന്നുപോയത്. മുപ്പതുകളിലെയും നാല്പതുകളിലെയും സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളോട് സഞ്ജയനെന്ന എഴുത്തുകാരൻ സന്ധികളില്ലാതെ തന്നെ പ്രതികരിച്ചു. ‘സാംസ്കാരിക കലാസമ്പത്തോടു കൂടി’ മലയാളത്തിന്റെ സാഹിത്യഭാവനയെ സൗന്ദര്യവത്കരിച്ച എഴുത്തുകാരനായിരുന്നു സഞ്ജയനെന്ന് മഹാകവി ഉള്ളൂർ രേഖപ്പെടുത്തിയിട്ടുണ്ട്: “സാംസ്കാരിക കലാസമ്പത്തോടുകൂടി വിനോദസാഹിത്യത്തിൽ വിഹരിച്ചവർ കുഞ്ചൻ നമ്പ്യാർക്കിപ്പുറം വേറെയി”ല്ലെന്നുകൂടി ഉള്ളൂർ കൂട്ടിച്ചേർക്കുന്നു. (1990:244).
വിമർശനകലയുടെ മർമ്മം തിരിച്ചറിഞ്ഞ് സഞ്ജയൻ നടത്തിയ ഇടപെടലുകൾ മലയാളസാഹിത്യവിമർശനത്തിന് ഊർജ്ജവും കരുത്തും പകർന്നു. സഞ്ജയന്റെ രചനകളെ സ്വീകരിച്ചത് സാധാരണക്കാരായ വായനക്കാരായിരുന്നു. മലയാളം അതുവരെ പരിചയപ്പെട്ട സംസ്കൃതസ്വാധീനമുള്ള ഭാഷാപ്രയോഗങ്ങളിൽനിന്നും ഗദ്യശൈലിയിൽ നിന്നും വ്യത്യസ്തമായിരുന്നു സഞ്ജയന്റെ ആഖ്യാനരീതി. സങ്കീർണ്ണവും ബൗദ്ധികജഡിലവുമായ ആഖ്യാനവഴികളിൽനിന്ന് ഭാഷയെ മോചിപ്പിച്ച് സാധാരണക്കാരുടെ ബുദ്ധിയെ ഉണർത്തുന്ന രീതിയിൽ ലളിതമായ പ്രയോഗങ്ങളും നാടൻശീലുകളും സഞ്ജയൻ എഴുത്തിലേക്ക് കടത്തിക്കൊണ്ടുവന്നു. സ്റ്റീഫൻ ലീക്കോക് (Stephen Leacock), ജെയിംസ് തർബർ(James Thurber), മാർക് ട്വെയ്ൻ (Mark Twain) എന്നിവരെപ്പോലുള്ള പാശ്ചാത്യ എഴുത്തുകാരുടെ രചനാരീതികളെ സഞ്ജയൻ നിരന്തരമായി പിൻപറ്റിയിരുന്നു.

മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം.ആർ. നായർ 1936- ലാണ് മലയാള മാസികാചരിത്രത്തിൽ ഭാവുകത്വപരമായി വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ‘സഞ്ജയൻ’ മാസിക (1936-39) ആരംഭിക്കുന്നത്. അതോടുകൂടി തന്റെ തൂലികാനാമമായി സഞ്ജയൻ എന്ന പേരും അദ്ദേഹം സ്വീകരിച്ചു. മലബാറിലെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചലനങ്ങളുണ്ടാക്കിയ മാസികയായിരുന്നു ‘സഞ്ജയൻ’. വളരെ ചുരുങ്ങിയകാലം മാത്രമേ മാസികയ്ക്ക് അക്ഷരജീവിതമുണ്ടായിരുന്നുള്ളൂ. മാസികയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുവാൻ കഴിയാത്ത തരത്തിലുള്ള പ്രതിസന്ധികൾ അതിന്റെ അണിയറ പ്രവർത്തകർക്ക് നേരിടേണ്ടിവന്നു. തുടർന്ന്, മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരിക്കെ ‘വിശ്വരൂപം’ (1940-41) മാസികയും സഞ്ജയന്റെ പത്രാധിപത്യത്തിൽ പുറത്തുവന്നു.
‘ഒഥെല്ലോ’ വിവർത്തനവും
കുട്ടികൃഷ്ണമാരാരുടെ പരിഹാസവും
മലയാളവിവർത്തനചരിത്രത്തിൽ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച വിവർത്തനശ്രമങ്ങളിലൊന്നാണ് സഞ്ജയന്റെ ഒഥെല്ലോ വിവർത്തനം. “എം.ആർ. നായരുടെ പ്രതിഭ അതിന്റെ പൂർണരൂപത്തിൽ വികസിതമായിരുന്ന കാലഘട്ടത്തിലാണ് ഈ വിവർത്തനം കൈരളിക്കു കാഴ്ചവച്ചത്” (1998: 81).
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായ 12 ലക്കങ്ങളിലായാണ് ഒഥെല്ലോ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. 1941- ൽ മാതൃഭൂമി ഒഥെല്ലോ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 21 കൊല്ലത്തെ സജീവമായ എഴുത്തുജീവിതമുണ്ടായിരുന്നു സഞ്ജയന്. മരിക്കുന്നതിനുമുമ്പ് ഒഥെല്ലോ വിവർത്തനം മാത്രമാണ് പുസ്തകരൂപത്തിൽ പ്രസിദ്ധകരിക്കപ്പെട്ടിട്ടുള്ളൂവെന്നതും ഏറെ കൗതുകമുള്ള വസ്തുതയാണ്.
മലയാളപുസ്തകപ്രസാധനചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകപരമ്പരകളിലൊന്നാണ് സഞ്ജയന്റെ സമ്പൂർണ്ണകൃതികൾ. മലയാളിയുടെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളെ മൂർച്ചയേറിയ ഭാഷയിൽ പരിഹസിച്ച് സഞ്ജയൻ എഴുതിയ 406 ഹാസ്യലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1940 സെപ്റ്റംബർ 15 ലക്കത്തിൽ ‘ഒഥെല്ലോ തർജ്ജമയെപ്പറ്റി’ എന്ന സഞ്ജയന്റെ ലേഖനം പ്രസിദ്ധീകരിച്ചു (പുസ്തകം 19, ലക്കം 26, പുറം 19-20). വിവർത്തന പ്രക്രിയയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഈ ആമുഖലേഖനത്തിൽ കൃത്യമായി തന്നെ സഞ്ജയൻ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ സാധാരണ വിവർത്തനങ്ങൾ പദാനുപദമായാണ് നിർവ്വഹിക്കപ്പെടാറുള്ളതെന്നും, അതിന് പോരായ്മകളുണ്ടെന്നും സഞ്ജയൻ ചൂണ്ടിക്കാണിക്കുന്നു. വിവർത്തനത്തെ ഒരു സാംസ്കാരികപ്രക്രിയയായിട്ടാണ് കാണേണ്ടതെന്ന് സഞ്ജയന് ഉത്തമബോധ്യമുണ്ടായിരുന്നു.
ഷേക്സ്പിയർ കൃതികൾ മലയാളത്തിലേക്കു വിവർത്തനം നടത്തിയ ആറ്റുകാൽ എ. ഗോവിന്ദപ്പിള്ളയുടെ വിവർത്തനശ്രമങ്ങളെ സഞ്ജയൻ നിശിതമായി വിമർശിക്കുന്നത് ഇത്തരമൊരു കാഴ്ചപ്പാട് മുൻനിറുത്തിയാണ്. എ. ഗോവിന്ദപ്പിള്ള നടത്തിയ ഹാംലറ്റ്, ജൂലിയസ് സീസർ എന്നീ കൃതികളുടെ വിവർത്തനങ്ങൾ ‘വികൃതവും വിരൂപവും അപഹാസ്യമായ ഭാഷാശൈലികൊണ്ട് ചിരിയുളവാക്കുന്നു’വെന്നും സഞ്ജയൻ സൂചിപ്പിക്കുന്നുണ്ട്:
“വ്യത്യസ്ത പദഘടനാരീതിയും വാക്യരചനാ സമ്പ്രദായവുമുള്ള രണ്ടു ഭാഷകൾ തമ്മിലുള്ള പദാനുപദതർജ്ജമ പലപ്പോഴും അർത്ഥശൂന്യ പ്രലപനങ്ങളായി മാറാറുണ്ട്. ഒരു ഭാഷയിൽ മൂന്നോ നാലോ വാക്കുകളിൽ ഒരുക്കാവുന്ന ആശയം, ഇതര ഭാഷയിൽ പകർത്തേണ്ടിവരുമ്പോൾ പത്തും പതിനഞ്ചും വാക്കുകളുടെ സഹായം ആവശ്യപ്പെട്ടേക്കാം; മറിച്ചും വരാം. ഓരോ ഭാഷയിലേയും ശൈലികളെ മറ്റു ഭാഷകളിലേക്കു മാറ്റുമ്പോൾ, തർജ്ജമ പദാനുപദമായാൽ പലപ്പോഴും ചിരിയുളവാക്കും” (1941 :14).
ഷേക്സ്പിയറിന്റെ കൃതി പിൻപറ്റുന്ന സാമൂഹ്യജീവിതവും സാംസ്കാരികാനുഭവങ്ങളും മലയാളിക്ക് അന്യമാണെങ്കിലും, മലയാളിയുടെ അനുഭവലോകത്തിലേക്ക് അവയെ ഇറക്കിക്കൊണ്ടുവരുന്ന തരത്തിൽ വിവർത്തനം ചെയ്താൽ മാത്രമേ വിവർത്തനപ്രക്രിയ പൂർത്തിയാവുകയുള്ളൂവെന്ന് സഞ്ജയൻ വിശ്വസിച്ചു:
“മൂലഗ്രന്ഥത്തിലെ ഒരു വാചകം വായിച്ച്, ആ വാചകത്തിന്റെ അർത്ഥം അതിന്റെ സമ്പൂർണമായ ശക്തിയോടുകൂടി ശ്രോതാവിന്റെ ഹൃദയത്തിലേക്കു സംക്രമിപ്പിക്കുവാൻ വേണ്ടി, ആ വാചകം പറയുന്ന ആളുടെ സ്വഭാവത്തോടും വിദ്യാഭ്യാസത്തോടും സാഹചര്യത്തോടും തൽക്കാല പരിതസ്ഥിതിയോടും തൽക്കാല വികാരത്തോടും കൂടിയ ഒരു മലയാളി എന്തു പറയുന്നുവോ അത് പകർത്തുക” (1941 :14).

‘ഒഥെല്ലോ തർജ്ജമയെ’പ്പറ്റി എന്ന ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച സന്ദർഭത്തിൽ തന്നെ വിവർത്തനത്തെക്കുറിച്ചുള്ള സഞ്ജയന്റെ കാഴ്ചപ്പാടുകൾക്കെതിരെ കടുത്ത വിർശനം ഉന്നിയിച്ച് കുട്ടികൃഷ്ണമാരാർ രംഗത്തുവരുന്നുണ്ട്. മാരാർ ‘അനുഗത തർജമയെപ്പറ്റി’ എന്ന ലേഖനമെഴുതി സഞ്ജയന്റെ പത്രാധിപത്യത്തിലുള്ള ‘വിശ്വരൂപം’ മാസികയിൽ പ്രസിദ്ധീകരിക്കുന്നതിന് നൽകി. “സഞ്ജയൻ തെല്ലിട തന്റെ കുപ്പായം അഴിച്ചുവെച്ചതക്കം നോക്കി അതു കടന്നെടുത്തിട്ട് എഴുതിയൊപ്പിച്ചതാണ് ഈ ആമുഖോപന്യാസം” എന്ന തരത്തിലുള്ള വിമർശനവും മാരാർ ലേഖനത്തിൽ ഉന്നയിക്കുന്നുണ്ട്.
‘വിശ്വരൂപ’ത്തിൽ മാരാർ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചില്ലെന്നു മാത്രമല്ല, ചിത്രകാരനായ എം. ഭാസ്കരനെക്കൊണ്ട് മാരാരെക്കുറിച്ചുള്ള ഹാസ്യാത്മ കാരിക്കേച്ചർ വരപ്പിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അക്കാലത്ത് മാതൃഭൂമി ഓഫീസിൽ നടക്കുന്ന സാഹിത്യസംവാദങ്ങളിൽ സഞ്ജയനും കുട്ടികൃഷ്ണമാരാരും സജീവമായിരുന്നെങ്കിലും, അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നിൽ വ്യക്തിപരമായ സൗഹൃദം ഇവർക്കിടയിൽ തടസ്സമായിരുന്നില്ല. മലയാളശൈലി എന്ന കൃതി എഴുതിപൂർത്തിയാക്കിയപ്പോൾ അതിന് ആമുഖമെഴുതുവാൻ മാരാർ തെരഞ്ഞെടുത്തത് മറ്റാരെയുമല്ല, സഞ്ജയനെ തന്നെയായിരുന്നു. രോഗബാധിതനായി തലശ്ശേരിയിലുള്ള വീട്ടിൽ പൂർണ്ണവിശ്രമത്തിലായിരുന്ന സഞ്ജയൻ മാരാരുടെ ഗ്രന്ഥത്തിന് പ്രൗഢവും ആധികാരികവുമായ അവതാരിക എഴുതിക്കൊടുത്തു.
സഞ്ജയന്റെ അകാല വേർപാട് കോഴിക്കോട്ടെ മറ്റ് സുഹൃത്തുക്കളെപ്പോലെ തന്നെ മാരാരിലും വലിയ വേദനയുണ്ടാക്കി. സഞ്ജയന്റെ മരണശേഷം മാരാർ എഴുതിയ അനുസ്മരണക്കുറിപ്പിൽ അത് നിഴലിച്ചു കിടക്കുന്നു:
“എം.ആർ. നായർ മനുഷ്യത്വത്തിലെ ഏറ്റവും അകന്നുകിടക്കുന്ന രണ്ടു നിലകളെ ഉൾക്കൊണ്ടിരുന്ന ഒരു വിശാലാശയനായിരുന്നു. അത്തരം സ്ഥിതിയിൽ നമ്മളൊക്കെ ചെയ്യുക, ഇങ്ങേയറ്റത്തെ നിലയെ ഒതുക്കിയടക്കി അങ്ങേയറ്റത്തെ നിലയിൽ ആത്മപ്രകാശം ചെയ്‌വാനാണ്. നേരെ മറിച്ച് അദ്ദേഹം അങ്ങേയറ്റത്തെ നിലയെ ഒതുക്കി ഇങ്ങേയറ്റത്തെ നിലയിൽ ആത്മപ്രകാശനം ചെയ്തുപോന്നു” (1998: 59).
സഞ്ജയനുള്ളിലെ പ്രതിഭയെയും ദാർശനിക വ്യക്തിത്വത്തെയും മാരാര് തിരിച്ചറിഞ്ഞിരുന്നു: “തന്റെ തൂലിക കൊണ്ട് ഇത്രമേൽ വ്യാപ്തമായ പൊതുജനസേവനം ചെയ്‌വാൻ സാധിച്ച ഒരു സാഹിത്യകാരൻ കേരളത്തിൽ വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണെ”ന്ന് (1998: 59) കൂടി മാരാർ ആ അനുസ്മരണ കുറിപ്പിൽ പറഞ്ഞുവെയ്ക്കുന്നു.
സി.എച്ച്. കുഞ്ഞപ്പയുടെ നീണ്ട 20 വർഷത്തെ പ്രതിഫലേച്ഛയില്ലാത്ത കഠിനപരിശ്രമങ്ങളാണ് സഞ്ജയന്റെ സാഹിത്യലോകത്തെ മലയാളപുസ്തക ചരിത്രത്തിൽ സ്ഥാനപ്പെടുത്തിയത്.
സി.എച്ച്. കുഞ്ഞപ്പ:
സഞ്ജയൻ കൃതികളുടെ
ലിറ്റററി എക്സിക്യൂട്ടർ
1943 സെപ്തംബർ 13 ന് സഞ്ജയൻ കാലയവനികയിലേക്ക് മറയുന്നതിനുമുമ്പുതന്നെ 21 കൊല്ലത്ത സാഹിത്യജീവിതത്തിനിടയിൽ എഴുതിയവയെല്ലാം സമാഹരിച്ച് പ്രസിദ്ധീകരിക്കുവാൻ സുഹൃത്തും സന്തതസഹചാരിയുമായിരുന്ന സി.എച്ച് . കുഞ്ഞപ്പയെ സഞ്ജയൻ ചുമതലപ്പെടുത്തിയിരുന്നു. 1943 ജൂലൈ 22- ന് സഞ്ജയൻ സി.എച്ച്. കുഞ്ഞപ്പയ്ക്ക് എഴുതിയ കത്തിൽ തന്റെ കൃതികൾ സമാഹരിക്കേണ്ടതിന്റെ പൂർണ്ണ ഉത്തരവാദിത്വം കുഞ്ഞപ്പയ്ക്ക് നൽകുന്നതായി സൂചിപ്പിക്കുന്നുണ്ട്:
“തന്റെ സാഹിത്യസമ്പത്ത് നശിച്ചുപോകാതിരിക്കുവാനും അവയുടെ പുനഃപ്രസിദ്ധീകരണം വഴി ലഭിക്കുന്ന സാമ്പത്തികനേട്ടം ബന്ധുക്കൾക്കു ലഭിക്കുവാനും എം.ആർ. നായർ അഭിലഷിച്ചിരുന്നു. കൈയൊതുക്കമുള്ള പുസ്തകങ്ങളായി തന്റെ കൃതികളെ സമാഹരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പദ്യങ്ങൾ മുഴുവൻ ഒറ്റ വാല്യമായിട്ടും ഗദ്യകൃതികളെ സൗകര്യപ്രദങ്ങളായ വാല്യങ്ങളായിട്ടും അദ്ദേഹം നിശ്ചയിച്ചു. കാലഗണനാക്രമത്തിൽ കൃത്യമായി എല്ലാ കൃതികളെയും ക്രമീകരിക്കാൻ കഴിയില്ലെങ്കിലും കഴിയുന്നിടത്തോളം അതു ദീക്ഷിക്കാൻ അദ്ദേഹം നിഷ്കർഷിക്കുന്നുണ്ട്. ഏതെങ്കിലും കൃതിയോ അതിന്റെ ഭാഗമോ ഒഴിവാക്കണമെന്നു തോന്നിയാൽ ഒഴിവാക്കാവുന്നതാണ്. ആസ്വദനീയമല്ലാത്ത യാതൊരു കൃതിയും പുസ്തകരൂപത്തിൽ വന്നുകൂടാ. വാക്യഘടനയിലോ വ്യാകരണകാര്യത്തിലോ പ്രയോഗ വിഷയത്തിലോ ഏതെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ അതു തിരുത്തുവാനുള്ള അധികാരവും കുഞ്ഞപ്പയ്ക്ക് അദ്ദേഹം നൽകിയിരുന്നു. ‘കേരളപത്രിക’, ‘വിശ്വരൂപം’, ‘സഞ്ജയൻ’, ‘മാതൃഭൂമി’ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് പുസ്തകരൂപത്തിൽ പുനഃപ്രസാധനത്തിനു സഞ്ജയകൃതികൾ സമാഹരിക്കുമ്പോൾ ഏതുകാലത്തെ വായനക്കാരനും രസിക്കത്തക്ക വിഭവങ്ങളേ അതിൽ ഉൾപ്പെടുത്താവൂ എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്” (1998: 51).
മലയാളപുസ്തക പ്രസാധനചരിത്രത്തിലെ തന്നെ വേറിട്ടൊരു ശ്രമമായിരുന്നു ‘സഞ്ജയന്റെ സമ്പൂർണ്ണ കൃതികളു’ടെ പ്രസാധനം. സി.എച്ച്. കുഞ്ഞപ്പയുടെ നീണ്ട 20 വർഷത്തെ പ്രതിഫലേച്ഛയില്ലാത്ത കഠിനപരിശ്രമങ്ങളാണ് സഞ്ജയന്റെ സാഹിത്യലോകത്തെ മലയാളപുസ്തക ചരിത്രത്തിൽ സ്ഥാനപ്പെടുത്തിയത്.

പാരമ്പര്യത്തിന്റെ തുടർച്ചയും
പ്രതിരോധവും
സഞ്ജയന്റെ കാവ്യകല അതിന്റെ പൂർണ്ണതയിൽ അടയാളപ്പെട്ടുകിടക്കുന്ന രണ്ടു കാവ്യസമാഹാരങ്ങളാണ് ആദ്യോപഹാരവും (1943) ഹാസ്യാഞ്ജലിയും (1943). സഞ്ജയനും സി.എച്ച്. കുഞ്ഞപ്പയും നടത്തിയ കത്തിടപാടുകളിൽനിന്ന് ആദ്യോപഹാരത്തിന്റെ പ്രസാധനത്തെ സംബന്ധിച്ചു വ്യക്തമായ ചിത്രം ലഭിക്കുന്നുണ്ട്:
‘‘പുസ്തകത്തിൽ ചേർക്കേണ്ട കവിതകൾ കണ്ടെത്തി സി.എച്ച്. കുഞ്ഞപ്പ സഞ്ജയന് അയച്ചുകൊടുത്തു. സഞ്ജയൻ പുസ്തകത്തിൽ ചേർക്കാൻ ഒരു ആമുഖവും എഴുതിവച്ചിരുന്നു. തന്റെ ആദ്യത്തെ കവിതാസമാഹാരത്തിന് താൻ തന്നെ ആമുഖമെഴുതി നൽകാമെന്ന് സഞ്ജയൻ 1943- സെപ്തംബർ ഒന്നാം തീയതി കുഞ്ഞപ്പക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. പക്ഷേ കുഞ്ഞപ്പ പുസ്തകത്തിനുവേണ്ടി തയ്യാറാക്കിവച്ചിരുന്ന ആമുഖം വായിച്ചശേഷം സഞ്ജയൻ തന്റെ ആമുഖം വേണ്ടെന്നുവച്ചു. സി.എച്ച്. കുഞ്ഞപ്പ എഴുതിയ ആമുഖത്തിലേക്ക് കൂട്ടിച്ചേർക്കേണ്ട ചില കാര്യങ്ങൾ എഴുതി അയയ്ക്കുകയും ചെയ്തു” (1998: 28).
കുട്ടിക്കാലത്ത് വായിച്ച മഹാകവി വള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിലെ കവിതകൾ തന്റെ ആദ്യകാല കവിതകളുടെ സ്വാധീനശക്തിയായി തീർന്നിട്ടുണ്ടെന്ന് കുഞ്ഞപ്പയ്ക്ക് എഴുതിയ കത്തിൽ സഞ്ജയൻ സൂചിപ്പിക്കുന്നുണ്ട്:
“അക്കാലത്തെ കവിത്വകാംക്ഷികളായ മറ്റു പല ചെറുപ്പക്കാരെയും പോലെ ഞാനും, സാഹിത്യമഞ്ജരിയിലെ കവിതകളുടെ മധുമധുരമായ പദപ്രയോഗത്തിലും വാങ്മയസംഗീതത്തിലും മതിമയങ്ങിനടന്ന ഒരു കാലത്ത് എഴുതപ്പെട്ടവയാണ് ഇവ” (1943:vi).
സഞ്ജയന്റെ കാവ്യജീവിതത്തിലുടനീളം ദുർബലമായ പരാജയമനഃസ്ഥിതി ഉണ്ടായിരുന്നുവെന്ന് കേസരി ബാലകൃഷ്ണപിള്ള എഴുതിയിട്ടുണ്ട്. അതിൽ നിന്ന് മറികടക്കാനാണ് സഞ്ജയൻ ഹാസ്യസാഹിത്യത്തിലേക്ക് തിരിഞ്ഞതെന്നുകൂടി കേസരി സൂചിപ്പിക്കുന്നു.
ദേശീയപ്രസ്ഥാനത്തിലും ഗാന്ധിയൻ മാനവികതാമൂല്യങ്ങളിലും അടിയുറച്ചുനിന്ന സഞ്ജയന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ വളരെ വ്യത്യസ്തമായിരുന്നു. ലോകസാഹിത്യത്തിൽ വരുന്ന ഭാവുകത്വപരമായും ആഖ്യാനപരമായും സംഭവിച്ച മാറ്റങ്ങളെ സഞ്ജയൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. വള്ളത്തോൾ കവിതകളുടെ സൗന്ദര്യാനുഭുതികളിൽനിന്ന് തനിക്ക് മുക്തിനേടുവാൻ വലിയ താമസമുണ്ടായില്ലെന്നും കുഞ്ഞപ്പയ്ക്കെഴുതിയ കത്തിന്റെ തുടർച്ചയിൽ സഞ്ജയൻ സൂചിപ്പിക്കുന്നുണ്ട്:
“... ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിയ്ക്കുന്ന ഒരു മികച്ച കവിയാകുവാനുള്ള എന്റെ ആദ്യത്തെ അഭിലാഷത്തെ തന്നെ ഞാൻ സ്ഥിരമായി വെച്ചുപുലർത്തിക്കൊണ്ടിരുന്നുവെങ്കിൽ എന്റെ കാവ്യജീവിതം എങ്ങനെ തിരിയുമായിരുന്നുവെന്ന് എനിയ്ക്കറിഞ്ഞുകൂടാ, ഊഹിക്കുവാനും സാധ്യമല്ല; കാരണം ‘തിലോദകത്തി’1ന്റെ പശ്ചാത്തലമായിത്തീർന്ന കടുത്ത കഥനകഥയോടുകൂടി ആ ജീവിതം, ഭാഗ്യവശാൽ, പെട്ടെന്നവസാനിച്ചു. ആകെക്കൂടി നോക്കുമ്പോൾ, പക്ഷേ മലയാളസാഹിത്യത്തിന്റെ നല്ലകാലം കൊണ്ടാവണം അങ്ങനെ സംഭവിച്ചത്” (1943:vi).
സഞ്ജയന്റെ കാവ്യജീവിതത്തിലുടനീളം ദുർബലമായ പരാജയമനഃസ്ഥിതി ഉണ്ടായിരുന്നുവെന്ന് കേസരി ബാലകൃഷ്ണപിള്ള എഴുതിയിട്ടുണ്ട്. അതിൽ നിന്ന് മറികടക്കാനാണ് സഞ്ജയൻ ഹാസ്യസാഹിത്യത്തിലേക്ക് തിരിഞ്ഞതെന്നുകൂടി കേസരി സൂചിപ്പിക്കുന്നു:
“തന്നിലുള്ള ജന്മസിദ്ധമായ കവിതാവാസനയെ ദുർബ്ബലമായ പരാജയമനഃസ്ഥിതി നിമിത്തം അമർത്തിവെച്ചു ഹാസ്യസാഹിത്യത്തിലേക്കു തിരിയുകയാണ് സഞ്ജയൻ ചെയ്തത്” (2003:26).
‘വിശുദ്ധാനന്ദത്തിൻ വിലോചനം ചിരി’യെന്ന് 1943-ൽ പ്രസിദ്ധീകരിച്ച ഹാസ്യാഞ്ജലിയിലെ ആദ്യകവിതയായ ‘അണിയറ’യിൽ സഞ്ജയൻ എഴുതുന്നുണ്ട്. കുഞ്ഞപ്പ എഴുതുന്നു:
“വിഷാദാത്മകത്വത്തിന്റെ നേരെ സഞ്ജയനെപ്പോലെ അത്ര കഠിനമായി അടർവെട്ടീട്ടുള്ളവർ വേറെ വളരെപ്പേരില്ല. എങ്കിലും ഹാസ്യാഞ്ജലിയിലെ നേരിയ പുഞ്ചിരി അതിന്റെ പ്രകാശം പരത്തുന്നത്, ഹൃദയക്ഷതങ്ങളുടെ കനത്ത കാർമേഘങ്ങളെ ഭേദിച്ചുകൊണ്ടാണ് എന്നു കാണാം” (1943 : I,ii).
സഞ്ജയന്റെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുകൊണ്ടാണ് ഹാസ്യാഞ്ജലിയിലെ കവിതകൾ കുഞ്ഞപ്പ സമാഹാരിച്ചത്. സഞ്ജയൻ കുഞ്ഞപ്പയ്ക്ക് എഴുതിയ കത്തുകളിൽനിന്ന് ഇത് വ്യക്തമാണ്: “പദ്യകൃതികളെ ഒറ്റ വാല്യമാക്കുമ്പോൾ അതിന്, ഹാസ്യാഞ്ജലി എന്നു നാമകരണം ചെയ്യണം. ഹാസ്യാഞ്ജലി എന്ന പേരിൽ പ്രസിദ്ധീക രിച്ചിട്ടുള്ള കവിതകളെ ആദ്യം ചേർക്കുകയും മറ്റു കവിതകളെ പ്രസിദ്ധീകരണത്തീയതി മുറയ്ക്കോ അല്ലാതെയോ തുടർന്നു ചേർക്കുകയുമാവാം. ഈ പദ്യസമാഹാരം തന്റെ പുത്രനു സമർപ്പിക്കാൻ തീരുമാനിക്കുകയും സമർപ്പണത്തിനുള്ള വാക്യങ്ങൾ2 ഇംഗ്ലീഷിൽ എഴുതി അയയ്ക്കുകയും ചെയ്തു” (1998: 52).

ആദ്യോപഹാരത്തിന്റെയും ഹാസ്യാഞ്ജലിയുടെയും കോപ്പികൾ സി.എച്ച്. കുഞ്ഞപ്പ മഹാകവി ഉള്ളൂരിന് അയച്ചുകൊടുത്തു. പുസ്തകങ്ങൾ കൈപ്പറ്റിയതായി അറിയിച്ച് ഉള്ളൂർ കുഞ്ഞപ്പയ്ക്ക് കത്തയക്കുന്നുണ്ട്:
“സഞ്ജയന്റെ വിശ്വോത്തരങ്ങളായ പദ്യകൃതികൾ സമാഹരിച്ചു നിങ്ങൾ പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളും ശ്രീ. ചൊവ്വര പരമേശ്വരൻ എറണാകുളത്തുവെച്ച് എന്നെ ഏല്പിക്കുകയുണ്ടായി. ആ രണ്ടു പുസ്തകങ്ങളിലെ വാങ്മയസുധ ഞാൻ ആകണ്ഠപാനം ചെയ്ത് ആനന്ദമത്തനായ വസ്തുത നിങ്ങളെ അറിയിക്കുകയും നിങ്ങൾ ഈ വിഷയത്തിൽ ചെയ്തിരിക്കുന്ന അവിസ്മരണീയമായ സാഹിത്യസാഹ്യത്തിൽ നിങ്ങളെ ഉള്ളഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്തുകൊള്ളുന്നു. ആ വശ്യവചസ്സിന്റെ ഗദ്യലേഖനങ്ങളും തെരഞ്ഞെടുത്ത് രണ്ടോ മൂന്നോ പുസ്തകങ്ങളായി പ്രകാശിപ്പിക്കുവാൻ നിങ്ങളോട് അപേക്ഷിച്ചുകൊള്ളുന്നു” (1998: 3).
സാമൂഹിക സാംസ്കാരികരംഗത്തു സജീവമായി നിന്നിരുന്ന നിരവധിപേരുടെ പിന്തുണ സഞ്ജയന്റെ സമ്പൂർണ്ണ കൃതികളുടെ പ്രസാ ധനത്തിന് ലഭിച്ചിരുന്നു.
ചിരിയും ചിന്തയും:
സഞ്ജയന്റെ രാഷ്ട്രീയദർശനം
മലയാളപുസ്തകപ്രസാധനചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകപരമ്പരകളിലൊന്നാണ് സഞ്ജയന്റെ സമ്പൂർണ്ണകൃതികൾ. മലയാളിയുടെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗങ്ങളെ മൂർച്ചയേറിയ ഭാഷയിൽ പരിഹസിച്ചുകൊണ്ട് സഞ്ജയൻ എഴുതിയ 406 ഹാസ്യലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം3. 1933 മുതൽ 42 വരെയുള്ള കാലത്ത് ‘സഞ്ജയൻ’, ‘കേരളപത്രിക’, ‘വിശ്വരൂപം’, ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ എന്നീ ആനുകാലികങ്ങളിൽ എഴുതിയതാണിവ.
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെയും കൊളോണിയൽ വിരുദ്ധസമരങ്ങളുടെയും സാമൂഹ്യ- രാഷ്ട്രീയസന്ദർഭങ്ങളോട് ബന്ധപ്പെടുത്തി മാത്രമേ സഞ്ജയന്റെ എഴുത്തുജീവിതത്തെ വിലയിരുത്തുവാൻ കഴിയൂ. ഹാസ്യത്തെ ഒരു രാഷ്ട്രീയ പ്രയോഗമാക്കി മാറ്റി സഞ്ജയൻ. സാമൂഹ്യപ്രതിബദ്ധതയോടും ജനാധിപത്യബോധ്യത്തോടും കൂടി സഞ്ജയൻ നടത്തിയ വിമർശനങ്ങൾ അധികാരത്തിന്റെ അടിത്തട്ടിനെ ഇളക്കാൻ ശേഷിയുള്ളവയായിരുന്നു.
സി.എച്ച്. കുഞ്ഞപ്പ എഴുതുന്നു:
“സഞ്ജയന്റെ കൃതികൾ പലരെയും അരിശം പിടിപ്പിച്ചിട്ടുണ്ട്. നർമ്മബോധം കുറവായ ചിലരെ വേദനപ്പെടുത്തുകപോലും ഉണ്ടായിട്ടുണ്ട്, എങ്കിലും അവയിൽ പരുഷപരമായ കാലുഷ്യമോ കല്മഷമോ അശേഷവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അവ ഇത്രമേൽ പരക്കെ ഹൃദ്യങ്ങളും ആസ്വാദ്യങ്ങളുമായിത്തീർന്നിട്ടുള്ളതും. ഏതെങ്കിലും അനീതിയുടെയോ, വഴിപിഴപ്പിയ്ക്കുന്നതെന്നു തനിയ്ക്കുത്തമവിശ്വാസമുള്ള ആദർശാഭാസങ്ങളുടെയോ നേരെ സഞ്ജയൻ നിശിതമായ പരിഹാസശരം പൊഴിച്ചിട്ടുണ്ടെങ്കിൽ, ആ പരിഹാസശരം സ്വന്തം ഹൃദയക്ഷതത്തിൽ നിന്നൊഴുകിയ രക്തത്തെ ഘനീഭവിപ്പിച്ചു വാർത്തെടുത്തിട്ടുള്ളതാണ്” (1943:i).
ഓസ്കർ വൈൽഡ്, വാൾട്ടർ പേറ്റർ മുതലായ പാശ്ചാത്യചിന്തകരുടെ ചിന്താപദ്ധതികൾ സഞ്ജയനെ സ്വാധീനിച്ചിരുന്നുവെങ്കിലും ‘കല കലയ്ക്കു വേണ്ടി’യെന്ന പാശ്ചാത്യചിന്തകരുടെ ചിന്തയൊന്നും അദ്ദേഹത്തെ സ്പർശിച്ചിട്ടില്ല.
ജനാധിപത്യവിരുദ്ധമായ എല്ലാത്തിനെയും സഞ്ജയൻ എതിർത്തു. “ബ്രിട്ടീഷുകാരുടെ നീതിയില്ലാത്ത വിദേശഭരണത്തെയും നാട്ടുരാജാക്കന്മാരുടെ പിടിപ്പില്ലാത്ത സ്വദേശിഭരണത്തെയും കോൺഗ്രസ്സുകാരുടെ കൊള്ളരുതായ്മയെയും കമ്യൂണിസ്റ്റുകാരുടെ വിഡ്ഢിത്തത്തെയും ഉദ്യോഗസ്ഥമേധാവികളുടെ ജനവിരുദ്ധതയെയും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ യാന്ത്രികതയെയും യുവകവികളുടെ വിഷാദഭക്തിയെയും എല്ലാം അദ്ദേഹം ഏറ്റെതിർക്കുന്നുണ്ട്” (2011:17).
ഓസ്കർ വൈൽഡ് (Oscar Wilde), വാൾട്ടർ പേറ്റർ (Walter Pater) മുതലായ പാശ്ചാത്യചിന്തകരുടെ ചിന്താപദ്ധതികൾ സഞ്ജയനെ സ്വാധീനിച്ചിരുന്നുവെങ്കിലും ‘കല കലയ്ക്കു വേണ്ടി’യെന്ന പാശ്ചാത്യചിന്തകരുടെ ചിന്തയൊന്നും അദ്ദേഹത്തെ സ്പർശിച്ചിട്ടില്ല. മനുഷ്യനെയാണ് സഞ്ജയൻ പ്രധാനമായി കണ്ടത്. ഗാന്ധിയൻ മാനവികതയിലും ജനാധിപത്യത്തിലും ഊന്നിനിന്നുകൊണ്ടുള്ള വീക്ഷണങ്ങൾ തന്നെയാണിത്.
സഞ്ജയന്റെ എഴുത്ത്,
ഭാസ്കരന്റെ വര
സഞ്ജയന്റെ ചിന്തകൾക്ക് അതിന്റെ പൂർണ്ണതയിൽ തന്നെ ചിത്രഭാഷ്യം നൽകിയ അതുല്യ കലാകാരനാണ് എം. ഭാസ്കരൻ. സഞ്ജയൻ എഴുത്തിലും ഭാസ്കരൻ വരയിലും കാണിച്ച സർഗ്ഗാനുഭവങ്ങൾ നാല്പതുകളിലെ മലയാളഭാവനയെ രാഷ്ട്രീയവത്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. മറ്റാർക്കും അനുകരിക്കുവാൻ കഴിയാത്തതായിരുന്നു ഇവരുടെ ശൈലികൾ. മലയാളിയുടെ വായനാചരിത്രത്തിൽ വേരുറച്ച ആ കൂട്ടുകെട്ടിന് നാലുവർഷത്തേ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം സഞ്ജയനും പിന്നാലെ ഭാസ്കരനും സാഹിത്യഭൂപടത്തിൽ നിന്ന് വിടപറഞ്ഞു. സ്വയാർജിത കഴിവുകൾ വികസിപ്പിച്ച് വരയിൽ അദ്ഭുതങ്ങൾ കാട്ടിയ ചിത്രകാരനാണ് ഭാസ്കരനെന്ന് സൂചിപ്പിച്ചുകൊണ്ട് തോമസ് ജേക്കബ് എഴുതുന്നു:
“ ഒരു ജാതി കുഷ്ഠവാതം പിടിപെട്ടു കുരുടിച്ച കൈവിരലുകൾ ക്കിടയിൽ തൂലിക ഇറുക്കിപ്പിടിച്ചുകൊണ്ടാണ് ഭാസ്കരൻ ചിത്രകലാരംഗത്ത് അദ്ഭുതങ്ങൾ കാട്ടിയത്’’. സഞ്ജയന്റെ മരണത്തെ തുടർന്ന് ഭാസ്കരൻ വരച്ച ചിത്രം സർഗ്ഗാത്മകവും അനുഭവ തീവ്രവുമായിരുന്ന ആത്മബന്ധത്തിന്റെ നേരടയാളമാണ്.
കോഴിക്കോട്ടെ സാഹിത്യസദസ്സുകളിൽ സജീവസന്നിധ്യമായിരുന്ന സഞ്ജയന്റെയും ഭാസ്കരന്റെയും അകാലമരണം കൂട്ടുകാരെയും വലിയതോതിൽ ഉലച്ചു. എസ്. കെ. പൊറ്റെക്കാട് സുഹൃത്തായ കൃഷ്ണൻകുട്ടിക്ക് എഴുതിയ കത്തിൽ ഇങ്ങനെ സൂചിപ്പിക്കുന്നുണ്ട്: “ആദ്യം സഞ്ജയൻ പിന്നെ ഭാസ്കരൻ. ഭാസ്കരൻ സഞ്ജയവിയോ ഗത്തിൽ ദുഃഖിച്ചിരിക്കുന്ന ആ ചിത്രം നിങ്ങൾ ഓർക്കുന്നുണ്ടോ? ഭാസ്കരന്റെ വിയോഗത്തിൽ ആരും എഴുതാനും ചിത്രം വരയ്ക്കുവാനും ഇല്ലാതെപോയി” (1972:36).

അനുകരിക്കാൻ കഴിയാത്ത സർഗ്ഗപ്രപഞ്ചം
മലയാളസാഹിത്യത്തിൽ ഭാവുകത്വപരമായും ആഖ്യാനപരമായും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന എഴുത്തുകാരനാണ് സഞ്ജയൻ. സഞ്ജയന്റെ കല അതിന്റെ പൂർണ്ണതയിൽ എത്തിയത് ജനാധിപത്യവിരുദ്ധമായ പ്രവണതകൾക്കെതരിരെ മനുഷ്യരുടെ ഭാഷയിൽ സംസാരിച്ചതുകൊണ്ടാണ്. ഹാസ്യത്തിന്റെ കനലാട്ടങ്ങളാണ് ആ എഴുത്തുവഴിയുലുടനീളം, ലാഘവത്തോടെ അതിലേക്ക് പ്രവേശിച്ചാൽ പൊള്ളലേൽക്കും. പാരമ്പര്യത്തിന്റെ ദാർശനിക സമീക്ഷകളും ആധുനികതയുടെ രാഷ്ട്രീയപ്രബുദ്ധതയും സഞ്ജയന്റെ എഴുത്തിന് ചിന്തയുടെയും ദർശനത്തിന്റെയും മറ്റൊരു തലം സമ്മാനിക്കുന്നു. “ആർഷമായ സംസ്കാരത്തിന്റെ, ഉജ്ജ്വലമായ ഭാരതീയാഭിമാനത്തിന്റെ, അകുതോഭയമായ കൃത്യനിഷ്ഠയുടെ പൂർണ്ണമായ പുരുഷാവതാരമായിരുന്നു സഞ്ജയനെ”ന്ന് മഹാകവി ഉള്ളൂരും (1958: 606), “വിദ്വാനും വിചിന്തകനും വിരുതനും വിശാലഹാസ്യകാരനും ആയിരുന്ന ആ സരസയുവാവ് കേരളീയ ഹൃദയങ്ങളുടെ സ്മരണപീഠത്തിൽ എന്നെന്നും സജീവനായി സ്ഥിതിചെയ്യു”മെന്ന് (1958: 606) മഹാകവി വള്ളത്തോളും എഴുതിയിട്ടുള്ളത് ആ പ്രതിഭയുടെ സർഗ്ഗശേഷിയെ തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്.
മലയാളിയുടെ ചിന്താശേഷിയെ നിരന്തരം പ്രചോദിപ്പിച്ച എഴുത്തുകാരനാണ് സഞ്ജയൻ. “സഞ്ജയൻ ചിരിച്ചപ്പോൾ കേരളം മുഴുവൻ അദ്ദേഹത്തോടൊപ്പം ചിരിച്ചു, അദ്ദേഹം ചിന്തിച്ച പോലെ കേരളീയരെല്ലാം ചിന്തിക്കുകയും ചെയ്തു” (1958:17). രാഷ്ട്രീയജാഗ്രതയോടെ എഴുതപ്പെട്ടിട്ടുള്ള സഞ്ജയന്റെ സാഹിത്യലോകത്തെ മറ്റാർക്കും അനുകരിക്കുവാനും സാധ്യമല്ല. മലയാളസാഹിത്യഭൂപടത്തിൽ സഞ്ജയന്റെ സർഗ്ഗപ്രപഞ്ചം കലർപ്പുകളില്ലാതെ വേറിട്ടുനിൽക്കുന്ന ഒന്നായിത്തിരുന്നതും അതുകൊണ്ടുതന്നെയാണ്.
▮
കുറിപ്പുകൾ:
1. ജീവിതപങ്കാളിയുടെ അകാലചരമം സഞ്ജയനെ വല്ലാതെ ഉലച്ചു. അതിന്റെ പശ്ചാത്തലത്തിലെഴുതിയ വിലാപകാവ്യമാണ് ‘തിലോദകം’.
2. To the memory of my beloved son Babu,
Who lived ten years in this world.
And spent most of them in unspeakable agony. ……………………………………………………………………..
And who wail in verse from his father’s heart
Which is included in the following collection.
(1943 ജൂലൈ 22- ലെ കത്ത് പുറം 8).
3. ആറു വോള്യങ്ങളിലായി മാതൃഭൂമി പ്രസിദ്ധീകരിച്ചു. 1945-ൽ ഒന്നും രണ്ടു ഭാഗങ്ങളും 1947-ൽ മൂന്നാം ഭാഗവും 1949-ൽ നാലാഭാഗവും 1965-ൽ അഞ്ചാംഭാഗവും 1966-ൽ ആറാംഭാഗവും പ്രസിദ്ധീകരിച്ചു.
▮
ഗ്രന്ഥസൂചി:
ഒരു കൂട്ടം ലേഖകർ, 1958, ഹാസ്യപ്രകാശം, സഞ്ജയൻ സ്മാരകഗ്രന്ഥം, മാതൃഭൂമി, കോഴിക്കോട്.
കാരശ്ശേരി എം.എൻ., (അവതാരിക-) സഞ്ജയൻ സമ്പൂർണ്ണകൃതികൾ, മാതൃഭൂമി ബുക്സ് , കോഴിക്കോട്.
കുട്ടികൃഷ്ണമാരാര്, ‘ഈശ്വരനെ മറന്ന വാക്ക് ‘: മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 23, ലക്കം 42, 1945, ഡിസംബർ 30.
കുട്ടികൃഷ്ണമാരാര്, ‘യശശ്ശരീരനായ എം.ആർ. നായർ’, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1943 സെപ്തംബർ 26.
ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സാഹിത്യകാരൻ, മാതൃഭൂമി, പുസ്തകം 36, ലക്കം 235, 1958 നവംബർ 17.
ജോസഫ് മുണ്ടശ്ശേരി, ‘പരേതനായ എം.ആർ. നായർ’, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1943 സെപ്തംബർ 19.
പരമേശ്വരയ്യർ എസ്., ഉള്ളൂർ, ‘യശശ്ശരീരനായ ശ്രീ. എം.ആർ. നായർ’, മാതൃഭൂമി 1943 സെപ്തംബർ 21.
പരമേശ്വരയ്യർ എസ്., ഉള്ളൂർ, 1990, കേരളസാഹിത്യചരിത്രം, (വാല്യം 5), പ്രസിദ്ധീകരണ വിഭാഗം കേരളസർവകലാശാല, തിരുവനന്തപുരം.
പൊറ്റെക്കാട് എസ്.കെ., ‘സഞ്ജയൻ’, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1943 ഒക്ടോബർ 24.
ബാലാമണിയമ്മ, ‘സഞ്ജയൻ’, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1943 ഒക്ടോബർ 3.
തോമസ് ജേക്കബ്, ചിത്രയോഗം, മലയാളമനോരമ ഓൺലൈൻ.
മാതൃഭൂമി 1943 സെപ്തംബർ 14.‘എം.ആർ. നായർ അന്തരിച്ചു-സാഹിത്യലോകത്തിൽ പേർ പുകഴ്ന്ന സഞ്ജയൻ’, രാജേന്ദ്രൻ സി., സഞ്ജയൻ, കേന്ദ്രസാഹിത്യ അക്കാദമി, ന്യൂദൽഹി.

