ഇവിടെയുണ്ട് വായനാ നിയമം; വൈജ്ഞാനിക വിപ്ലവത്തിന്റെ അറേബ്യൻ മാതൃക

''എവിടെയും എല്ലായ്പ്പോഴും ഒരു കൃത്യമായ പുസ്തകമുണ്ട്'' എന്ന പ്രമേയത്തിൽ നവംബർ 3 മുതൽ 13 വരെ ഷാർജ എക്സ്‌പോ സെന്ററിലാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറുക. സ്‌പെയിൻ ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഷാർജ പുസ്തകമേളയും, ദുബായ് എക്സ്പോയും ഒന്നിച്ചു കാണുന്നതിനായുള്ള അപൂർവ്വ അവസരം കൂടിയാണിത്. ലോകത്തെ ഏതൊരു പുസ്തകമേളകളിൽ നിന്നും ഷാർജ പുസ്തകമേളയെ വേറിട്ടു നിർത്തുന്നത് അത് ഉയർത്തി പിടിക്കുന്ന ഈ മാനവിക മൂല്യങ്ങളും ഒരുമയുടെ സന്ദേശവുമാണ്. ലാഭേച്ഛ ഇല്ലാതെ, തികച്ചും സൗജന്യമായി അറിവിന്റെ ലോകത്തേയ്ക്ക് ആർക്കും പ്രവേശനം അനുവദിക്കുന്ന ലോകത്തിലെ ഏക അന്താരാഷ്ട്ര പുസ്തകോൽസവമെന്നതാണ് ഈ അക്ഷരമേളയുടെ സവിശേഷത

കോവിഡിന്റെ ഇരുണ്ടകാലത്തെ അതിജീവിച്ച് ലോകം കരുത്തോടെ ഉയിർത്തെഴുന്നേൽക്കുമ്പോൾ, ഊർജ്ജം പകരാൻ ലോകോത്തര മഹാമേളകളുടെ കാഴ്ചപ്പൂരം ഒരുക്കി സ്വാഗതമോതുന്നു യു.എ.ഇ. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ നിറവിലുള്ള രാജ്യത്ത് 192 രാജ്യങ്ങളുടെ വിസ്മയ കാഴ്ചകളുമായി ദുബായ് എക്സ്പോ കൂടി ആരംഭിച്ചതോടെ ലോകശ്രദ്ധ മുഴുവൻ യു.എ.ഇയിലേയ്ക്ക് നീളുകയാണ്. ഇതിനിടയിൽ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് അതിവേഗത്തിൽ സാധാരണ നിലയിലേയ്ക്ക് ജീവിതം നയിക്കുന്ന യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ, നാല്പതാമത് രാജ്യാന്തര പുസ്തകോൽസവത്തിനായും ഒരുങ്ങുന്നു. ""എവിടെയും എല്ലായ്പ്പോഴും ഒരു കൃത്യമായ പുസ്തകമുണ്ട്'' എന്ന പ്രമേയത്തിൽ നവംബർ 3 മുതൽ 13 വരെ ഷാർജ എക്സ്‌പോ സെന്ററിലാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറുക. സ്പെയിൻ ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഷാർജ പുസ്തകമേളയും, ദുബായ് എക്സ്പോയും ഒന്നിച്ചു കാണുന്നതിനായുള്ള അപൂർവ്വ അവസരം കൂടിയാണിത് എന്നതിനാൽ ഒരു ഇടവേളയ്ക്ക് ശേഷം യു.എ.ഇയിലേയ്ക്കുള്ള സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

വായനയെ സംസ്കാരമാക്കുന്ന നാട്

ചരിത്രാതീത കാലം മുതൽ പുസ്തകങ്ങൾ നിരോധിക്കുകയും ഗ്രന്ഥശാലകൾക്ക് തീയിടുകയും പുസ്തക രചയിതാക്കളെയും ചിന്തകന്മാരെയും തടവിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ള അക്ഷരവിരോധികളായ ഭരണാധികാരികൾക്ക് ഇക്കാലത്തും പിൻഗാമികൾ വിരളമല്ല. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി വായനയും വിജ്ഞാനവുമാണ് ഒരു നാടിന്റെ വികസനത്തിലേയ്ക്കുള്ള യഥാർത്ഥ ചവിട്ടുപടിയെന്ന് ബോധ്യമുള്ള ഭരണാധികാരികളാണ് യു.എ.ഇയുടെ വായനാസംസ്കാരത്തിന്റെ പതാകവാഹകർ എന്നതാണ് ഈ നാടിന്റെ ബൗദ്ധിക വിജ്ഞാന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കരുത്തേകുന്നത്.

അറബ് മേഖലയിൽ ആദ്യമായി വായനയെ പ്രോത്സാഹിപ്പിക്കാൻ ദേശീയ വായനാ നിയമം തന്നെ പ്രഖ്യാപിച്ച് ലോക സാംസ്കാരിക ഭൂപടത്തിൽ പുതു ചരിത്രം കുറിച്ച രാജ്യം കൂടിയാണ് യു.എ.ഇ. രാജ്യത്തെ എഴുത്തുകാർക്കും എഡിറ്റർമാർക്കും പ്രസാധകർക്കും പിന്തുണ നൽകുന്നതാണ് 2017ൽ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നാഹ്യാൻ പ്രഖ്യാപിച്ച ദേശീയ വായന നിയമം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും അക്ഷരാഗ്നി പടർത്തുവാൻ ലക്ഷ്യമിടുന്നതാണ് ഈ നിയമം. വായനയെ സ്നേഹിക്കുകയും വിവേചനങ്ങളുടെ അതിരുകളില്ലാതെ ഏത് രാജ്യത്തിന്റെ പൗരനെയും അവന്റെ ഭാഷയെയും സാഹിത്യത്തെയും സഹിഷ്ണുതയോടെ സ്വാഗതം ചെയ്യുന്നതിൽ യു.എ.ഇ. ഭരണാധികാരികൾ ലോകത്തിനു തന്നെ മാതൃകയാണ്.

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നാഹ്യാൻ
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നാഹ്യാൻ

അക്ഷരങ്ങളുടെ സുൽത്താൻ

1982-ൽ എളിയ രീതിയിൽ ആരംഭിച്ച ഷാർജ പുസ്തകോൽസവം ഒരു പതിറ്റാണ്ട് കൊണ്ട് തന്നെ അഭൂതപൂർവമായ വളർച്ച നേടിയതിനു പിന്നിൽ യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയുടെ അക്ഷരപ്രേമവും സഹൃദയത്വവും സാഹിത്യ ലോകത്തിനായുള്ള അകമഴിഞ്ഞ പ്രോത്സാഹനവുമാണ്. കല്ലച്ചിനും അച്ചടിക്കും മുൻപ്, ഹക്കാവത്തികളുടെ കഥ പറച്ചിലിലൂടെ മാത്രം പ്രപഞ്ചത്തെയും ലോകത്തെയും മനുഷ്യനെയും കേട്ടറിഞ്ഞിരുന്ന അറബ്നാടുകളിലെ ജനതയെ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കൈ പിടിച്ചുയർത്തിയ ഏക ഭരണാധികാരി കൂടിയാണ് ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി. നിരവധി ലോക പ്രശസ്ത പഠന ഗവേഷണ ചരിത്ര ഗ്രന്ഥങ്ങൾ എഴുതിയ വ്യക്തിത്വം കൂടിയാണ് അദ്ദേഹം. ഇന്ത്യയുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുകയും നിരവധി തവണ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട് ഈ ഭരണാധികാരി.

ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി
ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മി

1988-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘ദ മിത്ത് ഓഫ് അറബ് പൈറസി ഇൻ ഗൾഫിന്റെ’ വിവരശേഖരാണാർത്ഥം കുറച്ചു കാലം അദ്ദേഹം മുംബൈയിൽ താമസിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ശക്തമായിരുന്ന അറബ് കടൽ കൊള്ളയെ അടിച്ചമർത്തുന്നതിനായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വ വികാസം എന്ന പരമ്പരാഗത വാദത്തെ അദ്ദേഹം തന്റെ പുസ്തകത്തിലൂടെ ഖണ്ഡിക്കുന്നു. അതിനായുള്ള വിവരശേഖരണാർത്ഥം അദ്ദേഹം ഇന്ത്യ സന്ദർശിക്കുകയും മുംബൈ ആർക്കൈവിൽ നിന്നും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മലയാളം അടക്കമുള്ള ഇന്ത്യൻ ഭാഷകൾ അപരിചിതമല്ലാത്ത ഒരു അറബ് ഭരണാധികാരി കൂടിയാണ് അദ്ദേഹം.

2017-ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച അദ്ദേഹം കേരളത്തിലെത്തി കോഴിക്കോട് സർവകലാശാലയുടെ ഡി ലിറ്റ് സമർപ്പണ ചടങ്ങിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രസാധകരെ സഹായിക്കാൻ അദ്ദേഹം പുസ്തകമേളയിൽ നിന്നു 10 ദശലക്ഷം ദിർഹമിന്റെ പുസ്തകങ്ങൾ വാങ്ങാൻ ഉത്തരവിട്ടിരുന്നു. മേളയിൽ പങ്കെടുത്തവരുടെ സ്റ്റാൾ ഫീസ് ഒഴിവാക്കിയതും പല പ്രസാധകർക്കും ആശ്വാസമായി. ഇതാദ്യമല്ല ഷാർജ ഭരണാധികാരിയിൽ നിന്നും അത്തരമൊരു കരുതലുള്ള നടപടി എന്നു പ്രതികരിക്കുന്നു ഷാർജ ബുക്ക് അതോറിറ്റി ഏക്സ്റ്റേർണൽ അഫയേർസിലെ ഉദ്യോഗസ്ഥനും മേളയുടെ സംഘടക നേതൃനിരയിലെ മലയാളി സാന്നിധ്യവുമായ ശ്രീ മോഹൻ കുമാർ. നാല്പതു വർഷമായി ഈ മേളയ്ക്കൊപ്പം സഞ്ചരിച്ച നിരവധി അനുഭവങ്ങളും ഓർമ്മകളും സൂക്ഷിയ്ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. 1982-ൽ ഔദ്യോഗികമായി നടത്തിയ ആദ്യ ഷാർജ പുസ്തകമേളയ്ക്ക് മുൻപ് അബുദാബിയിൽ വച്ച് ഒരു ഷാർജ ഭരണാധികാരിയുടെ നേതൃത്വത്തിൽ ഒരു പുസ്തകമേള സംഘടിപ്പിച്ചത് അദ്ദേഹം ഓർമ്മിക്കുന്നു. ഇരുപത്തിയഞ്ചോളം പ്രസാധകർ പങ്കെടുക്കുകയും 2500ഓളം പേർ മാത്രം സന്ദർശിക്കുകയും ചെയ്ത ആ മേള വൻ പരാജയമായിരുന്നു. അതിനു പുറമെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ പ്രദർശനത്തിനെത്തിച്ച മുഴുവൻ പുസ്തകങ്ങളും നനഞ്ഞു ഉപയോഗശൂന്യമായി പോയത് പ്രസാധകരിൽ പലർക്കും തിരിച്ചടിയുമായി. പുസ്തകമേളയ്ക്കായി കടൽ കടത്തി കൊണ്ട് വന്നു മഴയേറ്റു പോയ മുഴുവൻ പുസ്തകങ്ങളും അന്ന് വില നൽകി വാങ്ങിക്കൊണ്ടാണ് സുൽത്താൻ അവരുടെ പ്രതിസന്ധി പരിഹരിച്ചത്.

ലോകത്തെ ഏതൊരു പുസ്തകമേളകളിൽ നിന്നും ഷാർജ പുസ്തകമേളയെ വേറിട്ടു നിർത്തുന്നത് അത് ഉയർത്തി പിടിക്കുന്ന ഈ മാനവിക മൂല്യങ്ങളും ഒരുമയുടെ സന്ദേശവുമാണ്. ലാഭേച്ഛ ഇല്ലാതെ, തികച്ചും സൗജന്യമായി അറിവിന്റെ ലോകത്തേയ്ക്ക് ആർക്കും പ്രവേശനം അനുവദിക്കുന്ന ലോകത്തിലെ ഏക അന്താരാഷ്ട്ര പുസ്തകോൽസവമെന്നതാണ് ഈ അക്ഷരമേളയുടെ സവിശേഷതയെന്നും മോഹൻകുമാർ പറയുന്നു. ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നാമതുള്ള ഫ്രാങ്ക്ഫർട്ട് പുസ്തകമേളയും ഡൽഹി, ലണ്ടൻ പുസ്തകമേളകളും സന്ദർശകരോട് പ്രവേശനഫീസ് ഈടാക്കുമ്പോളാണ് ഷാർജ വായനയുടെ വാതായനങ്ങൾ ലോകത്തിന് മുന്നിൽ മലർക്കെ തുറന്നിട്ട് അതിരില്ലാത്ത അറിവിന്റെ ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത്. പതിനൊന്നു ദിനങ്ങളിലായി വായനയുടെ പൂരം അരങ്ങേറുമ്പോൾ കുട്ടികൾ അടക്കം ആയിരങ്ങൾ നിത്യം സന്ദർശിക്കുന്ന ഷാർജ എക്സ്പോയിൽ പുസ്തകങ്ങൾക്ക് അല്ലാതെ മറ്റൊന്നിനും വില്പനാനുവാദം നൽകാത്തതും ഈ കച്ചവടക്കണ്ണില്ലായ്മ കൊണ്ട് തന്നെയാണ്.

Photo : visitsharjah.com
Photo : visitsharjah.com

കണ്ണും കാതും ആത്മാവും വായനയുടെ ലോകത്ത് മാത്രം ഉറപ്പിച്ചു നിർത്തി, പതിനൊന്നു നാൾ പുസ്തകങ്ങളുടെ ലോകത്ത് ചെലവഴിക്കാനാണ് ഓരോ സന്ദർശകരോടും ഷാർജ ആവശ്യപ്പെടുന്നത്. കൂടാതെ പുസ്തകമേളയിൽ എത്തുന്നവർക്ക് 25 ശതമാനം വിലക്കുറവിൽ പുസ്തകങ്ങൾ ലഭ്യമാക്കണമെന്നും ഷാർജ ഭരണാധികാരിയുടെ പ്രത്യേക നിർദ്ദേശമുണ്ട്.

ഉയിർപ്പിന്റെ മേള

ഷാർജ പുസ്തകമേളയുടെ വരവോടെ അറബ്മേഖലയിലെ പുസ്തകവിപണി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉണരുകയാണ്. പതിനൊന്നു ദിവസം നീളുന്ന മേളയിൽ പതിവ് പോലെ പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായി സംവാദം, അഭിമുഖങ്ങൾ, ചർച്ചകൾ, വിവിധ കലാ സാംസ്കാരിക വിനോദ പരിപാടികൾ എന്നിവയും അരങ്ങേറും. ഇത്തവണ നൂറ്റി ഇരുപതോളം പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുമെന്നാണ് ഷാർജ ബുക്ക് അതോറിറ്റിയുടെ പ്രതീക്ഷ.
കോവിഡ് കാലത്തിന് ശേഷം ലോകത്ത് നടത്തിയ ആദ്യ അന്താരാഷ്ട്ര പുസ്തകോൽസവം എന്ന പ്രത്യേകതയുണ്ടായിരുന്നു കഴിഞ്ഞ വർഷത്തെ ഷാർജ പുസ്തകമേളയ്ക്ക്. കോവിഡ് സൃഷ്ടിച്ച പരിമിതികൾക്കിടയിലും വിവിധ രാജ്യങ്ങളിൽ നിന്നായി 1024 പ്രസാധകർ പങ്കെടുത്തിരുന്നു. മോശമല്ലാത്ത പുസ്തക വില്പനയും നടന്നു. ഇക്കുറി 81 രാജ്യങ്ങളിൽ നിന്നായി 1576 പ്രസാധകർ പങ്കെടുക്കുന്നുണ്ട്. ഇതിൽ 83 മലയാളം പ്രസാധകരും ഉൾപ്പെടുന്നു. ഈജിപ്തിൽ നിന്നാണ് ഏറ്റവും അധികം പ്രസാധകർ ഇത്തവണ പങ്കെടുക്കുന്നത് (293).
ആതിഥേയ രാജ്യമായ യു.എ.ഇയിൽ നിന്ന് 240, ബ്രിട്ടൻ,ലെബനൻ എന്നിവിടങ്ങളിൽ നിന്നു 132, 111 എന്നിങ്ങനെയാണ് പ്രസാധക പങ്കാളിത്തം.
സുഡാൻ, അൾജീരിയ, ലെബെനൻ, കൊളംമ്പിയ, ടാൻസാനിയ, കാമറൂൺ എന്നിങ്ങനെ പത്തു രാജ്യങ്ങൾ കൂടി പുതുതായി മേളയിൽ ഇക്കുറി പങ്കാളികളാവുന്നു എന്ന പ്രത്യേകതയുമുണ്ട്. പതിനഞ്ച് ദശലക്ഷം പുസ്തകങ്ങളുടെ വലിയ ശേഖരം ഇത്തവണ മേളയിൽ പ്രദർശിപ്പിക്കും
1,10,000ത്തിലധികം പുതിയ ശീർഷകങ്ങൾ ഉൾപ്പെടെ 15 ദശലക്ഷത്തിലധികം പുസ്തകങ്ങൾ സാഹിത്യം, ശാസ്ത്രം, സംസ്കാരം, വിജ്ഞാനം എന്നീ വിഭാഗങ്ങളിലായി ഇടം നേടും.

കഴിഞ്ഞ വർഷം മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക പരിപാടികൾ പലതും ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. ഇന്ത്യൻ പവലിയനിലെ മലയാളം അടക്കമുള്ള ഇന്ത്യൻ പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുമുള്ള പ്രത്യേക വേദിയായ റൈറ്റേഴ്സ് ഫോറം ഇക്കുറി വീണ്ടും സജീവമാകും എന്നത് പ്രവാസ ലോകത്തെ എഴുത്തുകാരും സാഹിത്യപ്രേമികളും ഹർഷത്തോടെയാണ് വരവേറ്റത്.

അക്ഷരമേളയിലെ താരങ്ങൾ

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർന രാജ്യാന്തര പുസ്തകമേളയിലെ ശ്രദ്ധാകേന്ദ്രമാകും. കഴിഞ്ഞ വർഷത്തെ നൊബേൽ പുരസ്കാരജേതാവും അമേരിക്കൻ കവയിത്രിയുമായ ലൂയിസ് ഗ്ലക്കും മേളയിൽ എത്തും. വിൽ സ്മിത്ത് അഭിനയിച്ച ഹോളിവുഡ് ചിത്രം ‘ദ പെർസ്യൂട്ട് ഓഫ് ഹാപ്പിനെസിന്’ അവലംബമായി മാറിയ പുസ്തകത്തിന്റെ രചയിതാവും ബിസിനസുകാരനുമായ ക്രിസ് ഗാർഡനർ, പ്രശസ്ത അൾജീരിയൻ നോവലിസ്റ്റ് യാസ്മീന ഖദ്ര എന്നിവർ വായനക്കാരുമായി സംവദിക്കും. ജ്ഞാനപീഠ ജേതാവും, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്ക്, ദി ഹൻഗ്രി റ്റയിഡ്, ഗ്ലാസ്സ് പാലസ് എന്നീ രചനകളിലൂടെ ആഗോള ശ്രദ്ധ നേടിയ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷ് തന്റെ പുതിയ നോവലിനെ കുറിച്ചും അതിന്റെ പ്രമേയത്തെ കുറിച്ചും നവംബർ 12, വെള്ളിയാഴ്ച വൈകീട്ട് 8.30 മുതൽ സംസാരിക്കും.

അമിതാവ് ഘോഷ്
അമിതാവ് ഘോഷ്

ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റ് ചേതൻ ഭഗതിന്റെ പുതിയ പുസ്തകമായ 400 ഡെയ്സിന്റെ പ്രകാശനം നവംബർ 6 ശനിയാഴ്ച്ച നടക്കും. യുവ ഇന്ത്യൻ നോവലിസ്റ്റും റൈറ്റ് മി എ ലവ് സ്റ്റോറിയുടെ രചയിതാവുമായ രവീന്ദർ സിങ്, ഏഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ വീർ സാംഘവി എന്നിവരും വിവിധ ദിനങ്ങളിലായി വായനക്കാരുമായി സംവദിക്കും. പാകിസ്ഥാൻ സാഹിത്യകാരിയും ചരിത്രകാരിയും വിദ്യാഭ്യാസ വിദഗ്ധയുമായ ഡോ: അറഫാ സായദ സെഹ്റ, കമ്പനി ഓഫ് സ്ട്രേഞ്ചേഴ്സ്, നോ ഹോണർ എന്നീ പുസ്തകങ്ങളുടെ രചയിതാവും നോവലിസ്റ്റുമായ അവയിസ് ഖാൻ, ഇൻഡിക്ക: എ ഡീപ് നാച്ചുറൽ ഹിസ്റ്ററി ഓഫ് ദി ഇന്ത്യൻ സബ്കോണ്ടിനെൻറ് എന്ന പുസ്തകത്തിന്റെ രചയിതാവ് പ്രണയ് ലാൽ, സംരംഭകനും എഴുത്തുകാരനുമായ ഹർഷ് മരിവാല, സീക്രട്ട് മില്യണയർ ബ്ലൂ പ്രിൻറ് രചയിതാവ് അർഫീൻ ഖാൻ എന്നിവരാണ് മറ്റു ചില അതിഥികൾ.

ശ്രീലങ്കയിൽ നിന്നുള്ള പതിമൂന്ന് വയസുകാരൻ സനിത്താണ് ഇത്തവണത്തെ മേളയിൽ അതിഥിയായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ. ടോളറൻസ് ഫോർ ഹാപ്പിനസ്സ് എന്ന പുസ്തകത്തിന്റെ രചയിതാവും, പ്രസംഗകനുമാണ് സനിത്ത്. സാഹിത്യ സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർക്ക് പുറമെ നവമാധ്യമങ്ങളിലൂടെ ജനപ്രിയരായി മാറിയ താരങ്ങളെ കാണാനും പരിചയപ്പെടാനും മേളയിൽ പ്രത്യേക സെഷൻ ഉണ്ടാകും. ജോർഡിന്ത്യൻസ് എന്ന 16 ലക്ഷം ഫോളോവേർസ് ഉള്ള യൂട്യൂബ് ചാനലിന്റെ അവതാരകരായ വിനീത് കുമാർ, നാസർ അൽ അസ്സ എന്നിവരേ കൂടാതെ ഇക്കിഗായിയുടെ രചയിതാക്കളിൽ ഒരാളായ ഫ്രാൻസെസ്ക് മിറാലെസും വേദിയിലെത്തും.

കടൽ കടന്നെത്തുന്ന മലയാളം

മലയാളത്തിൽ നിന്നു നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് തന്റെ പുതിയ നോവലായ കടലിന്റെ മണം എന്ന കൃതിയെക്കുറിച്ചും അതിന്റെ എഴുത്ത് വഴികളെക്കുറിച്ചും നവംബർ 12 വെള്ളിയാഴ്ച സംസാരിക്കും. കവിയും ഗാനരചയിതാവും താളവാദ്യ വിദ്വാനും കൂടിയായ മനോജ് കുറൂർ കാല്പനിക കൃതികളുടെ രൂപം, ലാവണ്യാത്മകത, നിർമ്മിതി എന്നിവയെക്കുറിച്ചും തന്റെ പുതിയ കവിതാസമാഹാരത്തെക്കുറിച്ചും നവംബർ 5 വെള്ളിയാഴ്ച വൈകുന്നേരം സംസാരിക്കും.

സന്തോഷ് ജോർജജ് കുളങ്ങര
സന്തോഷ് ജോർജജ് കുളങ്ങര

നവംബർ 6 ശനിയാഴ്ച വൈകിട്ട് മാധ്യമപ്രവർത്തകനും സംരംഭകനുമായ സന്തോഷ് ജോർജജ് കുളങ്ങര താൻ നടത്തിയ ലോക പര്യടനങ്ങളെക്കുറിച്ചും ബഹിരാകാശ വിനോദ യാത്രയ്ക്കായി രൂപീകരിച്ച വിർജിൻ ഗ്യാലറ്റിക്ക് എന്ന സ്ഥാപനവുമായി നടത്തിയ ആശയവിനിമയ വിശേഷങ്ങളും പങ്ക് വയ്ക്കും. ഇവരെ കൂടാതെ വിവിധ മേഖലകളിലെ പ്രമുഖർ മേളയുടെ ഭാഗമായേക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ആരോഗ്യ പരിരക്ഷയ്ക്ക് പ്രഥമ പരിഗണ നൽകിയായിരിക്കും പരിപാടി നടക്കുക.

വായിച്ചു വളരാൻ

ഷാർജ പുസ്തകോൽസവത്തിൽ കുട്ടികൾക്ക് മാത്രമായി വിപുലമായ വായനയുടെ ലോകം ഒരുക്കിയിട്ടുണ്ട്. വിവിധ സ്കൂളുകളിൽ നിന്നായി എത്തുന്ന കുട്ടികൾക്കായുള്ള വിനോദവും വിജ്ഞാനവും നിറഞ്ഞ പ്രത്യേക സെഷനുകളും എന്നും രാവിലെ ഉണ്ടാകും. പുസ്തകമേളയിൽ എത്തുന്ന ഓരോ വിദ്യാർഥിയിൽ നിന്നും വായനയുടെ സംസ്കാരം അവരുടെ വീടുകളിലേയ്ക്കും സമൂഹത്തിലേയ്ക്കും പടർത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ‘Knowledge without borders’ എന്ന പേരിൽ ഷാർജ എമിറേറ്റിലെ എല്ലാ സ്വദേശി ഭവനങ്ങൾക്കും 50 പുസ്തകം വീതം സൗജന്യമായി നൽകുന്ന ഹോം ലൈബ്രറി സ്കീം ഷാർജ ഭരണകൂടം കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയിരുന്നു.

Photo : Sharjah Book Authority, FB page
Photo : Sharjah Book Authority, FB page

പുസ്തകോൽസവത്തെ കൂടാതെ രാജ്യത്തെ പൗരന്മാരിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഷാർജ എമിറേറ്റ് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമെന്ന നിലയിൽ 2019ലെ ലോക പുസ്തക തലസ്ഥാനമായി ഷാർജയെ യുനെസ്കോ തെരഞ്ഞെടുത്തത് രാജ്യത്തിന് അഭിമാനമായി മാറിയിരുന്നു.
കഴിഞ്ഞ ഡിസംബർ മുതൽ ഷാർജയിൽ പ്രവർത്തനം ആരംഭിച്ച ഹൗസ് ഓഫ് വിസ്ഡം എന്ന വിപുലമായ പുസ്തകശാലയാണ് ഷാർജ എമിറേറ്റിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലായി തിളങ്ങുന്നത്.

അന്താരാഷ്ട്ര പ്രസാധക ലൈബ്രറി സമ്മേളനങ്ങൾ

നാല്പതാമത് ഷാർജ പുസ്തകമേളയ്ക്ക് മുന്നോടിയായി ഷാർജയിൽ എട്ടാമത് അന്താരാഷ്ട്ര ലൈബ്രറി സമ്മേളനവും പ്രസാധക സമ്മേളനവും സംഘടിപ്പിക്കും. നവംബർ ഒന്ന് മുതൽ ഒൻപതു വരെയാണ് അന്താരാഷ്ട്ര ലൈബ്രറി സമ്മേളനം. ഇതിൽ ലോകത്തെ പ്രമുഖ ഗ്രന്ഥശാലയിലെ ലൈബ്രേറിയന്മാർ, ലൈബ്രറി പ്രൊഫഷണലുകൾ എന്നിവർ പങ്കെടുക്കും. അന്താരാഷ്ട്ര പ്രസാധക സംഘടനയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 മുതൽ നവംബർ രണ്ടു വരെയാണ് പ്രസാധക സമ്മേളനം. ഇതിൽ 520 പ്രസാധകരും 35 പ്രസംഗകരും പങ്കെടുക്കും. മുഖ്യമായും മേഖല നേരിടുന്ന പ്രശ്നങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുക.
വിവർത്തകർക്കും പ്രസാധകർക്കും ഗുണകരമായ നിരവധി പദ്ധതികളും കരുതലോടെ ആവിഷ്കരിക്കുന്നതിൽ ഷാർജ പുസ്തകമേള മാതൃകയാണ്.
30താമത് ഷാർജ പുസ്തകമേളയോട് അനുബന്ധിച്ച്, 2011ൽ പ്രഖ്യാപിച്ച മൂന്നു ലക്ഷം ഡോളറിന്റെ ഷാർജ ബുക്ക് ഫെയർ ഗ്രാന്റ് ഫണ്ട് വലിയ ഉണർവാണ് വിവർത്തന മേഖലയ്ക്ക് നല്കിയത്.

അന്താരാഷ്ട്ര ലൈബ്രറി സമ്മേളനത്തിൽ നിന്ന്
അന്താരാഷ്ട്ര ലൈബ്രറി സമ്മേളനത്തിൽ നിന്ന്

വിവിധ സാഹിത്യകൃതികളും തലക്കെട്ടുകളും വിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യുന്നതിന് അറബ് - വിദേശ പ്രസാധകർക്ക് ധനസഹായം നൽകുന്നത് ഏറെ പേരെ ഈ മേഖലയിലേക്ക് ആകർഷിച്ചിട്ടുണ്ട്.
ഇത് കൂടാതെ പ്രസാധക ലോകത്തെ ആദ്യത്തെ ഫ്രീസോൺ പബ്ളിഷിങ് സിറ്റി എന്നൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട് ഷാർജ. ലോകത്തെ എല്ലാ പ്രസാധകർക്കും നികുതി രഹിതമായി പ്രവർത്തിക്കാൻ സാധിക്കുന്ന സ്വതന്ത്ര ഉടമസ്ഥാവകാശമുള്ള അച്ചടി പ്രസിദ്ധീകരണ കേന്ദ്രമായാണ് പബ്ലിഷിംഗ് സിറ്റി ഷാർജ ഫ്രീസോണിൽ ഒരുക്കിയിട്ടുള്ളത്. ആഗോളതലത്തിൽ തന്നെ മൽസരിക്കാവുന്ന വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് പബ്ലിഷിങ് സിറ്റി ലോകമെമ്പാടുമുള്ള പ്രസാധകസമൂഹത്തെ ഷാർജയിലേക്ക് സ്വാഗതം ചെയ്യുന്നത്.

എവിടെയും എല്ലായ്പ്പോഴും ഒരു കൃത്യമായ പുസ്തകമുണ്ട്.

ഏത് വ്യക്തിക്കും ഏതവസരത്തിലും ജീവിതത്തിൽ വഴിത്തിരിവോ വഴികാട്ടിയായോ പ്രവർത്തിച്ചിട്ടുള്ള ഒരു പുസ്തകം ഈ ലോകത്ത് ഉണ്ടാകുമെന്നാണ് ഇക്കുറി പുസ്തകമേള വായനപ്രേമികളെ ഓർമ്മിപ്പിക്കുന്നത്. അത്തരം പുസ്തകങ്ങളെ തേടി ഇനി ലോകം ഷാർജയിലെത്തും. ഒരു പുസ്തക ഉദ്യാനത്തിലെന്ന പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുസ്തകക്കൂട്ടങ്ങൾക്കിടയിൽ നിന്നും അവയെ അന്വേഷിച്ചു കണ്ടെത്തും.
അക്ഷരങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും മാത്രം ഇന്നലെ വരെ അറിഞ്ഞിരുന്നവരെ നേരിൽ കാണുന്നതിനും സംവദിക്കാനും കയ്യൊപ്പ് വാങ്ങി ഒപ്പം നിന്നു ചിത്രങ്ങൾ എടുത്തു സൂക്ഷിക്കാനും മലയാളികളടക്കമുള്ള ഗൾഫ് പ്രവാസികൾ ഷാർജ എക്സ്പോ സെന്റ്ററിൽ കൂട്ടുകാരും കുടുംബവുമായി ഇനി അന്തിയ്ക്ക് ഒത്തു ചേരും. ചൂട് ചായയ്ക്കും വെടിവെട്ടത്തിനുമൊത്ത് ചേർന്നും സുഹൃത്തുക്കളുടെ പുസ്തക പ്രകാശന ചടങ്ങ് ഗംഭീരമാക്കാൻ ഒത്തുപിടിച്ചും ഇഷ്ട പുസ്തകങ്ങൾ ട്രോളികൾ നിറയെ സ്വന്തമാക്കി മടങ്ങിയുമുള്ള ഈ അക്ഷരപ്പൂരത്തിന്റെ പതിനൊന്നു നാളുകൾ ഇനി ഷാർജയിൽ ഉത്സവ പ്രതീതി ഉണർത്തും. അക്ഷരപ്രേമികൾ പകരുന്ന ഈ പിന്തുണയുടെ കരുത്തിലൂടെ അറബ് മണ്ണിൽ വീണ്ടും വായനയുടെ വസന്തം തളിർക്കും.


Summary: ''എവിടെയും എല്ലായ്പ്പോഴും ഒരു കൃത്യമായ പുസ്തകമുണ്ട്'' എന്ന പ്രമേയത്തിൽ നവംബർ 3 മുതൽ 13 വരെ ഷാർജ എക്സ്‌പോ സെന്ററിലാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറുക. സ്‌പെയിൻ ആണ് ഇത്തവണത്തെ അതിഥി രാജ്യം. ഷാർജ പുസ്തകമേളയും, ദുബായ് എക്സ്പോയും ഒന്നിച്ചു കാണുന്നതിനായുള്ള അപൂർവ്വ അവസരം കൂടിയാണിത്. ലോകത്തെ ഏതൊരു പുസ്തകമേളകളിൽ നിന്നും ഷാർജ പുസ്തകമേളയെ വേറിട്ടു നിർത്തുന്നത് അത് ഉയർത്തി പിടിക്കുന്ന ഈ മാനവിക മൂല്യങ്ങളും ഒരുമയുടെ സന്ദേശവുമാണ്. ലാഭേച്ഛ ഇല്ലാതെ, തികച്ചും സൗജന്യമായി അറിവിന്റെ ലോകത്തേയ്ക്ക് ആർക്കും പ്രവേശനം അനുവദിക്കുന്ന ലോകത്തിലെ ഏക അന്താരാഷ്ട്ര പുസ്തകോൽസവമെന്നതാണ് ഈ അക്ഷരമേളയുടെ സവിശേഷത


Comments