സിദ്ധാർഥ് മുഖർജി

കൊലപാതകത്തിലെത്തിയ
ഒരു കോശ ശാസ്ത്ര ഗവേഷണത്തിന്റെ കഥ

2024-ലെ വായനയിൽനിന്ന് ഡോ. അബ്ദുൽ ഖാദർ തന്റെ പ്രിയ പുസ്തകമായി തെരഞ്ഞെടുക്കുന്നത് അർബുദരോഗ ചികിത്സകനായ സിദ്ധാർഥ് മുഖർജിയുടെ ‘The Song of the Cell’ ആണ്. കോശശാസ്ത്ര ഗവേഷണത്തിനിടെ നടന്ന ഒരു കൊലപാതകവും, കൊലപാതകത്തോളം ചെന്നെത്തിയ മറ്റൊരു സംഭവവും സിദ്ധാർഥ് അത്യന്തം നാടകീയമായി അവതരിപ്പിക്കുന്നുണ്ട്.

ലോകപ്രശസ്ത അർബുദരോഗ ചികിത്സകനായ സിദ്ധാർഥ് മുഖർജിയുടെ ‘The Song of the Cell’ (കോശഗീതം) മുൻ രചനകളായ ‘The Emperor of All Maladies’, ‘The Gene: An Intimate History’ എന്നിവ പോലെ സാന്ദ്രമായ വായനാനുഭവം പ്രദാനം ചെയ്യുന്ന പുസ്തകമാണ്. ബൃഹത്തായ ജീവശാസ്ത്ര കണ്ടത്തലുകളെ സരളവും കാവ്യാത്മകവുമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് സിദ്ധാർഥ്. കോശങ്ങൾ, സൂക്ഷ്മവും മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്നവയും ആണെങ്കിലും ജീവന്റെ ഏകതങ്ങളാണവ. അവയുടെ ഘടന മനസ്സിലാക്കുന്നതിലൂടെ മാത്രമേ ചികിത്സയുടെ അടിസ്ഥാനം സാധ്യമാകൂ. ആലങ്കാരിക ഭാഷകൊണ്ടും രൂപങ്ങളുടെ സമൃദ്ധി കൊണ്ടും ജീവന്റെ സങ്കീർണതയെ നമുക്ക് ബോധ്യപ്പെടുത്തി തരുന്നുണ്ട് ഈ പുസ്തകം.

1858-ലാണ് റുഡോൾഫ് വിർച്ചോവ് ജീവികളെ സംബന്ധിച്ച് വിപ്ലവകരമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. സെല്ലുലാർ പാത്തോളജി എന്ന തന്റെ പുസ്തകത്തിൽ, ശരീരത്തെ ഒരു രാഷ്ട്രമായും കോശങ്ങളെ ആ രാഷ്ട്രത്തിലെ പൗരന്മാരുമായും അദ്ദേഹം വിഭാവനം ചെയ്തു. എല്ലാ കോശങ്ങളും ഒറ്റ കോശത്തിൽ നിന്നും ഉരുത്തിരിയുന്നത് ആണെന്നും, അവയ്ക്ക് വരുന്ന വ്യതിയാനങ്ങളാണ് രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം നിരൂപിച്ചു. പാതിരിയാകാൻ പട്ടമിട്ട വിർച്ചോവ്, തന്റെ ശബ്ദം വചന ഘോഷണങ്ങൾക്ക് ചേരുന്നതല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ആരോഗ്യരംഗം പ്രവർത്തന മേഖലയായി തെരഞ്ഞെടുത്തു. പിന്നീട് സ്വതന്ത്ര ചിന്തയേയും ശാസ്ത്രത്തേയും പുൽകിയ അദ്ദേഹം ടൈഫോയ്ഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട അധികാരികളെ വിമർശിക്കുകയും ജർമൻ ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമാകുകയും ചെയ്തു. ഇതേ തുടർന്ന് വിൻസ്ബെർഗിലേക്ക് നാടുകടത്തപ്പെട്ട വിർച്ചോവ് കോശശാസ്ത്രത്തിന് നൽകിയ സംഭാവന അദ്വിദീയമാണ്. തൻെറ മേഖലയിൽ മിടുക്കരായ ശിഷ്യരെ സൃഷ്ടിക്കുകയും ചെയ്ത അദ്ദേഹം കോശപഠന രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തങ്ങൾ നടത്തുകയും ചെയ്തു.

മനുഷ്യ ശരീരത്തിലെ കോശവിതാനങ്ങളെ  ഓരോന്നായി സിദ്ധാർഥ് തൻെറ പുസ്തകത്തിൽ നമുക്ക് മുൻപിൽ തുറന്നുകാണിക്കുന്നു.
മനുഷ്യ ശരീരത്തിലെ കോശവിതാനങ്ങളെ ഓരോന്നായി സിദ്ധാർഥ് തൻെറ പുസ്തകത്തിൽ നമുക്ക് മുൻപിൽ തുറന്നുകാണിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിൽ എത്തിയപ്പോഴേക്കും നാം സൂക്ഷ്മ ഗവേഷണങ്ങളിലൂടെ കോശാവസ്ഥ കൂടുതൽ മനസ്സിലാക്കി. ഇന്ന് കൃത്രിമ കോശങ്ങളെ വളർത്തി എടുക്കാവുന്നത്ര വളർന്നു. എന്നാൽ, ഇന്നും പിടിതരാത്ത കോശ സ്വഭാവങ്ങൾ ഉണ്ട്. ഉദാഹരണത്തിന് സ്പ്ലീൻ കോശങ്ങളും കരൾ കോശങ്ങളും പരസ്പര പൂരകങ്ങൾ ആണെങ്കിലും കരൾ കോശങ്ങളാണ് അർബുദത്തിന് എളുപ്പം വശംവദരാകുന്നത്. കോശങ്ങളെ നമുക്ക് പല പേരിൽ വിളിക്കാം. പക്ഷെ അവ തമ്മിലുള്ള സംഗീതം സങ്കീർണവും സമ്മേളിതവും ആണ്. ലീവെൻഹുക്ക് എന്ന തുണിനൂൽ പരിശോധകന്റെ ലെൻസിലൂടെയാണ് പതിനേഴാം നൂറ്റാണ്ടിൽ നാം ചലിക്കുന്ന ഏകകോശ ജീവികളെ ആദ്യമായി കണ്ടത്. പിന്നീട് റോബർട്ട് ഹുക്ക് ആദ്യത്തെ മൈക്രോസ്കോപ്പ് നിർമിക്കുകയും സസ്യ കോശങ്ങളെ നിരീക്ഷിക്കുകയും ചെയ്തപ്പോഴാണ് ‘ചെറിയ മുറി’ എന്ന അർഥം വരുന്ന ‘Cella’ എന്ന ലാറ്റിൻ പദത്തിൽ നിന്നും Cell എന്ന പദം ഉരുത്തിരിഞ്ഞത്.

പാൻക്രിയാസിൽ നിന്നും ചെറുകുടലിലേക്ക് നീളുന്ന കുഴലിനെക്കുറിച്ച് ആദ്യം പ്രതിപാദിച്ചത് വിർസൻങ് എന്ന ജർമൻ അനാട്ടമിസ്റ്റാണ്. എന്നാൽ ഒരു നടത്ത സവാരിക്കിടെ അദ്ദേഹത്തിന്റെ തന്നെ പ്രഗത്ഭനായ വിദ്യാർത്ഥി ആയിരുന്ന മോറിറ്റ് ഹോഫ്മാൻ എന്ന ബെൽജിയൻകാരനാൽ അദ്ദേഹം കൊല ചെയ്യപ്പെട്ടു

മനുഷ്യ ശരീരത്തിലെ കോശവിതാനങ്ങളെ ഓരോന്നായി സിദ്ധാർഥ് തൻെറ പുസ്തകത്തിൽ നമുക്ക് മുൻപിൽ തുറന്നുകാണിക്കുന്നു. ആദ്യത്തെ കൃത്രിമ ബീജസങ്കലനം മുതൽ കൃത്രിമ കോശനിർമിതിവരെയുള്ള കോശശാസ്ത്ര ചരിത്രം അനാവൃതമാകുന്നു. ജീവൻ എന്ന പ്രക്രിയയുടെ മാസ്മരികത നമ്മെ വിനയാന്വിതരാക്കുന്നു. എത്രയെത്ര ശാസ്ത്രജ്ഞരുടെ സപര്യയിലൂടെയാണ് നാം ഇന്ന് കാണുന്ന ചികിത്സാരീതികളും അതിലൂടെ രോഗങ്ങളുടെ ലഘൂകരണവും സാധ്യമാക്കിയത് എന്നറിയുന്നു. ഇൻസുലിൻ കണ്ടുപിടിച്ച ഫ്രെഡറിക് ബാന്റിങ്, ടെസ്റ്റ് ട്യൂബ് ശിശുവിനെ ആദ്യമായി ഉണ്ടാക്കിയ റോബർട്ട് എഡ്വേഡ്, പ്രതിരോധ കോശങ്ങളായ ടി-സെല്ലിനെ കണ്ടുപിടിച്ച ജാക്സ് മില്ലർ, ഇന്ന് പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണോതെറാപ്പിയുടെ ഉപജ്ഞാതാവ് പോൾ ഏർലിച്ച്, ഇങ്ങനെ നീളുന്നു മഹാരഥരുടെ പട്ടിക.

കോശശാസ്ത്ര ഗവേഷണത്തിനിടെ നടന്ന ഒരു കൊലപാതകവും, കൊലപാതകത്തോളം ചെന്നെത്തിയ മറ്റൊരു സംഭവവും സിദ്ധാർഥ് അത്യന്തം നാടകീയമായി അവതരിപ്പിക്കുന്നുണ്ട്. എന്നെ സംഭ്രമിപ്പിച്ച ഈ പുസ്തകത്തിലെ രണ്ട് എപ്പിസോഡുകൾ അവയാണ്. പാൻക്രിയാസിൽ നിന്നും ചെറുകുടലിലേക്ക് നീളുന്ന കുഴലിനെക്കുറിച്ച് ആദ്യം പ്രതിപാദിച്ചത് വിർസൻങ് എന്ന ജർമൻ അനാട്ടമിസ്റ്റാണ്. എന്നാൽ ഒരു നടത്ത സവാരിക്കിടെ അദ്ദേഹത്തിന്റെ തന്നെ പ്രഗത്ഭനായ വിദ്യാർത്ഥി ആയിരുന്ന മോറിറ്റ് ഹോഫ്മാൻ എന്ന ബെൽജിയൻകാരനാൽ അദ്ദേഹം കൊല ചെയ്യപ്പെട്ടു. പാൻക്രിയാറ്റിക് ഡക്ടിനെ ആദ്യം ഒരു പക്ഷിയുടെ കീറിമുറിക്കലിലൂടെ കണ്ടെത്തിയത് താനാണെന്നും വിർസൻങ് അത് മോഷ്ടിച്ച് മനുഷ്യ ശരീരത്തിലും അതുണ്ടെന്നു കണ്ടെത്തി വലിയ അംഗീകാരം നേടിയപ്പോൾ ശാസ്ത്രമര്യാദ അനുസരിച്ച് തന്റെ പേര് പരാമർശിച്ചില്ലെന്നും ആണത്രേ കാരണം ഹോഫ്മാൻ പറഞ്ഞത്.

‘വാർദ്ധക്യം ഒരു കൂട്ടക്കൊലയാണ്’, ഫിലിപ്പ് റോത്ത് എഴുതി. എന്നാൽ വാസ്തവത്തിൽ വാർദ്ധക്യം തിരിച്ചു വരാൻ പറ്റാത്ത കോശങ്ങളുടെ പ്രവർത്തന ശോഷണം ആണ്.

ഇൻസുലിൻ എന്ന അത്ഭുത തൻമാത്രയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ഫ്രെഡറിക് ബാന്റിംഗിന്റെയും ചാൾസ് ബെസ്റ്റിന്റെയും ഗവേഷണം പ്രശസ്തമാണ്. ഇൻസുലിൻ ശുദ്ധീകരിക്കുന്ന പ്രക്രിയയെ കുറ്റമറ്റതാക്കിയ അതിബുദ്ധിമാനായ ഒരു രസതന്ത്രജ്ഞനാണ് ജെയിംസ് കോലിപ്. പക്ഷെ, ശുദ്ധീകരണ പ്രക്രിയ ബാന്റിംഗിനു പറഞ്ഞുകൊടുക്കാൻ കോലിപ് തയ്യാറായില്ല. ബാന്റിങ് ആകട്ടെ, ഇൻസുലിൻ തന്മാത്രയുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രണ സാധ്യത വിജയകരമായിത്തീർന്നതിന്റെ ആവേശത്തിൽ കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കാൻ പദ്ധതി ഇടുകയായിരുന്നു. ഇതോടെ കോലിപിനെ ശ്വാസം മുട്ടിച്ചു കൊല്ലുവാൻ ശ്രമം നടന്നു. തക്ക സമയത്ത് ബെസ്ററ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാൻക്രിയാസിന്റെ പേരിൽ രണ്ടാമത്തെ കൊലയും നടക്കുമായിരുന്നു!പിന്നീട് ആ ഗവേഷക കൂട്ടായ്മ സമരസപ്പെടുകയും ലക്ഷക്കണക്കിന് ഡയബറ്റിക് രോഗികളുടെ അതിജീവനത്തിന് വഴി തെളിയിക്കുകയും ചെയ്തു. ടൈപ്പ് 1 ഡയബറ്റിക് രോഗികളായ കുട്ടികൾ ഈ കണ്ടുപിടുത്തത്തിന് ശേഷംമാണ് മരണത്തിൽ നിന്നും രക്ഷപെടാൻ തുടങ്ങിയത്.

"വാർദ്ധക്യം ഒരു കൂട്ടക്കൊലയാണ്," ഫിലിപ്പ് റോത്ത് എഴുതി. എന്നാൽ വാസ്തവത്തിൽ വാർദ്ധക്യം തിരിച്ചു വരാൻ പറ്റാത്ത കോശങ്ങളുടെ പ്രവർത്തന ശോഷണം ആണ്. ജീവൻ എന്ന പ്രക്രിയ രണ്ട് പരസ്പര പൂരകപ്രക്രിയകളുടെ പാരസ്പര്യം ആണ്. കേടുപാടുകൾ പരിഹരിക്കലും പുനരുജ്ജീവിപ്പിക്കലും (Repair and Rejuvenation). സ്റ്റം അഥവാ പ്രോജനിറ്റർ കോശങ്ങളാണ് ഈ പുതുക്കി പണിയലിന്റെ സംഭരണി. വാർദ്ധക്യം അടുക്കുന്തോറും ഈ പുതുക്കി പണിയൽ ചില കോശങ്ങളിലേക്ക് മാത്രം പരിമിതപ്പെടും. ഉദാഹരണത്തിന്, രക്തകോശങ്ങൾ പുതുക്കപ്പെടുമ്പോൾ നാഡീകോശങ്ങൾ പുതുക്കപ്പെടുന്നില്ല. ഇന്നും ഇത് ജീവശാസ്ത്രത്തിലെ പിടിതരാത്ത ഒരു പ്രഹേളികയാണ്.

കാൻസർ കോശങ്ങളാകട്ടെ, സ്വനാശത്തെ തടയുകയും അനിയന്ത്രിതമായി വളരുകയും, ചില അവയവങ്ങളെ പെട്ടെന്ന് ആക്രമിക്കുകയും ചെയ്യുന്നവയാണ്. കോശങ്ങൾ എക്കോളജിയിലെ പോലെ വിവിധ ന്യൂട്രിയന്റ് ശൃംഖലകളിൽ കോർത്തിണക്കിയ പോലെയാണ് പ്രവർത്തിക്കുന്നത്. പതിനായിരം കോടി ന്യൂറോൺ കോശങ്ങൾ പ്രതിപ്രവർത്തിക്കുന്ന നമ്മുടെ തലച്ചോറും വിവിധ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുന്ന കരളിന്റെയും, രക്തശുദ്ധീകരണം എന്ന സങ്കീർണ പ്രക്രിയ സാധ്യമാക്കുന്ന വൃക്കകളുടെയും കോശശാസ്ത്രം മനുഷ്യൻ മനസ്സിലാക്കിയതിന്റെ പൊരുൾ നാം സിദ്ധാർഥിൻെറ പുസ്തകത്തിലൂടെ കൂടുതലായി അറിയുന്നു.

അന്വേഷണം തുടരുകയാണ്. പ്രപഞ്ചത്തിന്റെ അതിരുകൾ പോലെ ജീവന്റെ അതിരുകളും നാം അന്വേഷിക്കുകയാണ്. നമ്മുടെ തന്നെ ഉണ്മയെ അറിയുന്നതിലൂടെ ജീവിതം എന്ന സഹനത്തെ തൊട്ടറിയാൻ, ഗുണപരമായി പുതുക്കി പണിയാൻ… സിദ്ധാർഥ് ഈ പുസ്തകത്തിലൂടെ നമുക്ക് തരുന്ന ജീവിതോന്മുഖതയും പ്രസന്നതയും വളരെ വലുതാണ്.


Summary: Siddhartha Mukherjee's book 'The Song Of The Cell An Exploration' explains Complexities of Cell. Dr Abdul Khader writes about his favorite book 2024.


ഡോ. അബ്ദുൽ ഖാദർ

പരിസ്ഥിതി ശാസ്ത്രജ്ഞൻ. കാനഡയിലെ പരിസ്ഥിതി സ്ഥാപനമായ Great Lake Institute for Environmental Research, United Nations University എന്നീ സ്ഥാപനങ്ങളിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്.

Comments