വർഷം തീരുമ്പോൾ വായിച്ച പുസ്തകങ്ങളിൽ നിന്ന് ഒന്നോ രണ്ടോ തിരഞ്ഞെടുക്കുക പ്രയാസമാണ്. നിലവാരത്തിന്റെ അടിസ്ഥാനത്തിലായാലും ഇഷ്ടത്തിന്റെ പുറത്തായാലും. ഈ വർഷം വായിച്ച പുസ്തകങ്ങളിൽ നിന്ന് രണ്ടു പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നത് അവയുടെ പ്രമേയങ്ങൾ തമ്മിലുള്ള വൈജാത്യം മാനദണ്ഡമാക്കിയാണ്. അവ രണ്ടു വ്യത്യസ്തകാലങ്ങളെ, ലോകങ്ങളെ അടയാളപ്പെടുത്തുന്നു. ആ രണ്ടു കാലങ്ങളും ലോകങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ചിന്തോദ്ദീപകമാണെന്ന് മാത്രമല്ല, ഭീതിപ്പെടുത്തുന്നതുമാണ്.
എന്നെ സംബന്ധിച്ച് വായനയുടെ കാര്യത്തിൽ നല്ലൊരു വർഷമാണ് കടന്നുപോയത്. സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിന്നതിനാൽ ധാരാളം സമയം കിട്ടി, കാലുഷ്യങ്ങളിൽനിന്നും അർത്ഥശൂന്യതകളിൽ നിന്നും വിടുതലും.
ആദ്യത്തെ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സഞ്ചാര സാഹിത്യ മേഖലയിലെ ഒരു ക്ലാസ്സിക്കാണ്. സാംസ്കാരിക പര്യവേഷണ മേഖലയിലെ ഇതിഹാസമായി കണക്കാക്കപ്പെടുന്ന വിൽഫ്രഡ് തേസിഗർ എഴുതിയ 'The Marsh Arabs' (ചതുപ്പുനിലങ്ങളിലെ അറബികൾ) 1964- ലാണ് ആദ്യം പുറത്തിറങ്ങുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കൃതിയായ Arabian Sands വളരെ മുമ്പേ വായിച്ചിട്ടുണ്ട്. തേസിഗറുടെ സഞ്ചാരസാഹിത്യം ഏതാനും ദിവസം ഒരിടത്ത് യാത്ര ചെയ്തു എഴുതുന്ന കുക്കുടരചനയല്ല. ഒരു ജനതയുടെ കൂടെ നീണ്ട കൊല്ലങ്ങൾ ജീവിച്ച് അവരുടെ സംസ്കാരത്തെയും ജീവിതത്തെയും ആഴത്തിലറിഞ്ഞെഴുതുന്ന രചനകളാണ്.
ആധുനികതയുടെ അതിവേഗ മുന്നേറ്റത്തിനിടയിൽ ഇല്ലാതാകാൻ പോകുന്ന ഒരു സംസ്കാരത്തിന്റെ അവസാന രേഖകളിലൊന്നായി വിൽഫ്രഡ് തേസിഗർ എഴുതിയ 'The Marsh Arabs' എന്ന പുസ്തകം ഇന്ന് വായിക്കപ്പെടുന്നു.
തെക്കൻ ഇറാഖിൽ യൂഫ്രട്ടീസ് ടൈഗ്രീസ് നദികളുടെ ചുറ്റും പരന്നുകിടക്കുന്ന ചതുപ്പുനിലങ്ങളിൽ വസിക്കുന്ന അറബ് ഗോത്രങ്ങളോടൊപ്പം 1950- കളിൽ എട്ടു കൊല്ലത്തോളം ജീവിച്ചതിന്റെ അനുഭവകഥനമാണ് മാർഷ് അറബ്‌സ്. ആധുനികതയുടെ യാതൊരു ലാഞ്ചനയും അക്കാലത്ത് അവരിലുണ്ടായിരുന്നില്ല. പൂർണമായും പൂർവ്വധുനിക ഗോത്രീയജീവിതം. ഇറാഖി സർക്കാരിനോ നിയമവ്യവസ്ഥക്കോ അവർക്കിടയിൽ ഒരു സാന്നിധ്യവുമുണ്ടായിരുന്നില്ല. കുറ്റകൃത്യങ്ങൾക്ക് ഗോത്രത്തലവൻ ശിക്ഷ വിധിക്കും. കന്നുകാലിവളർത്തലും മീൻപിടിത്തവുമാണ് ഉപജീവനമാർഗ്ഗങ്ങൾ. ആധുനികതയുടെ ഒരേ ഒരുൽപ്പന്നം പക്ഷെ സാർവ്വത്രികമായി എല്ലാവരുടെ കയ്യിലും ഉണ്ടായിരുന്നു - തോക്ക്.
തേസിഗർ എപ്പോഴും ഒരു സഞ്ചി നിറയെ മരുന്നുകളുമായാണ് ചുറ്റിക്കറങ്ങുക. ഡോക്ടറല്ലെങ്കിലും ചികിത്സകളൊക്കെ അറിയാം - ചെറിയ ശസ്ത്രക്രിയകളടക്കം. ആധുനിക ചികിത്സ ഒട്ടും ലഭ്യമല്ലാത്ത ചതുപ്പുപ്രദേശങ്ങളുടെ അനൗദ്യോഗികഡോക്ടറായി അദ്ദേഹം. അവിടെ ജീവിച്ച വർഷങ്ങളിൽ നൂറുക്കണക്കിനാളുകൾക്ക് ചേലാകർമ്മം നടത്തിയതും അദ്ദേഹമാണ്. ആധുനികതയുടെ എല്ലാ ലക്ഷണങ്ങളെയും വെറുക്കുകയും പൂർവ്വാധുനിക ജീവിതരീതികളെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും ചെയ്ത തേസിഗർ അവരിലൊരാളായാണ് ജീവിച്ചത്. അറേബ്യയിൽ മരുഭൂമികൾ താണ്ടിയ കാലത്ത് സായ്‌പിന്റെ പേരുച്ചരിക്കാൻ പ്രയാസമുള്ളതിനാൽ അദ്ദേഹത്ത വിളിച്ചത് മുബാറക് ബിൻ ലണ്ടൻ എന്നായിരുന്നു! യാത്രാവിവരണം എന്നതിനേക്കാൾ തേസിഗറുടെ പുസ്തകത്തിന്റെ പ്രാധ്യാന്യം നരവംശശാസ്ത്രപരമാണ്.

ആധുനികതയുടെ വരവിനു തൊട്ടുമുമ്പുള്ള ഒരു ഗോത്രസംസ്‌കൃതിയുടെ ജീവിതരീതികളെ അനുതാപത്തോടെ അവതരിപ്പിക്കുന്ന പുസ്തകം. ഇന്നാ സംസ്‌കൃതി നിലനിൽക്കുന്നില്ല. സദ്ദാം ഹുസൈൻ 1990- കളിൽ തെക്കൻ ഇറാഖിലെ ചതുപ്പുനിലങ്ങൾ നിരത്തുകയും ആ സംസ്‌കൃതിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്തു. ആധുനികതയുടെ അതിവേഗ മുന്നേറ്റത്തിനിടയിൽ ഇല്ലാതാകാൻ പോകുന്ന ഒരു സംസ്കാരത്തിന്റെ അവസാന രേഖകളിലൊന്നായി ഈ പുസ്തകം ഇന്ന് വായിക്കപ്പെടുന്നു. തേസിഗർ ഈ പുസ്തകത്തിൽ പ്രകൃതിയോട് പൂർണമായും ഇണങ്ങി ജീവിക്കുന്ന ഒരു ഗോത്രസംസ്‌കൃതിയെ പരിചയപ്പെടുത്തുന്നു - പ്രകൃതിയെ കീഴ്‌പ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന ആധുനിക സംസ്‌കൃതിയോട് അതെന്തമാത്രം വ്യത്യാസപ്പെടുന്നുവെന്ന് വരച്ചുകാണിക്കുന്നു. കടുത്ത ദാരിദ്ര്യവും കഷ്ടപ്പാടുകളും അലട്ടുമ്പോഴും ആത്മാഭിമാനം, സ്വാതന്ത്ര്യബോധം, ധൈര്യം എന്നീ ഗുണങ്ങൾ ആ ജനതയുടെ വ്യക്തിത്വത്തിന്റെ കേന്ദ്രഘടകമായി അദ്ദേഹം വിവരിക്കുന്നു.
ആതിഥേയത്വമാണ് അവരുടെ മറ്റൊരു സവിശേഷത. ഓരോ ഗ്രാമത്തിലും ഒരു മുദീഫ് (അതിഥിഭവനം) ഉണ്ടാവും. അവിടെ ആർക്കും വരാം എത്ര നാൾ വേണമെങ്കിലും താമസിക്കാം. ആഹാരത്തിനും താമസത്തിനുമുള്ള സൗകര്യങ്ങൾ ഗോത്രത്തലവനോ ഗ്രാമനേതാവോ ഒരുക്കും. തർക്കങ്ങൾ മധ്യസ്ഥം വഴി പരിഹരിക്കുന്നതും നാട്ടുപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതുമെല്ലാം മുദീഫിൽ വച്ചാണ്. ഒരു ഗ്രാമത്തിലെ ആളുകൾ മറ്റൊരു ഗ്രാമത്തിലെ ആളുകളെയോ ഗോത്രത്തിലെ ആളുകളെയോ വിലയിരുത്തുന്നത് അവരുടെ ആതിഥ്യമര്യാദ നോക്കിയാണ്. "അങ്ങോട്ട് പോകേണ്ട, അവരുടെ മുദീഫിൽ ഭക്ഷണം ഒട്ടും നല്ലതല്ല" എന്ന് പറഞ്ഞു തേസിഗറെ ചില സ്ഥലങ്ങളിലേക്ക് പോകുന്നതിൽനിന്ന് പലപ്പോഴും ആളുകൾ പിന്തിരിപ്പിക്കുന്നുണ്ട്. അതിഥിയുടെ സുരക്ഷയ്ക്ക് സ്വന്തം ജീവൻ പോലും പണയപ്പെടുത്തുന്ന ഗോത്രനിയമം സർവ്വരും പാലിച്ചുപോന്നു.
രക്തപ്പകയും ഗോത്രവൈരങ്ങളും പക്ഷെ ഈ ജീവിതത്തിന്റെ ശാപമാണ്. ഈ ഹിംസാത്മകതയെ തേസിഗർ കാല്പനികവൽക്കരിക്കുന്നില്ല. ഒരുപാടുദാഹരണങ്ങളിലൂടെ അദ്ദേഹമത് വിവരിക്കുന്നുണ്ട്. കൊലക്കുപകരം കൊല എന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഒരർത്ഥത്തിൽ ഈ പുസ്തകം തേസിഗറെക്കുറിച്ച് കൂടിയാണ്. ആധുനിക നാഗരികതയെ വെറുക്കുന്ന, ഉപഭോഗസംസ്കാരത്തെ അവജ്ഞയോടെ കാണുന്ന, കൊളോണിയൽ മുൻവിധികളൊന്നും വച്ചുപുലർത്താത്ത ഒരു പച്ചമനുഷ്യൻ സ്വാഭാവികമായും അങ്ങനെ ജീവിക്കുന്ന ഒരു ജനതയോട് താദാത്മ്യം പ്രാപിക്കുന്നത് നാമീ കൃതിയിൽ അനുഭവിക്കുന്നു.
നാമോരോരുത്തരും കൊണ്ടുനടക്കുന്ന സ്മാർട്ട്ഫോൺ നമ്മുടെ കഴുത്തിൽ കുരുങ്ങിക്കൊണ്ടിരിക്കുന്ന കൊലക്കയറാണെന്നും ഡിജിറ്റൽ കാലത്ത് സ്വകാര്യത മിഥ്യയാണെന്നും ഹ്യൂബ് മോഡർകോക്ക് എഴുതിയ There’s a war going on but no one can see it എന്ന പുസ്തകം ബോധ്യപ്പെടുത്തുന്നു.
രണ്ടാമത്തെ പുസ്തകം സമകാലികമാണ് എല്ലാ അർത്ഥത്തിലും. ഡച്ച് പത്രപ്രവർത്തകനായ ഹ്യൂബ് മോഡർകോക്ക് എഴുതിയ "ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുന്നു, പക്ഷെ ആർക്കുമത് കാണാനാവില്ല" എന്ന പുസ്തകം (There’s a war going on but no one can see it – Huib Modderkolk) ഡിജിറ്റൽ കാലത്തിന്റെ നാനാവിധ അപകടങ്ങളെ ഒരന്വേഷണാത്മകപത്രപ്രവർത്തകന് മാത്രം കഴിയുന്ന വിശദാംശങ്ങളോടെ വിവരിക്കുന്നു.
നാമോരോരുത്തരും കൊണ്ടുനടക്കുന്ന സ്മാർട്ട്ഫോൺ നമ്മുടെ കഴുത്തിൽ കുരുങ്ങിക്കൊണ്ടിരിക്കുന്ന കൊലക്കയറാണെന്നും ഡിജിറ്റൽ കാലത്ത് സ്വകാര്യത മിഥ്യയാണെന്നും ബോധ്യപ്പെടുത്തുന്നു. രാഷ്ട്രങ്ങൾ ഇന്റർനെറ്റിനെ ജനങ്ങളെ നിയന്ത്രിക്കാനും അവരുടെ പ്രവർത്തികളെ നിരീക്ഷിക്കാനും ഉപയോഗിക്കുന്നു. ഹാക്കർമാരും കുറ്റവാളികളും സാമ്പത്തികത്തട്ടിപ്പുകൾക്ക് അതിനെ പ്രയോജനപ്പെടുത്തുന്നു. കോർപ്പറേറ്റുകൾ നമ്മെ നിരീക്ഷിച്ച് നമ്മുടെ ഉപഭോഗസ്വഭാവങ്ങളെ സ്വാധീനിക്കുന്നു. സ്വകാര്യത മാത്രമല്ല സമനിലയും നഷ്ടപ്പെടുത്തുന്നതാണ് ഇന്റർനെറ്റ് ഉപഭോഗം. വ്യാജവാർത്തകളും വെറുപ്പും വിദ്വേഷവും അഹോരാത്രം നമ്മിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മിക്ക ആളുകളും അവരുടെ മുൻവിധികൾക്കനുസരിച്ച് ഇവ ആന്തരീകരിക്കുന്നു.
അതായത് നമ്മുടെ കയ്യിലുള്ള ഫോൺ വഴി നമ്മുടെ ജീവിതമത്രയും -അതിന്റെ സ്വകാര്യതകളത്രയും - നിരന്തരമായി നിയന്ത്രിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയുമാണ്. ഈ പുസ്തകം എഴുതിയ ഹ്യൂബ് മോഡർകോക്ക് ഡിജിറ്റൽ ചാരവൃത്തി, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ, ഹാക്കിങ് തുടങ്ങിയ വിഷയങ്ങളിൽ ധാരാളം വാർത്തകൾ ചെയ്തു ലോകപ്രശസ്തി നേടിയ വ്യക്തിയാണ്. ആറ് കൊല്ലം അദ്ദേഹം നടത്തിയ അന്വേഷണങ്ങളുടെ വിവരങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
സൈബർലോകം പുതിയൊരു യുദ്ധഭൂമിയാണ്. പല തലങ്ങളിൽ നിരന്തരമായി തുടരുന്ന ഈ യുദ്ധത്തിൽ വ്യക്തികളും കമ്പനികളും രാഷ്ട്രങ്ങളുമൊക്കെ ഒരേ സമയം അക്രമികളും ഇരകളുമാണ്. യൂറോപ്പിലെ ചില വൻകമ്പനികൾ - ടെലികോം കമ്പനികളടക്കം - എങ്ങനെ സൈബർ ആക്രമണങ്ങളിലൂടെ നിലംപരിശാക്കപ്പെട്ടു, എങ്ങനെ അവരുടെ വിവരസുരക്ഷയുടെ സാങ്കേതിക കോട്ടകൊത്തളങ്ങൾ തകർക്കപ്പെട്ടു തുടങ്ങിയ സംഗതികളാണ് പുസ്തകത്തിന്റെ ഒരു പ്രധാനഭാഗം.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമൊക്കെ ഇന്റർനെറ്റിനെ ചാരപ്രവർത്തനത്തിനും വ്യക്തികളെ നിരീക്ഷിക്കാനും എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വിവരിക്കുന്നവയാണ് മറ്റു ചില അധ്യായങ്ങൾ.
മൂന്നാമത്തേത് അന്തർദ്ദേശീയ കുറ്റവാളികൾ എങ്ങനെയാണ് സാമ്പത്തികത്തട്ടിപ്പുകൾക്ക് ഇന്റർനെറ്റിനെ സമർത്ഥമായി ഉപയോഗിക്കുന്നതെന്നതാണ്.
നാലാമത്തേത് രസത്തിന് വേണ്ടി ചില ഹാക്കർമാർ ഇന്റർനെറ്റ് വഴി നടത്തുന്ന വിധ്വംസകവിദ്യകളാണ്. കെപിഎൻ എന്ന വലിയൊരു ഡച്ച് ടെലികോം കമ്പനിയുടെ ഇന്റർനെറ്റ് നെറ്റ്‌വർക്കിലേക്ക് സമ്പൂർണമായി ഒരു പതിനേഴുകാരൻ നുഴഞ്ഞുകയറി അവരുടെ ഉപഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും അടിച്ചെടുത്തതാണ് ഒരു കഥ! എഡ്‌വേഡ് സ്‌നോഡൻ മുതൽ ഡിജിറ്റൽ കാലത്തിന്റെ പാബ്ലോ എസ്കോബാർ എന്നറിയപ്പെടുന്ന റഷ്യൻ ഹാക്കർ ഏവ്‌ജേനി ബൊഗാച്ചെവ് വരെ രസികൻ കഥാപാത്രങ്ങൾ പുസ്തകത്തിലുടനീളം കടന്നുവരുന്നുണ്ട്.
രാജ്യങ്ങളും കുറ്റവാളിസംഘങ്ങളും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നതാണ് സൈബർയുഗത്തിന്റെ പ്രധാന സവിശേഷത. കുറ്റവാളി ഹാക്കർമാരെ സർക്കാരുകൾ കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ, സാധാരണജനങ്ങളുടെ സ്വകാര്യസംഭാഷണങ്ങൾ വൻതോതിൽ റെക്കോഡ് ചെയ്തു അവ 'രാജ്യസുരക്ഷയുടെ' പേരിൽ ദുരുപയോഗം ചെയ്യുന്നതിന്റെ അനുഭവങ്ങൾ. ഇവയൊക്കെ സർക്കാരുകളും ക്രിമിനലുകളും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങളായി വിവരിക്കപ്പെടുന്നുണ്ട്. നാമോരോരുത്തരും ഈ പുതിയ യുദ്ധത്തിന്റെ നടുവിലാണ്. തോക്കുകളും ബോംബുകളുമില്ലാത്ത യുദ്ധം. രാപ്പകൽ ഈ യുദ്ധത്തിന്റെ ഇരകളാണ് നാമെങ്കിലും നാമതറിയുന്നേയില്ല. അതാണ് പുസ്തകത്തിന്റെ മർമ്മം.
