ഷിനോജ് ചോറൻ, ചിത്തിര കുസുമൻ.

കവി
ഊരുതെണ്ടാൻ വിട്ട
കവിതകൾ

2025-ലെ വായനയിലെ പ്രിയ പുസ്തകമായി ഷിനോജ് ചോറൻ തെരഞ്ഞെടുക്കുന്നു: ചിത്തിര കുസുമന്റെ ‘പോയാൾക്കുള്ള ഗതാഗതം’ എന്ന കവിതാ സമാഹാരം.

“എന്നെയെന്തിനാണ് മേലാകെ വരഞ്ഞ് ഓർമ്മകളിങ്ങനെ തേച്ചുപിടിപ്പിച്ച്
വെയിലത്തു നീറാൻ വെച്ചിരിക്കുന്നത്?”
-ചിത്തിര കുസുമൻ (‘പോയാൾക്കുള്ള ഗതാഗതം’)

ഏറെ കാത്തുകാത്തിരുന്ന, ആകാംഷയോടെയും അത്രതന്നെ കൗതുകത്തോടെയും വായിച്ച പുസ്തകമാണ് ചിത്തിര കുസുമന്റെ ‘പോയാൾക്കുള്ള ഗതാഗതം’ എന്ന കവിതാ സമാഹാരം.

ഓർമകൾക്കും മറവിക്കുമിടയിലെ ഒരു തുണ്ട് ജീവിതം വാക്കുകളാൽ വരച്ചിടുകയാണ് ചിത്തിര. ജീവിതത്തിൽനിന്ന് അടർത്തിയെടുത്തവ എന്നോ ജീവിതം തന്നെ എന്നോ പറയാവുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട് വരികളിലും വരികൾക്കിടയിലും. തീർത്തും ആത്മനിഷ്ഠവും വൈകാരികവുമായ കാര്യങ്ങൾ എങ്ങനെ സാമൂഹികവും രാഷ്ട്രീയപരവും ആകുന്നു എന്നത് ഈ കവിതകളിലൂടെ കടന്നുപോകുമ്പോൾ വെളിപ്പെടുന്നു.

കൂട്ടില്ലാത്ത ഒറ്റക്കുട്ടി ഏകാന്തവും ശൂന്യവുമായ വരാന്തയിലേക്ക് അഞ്ചു കൽകഷ്ണങ്ങൾ നിരത്തിയിടുന്നത് കൂടെ കളിക്കാനാരുമില്ലെന്ന തീർച്ചയിൽത്തന്നെയാണ്. അവളുടെ കോലായിൽ സൂര്യവെളിച്ചവും ഉള്ളിൽ പേടികളുടെ അടുക്കളത്തോട്ടവുമാണ്. ഒറ്റയായ് വളർന്ന കുട്ടിയുടെ ആത്മസംഘർഷവും അപകർഷതാബോധവും ‘എന്റെയോർമയിലെ ഒറ്റക്കുട്ടി’ എന്ന കവിതയിൽ നിറഞ്ഞുനിൽക്കുന്നു.

‘‘ഞാനെന്റെ കവിതയെ നിങ്ങൾക്കു മുൻപിൽ കൊളുത്തിവെക്കുന്നില്ല, അതാർക്കും വഴി തെളിക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഞാനതിനെ നിങ്ങളുടെ വീട്ടുപടിക്കൽ കെട്ടിയിടുന്നില്ല, അത്രമാത്രം ശ്രദ്ധയാകർഷിച്ച് അവ വായിക്കപ്പെടേണ്ടതില്ല…’’

‘പെൺകുട്ടി’ എന്ന സ്റ്റാറ്റസിൽ ജനിക്കുക എന്നത് വലിയ ഉത്തരവാദിത്വപ്പെട്ട കാര്യമായി മാറുകയും, സാമൂഹികമായ അരുതുകളും വിലക്കുകളും നേരിടേണ്ടിവരികയും അതിനോട് സമരസപ്പെട്ടോ അതിജീവിച്ചോ വളർന്നുവരികയും ചെയ്യുന്ന ശരാശരി മലയാളി പെൺജീവിതങ്ങളെ വിഷയീകരിക്കുന്ന എഴുത്തുകൾ നിരവധിയുണ്ട്. എന്നാൽ ഏറ്റവും സൂക്ഷ്മതയോടെ പെൺജീവിതത്തിന്റെ ഉള്ളടരുകളെ വ്യാഖ്യാനിക്കുന്നവ വളരെ വിരളമാണ്.

“വലിയ വീഴ്ച വല്ലതുമുണ്ടായിട്ടുണ്ടോ?” എന്ന ഡോക്ടറുടെ ചോദ്യത്തിനുമുന്നിൽ പകച്ച് വാക്കുകൾ കിട്ടാതുഴറുന്ന ഒരു പെൺകുട്ടിയുണ്ട്, ‘വീണാ വീണേടത്ത് കിടക്കരുത്’ എന്ന കവിതയിൽ.

‘‘വീഴ്ച എന്ന വാക്കിന് പരാജയം എന്നുകൂടെ അർത്ഥമുണ്ട്. കൊച്ച് വീണത് കണ്ടില്ലേ എന്ന് ഈ പ്രായത്തിൽ എന്നെയാരും എടുത്തു പൊക്കാനില്ല, അത് അറിയാത്തതു കൊണ്ടല്ല ആരും വീണുപോകുന്നത്, ഉറപ്പായും എനിക്കും വീഴ്ചയുണ്ടായിട്ടുണ്ട്.” ഈ ഏറ്റുപറച്ചിൽ വൈകാരികമായ ഒരു വീഴ്ചയെ വെളിവാക്കുന്നുണ്ട്. ആ വീഴ്ചയിൽ മനസിന് തട്ടിയ മുറിവിന്റെ വേദനയുണ്ടതിൽ.

ഓർമകൾക്കും മറവിക്കുമിടയിലെ ഒരു തുണ്ട് ജീവിതം വാക്കുകളാൽ വരച്ചിടുകയാണ് ചിത്തിര. ജീവിതത്തിൽനിന്ന് അടർത്തിയെടുത്തവ എന്നോ ജീവിതം തന്നെ എന്നോ പറയാവുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട് വരികളിലും വരികൾക്കിടയിലും.
ഓർമകൾക്കും മറവിക്കുമിടയിലെ ഒരു തുണ്ട് ജീവിതം വാക്കുകളാൽ വരച്ചിടുകയാണ് ചിത്തിര. ജീവിതത്തിൽനിന്ന് അടർത്തിയെടുത്തവ എന്നോ ജീവിതം തന്നെ എന്നോ പറയാവുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട് വരികളിലും വരികൾക്കിടയിലും.

‘വീണത് എത്രയുയരത്തിൽ നിന്നാണെന്നറിഞ്ഞാൽ പരിക്കിന്റെ സാരം പിടികിട്ടും’

‘തള്ളിയിട്ടവൻ ഏറെ ദൂരമൊന്നും പോയിക്കാണുകയുമില്ല’

വരികളിൽ പൊടിയുന്നു ചോരക്കണങ്ങൾ… മുറിയാതെ മുറിപ്പെട്ടതിൻ വേദന.

‘എന്നെയാരും തിരക്കിവരാത്തതെന്താണ്?
വീണു പോകുന്നതോടെ ഒരാൾ സത്യത്തിൽ ഇല്ലാതാകുന്നുണ്ടോ?’

സ്വയമേവ ചോദിക്കുന്ന ഈ ചോദ്യങ്ങളിൽ സ്വത്വപരമായ ആശങ്കകൾ പങ്കുവെക്കപ്പെടുന്നുണ്ട്. ഒരാൾ യഥാർത്ഥത്തിൽ എന്താണ്? സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്ന സ്വത്വത്തിനപ്പുറത്ത് ഉള്ളാലെ ഒരാൾ മറ്റൊന്നായി നിലനിൽക്കുന്നുണ്ട്. ആരാലും അറിയപ്പെടാത്ത സ്വയം വെളിപ്പെടുത്താത്ത ഒരു ‘ഞാൻ’. വീണു പോകുന്നതോടെ ഒരാൾ സത്യത്തിൽ ഇല്ലാതാവുകയാണോ എന്ന ചോദ്യം ഉള്ളിലെ ഞാൻ പുറമേക്ക് പ്രദർശിപ്പിക്കുന്ന അയാളോട് ചോദിക്കുന്ന ചോദ്യം പോലെയാണ്. യഥാർത്ഥത്തിൽ ഉള്ളിലെ ‘ഞാൻ’ എന്നത് നിലനിൽക്കുകയും സമൂഹം തിരിച്ചറിഞ്ഞ സ്വത്വം ഇല്ലാതാവുകയുമാണ്! അല്ലെങ്കിൽ മാറ്റത്തിന് വിധേയപ്പെടുകയാണ്…

‘വീണാൽ വീണേടത്തു കിടക്കരുതമ്മ്വോ, വിത്തിട്ടപോലെ കിടന്നേടത്തുകിടന്നു കുരുത്തുപോകും നീ’-
അമ്മയുടെ വാക്കുകൾ ഒരേ സമയം ശാസനയും കരുതലുമാകുന്നു. വീണിടത്തുനിന്ന് പിടിച്ചെഴുന്നേൽപ്പിക്കാൻ ഒരു കൈ ഉണ്ടാവുക എന്നത് എത്ര വലിയ കാര്യമാണ്. അമ്മമാർക്ക് ഏകദേശം എല്ലാ കാര്യങ്ങളും അറിയാം എന്ന് ചിത്തിര കവിതയിൽ പറഞ്ഞത് വെറുതെയല്ല. ‘അമ്മയന്നേരം തെളിഞ്ഞൊഴുകുന്ന പുഴയാണ്, നമ്മളതിന്റെ വക്കത്ത് നമ്മളെത്തേടി വന്നതാണ്’- കുഞ്ഞുനക്ഷത്രങ്ങൾ നിലാവിനെയോർക്കും പോലെ എന്ന കവിതയിൽ ചിത്തിര ഇങ്ങനെ കുറിച്ചു.

‘ഞാനിപ്പോഴും ഇരുത്തിയിടത്തിരിപ്പാണ്; അനുസരണയുള്ള പിള്ളേരെ എല്ലാർക്കുമിഷ്ടമാണെന്നല്ലേ പറഞ്ഞത്?’
എന്ന കവിതയിലെ മീൻവെട്ടി ഓഹരിവെക്കുന്നതിൽ ഒളിപ്പിച്ചുവെച്ച ലിംഗരാഷ്ട്രീയം വായിക്കാം. അതിങ്ങനെയാണ്…

‘‘മീനട്ടികളങ്ങനെ കുറഞ്ഞുകുറഞ്ഞുവരും
അമ്മാവനു വറുക്കാൻ മീൻമുട്ട
പിള്ളേർക്ക് വെള്ള ഗോലി പോലത്തെ മീൻകണ്ണുകൾ
അച്ചാച്ചന് താടി മുറിച്ചെടുത്ത മീൻ തല
പെണ്മക്കളെ കെട്ടിയവർക്ക്
മുഴുക്കെ മുറിച്ച നടുക്കഷണം.
ചിറ്റയ്ക്കുമമ്മയ്ക്കും വല്യമ്മയ്ക്കും
ഇത്തിരി നീട്ടം കുറച്ച് മീനിന്റെ വാല്”

അതിന്റെ തുടർച്ചയിലാണ് ഈ വരികൾ: ‘‘അതൊക്കെപ്പോട്ടെ, എന്നെയെന്തിനാണ് മേലാകെ വരഞ്ഞ് ഓർമകളിങ്ങനെ തേച്ചുപിടിപ്പിച്ച് വെയിലത്തു നീറാൻ വെച്ചിരിക്കുന്നത്?”

ജീവിക്കുന്ന സമൂഹത്തോടും കുടുംബത്തോടും ചോദിച്ചേക്കാവുന്ന ചോദ്യമുണ്ടതിൽ. നമ്മളിലേക്ക് കടന്നുവരുന്ന മനുഷ്യർ ജീവിച്ചുജീവിച്ച് നമ്മളിൽ ബാക്കിയാക്കുന്ന ഓർമകൾ… എത്ര തേച്ചുമായ്ച്ചാലും മായാത്ത ഓർമകൾ. എന്തു ചെയ്യണമെന്നറിയാതെയുഴറുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ…

കവിതയെഴുത്ത് ഒരു സാംസ്കാരിക വിനിമയവും രാഷ്ട്രീയഭാഷയും ആയി മാറുന്നുണ്ട്. ജൈവികത അതിന്റെ അടിയൊഴുക്കായുണ്ട്. പതിതരുടെയും വീണുപോയവരുടെയും നാവാകാൻ കവിതയ്ക്ക് കഴിയുന്നത് അതിനാലാണ്.

‘‘ഞാനെന്റെ കവിതയെ നിങ്ങൾക്കു മുൻപിൽ കൊളുത്തിവെക്കുന്നില്ല, അതാർക്കും വഴി തെളിക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഞാനതിനെ നിങ്ങളുടെ വീട്ടുപടിക്കൽ കെട്ടിയിടുന്നില്ല, അത്രമാത്രം ശ്രദ്ധയാകർഷിച്ച് അവ വായിക്കപ്പെടേണ്ടതില്ല. ഞാനെന്റെ കവിതയെ ഊരുതെണ്ടാൻ വിടുന്നു. അത് വഴിവക്കിൽ കിടന്നുറങ്ങുകയും തോന്നുമ്പോൾ തിരികെ വരികയും ചെയ്യട്ടെ.
……
പക്ഷേ സുഹൃത്തേ,
ഞാനെന്തിനാണ് അതിനെക്കുറിച്ചു വേവലാതിപ്പെടുന്നത്?

നിലനിൽക്കാൻ പ്രാപ്തിയുള്ളതാണെങ്കിൽ മാത്രം അത് അതിന്റെ വേരും ഇലകളും പടർത്തട്ടെ. എനിക്കിപ്പോൾ വെറും നിലത്ത് കുറച്ചു ചീരവിത്ത് പാകാനുണ്ട്’’.

കവിതയെഴുത്ത് ഒരു സാംസ്കാരിക വിനിമയവും രാഷ്ട്രീയഭാഷയും ആയി മാറുന്നുണ്ട്. ജൈവികത അതിന്റെ അടിയൊഴുക്കായുണ്ട്. പതിതരുടെയും വീണുപോയവരുടെയും നാവാകാൻ കവിതയ്ക്ക് കഴിയുന്നത് അതിനാലാണ്. ലിംഗരാഷ്ട്രീയത്തിന്റെ തീക്ഷ്ണതയും വിത്ത്പാകലിന്റെ ഉർവ്വരതയും നഷ്ടപ്പെടലിന്റെയും ചേർത്തുനിർത്തലിന്റെയും വൈകാരികതയും കവിതയ്ക്കകത്തുണ്ട്. വസ്തുക്കളോട് ഉപമിച്ചുപമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ശൈലിയിൽ നിന്ന് വസ്തു തന്നെ അതിന്റെ സ്വത്വപരമായ പ്രതിനിധാനത്തെ വെളിവാക്കുന്ന ദൃശ്യബിംബങ്ങൾ കവിതയിൽ സംഭവിക്കുന്നു. ചിത്തിരയുടെ കവിതകളിൽ ഇത്തരം ദൃശ്യബിംബങ്ങളുടെ ഘോഷയാത്ര കാണാനാവും.

വസ്തുക്കളോട് ഉപമിച്ചുപമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ശൈലിയിൽ നിന്ന് വസ്തു തന്നെ അതിന്റെ സ്വത്വപരമായ പ്രതിനിധാനത്തെ വെളിവാക്കുന്ന ദൃശ്യബിംബങ്ങൾ കവിതയിൽ സംഭവിക്കുന്നു. ചിത്തിരയുടെ കവിതകളിൽ ഇത്തരം ദൃശ്യബിംബങ്ങളുടെ ഘോഷയാത്ര കാണാനാവും.
വസ്തുക്കളോട് ഉപമിച്ചുപമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ശൈലിയിൽ നിന്ന് വസ്തു തന്നെ അതിന്റെ സ്വത്വപരമായ പ്രതിനിധാനത്തെ വെളിവാക്കുന്ന ദൃശ്യബിംബങ്ങൾ കവിതയിൽ സംഭവിക്കുന്നു. ചിത്തിരയുടെ കവിതകളിൽ ഇത്തരം ദൃശ്യബിംബങ്ങളുടെ ഘോഷയാത്ര കാണാനാവും.

‘കണ്ണുനീരിന്റെ നനവുള്ള ജീർണ്ണതയിൽ വളരുന്ന പേടിക്കൂണുകൾ’, ‘നിരത്തിനട്ടിരിക്കുന്ന ചിരിപ്പൂക്കൾ’, ‘വെളുത്ത പഞ്ഞിക്കൂട്ടിൽ നിന്നും പുറത്തേക്ക് ചിതറുന്ന ചിലന്തിക്കുഞ്ഞുങ്ങൾ’, ‘മഞ്ഞോളം നേർത്ത പ്രണയത്തെയെന്നിങ്ങനെ നൂറു നൂറായിരം പേടികളെ രാത്രികളിലേക്കു കോർത്തു കോർത്തിടുന്നു’, ‘കരിക്കട്ട കൊണ്ടു വരച്ച രാത്രികൾ’, ‘ചതുരത്തിൽ വലിച്ചു കെട്ടിയ ആകാശം’, ‘എനിക്കു മുന്നിലൂടെ ചുവടു പൊട്ടിച്ച വീടിനെ വാടിയ മഷിത്തണ്ടെന്ന പോലെ കോരിയെടുത്തു കൊണ്ടുപോകുന്നു പേരെടുത്തുവിളിക്കാൻ പേടി തോന്നുന്നൊരു യന്ത്രം’, ‘ആകാശമനുഭവിക്കുന്നു നേർത്ത കാറ്റുപോലൊരു പരുന്ത് അതിനാകാശം പട്ടച്ചതുരം’, ‘റാ റാ യെന്നു വരയ്ക്കുന്ന ചൂലിന്റെ കെട്ട്’, ‘വിത്തിന്റെയൊറ്റക്കണ്ണിൽ മാത്രം ആകാശം’, ‘ധ്യാനിച്ചിരിക്കുന്ന പൂച്ചകൾ’, ‘അറ്റത്തു സൂര്യനെ തേച്ചുവെച്ച കത്തി’, ‘പുഴ നീന്തിക്കയറിയ മഴ’…

നോക്കൂ, ഇതെല്ലാം ചിത്രങ്ങളല്ലാതെ മറ്റെന്താണ്? ഭാഷ കൊണ്ട് വരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് കവിത. വാക്കുകളാണ് വരകൾ ആശയം നിറങ്ങളും.

ചിത്തിരയുടെ ഒരു കവിതയുടെ ശീർഷകം ‘ഇമാജിനറി തിങ്സ്’ എന്നാണ്. ‘സാങ്കല്പിക വസ്തുക്കൾ’ പറഞ്ഞ് കളിക്കുന്ന കുട്ടികളുണ്ടതിൽ. എന്നാൽ ചിത്തിരയുടെ കവിതകൾ നിറയെ യാഥാർത്ഥ്യങ്ങളുടെ ജീവിതച്ചുഴിയാണ്. അവിടെ കടന്നുവരുന്ന വസ്തുക്കളും വ്യക്തികളും ദൃശ്യങ്ങളും യാഥാർത്ഥ്യത്തിൽ നിന്ന് വ്യത്യസ്തമല്ല. അവ ജീവിതം പറഞ്ഞ് കളിക്കുകയാണ്. കൊച്ചിയുടെ അതിവേഗം നഗരമായി മാറിക്കൊണ്ടിരിക്കുന്ന ഗ്രാമജീവിതത്തിൽ നിന്ന് സംസാരഭാഷയെ കുറുക്കിയെടുത്ത് ചേർത്തുവെച്ച് കവിതയാക്കുന്ന മാജിക് ചിത്തിര സ്വായത്തമാക്കിയിട്ടുണ്ട്. അവതാരികയിൽ പി.എഫ് മാത്യൂസ് കുറിച്ചതു പോലെ, കൂട്ട് ആവശ്യമില്ലാത്ത യാത്രയാണ് ചിത്തിരയുടെ കവിതകൾ. ഗ്രാമഭാഷയിൽ മിണ്ടുകയും ഒറ്റയായി നടക്കുകയും അനുവാചകരോടൊപ്പം ഇരിക്കുകയും ചിന്തിച്ച് ചിന്തിച്ച് കാട് കയറുകയും ചെയ്യുന്ന കവിതകളാണവ.

‘പോയാൾക്കുള്ള ഗതാഗതം’ ഒരേസമയം ജീവിതത്തിൽ നിന്നും പുറപ്പെട്ടുപോയവർക്കുള്ള യാത്രാമൊഴിയും ഇനിയൊരിക്കലും തിരിച്ചുവരാത്തവർക്കുള്ള മറുമൊഴിയും മറ്റുള്ളവർക്കുള്ള വെളിപാടുമാകുന്നു. ചതുരവടിവിൽ മുറിച്ചെടുത്ത ആകാശക്കീറിൽ എന്ത് ചേർത്തുവെച്ചാലും ഒപ്പം ചേർന്നുനിൽക്കുന്നതു പോലെ വായിക്കുന്നവരിൽ ഇതെന്റെ ഇതെന്റെ ജീവിതമെന്ന് ഓരോ വായനയിലും മന്ത്രിക്കുന്നു ഈ കവിതകൾ.


Summary: Shinoj Choran picks Chithira Kusuman's Poyaalkkulla Gathagatham as his favourite book of the year 2025


ഷിനോജ് ചോറൻ

കലാകൃത്ത്, കലാധ്യാപകൻ, സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗം (കലാവിദ്യാഭ്യാസം), പാഠപുസ്തക രചനാ സമിതി അംഗം, കേന്ദ്ര ലളിതകലാ അക്കാദമി നാഷണൽ റിസർച്ച് സ്കോളർ.

Comments