‘ആ നദിയോട് പേര് ചോദിക്കരുത്' എന്ന നോവലിനെക്കുറിച്ച് പറയുമ്പോൾ ഒരു വിദേശദേശത്തിന്റെ അത്യന്തം സെൻസിറ്റീവായ രാഷ്ട്രീയവും മറ്റൊരു ജനതയുടെ ആത്മസംഘർഷങ്ങളും ആവിഷ്കരിക്കുന്ന നോവലിൽ എന്തുകൊണ്ടെത്തി എന്നൊരു ചോദ്യം പലരും ഉന്നയിക്കാറുണ്ട്.
ലോകം ആഗോളഗ്രാമമായി ചുരുങ്ങിയ കാലത്ത് ദേശം, വിദേശം എന്നുള്ള പരികൽപനകളുടെ അതിർവരമ്പുകൾ നേർത്തുവരികയാണ്. ലോകത്തിലെ ഏതു കോണിലെയും മനുഷ്യർ നമുക്ക് പരിചിതരാകാം. വൈജാത്യങ്ങൾക്കിടയിലും മനുഷ്യാന്തസ്സും വേദനകളും സന്തോഷങ്ങളും വികാരങ്ങളും വെല്ലുവിളികളും പോരാട്ടങ്ങളും ആത്യന്തികമായി ഒന്നുതന്നെ. ഗൾഫ് പ്രവാസിനിയായിരുന്ന കാലത്ത് ജോലിസ്ഥലത്ത് പല രാജ്യക്കാരുണ്ടായിരുന്നു. പലപല സംസ്കാരങ്ങൾ. പലസ്തീനികളും ജോർദാനികളും ലബനൻകാരും സിറിയക്കാരും എല്ലാമുണ്ടായിരുന്നു. തിരികെ പോകാൻ ദേശമില്ലാത്ത, സ്വന്തമെന്നു പറയാൻ ഇത്തിരി മണ്ണില്ലാത്ത, മനുഷ്യരുടെ നോവുകൾ നേരിൽ കാണാനും അറിയാനും ഇടവന്നത് അവരോടൊപ്പം ചെലവിട്ട പ്രവാസകാലത്താണ്.
ഒരു ജനതയെ മനസ്സിലാക്കാൻ ടൂറിസ്റ്റിനെപ്പോലെ അവരുടെ നാട് സന്ദർശിക്കുന്നതിൽ അർത്ഥമില്ല. അവർക്കിടയിൽ ജീവിക്കുകയും അവരെ ഉൾക്കൊള്ളുകയുമാണ് പ്രധാനം. ഒരു നാടിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാൻ ഇന്ന് യാത്രകൾക്ക് പുറമേ ഒട്ടനവധി മാർഗ്ഗങ്ങളുണ്ട്.
പലസ്തീനിൽ പോകാതെ ആ ദേശത്തെക്കുറിച്ച് എഴുതാൻ പറ്റുമോ എന്നു ചോദിച്ചാൽ,തീർച്ചയായും സാധിക്കും. എന്നാൽ പലസ്തീൻ ജനതയുടെ വികാരം മനസ്സിലാക്കാൻ വായനകൾക്കപ്പുറം ഒരു ഇഴുകിച്ചേരൽ ആവശ്യമാണ്. സ്വന്തമായതെല്ലാം അവരിൽനിന്ന് അപഹരിക്കപ്പെട്ടു. ‘ഒടുവിലത്തെ ആകാശവും കടന്ന് അവർ എങ്ങോട്ട് പറക്കാനാണ്?’ യുദ്ധങ്ങൾ അനുഭവിച്ചിട്ടില്ലാത്ത നമുക്ക് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കണ്ടതെല്ലാം വെറും വാർത്തകളായിരിക്കാം.
ഈ നോവലിന് തുടക്കമിടുന്നത് 2021 ഫെബ്രുവരിയിലാണ്. ഒരു നൂറ്റാണ്ടായി പുകഞ്ഞും തിളച്ചുമിരുന്ന പലസ്തീൻ ചരിത്രത്തിലെ ഏറ്റവും ഒടുവിലത്തെ ഏടായ ഭീകരമായ ഗാസാ അധിനിവേശത്തിന് ലോകം സാക്ഷിയാവുന്നതിനും രണ്ടര വർഷം മുമ്പ്. അന്ന് ‘ഗാസ ഭൂമിയോളം കനമുള്ള വാക്ക്’ എന്നെഴുതവേ, ഭീകരമായ ഒരു അധിനിവേശം മുമ്പിൽ കാത്തിരിക്കുന്നുണ്ടെന്ന് ഒട്ടുമേ നിനച്ചിരുന്നില്ല. അന്നൊരിക്കൽ പലസ്തീൻകാരിയായ കൂട്ടുകാരി എന്നോട് ചോദിച്ചു; ‘ജോലി നഷ്ടമായാൽ നിങ്ങൾക്കൊക്കെ പോകാൻ സ്വന്തം നാടുണ്ട്. നിങ്ങളെ കാത്തിരിക്കാൻ അവിടെ പ്രിയപ്പെട്ടവരുണ്ട്. ഞാനും മക്കളും എങ്ങോട്ട് പോകാൻ? ഞങ്ങൾക്ക് മണ്ണില്ല. കാത്തിരിക്കാനും ആരുമില്ല. ഞങ്ങളുടെ വീടുകളിരുന്നത് എവിടെയായിരുന്നെന്നുപോലും കണ്ടുപിടിക്കാൻ പറ്റില്ല. ഞങ്ങളുടെ മണ്ണിൽ അവരുടെ സെറ്റിൽമെന്റ്കൾ പൊങ്ങുന്നു. നാട്ടിൽ പിടിച്ചുനിൽക്കുന്നവർ ബോംബുകൾക്കും വെടിയുണ്ടകൾക്കും നടുവിലാണ്. ഇസ്രായേലി പട്ടാളക്കാരാൽ നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ട് അവർ കഴിഞ്ഞുകൂടുന്നു. എന്റെ ഗ്രാമത്തിൽനിന്ന് അടുത്ത ആശുപത്രിയിലേക്ക് പോകണമെങ്കിൽ എത്ര ചെക്ക്പോസ്റ്റുകൾ കടക്കണമെന്നോ. അറിയാമോ, അവർ ഞങ്ങളുടെ മക്കളെപ്പോലും വെറുതെ വിടുന്നില്ല. ഒന്ന് സൈക്കിൾ ചവിട്ടി നടക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത കുഞ്ഞുങ്ങൾ.’
ഇത് അവൾ പറഞ്ഞതിന്റെ രത്നച്ചുരുക്കം മാത്രം. അഭയാർത്ഥി ക്യാമ്പുകളിലെ ബാല്യത്തെക്കുറിച്ച് അവൾ പറഞ്ഞു. കാലമെത്ര കഴിഞ്ഞിട്ടും ആറാത്ത നൊമ്പരത്തോടെ. അവളുടെ നോവിൽനിന്നാണ് ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന നോവലിന്റെ ഉറവ പൊട്ടിയത്. ഒരു പക്ഷെ, അവൾ മനസ്സ് തുറന്നില്ലായിരുന്നെങ്കിൽ ജോലി തേടി നാടുവിട്ടു പോകുന്ന മലയാളി സ്ത്രീകളുടെ കഥയായി ചുരുങ്ങിയേനെ ഈ നോവൽ.

സ്ത്രീകളുടെ അതിജീവനത്തിൻറെയും പ്രതിരോധത്തിൻറെയും ആവിഷ്കാരമായ ഒരു നോവലിൻന്റെ എഴുത്തിലായിരുന്നു അക്കാലത്ത് ഞാൻ. നോവലിലെ മുഖ്യ കഥാപാത്രമായ റൂത്ത് എന്ന മലയാളി നഴ്സിന്റെ കണ്ണിലൂടെയാണ് കഥ പറഞ്ഞുവന്നത്. കുടുംബം പോറ്റാൻ പ്രിയപ്പെട്ടവരെ നാട്ടിലുപേക്ഷിച്ച് പല രാജ്യങ്ങൾ താണ്ടി ഇസ്രായേലിൽ എത്തിപ്പെടുകയാണ് റൂത്ത്.
സ്ത്രീകളുടെ അതിജീവനയാത്രകളെക്കുറിച്ചുള്ള നോവലുകൾ മലയാളത്തിൽ വിരളമാണ്. ഗൾഫ് പ്രവാസത്തെക്കുറിച്ച് പറയുമ്പോൾ പോലും ആൺപ്രവാസത്തിന്റെ കഥകളാണ് അധികം കേൾക്കുന്നത്. അതിനും എത്രയോ മുമ്പ് ജോലിതേടി ആഫ്രിക്കയിലും സിംഗപ്പൂരിലും യൂറോപ്പിലും അമേരിക്കയിലും ഒക്കെ എത്തിപ്പെട്ട മലയാളി സ്ത്രീകളുണ്ട്. അവർ രക്ഷപ്പെടുത്തിയ എത്രയോ കുടുംബങ്ങൾ കേരളത്തിലുണ്ട്. നമ്മൾ കേൾക്കുന്നത് അധികവും നാടുവിട്ടുപോയി ഇരകളാക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ചാണ്. നിശ്ശബ്ദമായി നാടിന്റെ നിർമ്മിതിയിൽ പങ്കാളികളാവുന്നവളുടെ സഞ്ചാരങ്ങൾ അടയാളപ്പെടുത്താതെ പോകുന്നു. ആ ഒരു ലക്ഷ്യത്തോടെ ബൈബിളിലെ ആദ്യത്തെ പ്രവാസിനിയായ റൂത്തിന്റെ പേരിട്ട് മലയാളി സ്ത്രീയുടെ അതിജീവനകഥ പറഞ്ഞുതുടങ്ങുമ്പോഴാണ് പ്രിയപ്പെട്ട പലസ്തീൻകാരിയുടെ ദുഃഖം എന്നിൽ നിറയുന്നത്. അവർ വഹിക്കുന്ന കുരിശുകൾക്ക് നമ്മുടേതിനേക്കാൾ പതിന്മടങ്ങ് ഭാരമുണ്ട് എന്ന തിരിച്ചറിവ് എന്നെ ആവേശിക്കുന്നത്. മാത്രമല്ല യുദ്ധങ്ങളിൽ, ദുരന്തങ്ങളിൽ, ഏറ്റവും വലിയ ദുരിതം പേറുന്നത് എപ്പോഴും സ്ത്രീകളാണല്ലോ. അങ്ങനെ ‘ആ നദിയോട് പേര് ചോദിക്കരുത്’ വേറൊരു ദിശയിൽ പ്രവാഹം ആരംഭിക്കുകയായി.
ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ലേഖനങ്ങളും ജേണലിസ്റ്റ് റിപ്പോർട്ടുകളും ഒക്കെ വായിക്കുന്നവരാണ് നമ്മൾ. എന്നാൽ മനുഷ്യവികാരങ്ങളെ കൂടുതൽ ഫലപ്രദമായി അനുവാചകരിലെത്തിക്കാൻ ഫിക്ഷനു കഴിയും. സാധാരാണക്കാരുടെ മനസ്സിലൂടെയാണല്ലോ ഫിക്ഷന്റെ സഞ്ചാരം. എങ്കിലും നോവലിൽ ഒരിടത്ത് പറയുന്നതുപോലെ ആയിരം കഥകളിലോ നോവലുകളിലോ ഒതുക്കാൻ കഴിയാത്ത പീഡകളാണ് ആ മനുഷ്യരുടേത്. അതിൽ ഒരംശമെങ്കിലും പകർത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ. അവർ അനുഭവിക്കുന്ന അതേ നീതിനിഷേധങ്ങൾ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയസാഹചര്യങ്ങളിൽ നമ്മളെയും തേടിയെത്തും കാലം വിദൂരമല്ലെന്ന വീണ്ടുവിചാരത്തോടെ എന്നിലെ കഥപറച്ചിൽകാരി ഐഡന്റിറ്റി നഷ്ടമാവുന്ന മനുഷ്യരെക്കുറിച്ച് എഴുതാൻ ആഗ്രഹിച്ചു. ശേഷം, പ്രവാസിനികളുടെ ജീവിതം പ്രമേയമായ എഴുത്തിന്റെ നദി മെല്ലെ പലസ്തീനിലേക്ക് ഒഴുകുകയായി.
ഭരണകൂടഭീകരതെക്കെതിരെ ജൂതരും പലസ്തീൻ വംശജരും അഹിംസാമാർഗ്ഗത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്ന സന്നദ്ധസംഘങ്ങൾ അനേകമുണ്ടെന്ന് റഫറൻസ് വായനകൾക്കിടയിൽ മനസ്സിലായി. തങ്ങൾ ഒരിക്കൽ അനുഭവിച്ച കൊടുംയാതനകൾ മറ്റൊരു ജനതയ്ക്ക് നൽകരുത് എന്നു വിചാരിക്കുന്ന ജൂതന്മാരും ഉണ്ട്. സയണിസ്റ്റുകൾ അല്ലാത്ത ജൂതന്മാർ. നാസിക്യാമ്പുകളിൽ പീഡനം അനുഭവിച്ച ജനതയുടെ പിൻതലമുറക്കാർ പലസ്തീൻകാരെ സ്വദേശത്തുനിന്ന് ആട്ടിപ്പായിക്കുന്നതിലെ വിരോധാഭാസം. നോവലിലെ Resisting to be Foes എന്ന എൻ ജി ഒ അത്തരം മനുഷ്യാവകാശ പ്രവർത്തകരുടെ സംഘമാണ്. നോവലിന്റെ കാതൽ സ്വന്തം ദേശം, സ്വന്തം മതം എന്നൊക്കെയുള്ള അതിർത്തികൾക്കപ്പുറം മനുഷ്യൻ ഒന്നാകുന്ന വിശ്വമാനവികതയായിരിക്കണം എന്നും തീർച്ചയാക്കി.

‘വാളേറ്റ് മരിച്ചവർ വിശപ്പിനാൽ മരിക്കുന്നവരേക്കാൾ ഭാഗ്യവാന്മാരാണ്’ എന്ന വചനം സാർത്ഥകമാവുകയാണ് ഇന്ന് പലസ്തീനിൽ. നമ്മളാരും ഒരു കഷണം ബ്രഡിനായി മണിക്കൂറുകളോളം ക്യൂ നിന്നിട്ടില്ല. ജീവൻരക്ഷാ ഉപാധികളില്ലാതെ, കുടിവെള്ളമില്ലാതെ, മരണത്തിലേക്ക് കടന്നുപോകുന്ന പ്രിയപ്പെട്ടവരെ നമുക്ക് നോക്കിനിൽക്കേണ്ടിവന്നിട്ടില്ല. പിന്നെ നമുക്ക് എങ്ങനെ യുദ്ധബാധിതരുടെ മനോനില മനസ്സിലാക്കാനാവും?
ഈ നോവൽ എഴുതുമ്പോൾ ഞാൻ നേരിട്ട വലിയ ഒരു വെല്ലുവിളി അതു തന്നെയാണ്. എന്റെ സ്നേഹിത പറഞ്ഞ ജീവിതത്തിൽനിന്ന് ഞാനറിഞ്ഞത് നൂറ്റാണ്ടുകളുടെ പീഡനമേറ്റ് കഠിനമായ മനസ്സുകളെയാണ്. നിത്യം യുദ്ധവിമാനങ്ങളുടെ മൂളൽ കേട്ട് ഉറക്കമുണരുന്ന കുട്ടികൾ. ചുറ്റും രക്തപ്പുഴ ഒഴുകുന്നത് കാണേണ്ടിവരുന്നവർ. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ പ്രിയപ്പെട്ടവരുടെ ജീവൻ സ്പന്ദിക്കുന്നുണ്ടാവുമോ എന്ന അതിഭീകരമായ നടുക്കത്തിൽനിന്ന് മുക്തി നേടാനാവാത്തവർ. ഇവരൊക്കെ അനുഭവിക്കുന്ന ട്രോമ എങ്ങനെ നമ്മൾ മനസ്സിലാക്കും?
കലാപബാധിത പ്രദേശങ്ങളിലെ മനുഷ്യർക്ക് വേണ്ടത് കഥയോ നോവലോ അല്ല. ഭക്ഷണവും ശുദ്ധജലവും മരുന്നും എന്നപോലെ സൈക്കോളജിസ്റ്റുകളെയുമാണ്. പിന്നെന്തിനെഴുതണം നോവൽ? മറ്റൊരു ജനതയുടെ പീഡകൾ പകർത്തി വിൽക്കുന്നത് അധാർമ്മികമല്ലെ? എനിക്ക് സന്ദേഹമായി.
എങ്കിലും പലസ്തീൻ പ്രശ്നത്തെക്കുറിച്ച് സോഷ്യൽമീഡിയയിലും മറ്റും പരക്കുന്ന അബദ്ധധാരണകൾക്ക് ഒരു മറുപടിയായി എഴുത്ത് ഉപകാരപ്പെട്ടെങ്കിലെന്ന മറുചിന്തയുമുണ്ടായി. സത്യമെന്ന് തോന്നുംവിധം അസത്യങ്ങളും അർദ്ധസത്യങ്ങളും അരങ്ങുവാഴുന്ന കാലമാണ്. അവയ്ക്കിടയിൽ ശരിയേത് എന്ന ചിന്തയെങ്കിലും ഉണർത്താൻ ഫിക്ഷന് സാധ്യമായേക്കാം. അക്ഷരങ്ങൾക്ക് മുറിവുണക്കാനാവില്ലെങ്കിലും അപൂർവ്വം മനസ്സുകളിലെങ്കിലും സഹാനുഭൂതി നിറയ്ക്കാൻ സാധിക്കും.
ദൈവത്തിന്റെ സ്വന്തം ജനം, വാഗ്ദത്ത ദേശം എന്നൊക്കെയുള്ള മിത്തുകൾ സത്യമാക്കാൻ തീർത്ഥാടന ടൂറിസം, ആർക്കിയോളജി തുടങ്ങിയവ ഭരണകൂടം സമർത്ഥമായി ഉപയോഗിക്കുന്നതും ‘രാജ്യമില്ലാത്ത മനുഷ്യർ മനുഷ്യരില്ലാത്ത രാജ്യത്തിലേക്ക്’ എന്ന സയണിസത്തിന്റെ കപട സൂത്രവാക്യം ഉപയോഗിച്ച് ഒരു ദേശം അൽപാൽപമായി കയ്യേറി സ്വന്തമാക്കുന്നതും അതിനു കൂട്ടുനിൽക്കുന്ന സാമ്രാജ്യത്വ രാഷ്ട്രീയക്കളികളും കുറച്ചു വായനക്കാരുടെയെങ്കിലും ചിന്തകളിലേക്ക് വന്നെങ്കിലോ.
പ്രശസ്തരായ ചിലർ പോലും പലസ്തീനെക്കുറിച്ച് എഴുതുന്ന കാര്യങ്ങൾ ലജ്ജിപ്പിക്കുന്നു. ഒരു ഇസ്രായേൽ യാത്രികൻ വലിയൊരു യാത്രാഗ്രന്ഥത്തിൽ കുറിച്ചിരിക്കുന്നത് വായിച്ചു ഞെട്ടിപ്പോയി.
‘ജൂതക്കുട്ടികൾ പലസ്തീൻ കുട്ടികളെ അസൂയയോടെയാണ് കാണുന്നത്. കാരണം അവർക്ക് ജൂതക്കുട്ടികളെപ്പോലെ 18 വയസ്സിൽ നിർബന്ധിത സൈന്യസേവനത്തിനു പോകേണ്ടല്ലോ. ക്യാമ്പുകളിലൊക്കെ ലോകരാജ്യങ്ങളുടെ സംഭാവനകളെല്ലാം അവർക്ക് ലഭിക്കുന്നു, നല്ല വിദ്യാഭ്യാസം ഇസ്രായേൽ അനുവദിക്കുന്നു’ എന്നൊക്കെ അർത്ഥംവരുന്ന നിലപാടുകൾ വായിച്ചപ്പോൾ മനസ്സിലായത് നമ്മുടെ സമൂഹത്തിന്റെ അബോധതലത്തിൽ മറഞ്ഞിരിക്കുന്ന ഇസ്ലാമോഫോബിയ എത്ര ഭീകരമാണെന്നാണ്. അതിനൊക്കെയുള്ള ഒരു ഉത്തരമായി ഞാൻ രണ്ടും കൽപ്പിച്ച് ഈ നോവലിലേക്ക് ചാടുകയായിരുന്നു. പ്രമേയം പലരേയും ഇതിന്റെ വായനയിൽനിന്നും അകറ്റും എന്നറിഞ്ഞുകൊണ്ടുതന്നെ.

നോവലിലെ ഭാവതലം രൂപപ്പെടാൻ ഇടയാക്കിയത് മഹ്മൂദ് ദർവിഷിൽ തുടങ്ങി ഇന്നുവരെയുള്ള എന്റെ പലസ്തീൻ വായനകൾ തന്നെയായിരിക്കണം. ജോർദാൻ നദിക്ക് കുറുകെ കിടക്കുന്ന 50 മീറ്റർ നീളമുള്ള ഒരു മരപ്പാലം കടന്ന് സ്വന്തം മണ്ണിൽ കാലുകുത്താൻ ഭാഗ്യമില്ലാതെ മരണം വരിച്ച അനേകായിരം മനുഷ്യരുണ്ട്. മുരീദ് ബർഗൂതി എന്ന പലസ്തീനി കവിക്ക് ഈ പാലം കടന്ന് ജന്മനാട്ടിൽ കാലുകുത്താനായത് നീണ്ട 30 വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ്. 1967- ലെ സിക്സ് ഡെ വാറിന്റെ സമയത്താണ് അദ്ദേഹം റാമല്ലയിൽനിന്ന് പുറത്തായത്. തിരിച്ചുചെല്ലാനായത് 1997- ൽ.
നോവൽ എഴുതിത്തുടങ്ങിയ സമയത്തായിരുന്നു, 2021 ഫെബ്രുവരിയിൽ, ബെർഗൂതിയുടെ വേർപാട്. ഒരിക്കൽക്കൂടി ഞാൻ അദ്ദേഹത്തിന്റെ ‘ഐ സോ റാമല്ല’ വായിച്ചു. ശേഷം എഴുത്ത് ഒരു നദിപോലെ അനർഗ്ഗളം ഒഴുകി. നിശ്ശബ്ദരാക്കപ്പെടുന്ന പലസ്തീൻ എഴുത്തുകാർക്കും ജീവൻ നഷ്ടമായ ജേണലിസ്റ്റുകൾക്കുമൊക്കെയുള്ള സമർപ്പണമായി ഇതിലെ കഥാപാത്രങ്ങൾ മാറി. ഞാനറിയാതെ വരും വർഷങ്ങളിൽ കൊടും അധിനിവേശത്തിൽ കൊല്ലപ്പെടാനിരുന്ന, അതിർത്തിയിൽ തടഞ്ഞുവേക്കപ്പെടാനിരുന്ന, അനേകർക്കുള്ള ബാഷ്പാഞ്ജലിയായി അത് മാറുമെന്ന് ഒട്ടുമേ നിനച്ചിരുന്നില്ലല്ലോ. ദർവിഷിൻറെ ‘പാസ്പോർട്ടി’ ലെ ഒരു ശകലം പേരാക്കി, അങ്ങനെ ഈ നോവൽയാത്ര തുടങ്ങി.
