ഷഹനാസ് ഹബീബ്, സഹരു നുസൈബ

ഷഹനാസ് ഹബീബ്, സഹരു നുസൈബ;
വലിയ പ്രതീക്ഷയേകുന്ന എഴുത്തുകാർ

‘‘2024-ൽ എനിക്ക് ഏതെങ്കിലും പുസ്തകങ്ങൾ സവിശേഷമായി നിർദേശിക്കാനുണ്ടെങ്കിൽ അത് രണ്ടു യുവ മലയാളികൾ എഴുതിയ രണ്ടു പുസ്തകങ്ങളാണ്. ഷഹനാസ് ഹബീബിന്റെ ‘എയർ പ്ലെയ്ൻ മോഡ്’, സഹരു നുസൈബ കണ്ണനാരിയുടെ ‘ക്രോണിക്കൾ ഓഫ് എൻ ഹവർ ആൻഡ് എ ഹാഫ്’ എന്നിവ’’- 2024-ൽ വായിച്ച പ്രിയ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നു, ദാമോദർ പ്രസാദ്.

മ്പുഷ്ടമായികൊണ്ടിരിക്കുന്ന അംബേദ്കർ പഠനങ്ങൾക്ക് മുതൽക്കൂട്ടാണ് ആനന്ദ് ടെൽതുംബ്ദെയുടെ ‘Iconoclast- A Reflective Biography of Dr. Babasaheb Ambedkar’ എന്ന പ്രതിഫലനാത്മകമായ രാഷ്ട്രീയ ജീവിതചരിത്രം. 2024-ൽ പ്രസിദ്ധീകൃതമായ രാഷ്ട്രീയവും ധൈഷണികവുമായ ജീവചരിത്രം അംബേദ്കർ പഠനങ്ങൾക്കും വരും കാലങ്ങളിലെ വിമോചനപരമായ രാഷ്ടീയ പ്രവർത്തനങ്ങൾക്കും പ്രചോദനമാകും. ബൗദ്ധികവും രാഷ്ട്രീയവുമായ അംബേദ്കറുടെ പരിണാമത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം, മറ്റൊരു തലത്തിൽ അംബേദ്കർ ദർശനത്തെക്കുറിച്ചുള്ള പഠനവുമാണ് ഈ പുസ്തകം.

സമീപകാല അംബേദ്കർ ജീവചരിത്രങ്ങൾ ബാബാ സാഹേബിന്റെ ജീവിതത്തെയും അദ്ദേഹം പ്രവർത്തനനിരതനായിരുന്ന ചരിത്രസന്ദർഭത്തെയും കുറിച്ചുള്ള സൂക്ഷ്മവശങ്ങൾ മനസ്സിലാക്കി തരുന്നവയാണ്. അശോക് ഗോപാലിന്റെ ‘A Part Apart’, അശോക് സിങ് റാത്തോറിന്റെ ‘Becoming Babasaheb’ (വോള്യം ഒന്ന്), വില്യം ഗൗൾഡ്, സന്തോഷ് ദാസ്, ക്രിസ്റ്റഫർ ജാഫർലോട്ട് എന്നിവർ ചേർന്നെഴുതിയ ‘Ambedkar in London’ എന്നീ പുസ്തകങ്ങൾ അക്കൂട്ടത്തിൽ പെടുന്നു. അംബേദ്കറിന്റെ ലണ്ടൻ ജീവിതകാലത്തിലെ അത്ര അറിയപ്പെടാത്ത കാര്യങ്ങളെ പരിചയപ്പെടുത്തുന്നു അവസാനം പറഞ്ഞ പുസ്തകം. അനുരാഗ് ഭാസ്കർ എഴുതിയ ‘Foresighted Ambedkar’ അംബേദ്കറിന്റെ ദീർഘവീക്ഷണപരമായ ജ്ഞാനബോധത്തെ മനസ്സിലാക്കിത്തരുന്നതാണ്. അംബേദ്കർ പഠന ശാഖയിലേക്ക് പുതിയ പഠനങ്ങൾ വന്നുചേർന്നുക്കൊണ്ടിരിക്കുന്നു. പ്രസ്തുത പഠനങ്ങളെല്ലാം ‘അംബേദ്കറൈറ്റ് റവല്യൂഷനറി പ്രാക്സിസ്’ (Praxis) എന്ന് വിളിക്കാവുന്ന ബഹുജൻ പ്രസ്ഥാനങ്ങളുടെ ഒരു പുതിയ ഘട്ടത്തിന്റെ ജനാധിപത്യപരമായ പ്രയോഗതലങ്ങളുള്ള ജ്ഞാനമണ്ഡലത്തെ വിസ്തൃതമാക്കുകയാണ്.

തെരഞ്ഞെടുപ്പ് വർഷമായിരുന്നല്ലോ 2024. ഹിന്ദുത്വ സമഗ്രാധികാരത്തിന്റെ കീഴിൽ ഭരണഘടനാധിഷ്ഠിതമായ ഇന്ത്യൻ റിപ്പബ്ലിക്ക് നിലനിൽക്കുമോ എന്ന ആശങ്ക പങ്കുവെയ്ക്കുന്ന ചിന്താർഹമായ പഠനങ്ങൾ പുറത്തിറങ്ങുകയുണ്ടായി. രാധാകുമാറിന്റെ ‘Republic Relearnt’ എന്ന പുസ്തകം അത്തരത്തിലൊന്നാണ്. രാഹുൽ ഭാട്ടിയയുടെ ‘The Identity Project: the unmaking of Indian Democracy’ അനുഭവാധിഷ്ഠിതമായ വിവരണങ്ങളിലൂടെ ഇന്ത്യൻ ജനാധിപത്യത്തിൽ ഹിന്ദുത്വ രാഷ്ട്രീയമേല്പിച്ചു കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളെ മനസ്സിലാക്കിതരുന്നു. പ്രസ്തുത വിഷയത്തെക്കുറിച്ച് ഉൾക്കാഴ്ച പകരുന്ന മറ്റു രചനകളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഹിലാൽ അഹമ്മദിന്റെ ‘Brief History of the Present: Muslims in New India’ ഇന്ത്യയിലെ ഏറ്റവും വലിയ ന്യുനപക്ഷ സമുദായം നേരിടേണ്ടിവരുന്ന സംഘർഷഭരിതമായ ദൈനംദിന രാഷ്ടീയ യാഥാർഥ്യത്തിന്റെ സവിശേഷ ഘടകങ്ങളെ പഠനവിധേയമാക്കുന്നു.

കമ്പോള ആശയങ്ങൾക്ക് അനുസൃതമായി പടച്ചുവിടപ്പെടുന്ന മൗലികത അഭാവപ്പെട്ടുനിൽക്കുന്ന, പ്രത്യേകിച്ച്, മലയാളത്തിലെ സമീപകാല നോവൽ രചനകളിൽനിന്ന് ഏറെ വ്യതിരിക്തമാണ് മലയാളികളായ ഷഹനാസ് ഹബീബിന്റെയും സഹരു നുസൈബ കണ്ണനാരിയുടെയും എഴുത്തുകൾ.

ജീവചരിത്രശാഖയിൽ ഈ വർഷം പ്രസിദ്ധീകരിച്ചതും വായിക്കാൻ കഴിഞ്ഞതുമായ പുസ്തകങ്ങളിൽ ഏറ്റവും ആവേശഭരിതമാക്കിയത് ആഡം ഷാറ്റ്സ് എഴുതിയ ഫ്രാൻ ഫാനന്റെ വിപ്ലവകരമായ ജീവിതത്തെകുറിച്ചുള്ള ‘The Rebel's Clinic: The Revolutionary Lives of Franz Fanon’ ആണ്. ഡേവിഡ് മാസിയുടെ ഫാനൻ ജീവചരിത്രത്തെ കവച്ചുവെയ്ക്കില്ലെങ്കിലും ഈ ജീവചരിത്രരചന മാസി എഴുതിയ ജീവചരിത്രത്തിനു തുല്യനിലയ്ക്കുള്ളതാണ്. ഫ്രാൻസ് ഫാനനോട് ഒരിക്കലും ചേർത്തുവെയ്ക്കാൻ പറ്റുന്ന പേരല്ലെങ്കിലും മാധവ് സിങ് ഗോൾവാൾക്കറുടെ രാഷ്ട്രീയ ജീവചരിത്രം ശതാബ്ദം ആഘോഷിക്കാൻ പോകുന്ന ആർ.എസ്.എസിന്റെ സംഘടനാ ചരിത്രത്തെപറ്റിയുള്ള സുപ്രധാനങ്ങളായ വിവരങ്ങൾ, ഒരുപക്ഷെ ആദ്യമായി അവതരിപ്പിക്കുന്ന പുസ്തകമാണ്. ധിരേന്ദ്ര കെ. ഝാ എഴുതിയ ഗോൾവാൾക്കറിന്റെ രാഷ്ട്രീയ ജീവചരിത്രമായ‘Golwalkar: The Myth behind the Man, Man behind the Machine’ എന്ന പുസ്തകവും ഈയിടെ വായിച്ചു.

താരിഖ് അലിയുടെ ആത്മകഥയാണ് വായനയിൽ എന്നെ ത്രസിപ്പിച്ച മറ്റൊരു പുസ്തകം. ‘Street Fighting Days’ -ന്റെ sequel ആണിത്. പേര് തന്നെ ആവേശപ്പെടുത്തുന്നതാണ്: ‘You Can't Please All: 1980-2024’. ഒന്നും പറയണ്ട. ഓരോ പേജിലുമുണ്ട് വെടിപൊട്ടൽ. താരിഖ് അലിയുടെ പ്രകമ്പനം കൊള്ളുന്ന ജീവിതം വിപ്ലവപ്രവർത്തനത്തിന് പഴയ ഗ്ലാമർ പദവി തിരിച്ചുനൽകുന്നു. കേരളത്തിലൊക്കെ പ്രഭാഷകരാൽ നിർദോഷിതമാക്കി തീർത്ത ലിബറൽ സങ്കരയിനം വിപ്ലവത്തിന്റെ ഓത്തുകർമ്മ സമാനമായ വീഡിയോകൾക്കുപകരം നമ്മുടെ ചെറുപ്പക്കാർ ഇത് വായിച്ചിരുന്നെങ്കിൽ, വിപ്ലവം ശരിക്കുമൊരു ഗ്ലാമറസ് പ്രവർത്തനമാണ് എന്നു തിരിച്ചറിയാൻ കഴിയുമായിരുന്നേനെ. ചുരുങ്ങിയത്, യുട്യൂബിലെ കേവലമായ ഉപഭോഗ പ്രതിച്ഛായയല്ല എന്നെങ്കിലും.

സാമന്ത ഹാർവിയുടെ ‘ഓർബിറ്റൽ’, ഓൾഗ ടുക്കാറച്യുക്കിന്റെ ‘എംപോസിയം’, ജെന്നി ഏർപെൻബെക്കിന്റെ ‘Kairos’, ‘The End of Days’ എന്നിങ്ങനെ വലിയ താൽപര്യം ജനിപ്പിക്കുന്ന തരത്തിലുള്ള നോവലുകൾ വായിച്ചു.

ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛൻ’ എന്ന നോവൽ ഏറെ ഇഷ്ടപ്പെട്ടു. എങ്കിലും, ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലാണ് അനുഭൂതിപരമായി അനുഭവമായതും കൂടുതൽ ആലോചനകൾക്ക് പ്രേരിപ്പിച്ചതും. ഈ വർഷം പുസ്തകമായി പ്രസിദ്ധീകരിച്ച സുഭാഷ് ചന്ദ്രന്റെ ‘ജ്ഞാനസ്നാനം’ പ്രമേയപരമായും ശില്പപരമായും വായനയിൽ ഒരിടം നേടിയ, വീണ്ടും വീണ്ടും വായിക്കാൻ പ്രചോദിപ്പിച്ച എഴുത്താണ്.

ബെഞ്ചമിൻ ലേബറ്റുറ്റിന്റെ ‘Maniac’ അടയാളപ്പെടുത്തേണ്ട ഒരു രചനയാണ്. ക്രിസ്റ്റഫർ നോളന്റെ ഒപ്പെൻഹെയ്മെർ സിനിമകൾ കണ്ടവർ വായിക്കേണ്ട ഹിസ്റ്റോറിക്കൽ ഫിക്ഷനാണ്. എ.ഐ സജീവമായി ചർച്ചയാവുന്ന കാലത്ത്, അതിന്റെ തുടക്കാരിലൊരാളായ വോൺ ന്യുമാനിന്റെ ജീവിതത്തിലൂടെ, യുക്തിയുടെ പരിധികളെന്തെന്ന് അന്വേഷിക്കുന്നു. ഇതിലുമപ്പുറം വിശദമായ എഴുത്തുകൾ ഈ പുസ്തകം ആവശ്യപ്പെടുന്നുണ്ട്.

നമുക്ക് ഏറെ പരിചയമുള്ള സഞ്ചാരവിവരണം എന്ന ഉപഭോഗാത്മകവും ഉപരിവിപ്ലവുമായ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള വിമർശനം കൂടിയാണ് എയർപ്ലെയ്ൻ മോഡ്.

സന്ധ്യ മേരിയുടെ "മരിയ വെറും മരിയ" ഞാൻ വായിച്ചത് ഈയിടെയാണ്. നേരത്തെ വായിക്കേണ്ടിയിരുന്ന ഒരു നോവൽ എന്ന ഖേദമേയുളളൂ. ‘കാർണിവലസ്ക്’ (Carnivalesque) എന്ന് വിളിക്കാവുന്ന മലയാളത്തിലെ ഏക ആഖ്യായികയാണോ ഇത്? മലയാളത്തിൽ ഈ മട്ടിൽ ഹ്യൂമർ കൈകാര്യം ചെയ്യുന്ന നോവൽ വേറെയുണ്ടോ? സന്ധ്യാ മേരിയുമായി ഒരു ചിരി കൈമാറാനുള്ള പരിചയമുണ്ട്. ഇനി കാണുമ്പോൾ ചോദിക്കണം, ഇമ്മാതിരി ഹ്യൂമർ ഉള്ളിലുണ്ടായിരുന്നുവല്ലേ? Feminine Carnivalesque!

ഈയിടെ വായിച്ച രണ്ടു പോപ്പുലർ ചരിത്ര പുസ്തകങ്ങളുടെ പേര് പരാമർശിക്കാതിരിക്കാൻ പറ്റില്ല. വില്യം ഡാൽറിംപിലിന്റെ ‘The Golden Road: How Ancient India Transformed the World’. ഈ ചരിത്രരചനയിലെ ചില നീരിക്ഷണങ്ങളോട് വിമർശനമുണ്ടെങ്കിലും പ്രസ്തുത കൃതിയിലെ സുപ്രധാനമായ കണ്ടെത്തൽ എടുത്തുപറയാതിരിക്കാൻ പറ്റില്ല. അത് ‘സിൽക്ക് റോഡ്’ എന്ന വളരെ പ്രസിദ്ധമായ ആശയം പ്രാചീനമല്ലെന്നും 1877-ൽ മാത്രം പ്രഷ്യൻ ജിയോഗ്രാഫർ ബാരൺ വോൺ റിക്ടോഫെനാണ് ഈ നാമകരണം ആദ്യമായി നടത്തിയതെന്നുമുള്ള കണ്ടെത്തലാണ്. ഇന്ത്യയിൽ നിന്നുമുളള ബുദ്ധമതത്തിന്റെ ലോകസഞ്ചാരം ഇതിലും പ്രാചീനമാണെന്നാണ് പുസ്തകത്തിൽ പ്രതിപാദ്യമാകുന്നത്. മാത്രമല്ല, ഹൈന്ദവതയുടെ ദേശാതീത സഞ്ചാരങ്ങളെപറ്റിയും ഇതിൽ പറയുന്നുണ്ട്.

മനു എസ്. പിള്ളയുടെ പുതിയ ചരിത്ര പുസ്തകമായ ‘Gods, Guns and Missionaries- The Making of Modern Hindu Identity’ - ഡാൽറിംപിലിന്റെ പുസ്തകവുമായി ചേർത്തു വായിക്കാം. ഇതിൽ പാശ്ചാത്യ അധിനിവേശത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വന്ന ക്രൈസ്തവ മതം ഹിന്ദു ആചാര വിശ്വാസങ്ങളുമായി ഏറ്റുമുട്ടിയും ഒത്തുതീർന്നും ആധുനിക ഹിന്ദു മതത്തിന്റെ നിർമ്മിതിക്ക് കളമൊരുങ്ങിയതെങ്ങനെയാണെന്നു വിശദീകരിക്കുന്നു. ഏകപക്ഷീയമായ പ്രവർത്തനമായിരുന്നില്ല ഇത്. അധിനിവേശ പ്രേക്ഷിതപ്രവർത്തകരും പല വിഭാഗത്തിലുമുള്ള ഇന്ത്യക്കാരും കൊടുത്തും വാങ്ങിയുമാണ് ആധുനിക ഹിന്ദുമതം രൂപാന്തരപ്പെടുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട് പുതിയ ആലോചനകൾക്ക് സാധ്യതയേകിയ പുസ്തകമാണ് എൻ.പി. ചെക്കുട്ടി എഴുതിയ ‘Mappila and Comrades: A Century of Communist-Muslim Relations in Kerala’. മലബാർ ആസ്ഥാനമാക്കി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി മാധ്യമപ്രവർത്തനരംഗത്തുള്ള എൻ.പി. ചെക്കുട്ടിയുട പ്രസ്തുത പഠനം പിന്നീട് പുറത്തിറങ്ങിയ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ചുള്ള മറ്റു പുസ്തകങ്ങൾക്കും പ്രേരണയായിട്ടുണ്ട്. ആധുനിക കേരള രാഷ്ട്രീയത്തിലെ രണ്ടു സവിശേഷ ധാരകൾ -മാപ്പിള രാഷ്ട്രീയവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും- തമ്മിലുള്ള സംഘർഷാത്മകവും അനുരഞ്ജനാത്മകവുമായ രാഷ്ട്രീയത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള ചരിത്ര സന്ദർഭങ്ങൾ, രാഷ്ട്രീയ നീക്കുപോക്കുകൾ, വ്യക്തികളുടെ ഇടപെടലുകൾ എന്നിവയെ പുസ്തകം സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കുന്നു.

മനു എസ്. പിള്ള, എൻ.പി ചേക്കുട്ടി എന്നിവർ എഴുതിയ പുസ്തകങ്ങൾ
മനു എസ്. പിള്ള, എൻ.പി ചേക്കുട്ടി എന്നിവർ എഴുതിയ പുസ്തകങ്ങൾ

മാപ്പിള എന്ന് പറയുന്നതിൽ സ്വത്വത്തിന്റെയും സാംസ്കാരത്തിന്റെയും മുദ്രപതിഞ്ഞിട്ടുണ്ട്. ചരിത്രപരമായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ആവിർഭാവത്തിനു മുൻപേ തന്നെ മാപ്പിള ‘ലഹള’കൾ ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്വവിരുദ്ധവുമായ തലത്തിൽ രാഷ്ട്രീയ പ്രക്ഷോഭരംഗത്തുണ്ടായിരുന്നു. മലബാറിൽ പ്രധാനമായും കർഷക സമരങ്ങളിലൂടെ സ്വാധീനമുറപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുമുള്ള മുസ്‍ലിം ലീഗിന്റെ അടുപ്പവും അകൽച്ചയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. സി.പി.എം- മുസ്ലിം രാഷ്ട്രീയത്തെ ഓരോ സന്ദർഭങ്ങളിലും സമീപിച്ചതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും വിമർശനപരമായ കാഴ്ചപ്പാടോടെ അവതരിപ്പിക്കുന്നു. നിലവിലെ സി.പി.എം രാഷ്ട്രീയ സമീപനങ്ങളെയും നേതൃത്വത്തെയും നിശിതമായി വിമർശിക്കുമ്പോൾ തന്നെ ഏറെ ഗൃഹാതുരത്വത്തോടെ "മലബാർ കമ്മ്യൂണിസം" എന്നൊരാശയം ഇതിൽ പരിലസിക്കുന്നുണ്ട്. ഈ ആശയം അമൂർത്തമായിരിക്കെ തന്നെ കീഴാളപക്ഷ രാഷ്ട്രീയത്താൽ അർത്ഥസാന്ദ്രമാണുതാനും.

ആഗോളതലത്തിൽ അംഗീകാരം കിട്ടിയിട്ടും കേരളത്തിൽ എന്തുകൊണ്ടോ അംഗീകരിക്കാൻ വിമുഖതയുള്ളതു പോലെ തോന്നിയ രണ്ട് പുസ്തങ്ങളാണ് ഷഹനാസ് ഹബീബിന്റെ ‘Airplane Mode: A Passive- Aggressive History of Travel’, സഹരു നുസൈബ കണ്ണനാരി എഴുതിയ ‘Chronicle of an hour and a half’ എന്നിവ.

2024-ൽ, ഈ വർഷത്തെയല്ലാത്ത പുസ്തകങ്ങളും സിനിമകളുമാകും കൂടുതലായി വായിച്ചിരിക്കുകയും കണ്ടിരിക്കുകയും ചെയ്തിട്ടുള്ളത്. മാർകേസിന്റെ "ഏകാന്തയുടെ നൂറു വർഷങ്ങൾ" മലയാളത്തിൽ വീണ്ടും വായിച്ചു. കുട്ടിക്കൃഷ്ണമാരാരുടെ കാളിദാസ കൃതി "മേഘസന്ദേശ"ത്തിന്റെ വിവർത്തനം വായിച്ചു. ഹാംലെറ്റ് ഒരു പരിവൃത്തി വീണ്ടും വായിച്ചു. ആശാൻ പഠനങ്ങളുടെ സ്മരണകളുണർത്തുന്ന കല്പറ്റ നാരായണന്റെ ‘അടരടരായി ആശാൻ’... അങ്ങനെ പല പുസ്തകങ്ങളും. വർഷബദ്ധമായ വായനയിൽ ഒരു പ്രസക്തിയുമില്ല. വായനയ്ക്ക് നിദാനമാകുന്ന അനേകം പ്രേരണകളുണ്ട്. സന്ദർഭാധിഷ്ഠിതമായാണ് വായന. ഉദാഹരണത്തിന്, 2024-ൽ തന്നെ പ്രസിദ്ധീകരിച്ച ഉണ്ണി ബാലകൃഷ്ണൻ എഴുതിയ സയൻസ് രചന ‘നമ്മുടെ തലപ്പാവ്’ വായനയെ പ്രേരിപ്പിക്കുന്നതും കൗതുകമുണർത്തുന്നതുമാണെങ്കിലും വ്യക്തിഗത വായനാസന്ദർഭം ആവശ്യപ്പെടാത്തതിനാലാണ് മന്ദഗതിയിൽ വായന നീങ്ങുന്നത്.

2024-ൽ എനിക്ക് ഏതെങ്കിലും പുസ്തകങ്ങൾ സവിശേഷമായി നിർദേശിക്കാനുണ്ടെങ്കിൽ അത് രണ്ടു യുവമലയാളികൾ എഴുതിയ രണ്ടു പുസ്തകങ്ങളാണ്. വലിയ പ്രതീക്ഷ തരുന്ന എഴുത്താണ് അവരുടേത്. ആഗോളതലത്തിൽ അംഗീകാരം കിട്ടിയിട്ടും കേരളത്തിൽ എന്തുകൊണ്ടോ ഈ രണ്ടു മികവുറ്റ രചനകളെയും അംഗീകരിക്കാൻ വിമുഖതയുള്ളതു പോലെ.

ഷഹനാസ് ഹബീബിന്റെ ‘Airplane Mode: A Passive- Aggressive History of Travel’, സഹരു നുസൈബ കണ്ണനാരി എഴുതിയ, ക്രോസ്‌വേഡ് പുരസ്കാരം നേടിയ ‘Chronicle of an hour and a half’ - ഈ രണ്ടുമാണ് പുതുചലനം സൃഷ്ടിച്ച രണ്ടു രചനകൾ. എയർപ്ലെയ്ൻ മോഡ് 2023-ലാണ് പ്രസിദ്ധീകരിച്ചതെങ്കിലും.

ഷഹനാസ് ഹബീബിന്റെ എയർ പ്ലെയ്ൻ മോഡ് എന്ന Genre -bending പുസ്തകത്തിന്റെ റിവ്യൂ ന്യൂയോർക്ക് ടൈംസിൽ അടക്കം വന്നതാണ്. ഷഹനാസ് ഹബീബിനെ മലയാള വായനക്കാർക്കറിയാം. ബെന്യാമിന്റെ "മുല്ലപ്പൂ ദിവസങ്ങളും" "അൽ അറേബിയൻ നോവൽ ഫാക്ടറി"യും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഷഹനാസ് ഹബീബാണ്. "ജാസ്മിൻ ഡെയ്സിന്" ജെ.സി.ബി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നമുക്ക് ഏറെ പരിചയമുള്ള സഞ്ചാരവിവരണം എന്ന ഉപഭോഗാത്മകവും ഉപരിവിപ്ലവുമായ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള വിമർശനം കൂടിയാണ് എയർപ്ലെയ്ൻ മോഡ്.

ഷഹനാസ് ഹബീബിന്റെ ഒരാത്മ നിരീക്ഷണം ശ്രദ്ധിക്കുക: "ടൂറിസം എന്ന മതവും അതിന്റെ വിശുദ്ധ ഗ്രന്ഥങ്ങളും ആചാരാനുഷ്ഠാനങ്ങളും വിനോദസഞ്ചാരിയല്ലാത്ത പാതകളിൽ ഞാൻ എന്നിൽ നിന്നും വെട്ടിക്കളയുമ്പോഴും എന്റെ ഉള്ളിൽ ആഴത്തിൽ അതുണ്ട്. പ്രസിദ്ധമായ ഒരു തമാശയിലെ യഹൂദനായ നിരീശ്വരവാദിയെപ്പോലെയാണ് ഞാൻ. തന്റെ മകൻ കത്തോലിക്കാ സ്കൂളിൽ പോയി പിതാവിനെയും മകനെയും പരിശുദ്ധാത്മാവിനെയും കുറിച്ച് നേടിയ വിവരം അയാളെ ഞെട്ടിച്ചു. മകൻ പറഞ്ഞു: ‘ദൈവം ഒന്നേയുള്ളൂ, അവൻ നിലനിൽക്കുന്നില്ല’. ടൂറിസത്തോടുള്ള എന്റെ ഇഷ്ടക്കേട് ഒരുതരം വിശ്വാസമാണ്. ലോകത്തിൽ കാണേണ്ടതായ ഒന്നുമില്ല. കൊളോസിയത്തിനുള്ളിൽ കയറാൻ രണ്ട് മണിക്കൂർ വരിയിൽ റോമൻ സൂര്യനു കീഴിൽ മെല്ലെ പൊരിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു, ഒന്നും തന്നെയില്ല ഞാൻ ഇവിടെയുണ്ടെന്നല്ലാതെ."

കേരളത്തിൽ വലിയൊരു അന്ധവിശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന ‘സഞ്ചാരമത’ത്തെക്കുറിച്ചുള്ള സൂക്ഷ്മതലവിമർശനമാണ് ഷഹനാസ് ഹബീബിന്റെ ‘Airplane Mode: A Passive- Aggressive History of Travel’.

കേരളത്തിൽ വലിയൊരു അന്ധവിശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന ‘സഞ്ചാരമത’ത്തെക്കുറിച്ചുള്ള സൂക്ഷ്മതലവിമർശനവുമാണ് ഈ അസാധാരണ രചന. നേരത്തെ പറഞ്ഞതു മാത്രമല്ല, സംസ്കാരവിമർശനപരമായ പല അടരുകളുമുള്ളതാണ് ഈ രചന. ഷഹനാസ് ഹബീബ് ഈ പുസ്തകത്തിന്റെ തുടക്കത്തിലൊരിടത്തു പറയുന്നുണ്ട്, റൂമിയെയും ഹഫീസിനെയും ആദ്യം കേൾക്കുന്നത് ഉമ്മയിൽ നിന്നും കട്ടെടുത്ത വൈക്കം മുഹമ്മദ് ബഷീറിന്റെ കുറിപ്പുകളിൽ നിന്നുമാണെന്ന്. ലോകസഞ്ചാരം ചെയ്ത ബഷീർ കാഴ്ചകളെ ഉപഭോഗം ചെയ്യുന്ന സഞ്ചാരസാഹിത്യം പടച്ചുവിടുന്നതിൽ ഒട്ടുമേ തല്പരനായിരുന്നില്ല, സത്യമല്ലേ?

ബഷീറിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് എം.പി. പോളിന്റെ പ്രസിദ്ധമായ ബാല്യകാലസഖിയുടെ അവതാരികയിലെ വരികൾ ഓർമ വന്നത്. ബഷീറിന്റെ നോവൽ 'ജീവിതത്തിൽ നിന്ന് ചിന്തീയ ഒരേടാണ്, അതിന്റെ വക്കിൽ ചോരപൊടിഞ്ഞിരിക്കുന്നു' എന്നാണല്ലോ എം. പി. പോളിന്റെ സുപ്രസിദ്ധ നീരീക്ഷണം. സഹരു നുസൈബ കണ്ണനാരിയുടെ ‘Chronicle of an hour and a half’ എന്ന നോവലും ജീവിതത്തിൽ നിന്ന് ചിന്തീയ ഒരേടാണ്. ഇതിൽ നിന്ന് ജീവരക്തം ഉതിരുന്നു.

നോവൽ തുടങ്ങുന്നത് ഇങ്ങനെ: “He gave me five children and then he rested, like God after creation.
നോവലിന്റെ അവസാന വരികൾ ഇങ്ങനെ: "They turned and looked at their father and I turned with them and looked at Sadique C.T, my husband. The one who wouldn't divorce me. The one who wouldn't let me die. What seemed to me in the afternoon the end of life just another beginning of an old marriage. Twenty-five monsoons ago”.
അവസാനത്തെ വരികൾ റെയ്ഹാനയുടേതാണെങ്കിൽ ആദ്യ വരികൾ നബീസുമ്മയുടെ. ഇതിനിടയിൽ പ്രതിഭിന്നമായ ആഖ്യാനത്തിലൂടെ പ്രതിപാദ്യമാകുന്നത് ഒരു പ്രദേശത്തെ സാമുദായിക ജീവിതാനുഭവങ്ങൾ.

യുവാക്കളായ ഈ രണ്ട് മലയാളികളുടെയും എഴുത്തുകൾ, ഒന്നു കൂടി ആവർത്തിക്കട്ടെ, വലിയൊരു പ്രതീക്ഷയുണർത്തുന്നു. കമ്പോള ആശയങ്ങൾക്ക് അനുസൃതമായി പടച്ചുവിടപ്പെടുന്ന മൗലികത അഭാവപ്പെട്ടുനിൽക്കുന്ന, പ്രത്യേകിച്ച്, മലയാളത്തിലെ സമീപകാല നോവൽ രചനകളിൽനിന്ന് ഏറെ വ്യതിരിക്തമാണ് മലയാളികളായ ഈ രണ്ടു പേരുടെയും എഴുത്തുകൾ. മാത്രമല്ല, മലയാളവും ഇംഗ്ലീഷും ഒരേയളവിൽ സാരള്യത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഇവരിൽ നിന്ന് ദ്വിഭാഷാ രചനകളും പ്രതീക്ഷിക്കേണ്ടതാണ്.

Comments