ഫാഷിസത്തിനെതിരായ
പ്രസാധന യുദ്ധങ്ങൾ

കടവും, ദാരിദ്ര്യവും, ദുർബ്ബലമായ വിപണന സംവിധാനവുമൊക്കെയാണ് കൈമുതലെങ്കിലും, നിസ്സംശയം പറയാം, മലയാളത്തിലെ മികച്ച പുസ്തകങ്ങൾ പുറത്തുവരുന്നത് സമാന്തര പ്രസിദ്ധീകരണക്കാരുടെ ചേരിയിൽ നിന്നാണ്- ഹരി പ്രഭാകരൻ എഴുതുന്നു.

ലയാളത്തിന്റെ പ്രസാധന രംഗത്തെ സാമ്പത്തികാടിസ്ഥാനത്തിൽ മാത്രം നെടുകെ രണ്ടായി വിഭജിക്കുന്ന ഒരു ചാലുണ്ട്.
ഒന്ന്: കോർപ്പറേറ്റ് സ്വഭാവമുള്ള പത്രമാധ്യമങ്ങളും, ചെറുതെങ്കിലും അച്ചടിമേഖലയും നിയന്ത്രിക്കുന്ന പ്രസാധനമേഖലയാണ് അതിലൊന്ന്.

മലയാളത്തിലെ ചെറുതും വലുതുമായ പല പത്രമാധ്യമ സ്ഥാപനങ്ങളുടെ കീഴിലും ഇത്തരം പുസ്തക പ്രസിദ്ധീകരണ സംരംഭങ്ങളുണ്ട്. ഇവരൊക്കെത്തന്നെ അവർ സൃഷ്ടിക്കുന്ന വിപണിക്കനുയോജ്യമായ വിധത്തിൽ പുസ്തകങ്ങൾ രൂപപ്പെടുത്തുന്നുണ്ട്, പുറത്തിറക്കുന്നുണ്ട്. തങ്ങളുടെ പ്രസിദ്ധീകരണത്തിൽ - ആഴ്ചപ്പതിപ്പിൽ ഈ 'നോവൽ' ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കണമെങ്കിൽ ഈ നോവലിന്റെ പ്രസിദ്ധീകരണാവകാശവും ഞങ്ങൾക്കുതന്ന തരണം എന്ന ഫാഷിസ്റ്റു മനോഭാവം വർഷങ്ങളായി ഇവർ കൊണ്ടുനടക്കുന്ന കാഴ്ചപ്പാടാണ്. (ഇതിനൊക്കെ ഓശാന പാടുന്നവരായി, പുതിയ കാലത്തെ നമ്മുടെ മുഖ്യധാരാ എഴുത്തുകാരിൽ ചിലരെങ്കിലും എന്നത് തമാശകളിലൊന്നുമാത്രം. ഇനി എഴുതാൻ പോകുന്ന കൃതികൾ വരെ പ്രസിദ്ധീകരണ സ്ഥാപനത്തിന് ഒപ്പിട്ട്, അടിയറവെച്ചുകൊടുത്ത് ഇക്കൂട്ടർ തെരുവിൽനിന്ന് എ​​ഴുത്തുകാരുടെ സ്വാതന്ത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു. മണ്ടന്മാരായ വായനക്കാർക്ക് ഓട്ടോഗ്രാഫ്സ് കൊടുക്കുന്നു.)

മേതിൽ രാധാകൃഷ്ണൻ
മേതിൽ രാധാകൃഷ്ണൻ

പുസ്തക പ്രസാധനത്തോടും രൂപകൽപ്പനയോടും തരിമ്പും പാഷനോ ഇഷ്ടമോ ഇല്ലാത്ത കോർപ്പറേറ്റു പ്രസാധകരിലൂടെ പുറത്തുവരുന്ന പുസ്തകങ്ങളും അങ്ങനെത്തന്നെ. ഇവിടെ ഗുണമല്ല പ്രധാനം, എണ്ണമാണ്. നല്ല എഴുത്തുകാരുടെ നല്ല രചനയാണ് പ്രധാനം. പക്ഷെ, പുതിയ കാലത്ത് കൂതറ രചയിതാവായാലും വിറ്റുപോകുന്ന കൃതിക്കാണ് പ്രധാന്യം. മലയാളത്തിൽ ഏറെ പ്രശസ്തനെങ്കിലും വളരെ സെലക്ടീവായ വായനക്കാരുള്ള എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ. മേതിലിന്റെ രചനകൾ മലയാള സാഹിത്യ ചരിത്രത്തിന്റെ ഭാഗമാണ്. 'മേതിലിന്റെ സമ്പൂർണ്ണ രചനകൾ' എന്ന പേരിൽ മലയാളത്തിലെ ഒരു മുഖ്യധാരാ പത്രസ്ഥാപനം ഈയടുത്തകാലത്ത് അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
എടുത്തുപറയാവുന്ന, ശ്രദ്ധേയമായ വസ്തുതകൾ:
1. ഈ കൃതി സമ്പൂർണ്ണമല്ല.
2. പരട്ട കടലാസ്, വൃത്തികെട്ട രൂപകൽപ്പന.
3. പുസ്തകത്തിന്റെ ഭംഗിയും രൂപകൽപ്പനയും കവറുമൊക്കെ ശ്രദ്ധേയമായ ഇക്കാലത്ത്, ഇത്തരമൊരു പുസ്തകം പടച്ചുണ്ടാക്കാനുള്ള ധൈര്യം അസാമാന്യം തന്നെ.
നമ്മുടെ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ ഒരാളുടെ രചന വിവാദങ്ങളെത്തുടന്ന് കുറച്ചു നാളുകൾക്കു മുൻപ് ഒരുപാട്‌ കോപ്പികൾ വിറ്റുപോയി. എന്നാൽ എഡിഷൻസ് പിന്നിട്ടപ്പോൾ കടലാസ് ന്യൂസ്പ്രിന്റിലേക്കു തരംതാണു, വില കുറഞ്ഞുമില്ല. കാറ്റുള്ളപ്പോൾ തൂറ്റുക എന്ന കോട്ടയം കാവ്യനീതി.

മലയാളത്തിലെ മികച്ച പുസ്തകങ്ങൾ പുറത്തുവരുന്നത് സമാന്തര പ്രസിദ്ധീകരണക്കാരുടെ ചേരിയിൽ നിന്നാണ്.
മലയാളത്തിലെ മികച്ച പുസ്തകങ്ങൾ പുറത്തുവരുന്നത് സമാന്തര പ്രസിദ്ധീകരണക്കാരുടെ ചേരിയിൽ നിന്നാണ്.

പ്രസാധനം ഒരു ജീവശ്വാസമായി കൊണ്ടുനടക്കുന്ന, ഒരുപക്ഷെ മലയാളത്തിലെ മികച്ച പുസ്തകങ്ങൾ പുറത്തുവരുന്ന സമാന്തര പുസ്തകമേഖലയാണ് രണ്ടാമത്തെ കൂട്ടർ. കടവും, ദാരിദ്ര്യവും, ദുർബ്ബലമായ വിപണന സംവിധാനവുമൊക്കെയാണ് കൈമുതലെങ്കിലും, നിസ്സംശയം പറയാം, മലയാളത്തിലെ മികച്ച പുസ്തകങ്ങൾ പുറത്തുവരുന്നത് പ്രസിദ്ധീകരണക്കാരുടെ ഈ ചേരിയിൽ നിന്നാണ്.

പുസ്തക പ്രസിദ്ധീകരണം സാംസ്ക്കാരിക പ്രവർത്തനമാണെന്നും, വിപ്ലവ പ്രവർത്തനമാണെന്നുമൊക്കെ കരുതിയിരുന്നവരുടെയും അതനുസരിച്ചു പ്രസിദ്ധീകരണങ്ങൾ ഇറക്കിയിരുന്നവരുടെയും കുലങ്ങളൊക്കെ വംശനാശം വന്നുപോയെന്നും പ്രേമനഗരവും ആനന്ദിയുമൊക്കെയാണ് പുതിയ വായനയെന്നു ഘോഷിക്കുന്നവരോട് ഒന്നും പറയാനില്ല. ഇത് കാലത്തിന്റെ ഒരു കൗതുകം മാത്രം. ഇത്തരം പുസ്തകങ്ങൾ വായിക്കുന്നവരും ആവശ്യപ്പെടുന്നവരും എക്കാലത്തുമുണ്ടായിരുന്നു. അതുപോലെ ഇന്നുമുണ്ട്. അത് വിറ്റു ജീവിക്കുന്നവർ. അങ്ങനെ പൊയ്ക്കോട്ടെ.

‘ഇതാണ് ഏറ്റവും മികച്ചത്’ എന്ന് വിപണിയിലെ പറഞ്ഞുപഴകിയ മുദ്രാവാക്യമാണ്. ഏതു നിമിഷവും പൊട്ടുന്ന ഡൽഹിയിലെ ട്രെയിനുകളും, മണിപ്പുരിലെ മനുഷ്യാവകാശലംഘനങ്ങളും, ഗാസയിലെ നിലവിളികളും, കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതികളും, സംഘപരിവാറിന്റെ ഹിംസാത്മകതയും എനിക്കുചുറ്റും രക്തം പോലെ പെയ്യു​മ്പോൾ പ്രേമനഗരത്തിലെ നഗ്നനായ കാമിയെപ്പോലെ കിടക്കയിലിരുന്നു നമുക്ക് എങ്ങനെ നഗ്നതയെ ആഘോഷിക്കാനാകും?

പ്രസിദ്ധീകരണമെന്ന പോർമുഖത്ത്, വെല്ലുവിളികളോടെ വിരൽചൂണ്ടാനും എതിർക്കാനും ചിലരെങ്കിലുമുണ്ട്. ഈയടുത്ത് പുറത്തിറങ്ങിയ ദില്ലി നാമ (എഡിറ്റർ: ഷാനവാസ് എം.എ, ഹാംലറ്റ് പബ്ലിക്ക) പോലെയൊക്കെ മികച്ച ആന്തോളജികൾ മലയാളത്തിലുണ്ടാവുന്നുണ്ട്. പ്രസാധനത്തിന്റെ മിടുക്കായി ആ പുസ്തകത്തെ ഞാൻ വിശേഷിപ്പിക്കും. അത്തരം സമാഹാരങ്ങളാണ് മലയാളം കാത്തിരിക്കുന്നത്.

എഴുത്താളായ ശ്രീ. എഴുത്തുകാരൻ / എഴുത്തുകാരി രചന നിർവഹിക്കുന്നതും വായനക്കാർ അത് തലയിലേറ്റുകയും ചെയ്യുന്ന കാലം കഴിഞ്ഞു. വീട്ടമ്മയും ലൈംഗികത്തൊഴിലാളിയും നിയമസഭാംഗവും അധ്യാപകരും കൂലിയെഴുത്തുകാരും ആൺവേശ്യയും ആത്മകഥകളെഴുതുന്ന കാലമാണിത്. മാന്യരായ കോർപ്പറേറ്റ് എഴുത്താളന്മാർ ജാഗ്രതൈ.

Comments